Tuesday, October 30, 2012

എള്ളുംകാലായില്‍ അന്നമ്മ നിര്യാതയായി


(കടപ്പാട്-ദീപിക ദിനപ്പത്രം)

ഗ്രാന്‍റ് പേരന്‍റ് ഡേ ആഘോഷിച്ചു



നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്‌കൂളില്‍ ഗ്രാന്‍റ്  പേരന്‍റ്സ് ഡേ ആഘോഷിച്ചു. സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പ്ലാപ്പറമ്പില്‍ മുഖ്യാതിഥിയായിരുന്നു. കറിക്കാട്ടൂര്‍ ആശ്രയഭവന്‍ സെക്രട്ടറി ചാണ്ടിക്കുഞ്ഞിനെ യോഗത്തില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ സിസി ലൂക്ക, ജോണ്‍ സി. കാട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, October 29, 2012

സെമിനാറും വിശ്വാസവര്‍ഷ ഉദ്ഘാടനവും


 ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്‍റിന്‍റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നെടുംകുന്നം മേഖലയിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍  നവംബര്‍ രണ്ടിന് 9.30 മുതല്‍ 3.30 വരെ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ നടക്കും. സെമിനാറില്‍ വിശ്വാസവര്‍ഷോദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിക്കും. 

സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോളി വടക്കന്‍, ബെന്നി കുര്യന്‍ എന്നിവര്‍ ക്ലാസ് നയിക്കും. ജോസഫ് കെ. നെല്ലുവേലി, പി.ജെ. ഏബ്രഹാം, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.

റബര്‍തൈ നശിപ്പിച്ചതായി പരാതി


നെടുംകുന്നം കങ്ങഴ ആശുപത്രിക്കു സമീപം റബര്‍ത്തൈകള്‍ നശിപ്പിച്ചതായി പരാതി. നെടുങ്കുന്നം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി കരോട്ടിന്‍റെ തൈകളാണ് നശിപ്പിച്ചത്. കറുകച്ചാല്‍ പോലീസ് കേസെടുത്തു.

(വാര്‍ത്ത-ദീപിക)

Sunday, October 28, 2012

കറുകച്ചാലില്‍ പേ ആന്‍റ് പാര്‍ക്ക് സൗകര്യം ഉണ്ടായിരുന്നെങ്കില്‍!

ഇരുചക്ര വാഹനമോ കാറോ കറുകച്ചാലില്‍ പാര്‍ക്ക് ചെയ്ത് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരില്‍ ഇങ്ങനെ ആഗ്രഹിക്കാത്തവരുണ്ടാവില്ല. 

നെടുംകുന്നത്തുനിന്നും കറുകച്ചാലിലെത്തി വാഹനം അവിടെ വച്ച് ജോലിക്ക് പോകുന്ന  അനേകംപേരുണ്ട്. നിലവില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ പഴയ വൈദ്യുതി ബോര്‍ഡ് ഓഫീസ് പരിസരത്തും ബസ് സ്റ്റാന്‍ഡിനു മുന്നിലെ കെ.ടി.ഡി.സി ബിയര്‍ പാര്‍ലറിനടുത്തുള്ള മരച്ചുവട്ടിലും പരിസരത്തെ വഴിയരികിലുമൊക്കെയാണ് ഭൂരിഭാംഗംപേരും വാഹനം പാര്‍ക്ക് ചെയ്യുന്നത്. 




വൈകുന്നേരം തിരിച്ചെത്തുന്പോഴേക്കും വണ്ടികള്‍, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ രാവിലെ വച്ച സ്ഥലത്തുണ്ടാവില്ല.വണ്ടി പാര്‍ക്ക് ചെയ്യാനും എടുത്തുകൊണ്ടുപോകാനുമെക്കെ സൗകര്യംപോലെ എത്തുന്നവര്‍ അവിടെ ഇരിക്കുന്ന വാഹനങ്ങള്‍ സൗകര്യംപോലെ മാറ്റുകയാണ് പതിവ്. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം നേരത്തെ വച്ച വണ്ടികള്‍ പുറത്തെടുക്കാന്‍ കഴിയാത്തതും കാക്ക അപ്പിയിടുന്നതും പൊടിശല്യവുമൊക്കെ വേറെ.

ഈ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് മുന്‍കൈ എടുത്ത് കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എവിടെയെങ്കിലും ഒരു പാര്‍ക്കിംഗ് ബേ തുടങ്ങുന്നത് നന്നായിരിക്കും. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയ പോലെ (അത്രയും ഏരിയ ഇല്ലെങ്കിലും) വിശാലവും മാലിന്യമുക്തവുമായ പാര്‍ക്കിംഗ് സൗകര്യമുണ്ടെങ്കില്‍ പണം നല്‍കി വണ്ടി പാര്‍ക്ക് ചെയ്യാന്‍ ആളുകള്‍ക്ക് മയുണ്ടാവില്ല. പേ ആന്‍റ് പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സ്വകാര്യ വ്യക്തികള്‍ക്കും ആലോചിക്കാവുന്നതാണ്. 

Saturday, October 27, 2012

നെടുംകുന്നത്ത് സൗജന്യ മെഡിക്കല്‍ ക്യാന്പ് നവംബര്‍ നാലിന്


ജാതമത ഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം

നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ മാതൃജ്യോതിസ്- പിതൃവേദി സംഘടനകളുടെയും ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കല്‍ ക്യാന്പ് നവംബര്‍ നാലിന് ഞായറാഴ്ച്ച രാവിലെ ഒന്പതര മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.


ഡോ. അനുപമ നായര്‍(ജനറല്‍ മെഡിസിന്‍ ആന്‍റ് ഡയബറ്റോളജി), ഡോ. ഷാജി കെ. തോമസ്(ശിശുരോഗ വിഭാഗം), ഡോ. പ്രവീണ്‍ തോമസ്(ന്യൂറോളജി), ഡോ. സുജിത് മാത്യു(അസ്ഥിരോഗവിഭാഗം) തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാന്പില്‍ ലഭ്യമാണ്. ക്യാന്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ്ദം, ഷുഗര്‍, തുടങ്ങിയ പരിശോധനകള്‍ സൗജന്യമായി നടത്തി, ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കും. 


ജാതമത ഭേദമെന്യെ എല്ലാവര്‍ക്കും ക്യാന്പില്‍ പങ്കെടുക്കാവുന്നതാണെന്ന് വികാരി ഫാ. മാത്യു പുത്തനങ്ങാടിയും ഡയറക്ടര്‍ ഫാ. സ്കറിയ പറപ്പള്ളിലും അറിയിച്ചു.


ക്യാന്പില്‍ പങ്കെടുക്കുന്നതിന് താഴെ പറയുന്ന കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം.

1. സെന്‍റ് ജോണ്‍സ് മെഡിക്കല്‍സ്, കാവുംനട, നെടുംകുന്നം
2. ഡോണ്‍ മെഡിക്കല്‍സ്, പത്തനാട്
3. അഭിലാഷ് ഗ്ലാസ് ഹൗസ്, കറുകച്ചാല്‍
4. അരുമന സ്റ്റോഴ്സ്, കറുകച്ചാല്‍
5. ജെസി ബേക്കറി, കറുകച്ചാല്‍
6. കാത്തലിക് ബുക് സെന്‍റര്‍, പള്ളിപ്പടി, നെടുംകുന്നം
7. അക്സ ഫൈബര്‍ ആന്‍റ് അലൂമിനിയം ഫാബ്രിക്കേഷന്‍സ്, മാളികുളം നെടുംകുന്നം.

Friday, October 26, 2012

നെടുംകുന്നത്ത് കേരളോത്സവം തുടങ്ങി

 നെടുംകുന്നം  ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു. നെടുംകുന്നം പഞ്ചായത്ത് ഗ്രൗണ്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോളി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരളോത്സവം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഞ്ചായത്ത് ഗ്രൗണ്ട്, ഗീതാഞ്ജലി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് നടക്കുക. 28ന് സമാപന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും. സമാപനച്ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ചലച്ചിത്രനടന്‍ കലാഭവന്‍ പ്രജോദ് തുടങ്ങിയവര്‍ പങ്കെടുക്കും. 


Wednesday, October 24, 2012

നെടുംകുന്നത്ത് രണ്ടു വീടുകളില്‍ മോഷണം



നെടുംകുന്നത്ത് രണ്ടു വീടുകളില്‍നിന്ന്  22 പവനും, പണവും, വെള്ളി ആഭരണങ്ങളും, എടിഎം കാര്‍ഡ് ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു. ജില്ലാ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മഠത്തുംപടി പതാലില്‍ ജസ്റ്റിന്‍ ജോസഫ്, താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കൊച്ചുപറമ്പില്‍ കെ.കെ ജോണ്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ജോണിന്‍റെ വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണവും, 35 ഗ്രാമിന്‍റെ വെള്ളി ആഭരണങ്ങളും, വിലപിടിപ്പുള്ള രണ്ടു വാച്ചുകളും രണ്ട് എടിഎം കാര്‍ഡുകളുമാണ് മോഷണം പോയത്. 

ജസ്റ്റിന്റെ വീട്ടില്‍ നിന്ന് 7000 രൂപയും ഒന്‍പതു പവനുമാണ് കവര്‍ന്നത്. കൂടാതെ വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. പുലര്‍ച്ചെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്. ഇരു വീടുകളുടെയും അടുക്കളവാതില്‍ കുത്തി തുറന്നാണ് മോഷണം നടത്തിയത്. ജസ്റ്റിന്‍റെ വീടിന്റെ മുന്‍കതകുകള്‍ കുത്തി തുറക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തി. മോഷണം നടന്ന വീടിന്‍റെ സമീപമുള്ള പുരയിടത്തില്‍ നിന്ന് പൊലീസിനു ലഭിച്ച ബാഗില്‍ നിന്നു ജസ്റ്റിന്‍റെ

വീട്ടില്‍ നിന്നു നഷ്ടപ്പെട്ട എടിഎം കാര്‍ഡുകളും മറ്റു രേഖകളും തിരികെ ലഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

ജസ്റ്റിന്‍റെ വീട്ടില്‍ നിന്നു മണം പിടിച്ച് ഓടിയ പൊലീസ് നായ സെല്‍മ നെടുങ്കുന്നം സിബിഎസ്ഇ സ്‌കൂള്‍ പരിസരത്തെത്തി നിന്നു. ജോണിന്‍റെ

വീടിനു സമീപത്തുള്ള ഒരു വീടിനു ചുറ്റും പൊലീസ് നായ വലം വച്ചു. ഈ വീട്ടിലും മോഷ്ടാക്കള്‍ കയറാന്‍ ശ്രമം നടത്തിയതായാണ് പൊലീസിന്‍റെ നിഗമനം. ഡിവൈഎസ്പി: വി.യു കുര്യാക്കോസ്, വാകത്താനം സിഐ: അനീഷ് വി. കോര, കറുകച്ചാല്‍ എസ്‌ഐ: ഷിന്‍റോ പി. കുര്യന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

(കടപ്പാട്- മലയാളമനോരമ)

സ്പ്ളെന്‍ഡറിന് പണികിട്ടി!


ഇരുചക്ര വാഹനലോകം ഭരിച്ചിരുന്ന സ് പ്‌ളെന്‍ഡര്‍ മഹാരാജാവിന്‍റെ

പണി പോയി. കിട്ടിയ തക്കം നോക്കി ബജാജ് ഡിസ്‌ക്കവര്‍ ഭരണം പിടിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പനയുണ്ടായിരുന്ന സ് പ്‌ളെന്‍ഡറിനാണ് ഈ ഗതി. 


ഹീറോയുടെ വണ്ടികളുടെ വില്‍പന കുറയുന്നുവെന്നാണ് വിപണി നല്‍കുന്ന സൂചന് അതോടൊപ്പം ഡിസ്‌കവറിന്‍റെ വില്‍പന കൂടുന്നതുകണ്ട് ബജാജ് തന്നെ അന്തംവിട്ടുനില്‍പാണ്. സെപ്റ്റംബറില്‍ 122,968 ഡിസ്‌കവറുകള്‍ വിറ്റപ്പോള്‍ സ്പ്‌ളെന്‍ഡറിന്‍റെ വില്‍പന 121,018ല്‍ ഒതുങ്ങി. ഇതോടെ ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന ബൈക്ക് ഡിസ്‌ക്കവറായി. 


100, 125 സിസികളില്‍ പെടുന്ന നാലിനം സ് പ്‌ളെന്‍ഡറുകളാണ് വാഹനലോകത്തുള്ളത്. ഇവയുടെ വില്‍പനയില്‍ 50.54 ശതമാനത്തിന്‍റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 244,683 വണ്ടികള്‍ ഇവര്‍ വിറ്റിരുന്നു. ഡിസ്‌കവറിന് 100 മുതല്‍ 150 വരെ സിസിയുള്ള നാലുമോഡല്‍ ഉണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 101,962 എണ്ണം വിറ്റ ഇവര്‍ക്ക് 20.6 ശതമാനം വളര്‍ച്ചയുണ്ടായി. പക്ഷേ ഇതൊരു താല്‍കാലിക തിരിച്ചടി മാത്രമാണെന്നാണ് ഹീറോയുടെ വിലയിരുത്തല്‍ കെനിയ,നൈജീരിയ, കൊളംമ്പിയ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണവര്‍.


(കടപ്പാട്- മാധ്യമം ഡോട്കോം)


Monday, October 22, 2012

തുലാവര്‍ഷം കനത്തു;നെടുംകുന്നത്ത് ഇരുട്ടും



തുലാവര്‍ഷം ശക്തമായതോടെ നെടുംകുന്നം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം പതിവായി. കാറ്റില്‍ മരക്കൊന്പുകള്‍ ഒടിഞ്ഞുവീണും മറ്റുമാണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നത്. ലൈനിനു സമീപം നില്‍ക്കുന്ന മരക്കൊന്പുകള്‍ മഴയ്ക്കു മുന്വേ മുറിക്കാതിരുന്നതാണ് ഇതിനു കാരണമാകുന്നത്. ഇതിനു പുറമെ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗും പതിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 


നെടുങ്കുന്നം മൈലാടി റോഡില്‍ പെരിഞ്ചേരില്‍ ജയിംസിന്റെ പുരയിടത്തിലെ റബര്‍മരത്തില്‍ മുട്ടിനിന്ന വൈദ്യുതി കമ്പി മരം വളന്നപ്പോള്‍ മരത്തിനുള്ളിലായ നിലയിലാണ്. ഒരുവര്‍ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതുമൂലം ടാപ്പിംഗ് നടത്താന്‍ കഴിയുന്നില്ലെന്നു ഉടമ പറയുന്നു. 


നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള നെടുങ്കുന്നം മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നത് വ്യാപാരികള്‍ക്ക് സാന്പത്തിക നഷ്ടത്തിനിടയാക്കുന്നുണ്ട്.


(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക ദിനപ്പത്രം)

Friday, October 19, 2012

നെടുംകുന്നം പള്ളി തിരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി



നെടുംകുന്നം പള്ളിയില്‍ ചരിത്രപ്രസിദ്ധമായ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം നവംബര്‍ 28നാണ്(വൃശ്ചികം 13)  പ്രധാന തിരുന്നാള്‍. 

തിരുന്നാളുമായി ബന്ധപ്പെട്ട ആദ്യ പൊതുയോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനപരിപാടികള്‍ ചിട്ടപ്പെടുത്തിവരികയാണിപ്പോള്‍. 


മേഖലയിലെ ഏറ്റവും വിഖ്യാതമായ തിരുന്നാളായതുകൊണ്ടുതന്നെ വര്‍ഷംതോറും ജനത്തിരക്ക് വര്‍ധിച്ചുവരികയാണ്. ഹര്‍ത്താല്‍ദിവസമായിരുന്നെങ്കിലും എക്കാലത്തെയും വലിയ ജനസഞ്ചയമാണ് കഴിഞ്ഞ വര്‍ഷം തിരുന്നാളിനെത്തിയത്. 


തിരുന്നാളിന്‍റെ തലേദിവസമായ നവംബര്‍ 27ന് വൈകുന്നേരം കാവുംനട കുരിശടിയിലേക്കുള്ള പ്രദക്ഷിണം നടക്കും. തിരുന്നാള്‍ ദിവസം ഉച്ചകഴിഞ്ഞാണ് വിഖ്യാതമായ പുഴുക്കുനേര്‍ച്ച. 

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നും പീഡനം മാത്രം


സ്വകാര്യ ബസുടമകള്‍ വിദ്യാര്‍ഥികളോട് കാട്ടുന്ന വിവേചനവും പീഡനവും വര്‍ഷങ്ങളായി മുടക്കമില്ലാതെ തുടരുന്നു. ടൗണുകളിലെ സ്റ്റാന്‍ഡുകളില്‍നിന്ന് ബസ് പുറപ്പെടുന്നതിനു മുമ്പു മാത്രമേ വിദ്യാര്‍ഥികള്‍ കയറാവൂ. കയറിയാലും കാലി സീറ്റുണ്ടെങ്കില്‍ ഇരിക്കാന്‍ പാടില്ല തുടങ്ങിയ കാടന്‍ നിയമങ്ങള്‍ ഇപ്പോഴും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഇതിനു പുറമെയാണ് ബസില്‍ കയറിക്കഴിഞ്ഞശേഷമുള്ള പുലഭ്യം പറച്ചിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപമുള്ള സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താതിരിക്കുന്നതും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍.

കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടെ ചങ്ങനാശേരിയിലെ കോളേജുകളില്‍ പഠിച്ചിട്ടുള്ളവരില്‍ ഈ വിവേചനം നേരിടാത്തവരുണ്ടാവില്ല. ഒരിക്കല്‍ ഇങ്ങനെ വിവേചനം നേരിട്ടവര്‍ പിന്നീട് മുതിര്‍ന്നപ്പോള്‍ ഈ ക്രൂരതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും വിചിത്രമാണ്. ബസ് പുറപ്പെടുന്നതിന് അഞ്ചു മിനിന് മുന്‍പു മാത്രമേ വിദ്യാര്‍ഥികള്‍ കയറാന്‍ പാടുള്ളൂ എന്നത് അംഗീകരിക്കാനാവില്ലെന്നും ഇങ്ങനെ വിദ്യാര്‍ഥികളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്‍റണി വ്യക്തമാക്കിയിയിരുന്നതാണ്. പക്ഷെ ഇത് മുഖവിലയ്ക്കെടുക്കാന്‍ ബസ് ജീവനക്കാര്‍ ഇനിയും തയാറായിട്ടില്ല.

കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി വിദ്യാര്‍ഥികളോട് വിവേചനപൂര്‍വം പെരുമാറിയ ചില സ്വകാര്യബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.  അധികൃതര്‍ വൈകുന്നേരം താക്കീതു നല്‍കി പോയശേഷം ബസ് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെട്ട സ്വകാര്യബസ് വിദ്യാര്‍ഥികള്‍ കയറുന്നത് ഒഴിവാക്കാന്‍ നെടുംകുന്നം പള്ളിപ്പടി സ്റ്റോപ്പില്‍നിന്നും  നൂറു മീറ്റര്‍ മുന്നോട്ടുമാറ്റി നിര്‍ത്തിയപ്പോള്‍ ബസിനു പിന്നാലെ ഓടിയ കുട്ടികളില്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു.അപകടത്തെത്തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും ബസ് തടഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. 


 നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ അടിയന്തര യോഗം ചേര്‍ന്ന് ബസ് സ്റ്റോപ്പില്‍തന്നെ നിര്‍ത്തണമെന്നാവശ്യപ്പെട്ടു. പ്രസിഡന്‍റ് ഇ.വി. തോമസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്റണി, മോളിക്കുട്ടി പി.ടി, രാജു ഏബ്രഹാം, റെജിമോന്‍ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ഥികളായിരിക്കെ ബസ് ജീവനക്കാരുടെ പീഡനത്തിന് ഇരകളാകുകയും ഇന്ന് ജില്ലയില്‍തന്നെ പ്രധാന പദവികളില്‍ ഇരിക്കുകയും ചെയ്യുന്നവര്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

Wednesday, October 17, 2012

എല്ലാ കുടുംബങ്ങള്‍ക്കും 9 ഗ്യാസ് സിലിന്‍ഡറുകള്‍ നല്‍കും


സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സബ്‌സിഡിയുളള ഒന്‍പത് പാചകവാതക സിലിണ്ടറുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ചേര്‍ന്ന യുഡി എഫ് നേതൃയോഗം സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. നേരത്തേ മൂന്ന് അധിക സബ്‌സിഡി സിലിണ്ടറുകള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രം നല്‍കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം.

(വാര്‍ത്തയ്ക്ക് കടപ്പാട്-മംഗളം ഡോട്കോം)

Sunday, October 14, 2012

കെ. കൃഷ്ണപിള്ള നിര്യാതനായി



നെടുംകുന്നം രണ്ടുപ്ലാക്കല്‍ ദേവീവിലാസം കെ. കൃഷ്ണപിള്ള(75 റിട്ട. സി.ആര്‍.പി.എഫ്) നിര്യാതനായി. സംസ്‌കാരം ഒക്‌ടോബര്‍ 15 തിങ്കളാഴ്ച്ച  ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. മക്കള്‍: സന്തോഷ്‌കുമാര്‍, മായാ രാജേഷ്, സതീഷ് കുമാര്‍. മരുമക്കള്‍: രാജേഷ്‌കുമാര്‍ (ചാത്തങ്കരി, തിരുവല്ല), മഞ്ജു സന്തോഷ്(വായ്പൂര്‍). പരേതന്‍ വാഴപ്പള്ളി പറമ്പത്ത് തോന്നലയില്‍ കുടുംബാംഗമാണ്.

വിഷമയം 'ട്രിവാന്‍ഡ്രം ലോഡ്ജ്'

(mangalam.com പ്രസിദ്ധീകരിച്ചത്)



'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്നൊരു ബോറ് സിനിമ കണ്ടപ്പോഴാണ് 'ബാച്ചിലര്‍പാര്‍ട്ടി' എത്രയോ ഭേദം എന്നു മനസ്സിലായത്. 'ബാച്ചിലര്‍പാര്‍ട്ടി' റിലീസ് ചെയ്തപ്പോള്‍ അതിലെ അശ്ലീല സംഭാഷണങ്ങളെക്കുറിച്ച് എഴുതിയിരുന്നു. കഴിവുള്ള കുറേപ്പേര്‍ ആ സിനിമയില്‍ സഹകരിച്ചെങ്കിലും കുടുംബസമേതം സിനിമ കാണാന്‍ വന്നവര്‍ തലകുനിച്ചിരുന്നു മാനം രക്ഷിച്ച കാര്യമാണ് എഴുതിയത്. മാത്രമല്ല, ആ സിനിമയ്ക്ക് എന്തിനാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് എന്നൊക്കെ പരാതിയുണ്ടായിരുന്നു. എന്നാല്‍ 'ട്രിവാന്‍ഡ്രം ലോഡ്ജ്' സംവിധാനം ചെയ്ത വി.കെ. പ്രകാശ് എന്തിനുവേണ്ടിയാണ് ഇത്തരമൊരു വഷളന്‍ ചിത്രം ചെയ്തത്. ഇതിലും ഭേദമായിരുന്നില്ലെ ഷക്കീല സിനിമകള്‍ എന്നാണ് യുവതലമുറ ചോദിച്ചത്.

 അത്തരം സിനിമകള്‍ കാണാന്‍ കുടുംബസമേതം ആരും പോയിരുന്നില്ല. എന്നാല്‍ കുടുംബപ്രേക്ഷകരെയും യുവനിരയേയും ചതിക്കുകയും അപമാനിക്കുകയുമാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്' വഴി ചെയ്തത്. ഈ വൃത്തികെട്ട സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് കൊടുക്കാതിരുന്നത് സാറ്റലൈറ്റ് റൈറ്റ് നഷ്ടപ്പെടാതിരിക്കാനായിരുന്നില്ലെ? വെറുതെയല്ല നിര്‍മ്മാതാക്കളുടെയും വേണ്ടപ്പെട്ടവരുടെയും പ്രതിനിധികളെ സെന്‍സര്‍ ബോര്‍ഡില്‍ കുത്തിത്തിരുകിയത്. ഇതിലും ഭേദം സെന്‍സര്‍ബോര്‍ഡ് പിരിച്ചുവിടുകയല്ലെ? 

ഇത്തരം സിനിമകള്‍ക്കുനേരെ സമരം ചെയ്യാന്‍ ആരുമില്ല. അംബേദ്കര്‍, പിപ്പിലിലോസുകള്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും എതിര്‍ക്കാനും ശ്രമിക്കുന്നവര്‍ 'ട്രിവാന്‍ഡ്രം ലോഡ്ജ്' പോലുള്ള സിനിമകള്‍ക്കു പച്ചക്കൊടി കാണിക്കുന്നതിന്റെ രഹസ്യമാണ് മനസ്സിലാകാത്തത്. 

Thursday, October 11, 2012

നെടുംകുന്നംവഴി കോട്ടയം-രാവിലെ പുതിയ കെ.എസ്.ആര്‍.ടി.സി ബസ്




(ഫോട്ടോയ്ക്ക് കടപ്പാട്-ടോണി ടോം)

പൊന്‍കുന്നം ഡിപ്പോയില്‍നിന്നു പുതുതായി ആരംഭിച്ച പൊന്‍കുന്നം, മണിമല, ചുങ്കപ്പാറ, നെടുടുംകുന്നം, കറുകച്ചാല്‍ വഴി കോട്ടയത്തിനുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.എം ഹനീഫ, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സിബി ഏബ്രഹാം, തോമസുകുട്ടി പുതിയാപറമ്പില്‍, ജോണ്‍സണ്‍ ഇടത്തിനകം എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 8.35നാണ് ബസ് നെടുംകുന്നത്ത് എത്തുക. 


ഇതാണു മോനേ ചങ്കൂറ്റം!


വൈകിട്ടെന്താ പരിപാടി എന്നു ചോദിച്ച് തന്‍റെ ആരാധകരെ മദ്യശാലയിലേക്ക് ആനയിച്ച മലയാള സൂപ്പര്‍ താരത്തെയും മദ്യ കന്പനികളുടെ പരസ്യങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുത്ത് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന പല പ്രമുഖരെയും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഒരു മദ്യകന്പനിയുടെ അംബാസഡറാകാന്‍ വാഗ്ദാനം ചെയ്യപ്പെട്ട അരക്കോടി രൂപ ഇടംവലം നോക്കാതെ നിരസിച്ചുകൊണ്ട് സുശീല്‍ കുമാര്‍ വേറിട്ടൊരു മാതൃക കാട്ടിയിരിക്കുകയാണ്.


തുടര്‍ച്ചയായി രണ്ട് ഒളിന്പിക്സുകളില്‍ മെഡല്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി സ്വന്തമാക്കിയ ഗുസ്തി താരം സുശീല്‍ കുമാറാണ് ധീരമായ ഈ നിലപാട് സ്വീകരിച്ചത്.  താന്‍ മദ്യ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചാല്‍ അത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് സുശീല്‍ ചൂണ്ടിക്കാട്ടി.



കായിക മേഖലയില്‍ പണത്തിനല്ല, മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം. സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങള്‍ ഉപേക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുശില്‍കുമാര്‍ വ്യക്തമാക്കി. പല കായിക, ചലചിത്രതാരങ്ങളും പണം ലഭിച്ചാല്‍ ഏതു പരസ്യത്തിലും അഭിനയിക്കാന്‍ തയാറായിരിക്കെയാണ് സുശീല്‍കുമാര്‍ തന്‍റെ നയം വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും ഒരു പ്രമുഖ മദ്യ കമ്പനിയുടെ അംബാസഡര്‍ സ്ഥാനം നിരസിച്ചിരുന്നു.


2008 ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ സുശില്‍ വെങ്കലമെഡല്‍ നേടിയ സുശീല്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുകയും  വെളളിമെഡലും നേടുകയും ചെയ്തു. 

ഇടയാടില്‍ റോസക്കുട്ടി നിര്യാതയായി



നെടുംകുന്നം ഇടയാടില്‍ പരേതനായ ഇ.എന്‍. ജോസഫിന്‍റെ ഭാര്യ റോസക്കുട്ടി(പെണ്ണമ്മ-88) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 12 വെള്ളിയാഴ്ച്ച രാവിലെ പത്തിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍. ചാമംപതാല്‍ പുതിയാപറന്പിലായ പുള്ളോലില്‍ കുടുംബാംഗമായ പരേത കോണ്‍ഗ്രസ് നേതാവും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ സഹോദരിയാണ്.

മക്കള്‍: ബേബി ജോസഫ്(തിരുവനന്തപുരം), അന്നക്കുട്ടി(തിരുവനന്തപുരം), ജോയ് ജോസഫ്(റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥന്‍, നെടുംകുന്നം), ടോമി ജോസഫ്(റിട്ട ഡെപ്യൂട്ടി സെക്രട്ടറി, പ്രതിരോധവകുപ്പ്), പുഷ്പമ്മ(കൊട്ടാരക്കര), മേരിക്കുഞ്ഞ്(അമേരിക്ക), സേവ്യര്‍ ജോസ് (നെടുംകുന്നം) ജോണി ജോസഫ്(എജീസ് ഓഫീസ്, കോട്ടയം) ഡാമിയന്‍ ജോസഫ്, ജൊവാന്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക് പാലാ).

Tuesday, October 9, 2012

ജോര്‍ജുകുട്ടിയുടെ സംസ്കാരം ഇന്ന്


കഴിഞ്ഞ ദിവസം നിര്യാതനായ നെടുംകുന്നം പുലിയളയ്ക്കല്‍ ഏബ്രഹാം വര്‍ഗീസിന്‍റെ മകന്‍ വര്‍ഗീസി(ജോര്‍ജുകുട്ടി-42)ന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്  ശാന്തിപുരം സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ റേച്ചല്‍ വേങ്ങലോട്ട് മുണ്ടപ്ലാക്കല്‍ ചെങ്ങരൂര്‍. മക്കള്‍-സ്നേഹ, ഷിജോ. മാതാവ്-ശോശാമ്മ. സഹോദരങ്ങള്‍- ലൗലി, ലാലി, അനു. 
പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന ജോര്‍ജുകുട്ടിക്ക് റാന്നിയിലെ തൊഴില്‍സ്ഥലത്തിനു സമീപമുള്ള തിട്ടയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Monday, October 8, 2012

പാല്‍വില അഞ്ചു രൂപ കൂട്ടും


മില്‍മ പാലിന്‍റെ വില ലിറ്ററിന് അഞ്ചുരൂപയും മില്‍മ കാലിത്തീറ്റയുടെ വില ചാക്കിന് 250 രൂപയും വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. കല്പറ്റയില്‍ ചേര്‍ന്ന മില്‍മ ബോര്‍ഡ് മീറ്റിംഗാണ് ഇക്കാര്യം തീരുമാനിച്ചത്. വിലവര്‍ധന നടപ്പാക്കാന്‍ മില്‍മ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി. 

വിലക്കയറ്റത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം 11ന് എടുക്കും. പുതുക്കിയ വില 14ന് നിലവില്‍ വരുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Sunday, October 7, 2012

ലോഡ്‌ഷെഡിംഗ് സമയം



കറുകച്ചാല്‍ ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍റെ കീഴിലുള്ള വിവിധ സ്ഥലങ്ങളിലെ ലോഡ്‌ഷെഡിംഗ് സമയം. കറുകച്ചാല്‍ ടൗണ്‍ രാവിലെ 6.30-7.00 വൈകുന്നേരം 7.00-7.30. ചമ്പക്കര രാവിലെ 6.00-6.30 വൈകുന്നേരം 6.30-7.00. ശാന്തിപുരം രാവിലെ 7.00-7.30 വൈകുന്നേരം 7.30-8.00. നെടുംകുന്നം വൈകുന്നേരം 7.00-7.30. കങ്ങഴ വൈകുന്നേരം 6.30-7.00.

Friday, October 5, 2012

പൈപ്പ് ലൈനുകള്‍ തകരാറില്‍; വെള്ളംകുടി മുട്ടുന്നു



 നെടുംകുന്നം പഞ്ചായത്തില്‍ പലേടത്തും കുടിവെള്ള പൈപ്പ്‌ലൈനുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് നാട്ടുകാരുടെ വെള്ളംകുടി മുട്ടുന്നു.   അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഊട്ടുപാറക്കുന്ന്, വള്ളിമല, മുതിരമല തുടങ്ങി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പൈപ്പ് വെള്ളം മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോള്‍ ഈ പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങും. നെടുംകുന്നം കവലയില്‍പോലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് സ്ഥിരം കാഴ്ചയാണ്.

 കവല, ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം, പള്ളിപ്പടി, മാണികുളം, മാന്തുരുത്തി, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പ്രധാന പൈപ്പുലൈനുകളാണ് ഇവിടങ്ങളില്‍ പൊട്ടിയിരിക്കുന്നത്. 


പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കൊച്ചുകുളത്തുങ്കല്‍ ഗവണ്‍മെന്‍റ്  വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലേക്കുള്ള പൈപ്പുലൈനും തകരാറിലായിട്ട് മാസങ്ങളായി. നിരവധിത്തവണ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല.


പൈപ്പുകളുടെ കാലപ്പഴക്കമാണ് തുടര്‍ച്ചയായ പൊട്ടലിനു കാരണമെന്ന് അധികൃതര്‍ പറയുന്നു. 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.


(അവലംബം- ദീപിക ദിനപ്പത്രം)


പിതാവിന് സംരക്ഷണം നല്‍കുന്നില്ല ; ലിസിക്ക് ഹൈക്കോടതി നോട്ടീസ്



പിതാവിന് സംരക്ഷണവും ജീവനാംശവും നല്‍കുന്നില്ലെന്ന പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍റെ ഭാര്യയും നടിയുമായിരുന്ന ലിസി പ്രിയദര്‍ശന് ഹൈക്കോടതി നോട്ടീസ്.

ലിസിയുടെ അച്ഛന്‍ എന്‍.ഡി വര്‍ക്കി നല്‍കിയ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്. പ്രതിമാസം 5500 രൂപ മരുന്നിനും ജീവിതച്ചെലവിനുമായി പിതാവിന് ലിസി നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കുന്നില്ലെന്ന് കാണിച്ചാണ് വര്‍ക്കി ഹൈക്കോടതിയെ സമീപിച്ചത്.

(വാര്‍ത്ത-ദീപിക ദിനപ്പത്രം)

Wednesday, October 3, 2012

പോലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ച് ഗാന്ധിജയന്തി ആഘോഷം





കറുകച്ചാല്‍ കറുകച്ചാല്‍ പോലീസ്‌സ്റ്റേഷന്‍ പരിസരം ശുചീകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പോലീസ്‌സ്റ്റേഷന്‍ പരിസരം വൃത്തിയാക്കിയത്. 

ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബിനു തോമസ്, എ.ഡി.ബേബി, ലൗലി പി.ഏബ്രഹാം, ടോജോമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂളിന്റെ ഉപഹാരമായി മഹാത്മാഗാന്ധിയുടെ ചിത്രം സബ്ഇന്‍സ്‌പെക്ടര്‍ ഷിന്റോ പി.കുര്യന് നല്‍കി.

നെടുംകുന്നം പഞ്ചായത്തുവക മാന്തുരുത്തി ഷീലാ സ്മാരക വായനാശലയില്‍ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഫോട്ടോപ്രദര്‍ശനവും പരിസരശുചീകരണവും നടത്തി. വല്‍സമ്മ തോമസ് നേതൃത്വം നല്‍കി.

നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം ഹെഡ്മിസ്ട്രസ് സിസി മാത്യു ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് ആന്റണി, പ്രേംസണ്‍ വര്‍ഗീസ്, ഷിബു ജേക്കബ്, ബീന ജോസ് .കെ, ചെറിയാന്‍ ജോബ്, സ്‌കൂള്‍ ലീഡര്‍ അക്‌സ ആഷ്‌ലി ബിജു, സുല്‍ത്താന ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.


വാഴപ്പള്ളി ജോസ് നിര്യാതനായി


നെടുംകുന്നം മുതിരമല കളരിയ്ക്കല്‍ വര്‍ഗീസ് പീറ്റര്‍(വാഴപ്പള്ളി ജോസ്-54) നിര്യാതനായി. സംസ്‌കാരം നാളെ(ഒക്‌ടോബര്‍ നാല് വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍. ഭാര്യ ആനിയമ്മ കാളകെട്ടി ചെമ്പകത്തിനാല്‍ കുടുംബാഗമാണ്. മക്കള്‍: നിഷ, നിബു. മരുമകന്‍: സാജു പെരിഞ്ചേരില്‍ നെടുംകുന്നം.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls