Saturday, March 8, 2014

'പിന്നെ' ഒന്നുമില്ല; 'വേറെ ' യാതൊന്നുമില്ല; പ്രവാസികളും വേണ്ടപ്പെട്ടോരും കൊഴപ്പത്തില്‍



   'പിന്നെ'യുടെയും 'വേറെ'യുടെയും ഭയങ്കര ക്ഷാമംമൂലം പ്രവാസികളും അവരടെ കൂട്ടുകാരും വല്യ കൊഴപ്പത്തിലായതായി ഞങ്ങടെ നെടുംകുന്നം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി ഷിബുമോന്‍ നെടുങ്കുന്നത്തൂന്ന് ചേരുന്നു.

ഷിബുമോന്‍..എന്താണ് ഏറ്റവും പുതിയ വശേഷം?

''സുരൈഷ്..  ഏറെക്കാലമായി പ്രവാസികളുടെ വീട്ടുകാരും ബന്ധക്കാരും കൂട്ടുകാരും നേരിടുന്ന വലിയൊരു കൊഴപ്പമാണ് ഇപ്പം കൂടുതല് കൊളവായിരിക്കുന്നേ. ഈ കൊഴപ്പം നെടുങ്കുന്നത്തു മാത്രവല്ല, എല്ലാടത്തുമൊണ്ട്.

പ്രവാസികള്, അതായത് സ്വന്തം നാട്ടീന്ന് വിട്ട് താമസിക്കുന്നോര് വീട്ടിലേക്കോ കൂട്ടുകാരെയോ ഫോണ്‍ ചെയ്താല് ആദ്യംതന്നെ പുതിയ വിശേഷങ്ങളൊക്കെ അങ്ങോട്ടുവിങ്ങോട്ടും പറയും.
അതു കഴിയുമ്പം പ്രവാസി ചോദിക്കും 'പിന്നെ എന്നാ ഒണ്ട്' എന്ന്. അതോടെ മറുതലക്കല് നിക്കുന്നയാള്  നാട്ടിലെ അപവാദങ്ങളും കെട്ടുകഥകളും വെടിവട്ടങ്ങളുമൊക്കെ പറഞ്ഞൊപ്പിക്കും. 'തെക്കേലെ സുമേഷിന്റെ കല്യാണം കഴിഞ്ഞു, പെണ്ണും വീട് കൊല്ലത്താ. പ്രേമവാരുന്നൊക്കെയാ പറയുന്നേ. പള്ളിപ്പറമ്പിലെ ജോസുകുട്ടി എറണാകൊളത്തൂന്ന് ഒരു പെണ്ണിനെ അടിച്ചോണ്ട് നാടുവിട്ടു, കറുത്തേടത്തെ ചാക്കോച്ചന്‍ വെള്ളവടിച്ച് കെണറ്റിപ്പോയി' ഇങ്ങനെ പോകുന്നു വിശേഷങ്ങള്‍.

ബന്ധക്കാരന്‍/കാരി അല്ലെങ്കില്‍ കൂട്ടുകാരന്‍/കാരി പറഞ്ഞു നിര്‍ത്തുമ്പം  വീണ്ടും പ്രവാസി ചോദിക്കും 'വേറെ എന്നാ ഒണ്ട്?'

പെണ്ണുങ്ങളാണേല്‍ പിന്നെപ്പറയും-
'വേറെ എന്നാ? രാവിലെ കപ്പേം മീനുവാരുന്നു. ഉച്ചയ്ക്കത്തെ അരി അടുപ്പത്ത്. രാവിലത്തെ മീങ്കറിയൊണ്ട്. ഇനി ഇച്ചിര പയറു തോരന്‍ വെക്കണം...'

അപ്രത്തൂന്ന്  വീണ്ടും ചോദിക്കും  - 'പിന്നെ?'


ആ പിന്നെയ്ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ നാട്ടി നിക്കുന്നോര് പാടുപെടും.

ഒന്നുകില് ഇല്ലാത്ത കാശുമൊടക്കി വിളിക്കുന്നതാരിക്കും. അല്ലെങ്കില് ഒത്തനേരത്ത് ഫ്രീ കോളോ ഇന്റര്‍നെറ്റ് കോളോ വീഡിയോ ചാറ്റോ ചെയ്യുന്നതാരിക്കും. അതുകൊണ്ട് 'പിന്നെ'യ്ക്കും 'വേറെ'യ്ക്കും എന്തെങ്കിലും മറുപടി പറയാതിരിക്കാമ്പറ്റുവോ?

സുരൈഷ്.. ഈ വിഷയം കൂടുതല് കൂടുതല്‍ പിടിവിട്ടു പോയിക്കോണ്ടിരിക്കുവാന്നാ നമ്മക്ക് കിട്ടുന്ന റിപ്പോര്‍ട്ട്. 'പിന്നെയൊള്ളതും' 'വേറെ നടന്നതും' കണ്ടു പടിക്കാമ്പറ്റാതെ നാട്ടിലൊള്ളോരും ഇതു രണ്ടും കിട്ടാതെ പ്രവാസികളും ബുദ്ധിമുട്ടുവാണ്.

നന്ദി ഷിബുമോന്‍. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ നെടുംകുന്നത്തൂന്ന് രാജേഷും ദുബായീന്ന് തോമസുകുട്ടീം നമ്മടെ കൂടെ ഇപ്പഴൊണ്ട്.

രാജേഷ്..ഞങ്ങടെ വാര്‍ത്തയെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം.

സംഗതി ശരിയാ. ഈ 'പിന്നെ'യ്ക്കും 'വേറെ'യ്ക്കും ഉത്തരം കണ്ടു പിടിക്കുന്നേന്റെ പാട് ചില്ലറയല്ല. പ്രത്യേകിച്ചും മിക്കവാറും വിളിക്കുന്നോരുടെ കാര്യത്തില്‍. മറുപടി കൊടുത്തില്ലേല്, അല്ലെങ്കി പിന്നെ പ്രത്യേകിച്ചൊന്നും ഇല്ലെന്ന് പറഞ്ഞാല്, മറുപടി വൈകിയാല് പ്രവാസികള്‍ക്ക് അത് ഫീലിംഗാകും. പക്ഷെ, ഇവരെ സന്തോഷിപ്പിക്കാനുമാത്രം കൊട്ടക്കണക്കിന് വിശേഷം നമ്മളിത് എവിടെച്ചെന്നൊണ്ടാക്കും?

തലേന്ന് വിളിച്ചിട്ട് പിറ്റേന്ന് വിളിക്കുന്പം പുതിയ വിശേഷമൊന്നും കാണത്തില്ല. ഒന്നുമില്ലെന്നു പറഞ്ഞ് ഫോണ്‍ വെക്കാന്‍ തോന്നും. പക്ഷെ, പറ്റത്തില്ലല്ലോ. ഒരു മാതിരി ഊരാക്കുടുക്കിപ്പെട്ട സ്ഥിതിയാകും. തെരക്കിട്ട് വല്ലോം ചെയ്തോണ്ടിരിക്കുന്പാഴാണേല് പറയുകേം വേണ്ട.

രാജേഷ്..താങ്കളിലേക്ക് തിരിച്ചുവരാം. ദുബായില്‍നിന്ന് തോമസുകുട്ടി ഇപ്പോള്‍ സംസാരിക്കുന്നു.
തോമസുകുട്ടീ.. താങ്കള്‍ എന്നാ പറയുന്നു?

നിങ്ങക്ക് ഇതൊക്കെ തമാശയാരിക്കും. 'പിന്നേം' 'വേറേം' ചോദിക്കുന്നോനെ പിരാകുന്നൊണ്ടാരിക്കും നിങ്ങള്. പക്ഷെ, നാട്ടീന്ന് കൊറേനാളു വിട്ടുനിക്ക്. അപ്പഴറിയാം വിവരം.
നാടും വീടും വിട്ട് കെടന്ന് കട്ടപ്പണി ചെയ്യുന്നവന്‍ അയയ്ക്കുന്ന കാശു കൊള്ളാം. അവന്‍ പണിയുന്ന വീടും അവന്‍ വാങ്ങിക്കൊടുക്കുന്നതെല്ലാം കൊള്ളാം. പക്ഷെ, നാടിനെക്കുറിച്ചും നാട്ടിലുള്ളവരെക്കുറിച്ചുമോര്‍ത്ത് എപ്പോഴും വേവലാതിപ്പെടുന്ന അവന്‍ ഫോണ്‍ ചെയ്താല്‍ സംസാരിക്കുന്നതാണ് വല്യ പാട്. അതൊക്കെ വാര്‍ത്തയാക്കാന്‍ നടക്കുന്ന നിന്നെയൊക്കെ വേണം തല്ലാന്‍. ഹല്ല പിന്നെ!
വേറെ പണിയൊന്നുമില്ലേല്‍  കാവുന്നട കവലേ പോയി വായിനോക്കി നിക്കടാ#^{*@ മോന

ഹലോ താമസുകുട്ടി താങ്കളിലേക്ക് തിരിച്ചുവരാം.

ഇങ്ങോട്ടൊരു $%^ നും തിരിച്ചുവരണ്ട പോടാ*&^%

നന്ദി രാജേഷ്, തോമസുകുട്ടി ഇക്കാര്യത്തില് ഞങ്ങളോട് പ്രതികരിച്ചതിന്. തോമസുകുട്ടീടെ വാക്കുകളീന്നുതന്നെ സംഗതിയുടെ കെടപ്പുവശം നമ്മക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ വളരെ ഗുരുതരമായ ഒരു വിഷയമാണിത്. ഇതിന് പരിഹാരമെന്നാന്നു ചോദിച്ചാ ഞങ്ങക്കറിയാമ്മേല. കൊഴപ്പം നേരിടുന്നോരു തന്നെ പരിഹാരം കാണ്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം നാട്ടുപരദൂഷണങ്ങള്‍

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls