Thursday, October 31, 2013

കേരളപ്പിറവി ദിനാഘോഷം



നെടുംകുന്നം  പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സാമുദായിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ കേരളപ്പിറവി ദിനാഘോഷം ഇന്നു നടത്തും. രാവിലെ പത്തിനു പള്ളിപ്പടിക്കല്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കറുകച്ചാല്‍ എസ്‌ഐ എം.ജെ. അഭിലാഷ് ഫ്‌ളാഗ് ഓഫ് ചെയ്യും. 

തുടര്‍ന്നു ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശശികല നായര്‍ അധ്യക്ഷയായിരിക്കും. എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗോപാല കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ എം.പി. രാഹുല്‍, അഭിലാഷ് ടോമി, മോഹന്‍ദാസ്, ഡോ. സി.ഡി. തോമസ്, ഒ.പി. മാത്യു, ഡോ. കെ.ജി. ബാലകൃഷ്ണന്‍, ബിന്ദു സുകുമാരന്‍, കാവ്യ രമേശ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.


(വാര്‍ത്ത-മലയാല മനോരമ)

Wednesday, October 30, 2013

പ്രതിഷ്ഠാദിന ഉല്‍സവം


നെടുംകുന്നം  മാന്തുരുത്തി 5212-ആം നമ്പര്‍ എസ്എന്‍ഡിപി യോഗം വക ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉല്‍സവം ഇന്ന് നടക്കും. രാവിലെ 5.30ന് പ്രഭാതഭേരി, ആറിന് വിശേഷാല്‍ പൂജകള്‍, അഷ്ടദ്രവ്യ മഹാഗണപതി ഹോമം. ഒന്‍പതിന് ആദിത്യ പൂജ, പഞ്ചകലശപൂജ. 10.30ന് കലശാഭിഷേകം. 11.30ന് ഗുരുധര്‍മ പ്രഭാഷണം. 12.30ന് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം യൂണിയന്‍ പ്രസിഡന്‍റ് കെ.വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.


(വാര്‍ത്ത-മലയാള മനോരമ)


Wednesday, October 23, 2013

ഗര്‍ഭം സ്വാഭാവികമായി അലസിപ്പിക്കാന്‍

ഗര്‍ഭം അലസിപ്പിച്ചാല് ചെലപ്പം കേസും പുലിവാലുമൊക്കെയാകും. 

പക്ഷെ, തന്നത്താനെ  അലസിപ്പോയാല് ഒരു കൊഴപ്പവോവില്ല.

അങ്ങനെ തന്നത്താനെ അലസിപ്പോകണമെന്നൊളോര് നേരെ 
നെടുംകുന്നം കവലോട്ട് വാ. 

എന്നിട്ട് ഒരു ബൈക്കിന്‍റെ പൊറകിലോ കാറേലോ ബസേലോ കേറി നേരെ  പടിഞ്ഞാട്ടുവിട്.

മിക്കവാറും മാണികൊളത്ത് ചെല്ലുന്പം സംഗതി ഓക്കെയാകും. ഇല്ലെങ്കി കറുകച്ചാല് വാകച്ചോടുവരെ പോയാ മതി. ഒളിച്ചും പാത്തും വല്ലോം ചെയ്യുന്നേന്‍റെ റിസ്കും പേടിം ഒന്നും വേണ്ട. അഞ്ചു പൈസ ഫീസുവില്ല.  സോഭാവിക അലസിപ്പിക്കല്. 

പ്രസവിച്ച് കൊച്ചുവേണവെന്നൊള്ള ഗര്‍ഭിണികള് നെടുങ്കുന്നം പള്ളിപ്പെരുന്നാളിനുപോലും ഈവഴി വന്നേക്കല്ല്. പറഞ്ഞേക്കാം. ങ്ഹാ!  

ഞങ്ങള് പറയുന്നത് വിശ്വാസവായില്ലേല്  ഇന്നത്തെ മനോരമേല് വന്ന സാധനം ദേ താഴെ. 




Tuesday, October 22, 2013

ട്രെയിന്‍ യാത്രയോ? ഇന്നോ?...ഉം...ഇത്തിരി പുളിക്കും


ഇന്ന് ട്രെയിനേല് വല്ലോടത്തും പോകാന്‍ ഉദ്ദേശവൊണ്ടോ. അത് മറന്നേക്ക്. അല്ലേല് സ്റ്റേഷനില്‍ കുത്തിയിരുന്ന് തെക്കോട്ടും വടക്കോട്ടും പോകുന്നോരുടെ എണ്ണമെടുക്കേണ്ടിവരും. പിറവത്ത് പാത ഇരട്ടിപ്പിക്കല് പണി നടക്കുന്നകൊണ്ട് കോട്ടയം റൂട്ടില്‍ ഗതാഗതം ഭാഗീകമായി തടസപ്പെടുവെന്നാ റെയില്‍വേ അറിയിച്ചേക്കുന്നെ.


ദേ കൊറച്ചു മുന്പേ. രാവിലെ ഏഴയ്ക്കത്തെ എറണാകൊളം-കോട്ടയം പാസഞ്ചറും വൈകിട്ട് അഞ്ചേകാലിന് കോട്ടയത്തൂന്ന് എറണാകൊളത്തിനുള്ള പാസഞ്ചറും റദ്ദാക്കീട്ടൊണ്ട്. 


കൊല്ലം-എറണാകൊളം പാസഞ്ചറും തിരുവനന്തത്തൂന്നൊള്ള  വേണാട് എക്‌സ്പ്രസും കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഗുരുവായൂരില്‍നിന്ന് എറണാകൊളം ടൗണ്‍ വരെയെത്തി തിരിച്ചതിന്‍റെ പാട്ടിനുപോകും. 

ഡെല്ലീന്ന് തിരുവന്തോരത്തിന് വരുന്ന കേരളാ എക്സ്പ്രസ് അരമണിക്കൂര്‍ മുളന്തുരുത്തീലും മംഗലാപുരത്തേയ്ക്കുള്ള പരശുറാം എക്‌സ്പ്രസ് മുക്കാ മണിക്കൂര്‍ വൈക്കത്തും പിടിച്ചിടുമെന്ന് റെയില്‍വേക്കാരു പറഞ്ഞതായി പത്രങ്ങള് റിപ്പോര്‍ട്ട കൊടുത്തിട്ടുണ്ട്.


Thursday, October 17, 2013

ജ്യോതിസ് ദേവസ്യ മുതിരക്കാലായില്‍ നിര്യാതനായി


ജീവിതത്തനും മരണത്തനുമിടയില്‍ തള്ളിനീക്കിയ മണിക്കൂറുകള്‍ക്കൊടുവില്‍ ജ്യോതിസ് (33) ഇന്നു പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.നെടുംകുന്നം പള്ളിപ്പടിയിലെ ജൂബിലാന്‍റ് ഡിജിറ്റല്‍ ആന്‍റ് ഡ്യൂട്ടി പെയ്ഡ് ഷോപ്പുടമയായ ജ്യോതിസ് ദേവസ്യയെ ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


അവശനിലയില്‍ കറുകച്ചാല്‍ എന്‍.എസ്.എസ് ആശുപത്രിയില്‍ എത്തിക്കുകയും അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോട്ടയത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. നില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് ബുധനാഴ്ച്ചമുതല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ശ്വാശോച്ഛ്വാസം നിലനിര്‍ത്തിവരികയായിരുന്നു. ഇന്നലെ നെടുംകുന്നം നാട്ടുവിശേഷം ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ ജ്യോതിസിനുവേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.


ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് നെടുംകുന്നം പള്ളി സെമിത്തേരിയില്‍. 


 നെടുംകുന്നം മഠത്തിന്‍പടി-കൂനാനി റോഡില്‍ മുതിരക്കാലായില്‍ ചാക്കോ ദേവസ്യ(വക്കച്ചന്‍) -മറിയമ്മ ദന്പതികളുടെ മകനാണ് ജ്യോതിസ്. ഭാര്യ: തൃക്കൊടിത്താനം അഴിമുഖത്ത് ജിഷ. സഹോദരി -ജോസ്മി മനോജ്.

Monday, October 14, 2013

നെടുംകുന്നം ബാസ്ക്കറ്റ് - ഫൈനല്‍ കാഴ്ച്ചകള്‍


സി.വൈ.എം.എ അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനല്‍ ദിവസത്തെ കാഴ്ച്ചകള്‍











































Sunday, October 13, 2013

പെരുന്നാളിനു മുമ്പൊരു പന്തുകളിപ്പെരുന്നാള്


പള്ളിപ്പെരുന്നാളിന് മുമ്പ് പള്ളിപ്പടിക്കലൊരു പെരുന്നാള്. അതാരുന്നു ഇന്നു രാത്രീല്. എവിടുന്നൊക്കെയാ കളികാണാന്‍ അളു വന്നതെന്ന് അറിയാമ്മേല. ഏതായാലും കോര്‍ട്ടിന്റെ ചുറ്റിലും ഭയങ്കര ജനത്തെരക്കാരുന്നു. ഗാലറീലും കസേരേലും നടേലും എന്നുവേണ്ട എല്ലാടത്തും. കെളവമ്മാരും കെളവികളും മൊലകുടി മാറാത്ത പിള്ളാരുംവരെ.

ഇന്നലെ പണി പറ്റിച്ച മഴ ഇന്ന് മാറിനിക്കുകേം രണ്ടു കളികളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകേം ചെയ്തപ്പോ ടൂര്‍ണ്ണമെന്റിന്റെ ഫൈനല് മൊത്തത്തി ഗംഭീരമായി. പെണ്ണുങ്ങടെ കളി തൊടങ്ങിയപ്പത്തന്നെ മൈതാനം നെറഞ്ഞു.

രണ്ടു ടീമുകളേം സപ്പോര്‍ട്ട് ചെയ്ത് ജനക്കൂട്ടം ആരവം മൊഴക്കിയതോടെ കളത്തില് ഓളവായി. പിന്നങ്ങോട്ട് അവസാനംവരെ, എന്നുവച്ചാ ആണുങ്ങടെ കളി തീരുന്നവരെ അതു തന്നെയാരുന്നു സ്ഥിതി. ടിക്കറ്റെടുത്ത് അകത്തു കേറിയോര്‍ക്കെല്ലാം കാശുമൊതലായി. അങ്ങനെ ഒരു ടൂര്‍ണ്ണമെന്റൂടെ ഉഷാറായിട്ട് കഴിഞ്ഞു. ഇനി പെരുന്നാളാ. നമ്മക്ക് വെയ്റ്റ് ചെയ്യാം. 

നെടുംകുന്നം ബാസ്‌ക്കറ്റ്; പോലീസിന് കിരീടം



വനിതാ വിഭാഗത്തില്‍ കോട്ടയം ജില്ലാ ടീം
നെടുംകുന്നം സി.വൈ.എം.എയുടെ ആഭിമുഖ്യത്തിലുള്ള 31 -ആ മത് അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ കേരളാ പോലീസിന് കിരീരം. സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടിനു ചുറ്റും തിങ്ങിനിറഞ്ഞ കായികപ്രേമികളെ ത്രസിപ്പിച്ച കലാശപ്പോരാട്ടത്തില്‍ 50നെതിരെ 54 പോയിന്‍റിന് ചങ്ങനാശേരി എസ്.ബി. കോളേജിനെ തകര്‍ത്താണ് പോലീസ് ഫാ. ജോസഫ് കിഴക്കേത്തയ്യില്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടത്.

സി.വൈ.എം.എയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരളുമായ എ.ജെ. ജോണ്‍ അരുമന പരിശീലിപ്പിച്ച പോലീസ് ടീമിന്‍റെ വിജയം നെടുംകുന്നത്തുകാര്‍ക്ക് മധുരതരമായി. അതേസമയം വനിതകളുടെ മത്സരത്തില്‍ കേരളാ പോലീസ് കോട്ടയം ജില്ലാ ടീമിനുമുന്നില്‍ അടിയറവു പറഞ്ഞു. അതിനുമുണ്ടൊരു നെടുംകുന്നം ടച്ച്. സി.വൈ.എം.എ പ്രസിഡന്റായ ജോണ്‍സണ്‍ തോമസായിരുന്നു ഇന്ന് കോട്ടയം ജില്ലാ ടീമിന്റെ പരിശീലകന്‍

മഴയുടെ ഭീഷണിയുടെ നിഴലിലായിരുന്ന ദിവസമായിരുന്നെങ്കിലും ഇതെഴുതുന്ന രാത്രി 12.25വരെ മഴ പെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുരുഷ വിഭാഗം ഫൈനലില്‍ തുടക്കത്തില്‍ മേധാവിത്വം പ്രകടിപ്പിച്ച പോലീസ് ലീഡ് നേടിയെങ്കിലും എസ്.ബി. കോളേജ് പരമാവധി പൊരുതിയപ്പോള്‍ അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന സ്ഥിതിയെത്തി. ഗാലറിയുടെ പിന്തുണ താരതമ്യേന കൂടുതല്‍ എസ്.ബിക്കായിരുന്നു. അവസാനം വരെ പൊരുതിയ അവര്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു.

വനിതാ വിഭാഗത്തില്‍ രാജ്യാന്തര താരം പൂജാമോള്‍ ഉള്‍പ്പെടുന്ന കോട്ടയം ടീം ആദ്യമിനിറ്റുകളില്‍ വ്യക്തമായ മുന്‍തൂക്കം നേടി. ഇടയ്ക്ക് തുല്യത പിടിച്ച പോലീസിന് അത് നിലനിര്‍ത്താനായില്ല.

സമാപനച്ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണംചെയ്തു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍, സി.വൈ.എം.എ ഡയറക്ടര്‍ ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മാവേലില്‍, അഡ്വ. കെ.ജെ. ജോണ്‍ കിഴക്കേത്തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുരുഷ വിഭാഗം ജേതാക്കളായ കേരളാ പോലീസിന് ഫാ. ജോസഫ് കിഴക്കേത്തയ്യില്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി, ഫാ. മാത്യു പുളിക്കപ്പറമ്പില്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി, സാജന്‍ സെബാസ്റ്റ്യന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി എന്നിവ സമ്മാനിച്ചു.

പുരുഷ വിഭാഗം റണ്ണറപ്പിനുള്ള ജോസ് കണ്ടങ്കേരില്‍ മമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എസ്.ബി. കോളേജിനും വനിതാവിഭാഗം ജേതാക്കള്‍ക്കുള്ള അമ്പിളി ട്രോഫിയും ബിഷപ്പ് ഡോ. ജോസഫ് പതാലില്‍ സ്ഥാനാരോഹരണ സ്മാരക ട്രോഫിയും കോട്ടയം ജില്ലാ ടീമിനും വനിതാവിഭാഗം റണ്ണേഴ്‌സ് അപ്പിനുള്ള പീടികയില്‍ പി.ജെ. ത്രേസ്യാ ട്രോഫി കേരളാ പോലീസ് ടീമിനും സമ്മാനിച്ചു.


പുരുഷ വിഭാഗം ഫൈനലില്‍ ഏറ്റവും ഏറ്റവുംകൂടുതല്‍ ത്രീപോയിന്റ് സ്‌കോര്‍ ചെയ്ത താരത്തിന് സി.വൈ.എം.എയുടെ മുന്‍ താരം ജോപ്പി ജോണ്‍ പടിഞ്ഞാറെമുറിയിലിന്റെ സ്മരണയ്ക്കായി പിതാവ് പി.ജെ. ജോണ്‍ പടിഞ്ഞാറേ മുറിയില്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡിന് കേരള പോലീസ് താരം അനന്തു അര്‍ഹനായി.

ടൂര്‍ണ്ണമെന്റിലെ മികച്ച ഡിഫന്‍സീവ് പ്ലെയേഴ്‌സിന് കോട്ടയം ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പേട്രണ്‍ ഫാ. മരിയദാസ് ഏര്‍പ്പെടുത്തയ കാഷ് അവാര്‍ഡ് പുരുഷ വിഭാഗത്തില്‍ എസ്.ബി. കോളേജിന്റെ എസ്. റോബിനും വനിതാ വിഭാഗത്തില്‍ കോട്ടയം ജില്ലാ ടീമിലെ മിന്നു മരിയ ജോയിയും അര്‍ഹരായി.

പുരുഷ, വനിതാ വിഭാഗങ്ങളിലെ മികച്ച താരമായി യഥാക്രമം കേരളാ പോലീസിലെ ജോമോന്‍ ജോസഫും കോട്ടയം ജില്ലാ ടീമിലെ പൂജാമോളും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് ത്രീ സ്റ്റാര്‍ ഹോളോ ബ്രിക്‌സ് നെടുംകുന്നം ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോമോന്‍ ജോസഫിന് ജോപ്പി ജോണ്‍ പടിഞ്ഞാറേമുറിയിലിന്റെ സ്മരണയ്ക്കായി സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയ ട്രോഫിയും ലഭിച്ചു.

പുരുഷ വിഭാഗത്തിലെ ഭാവി വാഗ്ദാനമായി നെടുംകുന്നം സി.വൈ.എം.എ താരം ടോണി സിബി തെരഞ്ഞെടുക്കപ്പെട്ടു. പോലീസ് ടീമിലെ നീനുമോളാണ് വനിതാ വിഭാഗത്തിലെ ഭാവി വാഗ്ദാനം. ഇരുവര്‍ക്കും ടേക്ക് ഓഫ് സ്‌പോര്‍ട്‌സ് പാലാ ഏര്‍പ്പെടുത്തിയ ട്രോഫികള്‍ സമ്മാനിച്ചു.

Saturday, October 12, 2013

കലാശപ്പോരാട്ടത്തില്‍ ചേട്ടനും അനിയനും നേര്‍ക്കുനേര്‍


നെടുംകുന്നം ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ന് വൈകുന്നേരം കേരളാ പോലീസ് ചങ്ങനാശേരി എസ്.ബി.കോളേജിനെ നേരിടുമ്പോള്‍ അത് രണ്ടു സഹോദരന്‍മാരുടെ ഏറ്റുമുട്ടല്‍കൂടിയാകും. ചങ്ങനാശേരി പെരുന്ന ശിവകൃപയില്‍ സി.ആര്‍. നാരായണന്‍നായര്‍-ശ്രീകുമാരി ദമ്പതികളുടെ മകന്‍ ശ്രീജിത്ത് എന്‍. നായര്‍ കേരളാ പോലീസിനുവേണ്ടി പൊരുതുമ്പോള്‍ അനുജന്‍ ശ്രീരാഗ് എന്‍ നായര്‍ എസ്.ബി. കോളേജിന്‍റെ ജഴ്‌സിയില്‍ കളത്തിലുണ്ടാകും.

ജ്യേഷ്ഠന്റെ പാത പിന്തുടര്‍ന്നാണ് ശ്രീരാഗ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലെത്തിയത്. ഇരുവരും പയറ്റിത്തെളിഞ്ഞത് പുളിങ്കുന്ന് സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലാണ്. തൃശൂര്‍ കേരളവര്‍മ്മ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാലാ ടീമിലും സംസ്ഥാന ജൂണിയര്‍ ടീമിലും മികവുകാട്ടി മൂന്നു വര്‍ഷം മുമ്പ് പോലീസിലെത്തിയ ശ്രീജിത്ത് ഇപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റബിളാണ്.സംസ്ഥാന ജൂണിയര്‍ ടീം ക്യാപ്റ്റനായിരുന്ന ശ്രീരാഗ് മലേഷ്യയില്‍ നടന്ന രാജ്യാന്തര ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞു.

നെടുംകുന്നം ബാസ്‌ക്കറ്റ് കിരീടത്തില്‍ മുത്തമിടുന്നത് ആരാകും. ചേട്ടനോ അനിയനോ? നമുക്ക് കാത്തിരിക്കാം നാളെ വൈകുന്നേരംവരെ.

മഴ വീണ്ടും തോറ്റു







സി.വൈ.എം.എ അംഗങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മഴ ഒരിക്കല്‍കൂടി തോറ്റു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം നിലനില്‍ക്കുമ്പോഴാണ് ഇന്നലെ അഖില കേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന്‍റെ ആദ്യ സെമിഫൈനല്‍ തുടങ്ങിയത്. ആദ്യ മത്സരത്തിലും രണ്ടാമത്തെ മത്സരത്തിന്‍റെ പകുതിവരെയും തടസം സൃഷ്ടിക്കാതിരുന്ന മഴ രണ്ടാമത്തെ മത്സരത്തിന്‍റെ പകുതി സമയത്ത് കോരിച്ചൊരിയുകയായിരുന്നു.

അരമണിക്കൂറോളം മഴ നീണ്ടുനിന്നപ്പോള്‍ മത്സരം നാളെ വീണ്ടും നടത്തേണ്ടിവരുമെന്ന സ്ഥിതിയായി. പക്ഷെ വൈകാതെ മഴ നിലച്ചതോടെ വെള്ളത്തിലായ കോര്‍ട്ട് സി.വൈ.എം.എ അംഗങ്ങള്‍ ഏതാനും മിനിറ്റുകൊണ്ട് തുടച്ചുണക്കി. മത്സരത്തില്‍ മാറ്റുരച്ചിരുന്ന കേരളാ പോലീസ്, മാര്‍ ഇവാനിയോസ് ടീമുകള്‍ സമ്മതിച്ചതോടെയാണ് കളി പുനരാരംഭിച്ചത്. 




കോണ്‍ക്രീറ്റ് കോര്‍ട്ട് നിര്‍മ്മിക്കുന്നതിനു മുന്‍പ് മണ്‍കോര്‍ട്ടില്‍ കളി നടന്നിരുന്ന കാലത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്നതായിരുന്നു അംഗങ്ങളുടെ പ്രയത്‌നം. അക്കാലത്ത് കളിക്കിടെ മഴപെയ്താല്‍ ഉമിയും അറക്കപ്പൊടിയും മറ്റുമിട്ട് കത്തിച്ചാണ് കോര്‍ട്ട് ഉണക്കിയിരുന്നത്. കരി നീക്കം ചെയ്ത് കളി തുടരുകയായിരുന്നു പതിവ്. ഇന്ന് ചാക്കുകള്‍കൊണ്ട് വെള്ളം തുടച്ചുനീക്കുകയായിരുന്നു.

കലാശക്കളി നടക്കുന്ന നാളെ മഴ കയ്യാങ്കളി നടത്തരുതേ എന്ന പ്രാര്‍ത്ഥനയിലാണ് സി.വൈ.എം.എ അംഗങ്ങളും കായികപ്രേമികളും.



കെ.എസ്.ഇ.ബിക്ക് ഷോക്കടിച്ചു


കേരളാ പോലീസ്Xഎസ്.ബി. കോളേജ് ഫൈനല്‍



സി.വൈ.എം.എ അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ ചങ്ങനാശേരി എസ്.ബി. കോളേജ് ഷോക്കടിപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട ആദ്യ സെമിഫൈനലില്‍ 44നെതിരെ 49 പോയി
ന്‍റിനാണ് എസ്.ബി. ബോര്‍ഡിനെ തകര്‍ത്തത്.

രണ്ടാം സെമിയില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിനെ അടിറവു പറയിച്ച കേരളാ പോലീസാണ് (33-42)നാളെ ഫൈനലില്‍ എസ്.ബിയുടെ എതിരാളി. ഫൈനല്‍ നാളെ(ഒക്ടോബര്‍ 13) രാത്രി എട്ടിനു നടക്കും. ഏഴു മണിക്ക് വനിതാ വിഭാഗം മത്സരത്തില്‍ കേരളാ പോലീസും കോട്ടയം ജില്ലാ ടീമും ഏറ്റുമുട്ടും.

ടൂര്‍ണ്ണമെ
ന്‍റില്‍
 ഇതുവരെ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു കെ.എസ്.ഇ.ബി-എസ്.ബി കോളേജ് സെമി. തുടക്കം മുതല്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ഗാലറിയില്‍ ആവേശം അണപൊട്ടി. എസ്.ബി. കോളേജിനായിരുന്നു കൂടുതല്‍ പിന്തുണ. ആദ്യ ക്വാര്‍ട്ടര്‍ പിന്നിടുമ്പോഴും പകുതി സമയത്തും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.വേഗത്തിലും ടെക്‌നിക്കുകളിലും എസ്.ബിയുടെ യുവനിരയോട് കിടപിടിക്കാന്‍ ബോര്‍ഡ് പലപ്പോഴും ക്ലേശിച്ചു. അവസാന ക്വാര്‍ട്ടറില്‍ ബോര്‍ഡിന്‍റെ 'പവര്‍ സപ്ലേ' മന്ദഗതിയിലായപ്പോള്‍ തുടക്കത്തിലെ അവേശം അതേപടി നിലനിര്‍ത്തിയ എസ്.ബി വിജയമുറപ്പിക്കുകയായിരുന്നു.

രണ്ടാമത്തെ സെമിയില്‍ തുടക്കത്തിലേ ഇവാനിയോസിനെതിരെ പോലീസ് മേധാവിത്വം നേടി. പോലീസിന്‍റെ മെയ്ക്കരുത്തിനും കളിമിടുക്കിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോളേജ് നിര ക്ലേശിക്കുകയായിരുന്നു. പകുതിയസമയം പിന്നിട്ടപ്പോള്‍ എത്തിയ മഴ അനിശ്ചിത്വം സൃഷ്ടിച്ചെങ്കിലും മുക്കാല്‍ മണിക്കൂറിനുശേഷം മത്സരം പുനരാരംഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇവാനിയോസ് ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സൂചന നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല. നെടുംകുന്നം സി.വൈ.എം.എയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എ.ജെ. തോമസ് അരുമന പരിശീലിപ്പിക്കുന്ന പോലീസ് ടീം കാര്യമായ വെല്ലുവിളിയില്ലാതെ വിജയം ഉറപ്പിക്കുകയും ചെയ്തു.

Friday, October 11, 2013

എസ്.ബിയും ഇവാനിയോസും സെമിയില്‍ ; പുലികള്‍ ഇന്നിറങ്ങും





നെടുംകുന്നം സി.വൈ.എം.എ അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. കേരള ബാസ്ക്കറ്റ്ബോളിലെ പുലികളായ കേരളാ പോലീസും കെ.എസ്.ഇ.ബിയും ഇന്ന് സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫ്ളഡ് ലിറ്റ് കോര്‍ട്ടില്‍ അങ്കത്തിനിറങ്ങും.

ഇന്നലെ നടന്ന മത്സരങ്ങളില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജനിയറിംഗ് കോളേജിനെ പരാജയപ്പെടുത്തയാണ് എസ്.ബി. സെമിയിലെത്തിയത്(45-33). തേവര എസ്.എച്ച്. ക്ലബ്ബിനെതിരെ ആധികാരിക വിജയംകുറിച്ചാണ് മാര്‍ ഇവാനിയോസ് സെമി ബര്‍ത്ത് നേടിയത്(45-30)




ഇന്ന് വൈകുന്നേരം ഏഴിന് എസ്.ബി. കോളേജ് കെ.എസ്.ഇ.ബിയെയും മാര്‍ ഇവാനിയോസ് കേരളാ പോലീസിനെയും നേരിടും. കേരളത്തിലെ വിഖ്യാതമായ ടീമുകള്‍ മാറ്റുരയ്ക്കുന്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്. വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ഗാലറിയിലെ ആരവങ്ങള്‍ അകന്പടിയാകും.




ആതിഥേയരായ സി.വൈ.എം.എ ആദ്യദിവസം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജിനോട് പരാജയപ്പെട്ടെങ്കിലും സി.വൈ.എം.എയുടെ സാന്നിധ്യം ഇന്ന് സെമിഫൈനലിലുണ്ടാകും. സംഘടനയുടെ അഗംവും താരവുമായിരുന്ന എ.ജെ. തോമസ് അരുമനയാണ് കേരളാ പോലീസ് ടീമിന്‍റെ പരിശീലകന്‍. സി.വൈ.എം.എ അംഗമായ അജയ് ജോസഫ് എസ്.ബി. കോളേജ് ടീമിലുണ്ട്.


അപ്പോള്‍ അങ്ങനെ. ഇനി കൂടുതല്‍ പറയുന്നില്ല. വൈകിട്ട് പള്ളിക്കല്‍ കാണാം.








സി.വൈ.എം.എ പൊരുതിത്തോറ്റു



നെടുംകുന്നം സി.വൈ.എം.എയുടെ ആഭിമുഖ്യത്തിലുള്ള 31-ാമത് അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്‍റിലെ
ഉദ്ഘാടനമത്സരത്തല്‍ ആതിഥേയരായ സി.വൈ.എം.എ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിനോട് പൊരുതിത്തോറ്റു.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 58നെതിരെ 69 പോയിന്‍റിനായിരുന്നു അമല്‍ജ്യോതിയുടെ വിജയം.
സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടിനു ചുറ്റും തിങ്ങിനിറഞ്ഞ കായികപ്രേമികളെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇരുടീമുകളും കാഴ്ച്ചവച്ചത്.





പ്രസിഡന്‍റ് ജോണ്‍സണ്‍ തോമസിന്‍റ് നേതൃത്വത്തിലുള്ള സി.വൈ.എം.എ ടീം നാട്ടുകാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന പ്രകടനമാണ് തുടക്കംമുതല്‍ കാഴ്ച്ചവച്ചത്.

സി.വൈ.എം.എ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മാവേലിലും ചങ്ങനാശേരി എസ്.ബി. കോളേജ് ടീമില്‍ പയറ്റിത്തെളിഞ്ഞ ടോണി സിബിയുമൊക്കെ പന്തടക്കത്തിലും വേഗത്തിലും തിളങ്ങി.

സി.വൈ.എം.എയുടെ മുന്‍ ക്യാപ്റ്റന്‍ ജോണ്‍സണ്‍ മാത്യുവിന്‍റെ ശിക്ഷ
ണത്തിലിറങ്ങിയ അമല്‍ ജ്യോതി കോളേജ് കളംനിറഞ്ഞു കളിച്ചതോടെ ലീഡ് മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഫാ. ജെയ്‌സണ്‍ പരിക്കേറ്റ് കളംവിട്ടത് സി.വൈ.എം.എയുടെ പ്രതിരോധനിരയില്‍ വിള്ളല്‍വീഴ്ത്തി. അവസരം മുതലാക്കി ശക്തമായി പൊരുതിക്കയറിയ അമല്‍ജ്യോതി കോളേജ് വ്യക്തമായ ലീഡോടെ വിജയം കുറിക്കുകയുംചെയ്തു.

എം.എം. ഷൈജു, അരുണ്‍ സോമന്‍, ഷെറിന്‍ സെബാസ്റ്റ്യന്‍, ലൈജു തോമസ്, ബിബിന്‍ ജോര്‍ജ് എന്നിവരായിരുന്നു സി.വൈ.എം.എയുടെ മറ്റു താരങ്ങള്‍.

രണ്ടാമത്തെ മത്സരത്തില്‍ കൊച്ചി തേവര എസ്.എച്ച് ക്ലബ് ആലപ്പി ബാസ്‌ക്കറ്റ്‌ബോളേഴ്‌സിനെ പരാജയപ്പെടുത്തി(58-47)

ആവേശം വാനോളം....





മുന്‍ വര്‍ഷങ്ങളിലൊന്നും സി.വൈ.എം.എ അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യദിവസം കാണാത്ത ജനത്തിരക്കിനാണ് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ട് ഇക്കുറി സാക്ഷ്യം വഹിച്ചത്. വ്യാകമായ പ്രചാരണവും മൈതാനത്തെ ഉത്സവഛായയും കോര്‍ട്ടിലെ തീപാറുന്ന പോരാട്ടവും വഴിയാത്രക്കാരെപ്പോലും മത്സരവേദിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളും കായികാവേശം ഇനിയും കൈവിട്ടിട്ടില്ലാത്ത മുതിര്‍ന്നവരും അന്യസംസ്ഥാന തൊഴിലാളികളുമൊക്ക ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യമത്സരത്തില്‍ സി.വൈ.എം.എയുടെ ഓരോ മുന്നേറ്റത്തിനും കാണികളുടെ ആരവങ്ങള്‍ അകമ്പടിയായി. മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഗാലറിയിലെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ താളമേളങ്ങളുമുണ്ടായിരുന്നു. ഒടുവില്‍ സി.വൈ.എം.എ പൊരുതി കീഴടങ്ങുമ്പോള്‍ തെല്ലിട ഗാലറി നിശബ്ദമായി. 




നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല നായര്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനംചെയ്തു. സി.വൈ.എം.എ ഡയറക്ടര്‍ ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന്‍, ഓള്‍ കേരള കളരിപ്പയറ്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ഡോ. ജി.ശ്രീധരക്കുറുപ്പ് എന്നിവര്‍ ആശംകളര്‍പ്പിച്ചു.

സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ജോണ്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Wednesday, October 9, 2013

ഇനി വിസില്‍....


നെടുംകുന്നത്തെ കായികപ്രേമികള്‍ കാത്തിരുന്ന മൂഹൂര്‍ത്തത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. മുപ്പത്തയൊന്നാമത് സി.വൈ.എം.എ അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് വൈകുന്നേരം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ വിസില്‍ മുഴങ്ങും.





ടൂര്‍ണ്ണമെന്റിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തയാക്കി ഇന്നു പുലര്‍ച്ചെ മൂന്നുണിയോടെയാണ് സി.വൈ.എം.എ അംഗങ്ങള്‍ പിരിഞ്ഞത്. കോര്‍ട്ടിന്റെ കവാടത്തില്‍ ആകര്‍ഷകമായ ബഹുവര്‍ണ്ണ കമാനമാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. കോര്‍ട്ട്  വര്‍ണ്ണങ്ങള്‍കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. രാവിനെ പകലാക്കുന്ന ശബ്ദ, വെളിച്ച ക്രമീകരണങ്ങളും ആവേശം പതിന്മടങ്ങായി പൊലിപ്പിക്കുന്ന ഗാലറിയും സജ്ജമായിക്കഴിഞ്ഞു. 


ഇന്ന് നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനംചെയ്യും. സി.വൈ.എം.എ ഡയറക്ടറും നെടുംകുന്നം ഫൊറോനാപ്പള്ളി വികാരിയുമായ ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന്‍, ചമ്പക്കര സി.വി.എന്‍. കളരി ചികിത്സാ കേന്ദ്രം മേധാവി ഡോ. ജി. ശ്രീധരക്കുറുപ്പ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് സ്വാഗതവും സെക്രട്ടറി ജുബിന്‍ കുര്യന്‍ നന്ദിയും പറയും. 




തുടര്‍ന്ന് ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ സി.വൈ.എം.എയും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജും ഏറ്റുമുട്ടും. തേവര എസ്.എച്ച് ക്ലബും ആലപ്പി ബാസ്‌ക്കറ്റ്‌ബോളേഴ്‌സും തമ്മിലാണ് രണ്ടാമത്തെ പോരാട്ടം. 


അപ്പം പറഞ്ഞുനിക്കാന്‍ നേരമില്ല. ഇനി നേരെ പള്ളിക്കലേക്ക്

ഇനിയും പാസെടുത്തിട്ടില്ലാത്തവര്‍ക്ക് പ്രവേശനകവാടത്തിനു സമീപമുള്ള കൗണ്ടറില്‍നിന്ന് പാസുകള്‍ വാങ്ങാം. ഇനി നമ്മക്ക് കോര്‍ട്ടിനടുത്ത്  കാണാം
ബൈ.

രണ്ടായിരവും കടന്ന് നമ്മടെ സെറ്റപ്പ്


2011 സെപ്റ്റംബര്‍ 15ന് വെറുതേ ചുമ്മാ തൊടങ്ങിയ ഒരു സെറ്റപ്പാരുന്നു.
 നെടുംകുന്നം നാട്ടുവിശേഷത്തിന്റെ കാര്യവാ പറഞ്ഞേ. 
ഇന്ന് അതായത് 2013 ഒക്‌ടോബര്‍ പത്താം തീയതി നമ്മള് കമ്പനിക്കാരടെ എണ്ണം രണ്ടായിരം കടന്നു. 
ഇന്നു രാവിലെ ലഭിച്ച ഫ്രണ്ട് റിക്വസ്റ്റുകള്‍കൂടി കണ്‍ഫേം ചെയ്തപ്പോള്‍ ആകെ മൊത്തം ടോട്ടല് രണ്ടായിരത്തി രണ്ട്(2002) പേരായി.

അതോടൊപ്പം നാട്ടുവിശേഷം ബ്ലോഗ് വായിക്കാന്‍ ദിവസേന എത്തുന്നോരടെ എണ്ണോം റോക്കറ്റുപോലെ കുതിച്ചു.  ഇപ്പവരെ ബ്ലോഗില് വന്നുകേറിയത് 59,722 പേരാ.

ഇത്രയും കാലം നിങ്ങളോരോരുത്തരും നല്‍കിയ ആവേശകരമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് വാക്കുകള്‍ അവസാനിപ്പിക്കുന്നത് ശുദ്ധ മണ്ടത്തരവല്ലേ. കാരണം ഇത് നമ്മടെ എല്ലാവരടേം സെറ്റപ്പല്ലേ? നമ്മക്ക് പിന്നേം പിന്നേം ഇവിടെ കൂടാനൊള്ളതല്ലേ?

അതുകൊണ്ട് നമ്മക്ക് ഈ സെറ്റപ്പ് കൂടുതല് ഉഷാറാക്കിയങ്ങ് പോകാം. ഭാവീല്‍ നമ്മളെ കണ്ടാ അയ്യപ്പ ബൈജു പറയണം-''നമ്മടെ പിള്ളാരാ.. ഭയങ്കര സെറ്റപ്പാ''


നെടുംകുന്നം ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം




നെടുംകുന്നം പഞ്ചായത്ത് കേരളോത്സവം 10, 11, 12 തിയ്യതികളില്‍ നടക്കും. പഞ്ചായത്ത് ഗ്രൗണ്ട്, ഗീതാഞ്ജലി ഓഡിറ്റോറിയം എന്നിവയാണ് വേദികള്‍. പഞ്ചായത്തിലെ 15നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

Tuesday, October 8, 2013

ഗാലറി കെട്ടിക്കഴിയട്ടെ;കളത്തില്‍ കാണാം നെടുംകുന്നത്തിന്‍റെ കളി





(മലയാള മനോരമ പത്രം ഇന്ന്-ഒക്ടോബര്‍ 8ന്-പ്രസിദ്ധീകരിച്ച വാര്‍ത്ത)


ആദ്യം പാസ് വില്‍ക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുകയായിരുന്നു. ഇപ്പോള്‍ ഗാലറികെട്ടുന്നതിന്‍റെ

തിരക്കിലാണ്. അലവാങ്കുകൊണ്ട് ആഴത്തില്‍ കുഴിയെടുത്ത്, അതില്‍ തെങ്ങിന്‍ തൂണുകള്‍ നാട്ടി, മുകളില്‍ തട്ടുകള്‍ കെട്ടി, ഗാലറി നിര്‍മാണം കഴിയുമ്പോഴേക്കും ഏറെപ്പേരുടെ കൈവെള്ളയില്‍ തൊലിയടര്‍ന്നിട്ടുണ്ടാകും. പക്ഷേ, ആദ്യവിസില്‍ മുഴങ്ങുമ്പോള്‍ ഈ പെടാപ്പാടുകളെല്ലാം പഴങ്കഥയാക്കി ഇവരില്‍ ചിലര്‍ കളിക്കളത്തിലുണ്ടാകും. ശേഷിക്കുന്നവര്‍ സംഘാടനത്തിന്‍റെ തിരക്കിലായിരിക്കും.

 തലമുറകള്‍ കൈമാറിവരുന്ന നിശ്ചയദാര്‍ഢ്യത്തിന്‍റെയും കായികാവേശത്തിന്‍റെയും പിന്‍ബലത്തിലാണ് നെടുംകുന്നം സിവൈഎംഎ പത്തുമുതല്‍ 13 വരെ നടക്കുന്ന 31-ാമത് അഖിലകേരള ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്‍റിന് ആതിഥ്യമരുളുന്നത്.


സംഘടനാ പ്രസിഡന്‍റും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കുറിയന്നൂര്‍ കേന്ദ്രത്തില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലകനുമായ ജോണ്‍സണ്‍ തോമസ്, കഴിഞ്ഞ വര്‍ഷം നാഷനല്‍ സ്‌കൂള്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ കേരള ടീം അംഗം ടോണി സിബി തുടങ്ങിയവര്‍ ഇക്കുറി സിവൈഎംഎയുടെ ജഴ്‌സിയണിയുമ്പോള്‍ സംഘടനയുടെ അസിസ്റ്റന്‍റ് ഡയറക്ടറും നെടുംകുന്നം പള്ളി സഹവികാരിയുമായ ഫാ. ജെയ്‌സണ്‍ മാവേലിലും അവര്‍ക്കൊപ്പമുണ്ട്. ഈയിടെ നടന്ന കോട്ടയം ജില്ലാ ബാസ്‌കറ്റ് ബോള്‍ ലീഗില്‍ ഈ ടീം സെമിഫൈനലിലെത്തിയിരുന്നു. സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ പത്താം തീയതിയിലെ ഉദ്ഘാടനമത്സരത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിനെയാണ് ആതിഥേയര്‍ നേരിടുക.


സിവൈഎംഎ അംഗമായ അജയ് ജോസഫ് ചങ്ങാനാശേരി എസ്ബി കോളേജിനെ പ്രതിനിധീകരിച്ചാണ് ഇവിടെ കളത്തിലിറങ്ങുക. കേരളാ പോലീസ്, കെഎസ്ഇബി, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഇക്കുറി ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കുന്നുണ്ട്. വനിതാ വിഭാഗത്തില്‍ കേരളാ പോലീസും കോട്ടയം ജില്ലാ ടീമും തമ്മിലാണ് പോരാട്ടം. നെടുംകുന്നം പള്ളിയിലെ സഹവികാരിയായിരുന്ന ഫാ.ജോസഫ് കിഴക്കേത്തിയ്യിലാണ്  ഇവിടുത്തുകാര്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ പരിചയപ്പെടുത്തിയത്. പില്‍ക്കാലത്ത് അത് നാടിന്‍റെ പ്രധാന കായികവിനോദമായി. ജാതിമത ഭേദമെന്യെ ഇവിടെ കളിച്ചുവളര്‍ന്ന ഒട്ടേറെപ്പേര്‍ ഈ രംഗത്ത് ഉന്നത പടവുകള്‍ താണ്ടി.


ഇപ്പോള്‍ കേരള പോലീസ് ടീം പരിശീലകനായ മുന്‍ സംസ്ഥാന താരം എ.ജെ.തോമസും ഇതില്‍ ഉള്‍പ്പെടുന്നു. 1969 ലാണ് ടൂര്‍ണമെന്‍റിന് തുടക്കം കുറിച്ചത്. ആദ്യകാലത്ത് പകല്‍ വെളിച്ചത്തിലായിരുന്നു മത്സരങ്ങള്‍. പിന്നീട് ഗാലറിയും ഫ്‌ളഡ്‌ലിറ്റും വന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ കേരള ബാസ്‌ക്കറ്റ് ബോളിലെ പ്രമുഖ താരങ്ങളുടെയെല്ലാം പ്രകടനത്തിന് ഇവിടം വേദിയായിട്ടുണ്ടെന്ന് എ.ജെ.തോമസ് പറഞ്ഞു. മുന്‍ സംസ്ഥാന സ്‌കൂള്‍ ടീം ക്യാപ്റ്റനായ കുര്യന്‍ തോമസ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ഗ നിര്‍ദേശങ്ങളും സിവൈഎംഎയുടെ കായികാവേശം കെടാതെ സൂക്ഷിക്കുന്നു.


വന്‍കിട സ്‌പോണ്‍സര്‍മാരുടെ പിന്‍ബലമില്ലെങ്കിലും നെടുംകുന്നം പള്ളി അധികൃതയുടെയും കറുകച്ചാലിലെയും നെടുംകുന്നത്തയുമൊക്കെ വ്യാപാരികളുടെയും ഇതര സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും സഹകരണമാണ് നാലു പതിറ്റാണ്ടിനുശേഷവും ഈ ടൂര്‍ണമെന്‍റ് സജീവമായി നിലനിര്‍ത്തുന്നതിന് സിവൈഎംഎയ്ക്ക് സഹായകമാകുന്നതെന്ന് പ്രസിഡന്‍റ് ജോണ്‍സണ്‍ തോമസും സെക്രട്ടറി ജുബിന്‍ കുര്യനും പറഞ്ഞു.


Sunday, October 6, 2013

പീടികയില്‍ സെലിന്‍ ജോണിന്‍റെ സംസ്കാരം നാളെ(ഒക്ടോബര്‍ ഏഴ്)





നെടുംകുന്നം പുതിയാപറമ്പില്‍ പീടികയില്‍ പരേതനായ പി.ജെ. ജോണിന്‍റെ (നെടുംകുന്നം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ) മകള്‍ സെലിന്‍ ജോണ്‍ (55) നിര്യാതയായി. സംസ്‌കാരം നാളെ(ഒക്ടോബര്‍ ഏഴ്) രാവിലെ പത്തിന് നെടുംകുന്നം ഫൊറോനാപള്ളിയില്‍. മാതാവ് പരേതയായ റോസമ്മ എരുമേലി ചെമ്പകത്തുങ്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: ജോസ് ജോണ്‍ (ജോസുകുട്ടി), മാത്യു ജോണ്‍ (മാത്തപ്പന്‍-നെടുംകുന്നം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്), റ്റെസി മാത്യു പുളിക്കല്‍, ജോണ്‍ ജോണ്‍ (ബേബിച്ചന്‍), കുര്യന്‍ ജോണ്‍ (അപ്പച്ചന്‍), മേരി ആന്‍ ജോര്‍ജ് മഴുവഞ്ചേരില്‍, റീത്ത തോമസ് തെക്കേക്കര, ആലീസ് ജോസഫ് കോവുക്കുന്നേല്‍, റാണി ജോര്‍ജ് ചേന്നകര.

Friday, October 4, 2013

കെയ്സി അലവാങ്കെടുത്തു; നാട് പന്തുകളിയുടെ ആവേശത്തിലേക്ക്


പതിവുതെറ്റിക്കാതെ സി.വൈ.എം.എ അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഗാലറിനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ മുന്‍ സെക്രട്ടറികൂടിയായ കെയ്സി കാട്ടൂര്‍ എത്തി. അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ഇന്നലെ(ഒക്ടോബര്‍ നാല്) ഗാലറി ഒരുക്കിത്തുടങ്ങി. എല്ലാവര്‍ഷവും ഗാലറി നിര്‍മ്മാണത്തില്‍ ഉടനീളം പങ്കാളിയാകാറുണ്ടെങ്കിലും   അദ്ദേഹത്തിന് ഇക്കുറി വ്യക്തിപരമായ തിരക്കുകള്‍മൂലം ഇതിനു കഴിയില്ല. 

സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍‍ഡറി സ്കൂളിനു മുന്നിലെ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിനു സമീപം ഗാലറി നിര്‍മ്മാണം ആരംഭിച്ചതോടെ നെടുംകുന്നം അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ആവേശത്തിലേക്ക് ചുവടുവച്ചുകഴിഞ്ഞു. 


കെയ്സിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് സി.വൈ.എം.എ അംഗങ്ങള്‍തന്നെയാണ് ഗാലറിയുടെ തൂണുകള്‍ നാട്ടുന്നതിന് കുഴികളെടുക്കുന്നതും ഗാലറി കെട്ടുന്നതും.ടൂര്‍ണമെന്‍റില്‍ സി.വൈ.എം.എയുടെ ജഴ്സി അണിയുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മുന്‍ അംഗങ്ങളും നാട്ടുകാരും ഗാലറി നിര്‍മ്മാണത്തില്‍ പങ്കുചേരാറുണ്ട്. 


ഗാലറി നിര്‍മ്മാണത്തിനൊപ്പം കോര്‍ട്ടിലെ ലൈനുകള്‍ തെളിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികളും ഉടന്‍ ആരംഭിക്കും. ഒക്ടോബര്‍ പത്തുമുതല്‍ പതിമൂന്നുവരെയാണ് ടൂര്‍ണ്ണമെന്‍റ്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls