Friday, March 7, 2014

അവസാനം നമ്മടെ കാഞ്ഞിരവും...



നെടുംകുന്നം പള്ളിയുടെ മുന്നിലെ കാഞ്ഞിരത്തെക്കുറിച്ച്  അറിയാത്തോരുണ്ടാവില്ല. എണ്‍പതു കഴിഞ്ഞോര്‍ക്കുപോലും ഈ മരത്തെക്കുറിച്ച് പറയാനേറെ. അപ്പോ ഈ മരം എത്ര സീനിയറാണെന്ന് ഊഹിക്കാവുന്നതേയൊള്ളു. 

 ഇന്ന് കാഞ്ഞിര മരങ്ങള്‍ക്ക് ഗുമ്മില്ലാരിക്കും. പക്ഷെ, പണ്ടത്തെക്കാലത്ത് യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു ഇവര്. നെടുംകുന്നത്തും അതുതന്നെയാരുന്നു സ്ഥിതി. പള്ളീടെ മുന്നിലെ കാഞ്ഞിരത്തിലും ഒരുപാട് യക്ഷികളെയും പിശാചുക്കളെയും മാടന്‍മാരെയും തറച്ചിട്ടൊണ്ടെന്നാണ് കാര്‍ന്നോമ്മാര് പറയുന്നത്. 

 പണ്ട് ഈ മരത്തിനടുത്തൂടെ രാത്രി ഒറ്റയ്ക്ക് പോകാന്‍ പലര്‍ക്കും പേടിയാരുന്നു. ഒരു കാലത്ത് കാഞ്ഞിരത്തിന്റെ പരിസരും കുറെ കറുത്ത പട്ടികളുടെ താവളമാരുന്നു. പിന്നെ പറയാനൊണ്ടോ? മഠത്തുമ്പടി കഴിഞ്ഞാ ബസ് സ്റ്റോപ്പ് പള്ളിപ്പടിയാണേലും 'കാഞ്ഞിരത്തിന്റവിടെ' എന്ന സ്റ്റോപ്പില്ലാത്ത പോയിന്റ് ഒണ്ടായത് അങ്ങനെയാ.

കാലം കടന്നുപോയപ്പോള്‍ യക്ഷികള്‍ക്കും പിശാചുക്കള്‍ക്കും പകരം നമ്മടെ കാഞ്ഞിരത്തില്‍ പരസ്യ ബോര്‍ഡുകള്‍ തറച്ചുവയ്ക്കുന്നത് പതിവാക്കി. റിട്ടയര്‍ ചെയ്താലും പട്ടാളക്കാരന് നാട്ടിലൊരു ബഹുമാനമൊണ്ടല്ലോ. ക്വാട്ട കിട്ടുന്നേന്റെ പേരിലെങ്കിലും! എന്നു പറഞ്ഞപോലെ നമ്മടെ കാഞ്ഞിരത്തിന് ഒരു തലയെടുപ്പൊണ്ടാരുന്നു.

എന്തിനധികം പറഞ്ഞ് കാടുകേറുന്നു? കുടിവെള്ള പൈപ്പിടല്‍, റോഡിന് വീതികൂട്ടല്‍ ജോലികളുടെ ഭാഗമായി വെട്ടിമാറ്റുന്ന വഴിയരികിലെ മരങ്ങളുടെ പട്ടികയില്‍ നമ്മടെ കാഞ്ഞിരവും  പെട്ടുപോയി. ഇന്നലെ കമ്പിറക്കി. ഇന്നു രാവിലെ തായി മാത്രമായി നില്‍ക്കുന്ന കാഞ്ഞിരത്തെക്കണ്ടപ്പോള്‍ വെഷമം തോന്നി. വര്‍ഷങ്ങളായി അതില്‍ താമസമാക്കിയിരുന്ന ഇത്തിളുകളും മറ്റും ശിഖരങ്ങള്‍ക്കൊപ്പം നിലംപൊത്തി. കുറെക്കഴിയുമ്പോ തായിയും വീഴും.

വികസനത്തിന് തൊരങ്കം വെക്കുന്ന വരട്ടു പരിസ്ഥിതി വാദം പ്രസംഗിക്കുവല്ല. അതുകൊണ്ടുതന്നെ വെട്ടിയത് ശരിയല്ലെന്ന് പറയുന്നേയില്ല. മനസ്സിത്തോന്നിയ വെഷമം പറഞ്ഞന്നേയൊള്ളൂ. കാഞ്ഞിരത്തിന്റെ കഥകഴിഞ്ഞ കാര്യം നെടുങ്ങോത്തുകാരെയെല്ലാം അറിയിക്കാനുംകൂടിയാ ഇതെഴുതുന്നേ. 

  കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിമാറ്റപ്പെട്ട മാണികുളത്തെയും നെരിയാനിപ്പൊയ്കയിലെയും കൂറ്റന്‍ തണല്‍ മരങ്ങള്‍ക്കൊപ്പം  കാഞ്ഞിരത്തിനും നെടുംകുന്നം നാട്ടുവിശേഷത്തിന്റെ യാത്രാമൊഴി!

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls