നെടുംകുന്നം ഗ്രാമവാസികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് കൊഴുങ്ങാലൂര്‍ ചിറയുടെ നവീകരണ ജോലികള്‍ പുരോഗമിക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന ചിറ ശുചീകരിക്കാനുള്ള ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചിരിക്കുകയാണ്. നിര്‍മ്മല്‍ പുരസ്‌കാരത്തുകയായ അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്‍റെ ആദ്യഗഡുവായി രണ്ടര ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്ത് ചിറയെ സംരക്ഷിക്കുകയും വീണ്ടും ഇവിടെ മാലിന്യങ്ങള്‍ വീഴുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍ പറഞ്ഞു. അതോടൊപ്പം മേഖലയുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ചിറ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഭരണസമിതി വിഭാവനംചെയ്യുന്നു.
പുരാതനകാലത്ത് നിര്‍മ്മിക്കപ്പെട്ട കൊഴുങ്ങാലൂര്‍ചിറ മാലിന്യങ്ങള്‍ നിറഞ്ഞതോടെ ഉപയോഗശൂന്യമായി. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം ചിറയുടെ വശങ്ങളിലെ ഭിത്തി നിര്‍മാണവും ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുരോഗമിക്കുകയാണ്.






No comments:
Post a Comment