Sunday, March 16, 2014

വഴീപ്പറമ്പില്‍ പാപ്പന്‍ ചേട്ടന്റെ സംസ്‌കാരം ഇന്ന്


ഇന്നലെ രാത്രി നിര്യാതനായ നെടുംകുന്നം വഴീപ്പറമ്പില്‍ പാപ്പന്‍ ചേട്ടന്റെ( ജോസഫ് സ്‌കറിയ)സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നെടുംകുന്നം പള്ളിയില്‍. ഭാര്യ: അന്നമ്മ. മക്കള്‍: കുഞ്ഞമ്മ(പള്ളിക്കത്തോട്), അമ്മിണി(പുളിങ്കുന്ന്), ആനിയമ്മ(നെടുംകുന്നം), ജോര്‍ജുകുട്ടി(നെടുംകുന്നം), ബേബിച്ചന്‍ (ബീഹാര്‍), സിസ്റ്റര്‍ ക്രിസ്റ്റിന്‍(കല്‍ക്കട്ട).

Wednesday, March 12, 2014

വെള്ളാറമല വി.ജെ മാത്യൂ നിര്യാതനായി


നെടുംകുന്നം: ചേലക്കൊമ്പ് വെള്ളാറമല വി.ജെ. മാത്യു(കുഞ്ഞൂഞ്ഞ്-86) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 14ന് (വെള്ളി) രാവിലെ 11ന് ചേലക്കൊമ്പ് സി.എസ്.ഐ സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ കണിച്ചുകുളം മാമ്മൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ മാത്യു, ജോര്‍ജ് മാത്യു(ഫോട്ടോഗ്രാഫര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം), ഗ്രേസിക്കുട്ടി മാത്യു, സെലീനാമ്മ മാത്യു(മസ്‌ക്കറ്റ്), മരുമക്കള്‍: പി.ജെ. മാത്യു(റിട്ട. പോസ്റ്റ് മാസ്റ്റര്‍), ലൈസാമ്മ ജോര്‍ജ്, ഇവാഞ്ചലിസ്റ്റ് പി.ജെ. മത്തായി, വര്‍ഗീസ് ജോണ്‍ (മസ്‌ക്കറ്റ്).




Saturday, March 8, 2014

'പിന്നെ' ഒന്നുമില്ല; 'വേറെ ' യാതൊന്നുമില്ല; പ്രവാസികളും വേണ്ടപ്പെട്ടോരും കൊഴപ്പത്തില്‍



   'പിന്നെ'യുടെയും 'വേറെ'യുടെയും ഭയങ്കര ക്ഷാമംമൂലം പ്രവാസികളും അവരടെ കൂട്ടുകാരും വല്യ കൊഴപ്പത്തിലായതായി ഞങ്ങടെ നെടുംകുന്നം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി ഷിബുമോന്‍ നെടുങ്കുന്നത്തൂന്ന് ചേരുന്നു.

ഷിബുമോന്‍..എന്താണ് ഏറ്റവും പുതിയ വശേഷം?

''സുരൈഷ്..  ഏറെക്കാലമായി പ്രവാസികളുടെ വീട്ടുകാരും ബന്ധക്കാരും കൂട്ടുകാരും നേരിടുന്ന വലിയൊരു കൊഴപ്പമാണ് ഇപ്പം കൂടുതല് കൊളവായിരിക്കുന്നേ. ഈ കൊഴപ്പം നെടുങ്കുന്നത്തു മാത്രവല്ല, എല്ലാടത്തുമൊണ്ട്.

പ്രവാസികള്, അതായത് സ്വന്തം നാട്ടീന്ന് വിട്ട് താമസിക്കുന്നോര് വീട്ടിലേക്കോ കൂട്ടുകാരെയോ ഫോണ്‍ ചെയ്താല് ആദ്യംതന്നെ പുതിയ വിശേഷങ്ങളൊക്കെ അങ്ങോട്ടുവിങ്ങോട്ടും പറയും.
അതു കഴിയുമ്പം പ്രവാസി ചോദിക്കും 'പിന്നെ എന്നാ ഒണ്ട്' എന്ന്. അതോടെ മറുതലക്കല് നിക്കുന്നയാള്  നാട്ടിലെ അപവാദങ്ങളും കെട്ടുകഥകളും വെടിവട്ടങ്ങളുമൊക്കെ പറഞ്ഞൊപ്പിക്കും. 'തെക്കേലെ സുമേഷിന്റെ കല്യാണം കഴിഞ്ഞു, പെണ്ണും വീട് കൊല്ലത്താ. പ്രേമവാരുന്നൊക്കെയാ പറയുന്നേ. പള്ളിപ്പറമ്പിലെ ജോസുകുട്ടി എറണാകൊളത്തൂന്ന് ഒരു പെണ്ണിനെ അടിച്ചോണ്ട് നാടുവിട്ടു, കറുത്തേടത്തെ ചാക്കോച്ചന്‍ വെള്ളവടിച്ച് കെണറ്റിപ്പോയി' ഇങ്ങനെ പോകുന്നു വിശേഷങ്ങള്‍.

ബന്ധക്കാരന്‍/കാരി അല്ലെങ്കില്‍ കൂട്ടുകാരന്‍/കാരി പറഞ്ഞു നിര്‍ത്തുമ്പം  വീണ്ടും പ്രവാസി ചോദിക്കും 'വേറെ എന്നാ ഒണ്ട്?'

പെണ്ണുങ്ങളാണേല്‍ പിന്നെപ്പറയും-
'വേറെ എന്നാ? രാവിലെ കപ്പേം മീനുവാരുന്നു. ഉച്ചയ്ക്കത്തെ അരി അടുപ്പത്ത്. രാവിലത്തെ മീങ്കറിയൊണ്ട്. ഇനി ഇച്ചിര പയറു തോരന്‍ വെക്കണം...'

അപ്രത്തൂന്ന്  വീണ്ടും ചോദിക്കും  - 'പിന്നെ?'


ആ പിന്നെയ്ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ നാട്ടി നിക്കുന്നോര് പാടുപെടും.

ഒന്നുകില് ഇല്ലാത്ത കാശുമൊടക്കി വിളിക്കുന്നതാരിക്കും. അല്ലെങ്കില് ഒത്തനേരത്ത് ഫ്രീ കോളോ ഇന്റര്‍നെറ്റ് കോളോ വീഡിയോ ചാറ്റോ ചെയ്യുന്നതാരിക്കും. അതുകൊണ്ട് 'പിന്നെ'യ്ക്കും 'വേറെ'യ്ക്കും എന്തെങ്കിലും മറുപടി പറയാതിരിക്കാമ്പറ്റുവോ?

സുരൈഷ്.. ഈ വിഷയം കൂടുതല് കൂടുതല്‍ പിടിവിട്ടു പോയിക്കോണ്ടിരിക്കുവാന്നാ നമ്മക്ക് കിട്ടുന്ന റിപ്പോര്‍ട്ട്. 'പിന്നെയൊള്ളതും' 'വേറെ നടന്നതും' കണ്ടു പടിക്കാമ്പറ്റാതെ നാട്ടിലൊള്ളോരും ഇതു രണ്ടും കിട്ടാതെ പ്രവാസികളും ബുദ്ധിമുട്ടുവാണ്.

നന്ദി ഷിബുമോന്‍. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ നെടുംകുന്നത്തൂന്ന് രാജേഷും ദുബായീന്ന് തോമസുകുട്ടീം നമ്മടെ കൂടെ ഇപ്പഴൊണ്ട്.

രാജേഷ്..ഞങ്ങടെ വാര്‍ത്തയെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം.

സംഗതി ശരിയാ. ഈ 'പിന്നെ'യ്ക്കും 'വേറെ'യ്ക്കും ഉത്തരം കണ്ടു പിടിക്കുന്നേന്റെ പാട് ചില്ലറയല്ല. പ്രത്യേകിച്ചും മിക്കവാറും വിളിക്കുന്നോരുടെ കാര്യത്തില്‍. മറുപടി കൊടുത്തില്ലേല്, അല്ലെങ്കി പിന്നെ പ്രത്യേകിച്ചൊന്നും ഇല്ലെന്ന് പറഞ്ഞാല്, മറുപടി വൈകിയാല് പ്രവാസികള്‍ക്ക് അത് ഫീലിംഗാകും. പക്ഷെ, ഇവരെ സന്തോഷിപ്പിക്കാനുമാത്രം കൊട്ടക്കണക്കിന് വിശേഷം നമ്മളിത് എവിടെച്ചെന്നൊണ്ടാക്കും?

തലേന്ന് വിളിച്ചിട്ട് പിറ്റേന്ന് വിളിക്കുന്പം പുതിയ വിശേഷമൊന്നും കാണത്തില്ല. ഒന്നുമില്ലെന്നു പറഞ്ഞ് ഫോണ്‍ വെക്കാന്‍ തോന്നും. പക്ഷെ, പറ്റത്തില്ലല്ലോ. ഒരു മാതിരി ഊരാക്കുടുക്കിപ്പെട്ട സ്ഥിതിയാകും. തെരക്കിട്ട് വല്ലോം ചെയ്തോണ്ടിരിക്കുന്പാഴാണേല് പറയുകേം വേണ്ട.

രാജേഷ്..താങ്കളിലേക്ക് തിരിച്ചുവരാം. ദുബായില്‍നിന്ന് തോമസുകുട്ടി ഇപ്പോള്‍ സംസാരിക്കുന്നു.
തോമസുകുട്ടീ.. താങ്കള്‍ എന്നാ പറയുന്നു?

നിങ്ങക്ക് ഇതൊക്കെ തമാശയാരിക്കും. 'പിന്നേം' 'വേറേം' ചോദിക്കുന്നോനെ പിരാകുന്നൊണ്ടാരിക്കും നിങ്ങള്. പക്ഷെ, നാട്ടീന്ന് കൊറേനാളു വിട്ടുനിക്ക്. അപ്പഴറിയാം വിവരം.
നാടും വീടും വിട്ട് കെടന്ന് കട്ടപ്പണി ചെയ്യുന്നവന്‍ അയയ്ക്കുന്ന കാശു കൊള്ളാം. അവന്‍ പണിയുന്ന വീടും അവന്‍ വാങ്ങിക്കൊടുക്കുന്നതെല്ലാം കൊള്ളാം. പക്ഷെ, നാടിനെക്കുറിച്ചും നാട്ടിലുള്ളവരെക്കുറിച്ചുമോര്‍ത്ത് എപ്പോഴും വേവലാതിപ്പെടുന്ന അവന്‍ ഫോണ്‍ ചെയ്താല്‍ സംസാരിക്കുന്നതാണ് വല്യ പാട്. അതൊക്കെ വാര്‍ത്തയാക്കാന്‍ നടക്കുന്ന നിന്നെയൊക്കെ വേണം തല്ലാന്‍. ഹല്ല പിന്നെ!
വേറെ പണിയൊന്നുമില്ലേല്‍  കാവുന്നട കവലേ പോയി വായിനോക്കി നിക്കടാ#^{*@ മോന

ഹലോ താമസുകുട്ടി താങ്കളിലേക്ക് തിരിച്ചുവരാം.

ഇങ്ങോട്ടൊരു $%^ നും തിരിച്ചുവരണ്ട പോടാ*&^%

നന്ദി രാജേഷ്, തോമസുകുട്ടി ഇക്കാര്യത്തില് ഞങ്ങളോട് പ്രതികരിച്ചതിന്. തോമസുകുട്ടീടെ വാക്കുകളീന്നുതന്നെ സംഗതിയുടെ കെടപ്പുവശം നമ്മക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ വളരെ ഗുരുതരമായ ഒരു വിഷയമാണിത്. ഇതിന് പരിഹാരമെന്നാന്നു ചോദിച്ചാ ഞങ്ങക്കറിയാമ്മേല. കൊഴപ്പം നേരിടുന്നോരു തന്നെ പരിഹാരം കാണ്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം നാട്ടുപരദൂഷണങ്ങള്‍

Friday, March 7, 2014

അവസാനം നമ്മടെ കാഞ്ഞിരവും...



നെടുംകുന്നം പള്ളിയുടെ മുന്നിലെ കാഞ്ഞിരത്തെക്കുറിച്ച്  അറിയാത്തോരുണ്ടാവില്ല. എണ്‍പതു കഴിഞ്ഞോര്‍ക്കുപോലും ഈ മരത്തെക്കുറിച്ച് പറയാനേറെ. അപ്പോ ഈ മരം എത്ര സീനിയറാണെന്ന് ഊഹിക്കാവുന്നതേയൊള്ളു. 

 ഇന്ന് കാഞ്ഞിര മരങ്ങള്‍ക്ക് ഗുമ്മില്ലാരിക്കും. പക്ഷെ, പണ്ടത്തെക്കാലത്ത് യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു ഇവര്. നെടുംകുന്നത്തും അതുതന്നെയാരുന്നു സ്ഥിതി. പള്ളീടെ മുന്നിലെ കാഞ്ഞിരത്തിലും ഒരുപാട് യക്ഷികളെയും പിശാചുക്കളെയും മാടന്‍മാരെയും തറച്ചിട്ടൊണ്ടെന്നാണ് കാര്‍ന്നോമ്മാര് പറയുന്നത്. 

 പണ്ട് ഈ മരത്തിനടുത്തൂടെ രാത്രി ഒറ്റയ്ക്ക് പോകാന്‍ പലര്‍ക്കും പേടിയാരുന്നു. ഒരു കാലത്ത് കാഞ്ഞിരത്തിന്റെ പരിസരും കുറെ കറുത്ത പട്ടികളുടെ താവളമാരുന്നു. പിന്നെ പറയാനൊണ്ടോ? മഠത്തുമ്പടി കഴിഞ്ഞാ ബസ് സ്റ്റോപ്പ് പള്ളിപ്പടിയാണേലും 'കാഞ്ഞിരത്തിന്റവിടെ' എന്ന സ്റ്റോപ്പില്ലാത്ത പോയിന്റ് ഒണ്ടായത് അങ്ങനെയാ.

കാലം കടന്നുപോയപ്പോള്‍ യക്ഷികള്‍ക്കും പിശാചുക്കള്‍ക്കും പകരം നമ്മടെ കാഞ്ഞിരത്തില്‍ പരസ്യ ബോര്‍ഡുകള്‍ തറച്ചുവയ്ക്കുന്നത് പതിവാക്കി. റിട്ടയര്‍ ചെയ്താലും പട്ടാളക്കാരന് നാട്ടിലൊരു ബഹുമാനമൊണ്ടല്ലോ. ക്വാട്ട കിട്ടുന്നേന്റെ പേരിലെങ്കിലും! എന്നു പറഞ്ഞപോലെ നമ്മടെ കാഞ്ഞിരത്തിന് ഒരു തലയെടുപ്പൊണ്ടാരുന്നു.

എന്തിനധികം പറഞ്ഞ് കാടുകേറുന്നു? കുടിവെള്ള പൈപ്പിടല്‍, റോഡിന് വീതികൂട്ടല്‍ ജോലികളുടെ ഭാഗമായി വെട്ടിമാറ്റുന്ന വഴിയരികിലെ മരങ്ങളുടെ പട്ടികയില്‍ നമ്മടെ കാഞ്ഞിരവും  പെട്ടുപോയി. ഇന്നലെ കമ്പിറക്കി. ഇന്നു രാവിലെ തായി മാത്രമായി നില്‍ക്കുന്ന കാഞ്ഞിരത്തെക്കണ്ടപ്പോള്‍ വെഷമം തോന്നി. വര്‍ഷങ്ങളായി അതില്‍ താമസമാക്കിയിരുന്ന ഇത്തിളുകളും മറ്റും ശിഖരങ്ങള്‍ക്കൊപ്പം നിലംപൊത്തി. കുറെക്കഴിയുമ്പോ തായിയും വീഴും.

വികസനത്തിന് തൊരങ്കം വെക്കുന്ന വരട്ടു പരിസ്ഥിതി വാദം പ്രസംഗിക്കുവല്ല. അതുകൊണ്ടുതന്നെ വെട്ടിയത് ശരിയല്ലെന്ന് പറയുന്നേയില്ല. മനസ്സിത്തോന്നിയ വെഷമം പറഞ്ഞന്നേയൊള്ളൂ. കാഞ്ഞിരത്തിന്റെ കഥകഴിഞ്ഞ കാര്യം നെടുങ്ങോത്തുകാരെയെല്ലാം അറിയിക്കാനുംകൂടിയാ ഇതെഴുതുന്നേ. 

  കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിമാറ്റപ്പെട്ട മാണികുളത്തെയും നെരിയാനിപ്പൊയ്കയിലെയും കൂറ്റന്‍ തണല്‍ മരങ്ങള്‍ക്കൊപ്പം  കാഞ്ഞിരത്തിനും നെടുംകുന്നം നാട്ടുവിശേഷത്തിന്റെ യാത്രാമൊഴി!

Sunday, February 9, 2014

നെടുംകുന്നത്ത് വഴിനടക്കാന്‍ വെളിച്ചമില്ല


(വാര്‍ത്ത-മലയാള മനോരമ ഫെബ്രുവരി 10,2014)

നെടുംകുന്നം  മേഖലയില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതു കാല്‍നടയാത്രികര്‍ക്കു ദുരിതമാകുന്നു. മണിമല റോഡില്‍ പരുത്തിമൂടുവരെയും മുളയംവേലി റോഡിലും പുന്നവേലി റോഡിലും മാന്തുരുത്തി റോഡിലും മൈലാടി റോഡിലും ചേലക്കൊമ്പ് റോഡിലും വഴിവിളക്കുകള്‍ നോക്കുകുത്തികളായി തുടരുകയാണ്. ഫ്യൂസായ ബള്‍ബുകള്‍ മാറ്റി പകരം പുതിയവ സ്ഥാപിക്കാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.

നെടുംകുന്നം കവലയില്‍ ഹൈമാസ്റ്റ് ലാംപ് മാത്രമാണു യാത്രക്കാര്‍ക്ക് ഏക ആശ്രയം. മുന്‍പ് ഇവിടെ വഴിവിളക്കുകള്‍ പ്രകാശിച്ചിരുന്നെങ്കിലും ഹൈമാസ്റ്റ് ലാംപ് വന്നതോടെ വഴിവിളക്കുകള്‍ കണ്ണടയ്ക്കുകയായിരുന്നു. ഹൈമാസ്റ്റ് ലാംപ് വന്നതോടെ ഭീമമായ വൈദ്യുതി ബില്ല് വരുന്നതാണു മറ്റു വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതിനു പിന്നിലെന്നാണു നാട്ടുകാര്‍ പറയുന്നത്. മണിമല റോഡില്‍ പൈപ്പു ലൈന്‍ മാറ്റിവയ്ക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ രാത്രികാലങ്ങളിലുള്ള കാല്‍നടയാത്ര അപകടം പിടിച്ചതാണ്.

വാഹനങ്ങളുടെ വെളിച്ചത്തിലാണു കാല്‍നടയാത്രക്കാര്‍ ഇവിടെ കടന്നുപോകുന്നതും. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ മാന്തുരുത്തി, മൈലാടി റോഡുകളില്‍ മദ്യപശല്യവും കഞ്ചാവ് കച്ചവടവും വ്യാപിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വഞ്ചിപ്പാട്ട് നെടുംകുന്നത്തെ വേദിയില്‍


Sunday, January 26, 2014

തകര്‍ത്തു മക്കളേ...


കണക്കിലെ ആറ് അല്ലാതെ വേറൊര് ആറ് നെടുംകുന്നത്തില്ല. അതുകൊണ്ടുതന്നെ വള്ളം കളിയുമായി നമ്മക്കൊള്ള ബന്ധോം അത്രേയൊള്ളൂ.  എന്നിട്ടും നമ്മടെ മഠം സ്കൂളിലെ പെന്പിള്ളാര്
അടിച്ചു പൊളിച്ചു. അതേന്ന്! പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ടു മത്സരത്തി നമ്മടെ പിള്ളാര്‍ക്ക് ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം!

 കുട്ടനാടന്‍ ശൈലിയിലുള്ള "ദേവകിയുടെ...'' എന്നു തുടങ്ങുന്ന പാട്ടുപാടിയാണ് നമ്മടെ സെന്‍റ് തെരേസാസ് സ്കൂളിലെ ആതിര എസ്. പിള്ളയും സംഘവും ആലപ്പുഴ ചെന്നിത്തല മഹാത്മ ഗേള്‍സ് ഹൈസ്കൂള്‍ ടീമിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്.

സാന്ദ്ര ജോസഫ്, പി. മറീന , സ്റ്റിനുമോള്‍ ടി.എസ്, അഹല്യ പി. ബാബു, ജോഷ്‌ന ജോര്‍ജ് സാന്ദ്ര സാജു,  റിഞ്ചു റോയ്, സ്റ്റെഫി സിബി, ഹന്ന മേരി എന്നിവരാണ് നെടുംകുന്നം സംഘത്തിലുണ്ടായിരുന്നത്. അന്പലപ്പുഴ ലീല, മംഗളദാസ് എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്.

ഇന്നലെ അതായത് ജനുവരി 25ന് രാവിലെയായിരുന്നു മത്സരം.
സാധാരണ വലിയ  നേട്ടങ്ങള് കൈവരിക്കുന്നോര്‍ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടു നേരും അല്ലെങ്കില്‍ ഒരു ബൊക്കെയോ പൂമാലയോ കൊടുക്കും. പിന്നെ കൊറച്ച് പടക്കോം പൊട്ടിക്കും.

ഞങ്ങള് അതേല് ഒതുക്കുന്നില്ല. ആതിര എസ്. പിള്ളയ്ക്കും സംഘത്തിനും വല്യൊരു പൂന്തോട്ടം തരുന്നു. പിന്നെ സന്തോഷത്തിന്‍റെ വെടിമരുന്നു നിറച്ച നൂറു ബോംബും പൊട്ടിച്ചേക്കുവാ...!

പിള്ളാരടെ പടം നാളത്തേക്ക് സംഘടിപ്പിച്ച് പോസ്റ്റുചെയ്യാന്‍ ശ്രമിക്കാം.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls