Saturday, February 26, 2011

ദര്‍ശനത്തിരുന്നാള്‍; 39,189 രൂപ നീക്കിയിരുപ്പ്, ദേവാലയ നവീകരണത്തിന് 10001 രൂപ നല്‍കി

നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ മാതാവിന്‍റെ ദര്‍ശനത്തിരുന്നാള്‍ നടത്തിപ്പിനായി പള്ളിപ്പടി കൂട്ടായ്മ സ്വരൂപിച്ച തുകയില്‍ 39,189 രൂപ നീക്കിയിരുപ്പ്. പള്ളിപ്പടിയിലെ വ്യാപാരികളും പരിസരവാസികളും ഇവിടെ നിത്യേന എത്തുന്ന നാട്ടുകാരുമാണ് തിരുന്നാള്‍ നടത്തിപ്പിനുവേണ്ടി സംഭാവനകള്‍ നല്‍കിയത്. ആകെ 155 പേരില്‍നിന്ന് 2,35,804 രൂപയാണ് സമാഹരിച്ചത്. തിരുന്നാളിനുവേണ്ടി 1,96,615 രൂപ ചെലവഴിച്ചു.വിശദമായ കണക്ക് താഴെ അറ്റാച്ച് ചെയ്തിരിക്കുന്നു.


ബാക്കി തുകയില്‍ 10001 രൂപ ഇടവക ദേവാലയത്തിന്‍റെ മുഖവാരം നവീകരിക്കുന്നതിനുള്ള ഫണ്ടിലേക്ക് സംഭാവനചെയ്തു. ഈ തുക ജോണ്‍സണ്‍ പി. ജോണ്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടിക്ക് കൈമാറി. ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയായ കളര്‍ എ ഡ്രീമിലേക്ക് 1000 രൂപ വികാരിയച്ചന്‍റെ അഭ്യര്‍ത്ഥന പ്രകാരം 1000 രൂപയും സംഭാവന ചെയ്തു.


ബാക്കി തുക ഉടന്‍തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് തീരുമാനം.സംഭാവന നല്‍കിയ എല്ലാവര്‍ക്കും വിശദമായ വരവുചെലവു കണക്കിന്‍റെ പ്രിന്‍റ് ഔട്ട് നല്‍കുന്നുണ്ട്. 


Friday, February 25, 2011

സെന്റ് ജോണ്‍സ്, സെന്റ് തെരേസാസ് സ്‌കൂളുകള്‍ക്ക് ന്യൂനപക്ഷ പദവി

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളിനും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷന്‍ ന്യൂനപക്ഷ പദവി അനുവദിച്ചു.

ചങ്ങനാശേരി അതിരൂപതയ്ക്കു കീഴിലുള്ള 22 സ്‌കൂളുകള്‍ക്കാണ് ജസ്റ്റിസ് എം.എസ്.എ. സിദ്ദിഖി അധ്യക്ഷനൂം ഡോ. സിറിയക് തോമസ്, ഡോ. മൊഹീന്ദര്‍ സിങ് എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ന്യൂനപക്ഷ പദവി നല്‍കിയത്.

പദവി ലഭിച്ച മറ്റു സ്‌കൂളുകള്‍


പുളിങ്കുന്ന് ലിറ്റില്‍ ഫ്ളവര്‍

കൈനകരി സെന്റ് മേരീസ്

മാമ്മൂട് സെന്റ് ഷന്താള്‍സ്

ആര്‍പ്പൂക്കര സെന്റ് ഫിലോമിനാസ്

അമ്പൂരി സെന്റ് തോമസ്

ആലപ്പുഴ പച്ച ലൂര്‍ദ് മാതാ

ആര്യങ്കാവ് സെന്റ് മേരീസ്

അതിരമ്പുഴ സെന്റ് അലോഷ്യസ്

ചങ്ങനാശേരി സെന്റ് ആന്‍സ്

അതിരമ്പുഴ സെന്റ് മേരീസ്

ചങ്ങനാശേരി സെന്റ് ജോസഫ്‌സ്

ചമ്പക്കുളം സെന്റ് മേരീസ്

മണിമല സെന്റ് ജോര്‍ജ്

മുട്ടാര്‍ സെന്റ് ജോര്‍ജ്

പായിപ്പാട് സെന്റ് ജോസഫ്‌സ്

പാറമ്പുഴ ഹോളി ഫാമിലി

തത്തംപള്ളി സെന്റ് മൈക്കിള്‍സ്

വാഴപ്പള്ളി സെന്റ് തെരേസാസ്

പങ്ങട സേക്രഡ് ഹാര്‍ട്ട്

മിത്രക്കരി സെന്റ് സേവ്യേഴ്‌സ്.

Monday, February 14, 2011

ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു തിരുന്നാള്‍ ആഘോഷം

ഇടവക സമൂഹത്തിന്‍റെ മരിയ ഭക്തിയുടെ നിറവും പള്ളിപ്പടിയിലെ വിശ്വാസികളുടെ കൂട്ടായ്മയും വിളിച്ചോതി നെടുംകുന്നം സെന്‍റ് ജോണ്‍  ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ദര്‍ശനത്തിരുന്നാള്‍ സമാപിച്ചു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു.


തിരുന്നാളിന്‍റെ രണ്ടാം ദിനമായ ഫെബ്രുവരി 12ന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. വൈകുന്നേരം നാലിനു നടന്ന ആഘോഷമായ കുര്‍ബാനയില്‍ ഫാ. ജോസഫ് പുതിയാപറന്പില്‍ കാര്‍മികനായിരുന്നു.  ലദീഞ്ഞിനും കപ്ലോന്‍ വാഴ്ച്ചയ്ക്കുംശേഷം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളില്‍ സ്നേഹവിരുന്നും കര്‍മലീത്ത മഠം ചാപ്പലില്‍ ജപമാലയും ലദീഞ്ഞും നടന്നു.


സെന്‍റ് തെരേസാസ് സ്കൂളില്‍നിന്ന് പള്ളിപ്പടിയിലേക്ക് നടന്ന കഴുന്നു പ്രദക്ഷിണത്തില്‍ അനേകം വിശ്വാസികള്‍ പങ്കുകൊണ്ടു. വോളണ്ടിയര്‍മാരുടെ ബാഹുല്യമില്ലാതെ പ്രദക്ഷിണം തികഞ്ഞ ചിട്ടയോടെ നീങ്ങിയത് പുതുമയായി. വൈദ്യുത ദീപാലങ്കാരങ്ങളൊരുക്കിയും പടക്കംപൊട്ടിച്ചും പരിസരവാസികള്‍ പ്രദക്ഷിണത്തെ വരവേറ്റു. ചെണ്ടമേളവും, ശിങ്കാരിമേളവും, ബാന്‍ഡ് സംഘവും താളക്കൊഴുപ്പേകി.


ദീപപ്രഭയില്‍ കുളിച്ച പള്ളിപ്പടി കവലയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഫാ. മാത്യു ചൂരവടി(ജൂണിയര്‍) തിരുന്നാള്‍ സന്ദേശം നല്‍കി. തന്‍റെയും മറ്റുള്ളവരുടെയും അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് മരിയഭക്തിയുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ദേവാലയത്തില്‍ സമാപന പ്രാര്‍ത്ഥനയെത്തുടര്‍ന്ന്  പള്ളി ഗ്രൗണ്ടില്‍ കരിമരുന്ന് കലാപ്രകടനം നടന്നു.


ഫെബ്രുവരി 13ന് രാവിലെ 6.15നും ഒന്പതിനും ദിവ്യബലി നടന്നു. വൈകുന്നേരം നാലിന് ഫാ. തോമസ് കാട്ടൂരിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്കിടെ ഫാ. ജോര്‍ജ് കാട്ടൂര്‍ വചനപ്രഘോഷണം നടത്തി. തുടര്‍ന്ന് പതിനാലാം സ്ഥലം, പള്ളിപ്പടി വഴി നടന്ന പ്രദക്ഷിണത്തിനൊടുവില്‍ കൊടിയിറക്കി.രാത്രി ഏഴിന് സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം ഗീതാഞ്ജലി തീയറ്റേഴ്സിന്‍റെ നാടകം-അമ്മയ്ക്ക് സ്വന്തം മകന്‍ അരങ്ങേറി.


മരിച്ചവരുടെ ഓര്‍മദിവസമായ 14ന് രാവിലെ സപ്രയും പരിശുദ്ധ കുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും നടന്നു.



















Friday, February 11, 2011

നെടുംകുന്നം പള്ളിയില്‍ തിരുന്നാളിന് കൊടിയേറി



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ദര്‍ശനത്തിരുന്നാളിന് കൊടികയറ്റി. രാവിലെ നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടി കൊടികയറ്റി. തുടര്‍ന്ന് വികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ എലക്തോരന്‍മാരുടെ പരിശുദ്ധ കുര്‍ബാന നടന്നു. വൈകുന്നേരം നാലിന് നടന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയില്‍ റവ. ഫാ. മാത്യു പുളിച്ചമാക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
നാളെ(ഫെബ്രുവരി 12) രാവിലെ ആറിന് സപ്ര, പരിശുദ്ധ കുര്‍ബാന.
വൈകുന്നേരം 4.15ന് ഇടവകക്കാരായ വൈദികരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ് പുതിയാപറന്പില്‍ മുഖ്യകാര്‍മികനായിരിക്കും.
5.45ന് ലദീഞ്ഞ്, പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച്ച. 6.15ന് സ്നേഹവിരുന്ന് നെടുംകുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളില്‍. 6.45ന് കര്‍മലീത്താ മഠം ചാപ്പലില്‍ ജപമാല, ലദീഞ്ഞ്. ഏഴിന് പള്ളിയിലേക്ക് കഴുന്ന് പ്രദക്ഷിണം. ഫാ. ജെയിംസ് കൊക്കാവയലില്‍ കാര്‍മികത്വം വഹിക്കും. പ്രദക്ഷിണം പള്ളിപ്പടിയിലെത്തുന്പോള്‍ അവിടെ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രസംഗം-ഫാ. മാത്യു ചൂരവടി(ജൂണിയര്‍)
എട്ടിന് ദേവാലയത്തില്‍ സമാപനപ്രാര്‍ത്ഥന. 8.30ന് കരിമരുന്ന് കലാപ്രകടനം.

Sunday, February 6, 2011

ഭാഗ്യവാന്‍ ഒളിവില്‍?

കേരള സര്‍ക്കാരിന്‍റെ വിന്‍ വിന്‍ പ്രതിവാര ലോട്ടറിയുടെ കഴിഞ്ഞ നറുക്കെടുപ്പിലെ (ഫെബ്രുവരി)ഒന്നാം സമ്മാനമായ നാല്‍പ്പതു ലക്ഷം രൂപയും അന്‍പതു പവനും പള്ളിപ്പടി പരിസരത്തുള്ള ഒരാള്‍ക്കാണ് ലഭിച്ചതെന്ന് അഭ്യൂഹം. ഇവിടെയുള്ള ഒരു യുവാവിന് താന്‍ വിറ്റ WH 672467 നന്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഏജന്‍റ് വ്യക്തമാക്കിയതായി ചിലര്‍ പറയുന്നു.
തനിക്ക്  ലോട്ടറി അടിച്ചിട്ടില്ലെന്ന് ഈ യുവാവ് ആവര്‍ത്തിക്കുന്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. പിന്നെ ആരാണ് ഒളിച്ചിരിക്കുന്ന ആ ഭാഗ്യവാന്‍?

Friday, February 4, 2011

പള്ളിമുഖവാരത്തിന്‍റെ നവീകരണ ജോലികള്‍ ആരംഭിച്ചു


നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാ ദേവാലയത്തിന്‍റെ മുഖവാരത്തിന്‍റെ(മണിമാളികള്‍ ഉള്‍പ്പെടെയുള്ള മുന്‍ഭാഗം) നവീകരണ ജോലികള്‍ ആരംഭിച്ചു. ചങ്ങനാശേരി കുരിശുംമൂട് മാതാ കണ്‍സ്ട്രക്ഷന്‍സാണ് എട്ടു ലക്ഷം രൂപയുടെ കരാറിന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


 മുഖവാരം, ക്രാസികള്‍, ആര്‍ട്ട്  വര്‍ക്കുകള്‍, തകരാറിലായ ബോര്‍ഡറുകള്‍ ഇവ പുതിക്കിപ്പണിയുകയാണ് നവീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്. മുഖവാരത്തിന്‍റെ പല ഭാഗങ്ങളും പ്രത്യേകിച്ച് മുകള്‍ ഭാഗം കാലപ്പഴക്കംകൊണ്ട് തകരാറിലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്  ആദ്യം പാരിഷ് കൗണ്‍സിലും തുടര്‍ന്ന് പൊതുയോഗവും നവീകരണ ജോലികള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പഴയ തേപ്പ് പൊളിച്ചുമാറ്റിയശേഷം ആകൃതിക്കും ശില്‍പ്പഭംഗിക്കും മാറ്റം വരുത്താതെ ഇപ്പോഴത്തെ രീതിയില്‍തന്നെ പുതുക്കിപ്പണിയുകയാണ് പ്രധാന ജോലി. കരാര്‍ പ്രകാരം 2011 ഏപ്രില്‍ 15നു മുന്‍പ് നവീകണ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.


മാത്യു പുളിക്കപ്പറന്പില്‍(സീനിയര്‍) വികാരിയായിരിക്കെ 1936ലാണ് ഇപ്പോഴത്തെ വലിയ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. 1940 നവംബര്‍ 28ന് അന്നത്തെ ചങ്ങനാശേരി മെത്രാന്‍ മാര്‍ ജെയിംസ് കാളാശേരി പള്ളിയുടെ കൂദാശാകര്‍മം നിര്‍വഹിച്ചു.  പതിനായിരം രൂപയായിരുന്നു നിര്‍മാണത്തിന്‍റെ എസ്റ്റിമേറ്റ്. നിര്‍മാണ സാമഗ്രികള്‍ക്ക് വിലക്കയറ്റം ഉണ്ടായതിനെത്തുടര്‍ന്ന്   പണി പൂര്‍ത്തിയാക്കാന്‍ പതിനയ്യായിരത്തോളം രൂപ വേണ്ടിവന്നതായി പള്ളി രേഖകള്‍ വ്യക്തമാക്കുന്നു 




 

Tuesday, February 1, 2011

മാതാവിന്‍റെ ദര്‍ശനത്തിരുന്നാള്‍ ഫെബ്രുവരി 11 മുതല്‍ 14വരെ; നടത്തുന്നത് പള്ളിപ്പടി കൂട്ടായ്മ


നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുന്നാള്‍ 2011 ഫെബ്രുവരി 11 മുതല്‍ 14 വരെ ആഘോഷിക്കും. ഒരു പ്രസുദേന്തി തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന പതിവില്‍നിന്നു വ്യത്യസ്തമായി ഇക്കുറി പള്ളിപ്പിടി കൂട്ടായ്മയാണ് തിരുന്നാളിന്റെ ചുമതല വഹിക്കുന്നത് പള്ളിപ്പടിയിലെ വ്യാപരികളും നിത്യേന ഇവിടെ എത്തുന്ന നാട്ടുകാരും പരിസരവാസികളും എല്ലാവരും തിരുന്നാള്‍ ആഘോഷത്തിനായി കൈകോര്‍ത്തിരിക്കുകയാണ്. 

പ്രസുദേന്തിയുടെ വീട്ടില്‍നിന്നും പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിനു പകരം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളില്‍നിന്നാണ് 12 ന് വൈകുന്നേരത്തെ പ്രക്ഷിണം തുടങ്ങുന്നത്. പ്രദക്ഷിണം പള്ളിയിലെത്തുന്നതിനു തൊട്ടു മുന്‍പ് പള്ളിപ്പടിയില്‍ തിരുന്നാള്‍ പ്രസംഗം നടക്കും. ഫാ. മാത്യു ചൂരവടി(ജൂണിയര്‍ ) ആണ് പ്രസംഗകന്‍ . 12ന് വൈകുന്നേരം കരിമരുന്ന് കലാപ്രകടനവും 13ന് വൈകുന്നേരം തിരുവനന്തപുരം ഗീതാഞ്ജലിയുടെ നാടകവും(അമ്മയ്ക്ക് സ്വന്തം മകന്‍ ) നടക്കും. 

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാതാവിന്‍റെ മാധ്യസ്ഥംവഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് എല്ലാവരെയും ക്ഷണിക്കുന്നു. 
 സ്നേഹത്തോടെ

പള്ളിപ്പടി കൂട്ടായ്മ


തിരുന്നാളിന്‍റെ നോട്ടീസ് ഇന്ന് (ജനുവരി 30 ഞായര്‍ ) വിതരണം ചെയ്തു തുടങ്ങി. നോട്ടീസ് താഴെ അറ്റാച്ച്  ചെയ്തിരിക്കുന്നു.











 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls