Monday, December 31, 2012

ആയിരവും കടന്ന് നാട്ടുവിശേഷം; സ്‌നേഹിതര്‍ക്ക് നന്ദി!


ഫേസ്ബുക്കിലെ നെടുംകുന്നംകാരുടെ കൂട്ടായ്മയായ നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ സുഹൃത്തുക്കളുടെ എണ്ണം പുതുവത്സരദിനത്തില്‍
ആയിരത്തിലെത്തിയിരിക്കുന്നു.

ആയിരാമത്തെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച ടോണി ജോണ്‍ കാട്ടൂരിന് ഹൃദ്യമായ സ്വാഗതം. 

ഈ സന്തോഷവേളയില്‍ ഇതുവരെ ഇവിടെ കൈകോര്‍ത്ത എല്ലാവര്‍ക്കും നാട്ടുവിശേഷം ടീം അകമഴിഞ്ഞ നന്ദിയറിയിക്കുന്നു.

പള്ളിപ്പടി കൂട്ടായ്മ എന്ന പേരില്‍ തുടക്കം കുറിച്ച ഫേസ്ബുക്ക് പേജും അനുബന്ധ ബ്ലോഗും നിങ്ങള്‍ ഓരോരുത്തരും നല്‍കിയ പിന്തുണകൊണ്ടാണ് വളരെ പെട്ടെന്ന് ജനകീയമായി മാറിയത്. 

പള്ളിപ്പടിക്ക് പുറത്തുനിന്നുള്ള അനേകംപേര്‍ സുഹൃത്തുക്കളായി എത്തിയ സാഹചര്യത്തിലാണ് ഫേസ് ബുക്ക് പേജിന്‍റെയും ബ്ലോഗിന്‍റെയും പേര് നെടുംകുന്നം നാട്ടുവിശേഷം എന്നാക്കിമാറ്റിയത്. 

കൂടുതല്‍ സജീവമായി മുന്നോട്ടു പോകുന്നതിന് സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ടീം നാട്ടുവിശേഷം

പുതുവര്‍ഷപ്പുലയില്‍ മഞ്ഞുപുതച്ച നെടുംകുന്നം








Friday, December 28, 2012

ചക്കുപുരയ്ക്കല്‍ ഔസേഫ് യോഹന്നാന്‍ നിര്യാതനായി


നെടുംകുന്നം കുമ്പിക്കാപ്പുഴ ചക്കുപുരയ്ക്കല്‍ ഔസേഫ് യോഹന്നാന്‍ (93) നിര്യാതനായി. സംസ്‌കാരം ഇന്നു 11നു കൂത്രപ്പള്ളി മിസംപടി ഫുള്‍ ഗോസ്പല്‍ ഇന്‍ഡിപ്പെന്റന്‍ഡ് സഭാ സെമിത്തേരിയില്‍. ഭാര്യ: കോത്തല പുള്ളിയില്‍ പരേതയായ അന്നമ്മ. മക്കള്‍: ജോണ്‍, ചാക്കോച്ചി, റോസമ്മ, അമ്മിണി, മോളി, തങ്കമ്മ, പരേതനായ കുഞ്ഞുമോന്‍. മരുമക്കള്‍: മറിയാമ്മ, ലീലാമ്മ, അമ്മിണിക്കുട്ടി, ജോസഫ്, മത്തായി, സാബു, ജോയ്.

Wednesday, December 26, 2012

അനുമോദിച്ചു



കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പാസഞ്ചര്‍ ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്ത നെടുംകുന്നം വാച്ചാപറമ്പില്‍ ഉണ്ണി മാത്യുവിനെയും കടയനിക്കാട് പുതുമന തോമസ് ജോസഫിനെയും പി.എസ്. ജോണ്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഡോ.എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനംചെയ്തു. മാത്യു ജോണ്‍ അധ്യക്ഷതവഹിച്ചു.

ടിപ്പര്‍ലോറികള്‍ നാളെമുതല്‍ അനിശ്ചിതകാല സമരത്തിന്


ടിപ്പര്‍ ലോറികളുടെ സമയം നാലു മണിക്കൂറാക്കിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ ഓള്‍ കേരള ടിപ്പര്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ കറുകച്ചാലില്‍ ചേര്‍ന്ന യോഗം പ്രതിഷേധം രേഖപ്പെടുത്തി. സമയനിയന്ത്രണമല്ല സ്പീഡ് നിയന്ത്രണമാണു വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. 

ടിപ്പര്‍ ലോറികള്‍ ഓട്ടം നിര്‍ത്തുന്നതോടെ കരിങ്കല്ലും മണ്ണും ഉള്‍പ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിടുകയും നിര്‍മാണ മേഖല പ്രതിസന്ധിയിലാകുകയും ചെയ്യും.
മേഖലയിലെ പ്രതിസന്ധികള്‍ ബോധ്യപ്പെടുത്തി വകുപ്പുമന്ത്രി, കളക്ടര്‍, ആര്‍ടിഒ എന്നിവര്‍ക്കു നിവേദനം കൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. അനുകൂല തീരുമാനം ഉണ്ടാകാത്തപക്ഷം നാളെമുതല്‍ നിര്‍മാണമേഖല ഒന്നടങ്കം സ്തംഭിപ്പിച്ച് ടിപ്പര്‍ ലോറികള്‍ അനിശ്ചിതകാല സമരം നടത്തും. യോഗത്തില്‍ പ്രസിഡന്‍റെ കെ.ജെ. പ്രകാശ്, വൈസ് പ്രസിഡന്‍റ് ബിജോ ആന്റണി, സെക്രട്ടറി ഷൈജു പാലക്കാടന്‍, ട്രഷറര്‍ സിനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Monday, December 24, 2012

പോളിത്തിന്‍ ക്രിസ്മസ് ട്രീ



പ്ലാസ്റ്റിക്ക് പ്രചരിപ്പിക്കുകയല്ല. മിച്ചമായിരുന്ന കൂടുകള്‍ ഇങ്ങനെ പോകട്ടെയെന്നു കരുതി.

കറുകച്ചാലില്‍ കോര്‍പ്പറേഷന്‍ ബാങ്ക് ശാഖ തുറന്നു



ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ ലാറാ ടവറില്‍ കോര്‍പറേഷന്‍ ബാങ്കിന്‍റെ കറുകച്ചാല്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു.  ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനംചെയ്തു. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ടൈറ്റസ് മാത്യു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രേമാനന്ദ് കമ്മത്ത്, ബ്രാഞ്ച് മാനേജര്‍ നാഗനാഥ അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

വേറിട്ട പുല്‍ക്കൂടൊരുക്കി വീണ്ടും സി.വൈ.എം.എ



മഞ്ഞുമൂടിയ തടാകം... മുകളിലെ പാറക്കെട്ടിലൂടെ തടാകത്തിലേക്ക് ആര്‍ത്തലച്ചെത്തുന്ന വെള്ളച്ചാട്ടം... പാറക്കെട്ടുകളുടെ മുകളില്‍ മേഘച്ചുരുളുകള്‍ക്കിടയില്‍ ശുഭ്രനക്ഷത്രം...തടാകക്കരയില്‍ പുല്‍മേട്...പുല്‍മേടിന്‍റെ ഒരറ്റത്തെ പുല്‍ക്കൂട്ടില്‍ ലോക രക്ഷകന്‍ പിറന്നിരിക്കുന്നു. പുല്‍മേട്ടിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും രക്ഷകനെ കാണാനെത്തുന്ന രാജാക്കന്‍മാര്‍...എല്ലാ കാഴ്ച്ചളെയും തഴുകിയൊഴുകുന്ന വര്‍ണ്ണവെളിച്ചം....

ക്രിസ്മസിനോടനുബന്ധിച്ച് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ സി.വൈ.എം.എ ഒരുക്കിയ പുല്‍ക്കൂടിന്‍റെ വിസ്മയക്കാഴ്ച്ചകള്‍ ഇങ്ങനെ പോകുന്നു. ദിവസങ്ങള്‍ നീണ്ട പ്രയത്നത്തനൊടുവിലാണ് സി.വൈ.എം.എ സംഘം പുല്‍ക്കൂട് യാഥാര്‍ത്ഥ്യമാക്കിയത്. 

മഞ്ഞില്‍ പൊതിഞ്ഞ മരവും അതില്‍ തൂങ്ങിയ വള്ളികളും മഞ്ഞുപുതച്ച കാഴ്ച്ചകള്‍ക്ക് പൂര്‍ണതയേകുന്നു. ഡിസംബര്‍ 24ന് അര്‍ധരാത്രി നടന്ന ക്രിസ്മസ് ശുശ്രൂഷയില്‍ പള്ളിവികാരി ഫാ. മാത്യു പുത്തനങ്ങാടി പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപം വച്ചു. രാത്രിയും രാവിലെയും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പുല്‍ക്കൂട് കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. 

വര്‍ഷങ്ങളായി പള്ളിയിലെ പുല്‍ക്കൂട് നിര്‍മ്മിക്കുന്നത് സി.വൈ.എം.എ അംഗങ്ങളാണ്. ഓരോ വര്‍ഷവും തികച്ചും വിഭിവന്നമായ ആശങ്ങളുടെ പിന്‍ബലവുമായാണ് പുല്‍ക്കൂട് യാഥാര്‍ത്ഥ്യമാക്കുന്നത്. മുന്‍പ് ഭീമന്‍ നക്ഷത്രത്തിനുള്ളിലും അരയാല്‍ ഇലയിലും മെഴുകുതിരിയിലും പായ് വഞ്ചിയിലുമൊക്കെ തിരുപ്പിറവി ദൃശ്യവത്കരിച്ചിട്ടുണ്ട്. 

ഒരിക്കല്‍കൂടി ആകര്‍ഷകമായ പുല്‍ക്കൂടൊരുക്കിയ സി.വൈ.എം.എ സംഘത്തിന് നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ അഭിനന്ദനങ്ങള്‍!

അമ്മയെ മര്‍ദ്ദിച്ചതിന് കറുകച്ചാലിലെ പോലീസുകാരന് സസ്പെന്‍ഷന്‍


Sunday, December 23, 2012

ബിഷപ് ഡോ. ജോസഫ് പതാലില്‍ വിരമിച്ചു.

നെടുംകുന്നം സ്വദേശിയായ ബിഷപ് ഡോ. ജോസഫ് പതാലില്‍ രാജസ്ഥാനിലെ ഉദയപ്പൂര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്ന് വിരമിച്ചു. അദ്ദേഹത്തിന് 75 വയസായതിനെത്തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. ജാബുവ ബിഷപ്പ് ഡോ. ദേവപ്രസാദ് ജോണ്‍ ഗവനയെ ഉദയപ്പൂരിലെ പുതിയ ബിഷപ്പായി നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ഡോ. ഗനവ സ്ഥാനമേല്‍ക്കുന്നതുവരെ ഡോ. പതാലില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരിക്കും.

1937 ജനുവരി 26ന് പതാലില്‍ സ്കറിയാ സ്കറിയായുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച  ഡോ. പതാലില്‍ 1963 സെപ്റ്റംബര്‍ 21-ന്‌ പൗരോഹിത്യം സ്വീകരിച്ചു. 1985 ഫെബ്രുവരി 14നായിരുന്നു മെത്രാഭിഷേകം. നെടുംകുന്നത്തുനിന്നും ഇതുവരെ കത്തോലിക്കാ മെത്രാന്‍ പദവിയിലെത്തിയിട്ടുള്ള ഏക വ്യക്തിയാണ് ഇദ്ദേഹം.


അറുപതുകളില്‍ തികച്ചും അപരിഷ്കൃതമായിരുന്ന രാജസ്ഥാനിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഡോ. പതാലില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. അന്നും പിന്നീടും വിശ്വാസത്തിന്‍റെ വെളിച്ചം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും അവരുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതിനുമാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. 

മണിമാളികകള്‍ നിര്‍മ്മിക്കുകയും ജനങ്ങളെ മറക്കുകയും ചെയ്യുന്ന പ്രലോഭനങ്ങളോട് തനിക്ക് നിരന്തരം പോരാടേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ സാരഥ്യവും വൈദികരുടെയും സന്യസ്ഥരുടെയും അര്‍പ്പണ മനോഭാവും രൂപതയുടെ പടപടിയായ വളര്‍ച്ചയ്ക്ക് വഴിതെളിച്ചു. സന്യസ്ഥരുടെയും വിശ്വാസികളുടെയും സംഖ്യയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും ഉദയപ്പൂര്‍ രൂപത ഇന്ന് ഏറെ മുന്നിലാണ്.




Saturday, December 22, 2012

നെടുംകുന്നം ക്രിസ്മസ് മൂഡില്‍


നമ്മടെ നാട്ടില്‍ പൊതുവേ ക്രിസ്മസ് കരോള്‍ സംഘങ്ങള് എറങ്ങിത്തൊടങ്ങുന്നത് ഏതു ദെവസമാണെന്ന് പിടിയുമുണ്ടോ?. ഡിസംബര്‍ 23ന് എന്നാകും പലരും പറയുക. പണ്ടൊക്കെ അങ്ങനെയാരുന്നല്ലോ. പക്ഷെ, ഇത്തവണ സ്ഥിതി അതല്ല. ഇന്നലെ, അതായത് ഡിസംബര്‍ 22ന് നെടുംകുന്നത്തും കറുകച്ചാലിലുമൊക്കെ പാട്ടു സംഘങ്ങളുടെ ബഹളമായിരുന്നു.

കരോളുകാരുടെ സെറ്റപ്പിനൊന്നും കാര്യവായ വ്യത്യാസം വന്നിട്ടില്ല. മുളങ്കമ്പുകൊണ്ടുണ്ടാക്കിയ ചട്ടക്കൂടിന്‍റെ പൊറത്ത് വര്‍ണ്ണക്കടലാസൊട്ടിച്ച നക്ഷത്രം. വലിയൊരു കമ്പിന്‍റെ മോളില്‍ കെട്ടിവച്ച നക്ഷത്രത്തിനകത്ത് പാട്ടവെളക്ക്. പിന്നെ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം കെട്ടിയ ഒരാള്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ ട്യൂണിലൊള്ള കരോള്‍ പാട്ട്.

ഇന്നലെ കറുകച്ചാലില് രണ്ടോ മൂന്നോ കരോള്‍ ടീമൊണ്ടാരുന്നു. കവലേലെ കടകള്‍ തോറും നടന്നാണ് അവര് പാട്ടുപാടിയത്. എക്കാലത്തെയും ഹിറ്റ് ക്രിസ്മസ് പാട്ടുകള് സിഡി പ്ലേയറിലിട്ട് റെക്കോര്‍ഡുവച്ച് കവലേല്‍ കറങ്ങിയ സംഘം പുതിയ കാഴച്ചയാരുന്നു. നെടുംകുന്നത്ത് പള്ളിപ്പടിക്കലും മാണികൊളത്തും മാന്തുരുത്തീലുമൊക്കെ ഇന്നെല കരോളുകാരിറങ്ങി. 


എന്തൊക്കെപ്പറഞ്ഞാലും ഇത്തവണ ക്രിസ്മസ് ആഘോഷം പഴേതിനേക്കാളൊക്കെ അടിപൊളിയാണെന്നു തോന്നുന്നു. കറുകച്ചാലിലാണ് ഏറ്റോം കൂടുതല്‍ ഓളം. പല കടകളിലും  വിയ്ക്കാനുള്ള നക്ഷത്രങ്ങളും വര്‍ണ്ണ വിളക്കുകളും രാത്രിയെ പകലാക്കുന്നു. പടക്കം വിയ്ക്കുന്ന പത്തോളം കടകളിലും നല്ല തെരക്കാണ്.  അത്രേം വരത്തില്ലേലും കാവുംനടേലും പള്ളിപ്പടക്കലുമൊക്കെ ക്രിസ്മസ് മൂഡായിക്കഴിഞ്ഞു.


മറ്റ് ആഘോഷങ്ങള്‍ പോലെതന്നെ ക്രിസ്മസിനും നെടുംകുന്നത്ത് ജാതീടേം മതത്തിന്റേമൊന്നും അതിര്‍വരമ്പുകളില്ല. അതുകൊണ്ടുതന്നെ അക്രൈസ്തവരുടെ വീടുകളിലും കടകളിലും നക്ഷത്രോം വര്‍ണ്ണ ലൈറ്റുകളുമൊന്നും കണ്ടാല്‍ ആരും അത്ഭുപ്പെടേണ്ട. കാരണം  ഇത് നെടുംകുന്നമാണ്. 



വീടുകളില്‍ നക്ഷത്രമിടീലും ക്രിസ്മസ് ട്രീയും പുല്‍ക്കൂടും ഒരുക്കലുമൊക്കെ അവസാന ഘട്ടത്തിലാണ്. നെടുംകുന്നം പള്ളീല്‍ പുല്‍ക്കൂട് നിര്‍മാണം പുരോഗമിക്കുന്നു. പതിവുപോലെ സി.വൈ.എം.എ പ്രവര്‍ത്തകരാണ് പള്ളീല് പുല്‍ക്കൂടൊരുക്കുന്നത്. 
നമുക്ക് ഓരോരുത്തര്‍ക്കും ഈ ആഘോഷത്തില്‍ പങ്കുചേരാം. നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ എല്ലാ സ്‌നേഹിതര്‍ക്കും, പ്രത്യേകിച്ച്, പ്രവാസികള്‍ക്ക് ആഹ്ലാദത്തിന്റെയും അനുഗ്രഹത്തിന്‍റെയും ക്രിസ്മസ് ആശംസിക്കുന്നു.

100 കോടിയിലേറെ പേര്‍ കണ്ടു; ഗന്നം സ്‌റ്റൈലിന് റെക്കോഡ്‌



യുട്യൂബില്‍ ഏറ്റവുംകൂടുതല്‍ പേര്‍ കണ്ട വീഡിയോ എന്ന റെക്കോഡ് ഗന്നം സ്‌റ്റൈല്‍ കരസ്ഥമാക്കി. ദക്ഷിണകൊറിയന്‍ റാപ് ഗായകന്‍ സൈയുടെ ഗാനമാണ് ഗന്നം സ്‌റ്റൈല്‍.

യുട്യൂബില്‍ 2012 ജൂലായ് 15ന് പോസ്റ്റ് ചെയ്ത ശേഷം 100 കോടിയിലേറെ പേര്‍ ഈ ഗാനം കണ്ടുവെന്നാണ് കണക്ക്. കൗമാര പോപ് താരം ജസ്റ്റിന്‍ ബീബറുടെ ബേബി എന്ന ഗാനത്തിന്‍റെ റെക്കോഡാണ് ഗന്നം സ്‌റ്റൈല്‍ തിരുത്തിയത്.ഏറ്റവുംകൂടുതല്‍ പേര്‍ ഇഷ്ടപ്പെട്ട വീഡിയോ എന്ന റെക്കോഡും ഗന്നം സ്‌റ്റൈല്‍ കരസ്ഥമാക്കി. പോസ്റ്റ് ചെയ്ത ദിവസംമുതല്‍ ഇതുവരെ 61 ലക്ഷം 'ലൈക്കു'കളാണ് ഇതിന് കിട്ടിയത്.

മുപ്പത്തിനാലുകാരനായ സൈ കുതിരസവാരി മാതൃകയില്‍ ചിട്ടപ്പെടുത്തിയ നൃത്തമാണ് ഗന്നം സ്‌റ്റൈലിന്‍റെ ആകര്‍ഷണം. ഗാനത്തിന് ഒട്ടേറെ അനുകരണങ്ങളും ഉണ്ടായിട്ടുണ്ട്.

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ സമ്പന്നര്‍ പാര്‍ക്കുന്ന ഗന്നം പ്രദേശത്തെ ഉപഭോഗസംസ്‌കാരത്തെ കളിയാക്കുന്നതാണ് ഗന്നം സ്‌റ്റൈല്‍. സമ്പന്നര്‍ ബീച്ചിലും പാര്‍ക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള പൊങ്ങച്ചവേഷങ്ങളും സണ്‍ഗ്ലാസുമൊക്കെ അണിഞ്ഞാണ് വീഡിയോയില്‍ സൈ പ്രത്യക്ഷപ്പെടുന്നത്.

യു.എന്‍. സെക്രട്ടറിജനറല്‍ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധര്‍ ഗന്നം സ്‌റ്റൈല്‍ നൃത്തംചെയ്തിട്ടുണ്ട്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഗന്നം സ്‌റ്റൈല്‍ നൃത്തംചെയ്യുന്ന വീഡിയോ യു.എസ്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പുസമയത്ത് യുട്യൂബില്‍ പ്രസിദ്ധമായിരുന്നു.

(കടപ്പാട്-മാതൃഭൂമി.കോം)


Wednesday, December 19, 2012

കറുകച്ചാലിലെ ഹൈമാസ്റ്റ് ലാന്പ് അവശനിലയില്‍





കറുകച്ചാലിലെ ഹൈമാസ്റ്റ് ലാന്പ്(എല്ലാ ലൈറ്റുകളും തെളിഞ്ഞിരുന്ന നാളുകളിലെ ചിത്രം)

കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലാമ്പിന്‍റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചത് നഗരത്തെ ഇരുട്ടിലാക്കി. നാലുമാസം മുന്‍പ് എട്ടുലക്ഷം രൂപ മുടക്കി സ്ഥാപിച്ച ലാന്പിന്‍റെ ഒരു ഭാഗത്തെ ലൈറ്റുകള്‍ രണ്ടുദിവസം മുമ്പാണ്  കണ്ണടച്ചത്.

ഒരു മാസം മുന്‍പ് ലൈറ്റ് പൂര്‍ണമായും തകരാറിലായിരുന്നു. നിലവില്‍ എട്ടു ലൈറ്റുകളില്‍ നാലെണ്ണം മാത്രമേ പ്രകാശിക്കുന്നുള്ളൂ. ക്രിസ്മസ്, ഉത്സവ സീസണില്‍ ജംഗ്ഷനില്‍ വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ അനേകം വാഹനങ്ങള്‍ കറുകച്ചാലിലൂടെ കടന്നുപോകുന്നുമുണ്ട്. 

 സാങ്കേതിക തകരാറുമൂലമാണ് വിളക്കുകള്‍ പ്രകാശിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചു. 

Tuesday, December 18, 2012

നെടുംകുന്നം ശാസ്താക്ഷേത്രത്തില്‍ ആഴിപൂജ

നെടുംകുന്നം ശാസ്താക്ഷേത്രത്തില്‍ 22ന് മഹാഭസ്മാഭിഷേകവും ആഴിപൂജയും നടക്കും. കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശ്രീജേഷ് നമ്പൂതിരി, മേല്‍ശാന്തി ശ്രീമംഗലത്ത്ഇല്ലത്ത് വിഷ്ണുനമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് ഭസ്മകലശപൂജ, ആറിന് പഴക്കുല സമര്‍പ്പണം, 6.30ന് മഹാഭസ്മാഭിഷേകം തുടര്‍ന്ന് ഭജന. രാത്രി 10.30ന് ആഴിപൂജ എന്നിവയാണ് പരിപാടികള്‍.

(വാര്‍ത്ത-മാതൃഭൂമി)

Friday, December 14, 2012

എസ്.എന്‍.ഡി.പി ഓഫീസ് സമുച്ചയത്തിന് ശിലയിട്ടു

നെടുംകുന്നം നോര്‍ത്ത് 2902ആം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്‍റെ പുതിയ പ്രാര്‍ത്ഥനാഹാളിന്‍റെയും ഓഫീസ് സമുച്ചയത്തിന്‍റെയും ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്‍റ് കെ. .വി.ശശികുമാര്‍ നിര്‍വഹിച്ചു. ശാഖാ പ്രസിഡന്‍റ് പി.സുകുമാരന്‍ പറമ്പുകാട്ടില്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.എം.ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.വി.സജി, സജീവ് പൂവത്ത്, ഗീതാ മണിക്കുട്ടന്‍, പി.ആര്‍.ബാലകൃഷ്ണന്‍, പി.കെ.രാജീവ് വേങ്ങമൂട്ടില്‍, ശാന്തമ്മ സുകുമാരന്‍, പി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 




(വാര്‍ത്ത-മാതൃഭൂമി.കോം)

Thursday, December 13, 2012

നെടുന്പാശേരി വിമാനത്താവളത്തിലൂടെ മനുഷ്യക്കടത്ത് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ എ.പി. അജീബിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അദ്ദേഹം.

മനുഷ്യക്കടത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ മുമ്പ് ജോലി നോക്കിയിരുന്ന ഡിവൈ.എസ്.പി. അടക്കമുള്ള ഉന്നതര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് എതിരെയുള്ള നടപടി ഡി.ജി.പി.യുടെ ശുപാര്‍ശയോടെ സര്‍ക്കാര്‍ സ്വീകരിക്കും.

മനുഷ്യക്കടത്ത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് ഡി.ജി.പി.ക്ക് കൈമാറി.

സസ്‌പെന്‍ഷനിലായ കോണ്‍സ്റ്റബിളിന്‍റെ അച്ഛന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ വിവിധ ട്രാവല്‍ ഏജന്‍സികളും മറ്റും നിക്ഷേപിച്ചതായും കണ്ടെത്തി. പോലീസ് കോണ്‍സ്റ്റബിളിന് അഞ്ച് മൊബൈല്‍ നമ്പറുകള്‍ ഉണ്ട്. ഇതില്‍ മൂന്ന് സിം കാര്‍ഡുകള്‍ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്ത മൂന്നുപേരുടെ മേല്‍വിലാസത്തില്‍ അവര്‍ അറിയാതെ എടുത്തിരിക്കുന്നതാണ്. പാസ്‌പോര്‍ട്ടില്‍നിന്ന് യാത്രക്കാരുടെ മേല്‍വിലാസവും ഫോട്ടോയും കോപ്പി എടുത്താണ് ഫോണ്‍ കണക്ഷന്‍ തരപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യക്കടത്ത് തടയുന്നതിന് നടപടിയെടുക്കേണ്ട ഇന്‍റലിജന്‍സ് വിഭാഗത്തിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മനുഷ്യക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍സ്റ്റബിളുമായി അടുത്തബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

1074 കോളുകളാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഫോണിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍ വിളിച്ചിരിക്കുന്നത്. ഒരു പ്രത്യേകദിവസം മാത്രം 55 കോളുകള്‍. രാത്രി 10 മുതല്‍ രാവിലെ ഒന്‍പതുവരെയുള്ള സമയത്താണ് കോളുകളില്‍ അധികവും.

ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന സമയമാണിത്. വിദേശത്തുനിന്നടക്കം കോണ്‍സ്റ്റബിളിന്റെ ഫോണിലേക്ക് നിരവധി കോളുകള്‍ വന്നിട്ടുണ്ട്.

കോട്ടപ്പടി, കൊരട്ടി, കലൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന മൂന്നുപേരുടെ മേല്‍വിലാസത്തിലാണ് കോണ്‍സ്റ്റബിള്‍ ഫോണ്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇക്കാര്യമറിയില്ല.

ട്രാവല്‍ ഏജന്‍സികള്‍ അക്കൗണ്ടില്‍ ഇടുന്ന പണം അടുത്തദിവസം എ.ടി.എം. വഴി പിന്‍വലിക്കുകയാണ് പതിവ്. മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കായാണ് പണം ഇടുന്നതത്രെ.

മനുഷ്യക്കടത്തിനെക്കുറിച്ച് ഐ.ജി.ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. സോമരാജന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട് ഒക്ടോബറില്‍ ഡി.ജി.പി.ക്ക് സമര്‍പ്പിച്ചിരുന്നു.

2003 ലാണ് അജീബ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ കോണ്‍സ്റ്റബിളായി എത്തിയത്. പിന്നീട് സ്ഥലം മാറി പോയെങ്കിലും 2007 ല്‍ തിരിച്ചെത്തി. 2011ല്‍ വീണ്ടും സ്ഥലംമാറ്റി. എന്നാല്‍ സ്വാധീനമുപയോഗിച്ച് അജീബ് വീണ്ടും വിമാനത്താവളത്തിലെത്തുകയായിരുന്നു. വിമാനത്താവളത്തിലെ ചില മുന്‍ ഡിവൈ.എസ്.പി.മാര്‍ക്കും ഇപ്പോഴുള്ള ചിലര്‍ക്കും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് കോണ്‍സ്റ്റബിള്‍ ഒരു മാസമായി മെഡിക്കല്‍ ലീവിലാണ്. ഇയാള്‍ക്കെതിരെ ആലുവ ഡിവൈ.എസ്.പി. കേസ്സെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ മേല്‍വിലാസത്തില്‍ സിം കാര്‍ഡ് എടുത്ത് ഉപയോഗിച്ചതിനാണ് കേസ്. രാഷ്ട്രീയ ഇടപെടല്‍ ഉള്ളതിനാലാണ് നടപടികള്‍ വൈകുന്നതെന്നാണ് സൂചന.

(വാര്‍ത്തയ്ക്ക് കടപ്പാട്-മാതൃഭൂമി ‍ഡോട് കോം)

Tuesday, December 11, 2012

ശിലാസ്ഥാപനം

എസ്.എന്‍.ഡി.പി യോഗം നെടുംകുന്നം പന്ത്രണ്ടാം മൈല്‍ ശാഖയുടെ പ്രാര്‍ത്ഥനാഹാളിന്‍റെയും ഓഫീസ് സമുച്ചയത്തിന്‍റെയും ശിലാസ്ഥാപനം ഡിസംബര്‍ 14ന് നടക്കും. രാവിലെ 9.30ന് ശാഖാ പ്രസിഡന്‍റ് സുകുമാരന്‍ പറന്പുകാട്ടിലിന്‍റെ  അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും.  യൂണിയന്‍ പ്രസിഡന്‍റ് കെ.വി. ശിവകുമാര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 

(വാര്‍ത്തയ്ക്ക് കടപ്പാട്-മലയാള മനോരമ)

കടുമാങ്ങ തയാറാക്കുന്നത് എങ്ങനെ?

മദ്യപാനത്തിനുമുതല്‍ സദ്യയ്ക്കുവരെ വ്യാപമായി ഉപയോഗിക്കുന്ന വിഭവങ്ങളിലൊന്നാണ് അച്ചാര്‍.  ഇതില്‍ മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് താഴെ പറയുന്നത്. കോട്ടയം ഭാഗത്ത് ഇത് കടുമാങ്ങാ എന്നും അറിയപ്പെടുന്നു.



ആവശ്യമുള്ള സാധനങ്ങള്‍
പച്ചമാങ്ങ-ആവശ്യത്തിന്
ഉപ്പ്, കടുക്, മഞ്ഞള്‍,ഉലുവ, വെളുത്തുള്ളി, കടുക്, കറിവേപ്പില, മുളക്പൊടി

1. മാങ്ങ ചെറു കഷ്ണങ്ങളായി അരിയുക. പുളി കുടുതലുള്ള മാങ്ങയാണെങ്കില്‍ അരമണിക്കൂറോളം വെള്ളത്തിലിട്ടശേഷം വാരിവയ്ക്കുക.

2.ഉപ്പ്, കടുക്, മഞ്ഞള്‍ എന്നി അരച്ച മിശ്രിതം അരിഞ്ഞ മാങ്ങയില്‍ ചേര്‍ത്ത് നന്നായി തിരുമ്മിവയ്ക്കുക. പന്ത്രണ്ടു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഇത് ഇങ്ങനെ സൂക്ഷിക്കാം.

3. തുടര്‍ന്ന് അല്‍പ്പം ഉലുവാപ്പൊടികൂടി ചേര്‍ത്ത് മാങ്ങ ഇളക്കുക.

4. ചട്ടിയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ആവശ്യത്തിന് മുളകുപൊടിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. 

5. വഴറ്റിയ മിശ്രിതത്തിലേക്ക് അരിഞ്ഞുവെച്ച മാങ്ങ ഇട്ട് അര മണിക്കൂറോളം ഇളക്കുക.

6. മാങ്ങ വെന്തു പോകുന്നതിനു മുന്പ് വാങ്ങുക. അപ്പോള്‍ മുതല്‍ ഉപയോഗിക്കാവുന്നതാണ്. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല്‍ രുചി ഏറും. 

സുകൃതം ബോളിവുഡിലേക്ക് ; ആമിര്‍ഖാന്‍ നായകന്‍



എം ടിയുടെ തിരക്കഥയില്‍, മമ്മൂട്ടി രവിശങ്കറെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ 'സുകൃതം' ബോളിവുഡിലേക്ക്. ആമിര്‍ഖാനാണ് ഹിന്ദിയില്‍ ക്യാന്‍സര്‍ രോഗിയും ജേര്‍ണലിസ്റ്റുമായ രവിശങ്കറാകുന്നതെന്ന് സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. ഇതിന്‍റെ

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 ഇതോടൊപ്പം ബംഗാളിയിലും സിനിമ മൊഴിമാറ്റുന്നുണ്ട്. പ്രസേന്‍ജിത്ത് ചാറ്റര്‍ജിയാണ് ബംഗാളില്‍ മുഖ്യവേഷം ചെയ്യുന്നത്. മുംബൈയിലെ നിര്‍മാണക്കമ്പനിയാണ് രണ്ടുഭാഷയിലും സിനിമ പുറത്തിറക്കുന്നത്. 1994ല്‍ റിലീസായ സുകൃതം രാജ്യാന്തര മേളയിലടക്കം 42 അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.


Sunday, December 9, 2012

നികുതിപിരിവ് ക്യാമ്പ്


നെടുംകുന്നം ഗ്രാമപ്പഞ്ചായത്തിലെ കെട്ടിടനികുതി പിരിക്കുന്നതിന് 
ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തും. 
10 മുതല്‍ 19 വരെ തിയ്യതികളിലാണ് ക്യാമ്പ്. 

Thursday, December 6, 2012

കരിങ്കല്ലിന്‍റെ അനധികൃത വിലവര്‍ധന റദ്ദാക്കി


ചങ്ങനാശ്ശേരി താലൂക്കിലെ കരിങ്കല്‍ ക്വാറി ഉടമകള്‍ കരിങ്കല്ല് ഉത്പന്നങ്ങളുടെ വില അനധികൃതമായി വര്‍ധിപ്പിച്ച നടപടി  എ.ഡി.എം. റദ്ദാക്കി. രണ്ടാഴ്ചമുമ്പാണ് കരിങ്കല്‍ ക്വാറി ഉടമകള്‍ വില വര്‍ധിപ്പിച്ചത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഏറ്റവുമൊടുവില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനമനുസരിച്ചുള്ള വിലയ്ക്കുതന്നെ കരിങ്കല്ല് നല്‍കാന്‍ ഇന്നലെ എ.ഡി.എം നിര്‍ദേശം നല്‍കി. 

2013 മാര്‍ച്ച് 31വരെ കരിങ്കല്ലിന് വില വര്പ്പി‍ധക്കരുതെന്ന് ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവ് നിലനില്‍ക്കെയാണ് പാറമടയുടമകള്‍ ഏകപക്ഷീയമായി വില ഉയര്‍ത്തിയത്.ഇതിനെതിരെ ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷനും മിനി ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷനും നല്‍കിയ പരാതിയിന്മേലാണ് വ്യാഴാഴ്ച കളക്ടറേറ്റില്‍ ചര്‍ച്ച നടന്നത്. 

രണ്ടു സംഘടനകളും നേരത്തെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് രണ്ട് സമരം പ്രഖ്യാപിക്കുകയും കരിങ്കല്ല് കയറ്റാന്‍ വിസമ്മതിക്കുകയുംചെയ്തിരുന്നു. സമരം ദീര്‍ഘിച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട  തൊഴിലാളികള്‍ മറ്റ് ലോഡുകളുമായി പോകുന്ന വാഹനങ്ങളും  തടഞ്ഞു.
നെടുംകുന്നം മേഖലയിലെ പാറമട തൊഴിലാളികള്‍ സമരം നടത്തിതിനെത്തുടര്‍ന്ന് മട ഉടമകളും ലോറിക്കാരും കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കരിങ്കല്ലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പാറമട ഉടമകള്‍ അറിയിച്ചു. ഇത് അംഗീകരിക്കാന്‍ ലോറി ഉടമകള്‍ തയാറായില്ല.

  രണ്ടാഴ്ച മുമ്പ് മുതല്‍ ക്വാറി ഉടമകള്‍ 150 അടി കരിങ്കല്ലിന് 1650 രൂപ നിരക്കില്‍ വാങ്ങിത്തുടങ്ങി.  2013 മാര്‍ച്ച് 31വരെ 150 അടി കരിങ്കല്ലിന് 1400 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഇതിന് വിപരീതമായി വിലവര്‍ധിപ്പിച്ച നടപടിയാണ് എ.ഡി.എം. റദ്ദാക്കിയത്. 

വില വര്‍ധിപ്പിക്കാനായി പാറമട ഉടമകള്‍ അപേക്ഷ നല്‍കിയിരുന്നില്ല. ജില്ലാ ഭരണകൂടത്തിന് 
അപേക്ഷ നല്‍കുകയോ ചര്‍ച്ചചെയ്യാതെയോ വില വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് എ.ഡി.എം വ്യക്തമാക്കി. യോഗത്തില്‍  ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പ്രകാശ്, മിനി ടിപ്പര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.നൗഷാദ്, എസ്‌കവേറ്റര്‍ സമിതി പ്രസിഡന്‍റ് സുഭാഷ്, കരിങ്കല്‍ ക്വാറി ഉടമകളുടെ സംഘടനാ ഭാരവാഹികള്‍, കോണ്‍ട്രാക്ടേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍, എര്‍ത്ത് മൂവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






കാലത്തിനൊത്ത് പാലപ്പത്തിന്‍റെ ഒരു പോക്കേ...




ഇതോടൊപ്പം കൊടുത്തിരിക്കുന്ന പടം കാണുമ്പം നിങ്ങക്ക് പ്രത്യേകിച്ചൊന്നും തോന്നത്തില്ലെന്ന് ഞങ്ങക്കറിയാം. പക്ഷെ, ഒരു പത്തിരുപതു കൊല്ലം മുമ്പാരുന്നേല്‍ എന്തോ ഒരു ഇത് തോന്നത്തില്ലാരുന്നോ? അതിനെക്കുറിച്ചാണ് ഇവിടെ ഒരു കുറിപ്പെഴുതാവെന്നു വിചാരിച്ചത്.


പണ്ടൊക്കെ നമ്മടെ വീടുകളിലെ വി.ഐ.പിയല്ലാരുന്നോ പാലപ്പം? ആകെ പാലപ്പം ഒണ്ടാക്കുന്നത് ക്രിസ്മസിനും പെരുന്നാളിനും ഈസ്റ്ററിനുമൊക്കെ മാത്രം. ഒണ്ടാക്കണേലോ? അരി വെള്ളത്തിലിട്ട് മില്ലിക്കൊണ്ടുപോയി കാത്തുനിന്ന് പൊടിപ്പിക്കണം. വറക്കുന്നേനു മുമ്പൊള്ള പച്ചപ്പൊടികൊണ്ടാണ് പാലപ്പം ഒണ്ടാക്കുന്നത്.  


അതുകൊണ്ടു തീര്‍ന്നില്ല. തലേദെവസം ഷാപ്പിപ്പോയി കള്ളു മേടിക്കണം. അപ്പത്തിനൊള്ള മാവു പുളിച്ചു പൊങ്ങാന്‍ അതിച്ചേര്‍ക്കുന്നത് ഫ്രഷ് കള്ളാരുന്നു. അപ്പത്തിനു മേടിക്കുന്ന കൂട്ടത്തില്‍ ഇച്ചിര കൂടുതലു മേടിച്ചാല് അത്യാവശ്യത്തിന് ഒരു ചെറിയ പിടി പിടിക്കുകേം ചെയ്യാം. കള്ളുമേടീരു കഴിഞ്ഞൊള്ള എടപാടെല്ലാം അമ്മച്ചിമാരുടെ ഏരിയയല്ലേ?.




പിറ്റേന്നു പുലര്‍ച്ചെ പൊതപ്പ് വലിച്ചുകേറ്റി അവസാനവട്ട ഒറക്കത്തിനൊരുങ്ങുമ്പം അടുക്കളേന്ന് അപ്പച്ചട്ടീലെ ആദ്യത്തെ പാലപ്പത്തിന്‍റെ മണംവരും. പിന്നെ കെടന്ന് ഒറങ്ങാന്‍ മനസ്സും നാക്കും അനുവദിക്കുകേല. ചാടിയെഴുന്നേറ്റ് ഉമിക്കരിയിട്ട് പല്ലുതേച്ച് അടുക്കളേലേക്ക് പായും. അപ്പഴത്തേക്കും മൊറത്തില് മൂന്നാലപ്പം റെഡിയായിട്ടൊണ്ടാകും. നടുഭാഗം വെന്തു പൊങ്ങി, അരിക് നന്നായി മൊരിഞ്ഞ അപ്പം! ഹൊ! അതിലൊന്നെടുത്ത് നടുക്ക് പഞ്ചാരയിടും. അപ്പം ചൂടായകൊണ്ട് പഞ്ചാര ഉരുകി അപ്പത്തീച്ചേരും. എന്നിട്ട് അതു ചുരുട്ടി ഒരു പിടി പിടി.. ഹൊ!.. ആ ടേസ്റ്റ് പറഞ്ഞറിയിക്കാമ്പറ്റുന്നതല്ല.


ചെലപ്പം ഒന്നേ നിര്‍ത്തും. അല്ലേ ഒന്നോ രണ്ടോ അപ്പംകൂടെ വച്ചുകാച്ചും. ക്രിസ്മസിനോ ഈസ്റ്ററിനോ പള്ളിപ്പെരുന്നാളിനോ ഒക്കെയാരിക്കും പാലപ്പം ഒണ്ടാക്കുന്നേന്ന് നേരത്തെ പറഞ്ഞില്ലേ. അതുകൊണ്ടുതന്നെ അന്ന് എറച്ചീം കാണും. കാളയോ പോത്തോ കോഴിയോ എന്നതേലും. ഈ പറഞ്ഞതൊക്കെ ഇപ്പം ഏതു ദിവസം വേണേലും കിട്ടും. പണ്ടൊക്കെ ഞാറാഴ്‌ച്ചേം വിശേഷദിവസോം മാത്രേ പോത്തെറച്ചീം കാളയെറച്ചീം കിട്ടത്തൊള്ളു.  


കോഴീടെ കാര്യം പറയുകേ വേണ്ട. അതെന്നാ കോഴിയില്ലേ? എന്നാരിക്കും പിള്ളാരു സെറ്റിന്‍റെ മനസ്സിത്തോന്നുക. ഇപ്പഴത്തെ ബ്രോയിലര്‍ കോഴിക്കച്ചോടം അന്നില്ല. പിന്നെ വീട്ടി വളത്തുന്ന കോഴിയെയാണ് കൊല്ലുന്നത്. ആ പരിപാടീം കൂടുതല്‍ വിശേഷദിവസങ്ങളിലാ. അതേക്കുറിച്ച് നൊസ്റ്റാള്‍ജിയേല്‍ പിന്നീട് വിശദമായി പറായം. അപ്പം പറഞ്ഞുവന്ന കാര്യം. ഒമ്പതു മണി, പത്തുമണിയാകുമ്പം എറച്ചികൂട്ടി ഒന്നോ രണ്ടോ അപ്പംകൂടെ തിന്നും.




അതൊക്കെ പോയിട്ട് ഇപ്പഴത്തെ സ്ഥിതിയെന്നാ? എപ്പം വേണേലും അപ്പം റെഡി. നാട്ടിലൊള്ള സര്‍വമാന ഹോട്ടലുളിലും ബേക്കകറികളിലും അപ്പവൊണ്ട്. ഓര്‍ഡറനുസരിച്ച് എവിടെയും ഏതു സമേത്തും അപ്പം എത്തിച്ചുകൊടുക്കുന്ന പാര്‍ട്ടികള് ഒരുപാടൊണ്ട്. അരി പൊടിക്കാന്‍ മില്ലിപ്പോയി കാത്തുകെട്ടി കെടക്കണ്ട. മിക്കവാറും വീടുകളില് മിക്‌സീം ഗ്രൈന്‍ററുമൊക്കെയായി. 


പോരാത്തതിന് പാലപ്പം പെട്ടെന്ന് ഒണ്ടാക്കാനൊള്ള ചേരുവയെല്ലാം അടങ്ങിയ പാലപ്പം മിക്‌സും വാങ്ങിക്കാന്‍ കിട്ടും. അതോണ്ടുതന്നെ നാടുവിട്ടു പോകുന്നോര്‍ക്ക് പാലപ്പം തിന്നാന്‍ അവധിക്ക് വീട്ടി വരേണ്ട കാര്യവില്ല. പക്ഷെ, ഒരു കാര്യം, പണ്ട് ഫ്രഷ് പൊടീം കള്ളും ചേര്‍ത്ത് പഴയ അപ്പച്ചട്ടീല് ഒണ്ടാക്കീരുന്ന പാലപ്പത്തിന്‍റെ വാലേക്കെട്ടാന്‍ കൊള്ളുവോ ഇപ്പഴത്തെ അപ്പം? മാത്രമല്ല, ലാഭമൊണ്ടാക്കാന്‍ ബട്ടന്‍സ് വലിപ്പത്തിലാക്കി പാലപ്പത്തിന്‍റെ മാനം കെടുത്തിയില്ലേ നമ്മടെ കച്ചോടക്കാര്?


Sunday, December 2, 2012

വിശേഷാല്‍ പൊതുയോഗം

നെടുംകുന്നം 57-ആം നന്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്‍റെ വിശേഷാല്‍ പൊതുയോഗം ഡിസംബര്‍ ഒന്‍പതന് ഉച്ചകഴിഞ്ഞ് 2.30ന് ശാഖാപ്രസിഡന്‍റ് എം.എം. മോഹന്‍ദാസിന്‍റെ അധ്യക്ഷതയില്‍ ശാഖാ ഹാളില്‍ നടക്കുമെന്ന് ശാഖാ സെക്രട്ടറി രതീഷ്കുമാര്‍ അറിയിച്ചു.

(വാര്‍ത്തയ്ക്ക് കടപ്പാട്-കേരള കൗമുദി ദിനപ്പത്രം)

അങ്ങനെ പെരുന്നാളും കഴിഞ്ഞു!




കാത്തുകാത്തിരുന്ന ആഘോഷങ്ങള് പെട്ടെന്ന് വന്നുപോയപോലെ.. നമ്മടെ പള്ളിപ്പെരുന്നാളിന്‍റെ.. സോറി തിരുന്നാളിന്‍റെ കാര്യവാ പറഞ്ഞേ. ഇന്നു വൈകുന്നേരം വികാരിയച്ചനാ കൊടിയെറക്കിയത്.

കൊടിയെറക്കിന്‍റെ കുര്‍ബാനയ്ക്കും പ്രദക്ഷിണത്തിലുമൊക്കെ ഇത്രേംകാലോമില്ലാത്ത തെരക്കാരുന്നു. നമ്മടെ ഗ്രൗണ്ടിലെ കാര്യംപിന്നെ പറയണ്ടല്ലോ. ഉഴുന്നാടേം ഈന്തപ്പഴേം അലുവേം ചോളമലരും പ്ലാസ്റ്റിക്ക് വളേം ബലൂണും കളിപ്പാട്ടങ്ങളും പാത്രങ്ങളും പിച്ചാത്തീം വെട്ടുകത്തീം കൊട്ടേം മൊറോം ചൂലും പായേമൊക്കെ ഇപ്പഴത്തെ കാലത്ത് എപ്പം വേണേലും വാങ്ങിക്കാവെങ്കിലും പെരുന്നാളിന് വങ്ങിക്കുമ്പോ എന്തോ ഒരു ഇത്.. ഒണ്ടല്ലോ. പിന്നെ ഗ്രൗണ്ടില് ആള്‍ക്കൂട്ടത്തിനെടേക്കൂടെ ചുമ്മാ നടക്കുന്നേന്‍റെ 
രസോം നമ്മള് നെടുങ്ങോത്തുകാര്‍ക്കേ മനസ്സിലാകത്തൊള്ളൂ. 

ദേ ഇതെഴുമ്പഴും ഗ്രൗണ്ടില്‍ ആളിന് പഞ്ഞവില്ല. ഏറ്റവും ആള് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലാണ്. മനസ്സിലായില്ലേ? നമ്മടെ തൊട്ടിയാട്ടോം ട്രെയിനുമൊക്കെയൊള്ള എടപാടേ..?

 സ്‌കൂള്‍ ഗ്രൗണ്ടില് നാടകം നടക്കുവാ. കൊല്ലം അയനം നാടകവേദിയൂടെ 'സ്വര്‍ഗം ഭൂമിയിലാണ്' ആണ് നാടകം. അതൂടെ കഴിഞ്ഞാ കഴിഞ്ഞു. കടക്കാരൊക്കെ ഇന്നലെ മൊതല് കെട്ടുകെട്ടിത്തൊടങ്ങി. പാറേപ്പള്ളീല് പെരുന്നാക്കോള് ഉഷാറായിട്ടൊണ്ട്. ബാക്കി കടക്കാര് രണ്ടൂന്നു ദിവസംകൊണ്ട് പോകും. അതോടെ നമ്മടെ ഗ്രൗണ്ട് കാലിയാകും.

പെരുന്നാളു കൂടാന്‍ വന്ന ലോക്കല്‍ പ്രവാസികള്, എന്നുവച്ചാല് എറണാകുളത്തും തിരുവന്തോരത്തുമൊക്കെ ജോലിചെയ്യുന്നോര് പോയിക്കഴിഞ്ഞു. കേരളത്തിനും രാജ്യത്തിനും പൊറത്തൂന്ന് വന്നോര് വൈകാതെ സ്ഥലം കാലിയാക്കും.
അപ്പ ഇനി?..അടുത്ത പെരുന്നാളുവരെ കാത്തിരിക്കാം. അല്ലേ?


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls