കേരളാ പോലീസ്Xഎസ്.ബി. കോളേജ് ഫൈനല്‍
സി.വൈ.എം.എ അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ ചങ്ങനാശേരി എസ്.ബി. കോളേജ് ഷോക്കടിപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട ആദ്യ സെമിഫൈനലില്‍ 44നെതിരെ 49 പോയിന്റിനാണ് എസ്.ബി. ബോര്‍ഡിനെ തകര്‍ത്തത്.
രണ്ടാം സെമിയില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിനെ അടിറവു പറയിച്ച കേരളാ പോലീസാണ് (33-42)നാളെ ഫൈനലില്‍ എസ്.ബിയുടെ എതിരാളി. ഫൈനല്‍ നാളെ(ഒക്ടോബര്‍ 13) രാത്രി എട്ടിനു നടക്കും. ഏഴു മണിക്ക് വനിതാ വിഭാഗം മത്സരത്തില്‍ കേരളാ പോലീസും കോട്ടയം ജില്ലാ ടീമും ഏറ്റുമുട്ടും.
ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു കെ.എസ്.ഇ.ബി-എസ്.ബി കോളേജ് സെമി. തുടക്കം മുതല്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ഗാലറിയില്‍ ആവേശം അണപൊട്ടി. എസ്.ബി. കോളേജിനായിരുന്നു കൂടുതല്‍ പിന്തുണ. ആദ്യ ക്വാര്‍ട്ടര്‍ പിന്നിടുമ്പോഴും പകുതി സമയത്തും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.വേഗത്തിലും ടെക്‌നിക്കുകളിലും എസ്.ബിയുടെ യുവനിരയോട് കിടപിടിക്കാന്‍ ബോര്‍ഡ് പലപ്പോഴും ക്ലേശിച്ചു. അവസാന ക്വാര്‍ട്ടറില്‍ ബോര്‍ഡിന്‍റെ 'പവര്‍ സപ്ലേ' മന്ദഗതിയിലായപ്പോള്‍ തുടക്കത്തിലെ അവേശം അതേപടി നിലനിര്‍ത്തിയ എസ്.ബി വിജയമുറപ്പിക്കുകയായിരുന്നു.
രണ്ടാമത്തെ സെമിയില്‍ തുടക്കത്തിലേ ഇവാനിയോസിനെതിരെ പോലീസ് മേധാവിത്വം നേടി. പോലീസിന്‍റെ മെയ്ക്കരുത്തിനും കളിമിടുക്കിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോളേജ് നിര ക്ലേശിക്കുകയായിരുന്നു. പകുതിയസമയം പിന്നിട്ടപ്പോള്‍ എത്തിയ മഴ അനിശ്ചിത്വം സൃഷ്ടിച്ചെങ്കിലും മുക്കാല്‍ മണിക്കൂറിനുശേഷം മത്സരം പുനരാരംഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇവാനിയോസ് ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സൂചന നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല. നെടുംകുന്നം സി.വൈ.എം.എയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എ.ജെ. തോമസ് അരുമന പരിശീലിപ്പിക്കുന്ന പോലീസ് ടീം കാര്യമായ വെല്ലുവിളിയില്ലാതെ വിജയം ഉറപ്പിക്കുകയും ചെയ്തു.



No comments:
Post a Comment