Sunday, February 9, 2014

നെടുംകുന്നത്ത് വഴിനടക്കാന്‍ വെളിച്ചമില്ല


(വാര്‍ത്ത-മലയാള മനോരമ ഫെബ്രുവരി 10,2014)

നെടുംകുന്നം  മേഖലയില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതു കാല്‍നടയാത്രികര്‍ക്കു ദുരിതമാകുന്നു. മണിമല റോഡില്‍ പരുത്തിമൂടുവരെയും മുളയംവേലി റോഡിലും പുന്നവേലി റോഡിലും മാന്തുരുത്തി റോഡിലും മൈലാടി റോഡിലും ചേലക്കൊമ്പ് റോഡിലും വഴിവിളക്കുകള്‍ നോക്കുകുത്തികളായി തുടരുകയാണ്. ഫ്യൂസായ ബള്‍ബുകള്‍ മാറ്റി പകരം പുതിയവ സ്ഥാപിക്കാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.

നെടുംകുന്നം കവലയില്‍ ഹൈമാസ്റ്റ് ലാംപ് മാത്രമാണു യാത്രക്കാര്‍ക്ക് ഏക ആശ്രയം. മുന്‍പ് ഇവിടെ വഴിവിളക്കുകള്‍ പ്രകാശിച്ചിരുന്നെങ്കിലും ഹൈമാസ്റ്റ് ലാംപ് വന്നതോടെ വഴിവിളക്കുകള്‍ കണ്ണടയ്ക്കുകയായിരുന്നു. ഹൈമാസ്റ്റ് ലാംപ് വന്നതോടെ ഭീമമായ വൈദ്യുതി ബില്ല് വരുന്നതാണു മറ്റു വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതിനു പിന്നിലെന്നാണു നാട്ടുകാര്‍ പറയുന്നത്. മണിമല റോഡില്‍ പൈപ്പു ലൈന്‍ മാറ്റിവയ്ക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ രാത്രികാലങ്ങളിലുള്ള കാല്‍നടയാത്ര അപകടം പിടിച്ചതാണ്.

വാഹനങ്ങളുടെ വെളിച്ചത്തിലാണു കാല്‍നടയാത്രക്കാര്‍ ഇവിടെ കടന്നുപോകുന്നതും. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ മാന്തുരുത്തി, മൈലാടി റോഡുകളില്‍ മദ്യപശല്യവും കഞ്ചാവ് കച്ചവടവും വ്യാപിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വഞ്ചിപ്പാട്ട് നെടുംകുന്നത്തെ വേദിയില്‍


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls