സി.വൈ.എം.എ അംഗങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മഴ ഒരിക്കല്‍കൂടി തോറ്റു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം നിലനില്‍ക്കുമ്പോഴാണ് ഇന്നലെ അഖില കേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന്‍റെ ആദ്യ സെമിഫൈനല്‍ തുടങ്ങിയത്. ആദ്യ മത്സരത്തിലും രണ്ടാമത്തെ മത്സരത്തിന്‍റെ പകുതിവരെയും തടസം സൃഷ്ടിക്കാതിരുന്ന മഴ രണ്ടാമത്തെ മത്സരത്തിന്‍റെ പകുതി സമയത്ത് കോരിച്ചൊരിയുകയായിരുന്നു.
അരമണിക്കൂറോളം മഴ നീണ്ടുനിന്നപ്പോള്‍ മത്സരം നാളെ വീണ്ടും നടത്തേണ്ടിവരുമെന്ന സ്ഥിതിയായി. പക്ഷെ വൈകാതെ മഴ നിലച്ചതോടെ വെള്ളത്തിലായ കോര്‍ട്ട് സി.വൈ.എം.എ അംഗങ്ങള്‍ ഏതാനും മിനിറ്റുകൊണ്ട് തുടച്ചുണക്കി. മത്സരത്തില്‍ മാറ്റുരച്ചിരുന്ന കേരളാ പോലീസ്, മാര്‍ ഇവാനിയോസ് ടീമുകള്‍ സമ്മതിച്ചതോടെയാണ് കളി പുനരാരംഭിച്ചത്.

കോണ്‍ക്രീറ്റ് കോര്‍ട്ട് നിര്‍മ്മിക്കുന്നതിനു മുന്‍പ് മണ്‍കോര്‍ട്ടില്‍ കളി നടന്നിരുന്ന കാലത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്നതായിരുന്നു അംഗങ്ങളുടെ പ്രയത്‌നം. അക്കാലത്ത് കളിക്കിടെ മഴപെയ്താല്‍ ഉമിയും അറക്കപ്പൊടിയും മറ്റുമിട്ട് കത്തിച്ചാണ് കോര്‍ട്ട് ഉണക്കിയിരുന്നത്. കരി നീക്കം ചെയ്ത് കളി തുടരുകയായിരുന്നു പതിവ്. ഇന്ന് ചാക്കുകള്‍കൊണ്ട് വെള്ളം തുടച്ചുനീക്കുകയായിരുന്നു.
കലാശക്കളി നടക്കുന്ന നാളെ മഴ കയ്യാങ്കളി നടത്തരുതേ എന്ന പ്രാര്‍ത്ഥനയിലാണ് സി.വൈ.എം.എ അംഗങ്ങളും കായികപ്രേമികളും.



No comments:
Post a Comment