Monday, March 25, 2013

കാവുംനടയ്ക്ക് ഹൈമാസ്റ്റ് വെളിച്ചം






നെടുംകുന്നം ഭഗവതീക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്




നെടുംകുന്നം ഭഗവതീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം ചൊവ്വാഴ്ച സമാപിക്കും. 10.30 മുതല്‍ വയലിന്‍ കച്ചേരി, 11.00ന് ആറാട്ടുസദ്യ, വൈകീട്ട് 5ന് ആറാട്ടുകടവിലേക്ക് പുറപ്പാട്, ആറാട്ടുകടവില്‍ 7.00ന് ദീപാരാധന, 7.30ന് താലിവഴിപാട്, അന്‍പൊലി, പറവഴിപാടുകള്‍, ആറാട്ടെഴുന്നള്ളത്ത്, രാത്രി 1.00ന് കാവുന്നട കവലയില്‍ ആറാട്ടുവരവേല്പ്, പുലര്‍ച്ചെ 4.00 മുതല്‍ കൊടിമരച്ചുവട്ടില്‍ പറവഴിപാട്, വലിയകാണിക്ക, തുടര്‍ന്ന് കൊടിയിറക്ക്.

Monday, March 18, 2013

പെരിഞ്ചേരില്‍ മോനിച്ചന്‍ നിര്യാതനായി


നെടുംകുന്നം പെരിഞ്ചേരില്‍ ജോണ്‍ ജോസഫ്(മോനിച്ചന്‍-60) നിര്യാതനായി. സംസ്കാരം മാര്‍ച്ച് 19ന്  ഉച്ചകഴിഞ്ഞ് മൂന്നിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍. ഭാര്യ റോസമ്മ മാന്തുരുത്തി പ്ലാത്താനത്ത് കുടുംബാംഗം. മക്കള്‍ അഭിലാഷ്, പരേതനായ അജിമോന്‍. മരുമകള്‍(ബിജി)

Sunday, March 10, 2013

കോട്ടയം ബസീ കേറൂ, കൊളസ്‌ട്രോള്‍ കുറയ്ക്കൂ...

   

  പണ്ടൊക്കെ കറുകച്ചാലീന്ന് പുതുപ്പള്ളിവഴി കോട്ടയത്തെത്താന്‍ ഒരു മണിക്കൂറും ഒന്നേകാ മണിക്കൂറൂമൊക്കെ വേണവാരുന്നു. ഇപ്പം അത് വെറും അര മണിക്കൂറായി ചുരുങ്ങി.

 കുറുക്കുവഴിയും ബൈപാസുമൊന്നും ഉണ്ടായിട്ടില്ല. വളഞ്ഞു പുളഞ്ഞു കെടക്കുന്ന നമ്മടെ പഴേ റോഡുതന്നെ. അതിന് വലുതായിട്ട് വീതിം കൂടിട്ടില്ല. പിന്നെന്തോന്ന് മാജിക്ക് എന്ന് നാടുവിട്ടു താമസിക്കുന്നോരു ചിന്തിക്കും. ആ ചിന്തേം തുടര്‍ന്നുള്ള അന്വേഷണോം ചെന്നെത്തുന്നത് പുതിയ അവതാരങ്ങളിലാണ്. മറ്റേ, ആറാം തമ്പുരാനിലെ മോഹന്‍ലാലിനെപ്പോലെ ഒരുപറ്റം അവതാരപുരുഷന്‍മാര്‍.


   വളവുകളെ പുല്ലാക്കിയ, വേഗം ത്രില്ലാക്കിയ അവരെ ഞങ്ങള്  ന്യൂജനറേഷന്‍ ഡ്രൈവര്‍മാര് എന്നു വിളിക്കും. ബസുകള്‍ ഏതുമാകട്ടെ, കോട്ടയം റൂട്ടിന്‍റെ കുത്തകക്കാരായ സ്വകാര്യന്‍മാരോ കെ.എസ്.ആര്‍.ടി.സിയോ ഏതും, ഡ്രൈവര്‍മാര്‍ക്ക് ഒരേ വികാരം.. ഒരേ വേഗം.. അവര്‍ വണ്ടീ സ്റ്റാര്‍ട്ടാക്കിക്കഴിഞ്ഞാ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റും എക്‌സ്പ്രസും സൂപ്പര്‍ എക്‌സ്പ്രസുമൊക്കെ ഓടിക്കുന്നവര്‍ അന്തം വിട്ട് നോക്കി നിക്കും. എന്തിന്? ട്രാഫിക് ബ്ലോക്കിനെടേക്കൊടെപ്പോലും ബൈക്ക് വളപുളാന്നു പറത്തുന്ന ചെത്തു കുട്ടപ്പമ്മാര് ചമ്മി ഐസാകും.  


  അവര് വളവില്‍ വണ്ടി കണ്ണഞ്ചുന്ന വേഗത്തില്‍ ഒടിച്ചെടുക്കും. ചെലപ്പം ഒടിക്കാനൊന്നും മെനക്കെടാറില്ല . പക്ഷെ, അതു മനസ്സിലാക്കി സ്വയം നിവരാന്‍ വളവുകള് തയാറാകണ്ടേ?. അതു ചെയ്യത്തില്ല. അങ്ങനെ വരുമ്പോള്‍ വണ്ടി നൈസായിട്ട്,  വശത്തെ തോട്ടിലോ പറമ്പിലോ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്നു പറഞ്ഞ് താഴെ കെടക്കും. അതു വല്യ പുതുമയൊള്ള കാര്യവൊന്നുവല്ല. എന്നുകരുതി നാളെമുതല്‍ ഒച്ചെഴയുന്ന പോലെ പോയേക്കാവെന്നു വെക്കാന്‍ അവര്‍ക്കു പറ്റുവോ? സിംഹത്തിന് പെട്ടെന്നൊരു ദിവസം പട്ടിക്കൂട്ടില്‍ കെടക്കാമ്പറ്റുവോ? 


   ഇങ്ങനെ കുതിച്ചു പായുന്ന വണ്ടീലെ യാത്ര നല്ല രസവാണ്. ബഹിരാകാശ വണ്ടീലേപ്പോലെ തന്നെ. രണ്ടിലും മറ്റേതില്ലല്ലോ-ഏത്?, ഭൂഗുരുത്വാകര്‍ഷണവേ. സീറ്റുകളില്‍ ഇരിക്കുന്നോര്, എന്നുവച്ചാ സൈഡ് സീറ്റിലല്ല, കണ്ടക്ടര്‍ക്ക് സ്മൂത്തായി ചാരിനിന്ന് ടിക്കറ്റ് കൊടുക്കാന്‍ പരുവത്തിന് തോള് റെഡിയാക്കി ഇരിക്കുന്നോര് ഒരു കാല് സിറ്റിനടീലും രണ്ടാമത്തെ കാല് 90 ഡിഗ്രി കോണില്‍ ബസിന്‍റെ നടുക്കും ഉറപ്പിക്കും. വണ്ടി വളവിലെത്തുമ്പോ പറന്നുപോകരുതല്ലോ.


നിക്കുന്നോര് കാലുകളും കൈകളും 180 ഡിഗ്രീല് നിര്‍ത്തി കുരിശിക്കെടക്കുന്നപോലെ നിന്നാലും ഗുരുത്വാകര്‍ഷണമില്ലാത്തോണ്ട് വണ്ടി ഓടുമ്പം പറന്നു നടക്കും. ഒരുതരത്തിപ്പറഞ്ഞാ ഈ യാത്ര നല്ലൊരു വ്യായാമമാണ്. കോട്ടയത്തെത്തുമ്പോള്‍ നില്‍ക്കുന്നവര്‍ക്കും കണ്ടക്ടറെ താങ്ങുന്നവര്‍ക്കും അസാമാന്യ മെയ്‌വഴക്കമാകും. 


ഒരു മാസം പതിവായി ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അംശം ശരിക്കും കൊറഞ്ഞതായി കണ്ടെത്തീട്ടൊണ്ട്. ഒരു വര്‍ഷം യാത്ര ചെയ്തവര്‍ ബ്രേക് ഡാന്‍സിലും രണ്ടു വര്‍ഷത്തിലധികം യാത്ര ചെയ്തവര്‍  ജിംനാസ്റ്റിക്‌സിലും മിടുമിടുക്കരായി. തിരക്കുള്ള ബസില്‍ സ്ത്രീകളുമായി മിക്‌സപ്പ് ചെയ്തു നിന്ന് യാത്ര ചെയ്യുന്ന പലരും ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരില്‍ ബസ് ഡ്രൈവര്‍മാരുടെ ഫോട്ടോ വച്ചുള്ള പരസ്യങ്ങള്‍ പത്രങ്ങളില്‍ വൈകാതെ പ്രസിദ്ധീകരിച്ചേക്കുമെന്നറിയുന്നു. 


  കാറിലും ബൈക്കിലുമൊക്കെ  പോകുന്നോര് ബസുകളെ ഓവര്‍ടേക്ക് ചെയ്യാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അത് അതിമോഹമാണ്. നാട്ടുകാരെ വിറപ്പിച്ച് രാജാക്കന്‍മാരായിട്ട് വാഴുന്ന ടിപ്പര്‍ ലോറികളുപോലും ഇവിടെ ബസുകള്‍ക്കുമുന്നില്‍ ബഹുമാനത്തോടെ ഒതുങ്ങിനിന്ന് വഴിമാറിക്കൊടുക്കുമ്പോള്‍ അതിമോഹംകൊണ്ടുനടന്നിട്ട് എന്നാകാര്യം? 


വണ്ടികള്‍ തമ്മിലുള്ള ഓവര്‍ ടേക്കിംഗിനും ക്രോസിംഗുമൊക്കെ നെല്ലിടയോ നൂലിടയോ വ്യത്യാസവേയൊള്ളൂ. അളന്നു കുറിച്ച എടപാടാണോ ഇതെന്നു ചോദിച്ചാ അങ്ങനെയൊന്നുവല്ല. പിന്നെയോ? കര്‍മ്മം ചെയ്യുക, ഫലം ഇച്ഛിക്കരുത് എന്നല്ലേ പണ്ടാരാണ്ട് പറഞ്ഞത്. അതുകൊണ്ടുതന്നെയല്ലേ യാത്രക്കാരെ എടുക്കാന്‍ പോലും മിനക്കെടാതെ വണ്ടികള്‍ കോട്ടയത്തിനും കറുകച്ചാലിനും കുതിക്കുന്നത്. ആദ്യമെത്തുക എന്ന കര്‍മ്മമാണ് പ്രധാനം.


   ഓവര്‍ടേക്കോ ക്രോസിംഗോ ചെയ്യുമ്പോ കടന്നു കിട്ടിയല്ലോ എന്ന് യാത്രക്കാര് ആശ്വസിച്ചു കഴിയുമ്പഴാരിക്കും കടന്നുപോകാന്‍ മിച്ചം കെടന്നിരുന്ന വണ്ടികളുടെ വാലുകള്‍ ചാമ്പുന്നേ. ഈ വാല് അടിക്കുന്നത് വല്ല കാറിലോ ബൈക്കിലോ ആണെങ്കി അവരും പുരുഷുവിന്‍റെ അനുഗ്രഹം തേടി തോട്ടിലേക്ക് പറക്കും. ബസിന് നീളംകൂടിപ്പോയതിന് ഡ്രൈവര്‍മാരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? 

  പിള്ളാരടെ കളിക്കാറു പോലത്തെ കാറിക്കേറിയിരുന്ന് എന്തൊക്കെയോ സമ്മാനം മേടിച്ച നരേന്‍ കാര്‍ത്തികേയനെ വലിയ സംഭവമായി ആഘോഷിക്കുന്നോര് കറുകച്ചാലിലേക്ക് വരണം. എന്നിട്ട് ബസീക്കേറി പുതുപ്പള്ളിവഴി കോട്ടയത്തിന് യാത്രചെയ്യണം. കാര്‍ത്തികേയന്‍ ഫോര്‍മുല വണ്‍ ആണെങ്കി നമ്മടെ ബസ് ഡ്രൈവര്‍മാരുടെ ഫോര്‍മുല എത്രയാരിക്കും?. 


   സംശയമൊള്ളോര് കാര്‍ത്തികേയനോട് കറുകച്ചാലിന് വരാമ്പറ. നമ്മക്ക് ഒരു മത്സരം നടത്താം. കാര്‍ത്തികേയന്‍ അയാടെ കുഞ്ഞിക്കാറുതന്നെ ഓടിക്കട്ടെ. നമ്മടെ ഡ്രവര്‍മാര് ബസും ഓടിക്കട്ടെ. നമ്മടെ ചേട്ടമ്മാര് നാഗമ്പടത്തുചെന്ന് ഒരു സ്‌ട്രോംഗ് ചായേം കുടിച്ച്, മുറുക്കിത്തുപ്പി നിക്കുമ്പം കാണാം കാര്‍ത്തികേയാന്‍ വെയര്‍ത്തു കുളിച്ച് ഉരുട്ടിക്കോണ്ടുവരുന്നത്. അതിനോടകം ഫോര്‍മുല വണ്‍ കാറിന്‍റെ മോളിക്കൂടെ എത്ര ബസുകള്‍ കവച്ചു കയറിയെറങ്ങിപ്പോയെന്ന് ചോദിച്ചാ പാവത്തിന് എണ്ണം പോലുമുണ്ടാവില്ല.


  വളഞ്ഞ റൂട്ടിക്കൂടെ ഓടിച്ചു പരിചയമില്ല, അതോണ്ട് റൂട്ടുമാറി പാമ്പാടിവഴിക്ക് ഒരു  മത്സരം നടത്താമെന്നാണ് കാര്‍ത്തികേയന്‍ പറയുന്നതെങ്കില്‍ സോറി! ഞങ്ങടെ ഡ്രൈവര്‍മാര്‍ക്ക് വളവ് മസ്റ്റാ. ഹെയര്‍പിന്നാണ് എറ്റോം ഇഷ്ടം. അതില്ലാത്തോണ്ട് ഒള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നെന്നുമാത്രം. 


വളവെല്ലാം കഴിഞ്ഞ് കഞ്ഞിക്കുഴീച്ചെന്നിട്ടും വണ്ടി പറത്തുന്നതെന്തിനാണെന്ന് അപ്പം ചെലരു ചോദിക്കും. മത്സരബുദ്ധിയൊള്ളോര് അങ്ങനാ. 

കൊറച്ചുദെവസം മുമ്പ് ഒരു പ്രൈവറ്റ് ബസും സര്‍ക്കാരു ബസും ഇഞ്ചോടിഞ്ച് പോരാടി കോട്ടയത്തേക്ക് കുതിക്കുവാരുന്നു. കഞ്ഞിക്കുഴീലെത്തിയപ്പോ സ്വകാര്യന് ലീഡു കിട്ടി. സര്‍ക്കാര്‍ ഡ്രൈവറു വിടുവോ? പുള്ളി അവിടുന്ന് കത്തിച്ചു. പ്രൈവറ്റ് ബസ്  മുന്നില്‍.. സര്‍ക്കാരു ബസ് രണ്ടോ മൂന്നോ മീറ്ററ് പിന്നില്‍. മുന്നീപ്പോയ ഒരു കാറുകാരന്‍ പണിപറ്റിച്ചു, പെട്ടെന്നൊരൊറ്റച്ചവിട്ട്!. അപ്പോ പ്രൈവറ്റ് ബസ് ഡ്രൈവറും അതുകണ്ട് സര്‍ക്കാര് ഡ്രൈവറും ചവിട്ടി. പക്ഷെ സര്‍ക്കാര്‍വക ചവിട്ട് ഇച്ചിര വൈകിപ്പോയി. ഠിം! മുന്നിലത്തെ ഗ്ലാസ് തവിടുപൊടി. ബോഡീടെ കാര്യം പറയണ്ടല്ലോ. യാത്രക്കാരുടെ ബോഡിക്കും തെറ്റില്ലാത്ത പണികിട്ടി.  

അപ്പം കാര്യങ്ങടെ കെടപ്പ് മനസ്സിലായ സ്ഥിതിക്ക് തെറ്റില്ലാത്ത ഒരു എല്‍.ഐ.സി പോളിസി എടുത്തശേഷം പുലര്‍കാലത്ത് എഴുന്നേറ്റ് കറുകച്ചാലിലേക്ക് വരൂ. അവിടെനിന്ന് നമ്മക്ക് കൊളസ്‌ട്രോള്‍ ഫ്രീ ബസുകളില്‍ കയറി കോട്ടയത്തേക്ക് പോകാം.  





Wednesday, March 6, 2013

ഓര്‍മ്മകള്‍ പിന്നോട്ടു പോകുന്പം





ഈ പടത്തീന്ന് ഓര്‍മ്മകളുടെ വഴിയെ നമ്മക്ക്,

നമ്മക്കെന്നു വച്ചാ എല്ലാര്‍ക്കുവല്ല, ഈ കെട്ടിടത്തില്‍ 
ഒരുകാലത്ത് കേറിയെറങ്ങീരുന്നോര്‍ക്ക് പുറകോട്ട് പോകാം.

പറഞ്ഞു കേട്ടിട്ടു പോലുമില്ലാത്ത പത്രങ്ങളും
മാസികളുമൊക്കെ നമ്മള് ആദ്യം കണ്ടത് 
ഇവിടെയാണ്. 

പൈങ്കിളി മൊതല് 
ലോകോത്തര അണ്ഡകടാഹങ്ങളുവരെയുള്ള 
പുസ്തകങ്ങള് ഇവിടുത്തെ 
അലമാരകളീന്നെടുത്താണ് 
നമ്മള് വായിച്ചത്. 

ടെലിവിഷനെന്നു പറയുന്ന സാധനം
എല്ലാടത്തും ഇല്ലാരുന്ന, അതൊരു വലിയ 
സംഭവമാരുന്ന കാലത്ത്, മഹാഭാരതോം 
രാമായണോം ഞാറാഴ്ച്ച വൈട്ടത്തെ 
സിനിമേമൊക്കെ കണ്ടത് ഇവിടെയാരുന്നു. 

ഞാറാഴ്ച്ച നാലുമണി മൊതല് 
തൊടങ്ങും സിനിമ കാണാന്‍ 
ഇതിനു മുന്നിലെ കാത്തിരിപ്പ്.
അധികോം നാട്ടിലെ പല സ്ഥലത്തൂന്നും 
നടന്നു വന്നോര്. 
പിന്നെ ലൈബ്രേറിയന്‍ 
വരുന്നതും നോക്കിയിരിപ്പാണ്. 

അദ്ദേഹത്തിന്‍റെ പവറെന്താണെന്ന് ശെരിക്കും 
മനസ്സിലാകുന്ന സമയമാണത്. 
ചെലപ്പം പുള്ളി വരാന്‍ വൈകും. 
ക്ഷമ നശിച്ച കാത്തിരിപ്പുകാര്
ലൈബ്രേറിയനെ വീട്ടില്‍ പോയി 
ആഘോഷമായി കൂട്ടിക്കോണ്ടുവന്ന 
ദിവസങ്ങളുമൊണ്ട്. 


സൗകര്യങ്ങളൊക്കെ വളരെ 
കൊറവാരുന്നേലും അന്ന് 
വായനശാല മൊത്തത്തില്‍ 
ഉഷാറാരുന്നു. കൊറവുകള്‍ 
പരഹരിക്കാനായിട്ടാണ് പിന്നെ 
വായനശാല പഞ്ചായത്ത് ഓഫീസിന്‍റെ
 അടുത്തേക്ക് മാറ്റിയത്. 
പക്ഷെ, ഈ കെട്ടിടവും 
ഇതിനകത്തും പൊറത്തും 
ചെലവഴിച്ച ദിവസങ്ങളും
നമ്മക്ക് മറക്കാമ്പറ്റുവോ?




Monday, March 4, 2013

നെടുംകുന്നം ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ



നെടുംകുന്നം ശാസ്താക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെയും ഉപദേവതകളുടെയും ബാലാലയ പ്രതിഷ്ഠ 6ന് നടക്കും. 10ന് നടക്കുന്ന ബാലാലയ പ്രതിഷ്ഠയ്ക്കും കലശാഭിഷേകത്തിനും തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി കാര്‍മ്മികത്വം നല്‍കും.
(കടപ്പാട്- മാതൃഭൂമി.കോം)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls