Wednesday, April 17, 2013

പ്രവാസികളേ, നാട്ടിലേക്കാണോ? അമ്മച്ചിയാണേ പണികിട്ടുവേ!



നെടുംകുന്നം നാട്ടുവിശേഷത്തിലെ പ്രവാസികളോട്,

  എന്നുവച്ചാല് വിദേശത്തൊള്ളോരോടു മാത്രവല്ല, നെടുംകുന്നം വിട്ട് കേരളത്തിന് പൊറത്ത് താമസിക്കുന്ന എല്ലാരോടുംകൂടെയാ പറയുന്നേ. കഞ്ഞികുടിക്കാനുള്ള വകയ്ക്കായി, അല്ലെങ്കില്‍ നല്ലൊരു സെറ്റപ്പ് റെഡിയാക്കാന്‍ നാടുവിട്ടു കഴിയുന്ന നിങ്ങടെയെല്ലാം മനസ്സില് സ്വന്തം വീടുമായും നാടുമായും ബന്ധപ്പെട്ട ഗൃഹാതരതുരതൊര.. ...? ങ്ഹാ ആ സാധനം നെറഞ്ഞുനിക്കുവാണെന്നറിയാം. അതുകൊണ്ടുതന്നെയാണല്ലോ നാടിനു പൊറത്തുള്ള ഒത്തിരിപ്പേര് നാട്ടുവിശേഷത്തില്‍ പതിവുസന്ദര്‍ശനം നടത്തുന്നേ. 



   ഓരോ തവണ നാട്ടീ വന്ന് മടങ്ങുമ്പോഴും അടുത്ത വരവിനെക്കുറിച്ച് നിങ്ങള് പ്ലാന്‍ ചെയ്തു തൊടങ്ങാറില്ലേ?. ജോലി സ്ഥലത്ത് തിരിച്ചു ചെന്നാലും മനസിനെ തണുപ്പിക്കുന്ന, വേദനിപ്പിക്കുന്ന ഒരുപാട് നാടന്‍ ചിന്തകളും ഓര്‍മ്മകളും മിച്ചവൊണ്ടാകും. അങ്ങനെ വരുമ്പം പലരും അവസാനം ഒരു തീരുമാനമെടുക്കും. എത്രേം പെട്ടെന്ന് ഇവിടുന്ന് എല്ലാം അവസാനിപ്പിച്ച് നാട്ടീപ്പോണം. ഒള്ളതുകൊണ്ട് സമാധാനിച്ച് അവിടെ കഴിയാം. 


എത്ര കാശുകിട്ടിയാലെന്നാ? നാട്ടിലെ കാലാവസ്ഥേം ചുറ്റുവട്ടോമൊക്കെ വെലയ്ക്കു വാങ്ങിച്ച് ജോലി സ്ഥലത്തേക്ക് കൊണ്ടുവരാമ്പറ്റുവോ?. അയോലോക്കക്കാരുവായി കത്തിവയ്ക്കുന്നതും കൂട്ടുകാരുമായി കമ്പനി കൂടി കള്ളുകുടിച്ച് ആഘോഷിക്കുന്നതും കവലയ്ക്ക് വായിനോക്കുന്നതും ഒക്കെ പ്രത്യേക രസവല്ലേ?.. …അങ്ങനെ പോകും ചിന്തകള്.



ഗൃഹാതരതുരതൊര.. ...അധികം ചൊമക്കണ്ടെന്ന് പറയാനാണ് ഈ ഈ കുറിപ്പ് എഴുതുന്നേ. നമ്മടെ നെടുംകുന്നോം നാടു മൊത്തത്തിലും ഒരുപാടു മാറി. പെട്ടെന്നൊരാവേശത്തിന് ജോലീം കൂലീം ജോലിസ്ഥലത്തെ സെറ്റപ്പുമൊക്കെ ഉപേക്ഷിച്ച് ഇങ്ങോട്ടു കെട്ടിയെടുത്താല് അമ്മച്ചിയാണെ.. പണികിട്ടും! അവധിക്കുപോലും ഇങ്ങോട്ട് വരാതിരിക്കുന്നതായിരിക്കും നിങ്ങക്ക് നല്ലതെന്ന് ഞങ്ങക്ക് തോന്നുന്നു. 


ഇവിടുത്തെ ഇപ്പഴത്തെ സ്ഥിതി പറഞ്ഞാ നിങ്ങള് വിശ്വസിക്കുവോന്നറിയിത്തില്ല. രാത്രീം പകലും ഒടുക്കത്തെ ചൂട്. എന്നുവച്ചാ.. പണ്ടത്തെ നമ്മടെ വേനല്‍ക്കാലത്തെ പതിവു ചൂടല്ല. കൊറേക്കൂടെ മനസ്സിലാകുന്നപോലെ പറഞ്ഞാ പലേടത്തും പകലത്തെ ചൂട് നാല്‍പ്പത് ഡിഗ്രി ഷെയില്‍സെയില്‍സ് (അതുതന്നെ) അടുത്തായി. പലേടത്തും ആളുകള്‍ക്ക് പകല്‍ച്ചൂടില്‍ പൊള്ളലേക്കുന്നത് പതിവായി. പറമ്പിലൊള്ളതൊക്കെ കരിഞ്ഞൊണങ്ങി. മണ്ണ് ചുട്ടുപൊള്ളുവാ. പല സ്ഥലങ്ങളും ഗള്‍ഫിലെ മരുഭൂമികളുടെ ചെറുപതിപ്പായിക്കഴിഞ്ഞു. രാത്രീലെ കാര്യം പറയുകേ വേണ്ട. പെരയ്ക്കാത്ത് പകലത്തെ ചൂടിന്‍റെ ബാക്കിയാ. ഫാനിട്ടു കെടന്നാപ്പോരേന്ന് നിങ്ങളു ചോദിക്കും. ഫാനും ലൈറ്റുമൊക്കെ ഇവിടെ വല്യ ആര്‍ഭാടവായിക്കഴിഞ്ഞു. കാരണം കരണ്ടൊള്ള സമയം വളരെ കൊറവാണേ. മഴ പെയ്താലല്ലേ ഇടുക്കീല് കരണ്ടൊണ്ടാക്കാമ്പറ്റൂ. ഇനി രാത്രീ കരണ്ടൊണ്ടെന്നിരിക്കട്ടെ. ഫാനിട്ടാല്‍ അതീന്ന് വരുന്നത് തീക്കാറ്റാ. 


ആദ്യവൊക്കെ പണ്ടത്തെപ്പോലെ അരമണിക്കൂറാരുന്നു കരണ്ട് കട്ട്. പിന്നെ പല അരകളായി. ഒടുക്കം മണിക്കൂറുകളായി. ഇപ്പം കരണ്ടില്ലാത്ത സമയവാണ് കൂടുതല്‍. മൊത്തത്തിലൊള്ള സെറ്റപ്പുവച്ചു നോക്കിയാല് പഴയ മണ്ണെണ്ണ യുഗത്തിലോട്ട് തിരിച്ചപോകണ്ടിവരുവെന്നു തോന്നുന്നു. ഇപ്പത്തന്നെ മെഴുകുതിരിക്കും മണ്ണെണ്ണയ്ക്കും വല്യ ഡിമാന്‍റാ . എമര്‍ജന്‍സി ലാംബ് കമ്പനിക്കാര് പഴയ മണ്ണെണ്ണ ചിമ്മിനി ഒണ്ടാക്കാനൊള്ള പരിപാടിലാന്നു പറഞ്ഞുകേട്ടു. ഇന്‍വട്രററ്(അതുതന്നെ) എന്നൊക്കെ എല്ലാരും പറയുന്നൊണ്ടേലും അതൊക്കെ ചില്ലറ സെറ്റപ്പുകാര്‍ക്ക് താങ്ങാമ്പറ്റുകേല.  


നാടു ചുട്ടുപൊള്ളുമ്പം വെള്ളംകുടിമുട്ടുന്നതില്‍ അത്ഭുതവില്ലല്ലോ. വെള്ളം കിട്ടാനേയില്ലാതായി. ഒള്ളടത്തൊക്കെ ജനം ഇടിച്ചുകേറുവാ. നാട്ടിലൊള്ള സര്‍വ്വമാന പാറമടേലേം കൊളങ്ങളിലേം വെള്ളം ലോറികളില്‍ കയറ്റി വിറ്റോണ്ടിരിക്കുകയാ. ടിപ്പര്‍ ലോറിക്കാര് പലരും കല്ലും മണ്ണും കേറ്റുന്നേനു പകരം സിന്തറ്റിക് ടാങ്ക് വച്ച് വെള്ളം അടിച്ചോണ്ടിരിക്കുവാ. ആദ്യവൊക്കെ ബുക്ക് ചെയ്താ അപ്പം ഇവര് വെള്ളം എത്തിക്കുവാരുന്നു. പക്ഷെ കൊളങ്ങളും പാറമടകളും വറ്റിത്തുടങ്ങിയതോടെ വളരെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. വെള്ളം വാങ്ങിച്ച് ഒരുപാടു പേരടെ പോക്കറ്റ് കീറിക്കൊണ്ടിരിക്കുവാ. എന്തൊക്കെപ്പറഞ്ഞാലും വെള്ളം ഇല്ലാതെ എന്തുചെയ്യാനാ?. അതുകൊണ്ട് ലോറിക്കാരു പറയുന്ന കാശുകൊടുത്ത് വാങ്ങിച്ചേപറ്റൂ.


ഇങ്ങനെ പോയാല്‍ ലോറികളില്‍ അധികകാലം വെള്ളം എത്തിക്കാമ്പറ്റുവെന്നു തോന്നുന്നില്ല. കോട്ടയം ഭാഗത്ത് എങ്ങാണ്ട് കൊറേ നാട്ടുകാര് വെള്ളം കോരുന്ന കെണറ്റില്‍ ആരാണ്ട് തീട്ടം കൊണ്ടിട്ടെന്ന് പത്രത്തി വായിച്ചു. പണ്ടാരാണ്ടു പറഞ്ഞ ജലയുദ്ധത്തിന്‍റെ തൊടക്കവാരിക്കും ഈ തീട്ടപ്പരിപാടി. അപ്പം മഴയേ ഇല്ലേന്ന് നിങ്ങക്ക് സംശയം തോന്നും. വല്ലപ്പോഴും പേരിനൊന്നു ചാറിയാലായി. ചാറ്റല്‍മഴപോലും ഞങ്ങക്ക് ഇപ്പം വല്യ കാര്യവാണ്. പണ്ട് വൈശാലി സിനിമേല് കണ്ടപോലെ ആഘോഷിക്കാവെന്നുവെച്ചാല് അതിനു മുന്പേ സംഗതി കഴിയും.


വിദേശത്തൂന്നും മറ്റ് സംസ്ഥാനങ്ങളീന്നുമൊക്കെ അവധിക്കുവരുന്ന എങ്ങനെയെങ്കിലും മടങ്ങിയാല്‍ മതി എന്ന അവസ്ഥേലാണിപ്പോ. നാട്ടിലെ മറ്റു ചുറ്റുവട്ടങ്ങളൊക്കെ നിങ്ങക്കറിയാവല്ലോ. ബംഗാളികളെ മുട്ടീട്ട് നടക്കാന്‍ വയ്യാത്ത സ്ഥിതിയായി. വണ്ടിയേലും ട്രെയിനേലും ചായക്കടേലുമൊക്കെ വീറും വൃത്തീമില്ലാത്ത ഇവമ്മാരുതന്നെ. ചെലപ്പം റെയില്‍വേ സ്റ്റേഷനിചെന്നാല് നമ്മള് ബംഗാളിലെങ്ങാണ്ടാണോ നിക്കുന്നേന്ന് തോന്നിപ്പോകും. മിനിഞ്ഞാന്ന് കോട്ടയത്തൂന്ന് കറുകച്ചാലിലോട്ടുള്ള വണ്ടിയേക്കേറിയപ്പം സീറ്റേലൊരുത്തന്‍ പട്ടികുത്തിയിരിക്കുന്നതുപോലെ ചവുട്ടി കുത്തിയിരിക്കുന്നു! ഓരോ ദിവസോം നമ്മടെ നാട്ടില്‍ ഇത്തരക്കാരടെ എണ്ണം കൂടിവരുവാ.


അതുകൊണ്ട് നിങ്ങളോരോരുത്തരും ജോലിചെയ്യുന്ന സ്ഥലത്തെ ചുറ്റുവട്ടോം കാലാവസ്ഥേം  നാട്ടിലെ അവസ്ഥേം ഒന്നു താതമ്യം ചെയ്യ്. എന്നിട്ട് തീരുമാനിക്ക് എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ട്  കെട്ടിയെടുക്കണോന്ന്. ഇപ്പഴത്തെ സ്ഥിതിവച്ചു പറഞ്ഞാ നിങ്ങള് വെക്കേഷന്‍ ചെലവഴിക്കാന്‍ നാട്ടിലോട്ട് വരുന്നതുപോലും    തല്‍ക്കാലം ഉപേക്ഷിക്കുന്നതാരിക്കും നല്ലതെന്ന് ഞങ്ങക്കു തോന്നുന്നു. 


പറയാനൊള്ളത് പറഞ്ഞു. ഇനി നിങ്ങക്ക് തോന്നുന്ന പോലെ ചെയ്യ്.



No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls