Saturday, March 31, 2012

ശിവശക്തി പ്ലേ സ്കൂള്‍ വാര്‍ഷികം ഇന്ന്

നെടുംകുന്നം ശിവശക്തി പ്ലേ സ്കൂള്‍ ആന്‍റ് ഡേ കെയറിന്‍റെ അഞ്ചാം വാര്‍ഷികാഘോഷവും കുട്ടികളുടെ കലാപരിപാടികളും ഇന്ന് (ഏപ്രില്‍ 1 ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നുംപുറം ശ്രീവല്ലഭ ക്ഷേത്രാങ്കണത്തില്‍ നടക്കും. 


സ്കൂള്‍ മാനേജര്‍ സരസ്വതി അന്തര്‍ജനത്തിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കുട്ടികളുടെ ദീപിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്മശ്രീ എന്‍. അജിതന്‍ നന്പൂതിരി വാര്‍ഷികാഘോഷം ഉദ്ഘാടം ചെയ്യും.


അഞ്ചു വര്‍ഷത്തിനുള്ളില്‍തന്നെ വേറിട്ട സേവനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ശിവശക്തി പ്ലേ സ്കൂളില്‍ ഇപ്പോള്‍ 73 കുട്ടികളാണുള്ളത്. 

Friday, March 30, 2012

നാളെ ഓശാനാ ഞാറാഴ്ച്ച, വലിയ ആഴ്ച്ചക്ക് തുടക്കം

''പ്രവാചകന്‍വഴി  പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇങ്ങനെ സംഭവിച്ചത് ; സീയോന്‍ പുത്രിയോടു പറയുക, ഇതാ നിന്‍റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്‍റെ അടുത്തേക്ക് വരുന്നു''.(മത്തായി 21 :4)


യേശുവിന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തിന്‍റെ ഓര്‍മ്മപുതുക്കുന്ന ഓശാന ഞായറോടെ വലിയ ആഴ്ച്ച ആചരണത്തിന് നാളെ തുടക്കം കുറിക്കും.

നെടുംകുന്നം പള്ളിയിലെ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നാളെ രാവിലെ ആറരയ്ക്ക് കൊച്ചുപള്ളീല്‍ ആരംഭിക്കും. അതു കഴിഞ്ഞ് വലിയ പള്ളീല് വിശുദ്ധ കുര്‍ബാന. ഇതിനു പുറമെ 9.45നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാനയുണ്ട്.

ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച്ച 
രാവിലെ ആറേകാലിനും ഏഴിനും വിശുദ്ധ കുര്‍ബാന. ഒന്പതു മണിമുതല്‍ വീടുകളിലുള്ള രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കും.

ഏപ്രില്‍ മൂന്നാം തീയതീം നാലാം തീയതീം 
കുന്പസാര ദിവസങ്ങളാണ്.  രണ്ടു ദിവസോം രാവിലെ ആറേകാലനും ഏഴിനും കുര്‍ബാനയുണ്ട്. 

ഏപ്രില്‍ അഞ്ചാം തീയതി പെസഹാവ്യാഴാഴ്ച്ച 
വൈകുന്നേരം നാലരയ്ക്ക് വിശുദ്ധ കുര്‍ബാനേം പ്രസംഗോം കാലുകഴുകള്‍ ശുശ്രൂഷേം നടക്കും. അറു മണി മുതല്‍  ആറര വരെ പൊതു ആരാധന.

ഏപ്രില്‍ ആറാം തീയതി ദുഃഖവെള്ളിയാഴ്ച്ച  
ഉപവാസ ദിവസമാണ്. രാവിലെ ആറു മുതല് ആരാധന. ആരാധനേടെ സമയക്രമീകരണം ചുവടെ.

രാവിലെ ആറുമുതല്‍ ഏഴുവരെ-ഒന്നും രണ്ടും വാര്‍ഡുകാരും അള്‍ത്താര ബാലമ്മാരും

ഏഴു  മുതല്‍ എട്ടുവരെ- മൂന്നും നാലും വാര്‍ഡുകാരും കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പും

എട്ടു മുതല്‍ ഒന്പതുവരെ- അഞ്ചും ആറും വാര്‍ഡുകാരും ഫ്രാന്‍സിസ്കന്‍ മൂന്നാം സഭക്കാരും ലീജിയന്‍ ഓഫ് മേരി അംഗങ്ങളും

ഒന്പതു മുതല്‍  പത്തുവരെ-എഴും എട്ടും ഒന്പതും വാര്‍ഡുകാരും സണ്‍ഡേ സ്കൂളും

പത്തു  മുതല്‍  പതിനൊന്നുവരെ-പത്ത് പതിനൊന്ന് പന്ത്രണ്ട് വാര്‍ഡുകാരും സി.വൈ.എം.ഏം വിന്‍സെന്‍റ ഡീപോളും

പതിനൊന്നു  മുതല്‍  പന്ത്രണ്ടുവരെ- പതിമൂന്നും പതിനാലും പതിനഞ്ചും വാര്‍ഡുകാരും മാതൃജ്യോതിസൂം പിതൃവേദീം.

പന്ത്രണ്ടുമണി മുതല്‍ ഒരു മണിവരെ പൊതു ആരാധന നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങും.പ്രസംഗം, കുരിശിന്‍റെ വഴി, നഗരി കാണിക്കല്‍. വൈകുന്നേരം അഞ്ചരയ്ക്ക് കൊച്ചുപള്ളീല് കബറടക്ക ശുശ്രൂഷ

ഏപ്രില്‍ ഏഴാം തീയതി ദുഃഖശനിയാഴ്ച്ച 
വൈകുന്നേരം നാലയ്ക്ക് പുത്തന്‍വെള്ളോം പുത്തന്‍ തീയും ആശീര്‍വാദാം, വിശുദ്ധ കുര്‍ബാന

ഉയര്‍പ്പു ഞായറാഴ്ച്ച 
പുലര്‍ച്ചെ രണ്ടേമുക്കാലിനാണഅ തിരുക്കര്‍മ്മങ്ങള്‍ തൊടങ്ങുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം. രാവിലെ അറിനും ഏഴിനും കുര്‍ബാന.അന്ന് വൈകുന്നേരം കുര്‍ബാന ഉണ്ടായിരിക്കില്ല. 

പടിഞ്ഞാറേമുറിയില്‍ സിസിലിക്കുട്ടി നിര്യാതയായി


Wednesday, March 28, 2012

ബൈക്കുകള്‍ കൂട്ടിയിടിച്ച് സിബിസാറിന് പരുക്ക്.




ബൈക്കുകള്‍ കൂട്ടിയിടിച്ച് ചങ്ങനാശേരി എസ്.ബി. കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സിബി കുര്യന് പരുക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെ കുളങ്ങര പടിക്കു സമീപമായിരുന്നു അപകടം. 


പള്ളിപ്പടിയില്‍നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന സിബി കുര്യന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മെയിന്‍ റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് കടക്കുമ്പോള്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


നെറ്റിയില്‍ മുറിവേറ്റ അദ്ദേഹത്തെ കറുകച്ചാല്‍ എന്‍.എസ്. എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവേറ്റ ഭാഗത്ത് അഞ്ചു കുത്തിക്കെട്ടുകള്‍ വേണ്ടിവന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ് ഡോ. സിബി കുര്യന്‍ .

Monday, March 26, 2012

കുരിശിന്‍റെ വഴിയില്‍ നീങ്ങുന്പോള്‍ ആബേലച്ചനെയും ഓര്‍ക്കുക



ക്രൈസ്തവ സമൂഹം, പ്രത്യകിച്ച്  കത്തോലിക്കര്‍ അന്‍പതു നോന്പിന്‍റെ പാതയിലൂടെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ഞായറാഴ്ച്ചത്തെ ഓശാന ആചരണത്തോടെ വിശുദ്ധ വാരത്തിന് തുടക്കം കുറിക്കും.

കേരള കത്തോലിക്കാസഭയില്‍ വിശുദ്ധ വാരത്തില്‍ ഉപയോഗിക്കുന്ന  പ്രാര്‍ത്ഥനകളും പാട്ടുകളും ഹൃദയത്തില്‍ തൊടുന്നവയാണ്. പ്രത്യേകിച്ച് അക്ഷരങ്ങളിലൂടെ വിശ്വാസികളെ ക്രിസ്തുവിന്‍റെ അന്ത്യയാത്രയുടെ ഭാഗമാക്കി മാറ്റുന്ന കുരിശിന്‍റെ വഴി(കുരിശില്‍ മരിച്ചവനേ എന്നു തുടങ്ങുന്നത്)കൊച്ചിയിലെ വിഖ്യാതമായ കലാഭവന്‍റെ സ്ഥാപകന്‍ ഫാ. അബേലാണ് ഇവ എഴുതിയതെന്ന് അറിയാവുന്നവര്‍ കുറവാണ്. ഈ രചനകള്‍ പുനഃപ്രസിദ്ധീകരിക്കുന്പോള്‍ അബേലച്ചന്‍റെ പേര് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. 

ജയറാം, കലാഭവന്‍ മണി, കലാഭവന്‍ നവാസ്, സുജാത തുടങ്ങി അനേകം പേരെ മിമിക്രിയിലൂടെ, സംഗീതത്തിലൂടെ സിനിമയിലേക്ക് വഴിനടത്തിയ, മിമിക്സ് പരേഡ് എന്ന ജനകീയ കലാരൂപത്തെ മലയാളിക്ക് പരിചയപ്പെടുത്തയ അബേലച്ചന്‍ കത്തോലിക്കാ സഭയുടെ ആരാധാനാക്രമത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. സഭയിലെ നിത്യഹരിത ഗാനങ്ങളെല്ലാംതന്നെ അദ്ദേഹത്തിന്‍റെ രചനകളാണെന്നു പറയാം. അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ഉചിതമാണെന്ന് പള്ളിപ്പടി കൂട്ടായ്മ വിശ്വസിക്കുന്നു. മലയാളം വിക്കിപ്പീഡിയയയില്‍നിന്നും മറ്റ് ഉറവിടങ്ങളില്‍നിന്നുമുള്ള വിവരങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. 



ആദ്യകാലം
1920ല്‍എറണാകുളം ജില്ലയിലെ മുളക്കുളം പെരിയപ്പുറത്ത് മാത്തന്‍ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്‍റെയും രചനകളോടായിരുന്നു കൂടുതല്‍ ആഭിമുഖ്യം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകള്‍ എഴുതിയിരുന്നു.

ഇരുപതാം വയസില്‍ സി.എം.ഐ. സന്യാസ സഭയില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്നു.മാന്നാനം, തേവര, കൂനമ്മാവ് എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളില്‍ വൈദിക പഠനവും മംഗലാപുരത്ത് ഉന്നത പഠനവും പൂര്‍ത്തിയാക്കിയശേഷം 1951ല്‍ സഭാവസ്ത്രം സ്വീകരിച്ചു. 1952ല്‍ കോട്ടയത്ത് ദീപിക ദിനപ്പത്രത്തില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം റോമിലേക്ക് പോയി. അവിടെ ഇന്‍റ‍ര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് റോമില്‍നിന്ന് ജേര്‍ണലിസം ആന്‍റ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത ബിരുദം നേടി.

കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 19571961 കാലയളവില്‍ ദീപിക ദിനപ്പത്രത്തിന്‍റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. അദ്ദേഹം തുടക്കം കുറിച്ച ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍.)വളരെ പെട്ടെന്ന് കുട്ടികളുടെ വലിയ കൂട്ടായ്മയായി വളര്‍ന്നു. ഡി.സി.എലിന്‍റെ അമരക്കാരന്‍ (കൊച്ചേട്ടന്‍) എന്ന നിലയില്‍ അദ്ദേഹം ഏറെ ഖ്യാതി നേടി. 1961 മുതല്‍ 1965 വരെ കോഴിക്കോട് ദേവഗിരി കോളേജ് ആധ്യാപകനായിരുന്നു.

വഴിത്തിരിവ്
ആബേലച്ചന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാക്രമം സുറിയാനിയില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് നിയോഗിച്ചത് അദ്ദേഹത്തിന്‍റെ ജീവിതത്തിലും സഭയുടെ ചരിത്രത്തിലും സാംസ്‌കാരിക ലോകത്തും പുതിയ വഴിത്തിരിവായി.

മലയാളികള്‍ക്ക് ദുര്‍ഗ്രാഹ്യമായിരുന്ന സുറിയാനി ആരാധനാക്രമവും ഗാനങ്ങളും അദ്ദേഹം ലളിത സുന്ദര മലയാളത്തിലേക്ക് മൊഴിമാറ്റി. അദ്ദേഹം രചിച്ച്, കെ.കെ ആന്‍റണി ഈണം പകര്‍ന്ന നൂറുകണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
ലളിതവും കാവ്യാത്മകവുമായ വരികളായിരുന്നു ആ ഗാനങ്ങളുടെ സവിശേഷത. 

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍..., ഈശ്വരനെത്തേടി ഞാനലഞ്ഞു.., നട്ടുച്ച നേരത്ത്..,തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം. സീറോ മലബാര്‍ സഭയുടെ തിരുക്കര്‍മങ്ങളില്‍ ഉപയോഗിച്ചിരുന്ന ഗാനങ്ങളില്‍ അധികവും ആബേലച്ചന്‍റെ രചനകളാണ്.


കലാഭവന്‍
എറണാകുളം അതിമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയില്‍ ലളിതമായ രീതിയില്‍ തുടങ്ങിയ സ്ഥാപനമാണ് പില്‍ക്കാലത്ത് കലാഭവന്‍ എന്ന വന്‍ പ്രസ്ഥാനമായി മാറിയത്.
1974 ഓഗസ്റ്റ് 15ന് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ എറണാകുളം നോര്‍ത്തില്‍ ടൗണ്‍ഹാളിനു സമീപം കലാഭവന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ആബേലച്ചനും ആന്‍റണിയും ചേര്‍ന്നൊരുക്കിയ ഭക്തിഗാനങ്ങള്‍ അടങ്ങുന്ന കാസെറ്റുകള്‍ കലാഭവന്‍ പുറത്തിറക്കി. ഗാനമേളയിലേക്കും മിമിക്‌സ് പരേഡിലേക്കും ചുവടു മാറ്റിയതോടെ ആബേലച്ചന്‍റെയും കലാഭവന്‍റെയും ഖ്യാതിയേറി.

അക്കാലം വരെ വ്യക്തിഗത ഇനമായി അവതരിപ്പിച്ചിരുന്ന മിമിക്രി, കലാഭവന്‍റെ ഗാനമേളകള്‍ക്കിടയിലും പരീക്ഷിച്ചിരുന്നു. ഏതാനും കലാകാരന്‍മാരെ ഒന്നിച്ച് അണിനിരത്തി മിമിക്‌സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആബേലച്ചനാണ്.

ഇന്ന് ചലച്ചിത്ര നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍, സംവിധായകന്‍ സിദ്ദിഖ്, ജയറാം, വര്‍ക്കിയച്ചന്‍ പെട്ട തുടങ്ങിയവരായിരുന്നു ആദ്യകാല മിമിക്‌സ് പരേഡ് സംഘത്തിലുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇവരുടെ പാത പിന്തുടര്‍ന്ന് ഒട്ടേറെ കാലാകാരന്‍മാര്‍ കലാഭവനിലും അതുവഴി മലയാള സിനിമയിലുമെത്തി.

അന്‍സാര്‍ കലാഭവന്‍, കലാഭവന്‍ മണി, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ നവാസ്, കലാഭവന്‍ ഷാജോണ്‍, മനുരാജ് കലാഭവന്‍, തെസ്‌നി ഖാന്‍,സുജാത (ഗായിക) തുടങ്ങി കലാഭവനില്‍നിന്ന് ചലച്ചിത്ര രംഗത്ത് എത്തിയവര്‍ അനവധിയാണ്. കലാഭവനെ പിന്തുടര്‍ന്ന് എറണാകുളം നോര്‍ത്തില്‍ കൂടുതല്‍ മിമിക്‌സ് പരേഡ് സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ച മിമിക്‌സ് പരേഡ് തരംഗത്തിന്റെ തുടക്കമായിരുന്നു അത്.

ഉപകരണ സംഗീതവും നൃത്തവുമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലനം ആരംഭിച്ചതോടെ വിദൂര ജില്ലകളില്‍നിന്നുവരെ കുട്ടികള്‍ കലാഭവനിലേക്ക് ഒഴുകി.
അധികം വൈകാതെ കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും കലാഭവന്‍റെ ഖ്യാതിയെത്തി. യൂറോപ്പില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ബുക്കിംഗുകള്‍ പ്രവഹിച്ചപ്പോള്‍ ആബേലച്ചനും കലാകാരന്‍മാര്‍ക്കും വിശ്രമമില്ലാതായി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആബേലച്ചന്‍റെ നേതൃത്വത്തലുള്ള കാലാഭവന്‍ സംഘത്തെ മലയാളികള്‍ നിറമനസോടെ വരവേറ്റു.

ടാലന്‍റ് റസിഡന്‍ഷ്യല്‍ സ്‌കൂളും സ്റ്റുഡിയോയും
കലാഭവന്‍ അഭ്യുദയകാംക്ഷികളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ വേറിട്ട പരീക്ഷണവുമായി കലാഭവന്‍ ടാലന്‍റ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചത്. കാക്കനാടിനടുത്ത് ഇടച്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെത്തി. പാഠ്യഭാഗങ്ങള്‍ക്കൊപ്പം കലാപരിശീലനത്തിനും പ്രാധാന്യം നല്‍കുന്നതായിരുന്നു ഈ സ്‌കൂളിന്‍റെ സിലബസ്.
ഇതിനു പുറമെ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റുഡിയോയും ചലച്ചിത്ര പരിശീലന കേന്ദ്രവും ആബേലച്ചന്‍റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിരുന്നു.

അന്ത്യം
കലാഭവന്‍ സ്റ്റുഡിയോസ് യാഥാര്‍ത്ഥ്യമാകുന്നതിനു മുന്‍പ് 2001 ഒക്ടോബര്‍ 26ന് ആബേലച്ചന്‍ അന്തരിച്ചു. തൊടുപുഴയിലെ ഒരു ആയൂര്‍വേദ കേന്ദ്രത്തിലായിരുന്നു അന്ത്യം. മൃതദേഹം കുര്യനാട് സെന്‍റ് ആന്‍സ് ആശ്രമ ദേവാലയത്തില്‍ സംസ്‌കരിച്ചിരിക്കുന്നു.


ആബേലച്ചന്‍റെ ഗാനങ്ങളില്‍ ചിലത്. 

1. പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍...

2. ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്‍മാര്‍...

3. നട്ടുച്ച നേരത്ത് കിണറിന്‍റെ തീരത്ത്
വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പൂ...

4. മഹേശ്വരാ നിന്‍ സുദിനം കാണാന്‍
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം

5. മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടഘങ്ങും നൂനും
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി പാപ-
പരിഹാരം ചെയ്തുകൊള്‍ക നീ

6. ഈശ്വരനെത്തേടി ഞാന്‍ നടന്നു
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...

7. നിത്യനായ ദൈവത്തിന്‍ പുത്രനാണു നീ
ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ...

8. എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ...

9.ഭാരതം കതിരുകണ്ടു ഭൂമുഖം തെളിവുകണ്ടൂ
മാര്‍ത്തോമ്മ നീ തെളിച്ച മാര്‍ഗ്ഗത്തലായിരങ്ങ
ളാനന്ദശാന്തി കണ്ടു

10.മഞ്ഞും തണുപ്പും നിറഞ്ഞരാവില്‍
വെള്ളിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍...

11. പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയൊടെ നാഥനുയിര്‍ക്കുന്നു...

12.ഞാനെന്‍ നാഥനെ വാഴ്ത്തുന്നു
മോദംപൂണ്ടു പുകഴ്ത്തുന്നു....

13. കാല്‍വരി മലയുടെ ബലിപീഠത്തില്‍ 
തിരികള്‍ കൊളുത്തുന്നു...

14.മാലാഖമാരുടെ ഭാഷയറിഞ്ഞാലും 
മാലാഖമാരൊത്തു ജീവിച്ചാലും....

15.പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു...

16.അഗാധത്തില്‍നിന്നു നിന്നെ വിളിക്കുന്നു ഞാന്‍
ദൈവമേ എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ...

17. ഓശാന ഓശാന 
ദാവീദിന്‍ സുതനോശാന
സെഹിയോന്‍പുത്രി മോദം പുണരുക
നിന്നുടെ നാഥനിതാ...

18.കരയുന്ന ദൈവത്തെ കണ്ടോ പാരി-
ലയയുന്ന ദൈവത്തെ കണ്ടോ...

19. ദീപമേ സ്വര്‍ലോക ദീപമേ
ജീവന്‍ പകര്‍ന്നിടുന്ന ദീപമേ...

20. പാവനാത്മാവേ നീ വന്നനേരം
ഞാനൊരു പുത്തന്‍ മനുഷ്യനായി.

21. ആദിയിലഖിലേശന്‍ 
നരനെ സൃഷ്ടിച്ചു
അവനൊരു സഖിയുണ്ടായ്
അവനൊരു തുണയുണ്ടായ്.......

22. പുതിയ കുടുംബത്തിന്‍
കതിരുകളുയരുന്നു
തിരുസ്സഭ വിജയത്തിന്‍
തൊടുകുറിയണിയുന്നു...

23. അവനീപതിയാമഖിലേശ്വരനെ
വാഴ്ത്തപ്പാടുവിനാദരവോടെ...

24.ശ്ലീഹന്‍മാരിലിറങ്ങിവസിച്ചൊരു 
പരിശുദ്ധാത്മാവേ..

25. ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍

26. ഓശാന ഓശാന
ദാവീദിന്‍സുതനോശാന
കര്‍ത്താവിന്‍ പൂജിത നാമത്തില്‍
വന്നവനെ വാഴ്ത്തിപ്പാടിടുവീന്‍..

27. മാലാഖമാരുടെ അപ്പം
സ്വര്‍ഗീയ ജീവന്‍റെ അപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി...

28. താലത്തില്‍ വെള്ളമെടുത്തു
വെണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാതന്‍ ശിഷ്യന്‍മാരുടെ 
പാദങ്ങള്‍ കഴുകി....

29. സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശ നന്ദനന്‍ ഭൂവിന്‍ വന്നു....

30. കുരിശിനാലേ ലോകമൊന്നായ് വീണ്ടെടുത്തവനേ
താണുഞങ്ങള്‍ വണങ്ങുന്നു ദിവ്യപാദങ്ങള്‍...

31. മിശിഹാകര്‍ത്താവേ മാനവരക്ഷകനേ
നരനുവിമോചനമേകിടുവാന്‍
നരനായ് വന്നു പിറന്നവനേ...

32. ദൈവസൂനോ ലോകനാഥാ
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ....

33. താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നോരാത്മജനേ
തൃക്കണ്‍ പാര്‍ക്കണമലിവോടെ..

34. ഞാനെന്‍ പിതാവിന്‍റെ പക്കല്‍ 
പോകുന്നിതാ യാത്ര ചൊല്‍വൂ....

35. ഗാഗുല്‍ത്താ മലയില്‍നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ...

36. ദൈവമേ എന്നില്‍ കനിയേണമേ
പാപങ്ങള്‍ പൊറുക്കേണമേ
ഘോരമാമെന്‍റെ അപരാധങ്ങള്‍...

37. കര്‍ത്താവാം മിശിഹാതന്‍ കാരുണ്യവും
താതനാം ദൈവത്തിന്‍ സംപ്രീതിയും
പരിശുദ്ധാത്മാവിന്‍ സഹവാസവും
നമ്മിലുണ്ടാകേണമെന്നുമെന്നും.

38. കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ(കര്‍ത്താവിന്‍റെ ലുത്തീനിയ)

39. കര്‍ത്താവേ കനിയണമേ...
കന്യാമേരി വിമലാംബേ...(മാതാവിന്‍റെ ലുത്തീനിയ)

40. കര്‍ത്താവേ കനിയണമേ...

ക്രൂശിതനായൊരു ദൈവത്തിന്‍...(വിശുദ്ധരുടെ ലുത്തീനിയ)

41. മിശിഹാ കര്‍ത്താവേ
നരകുല പാലകനേ
ഞങ്ങളണച്ചിടുമീ...

42.അമലോത്ഭവയാം മാതാവേ നിന്‍
പാവന പാദം തേടുന്നു...

43. ലോകത്തിന്‍ വഴികലിളിലുഴലാതെ
പാപത്തിന്‍ പാതകള്‍ പുണരാതെ...

44. സ്വസ്തീ ദാവീദിന്‍ പുത്രീ മലാഖാ
മറിയത്തോടരുളീ....

45. സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാം ദൈവമേ
നിന്‍നാമം പൂജിതമായിടേണേ...

46. ശബ്ദമുയര്‍ത്ത പാടിടുവിന്‍ 
സര്‍വ്വരുമൊന്നായ് പാടിടുവിന്‍
എന്നെന്നും ജീവിക്കും
സര്‍വ്വേശ്വരനെ വാഴ്ത്തിടുവിന്‍...

47. എല്ലാമറിയുന്നു ദൈവം മനുജന്‍റെ 
ഗൂഢവിചാരങ്ങള്‍...

48. ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍
ബലിയണച്ചു സ്വയം ബലിയണച്ചു..

49.ശബ്ദമുയര്‍ത്തി പാടിടുവിന്‍
സര്‍വ്വരുമൊന്നായ് പാടിടുവിന്‍
എന്നെന്നും ജീവിക്കും...........

50. വിശ്വസിക്കുന്നു ഞങ്ങള്‍(2)
ദൃശ്യാദൃശ്യങ്ങള്‍ സര്‍വ്വവും സൃഷ്ടിച്ച താതനാം ദൈവത്തല്‍ വിശ്വസിക്കുന്നു ഞങ്ങള്‍

51. കര്‍ത്താവാം മിശിഹാതന്‍ കാരുണ്യവും
പാവനാത്മാവിന്‍ സംപ്രീതിയും...

52. മോദംകലര്‍ന്നു നിന്നെ-
യുള്‍ക്കൊണ്ട നിന്‍റെ ദാസരില്‍...

53. ആഴത്തില്‍നിന്നു ഞാന്‍ ആര്‍ദ്രമായി കേഴുന്നു
ദൈവമേ എന്നെ നീ കേള്‍ക്കേണമേ...

54.സര്‍വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു...

(പാട്ടുകളുടെ പട്ടികയ്ക്ക് കടപ്പാട്- ഫാ. ആബേലിന്‍റെ ഭക്തിഗാനങ്ങള്‍,1997. ദീപിക ബുക്ക് ഹൗസ് കോട്ടയം)



Sunday, March 25, 2012

സി.ബി.എസ്.ഇ സ്‌കൂളിലെ ഫീസ് കുറച്ചു


  സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂളിലെ വര്‍ധിപ്പിച്ച ഫീസില്‍ കുറവു വരുത്തി. പെട്ടെന്നുള്ള വന്‍ വര്‍ധന വിവാദമായ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് സ്‌കൂള്‍ ട്രസ്റ്റ് പുതിയ ഫീസ് നിരക്ക് നിശ്ചയിച്ചത്.  


ഇതനുസരിച്ചുള്ള പുതിയ ഫീസ് സര്‍ക്കുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണംചെയ്തുതുടങ്ങി. ഇന്നു ചേര്‍ന്ന സ്‌കൂള്‍ ട്രസ്റ്റി ന്‍റെയും പാരിഷ് കൗണ്‍സില്‍ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം പുതിയ ഫീസ് ഘടന അംഗീകരിച്ചു.  


ഫീസ് ഗണ്യമായി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. പലരും സ്‌കൂള്‍ മാനേജരെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ മാനേജ്‌മെന്‍റ് തയാറായത്.


സ്‌കൂളി ന്‍റെ നിലവിലെ സാമ്പത്തികനിലയില്‍ ഫീസ് വര്‍ധന 40 ശതമാനത്തില്‍ കുറയ്ക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ഫീസുമായി ബന്ധപ്പെട്ട സമവായത്തിനപ്പുറം സ്‌കൂളി ന്‍റെ  നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും  മാനേജ്‌മെന്‍റ് സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Friday, March 23, 2012

ആബി പദ്ധതി; അപേക്ഷ ക്ഷണിച്ചു




നെടുംകുന്നം: പഞ്ചായത്തില്‍ അഞ്ചു സെന്‍റോ അതില്‍ താഴെയോ ഭൂമി സ്വന്തമായുള്ള വ്യക്തികള്‍ക്ക് ആബി പദ്ധതിപ്രകാരം ധനസഹായത്തിന് അക്ഷയ സെന്‍ററില്‍ അപേക്ഷ നല്‍കാം. അപേക്ഷക ന്‍റെ  പ്രായം 60 വയസില്‍ താഴെയായിരിക്കണം. ഒമ്പതു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കുവരെ മാസംതോറും നൂറു രൂപ വീതം സ്‌കോളര്‍ഷിപ്പും കുടുംബത്തിലെ സ്വാഭാവിക മരണത്തിന് 30,000 രൂപയും അപകടമരണമോ അംഗവൈകല്യമോ ഉണ്ടായാല്‍ 37,000 മുതല്‍ 75,000 രൂപ വരെയും ലഭിക്കും


(കടപ്പാട്-ദീപിക ദിനപ്പത്രം)

Thursday, March 22, 2012

കുളങ്ങര ഹമീദമ്മ നിര്യാതയായി




നെടുംകുന്നം: കുളങ്ങര പരേതനായ മീരാന്‍ റാവുത്തറുടെ ഭാര്യ ഹമീദമ്മ (91) നിര്യാതയായി. കബറടക്കം ഇന്ന് (മാര്‍ച്ച് 23) 12ന് നെടുംകുന്നം ജുമാ മസ്ജിദില്‍. പരേത നെടുംകുന്നം പരിയാരത്തുകുഴി കുടുംബാംഗം.


മക്കള്‍: ഇബ്രാഹിം റാവുത്തര്‍ ( റബര്‍ ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍),  യൂസഫ് റാവുത്തര്‍ (റിട്ട. അധ്യാപകന്‍, ഗവ. എച്ച്.എസ്.എസ്. നെടുംകുന്നം), ഉമ്മര്‍ റാവുത്തര്‍, സലിം റാവുത്തര്‍, നാസര്‍ റാവുത്തര്‍ (കുളങ്ങര സ്‌റ്റോഴ്‌സ് നെടുംകുന്നം), അബ്ദുല്‍ കരീം റാവുത്തര്‍ (സൗദി), സുബൈദാബീവി (മണങ്ങല്ലൂര്‍).


 മരുമക്കള്‍: ജീജിയമ്മ (പട്ടാഴി), മൈമൂണ്‍ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ന്യൂ യു.പി.എസ്. നെടുംകുന്നം), ജെമീലാബീവി (നെടുമണ്ണി), ആമീനാബീവി (കാട്ടൂര്‍), റഹ്മത്ത്ബീവി (എടക്കുന്നം), ഹസീനാബീവി (കങ്ങഴ), ഷാഹുല്‍ ഹമീദ് (മണങ്ങല്ലൂര്‍). 


(ഉള്ളടക്കം കടപ്പാട്: വിവിധ ദിനപ്പത്രങ്ങള്‍. ചിത്രം-മലയാള മനോരമ)

Wednesday, March 21, 2012

ഹിറ്റുകളിലാത്ത മൂന്നു മാസം


(രാഷ്ട്രദീപിക സിനിമ)

ഫ്‌ളോപ്പുകളുടെ മൂന്നു മാസമാണ് മലയാള സിനിമയില്‍ കടന്നു പോകുന്നത്. ഇതുവരെ റിലീസിനെത്തിയത് 22 ചിത്രങ്ങള്‍. ഇതില്‍ മലയാള സിനിമക്ക് ആശ്വസ വിജയം നല്‍കിയത് ഒരേ ഒരു ചിത്രം. അണിയറയിലും അരങ്ങിലുമെല്ലാം പുതുമുഖങ്ങള്‍ നിരന്നു നിന്ന സെക്കന്‍റ് ഷോ എന്ന ചിത്രം മാറ്റിനിര്‍ത്തിയാല്‍ മലയാള സിനിമയെ കാണുമ്പോള്‍ ഭയന്ന് മാറി നടക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. ഈ അവസ്ഥയ്ക്ക് ഉടനെയൊന്നും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട എന്നു തന്നെയാണ് നമ്മുടെ സിനിമക്കാര്‍ വ്യക്തമാക്കുന്ന നയം. 

ഈ അടുത്തകാലത്ത്, തല്‍സമയം പെണ്‍കുട്ടി എന്നിവ ആവറേജ് വിജയം നേടി ഇപ്പോഴും തീയേറ്ററുകളിലുണ്ട്. വരും ദിവസങ്ങളില്‍ മെഗാബജറ്റ് ചിത്രങ്ങള്‍ എത്തുമ്പോഴേക്കും ഇവയുടെ ഭാവി എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ബാക്കിയുള്ള മലയാള ചിത്രങ്ങള്‍ വരിവരിയായി പരാജയത്തിന്റെ രുചിയറിഞ്ഞു കഴിഞ്ഞു. 


പരാജയങ്ങളുടെ കാരണങ്ങള്‍ മലയാള സിനിമ പോയവര്‍ഷങ്ങളിലെല്ലാം നിരത്തുന്നവ തന്നെ. കഥയും കഴമ്പുമില്ലാത്ത തട്ടിക്കൂട്ട് ചിത്രങ്ങള്‍, വമ്പന്‍ ബജറ്റും പേറി വരുമ്പോള്‍ നിര്‍മ്മാതാവിനെ കടക്കെണിയില്‍ പെടുത്തിക്കൊണ്ട് തകര്‍ന്നു വീഴുന്നു. കഥയും കാര്യവുമൊക്കെയുണെ്ടങ്കിലും മോശം മാര്‍ക്കറ്റിംഗുകൊണ്ടും തീയേറ്ററുകളുടെ അഭാവംകൊണ്ടും ചില നല്ല ചിത്രങ്ങളും പരാജയപ്പെടുന്നു. സിദ്ധാര്‍ഥ് ഭരതന്റെ നിദ്ര ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്. ഈ അടുത്ത കാലത്ത് എന്ന ചിത്രവും ലഭിച്ചതില്‍ കൂടുതല്‍ തീയേറ്ററുകള്‍ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. 


സെക്കന്‍റ് ഷോ, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളെ പോയ വാരങ്ങളില്‍ മിക്ക റിലീസിംഗ് സെന്ററുകളില്‍ നിന്നും പുതിയ ചിത്രങ്ങള്‍ക്ക് വേണ്ടി മാറ്റിയിരുന്നുവെങ്കിലും ഇവക്ക് നല്ല പ്രേക്ഷക പ്രതികരണമുണെ്ടന്ന് മനസിലാക്കി തീയേറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുമുണ്ട്. ഇത് ഒരു നല്ല ലക്ഷണമായി എടുത്തു പറയാവുന്ന ഒരു കാര്യമാണ്. 


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന പുതുമുഖങ്ങളുടെ ചിത്രമാണ് ഈ വര്‍ഷാദ്യത്തില്‍  പ്രേക്ഷകരിലേക്ക് എത്തിയ ആദ്യ ചിത്രം. റീമാ കല്ലുങ്കലും കുറച്ച് പുതുമുഖങ്ങളും അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് മനോജ് - വിനോദ് എന്നീ ഇരട്ട സംവിധായകരായിരുന്നു. തീയേറ്ററില്‍ തികഞ്ഞ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി. കഴമ്പില്ലാത്ത കഥയും അടുക്കും ചിട്ടയുമില്ലാത്ത തിരക്കഥയുമൊക്കെയായി ഈ ചിത്രം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ചപ്പോള്‍ 2012ലെ പരാജയങ്ങളുടെ തുടക്കമാണ് പ്രേക്ഷകര്‍ കണ്ടത്. 


തൊട്ടുപിന്നാലെയെത്തിയത് അസുരവിത്ത് എന്ന എ.കെ സാജന്‍ ചിത്രം. ആസിഫ് അലി എന്ന യുവതാരത്തെക്കൊണ്ട് പ്രായത്തില്‍ കവിഞ്ഞ ജോലികള്‍ ചെയ്യിപ്പിച്ച ഈ ചിത്രം തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. അസുരവിത്തിന്റെ ക്ഷീണം പ്രേക്ഷകര്‍ക്ക് മാറുന്നതിനു മുമ്പു തന്നെയാണ് കുഞ്ഞളിയന്‍ എന്ന ചിത്രവും തീയേറ്ററുകളിലെത്തിയത്. സജിസുരേന്ദ്രന്‍ കൃഷ്ണാ പൂജപ്പുര ടീമിന്റെ കുഞ്ഞളിയനും അസുരവിത്തില്‍ നിന്നും അല്പം പോലും വ്യത്യസ്തമായില്ല. അനവധി നിരവധിയായ കാഴ്ചകള്‍ കണ്ട് പ്രേക്ഷകര്‍ കണ്ണുതള്ളിയത് മാത്രം മിച്ചം. മലയാള സിനിമയിലെ ഒരു വിഭാഗം സിനിമക്കാരുടെ പൊതുസ്വഭാവമാണ് ഈ സിനിമകള്‍ കാട്ടിത്തന്നത്. 


കഥയും കാര്യവുമില്ലാതെ സിനിമയൊരുക്കാമെന്ന ധാരണകളാണ് ഈ സിനിമകള്‍ വ്യക്തമാക്കിയതെങ്കില്‍, ഇത്തരം ദുഷിച്ച പ്രവണതകളെ വിമര്‍ശിക്കാനെത്തിയ പത്മശ്രീ ഡോക്ടര്‍ സരോജ്കുമാര്‍ അതിലും വലിയ ദുരന്തമായിമാറി എന്നത് തികഞ്ഞ വിരോധാഭാസമായി നില്‍ക്കുന്നു. മലയാള സിനിമയിലെ ദുഷ്പ്രവണതകളെയും തെമ്മാടിത്തരങ്ങളെയും തുറന്നു വിമര്‍ശിക്കാന്‍ ശ്രീനിവാസന്‍ കണെ്ടത്തിയ വഴിയാണ് പത്മശ്രീ ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമ. എന്തെല്ലാം പ്രവണതകളെ ഈ സിനിമയിലൂടെ ശ്രീനിവാസന്‍ വിമര്‍ശിച്ചുവോ, ആ വിമര്‍ശനങ്ങള്‍ക്കെല്ലാം പത്മശ്രീ ഡോക്ടര്‍ സരോജ്കുമാറും വിധേയമായി മാറി എന്നതാണ് സത്യം. യാതൊരു ലോജിക്കുമില്ലാതെ സിനിമയൊരുക്കുക, പ്രേക്ഷകനെ വെറും മണ്ടന്‍മാരാക്കുക നിര്‍മ്മാതിവിന് നഷ്ടമുണ്ടാക്കികൊടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ സരോജ്കുമാറും അല്പം പോലും പിന്നോട്ടുപോയില്ല. 


ശരാശരി പ്രതീക്ഷമാത്രമുണ്ടായിരുന്ന ചിത്രങ്ങളുടെ അവസ്ഥയാണ് ഈ ചിത്രങ്ങളൊക്കെ കാണിച്ചു തന്നെതെങ്കില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാള ചിത്രങ്ങള്‍ തീയേറ്ററില്‍ അമ്പേ തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലാല്‍ ജോസ് - ബെന്നി.പി.നായരമ്പലം - ദിലീപ് ടീമിന്റെ സ്പാനിഷ് മസാല, റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് - മോഹന്‍ലാല്‍ ടീമിന്റെ കാസനോവ എന്നിവയാണ് ഈ പരാജയങ്ങള്‍. സാമ്പത്തിക വരുമാനത്തിന്റെ കണക്കുകളും കണക്കിലെ കളികളും നിരത്തി അണിയറക്കാര്‍ വിജയമെന്ന് വാദിച്ചാല്‍ പോലും അതൊരു വാദഗതി മാത്രമായിരിക്കും. തീയേറ്ററില്‍ ഈ സിനിമകളുടെ അവസ്ഥ പ്രേക്ഷകന്‍ നേരിട്ട് രുചിച്ചതു തന്നെയല്ലേ. മുന്‍കാലങ്ങളില്‍ വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചു എന്ന ലേബലില്‍ എത്തുന്ന കൂട്ടുകെട്ടുകള്‍ കൊണ്ടു മാത്രം വീണ്ടുമൊരു ഹിറ്റ് ഉണ്ടാവില്ല എന്ന് സ്പാനിഷ് മസാലയും, കാസനോവയും തെളിയിച്ചു. ആശയ ദാരിദ്രം തന്നെയായിരുന്നു രണ്ടു ചിത്രങ്ങളെയും പരാജയപ്പെടുത്തിയത്. കാസനോവ ദൃശ്യഭംഗിക്ക് വേണ്ടി ലോകം മുഴുവന്‍ കറങ്ങി ചിത്രീകരണം നടത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ദഹിക്കുന്ന ഒരു കഥയുണ്ടാക്കുവാന്‍ അണിയറക്കാര്‍ മറന്നുപോയി എന്നതാണ് പരാജയത്തിന്റെ കാരണം. 


ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുള്‍ക്കര്‍ സല്‍മാന്‍ നായകനായ സെക്കന്റ്‌ഷോ എന്ന ചിത്രം എത്തിയപ്പോഴാണ് മലയാള സിനിമക്ക് ഈ വര്‍ഷത്തെ ആദ്യ വിജയം ലഭിച്ചത്. അണിയറയിലും സ്‌ക്രീനിലും പുതുമുഖങ്ങളായിരുന്നുവെങ്കിലും ഈ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. പുതുമയുള്ള ഒരു പ്രമേയം അവകാശപ്പെടാനുണ്ടായിരുന്നില്ല എങ്കിലും ചിത്രത്തിന്റെ അവതരണ ശൈലിയാണ് പ്രേക്ഷകരെ രസിപ്പിച്ചത്. ചിത്രത്തില്‍ കുരുടി എന്ന കഥാപാത്രത്തിലൂടെ സണ്ണിവെയിന്‍ എന്ന നടന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പുതിയ റിലീസ് ചിത്രങ്ങള്‍ എത്തിയപ്പോള്‍ സെക്കന്റ് ഷോ തീയേറ്ററുകളില്‍ നിന്നും മാറ്റിയിരുന്നുവെങ്കിലും ഈ ചിത്രത്തിന് ലഭിച്ച ജനപ്രീതി വീണ്ടും സെക്കന്റ് ഷോയെ തീയേറ്ററുകളിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. സൂപ്പര്‍ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന കൊമേഴ്‌സ്യല്‍ വിജയം ഇതിനോടകം സെക്കന്റ് ഷോ നേടിക്കഴിഞ്ഞു. 


എന്നാല്‍ സെക്കന്‍ഷോയുടെ വിജയം മലയാള സിനിമയില്‍ ഒരു തുടര്‍ച്ചയായി നിലനിന്നില്ല. സ്ഥിരം തട്ടിക്കൂട്ട് പരിപാടികളില്‍ നിന്നും വഴിമാറിനടക്കാന്‍ ബഹുഭൂരിപക്ഷം സംവിധായകരും, താരങ്ങളും, നിര്‍മ്മാതാക്കളും, എഴുത്തുകാരുമൊന്നും തയാറാവാത്തതുകൊണ്ട് മലയാള സിനിമ പതിവ് ട്രാക്കില്‍ തന്നെ മുമ്പോട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഞാനും എന്റെ ഫാമിലിയും എന്ന ജയറാം ചിത്രം ടെലിവിഷന്‍ പരമ്പരകളെ തീയേറ്ററുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമമായിരുന്നു. ടെലിവിഷന്‍ രംഗത്ത മുതിര്‍ന്ന സംവിധായകന്‍ കെ.കെ രാജീവ് ഒരുക്കിയ ഞാനും എന്റെ ഫാമിലും ടെലിവിഷന്‍ പരമ്പര നിലവാരം മാത്രമേ നല്‍കിയുള്ളു. സിനിമയുടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിന് കഴിഞ്ഞതേയില്ല. ബിഗ് സ്‌ക്രീനും മിനി സ്‌ക്രീനും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് ഇത്തരം തികഞ്ഞ പരാജയങ്ങള്‍ സംഭവിക്കുന്നത്. 


പിന്നീട് കൊച്ചി, മുല്ലശേരിമാധവന്‍ കുട്ടി നേമം പി.ഒ, തൊമ്മാടിക്കൂട്ടം, ഈ തിരക്കിനിടയില്‍ തുടങ്ങി കഥയില്ലാത്ത ജന്മങ്ങളുടെ സമയമായിരുന്നു വന്നത്. ഇതില്‍ മുല്ലശേരിമാധവന്‍ കുട്ടി മാത്രമാണ് ഒരു വാരമെങ്കിലും തീയേറ്ററില്‍ പിടിച്ചു നിന്നത്. അതും ഒരു വിജയം എന്നു പറയാനുള്ള അവസ്ഥയില്‍ എത്തിയതുമില്ല. മറ്റു ചിത്രങ്ങളാകട്ടെ വന്നതും പോയതും പ്രേക്ഷകര്‍ അറിഞ്ഞതേയില്ല. ബോളിവുഡ് സംവിധായകന്‍ ശ്രീറാം രാഘവന്റെ ജോണി ഗദ്ദാര്‍ എന്ന സസ്‌പെന്‍സ് സിനിമ മലയാളത്തില്‍ റീമേക്ക് ചെയ്ത് ഉന്നമാക്കിയപ്പോള്‍ നല്ലൊരു പരാജയം തന്നെയാണ് പ്രേക്ഷകര്‍ കണ്ടത്. അഭിനേതാക്കളുടെ പ്രകടനവും, സംവിധാനത്തിന്റെ മികവും ജോണി ഗദ്ദാറിന്റെ ഏഴയിലക്കത്തുപോലും വന്നില്ല എന്നത് പ്രേക്ഷകരെ ചിത്രത്തില്‍ നിന്നും അകറ്റി. 


കലവൂര്‍ രവികുമാറിന്റെ ഫാദേഴ്‌സ് ഡേ എന്ന ചിത്രമാണ് പിന്നീട് തീയേറ്ററിലേക്കെത്തിയത്. കലവൂര്‍ രവികുമാറിന്റെ മികച്ച തിരക്കഥ തന്നെയായിരുന്നു ഈ ചിത്രമെങ്കിലും വേണ്ടവിധം സംവിധാന മികവ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പുതുമുഖ അഭിനേതാക്കളായി എത്തിയവര്‍ മോശം പ്രകടനം നല്‍കിയപ്പോള്‍ പരാജയമാകാനായിരുന്നു ചിത്രത്തിന്റെ വിധി. തുടര്‍ന്ന് സിദ്ദിഖ് ചെന്നമഗലൂരിന്റെ ഊമക്കുയില്‍ പാടുമ്പോള്‍, അലി അക്ബറിന്റെ ഐഡിയല്‍ കപ്പിള്‍ എന്നിവ തീയേറ്ററില്‍ വന്നതും പോയതും ആരുമറിഞ്ഞില്ല. നിര്‍ഗുണ ചിത്രങ്ങളുടെ ഗണത്തിലേക്ക് രണ്ടു പേരുകള്‍ കൂടി എന്നതിനപ്പുറം ഈ ചിത്രങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. 


എന്നാല്‍ നിദ്ര, ഈ അടുത്ത കാലത്ത് എന്നി ചിത്രങ്ങള്‍ സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് അല്പം പ്രതീക്ഷ നല്‍കുക തന്നെ ചെയ്തു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്രയും, അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ഈ അടുത്ത കാലത്തും ശരാശരി നിലവാരം പുലര്‍ത്തിയ ചിത്രങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റിംഗിലെ പ്രശ്‌നങ്ങളും തീയേറ്ററുകളുടെ അഭാവവുമാണ് ഈ ചിത്രങ്ങളെ പ്രതികൂലമായി ബാധിച്ചത്. നിദ്ര പോലെയൊരു ചിത്രം ഒരിക്കലും ഇന്‍ഷ്യല്‍ കളക്ഷന്‍ ലഭിക്കുന്ന ഒരു ചിത്രമല്ല എന്നത് തീയേറ്റര്‍ ഉടമകള്‍ മനസിലാക്കേണ്ടതുണ്ട്. ലോംഗ് റണ്ണില്‍ മാത്രമാണ് ഇത്തരം ചിത്രങ്ങള്‍ക്ക് പ്രസക്തിയുള്ളത്. അതുകൊണ്ടു തന്നെ ഹോള്‍ഡ് ഓവര്‍ എന്ന പേരു പറഞ്ഞ് ഇത്തരം ചിത്രങ്ങള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ തീയേറ്ററില്‍ നിന്നും മാറ്റുന്ന പ്രവണതയ്ക്ക് ഒരു മാറ്റം വരേണ്ടതുണ്ട്. ഇത്തരം പ്രതീകൂലമായ സാഹചര്യങ്ങളിലും ഈ അടുത്തകാലത്ത് എന്ന ചിത്രം റിലീസ് ചെയ്ത തീയേറ്ററുകളിലൊക്കെ സജീവമായി പ്രദര്‍ശനം തുടരുന്നുണ്ട്. 


തല്‍സമയം പെണ്‍കുട്ടി എന്ന സിനിമയും ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഒരു മികച്ച സിനിമ എന്നു പറയാവുന്ന ഘടകങ്ങള്‍ പലതും തല്‍സമയം ഒരു പെണ്‍കുട്ടിയിലില്ല. ഈ ചിത്രത്തില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ഘടകം നിത്യാമേനോന്റെ അഭിനയ പ്രകടനമാണ്. ചിത്രത്തില്‍ പൂര്‍ണ്ണമായും നിത്യാമേനോന്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ഫീമെയില്‍ ലീഡ് സിനിമക്ക് താരതമ്യേന മികച്ച സ്വീകരണം പ്രേക്ഷകരില്‍ നിന്നും ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഒരു ക്ലീന്‍ ഹിറ്റായി മാറാന്‍ തല്‍സമയം ഒരു പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടുമില്ല. 


ഇടയ്ക്ക് കാണുന്ന നല്ല ലക്ഷണങ്ങളെ നശിപ്പിച്ചുകൊണ്ട് വീണ്ടും തല്ലിപ്പൊളി സിനിമകള്‍ കൂടുതല്‍ കൂടുതലായി മലയാള സിനിമയില്‍ മാലിന്യകുമ്പാരം പോലെ വന്നു നിറയുന്നു എന്നത് തന്നെയാണ് ഇവിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധി. അച്ഛന്റെ ആണ്‍മക്കള്‍, ക്രൈംസ്റ്റോറി എന്നീ നിര്‍ഗുണ ചിത്രങ്ങള്‍ തന്നെ ഉദാഹരണം. കഥയോ, കഴമ്പോ ഇല്ലാതെ ഇറങ്ങുന്ന ഇത്തരം ചവറുകള്‍ തന്നെയാണ് എന്നും മലയാള സിനിമയെ നശിപ്പിക്കുന്നത്. 


ഏറ്റവും അവസാനമായി എത്തിയ മമ്മൂട്ടിയുടെ ഡബിള്‍ റോള്‍ ചിത്രം ശിക്കാരിയും തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. മമ്മൂട്ടിയുടെ ആരാധകര്‍ പോലും തീയേറ്ററില്‍ ചിത്രത്തെ കൈവിട്ടു. എവിടെയും കൊട്ടും, കുരവയും, ആര്‍പ്പുവിളിയുമൊന്നുമുണ്ടായില്ല. രണ്ടു മമ്മൂട്ടിയെ കാണാം എന്നതുപോലും ആരാധകരെ പ്രലോഭിപ്പിച്ചില്ല. ഇതൊക്കെ പരാജയപ്പെടാനുള്ളത് തന്നെയാണ് എന്ന് ആരാധകര്‍ പോലും തീര്‍ച്ചപ്പെടുത്തിയിരുന്നു എന്നതാവാം കാരണം. അപ്പോള്‍ പിന്നെ സാധാരണ പ്രേക്ഷകന്റെ ഒരു അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ദേശിയ പുരസ്‌കാരമൊക്കെ വാങ്ങിയിട്ടുണെ്ടന്ന് പറയപ്പെടുന്ന അഭയ് സിന്‍ഹ തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്യഭാഷയില്‍ നിന്ന് നായികയെ കൊണ്ടുവരുന്നതുപോലെ സംവിധായകനെയും കൊണ്ടുവന്നാലൊന്നും സിനിമ വിജയിക്കില്ല എന്ന് ശിക്കാരി ബോധ്യപ്പെടുത്തുന്നു. 





എന്തു തന്നെയായാലും മലയാള സിനിമയുടെ ആകെത്തുക എടുത്തു നോക്കുമ്പോള്‍ മാന്യമായൊരു നിലവാരം എവിടെയും കാണാനില്ല. പരാജയപ്പെട്ടേ അടങ്ങു എന്ന വാശിയില്‍ സിനിമകള്‍ കെട്ടിയൊരുക്കപ്പെടുമ്പോള്‍, അവയൊക്കെ വിജയങ്ങളാണെന്ന് സിനിമക്കാര്‍ മാത്രം അവകാശപ്പെടുമ്പോള്‍, പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് മോശം മാത്രം പറയുമ്പോള്‍, തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്താതെ വരുമ്പോള്‍... മലയാള സിനിമയുടെ ദുരവസ്ഥ അവസാനിക്കുന്നില്ല എന്ന ചിത്രം തന്നെയാണ് ലഭിക്കുന്നത്. 


ഈ ലേഖനം തയാറാക്കുമ്പോള്‍ ഒരു നിര ചിത്രങ്ങള്‍ റിലീസിന് തയാറെടുത്തു നില്‍ക്കുകയാണ്. ജോസേട്ടന്റെ ഹീറോ, ഓഡിനറി, മാസ്റ്റേഴ്‌സ്, കിംഗ് ആന്‍ഡ് കമ്മീഷണര്‍ തുടങ്ങി ചെറുതും വലുതമായ സംരംഭങ്ങള്‍. വരാനിരിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് സമ്മാനിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കാം.


Tuesday, March 20, 2012

നെടുംകുന്നം ക്ഷേത്രത്തില് മീനപ്പൂര ഉത്സവം 26മുതല്‍


നഴ്സുമാര്‍ക്കെതിരെ വീണ്ടും കാര്‍ ആക്രമണം ; മലയാളി നഴ്സിന് പരുക്ക്

ന്യുഡല്‍ഹി: സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട നഴ്സുമാര്‍ക്കു തുരത്താന്‍ വീണ്ടും കാര്‍ ആക്രമണം. കഴിഞ്ഞ ദിവസം എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സംഭവിച്ചതിന് സമാനമായ കാര്‍ ഓപ്പറേഷന്‍ ഇന്നു നടന്നത് ഡല്‍ഹി അശോക്‌ വിഹാറിലെ സുന്ദര്‍ലാല്‍ ജയിന്‍ ആശുപത്രിയിലാണ്.

കാറിടിച്ച് ചെങ്ങന്നൂര്‍ സ്വദേശിനി സുനിക്ക് പരുക്കേറ്റു. സമരം നടത്തുന്ന 200 ഓളം വരുന്ന നഴ്‌സുമാര്‍ക്കു നേരെയാണ്‌ ആശുപത്രിമാനേജ്മെന്‍റുമായി ഏറെ അടുപ്പമുള്ളയാള്‍ കാറോടിച്ച്‌ കയറ്റിയത്‌.

പരുക്കേറ്റ സുനിയെ സുന്ദര്‍ലാല്‍ ജയില്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കാന്‍ നഴ്‌സുമാര്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അതിനു തയാറായില്ല. അതോടെ സംഘര്‍ഷാവസ്ഥയായി. പിന്നീട് അവിടെത്തന്നെ പ്രാഥമിക ശുശ്രുഷ നല്‍കി. ആശുപത്രിയിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ നഴ്‌സുമാര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. 

Sunday, March 18, 2012

നൊസ്റ്റാള്‍ജിയ; പണിപോയാ ഞങ്ങക്ക് ഉത്തരവാദിത്വമില്ല

പറഞ്ഞത് മനസ്സിലായില്ലേ ഈ പടങ്ങളും കണ്ട് പണ്ടത്തേം പഴേതും പാളേത്തൂറിയതും ഓര്‍ത്തിരിക്കുന്പം പൊറകിക്കൂടെ മൊതലാളി അല്ലെങ്കില്‍ മേലുദ്യോഗസ്ഥന്‍ വന്നുകണ്ട് പണിയെങ്ങാനും പോയാ...ഞങ്ങക്ക് ഉത്തരവാദിത്തമൊണ്ടാവില്ലെന്ന്. 






വീണ്ടും വരുന്നൂ മാന്പഴക്കാലം







Friday, March 16, 2012

ഒടുവില്‍ സച്ചിന്‍ ഒപ്പിച്ചു; നൂറാമത്തെ നൂറ്.

അതു സംഭവിക്കുന്നേനു മുന്പേ തെക്കോട്ടെടുത്തേക്കുവോന്ന് പേടിച്ചിരുന്ന അച്ചായമ്മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഇനി സമാധാനമായിട്ട് ബൈബൈ പറയാം. ഒടുവില്‍ സച്ചിന്‍ നൂറടിച്ചു!

വെറും നൂറടിച്ചതാണോ വലിയ കാര്യവെന്നു ചോദിച്ച് ബീവറേജസ് ക്യൂവില്‍നിന്ന് പള്ളിപ്പടി കൂട്ടായ്മെ തെറിവിളിക്കാനൊരുങ്ങുന്ന ---മ്മാരോട് ഒന്നേ പറയാനൊള്ളൂ- പോയി ക്രിക്കറ്റു കളി പടിക്ക്. മണ്ടമ്മാരടെ കളിയാന്നാണ് മമ്മൂക്ക പറഞ്ഞേക്കുന്നെതെങ്കിലും നൂറു സെഞ്ചുറിയടിക്കുവാന്നൊക്കെപ്പറഞ്ഞാ ചില്ലറക്കാര്യവാന്നോ?

നൂറു സെഞ്ചുറി അടിക്കുന്ന ആദ്യ ക്രിക്കറ്റു കളിക്കാരനാണ് സച്ചിന്‍. ഏഷ്യാ കപ്പില്‍ ബ്ലംഗ്ലാ...അല്ലാ ബ്ലംഗ്ലാ... അല്ല ബംഗ്ലാദേശിനെതിരെ 138 പന്തേല്‍ പത്തു ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് നൂറാമത്തെ നൂറടിച്ചേ. തൊണ്ണൂറ്റിയൊന്പതാമത്തെ കളികഴിഞ്ഞ് പിന്നെ 33 കളികളില്‍ ആശാന്‍ കെണഞ്ഞു ശ്രമിച്ചിട്ടും ഇപ്പഴാ സംഗതി നടന്നതെന്നു മാത്രം.അതു നമ്മക്ക് ക്ഷമിച്ചുകളയാം.

ഒന്നര വര്‍ഷവായി ലോകത്തുള്ള മണ്ടമ്മാരെല്ലാം ഇതിനുവേണ്ടിയൊള്ള കാത്തിരിപ്പിലായിരുന്നു. അപ്പം എല്ലാ മണ്ടമ്മാര്‍ക്കുവൊപ്പം പള്ളിപ്പടി കൂട്ടായ്മേം ഈ ആഘോഷത്തില്‍ പങ്കേചേരുന്നു. ചിയേഴ്സ്!!!!!!!!!

Wednesday, March 14, 2012

വിവാഹത്തട്ടിപ്പു വീരന്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയെന്നു സംശയം





കറുകച്ചാല്‍: ആദ്യഭാര്യയുടെ പരാതിയെത്തുടര്‍ന്നു തിങ്കളാഴ്ച പിടിയിലായ വിവാഹത്തട്ടിപ്പു വീരന്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയെന്നു സംശയം. ഇയാളുടെ മൂന്നാം ഭാര്യയും സംശയത്തിന്റെ നിഴലിലാണ്. പാലക്കാട് പന്നിയങ്കര കല്ലിങ്കല്‍പാടം കുട്ടപ്പുര സുബ്രഹ്മണ്യന്റെ മകന്‍ കെ.എസ്. പ്രസാദും മൂന്നാം ഭാര്യ നെടുംകുന്നം സ്വദേശിനിയായ മുപ്പത്താറുകാരി യുമാണ് സെക്‌സ് റാക്കറ്റിലെ കണ്ണിയെന്നു സംശയിക്കുന്നത്. ഇവര്‍ക്കു 12ഉം എട്ടും വയസുള്ള കുട്ടികളുണ്ട്.


സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായ പ്രസാദിനും ലക്ഷംവീട് കോളനിയില്‍ താമസിച്ചു തയ്യല്‍ ജോലി ചെയ്തു വന്നിരുന്ന മൂന്നാം ഭാര്യക്കും നെടുംകുന്നം പരുത്തിമൂട്ടില്‍ 40 ലക്ഷം രൂപയുടെ വീടും ഇന്നോവ കാറും വാങ്ങാന്‍ പണം എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് ലക്ഷങ്ങള്‍ കൊയ്യുന്ന നക്ഷത്ര വേശ്യാലയങ്ങളിലേക്കു വിരല്‍ചൂണ്ടുന്നത്.


മൂന്നാം ഭാര്യയും പ്രസാദും കറുകച്ചാലിനു സമീപം ഏതാനും വര്‍ഷം മുമ്പ് വാടകയ്ക്കു താമസിച്ചിരുന്നതായും അന്നു ദിവസവും ധാരാളം വാഹനങ്ങള്‍ ഇവിടെ വന്നുപോയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. 


നാട്ടുകാരുടെ സംശയം ബലപ്പെട്ടപ്പോള്‍ ഇതു മനസിലാക്കി ഇവര്‍ കോട്ടയത്ത് ഒരു ഫ്‌ളാറ്റിലേക്ക് ഇടപാടുകള്‍ മാറ്റിയെന്നും പറയുന്നു.


മൂന്നാം ഭാര്യ മുമ്പു താമസിച്ചിരുന്ന നെടുംകുന്നത്തെ ലക്ഷംവീട് കോളനിയില്‍നിന്നു പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നതായും ആക്ഷേപമുണ്ട്. 


ഹോം നഴ്‌സ് എന്ന വ്യാജേനയാണു പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. ഇക്കാരണത്താല്‍ കോളനിയില്‍നിന്ന് ഒരു പെണ്‍കുട്ടി ഒളിച്ചോടിയതായും നാട്ടുകാര്‍ പറയുന്നു. മൂന്നാം ഭാര്യയുടെ അയല്‍വാസിയായ യുവതി പണമിടപാട് സംബന്ധിച്ച് ആത്മഹത്യ ചെയ്തതിനു പിന്നിലും ഇവര്‍ക്കു പങ്കുള്ളതായി സംശയമുണ്ട്. 


സിനിമ, ആല്‍ബം ഫീല്‍ഡുമായി ബന്ധമുണ്ടായിരുന്ന പ്രസാദിനു നീലച്ചിത്ര നിര്‍മാണ സംഘങ്ങളുമായും ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചുള്ള അനാശാസ്യസംഘങ്ങളുമായും ബന്ധമുള്ളതായി സംശയിക്കുന്നു. സമൂഹത്തില്‍ അറിയപ്പെടുന്നവരും രാഷ്ട്രീയ നേതാക്കള്‍വരെയും ഇവരുടെ അടുത്ത് നിത്യസന്ദര്‍ശകരാണെന്നും ആക്ഷേപമുണ്ട്.


പരുത്തിമൂട് പ്രസാദിന്റെ വീടു പണിത കോണ്‍ട്രാക്ടറും മൂന്നാം ഭാര്യയുമായി അവിഹിതബന്ധമുണ്ടായിരുന്നതായും പ്രസാദ് എത്തിയപ്പോള്‍ ഈ ബന്ധം തകര്‍ന്നതിലുള്ള പക തീര്‍ക്കാനായി പ്രസാദിന്റെ കഥകളറിയാവുന്ന ഇയാള്‍ ആദ്യഭാര്യയെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. 

(ദീപിക ദിനപ്പത്രം മാര്‍ച്ച് 15, 2012)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls