Wednesday, December 7, 2011

വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

മുല്ലപ്പെരിയാര്‍ പ്രശ്നത്തല്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുന്നതിനായി നെടുംകുന്നത്തെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ പോസ്റ്റ് ഓഫീസിലേക്ക് റാലിയായി നീങ്ങുന്നു.

Tuesday, December 6, 2011

അളമുട്ടിയാല്‍ നഴ്സുമാരും തെരുവിലിറങ്ങും

പള്ളിപ്പടി കൂട്ടായ്മയില്‍ നഴ്സുമാരെക്കുറിച്ച്  എന്നാത്തിനാണ് എഴുതുന്നത് ചെലര് ചിന്തിക്കാം.  മധ്യതിരുവിതാംകൂറിലെ മറ്റു പല പ്രദേശങ്ങളില്‍നിന്നുമെന്നപോലെ നമ്മടെ നാട്ടീന്നും ഒരുപാട് നഴ്സുമാര്‍ ലോകത്തിന്‍റെ നാനാദിക്കിലും ജോലി ചെയ്യുന്നുണ്ട്. എന്തിനധികം പറയുന്നു? ഈ ബ്ലോഗ് വായിക്കുന്നവരിലും നഴ്സുമാരും അവര്‍ക്കു വേണ്ടപ്പെട്ടവരുമായ എത്രയോ പേരുണ്ട്?


ശന്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ  അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സുമാര്‍ നടത്തുന്ന ശക്തമായതുകൊണ്ടാണ് ഇതെഴുതാന്‍ തോന്നിയത്.  കഴിഞ്ഞ മാസം സമരം നടത്തിയ  മൂന്നു പേരെ സസ്പെന്‍റ് ചെയ്തതിന്‍റെ പേരിലാണ് സമരം ഉഷാറാക്കാന്‍ നഴ്സുമാരുടെ സംഘടന തീരുമാനിച്ചത്. സമരക്കാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി ബി.ജെ.പിയുടെ പോഷകസംഘടനകള്‍ കളത്തിലെത്തിയതോടെ കയ്യാങ്കളിയായി.  


കേരളത്തിനു പുറത്ത് പലയിടങ്ങളിലും നഴ്സുമാര്‍ പ്രക്ഷോഭത്തിന്‍റെ പാതയിലാണെങ്കിലും ഇതാദ്യമായാണ് നാട്ടിലെ ഒരു വലിയ ആശുപത്രിയില്‍ ശന്പളം കൂട്ടണമെന്നുപറഞ്ഞ് അവര്‍ സമരത്തിനിറങ്ങുന്നത്.ഇതുകണ്ട്  മറ്റ് മുന്‍നിര ആശുപത്രികളിലും  സമരത്തിന് അണിയറ നീക്കം നടത്തുന്നതയാണ് വിവരം. 


മനുഷ്യാവകാശത്തെക്കുറിച്ചും സഹോദര്യത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചുമൊക്കെ പതിവായി വാതോരാതെ പറഞ്ഞോണ്ടിരിക്കുന്ന  മത, സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള  ആശുപത്രികളില്‍ പോലും എല്ലുമുറിയെ പണിയെടുക്കേണ്ടിവരുന്ന നഴ്സുമാര്‍ക്ക് നക്കാപ്പിച്ച ശന്പളമാണ് കൊടുക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് നിരക്കും ചികിത്സയുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്നെങ്കിലും നഴ്സുമാര്‍ക്ക് നല്‍കുന്ന തുകയില്‍  യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നുകാണാം. മുന്‍നിര ആശുപത്രികള്‍ ഒരുദിവസത്തെ വരുമാനം മാറ്റിവച്ചാല്‍ എല്ലാ നഴ്സുമാര്‍ക്കും മാന്യമായി ശന്പളം നല്‍കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


 ജോലിസാധ്യതയുള്ള തൊഴിലെന്ന നിലയിലാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ നഴ്സിംഗിന് ഡിമാന്‍റ് കൂടിയത്.
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ അധികം ജോലി സാധ്യതയില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും നഴ്സിംഗ് മേഖല തെരഞ്ഞെടുത്തത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തേക്ക് ഒട്ടേറെ ആണ്‍കുട്ടികളും എത്തുന്നുണ്ട്.


മലയാളി വിദ്യാര്‍ത്ഥികളുടെ ചാകരക്കോളില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും നഴ്സിംഗ് സ്കൂളുകള്‍ കോടികള്‍ കൊയ്തു. ഇതിനെതിരെ പലരും ശബ്ദമുയര്‍ത്തുകയും ചെയ്തു. പിന്നീട് കണ്ടത് കേരളത്തിലെ നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പകല്‍കൊള്ളയാണ്. വിദേശ ജോലി സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് സ്കൂളുകളുടെ ബോണ്ട് സന്പ്രദായം ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കണ്ണുമടച്ച് സമ്മതിച്ചു. 


കോഴ്സ് കഴിഞ്ഞാല്‍ ബോണ്ട്. ബോണ്ട് കാലത്ത് ശന്പളമില്ല. അതുകഴിഞ്ഞ് മാസം ആയിരം രൂപവച്ച് കിട്ടിയാലും മതി. കാരണം വിദേശത്തേക്ക് പോകാനുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വേണമല്ലോ. ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് ഇതില്‍ കൂടുതല്‍ എന്തുവേണം? സമുദായത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയുമൊക്കെപ്പേരില്‍ 
വിലപേശല്‍ നടത്തി  മുക്കിന് മുക്കിന് നഴ്സിംഗ് കോളേജുകള്‍ തുറന്നു. കിടപ്പാടം പണയംവച്ച് മക്കളെ പഠിപ്പിച്ച പല മാതാപിതാക്കളും വിദേശ സ്വപ്നങ്ങള്‍ പൊലിഞ്ഞപ്പോള്‍ കടംകയറി മുടിഞ്ഞു. 


ആട് തേക്ക് മാഞ്ചിയം ബിസിനസുകാരും ആള്‍ദൈവങ്ങളും നടത്തിയതിനു സമാനമായ തട്ടിപ്പ് നടത്തുന്ന നഴ്സിംഗ് സ്കൂളുകളുടെ തനിനിറം തുറന്നു കാട്ടാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മടിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്ന ഡെമോക്ലിസിന്‍റെ വാള്‍മുനയ്ക്കുകീഴെ അനീതിക്കെതിരെ സംഘടിക്കാന്‍ നഴ്സുമാരും ഭയന്നു.


ഏതു പകല്‍ക്കൊള്ളയ്ക്കും ഒരു അവസാനമുണ്ടല്ലോ. അതിന്‍റെ സൂചനകളാകാം ഇപ്പോള്‍ നമ്മള്‍ കാണുന്നത്. പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ കേള്‍ക്കാറുണ്ട്. നക്കാപ്പിച്ച ശന്പളം വാങ്ങി ഭാരിച്ച ജോലി ചെയ്യേണ്ടിവരുന്പോള്‍, മറ്റു പല സാഹചര്യങ്ങളും കണക്കിലെടുത്ത് മൗനം പാലിക്കാന്‍ നിര്‍ബന്ധിതിരാകുന്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ പൊട്ടെത്തിറിച്ചുപോകുക സ്വാഭാവികമാണല്ലോ.അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിന് എന്ന് ചോദിക്കാന്‍ വരട്ടെ, അങ്ങാടിയില്‍ പ്രതികരിച്ചാല്‍ ജീവിതം കോഞ്ഞാട്ടയാകുമെങ്കില്‍പിന്നെ അമ്മയോടല്ലേ പ്രതികരിക്കനാകൂ. 


കനപ്പെട്ടതല്ലെങ്കിലും തങ്ങളുടെ വരുമാനത്തിനും നഴ്സുമാരുടെ സേവനത്തനും ആനുപാതികമായ, സാമാന്യം തെറ്റില്ലാത്ത ശന്പളം നല്‍കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ തയാറായാല്‍ നാട്ടില്‍തന്നെ ജോലിചെയ്യാനാകും വലിയൊരു ശതമാനം നഴ്സുമാരും ആഗ്രഹിക്കുക. പക്ഷെ, അങ്ങനെയൊരു സാഹചര്യം സ്വപ്നം കാണാന്‍ മാത്രമല്ലേ. കഴിയൂ.











Sunday, December 4, 2011

തിരുന്നാളിന് സമാപ്തി

കൊടിയിറക്കുന്നതിന് തൊട്ടുമുന്‍പുള്ള പള്ളിയുടെ ദൃശ്യം 
കൊടിയറക്കുന്പോള്‍ നടന്ന മിനി വെടിക്കെട്ട്






മുല്ലപ്പെരിയാര്‍; നെടുംകുന്നം പഞ്ചായത്തിന്‍റെ പ്രക്ഷോഭം തുടരും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് നെടുംകുന്നം പഞ്ചായത്ത് പ്രക്ഷോഭം തുടരും. ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 


ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നാളെ ഇടുക്കി ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കും. ഏഴിന് പഞ്ചായത്തിലെ സ്കൂളുകള്‍,  വിവിധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ നെടുംകുന്നം പോസ്റ്റ് ഓഫീസില്‍നിന്നും പ്രധാനമന്ത്രിക്ക് കത്തുകളയയ്ക്കും. ചലച്ചിത്രനടന്‍ കോട്ടയം നസീര്‍ ഉദ്ഘാടനംചെയ്യും.

Saturday, December 3, 2011

എല്ലും കപ്പേം പിന്നെ പള്ളിപ്പടീം

നെടുംകുന്നത്ത് ഏറെ പ്രചാരമുള്ള തനത് 
ഭക്ഷണ വിഭവങ്ങളിലൊന്നാണ് എല്ലും കപ്പയും.
 കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്ന 
കപ്പ ബിരിയാണി പല സ്ഥലങ്ങളിലും സുപരിചിതമാണെങ്കിലും 
നമ്മുടെ എല്ലും കപ്പയും ഒന്നുവേറെതന്നെ. 
കാളയുടെ ഇറച്ചിയോടുകൂടിയ എല്ലും കപ്പയും
 ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. 
എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം.
 കാളയുടെ വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. 





 എല്ലും കപ്പേം ഉണ്ടാക്കാനറിയാത്തോര് 
http://enganeonline.blogspot.com/2010/03/blog-post_05.html
 സന്ദര്‍ശിക്കുക

പള്ളിക്കല്‍ സ്കൂളിന് പടിപ്പുര ഒരുങ്ങി

നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂളിന്‍റെ സുവര്‍ണ ജൂബിലി സ്മാരകമായി സ്കൂള്‍ ഗേറ്റ് നവീകരിച്ച് പടിപ്പുര നിര്‍മിച്ചു. അവസാന മിനുക്കു പണികള്‍ ശേഷിക്കുന്ന പടിപ്പുരയുടെ ഉദ്ഘാടനം പിന്നീട് നടക്കും. 

Friday, December 2, 2011

മുലപ്പെരിയാര്‍; നെടുംകുന്നത്ത് ഉപവാസം നടത്തി




മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിക്ക്  ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബഹുജനസംഘടനാ  നേതാക്കളും നെടുംകുന്നം കവലയില്‍ പ്രകടനവും ഉപവാസവും നടത്തി. 




ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.കെ. ബാബു പ്രകടനം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്  പ്രസിഡന്‍റ് ശശികലനായര്‍, വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജോ തോമസ് പാടിക്കാട്ട്, പ്രഫ. രഘുദേവ്, അജി കാരുവാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍. ജയരാജ് എംഎല്‍എ ഉപവാസ പന്തലിലെത്തി പിന്തുണയറിയിച്ചു.


നെടുംകുന്നം മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് എ.കെ. സെയ്ദ് മുഹദമ്മദ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പ്രക്ഷോഭകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. ഉപവാസത്തിന് സമാപനം കുറിച്ച് യുവജനകലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. ബിനു പഞ്ചായത്ത് പ്രസിഡന്‍റിന് നാരങ്ങാനീര് നല്‍കി. 



Tuesday, November 29, 2011

ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി; തിരുന്നാള്‍ അവിസ്മരണീയമായി

ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 ഹര്‍ത്താല്‍ ദിനത്തില്‍ ജനത്തിരക്ക് കുറയുമെന്ന ആശങ്കകള്‍ കാറ്റില്‍പ്പറത്തില്‍ നാടിന്‍റെ നനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കനാളുകള്‍ ഒഴുകിയെത്തിയപ്പോള്‍ നെടുംകുന്നം പള്ളിയിലെ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ തിരുന്നാളും പുഴുക്കുനേര്‍ച്ചയും പുതിയ ചരിത്രമായി. 
ജനപങ്കാളിത്തത്തിന്‍റെ കാര്യത്തില്‍ ഇത്തവണത്തെ തിരുന്നാള്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു.




ഹര്‍ത്താല്‍ മൂലം ബസ് സര്‍വീസ് ഇല്ലായിരുന്നെങ്കിലും കെ.എസ്.ആര്‍.ടി.സി ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് നെടുംകുന്നം പള്ളിയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി. രാവിലെ ബസുകളില്‍ താരതമ്യേന തിരക്ക് കുറവായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ ചിത്രം മാറി. ഇരുചക്ര, നാലുചക്ര വാഹനങ്ങളിലും അനേകമാളുകള്‍ പള്ളിയിലേക്ക് ഒഴുകി. നാലു മണിയോടെ കോവേലി മുതല്‍ നെരിയാനിപ്പൊയ്കവരെയുള്ള ടാര്‍ റോഡും ഇടവഴികളും വാഹനങ്ങള്‍കൊണ്ടു നിറഞ്ഞു. 



വലിയ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നായിരുന്നു പ്രദക്ഷിണം. സെന്‍റ് തെരേസാസ്, സെന്‍റ് ജോണ്‍സ്, സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ബാന്‍റ് മേളം, മാലാഖ വേഷം കെട്ടിയ കുട്ടികള്‍, പക്കമേളസംഘം, ബാന്‍ഡ് മേളം, ചെണ്ടമേളം തുടങ്ങിവ പ്രദക്ഷിണത്തില്‍ അണിനിരന്നു.
പതിനാലം സ്ഥലത്തൂകൂടി മെയിന്‍ റോഡിലിറങ്ങി പള്ളിപ്പടി കുരിശടി വഴി പ്രദക്ഷിണം ജനബാഹുല്യം മൂലം പള്ളിയില്‍  തിരിച്ചെത്താന്‍ ഒരു മണിക്കൂറോളമെടുത്തു. ഇടയ്ക്ക് കല്‍ക്കുരിശിനു സമീപവും കുരിശടിയുടെ മുന്നിലും യോഹന്നാന്‍ മാംദാനയുടെ തിരുസ്വരൂപത്തില്‍ ഭക്തല്‍ നോട്ടു മാലകളും നാരങ്ങാ മാലകളും മറ്റും സമര്‍പ്പിച്ചു.
പ്രദക്ഷിണം പള്ളിയിലെത്തച്ചേര്‍ന്ന ശേഷമായിരുന്നു പുഴുക്കുനേര്‍ച്ച. ജനത്തിരക്കമൂലം ക്രമീകരണങ്ങള്‍ക്ക് അല്‍പ്പം താമസം നേരിട്ടതിനാല്‍ വൈകുന്നേരം ആറരയോടെയാണ് പുഴുക്കുനേര്‍ച്ച സമാപിച്ചത്. ജാതിതമത ഭേദമെന്യേ ആയിരങ്ങള്‍ പുഴുക്കുനേര്‍ച്ചയില്‍ പങ്കെടുത്തു. 


ചേലക്കൊന്പ് റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍
പുഴുക്കുനേര്‍ച്ചയ്ക്കുശേഷം അനുഭവപ്പെട്ട ഗതാഗതക്കുരുക്കും നെടുംകുന്നത്തെ സംബന്ധിച്ചിടത്തോളം പുതിയ അനേഭുവമായിരുന്നു. ഗതാഗതം സാധാരണ നിലയിലെത്താന്‍ രണ്ടു മണിക്കൂറോളംമെടുത്തു. 


പ്രദക്ഷിണത്തിന്‍റെ സമയത്ത് വാഹനങ്ങളുടെ നീണ്ടനിര


പള്ളി മൈതനാനത്തെ ജനത്തിരക്ക്
പള്ളിമൈതാനത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കിനോടനുബന്ധിച്ച് വളയം ഏറ് നടക്കുന്ന സ്ഥലം

പുഴുക്കുനേര്‍ച്ചയ്ക്കുശേഷം മഠത്തിന്‍പടിക്കുസമീപം അനുഭവപ്പെട്ട കനത്ത ഗതാഗതത്തിരക്ക്

നെടുംകുന്നം പള്ളിപ്പടവില്‍- ഓ‍ഡിയോ സാന്പിളും വരികളും

നെടുംകുന്നം പള്ളിത്തിരുന്നാളിനോടനുബന്ധിച്ച് മീഡിയ ഹബും സെലിബ്രന്‍റ് ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ സ്നാപകന്‍ എന്ന ഓഡിയോ സീഡിയിലെ  നെടുംകുന്നം പള്ളിപ്പടവില്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ആദ്യഭാഗത്തിന്‍റെ യൂട്യൂബ് ലിങ്ക് മുകളില്‍. വരികള്‍ ചുവടെ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ  നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ  നിന്‍മൊഴിയും നിന്‍വഴിയും പാടിനമിക്കുന്നു പാടിനമിക്കുന്നു ഹൃദയം നിന്നെ നമിക്കുന്നു സദയം നിന്നെ നമിക്കുന്നു. നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ..സ്നാപകനെ  വൃശ്ചികമാസപ്പുലരികളെ വിശ്രുതമാക്കും തിരുന്നാളായ് വൃശ്ചികമാസപ്പുലരികളെ വിശ്രുതമാക്കും തിരുന്നാളായ്
വഴക്കകറ്റി, വിഴുപ്പകറ്റി പുഴുക്കുനേര്‍ച്ചയ്ക്കേവരുമൊന്നായ് 
വരവായി...വരവായി കുന്നിന്‍മേലേവാഴും എന്‍ ഹൃദയഗോപുരമേ ആത്മവര്‍ഷം പെയ്തിറങ്ങും കൃപയുടെ പൂവനമേ കുന്നിന്‍മേലേവാഴും എന്‍ ഹൃദയഗോപുരമേ ആത്മവര്‍ഷം പെയ്തിറങ്ങും കൃപയുടെ പൂവനമേ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ സ്നാപകനേ സ്നാപകനേ. ഉന്നതകൃപകള്‍ നേടിടുവാന്‍ വന്നണയുന്നു പ്രിയജനവും വന്നണയുന്നു പ്രിയജനവും ഉന്നതകൃപകള്‍ നേടിടുവാന്‍ വന്നണയുന്നു പ്രിയജനവും
പ്രദക്ഷിണത്തിന്‍ നിറപ്പകിട്ടില്‍ പ്രതീക്ഷപറ്റും ഹൃദയം 
പൊന്‍കുടചൂടുന്നു ചൂടുന്നു വിയര്‍ത്തുമണ്ണില്‍ ഞങ്ങള്‍ വിളയിച്ച പവിഴങ്ങള്‍ വിശുദ്ധമായ നടയില്‍ നേര്‍ച്ചയണച്ചു നമിക്കുന്നു വിയര്‍ത്തുമണ്ണില്‍ ഞങ്ങള്‍ വിളയിച്ച പവിഴങ്ങള്‍ വിശുദ്ധമായ നടയില്‍ നേര്‍ച്ചയണച്ചു നമിക്കുന്നു. നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനേ നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനെ... നിന്‍മൊഴിയും നിന്‍വഴിയും പാടിനമിക്കുന്നു പാടിനമിക്കുന്നു ഹൃദയം നിന്നെ നമിക്കുന്നു സദയം നിന്നെ നമിക്കുന്നു. നെടുംകുന്നം പള്ളിപ്പടവില്‍ തുടികൊട്ടും കൃപയുടെ നിറവേ സ്നാപകനേ ....സ്നാപകനേ സ്നാപകനേ ....സ്നാപകനേ 

Monday, November 28, 2011

തരംഗമായി 'സ്നാപകന്‍'; നെടുംകുന്നം പള്ളിപ്പെരുന്നാളിനെക്കുറിച്ചും പാട്ട്

ഇടവക തിരുന്നാളിനോടനുബന്ധിച്ച് മീഡയ ഹബും സെലിബ്രന്‍റ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ ഓഡിയോ സീഡി സ്നാപകന്‍ തരംഗമാകുന്നു. മീഡിയ ഹബും സെലിബ്രന്‍റ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയിരിക്കുന്ന സിഡിയില്‍ വിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും അഞ്ച് ഗാനങ്ങളുമാണുള്ളത്.


ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ ഫാ. ഷാജി തുന്പേച്ചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന സിഡിയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിഖ്യാതഗായകന്‍ കെസ്റ്റര്‍, വിത്സണ്‍ പിറവം, ഫാ. ഷാജി തുന്പേച്ചിറയില്‍ എന്നിവരാണ്. സീഡി വില 75 രൂപ.


നെടുംകുന്നം പള്ളിത്തിരുന്നാളിനെക്കുറിച്ചുള്ള  നെടുംകുന്നം പള്ളിപ്പടിയില്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. പ്രദക്ഷിണത്തെക്കുറിച്ചും പുഴുക്കുനേലര്‍ച്ചയെക്കുറിച്ചും മറ്റും പരാമര്‍ശമുള്ള ഗാനത്തിന്‍റെ സംഗീതവും വേറിട്ടു നില്‍ക്കുന്നു. കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 


പള്ളിപ്പടിയിലെ ജൂബിലന്‍റ് ഡിജിറ്റല്‍, കാത്തലിക് ബുക് സെന്‍റര്‍ കാവുംനടയിലെ സാറ്റ് ലിങ്ക് കമ്യൂണിക്കേഷന്‍സ്, പള്ളി മൈതാനത്തെ സി.വൈ.എം.എയുടെയും ചെറുപുഷ്പം മിഷന്‍ ലീഗിന്‍റെയും സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ സീഡികള്‍ വില്‍പ്പനയ്ക്കുണ്ട്.


ഇന്നലെ വൈകുന്നേരം കാവുംനടയിലേക്കുള്ള പ്രദക്ഷിണത്തിന്‍റെ വേളയില്‍ പള്ളിയിലും കാവുംനട കുരിശടിയിലും റെക്കോര്‍ഡില്‍ ഉപയോഗിച്ചത് സ്നാപകനിലെ പാട്ടുകളായിരുന്നു. ഇന്ന് ദൃശ്യചാനലിലെ തിരുന്നാള്‍ ലൈവിന്‍റെ പശ്ചാത്തലമായും ഉപയോഗിക്കുന്ന് ഈ പാട്ടുകളാണ്. 


 വിശ്വാസികള്‍ക്ക് ഇതിനോടകം സുപരിചതമായിക്കഴിഞ്ഞ ഗാനങ്ങള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മീഡിയ ഹബ് പ്രതിനിധികള്‍ പറഞ്ഞു. തിരുന്നാള്‍ ദിനങ്ങള്‍കൊണ്ടുതന്നെ സീഡികള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷ. സിഡിയുടെ വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ സിഡി വാങ്ങുന്നവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തല്‍ പങ്കുചേരുകയാണ് -അവര്‍ പറഞ്ഞു. 

പുഴുക്കു നേര്‍ച്ച ഒരുങ്ങുന്നു

നെടുംകുന്നം പള്ളിയിലെ പുഴുക്കു നേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ തയാറാക്കുന്ന ജോലി അവസാന ഘട്ടത്തില്‍. ഈ റിപ്പോര്‍ട്ട് എഴുതുന്ന പുലര്‍ച്ചെ ഒരു മണിക്കും പള്ളി മേടയുടെ പരിസരത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ അനേകംപേര്‍ ജോലിയില്‍ വ്യാപൃതരാണ്.


കാവുംനടയില്‍നിന്ന് പ്രദക്ഷിണം തിരിച്ചെത്തിയതിനു പിന്നാലെ വിഭവങ്ങള്‍ തയാറാക്കിത്തുടങ്ങിയിരുന്നു. കപ്പ, കാച്ചില്‍, ചേന്പ്, ഏത്തക്കായ, ഇഞ്ചി, സവാള, ഇറച്ചി തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് പുഴുക്കിന്‍റെ ചേരുവ.  മുന്‍കാലങ്ങളില്‍ ഇവയിലേറെയും ഇടവകാംഗങ്ങള്‍ വീടുകളില്‍നിന്ന് എത്തിക്കുകായിരുന്നെങ്കില്‍ കൃഷി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ വിഭവങ്ങളുടെ നല്ലൊരു പങ്ക് പള്ളി വിലയ്ക്ക് വാങ്ങുകയാണ്. 



നെടുംകുന്നം പള്ളിയില്‍ പുഴുക്കു നേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ തയാറാക്കുന്ന വിശ്വാസികള്‍



കപ്പയാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇന്ന്(നവംബര്‍ 29) രാവിലെ പതിനൊന്നു മണിയോടെ നേര്‍ച്ച തയാറാക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.  


വലിയ ചെന്പു പാത്രത്തില്‍ തയാറാക്കുന്ന പാകമായതിനുശേഷം പുഴുക്ക് അടുപ്പില്‍നിന്ന് താഴെയിറക്കുന്നത് ഭഗീരഥ യജ്ഞമാണ്. ഇത് അനായാസമാക്കുന്നതിന് ലക്ഷ്യമിട്ട് ഇടവകാംഗങ്ങളില്‍ ഒരാള്‍തന്നെ വികസിപ്പിച്ചെടുത്ത കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം ഇത്തവണത്തെ പുഴുക്കു നേര്‍ച്ചയുടെ അണിയറക്കാഴ്ച്ചകളില്‍ ശ്രദ്ധേയം. അതേക്കുറിച്ച് പിന്നാലെ വിശദീകരിക്കാം.

കാലാവസ്ഥാ പ്രവചനങ്ങള്‍ കാറ്റില്‍പറന്നു; കാവുംനട പ്രദക്ഷിണം ഭക്തിസാന്ദ്രമായി

കാവുംനടയിലേക്കുള്ള പ്രദക്ഷിണത്തിനൊടുവില്‍ തിരുസ്വരൂപം 
പള്ളിക്കു മുന്നിലെ പന്തലില്‍ എത്തിയപ്പോള്‍
കാലാവസ്ഥാ പ്രവചനങ്ങള്‍ കാറ്റില്‍പറന്ന സായാഹ്നത്തില്‍ നെടുംകുന്നം പള്ളിയിലെ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുന്നാളിനോടനുബന്ധിച്ച് കാവുംനടയിലേക്കുള്ള പ്രദക്ഷിണം ഭക്തിസാന്ദ്രവും വര്‍ണാഭവുമായി. രണ്ടു ദിവസത്തേക്ക് മഴ തുടരുമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് ഇന്നു രാവിലെ മാനം തെളിഞ്ഞത്.


വൈകുന്നേരം വലിയ പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പ്രദക്ഷിണത്തില്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ ജനസഹസ്രങ്ങള്‍ അണിനിരന്നു. വാദ്യമേളങ്ങളും പ്രാര്‍ത്ഥനാഗാനങ്ങളും കൊടികളും മുത്തുക്കുടകളും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. 


സി.വൈ.എം.എ, അള്‍ത്താരബാലസംഘം, മിഷന്‍ ലീഗ് തുടങ്ങിയ വിവധ ഭക്തസംഘടനകളിലെ അംഗങ്ങളാണ് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചത്. വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ തിരുസ്വരൂപം അലങ്കരിച്ച വാഹനത്തില്‍ ഏറ്റവും പിന്നിലായാണ് നീങ്ങിയത്.


കാവുംനടയിലേക്കുള്ള റോഡിനിരുവശവും മുത്തുക്കുടകളും വര്‍ണവിളക്കുകളുംകൊണ്ട് അലങ്കരിച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രകാശന്‍ം ചെയ്ത സ്നാപകന്‍ എന്ന ഓഡിയോ സിഡിയിലെ ഗാനങ്ങള്‍  പ്രദക്ഷിണവേളയില്‍ പള്ളിയിലും കാവുംനടയിലെ കുരിശടിയിലും ഉച്ചഭാഷണിയിലൂടെ മുഴങ്ങിയത് ശ്രദ്ധേയമായി. 


കാവുംനട കുരിശടിയില്‍ ഫാ. തോമസ് പാറയ്ക്കല്‍ വചനപ്രഘോഷണം നടത്തി. പ്രദക്ഷിണം തിരികെ പള്ളിയിലെത്തിയതിനുശേഷം കരിമരുന്ന് കലാപ്രകടനം നടന്നു.

മാനം തെളിഞ്ഞു, വിശ്വാസികളുടെ മനസ്സും പ്രദക്ഷിണത്തിന് ഏതാനും മിനിറ്റുകള്‍ മാത്രം

മൂന്നു ദിവസമായി പെയ്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനമെങ്കിലും അത്ഭുതമെന്നോണം വെയിലുദിച്ചു. ഇന്നു(നവംബര്‍ 28) രാവിലെ ഒന്പതു മണിയോടെയാണ് മഴനീങ്ങി മാനം തെളിഞ്ഞത്. അതോടെ നെടുംകുന്നത്തെ വിശ്വാസികളുടെ മനം തെളിഞ്ഞു. തിരുന്നാളിനോടുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നായ കാവുംനടയിലേക്കുള്ള പ്രദക്ഷിണത്തിനായി നാടൊരുങ്ങിക്കഴിഞ്ഞു. 


ഇന്ന് ഉച്ചയോടെ സാമാന്യം ഭേദപ്പെട്ട വെയിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് തയാറാക്കുന്ന വൈകുന്നേരം അഞ്ചുമണിക്ക് സാധാരണ കാലാവസ്ഥയാണ്. പള്ളിപ്പടി മുതല്‍ കാവുംനട വരെ റോഡിനിരുവശവും മുത്തുക്കുടകളും വര്‍ണ്ണ ലൈറ്റുകളുംകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ അനുഗ്രഹംകൊണ്ട് ഇനി പ്രദക്ഷിണം കഴിയും വരെ കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭീഷണിയുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.


കൊച്ചുപള്ളിയില്‍നിന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വലിയ പള്ളിയിലെത്തിയശേഷം ലദീഞ്ഞ് നടന്നു. തുടര്‍ന്ന് ദിവ്യബലി ആരംഭിച്ചു. ദിവ്യബലിക്കുശേഷമാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. 


കാലാവസ്ഥയുടെ ഭീഷണി നീങ്ങിയത് പള്ളി മൈതാനത്തെ കച്ചവടക്കാര്‍ക്കും അമ്യൂസ്മെന്‍റ് പാര്‍ക്ക് നടത്തിപ്പുകാര്‍ക്കും നല്‍കിയ ആശ്വാസം ചെറുതല്ല. പ്രധാന തിരുന്നാള്‍ ദിവസമായ നാളെയും ഇതേ കാലാവസ്ഥ തുടരണമേ എന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും. 

Sunday, November 27, 2011

മഴ അവഗണിച്ചും ഭക്തജനപ്രവാഹം



നിനച്ചിരിക്കാതെ എത്തിയ മഴയുടെ ഭീഷണി മൂന്നാം ദിവസവും തുടരുന്നതിനിടെയും നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാളിനോടനുബബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. 



കാവുംനടയിലേക്കുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം നാളെ(നവംബര്‍ 28)വൈകുന്നേരം നടക്കും. റോഡിന് ഇരുവശവും മുത്തുക്കുടകളും വര്‍ണ്ണവിളക്കുകളും വിശുദ്ധന്‍റെ ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് കൊച്ചുപള്ളിയില്‍ ലദീഞ്ഞോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുക.








തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വലിയ പള്ളിയിലേക്ക് പ്രദക്ഷിണം. 4.15ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന. ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍ മുഖ്യകാര്‍മികനായിരിക്കും. 5.30ന് കാവുംനട കുരിശടിയിലേക്ക് പ്രദക്ഷിണം. 6.30ന് കുരിശടിയില്‍ വടവാതൂര്‍ സെമിനാരിയിലെ അധ്യാപകന്‍ ഫാ. തോമസ് പാറയ്ക്കല്‍ പ്രഭാഷണം നടത്തും. 


7.30ന് പള്ളിയിലേക്ക് പ്രദക്ഷിണം. 8.30ന് സമാപന ശുശ്രൂഷ. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനം. 

മനംകവരാന്‍ വിനോദ കേന്ദ്രം ; മൈതാനം നിറയെ കടകള്‍




നെടുംകുന്നം പള്ളിയിലെ പ്രധാന തിരുന്നാളിന് രണ്ടു ദിവം മുന്പുതന്നെ പള്ളി മൈതാനത്ത് വ്യാപാര സ്ഥാപനങ്ങളും വിനോദകേന്ദ്രവും സജീവമായി. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ഇക്കുറി കടകളുടെ എണ്ണം കൂടുതലാണ്. തിരുന്നാള്‍ വിപണിയുടെ നിര്‍വചനത്തിന്‍റെ ഭാഗമെന്നു വിശേഷിപ്പിക്കാവുന്ന കടകളാണ് ഏറെയും.





കുട്ടികള്‍ക്കു വേണ്ട കളിപ്പാട്ടങ്ങളും മാല, വള, ചാന്തുപൊട്ട് തുടങ്ങിയവയും വില്‍ക്കുന്ന സ്റ്റേഷനറി കടകള്‍, ഈന്തപ്പഴവും ഉഴുന്നാടും മറ്റുമുള്ള മധുരപലഹാര വില്‍പ്പനശാലകള്‍, ബലുണുകള്‍, പീപ്പികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന കടകള്‍, പാത്രങ്ങളും വീട്ടുപകരണങ്ങളും വില്‍ക്കുന്ന കടകള്‍, ഫര്‍ണീച്ചര്‍ ഷോപ്പുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.






സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റും സര്‍വ്വസാധാരണമാകുന്നതിനു മുന്പ് തിരുന്നാള്‍ വിപണിയില്‍ വന്‍ തോതില്‍ കച്ചവടം നടന്നിരുന്നു. ഏത് ഉല്‍പ്പന്നവും എപ്പോഴും ലഭിക്കുന്ന സാഹചര്യം വന്നതോടെ തിരുന്നാള്‍ വിപണിയില്‍ വില്‍പ്പന താഴ്ന്നു. അതുകൊണ്ടുതന്നെ തിരുന്നാള്‍ വേളയില്‍ മൈതാനത്തെ കടകളുടെ എണ്ണവും കുറഞ്ഞു.  







സാധനങ്ങള്‍ വാങ്ങിയാലും ഇല്ലെങ്കിലും മൈതാനത്തെ കടകള്‍ക്കിടയിലൂടെ അലഞ്ഞു നടക്കുന്നത് തലമുറകള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. 







പള്ളി ഓഡിറ്റോറിയത്തിനു മുന്നിലായി നിര്‍മാണം പൂര്‍ത്തയായിരിക്കുന്ന അമ്യൂസ് മെന്‍റ് പാര്‍ക്കാണ് ഇക്കുറി മൈതാനത്തെ പ്രധാന ആകര്‍ഷണം. ജയന്‍റ് വീല്‍, ഡ്രാഗണ്‍ റൈഡ്, ബൈക്ക് റൈഡ് തുടങ്ങിയ വിഭിന്നമായ ഇനങ്ങള്‍ നാട്ടിലെത്തിയിരിക്കുന്നത് കുട്ടികള്‍ക്ക് നല്‍കുന്ന ആഹ്ലാം ചെറുതല്ല. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.




തിരുന്നാള്‍ വിപണി സര്‍വ്വസജ്ജമാണെങ്കിലും തുടര്‍ച്ചയായി പെയ്യുന്ന ചാറ്റല്‍മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രണ്ടു ദിവസത്തേക്കുകൂടി മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം കച്ചവടക്കാരുടെയും അമ്യൂസ്മെന്‍റ് പാര്‍ക്ക് നടത്തുന്നവരുടെയും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.







മുല്ലപ്പെരിയാര്‍; നമുക്കും പ്രാര്‍ത്ഥിക്കാം


അന്തര്‍ സംസ്ഥാന തര്‍ക്കങ്ങളും രാഷ്ട്രീയ നാടകങ്ങളും തുടരവേ  മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന വന്‍ ഭീഷണിയില്‍ കഴിയുന്ന ജനലക്ഷങ്ങള്‍ക്ക് ഇനി ദൈവം മാത്രം തുണ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴില്‍ നിലയുറപ്പിച്ചിരുന്നവര്‍ പോലും ഉറക്കമില്ലാത്ത ഇന്നത്തെ രാത്രികളില്‍ ജഗദീശ്വരന്‍റെ കനിവുതേടുകയാണ്. 
നമുക്കും മനസ്സുകൊണ്ട് ആ പ്രാര്‍ത്ഥനയില്‍ പങ്കുചേരാം. 

Friday, November 25, 2011

'സ്‌നാപകന്‍' സി.ഡി പ്രകാശനംചെയ്തു

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിത്തിരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ സ്‌നാപകയോഹന്നാനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും ഗാനങ്ങളും അടങ്ങുന്ന ഓഡിയോ സിഡി 'സ്‌നാപകന്‍'പുറത്തിറക്കി. ട്രസ്റ്റി സി.വി. ദേവസ്യയ്ക്കു നല്‍കി വികാരി ഫാ. മാത്യു പുത്തനങ്ങാടി പ്രകാശനംചെയ്തു.
രചനയും സംഗീതവും നിര്‍വഹിച്ച ഫാ. ഷാജി തുമ്പേച്ചിറയില്‍,   ഫാ. സഖറിയാസ് പുതുപ്പറമ്പില്‍, ഫാ. തോമസ് പായിക്കാട്ടുമറ്റത്തില്‍, ഫാ. ജെയിംസ് പഴയമഠം തുടങ്ങിയവര്‍ പങ്കെടുത്തു. 
ക്രിസ്തീയ ഭക്തിഗാനരംത്ത് വിഖ്യാതരായ കെസ്റ്ററും വിത്സണ്‍ പിറവവും ഫാ. ഷാജി തുന്പേച്ചിറയിലുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.  സെലിബ്രന്റ്‌സ് ഇന്ത്യയും മീഡിയ ഹബും ചേര്‍ന്ന്  വിപണിയിലിറക്കിയിരിക്കുന്ന സിഡിയുടെ വില 75 രൂപ. പള്ളിപ്പടിയിലെ ജൂബിലാന്‍റ് ഡ്യൂട്ടിപെയ്ഡ് ആന്‍റ് ഹോം അപ്ലയന്‍സസിലും കാത്തലിക് ബുക് സെന്‍ററിലും തിരുന്നാളിനോടനുബന്ധിച്ച് പള്ളി ഗ്രൗണ്ടില്‍ സി.വൈ.എം.എ നടത്തുന്ന കടയിലും സിഡി ലഭ്യമാണ്. 



 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls