Sunday, February 24, 2013

പുരസ്കാരത്തിളക്കത്തില്‍ നെടുംകുന്നം വില്ലേജ് ഓഫീസര്‍




കോട്ടയം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നെടുംകുന്നം വില്ലേജ് ഓഫീസര്‍ പി.ഡി സുരേഷ് കുമാര്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങി. ഇന്ന്(ഫെബ്രുവരി 24) രാവിലെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന സംസ്ഥാനതല റവന്യൂ ദിനാചരണച്ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

കെട്ടിടനികുതി പിരിവ്, റവന്യൂ റിക്കവറി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തന മികവാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നെടുംകുന്നം വില്ലേജ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന സുരേഷ് കുമാറിന് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മാരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. പി.കെ. രമേശന്‍(വടയാര്‍), ഷാജി ജോസഫ്(മണിമല) എന്നിവരാണ് ജില്ലയില്‍ പുരസ്കാരം നേടിയ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍.

തോട്ടയ്ക്കാട് പുത്തന്‍പുരയില്‍ കുടുംബാഗമാണ് സുരേഷ്കുമാര്‍. ഭാര്യ ബിന്ദു എസ്. നായര്‍ കനറ ബാങ്ക് കോഴഞ്ചേരി ശാഖാ മാനേജരാണ്. മക്കള്‍ഃ നീരജ, നിഥിന്‍ കാര്‍ത്തിക്ക്(ഇരുവരും തെങ്ങണ ഗുഡ് ഷെപ്പേഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍)

Saturday, February 23, 2013

പീലിയാനിക്കല്‍ റോസമ്മയുടെ സംസ്കാരം ഇന്ന്


കഴിഞ്ഞ ദിവസം നിര്യാതയായ നെടുംകുന്നം പീലിയാനിക്കല്‍ പരേതനായ ഔസേപ്പിന്‍റെ ഭാര്യ റോസമ്മ ജോസഫി(97)ന്‍റെ സംസ്കാരം ഇന്ന്(ഫെബ്രുവരി 24) ഉച്ചകഴിഞ്ഞ്   നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍ നടക്കും. കുന്നിക്കാട്ടുള്ള വസതിയില്‍ 2.45ന് ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്കാര ശുശ്രൂഷ. 

പരേത നെടുംകുന്നം കാട്ടൂര്‍ ഇടക്കല്ലില്‍ കുടുംബാംഗമാണ്. മക്കള്‍- ഫാ. തോമസ് പീലിയാനിക്കല്‍(എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുട്ടനാട് വികസന സമിതി),  പി.ജെ. ജോസഫ്(തൃശൂര്‍), ഏലിക്കുട്ടി ജോസഫ് (നൂറനാട്),  ജോണ്‍ ജോസഫ്. മരുമക്കള്‍- പരേതയായ ഏലിക്കുട്ടി ജോസഫ്,  കൊച്ച് ഉള്ളാട്ട് തോട്ടയ്ക്കാട്, ആന്‍സി ജോ കന്നാലില്‍ രാമക്കല്‍മേട്. 

Saturday, February 16, 2013

നെടുംകുന്നം കൊഴുങ്ങാലൂര്‍ ചിറയുടെ നവീകരണം പുരോഗമിക്കുന്നു




നെടുംകുന്നം ഗ്രാമവാസികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് കൊഴുങ്ങാലൂര്‍ ചിറയുടെ നവീകരണ ജോലികള്‍ പുരോഗമിക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന ചിറ ശുചീകരിക്കാനുള്ള ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചിരിക്കുകയാണ്. നിര്‍മ്മല്‍ പുരസ്‌കാരത്തുകയായ അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്‍റെ ആദ്യഗഡുവായി രണ്ടര ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. 


മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്ത് ചിറയെ സംരക്ഷിക്കുകയും വീണ്ടും ഇവിടെ മാലിന്യങ്ങള്‍ വീഴുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍ പറഞ്ഞു. അതോടൊപ്പം മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ചിറ കേന്ദ്രീകരിച്ചുള്ള  പ്രവര്‍ത്തനങ്ങളും ഭരണസമിതി വിഭാവനംചെയ്യുന്നു.


പുരാതനകാലത്ത് നിര്‍മ്മിക്കപ്പെട്ട കൊഴുങ്ങാലൂര്‍ചിറ മാലിന്യങ്ങള്‍ നിറഞ്ഞതോടെ ഉപയോഗശൂന്യമായി. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം ചിറയുടെ വശങ്ങളിലെ ഭിത്തി നിര്‍മാണവും ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുരോഗമിക്കുകയാണ്. 



രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള ജലാശയത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പഞ്ചായത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായം തേടിയിട്ടുണ്ട്. നെടുംകുന്നം പള്ളപ്പടിക്കു സമീപമുള്ള ചാത്തന്‍പാറ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യപ്പെടുന്നത്. 



ചരുവില്‍ തൊട്ടിയ്ക്കല്‍ ആന്‍റണി ചാക്കോ നിര്യാതനായി


സിസ്റ്റര്‍ മേരി ലറ്റീഷ്യ നിര്യാതയായി



Thursday, February 14, 2013

മുട്ടക്കോഴി വിതരണം



 വനിത, പട്ടികജാതി വിഭാഗത്തിനുള്ള കോഴിവിതരണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ 23നകം നെടുംകുന്നം മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്   ഗുണഭോക്തൃ വിഹിതം അടയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

Monday, February 11, 2013

നെടുംകുന്നം ശാഖാക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി


ബൈ പാപ്പ




ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ പദവി ഒഴിയുകയാണെന്ന് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ബെനെഡിക്ട് 16 പ്രഖ്യാപിച്ചു. കഴിഞ്ഞ 600 വര്‍ഷത്തിനിടെ സ്വയം വിരമിക്കാന്‍ തയാറാകുന്ന ആദ്യ മാര്‍പ്പാപ്പയാണ് ഇദ്ദേഹം. 

ഫെബ്രുവരി 28ന് സ്ഥാനമൊഴിയുമെന്നാണ് വത്തിക്കാനില്‍ കര്‍ദ്ദിനാള്‍മാരുമായി നടത്തിയ മുഖാമുഖത്തില്‍ 85കാരനായ മാര്‍പ്പാപ്പ വ്യക്തമാക്കിയത്. ജര്‍മ്മനിക്കാരനായ ഇദ്ദേഹം 2005 ഏപ്രില്‍ 24നാണ് മാര്‍പ്പാപ്പയായി പ്രഥമ ദിവ്യബലി അര്‍പ്പിച്ചത്. 


ബെനെഡിക്ട് പതിനാറാമന്‍ പാപ്പയെക്കുറിച്ച് മലയാളത്തില്‍ വിശദ വായനയ്ക്ക്   ഇവിടെ  ക്ലിക്ക് ചെയ്ത് വിക്കിപ്പീഡിയയിലേക്ക് പോകൂ. 




Thursday, February 7, 2013

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്




നെടുംകുന്നം റൂറല്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നടത്തും. സംഘം ഹാളില്‍ രാവിലെ പത്തിന് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.സി. മാത്യു അധ്യക്ഷത വഹിക്കും. ദിലീപ് വര്‍ക്കി ക്ലാസ് നയിക്കും.


Monday, February 4, 2013

ജെസി ബേക്കറിയില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍




കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ജെസി ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. മാന്തുരുത്തി മൂലേക്കുന്ന് ചുണ്ടമണ്ണില്‍ ജോസഫ് ജേക്കബി(29) നെയാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്. നെടുംകുന്നം പെരുമ്പാല്‍ ജോയിച്ചന്‍റെ (ജോയി കുര്യന്‍) ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. 

ബേക്കറിയുടെ താഴ് തകര്‍ത്ത് അകത്ത് കയറിയ ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍ ചാക്കിലാക്കി സൈക്കിളില്‍ വച്ചുകെട്ടി വാഴൂര്‍ റോഡിലൂടെ പുലര്‍ച്ചെ നാലുമണിയോടെ വീട്ടിലേക്ക് പോകുമ്പോള്‍  മാന്തുരുത്തി ജനതാ സോമില്ലിന്‍റെ മുന്നില്‍ കറുകച്ചാല്‍ പോലീസ് പട്രോളിംഗ് സംഘത്തില്‍ മുന്നില്‍പ്പെടുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. പ്രതിയുടെ കൈയില്‍ നിന്ന് ബേക്കറി സാധനങ്ങളും  ആയിരത്തോളം രൂപയും പൂട്ടു തകര്‍ക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. 

മുന്‍പ് കറുകച്ചാലിലെ ആറോളം കടകളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക.കോം)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls