Thursday, September 26, 2013

സി.വൈ.എം.എയുടെ മുന്നേറ്റത്തിന് വിരാമം


കോട്ടയം ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നെടുംകുന്നം സി.വൈ.എം.എയുടെ കുതിപ്പിന് വിരാമം. സെമിഫൈനില്‍ ചങ്ങനാശേരി സി.ബി.സി.യാണ് സി.വൈ.എം.എയെ പരാജയപ്പെടുത്തിയത്. 

Monday, September 23, 2013

കോട്ടയം ജില്ലാ ബാസ്ക്കറ്റ്ബോള്‍ ചാന്പ്യന്‍ഷിപ്പ്; സി.വൈ.എം.എ സെമിഫൈനലില്‍


അഖിലകേരള ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിനുള്ള ഒരുക്കത്തിനിടെ നെടുംകുന്നം സി.വൈ.എം.എയുടെ താരങ്ങള്‍ക്കും അംഗങ്ങള്‍ക്കും ആവേശം പകര്‍ന്ന് കോട്ടയം ജില്ലാ ബാസ്ക്കറ്റ്ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ ടീമിന്‍റെ ശ്രദ്ധേയ മുന്നേറ്റം. കോട്ടയം ഗിരിദീപം സ്ല്‍കൂളില്‍ നടന്നുവരുന്ന ജില്ലാ ചാന്പ്യന്‍ഷിപ്പില്‍ നെടുംകുന്നം സി.വൈ.എം.എ ടീം സെമിഫൈനലില്‍ കടന്നു.  

 ആദ്യ മത്സരത്തില്‍ പാലാ ബാസ്ക്കറ്റ്ബോള്‍ ക്ലബിനെ പരാജയപ്പെടുത്തിയ സി.വൈ.എം.എ. ക്വാര്‍ട്ടര്‍ഫൈനലില്‍ കുറവിലങ്ങാട് സെന്‍റ് മേരീസ് ക്ലബിനെ തകര്‍ത്താണ് സെമി ബര്‍ത്ത് നേടിയത്. 

ഇന്ന്(സെപ്റ്റംബര്‍ 24) സി.ബി.സി ചങ്ങനാശേരിയും വൈ.എം.സി.എ കോട്ടയവും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജിയകളെയാണ് നാളെ നടക്കുന്ന സെമിയില്‍ സി.വൈ.എം.എ നേരിടുക. 

Sunday, September 22, 2013

വണ്ടി മാണികൊളംവഴിയല്ലേ? സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട




കാവുന്നടേന്നോ പള്ളിക്കേന്നോ അത്യാവശ്യത്തിന്(അലീനേലോ അര്‍ക്കാഡിയേലോ പോയി രണ്ടെണ്ണം അടിക്കാനോ അതുമല്ലേല്‍ ബീവറേജസീന്ന് ചെറുതു മേടിക്കാനോ) കറുകച്ചാലുവരെ ഒന്നുപോകാന്‍ ഹെല്‍മെറ്റ് വച്ചില്ലേല്‍ അവമ്മാരെന്നാ മൂക്കിക്കേറ്റി വലിക്കുവോ? നമ്മളെല്ലാം കുറച്ചു ദെവസം മുന്പുവരെ വിചാരിച്ചിരുന്നത് ഇങ്ങനാ.അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്പം മാണികൊളത്തെങ്ങാനും ചെക്കിംഗൊണ്ടേല് ഓപ്പസിറ്റ് വരുന്ന വണ്ടിക്കാര് ലൈറ്റിട്ട് സിഗ്നല് തരും. അതോടെ ഒന്നുകില്‍ വളഞ്ഞവഴി പിടിക്കും. അല്ലേല്‍ പോക്കുതന്നെ ക്യാന്‍സലാക്കും. സാറന്‍മാര് മൂ#$%. 

കൊറേക്കാലവായിട്ട് നാട്ടിലില്ലാത്തോരു വിചാരിക്കും മാണികൊളത്ത് മാത്രവേ ചെക്കിംഗ് ഒള്ളോന്ന്. അതേന്ന്, രണ്ടു സൈഡീന്നും വരുന്ന വണ്ടിക്കാര്‍ക്ക് സാറമ്മാരു നിക്കുന്നത് ദൂരേന്ന് കാണാന്പറ്റാത്തോണ്ടാണ് ഇതിപ്പം അവരടെ സ്ഥിരം ലൊക്കേഷനാ. ഓപ്പസിറ്റ് വരുന്നോരടെ സിഗ്നല് കണ്ടിട്ട് മനസിലാകാതെയോ മനസ്സിലായിട്ടും വകവയ്ക്കാതെയോ ആര്‍ഭാടത്തി കയറ്റം കേറി വരുന്നോര് കുടുങ്ങുന്നത് കാണേണ്ട കാഴ്ച്ചയാ. 

നേരത്തെയൊക്കെ പിടിച്ചാത്തന്നെ നൂറു രൂപാ പോകുവെന്നേയൊള്ളാരുന്നു. രണ്ടെണ്ണം അടിച്ചിട്ടാണ് വരുന്നതെങ്കിലും സാറമ്മാരടെ കയ്യില്‍ ഊത്തുയന്ത്രം ഇല്ലേല്‍ ഹെല്‍മെറ്റ് ഇല്ലാത്തേന്‍റെ ഫൈന്‍ കൊടുത്താ മതിയാരുന്നു. അതൊക്കെ പണ്ട്. അമ്മച്ചയാണേ ഇപ്പം സംഗതി ഗുരുതരവാണ്. നമ്മടെ ഋഷിരാജ് സിംഗ് സാറിന്‍റെ പരിഷ്കാരത്തെക്കുറിച്ച് പത്രങ്ങളിലൂം ചാലനുകളിലൊമൊക്കെ കണ്ടിട്ടൊണ്ടാകുവല്ലോ. അതോണ്ടുപറയുകാ. ബീ കെയര്‍ഫുള്‍! നെടുംകുന്നം നാട്ടുവിശേഷം വായിക്കുന്നോരെങ്കിലും വെറുതേ ലൈസന്‍സ് കളയല്ലേ.

ചങ്ങനാശേരീരും പാലായിലും മാത്രം ഇന്നലെ, അതായത് ഞാറാഴ്ച്ച 36 പേര്‍ക്ക് പണികിട്ടി. അണ്ണമ്മാരടെ ലൈസന്‍സ് കളയാന്‍ നടപടി തൊടുങ്ങുകേം ചെയ്തു. ശനിയാഴ്ച്ചത്തെ കണക്കൂടെ നോക്കിയാല്‍ കോട്ടയം ജില്ലേല്‍ കുടുങ്ങിയോരടെ എണ്ണം അറുപതാകും.

അല്ലേലും ബൈക്കുകാര്‍ക്ക് ഒരു കടിഞ്ഞാണ്‍ വേണവാരുന്നു എന്നാരിക്കും ചെല നാലു ചക്ര വാഹന മൊതലാളിമാരടെ വിചാരം. അതവിടിരിക്കട്ടെ. വണ്ടി വച്ചലക്കുകയോ, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുകയോ, സണ്‍ഫിലിം നീക്കാതിരിക്കുകയോ ചെയ്താല്‍ നിങ്ങക്കും കിട്ടും എട്ടിന്‍റെ പണി.

പിന്നെ ബൈക്കുകാരോട്, നമ്മടെ കൂട്ടുകാരോട് ഒരു വാക്ക്. അത്യാവശ്യം വന്നാല്‍  കറുകച്ചാലിലോ കാവുന്നടേലോ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളീന്ന് ഹെല്‍മെറ്റ് മോട്ടിച്ചേക്കല്ലേ. മൂക്കിക്കൂടേം വായിലൂടേം വലിച്ചുകേറ്റുകേം വിടുകേം ചെയ്യുന്നതെല്ലാം അതേലൊണ്ടാകും. മോട്ടിക്കുന്ന ഹെല്‍മെറ്റ് ഏതു രോഗീടേതാണെന്ന് ആര്‍ക്കറിയാം!  സ്വന്തമായി ഒരെണ്ണം ഇല്ലേല്‍ മുടിഞ്ഞുപോകാന്‍ ഒന്നങ്ങു മേടിച്ചേര്!


Sunday, September 1, 2013

നെടുംകുന്നത്തെ മോഷ്ടാക്കള്‍ തിരുട്ടുഗ്രാമത്തില്‍നിന്ന്?




നെടുംകുന്നം മഠത്തിന്‍പടിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങള്‍ക്കും മോഷണശ്രമങ്ങള്‍ക്കും പിന്നില്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്തുള്ള കള്ളന്‍മാരുടെ തട്ടകമായ തിരുട്ട് ഗ്രാമത്തില്‍നിന്നുള്ളവരാണെന്ന് സംശയം. 


2012 ഫെബ്രുവരി മുതല്‍ നെടുംകുന്നം മഠത്തിന്‍പടിയില്‍നിന്നും അരക്കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പതനഞ്ചോളം വീടുകളില്‍ മോഷണവും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്.

എല്ലാ വീടുകളിലെയും ചുറ്റുവട്ടങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയശേഷമാണ് കവര്‍ച്ചക്കാര്‍ എത്തിയത് എന്ന് വ്യക്തം.

 ഉദാഹരണത്തിന് കഴിഞ്ഞ ദിവസം മോഷണം നടന്ന പതാലില്‍ പി.വി. ജോണിന്‍റെ വീട്ടില്‍ ജോണിന്‍റെ മകന്‍ വിനോദും കുടുംബവും വിദേശത്തുനിന്ന് അടുത്തയിടെയാണ് എത്തിയത്. മോഷണശ്രമം നടന്ന കൊച്ചുമെതിക്കളത്തില്‍ വീട്ടില്‍ ജോസുകുട്ടിയുടെ വീട്ടില്‍ ജോസുകുട്ടിയുടെ ഭാര്യയും മകളും തനിച്ചാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സ്വര്‍ണ്ണം കവര്‍ന്ന രണ്ടു വീടുകളിലും ആഭരണങ്ങള്‍ കൂടുതല്‍ ഉണ്ടാകാനുള്ള സാധ്യത മോഷ്ടാക്കള്‍ മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാന്‍. വ്യക്തമായ ധാരണയോടെ മോഷണം നടത്തിയതുകൊണ്ടുതന്നെ മോഷ്ടാക്കള്‍ നാട്ടുകാര്‍തന്നെയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

അതേസമയം തമിഴ്‌നാട്ടുകാരായ മോഷ്ടാക്കള്‍ക്ക് നാട്ടിലുള്ള ചിലര്‍ കൃത്യമായ വിവരം നല്‍കുന്നതാകാനും ഇടയുണ്ട്.സമീപകാലത്ത് ഈ മേഖലയില്‍ നടന്ന എല്ലാ കവര്‍ച്ചകളും അതിനുള്ള ശ്രമങ്ങളും സമാന സ്വഭാവമുള്ളതാണ്. അതുകൊണ്ടുതന്നെ ഓരേ സംഘാംഗങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന സംശയം ബലപ്പെടുന്നു.


  മോഷണം നടന്ന വീടുകളുടെ അടുത്ത പ്രദേശത്ത് എവിടെയെങ്കിലും വാഹനത്തില്‍ വന്നിറങ്ങിയശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞായിരിക്കും മോഷ്ടാക്കള്‍ വിവിധ വീടുകളിലെത്തിയതെന്നും സംശയിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍  കവര്‍ച്ച നടന്ന മഠത്തിന്‍പടി-പാറയ്ക്കല്‍ റോഡിലെ വീട്ടില്‍നിന്നും ഓടിയ പോലീസ് നായ സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ടിലാണ് എത്തിയത്. മോഷ്ടാക്കള്‍ വാഹനത്തില്‍ ഇവിടെയായിരിക്കും എത്തിയതെന്നാണ് അന്ന് പോലീസ് സംശയം പ്രകടിപ്പിച്ചത്. 


രാത്രിയില്‍ ഈ മേഖലയിലെങ്ങും ആളില്ലാത്തത് മോഷ്ടാക്കള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പള്ളിയുടെ മുന്‍ഭാഗവും സ്‌കൂളിന്‍റെയും ബി.എഡ്. കോളേജിന്‍റെയും പരിസരവും രാത്രി വിജനമാണ്. പള്ളിയുടെ പടിഞ്ഞാറു ഭാഗത്തും സമാനമായ സാഹചര്യമാണുള്ളത്.  സ്‌കൂള്‍ ഗ്രൗണ്ടിന്‍റെ ഒരുഭാഗത്ത് ആഴമുള്ള രണ്ടു പാറക്കുളങ്ങളാണ്. ഈ സാഹചര്യങ്ങള്‍ മുതലാക്കി ഇക്കുറിയും മോഷ്ടാക്കള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തമ്പടിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അനുകൂല സാഹചര്യംകൊണ്ടുതന്നെയാകും ഇതേ മേഖലതന്നെ വീണ്ടും മോഷണത്തിനായി തെരഞ്ഞെടുത്തത്. മോഷ്ടാക്കള്‍ ഇതുവരെ എത്തിയ വീടുകളില്‍  ഏറെയും  ഈ ഗ്രൗണ്ടിനു തൊട്ടടുത്തുള്ളവയാണ്. 


അതിനിടെ ഓഗസ്റ്റ് 30ന് പുലര്‍ച്ചെ മോഷണം സംബന്ധിച്ച് ആദ്യ വിവരം കിട്ടിയപ്പോള്‍തന്നെ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍നിന്നും സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കി വാഹന പരിശോധനയ്ക്ക് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞേക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വീട്ടില്‍നിന്ന് രണ്ടര പവന്‍റെ മാല മോഷ്ടിച്ചതൊഴിച്ചാല്‍ മറ്റ് നഷ്ടങ്ങള്‍ സംഭവിക്കാത്ത സാഹചര്യത്തില്‍ പോലീസ് ഈ മോഷണ പരമ്പരയ്ക്ക് കാര്യമായ പ്രാധാന്യം നല്‍കിയതുമില്ല.


പകല്‍സമയത്ത് യാചകരായും ആക്രി സാധനങ്ങള്‍ പെറുക്കുന്നവരായും എത്തുന്നവര്‍ മോഷ്ടാക്കള്‍ക്ക് വിവരം നല്‍കുന്നവരോ മോഷണസംഘത്തില്‍ പെട്ടവരോ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 


കള്ളന്‍ കൊണ്ടുപോയ പെഗ്ഗുകളെയോര്‍ത്ത്...



കഴിഞ്ഞ ദിവസം അതായത് ഓഗസ്റ്റ് 30ന് പുലര്‍ച്ചെ നെടുംകുന്നത്ത് നടന്ന മോഷണപരമ്പരയോടനുബന്ധിച്ച് അധികമാരും അറിയാത്തൊരു തമാശയും നടന്നു. വാര്‍ത്തകളില്‍ ഇടം നേടാതിരുന്ന അക്കഥ ഇങ്ങനെ.



അധികം പഴക്കമില്ലാത്ത സാമാന്യം നല്ലൊരു വീടിന്‍റെ
(നെടുംകുന്നം നാട്ടുവിശേഷത്തിലെയും പത്രങ്ങളിലെയും വാര്‍ത്തകളില്‍ പരാമര്‍ശിച്ച വിടുകളുടെ പട്ടികയില്‍ ഈ വീട് ഉള്‍പ്പെടുന്നില്ല) വര്‍ക്ക് ഏരിയയുടെ വാതില്‍ ഇടിച്ചു തകര്‍ത്ത് അകത്തു കടക്കാന്‍ കണക്കുകൂട്ടിയാണ് കള്ളമ്മാര് ചെന്നത്. അതുകൊണ്ടുതന്നെ വീടിന്‍റെ ചാര്‍ത്തീവച്ചിരുന്ന വെറകിനെടയ്ക്കൂന്ന് നല്ല വണ്ണവൊള്ള ഒരു മുട്ടിതന്നെ അവര് തപ്പിയെടുത്തു.

സര്‍വ്വശക്തിയും പ്രയോഗിച്ച് ആഞ്ഞൊരിടി. ഇടിച്ചവന്‍ വെട്ടിയിട്ട വാഴപോലെ വര്‍ക്കേരിയായ്ക്കുള്ളിലേക്ക് വീണുകാണും. അവമ്മാര്‍ക്ക് ഇതിലും വലിയൊരു പണി കൊടുക്കാനൊണ്ടോ? കതക് പൂട്ടീരുന്നില്ല. ഒള്ളതു പറഞ്ഞാ വെറുതേ ചാരീരിക്കുവാരുന്നു.

തൊട്ടടുത്ത വീട്ടിലെല്ലാം അടുത്ത കാലത്ത് കള്ളന്‍ കേറീട്ടും പൊറകിലത്തെ കതക് പൂട്ടാതെ കെടന്നെന്നോ? അതേന്ന്! കതക് കതകും കട്ടളേം തമ്മില് ചെറിയൊരു ചേര്‍ച്ചയില്ലായ്മ. അതുകൊണ്ട് കതക് കട്ടിളേടെ വെട്ടിനാത്തോട്ട് കേറത്തില്ല. കുറ്റിയിടാന്‍ പറ്റത്തൂവില്ല. ആശാരിയെ വിളിച്ച് കതകിനെ കട്ടളേലേക്കും കുറ്റിയെ ഓട്ടയ്ക്കാത്തോട്ടും കേറ്റാന്‍ വീട്ടുകാര് മെനക്കെട്ടൂവില്ല.

എങ്ങാനും വല്ല കള്ളമ്മാരും കേറിയാല്‍ വിവമറിയാന്‍ കതകിന്‍റെ മോളില് അലാറം വച്ചിരുന്നു. പക്ഷെ, അന്ന് അലാറം ഓണാക്കിവെക്കാന്‍ മറന്നും പോയി. ഇതാണ് നിമിത്തം നിമിത്തം എന്നു പറയുന്ന സാധനം. വര്‍ക്കേരിയായീന്ന് 
 അടുക്കളേലേക്ക് കേറാന്‍ കള്ളമ്മാര്‍ക്ക് കതകിറെ തടസവൊന്നുമില്ലാരുന്നു. പക്ഷെ, അതിനപ്പുറത്തോട്ട്, അതായത് മുറിലോട്ടൊന്നും കടക്കാമ്പറ്റിയില്ല. കമ്പിപ്പാരയോ മറ്റോ ഇട്ട് തിക്കി നോക്കീട്ടും അവിടുന്നങ്ങോട്ടുള്ള കതക് വഴങ്ങിയില്ല.

അങ്ങനെ ഏറെക്കൊറെ തോറ്റു നിക്കുമ്പഴാണ് അടുക്കളേലെ അലമാരക്കാത്തിരുന്ന രണ്ട് ഫുള്‍ ബോട്ടിലുകള് കള്ളന്‍റെ  ശ്രദ്ധേല്‍പെട്ടത്. കള്ളനും മനുഷ്യനല്ലേ? കണ്‍ട്രോള് പോകാതിരിക്കുവോ?. അതും എം.സി! രണ്ടു കുപ്പിയും കൈക്കലാക്കി. ഒന്നില്‍ മൂന്നു പെഗ്ഗോളം ബ്രാന്‍ഡി. രണ്ടാമത്തെ കുപ്പി എം.സീടേതാരുന്നേലും 
ഉള്ളില് വൈനാരുന്നു. 

വൈന്‍ കുടിച്ച് മുള്ളിക്കളയാന്‍ ആണുങ്ങളെ കിട്ടുവോ? കുപ്പി തൊറന്ന് സംഗതി വൈനാന്ന് മനസ്സിലാക്കിതതോടെ അവിടത്തന്നെ ഉപേക്ഷിച്ചു. മറ്റേ കുപ്പിയെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. അടുക്കളേത്തന്നെ നിന്ന് അടിച്ചിരുന്നേല് കുപ്പി അവിടെ ഉപേക്ഷിക്കുവാരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരുമായി ചേര്‍ന്നടിക്കാന്‍ കൊണ്ടുപോയതാകാം.

വായിക്കുന്നവര്‍ക്ക് ഇതാണോ വലിയ ആനക്കാര്യം എന്നു തോന്നാം. പക്ഷെ ആവശ്യ സമയത്ത് മൂന്നു പെഗിന് മൂന്നു പെഗ് കിട്ടണ്ടേ? ഹര്‍ത്താലിനും ഒന്നാം തീയതീമൊക്കെ നമ്മളും അനുഭവിക്കുന്നതല്ലേ?
അതുതന്നെയാണ് വീട്ടുടമ ചോദിക്കുന്നതും. ആ ചേട്ടന്‍റെ വാക്കുകളില്‍ വേദന നിറഞ്ഞു നിക്കുന്നു. ആ കുപ്പിപോലും കാണാന്‍ കിട്ടിയില്ലല്ലോ എന്നാണ് ചേട്ടന്‍ പരിതപിക്കുന്നത്.

വീടിന്‍റെ പിന്നിലെ കതക് പൂട്ടത്തില്ലേലും പുള്ളിക്കാരന്‍ ഗേറ്റടയ്ക്കാന്‍ ശുഷ്‌കാന്തി കാണിക്കുവാരുന്നു. അന്നും ആ ശുഷ്‌കാന്തിക്ക് കുറവുണ്ടായില്ല. സമീപത്തെ വീടുകളില്‍ കള്ളന്‍ കേറിയ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ അയ്‌ലോക്കത്ത് എന്തോ കാര്യവായി സംഭവിച്ചു എന്ന് മനസ്സിലാക്കി പുള്ളിക്കാരന്‍ പൊറത്തിറങ്ങി. രാത്രിയില്‍ ഗേറ്റ് അടച്ചിട്ടു കൂടേ എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചപ്പോഴാണ് സ്വന്തം വീട്ടിലും എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോന്ന് ചേട്ടന് തോന്നിയത്. പിന്‍ഭാഗത്ത് ചെന്നപ്പോ ചാരിയ വാതില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു.വൈകാതെ ബ്രാന്‍ഡി നഷ്ടപ്പെട്ടതും കണ്ടെത്തി.

ഈ ചേട്ടന്‍റെ പ്രാക്ക് ഒന്നൊന്നര പ്രാക്കാണ്. ഇനി മോഷ്ടിക്കാന്‍ കേറുന്ന വീട്ടിന്ന് അടിച്ചാല്‍ അവമ്മാര്‍ അവിടിരുന്ന് ഒറങ്ങിപ്പോകും നോക്കിക്കോ!

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls