Sunday, September 30, 2012

ട്രെയിനിലെ എ.സിയില്‍ ഇനി വിയര്‍ക്കും; നിരക്കു വര്‍ധന ഇന്നുമുതല്‍


  
ട്രെയിനിലെ എ.സി. കോച്ചുകളിലെ യാത്രയ്ക്കുള്ള വര്‍ധിച്ച നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. എല്ലാ എ.സി. കോച്ചുകളിലേയും ടിക്കറ്റ് നിരക്കില്‍ 3.7 ശതമാനം സേവന നികുതി  പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണിത്. ഇതിനൊപ്പം, ചരക്കു കൂലിയിലും മൂന്നു ശതമാനം സേവന നികുതിയും നിലവില്‍ വരുന്നതോടെ അവശ്യ വസ്തുക്കളുടേതടക്കം വില കുതിച്ചുയരും. 

റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്കുള്ള സേവന നികുതി മടക്കി നല്‍കുന്നതു പരിഗണനയിലാണ്. മുതിര്‍ന്ന പൗരന്‍മാര്‍ അടക്കം സൗജന്യ നിരക്കിലുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ക്കും 3.7 ശതമാനം അധിക തുക ചെലവാകും. റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ്, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ക്കുള്ള സേവന നികുതി 12.36 ശതമാനവും ഇന്നു മുതല്‍ കൂടും. ഇതോടെ സ്‌റ്റേഷനുകളിലെ ഭക്ഷണ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ളവയ്ക്കും വില വര്‍ധിക്കും.

 നെഗറ്റീവ് പട്ടികയിലെ 17 ഇനങ്ങള്‍ ഒഴികെയുള്ള എല്ലാ വസ്തുക്കള്‍ക്കും സേവന നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

Friday, September 28, 2012

വാഴ്ത്തപ്പെട്ട മദര്‍ തെരേസേ, ഇവരോടു പൊറുക്കേണമേ

പാവങ്ങളുടെ അമ്മ എന്ന പേരിലാണ് മദര്‍ തെരേസ വിഖ്യാതയായത്.  കല്‍ക്കത്തയിലെ തെരുവുകളില്‍ അലഞ്ഞിരുന്ന ആയിരക്കണക്കിന്  പാവങ്ങള്‍ക്ക് ആലംബമേകി, ഉപവിയും എളിമയും എന്തെന്നു കാട്ടി ജാതിമത ഭേദമെന്യെ ഇന്ത്യയിലെ ജനകോടികളുടെ ഹൃദയത്തില്‍ ജീവിക്കുന്ന വിശുദ്ധയായി മാറിയ അമ്മ ഇന്ന് കത്തോലിക്കാ സഭ/യിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ്.

അതവിടെ നില്‍ക്കട്ടെ, ഇപ്പോള്‍ പലേടത്തും മദര്‍ തെരേസയുടെ ശില്‍പ്പങ്ങള്‍ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലുള്ള തെള്ളകം പുഷ്പഗിരി സെന്‍റ് ജോസഫ് പള്ളിയില്‍ 24 അടി ഉയരമുള്ള ശില്‍പ്പം നാളെ പ്രതിഷ്ഠിക്കപ്പെടുകയാണ്. 


അതേക്കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ



''മദര്‍ തെരേസയുടെ തിരുസ്വരൂപ പ്രതിഷ്ഠ നാളെ
സ്വന്തം ലേഖകന്‍

കോട്ടയം : തെള്ളകം പുഷ്പഗിരി സെന്‍റ്   ജോസഫ്‌സ് പള്ളിയില്‍ മദര്‍ തെരേസയുടെ തിരുസ്വരൂപം നാളെ പ്രതിഷ്ഠിക്കും. 24 അടി ഉയരമുള്ള ഈ ശില്‍പം മദറിന്‍റെ  ഏഷ്യയിലെ ഏറ്റവും വലിയ ശില്‍പമാണെന്നു ഇടവക വികാരി ഫാ. മാത്യു കളത്തില്‍, ട്രസ്റ്റിമാരായ ജോര്‍ജ് പൊന്‍മാങ്കല്‍, ബെന്നി ജോര്‍ജ് എന്നിവര്‍ പറഞ്ഞു. വലതുകൈയില്‍ കുഞ്ഞിനെയെടുത്ത് ഇടതുകൈകൊണ്ട് കുഷ്ഠരോഗിയെ ആശ്വസിപ്പിക്കുന്ന മദര്‍ തെരേസയും ഒപ്പം മദറിന്‍റെ മുഖത്തേക്കു പ്രതീക്ഷയോടെ നോക്കുന്ന ബാലനുമടങ്ങുന്നതാണു ശില്‍പം. 

കൊരട്ടിയില്‍നിന്നുള്ള ഗിരീഷ്, ഷിജു, ബാജി, ധൈജു തുടങ്ങി പത്തോളം പേരാണ് ശില്‍പികള്‍. നാളെ വൈകിട്ട് 4.30നുള്ള കുര്‍ബാനയ്ക്കുശേഷം ചമ്പക്കുളം ഫൊറോനാ പള്ളി വികാരി ഫാ. ജോണ്‍ മണിക്കുന്നേല്‍ മദര്‍തെരേസയുടെ തിരുസ്വരൂപം ആശിര്‍വദിക്കും. ഇടവകാംഗമായ ബേബിച്ചന്‍ മംഗലത്താണു ശില്‍പത്തിന്‍റെ നിര്‍മാണ ചെലവു വഹിക്കുന്നത്.''




ഇപ്പോള്‍ അങ്ങുദൂരെ സ്വര്‍ഗ്ഗത്തിലിരുന്ന് മദര്‍ തെരേസയുടെ ആത്മാവ് എന്തു ചിന്തിക്കുന്നുണ്ടാകും? എത്രയോ പാവങ്ങള്‍ക്ക് ഉപകരിക്കുമായിരുന്ന പണമാണ് ഈ ശില്‍പ്പത്തിനുവേണ്ടി ചെലവഴിച്ചിരിക്കുന്നത്? അമ്മേ, ഇവരോടു പൊറുക്കേണമേ!




തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് അന്തരിച്ചു


ജനപ്രിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരക്കഥാകൃത്ത് ടി.എ.റസാഖിന്റെ അനുജനാണ്.

മാമ്പഴക്കാലം, രാജമാണിക്യം, താന്തോന്നി, ബാലേട്ടന്‍, ബസ് കണ്ടക്ടര്‍, നാട്ടുരാജാവ്, പച്ചക്കുതിര തുടങ്ങിയ 20 ലധികം സിനിമകള്‍ക്ക് ടി.എ.ഷാഹിദ് തിരക്കഥയൊരുക്കിയിട്ടുണ്ട്. മലപ്പുറം കൊണ്‌ടോട്ടി സ്വദേശിയാണ്.

Wednesday, September 26, 2012

പൃഥ്വിരാജിന്‍റെ ബോളിവുഡ് ചിത്രം ഒക്ടോബര്‍ 12ന്




പൃഥ്വിരാജ് നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം അയ്യാ ഒക്‌ടോബര്‍ 12ന് തീയേറ്ററുകളിലെത്തും. റാണി മുഖര്‍ജി കേന്ദ്രകഥാപാത്രമാകുന്ന അയ്യയില്‍ ദക്ഷിണേന്ത്യന്‍ കലാകാരനായ സൂര്യയുടെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഒരു മറാഠി പെണ്‍കുട്ടിയുടെ വേഷമാണ് റാണി മുഖര്‍ജിക്ക്. 

 സൂര്യയെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന മറാഠി പെണ്‍കുട്ടിയുടെ കഥയാണ് പൂര്‍ണ്ണമായും ഹ്യൂമറിലൊരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.  അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഈ ചിത്രം സച്ചിന്‍ കുണ്ഡല്‍ക്കര്‍ സംവിധാനം ചെയ്തിരിക്കുന്നു. 2009ല്‍ ദില്‍ ബോല്‍ ഹഡിപ്പാ എന്ന ചിത്രത്തിനു ശേഷം നോവണ്‍ കില്ല്ഡ് ജെസികാ എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് റാണി മുഖര്‍ജി അഭിനയിച്ചത്. ഒരു വര്‍ഷത്തോളം അവര്‍ ഈ ചിത്രത്തിനായുള്ള തയാറെടുപ്പിലായിരുന്നു. 


ചിത്രത്തില്‍ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അധിക്ഷേപിക്കുന്ന സംഭാഷണങ്ങളുണ്ടെന്നാണ് സൂചന. 

സംവിധായകന്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tuesday, September 25, 2012

നെടുംകുന്നം സ്കൂളില്‍ തിലകനെ അനുസ്മരിച്ചു



നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  തിലകന്‍ അനുസ്മണം നടത്തി. അനുസ്മരണ സമ്മേളനം ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്‍റണി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്‍റ് രാജു ജോസഫ് അധ്യക്ഷത വഹിച്ചു. ടോം കുര്യന്‍, സ്‌കറിയ തോമസ്, ഷൈരാജ് വര്‍ഗീസ്, സോനു ജോബ്, മോളിക്കുട്ടി, ആന്‍സി ജോസഫ്, റോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.


Sunday, September 23, 2012

ഇന്നസെന്‍റ്, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു



ഇന്നസെന്‍റ് എന്നാല്‍ കളങ്കമില്ലാത്തത് എന്നാണ് അര്‍ത്ഥം. പക്ഷെ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ്   ഇന്നസെന്‍റ് അന്തരിച്ച ചലച്ചിത്രനടന്‍ തിലകനെ ടെലിവിഷനില്‍ അനുസ്മരിക്കുന്നതു കേട്ടപ്പോള്‍ ആ വാക്കിനോടുതന്നെയാണ് വെറുപ്പു തോന്നിയത്. തനിക്ക് ശരിയെന്നു തോന്നിയത് തുറന്നു പറഞ്ഞതിന് അമ്മയില്‍നിന്ന് തിലകനെ പടിയടച്ച് പിണ്ധം വയ്ക്കുന്നതിന് മുന്‍കൈ എടുത്ത അദ്ദേഹം യാതൊരു ജാള്യവുമില്ലാതെ തിലകനെ വാഴ്ത്തി സ്വന്തം അഭിനയ മികവിന് അടിവരയിടുകയായിരുന്നു.

 തിലകന്‍ ഇന്ത്യന്‍ റുപ്പിയിലൂടെ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ച് വാര്‍ത്താ അവതാരകന്‍ ചോദിച്ചപ്പോള്‍ അതിനു മുന്പ് സംവിധായകന്‍ രഞ്ജിത്ത് തന്നെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയില്‍നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹത്തിന്‍റെ തൊഴിലിനെ സംഘടന വിലക്കിയിട്ടില്ലെന്ന് താന്‍ പറഞ്ഞെന്നും ഇന്നസെന്‍റ് വിശദീകരിച്ചു. പക്ഷെ, തൊഴില്‍ മുടക്കിയിട്ടില്ല, ഏതു സംവിധായകര്‍ക്കും തിലകനെ വച്ച് സിനിമയെടുക്കാം, അമ്മ അതിന് യാതൊരു വിധത്തിലും എതിര്‍പ്പുണ്ടാക്കില്ല  എന്നൊരു വാചകം ഇന്നസെന്‍റോ അദ്ദേഹത്തിന്‍റെ സംഘാംഗങ്ങളോ തിലകനെ പുറത്താക്കുന്പോള്‍ പറഞ്ഞു കേട്ടിരുന്നില്ല. ഈ നിഷ്കളങ്കനുവേണ്ടി നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ വായനക്കാര്‍ക്ക് ലജ്ജിക്കാം.

അഭിനയത്തികവിന്‍റെ മറുവാക്ക്



ഇന്നു പുലര്‍ച്ചെ അന്തരിച്ച ചലച്ചിത്രനടന്‍ തിലകനെക്കുറിച്ച്...


വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ദേശീയ പാതയിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ് തിലകന്‍. റോഡരികില്‍ വന്‍ ജനക്കൂട്ടം കണ്ട് കാര്‍ നിര്‍ത്തി. ഒരു ചെറുപ്പക്കാരന്‍ മറ്റൊരാളെ പിടികൂടി കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയാണ്. ജനക്കൂട്ടം കാഴ്ച്ച കണ്ട് നിര്‍ക്കുന്നു. ആള്‍ക്കുട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ടു വന്ന തിലകനെ കണ്ടപ്പോള്‍ കുത്താന്‍ ഓങ്ങിനിന്ന ചെറുപ്പക്കാരന്റെ രോഷം അയാളറിയാതെ ചെറിയൊരു പുഞ്ചിരിക്ക് വഴിമാറി.


''അനിയാ ആ കത്തി ഇങ്ങു താ'' ഭാവമാറ്റം മനസിലാക്കി തിലകന്‍ പറഞ്ഞു.


''ഇല്ല, ഇവനെ ഞാന്‍ കൊല്ലും'' അയാളുടെ മുഖഭാവം പെട്ടെന്ന് മാറി.


''അതൊക്കെ ശരി. എന്നോടു സ്‌നേഹമുണ്ടെങ്കില്‍ നീ ആ കത്തി ഇങ്ങു താ ''. 

അയാള്‍ ശാന്തനായി കത്തി കൊടുത്തു. ജനക്കൂട്ടം കയ്യടിച്ചു.
കലയുടെ ശക്തിയെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഒരിക്കല്‍ തിലകന്‍തന്നെ പറഞ്ഞ സംഭവമാണിത്. 

കൊലപാതകത്തിന് തീരുമാനിച്ചുറപ്പിച്ച ചെറുപ്പക്കാരന്‍ തിലകനെ കണ്ട മാത്രയില്‍ സ്വന്തം അച്ഛനെയോ ജ്യേഷ്ഠ സഹോദരനയോ ഓര്‍ത്തിരിക്കാം. അതുമല്ലെങ്കില്‍ ''നിന്റെ അച്ഛനാടാ മോനേ പറയുന്നെ കത്തി താഴെയിടാന്‍..'' എന്ന് കിരീടത്തിലെ സേതു മാധവനോട് ഹൃദയം തകര്‍ന്ന് യാചിക്കുന്ന അച്ഛന്‍ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരുടെ ചിത്രം അയാളുടെ മനസില്‍ മിന്നിമറഞ്ഞിരിക്കാം.





തിലകന്‍ എന്ന നടന് മലയാളികളുടെ മനസിലുള്ള സ്ഥാനമെന്തെന്ന് വ്യക്തമാക്കാന്‍ മറ്റൊരു ഉദാഹരണത്തിന്‍റെ ആവശ്യമില്ല.

അഭിനയ വൈദഗ്ധ്യത്തി ന്‍റെ യും സംഭാഷണ ചാതുരിയുടെയും ആഴവും പരപ്പും ഉദ്‌ഘോഷിക്കുന്ന അദ്ദേഹത്തി ന്‍റെ  കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഓര്‍മകളില്‍ തെളിയുമ്പോള്‍ തിലക ന്‍റെ  വേര്‍പാട് സൃഷ്ടിക്കുന്ന നഷ്ടം എത്ര വലുതാണെന്ന് നമ്മള്‍  അറിയുന്നു.

പേരക്കുട്ടിക്ക് ബലിതര്‍പ്പണം നടത്തവേ ഹൃദയവേദനയുടെ പരകോടിയില്‍ തിരമാലകള്‍ക്കു നടുവിലൂടെ അവ ന്‍റെ  പക്കലേക്ക് നടന്നുപോകുന്ന  മൂന്നാംപക്കത്തിലെ മുത്തച്ഛന്‍, കരവിരുതും പേശീബലവും മനക്കരുത്തും സമന്വയിച്ച, മകനോടുള്ള അസൂയയും വാത്സല്യവും മനസി ന്‍റെ  വെവ്വേറെ കോണുകളില്‍ ഒളിപ്പിച്ച പെരുന്തച്ചന്‍, ധാര്‍ഷ്ഠ്യത്തി ന്‍റെ  ആള്‍രൂപമായ കാട്ടുകുതിരയിലെ കൊച്ചുവാവ, ലോകത്തി ന്‍റെ  സ്പന്ദനം ഗണിതശാസ്ത്രത്തിലാണെന്ന് വിശ്വസിക്കുകയും മക ന്‍റെ  തകര്‍ച്ചക്ക് വഴിവെക്കുകയും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും ചെയ്യുന്ന സ്ഫടികത്തിലെ ചാക്കോ മാഷ്, കുടുംബ സ്‌നേഹത്തി ന്‍റെ  ഊഷ്മള പ്രതീകമായ  വീണ്ടും ചില വീട്ടു കാര്യങ്ങളിലെ തിരുമുറ്റത്ത് കൊച്ചു തോമാ, കാമാസക്തിയുടെ പുതിയ ഭാവപ്പകര്‍ച്ചകളുമായി മലയാളികളെ വിസ്മയിപ്പിച്ച കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ നടേശന്‍ മുതലാളി...തിലകന്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ നിര നീണ്ടുപോകുകയാണ്. 


കോലങ്ങളിലെ മദ്യപാനിയെയും യവനികയിലെ നാടകക്കമ്പനി മാനേജരെയും കുടുംബപുരാണത്തിലെ ഡ്രൈവറെയും നാടോടിക്കാറ്റിലെ അനന്തന്‍ മുതലാളിയെയുമൊക്കെ മുഖമുദ്രയിലെ കള്ളനെയും പോലീസിനെയുമൊക്കെ നമുക്ക് മറവിയുടെ ആഴങ്ങളിലേക്ക് പെട്ടെന്ന് ഉപേക്ഷിക്കാനാവുമോ?


തിലകന്‍ എന്ന നട ന്‍റെ  അസാമാന്യമായ അഭിനയസിദ്ധി വിളിച്ചോതുന്നവയാണ് ഓരോ കഥാപാത്രവും. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ത ന്‍റെ  സാന്നിധ്യം പ്രേക്ഷക ഹൃദയങ്ങളില്‍ കോറിയിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രണ്ടാം വരവില്‍ തിലകന്‍ അഭിനയിച്ച ചിന്താമണി കൊലക്കേസിലെ അച്ഛന്‍ വേഷം തന്നെ ഇതിന് ഉദാഹരണം.




അഭിയനിക്കാന്‍ വേണ്ടി ജനിച്ച മനുഷ്യനാണ് കെ. സുരേന്ദ്രനാഥതിലകനെന്ന് സംഭവബഹുലമായ ആ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തി ന്‍റെ  പ്രതിഭ സ്ഫുടം ചെയ്യപ്പെട്ടത് ജീവിത ദുരിതങ്ങളുടെ ഉലയിലായിരുന്നു. ത ന്‍റെ  വ്യക്തിജീവിതം ഒരു ദുരന്തമായിരുന്നെന്നും കെട്ടിയാടിയ വേഷങ്ങള്‍ക്കു പിറകില്‍ സ്വന്തം ജീവിതം കണ്ടിട്ടുണ്ടെന്നും തിലകന്‍ പറയാറുണ്ടായിരുന്നു.
പ്രകൃതിയോടുള്ള അടുപ്പവും പുസ്തക വായനയും അദ്ദേഹത്തി ന്‍റെ അഭിനയശേഷിക്ക് മുതല്‍ക്കൂട്ടായി.

''കുരങ്ങ്, നായ തുടങ്ങിയ ജീവികളുടെ ഭാവങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിവേകാനന്ദ സൂക്തങ്ങള്‍, ഡെസ്മണ്ട് മോറിസി ന്‍റെ  മാന്‍ വാച്ചിംഗ് ബോഡി വാച്ചിംഗ് തുടങ്ങിയ പുസ്തകങ്ങള്‍ ഏറെ സ്വാധീനിച്ചു. 

കോപവും ദുഃഖവും നിയന്ത്രിക്കുന്നതിനും ശക്തി നേടുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വിവേകാനന്ദന്‍ പറയുമ്പോള്‍ അതിന്‍റെ  ദൃശ്യം എന്‍റെ ഉള്ളില്‍ തെളിയുമായിരുന്നു. 
ആവശ്യം വരുമ്പോള്‍ അത് പുറത്തെടുക്കുകയേ വേണ്ടിയിരുന്നുള്ളൂ''-ഒരിക്കല്‍ തിലകന്‍ പറഞ്ഞു.


കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ തിലകന് നാടകത്തില്‍ മാര്‍ക്ക് ആന്‍റണിയായി അഭിനയിക്കേണ്ടിവന്നു. അന്ന് എസ്.എം.പി തിയേറ്ററില്‍ ജൂലിയസ് സീസര്‍ എന്ന സിനിമയാണ് ഓടിയിരുന്നത്. മൂന്നു ദിവസം തിയേറ്ററില്‍ തമ്പടിച്ച് ഒമ്പതു പ്രദര്‍ശനങ്ങളും കണ്ടശേഷമാണ് റിഹേഴ്‌സലിന് തുടക്കം കുറിച്ചത്.

ഗൃഹനാഥന്‍, ക്രിസ്ത്യന്‍ പുരോഹിതന്‍, മന്ത്രവാദി, പോലീസുകാരന്‍ തുടങ്ങിയ വേഷങ്ങള്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിലക ന്‍റെ  ഓരോ കഥാപാത്രവും സവിശേഷ വ്യക്തിത്വവുമായി വേറിട്ടു നില്‍ക്കുന്നതിന്‍റെ  രഹസ്യം മറ്റൊന്നുമല്ല,



ഒരിക്കല്‍ ഒരേ സമയം രണ്ടു സിനിമകളില്‍ തിലകന് ക്രിസ്ത്യന്‍ പുരോഹിതനായി അഭിനയിക്കേണ്ടിവന്നു. അയനത്തിന്‍റെ  ഷൂട്ടിംഗ് ചാലക്കുടിയിലും കൂടുംതേടി എന്ന ചിത്രത്തിന്‍റെ  ഷൂട്ടിംഗ് എറണാകുളത്തും നടക്കുന്നുന്നു. ളോഹ അഴിക്കാതെയാണ് രണ്ടു സെറ്റുകളിലേക്കും യാത്ര ചെയ്തിരുന്നത്. രണ്ടു ചിത്രങ്ങളിലെയും വൈദികന് മേക്കപ്പിലും കാര്യമായ വ്യത്യാസമില്ല.

''വേഷങ്ങളില്‍ വ്യത്യസ്തത വരുത്തുന്നതിനുവേണ്ടി ആലോചിച്ചപ്പോള്‍ ഒരിക്കല്‍ വലിയതുറ പള്ളിയില്‍ ഷൂട്ടിംഗിനിടെ പരിചയപ്പെട്ട ഒരു വൈദികനെ ഓര്‍മവന്നു. ശുദ്ധനാണെങ്കിലും ചാടിക്കടിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും ഇതില്‍ മാറ്റമുണ്ടായിരുന്നില്ല.


'നിന്‍റമ്മേടെ കാലിന്‍റെ  നീരു കുറഞ്ഞോടാ' എന്ന് ഒരു ഇടവകാംഗത്തോട് ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ അച്ചന്‍ തെറി പറയാന്‍ പോകുന്നു എന്നേ തോന്നൂ. അയനത്തിന്‍റെ  തിരക്കഥാകൃത്ത് ജോണ്‍പോളിനോട് ഈ അച്ചനെക്കുറിച്ച് ഞാന്‍ പറഞ്ഞു. അതനുസരിച്ച് തിരക്കഥയില്‍ മാറ്റം വരുത്തി''



പി.ജെ ആന്‍റണിയുടെ രശ്മി എന്ന നാടകത്തിലെ കത്തോലിക്കാ പുരോഹിതനായി അഭിനയിക്കുന്നതിനുള്ള മുന്നൊരുക്കത്തി ന്‍റെ ഭാഗമായി തിലകന്‍ പെരുമ്പാവൂരിനടുത്തുള്ള ഒരു പുരോഹിതന്‍റെ  കൂടെ ഉദ്ദേശ്യം അറിയിക്കാതെ താമസിച്ചു. മനസമാധാനമില്ലെന്നും കുറച്ചു ദിവസം എല്ലാം മറന്ന് ജീവിക്കണമെന്നും പറഞ്ഞാണ് ഇതിന് അനുമതി നേടിയത്. പുരോഹിതന്‍റെ  സ്വഭാവും രീതികളും പഠിച്ചശേഷം മടങ്ങുമ്പോഴാണ് ഉദ്ദേശ്യം വെളിപ്പെടുത്തിയത്. അത് നേരത്തെ സൂചിപ്പിക്കാമായിരുന്നല്ലോ എന്ന് വൈദികന്‍ പറഞ്ഞു. ''അത് ശരിയാകത്തില്ല. ഞാന്‍ ഉദ്ദേശ്യം നേരത്തെ പറഞ്ഞാല്‍ അച്ചന്‍ എന്‍റെ  മുന്നില്‍ അഭിനയിക്കും. എനിക്ക് വേണ്ടത് ഒറിജിനല്‍ അച്ചനെയായിരുന്നു''-തിലകന്‍ പറഞ്ഞു.


സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും കാമറക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും. വ്യക്തമായ ധാരണയോടെ സിനിമയില്‍ വന്ന അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് തിലകനെന്ന് പല സംവിധായകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഭിനയത്തിനിടെ കരയാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ജയറാമിനോട് ഒരിക്കല്‍ അദ്ദേഹം ഉപദേശിച്ചു. ''നമ്മള്‍ സ്‌ക്രീനില്‍ കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവത്തോടെ നില്‍ക്കണം. അതു കണ്ട് പ്രേക്ഷകര്‍ കരയണം.'' അഭിനയം എന്ന പ്രക്രികയ സമ്പൂര്‍ണമാകുന്നത് പ്രേക്ഷകരിലാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ  സൂചന. തിലകന്‍റെ  വിങ്ങിപ്പൊട്ടുന്ന ഭാവം കിരീടം ഉള്‍പ്പെടെ എത്രയോ ചിത്രങ്ങളില്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചിരിക്കുന്നു.

തികഞ്ഞ സ്വാഭാവികതയോടെ എങ്ങനെ അഭിനയിക്കുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ  മറുപടി ഇതായിരുന്നു. ''എനിക്ക് അറിയില്ല. കൊച്ചിക്കാരന്‍റെ  ശൈലിയില്‍ സംസാരിക്കുന്ന യേശുദാസിനോട് ഇത്ര നന്നായി പാടുന്നതെങ്ങനെയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. 

എനിക്കറിയാമ്മേല ചേട്ടാ എന്നായിരുന്നു അദ്ദേഹത്തിന്‍റെ  മറുപടി. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. പാചകത്തിലും വൈദ്യത്തിലുമാണെങ്കില്‍ കൈപ്പുണ്യം എന്നു പറയും. ഒരു അജ്ഞാതമായ ഊര്‍ജം. ദൈവമാണോ അനുഗ്രഹമാണോ, എനിക്കറിയില്ല. ഒന്നുറപ്പാണ്. അത് ഒരു ഊര്‍ജമാണ്''

തിലകന്‍റെ  ജോടിയായി ഏറ്റവും തിളങ്ങിയിട്ടുള്ളത് കവിയൂര്‍ പൊന്നമ്മയും കെ.പി.എ.സി ലളിതയുമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയ രസതന്ത്രത്തിന്‍റെ  സമ്പൂര്‍ണതയുമായി തിലകന്‍-പൊന്നമ്മ, തിലകന്‍-ലളിത ജോടികള്‍ അയലത്തെ ദമ്പതികളായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.


കുടുംബവിശേഷം, കിരീടം, ചെങ്കോല്‍ തുടങ്ങിയവയാണ് തിലകന്‍-പൊന്നമ്മ ജോടികളുടെ ശ്രദ്ധേയ ചിത്രങ്ങളെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം തുടങ്ങിയവ തിലകന്‍-ലളിത കൂട്ടുകെട്ടിന്‍റെ  മികവ് വിളിച്ചോതുന്നു. 


തിലകനും കെ.പി.എ.സി ലളിതയും തമ്മിലുണ്ടായ പിണക്കം സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ചാവിഷമായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. ഈ പിണക്കത്തിന്‍റെ കാലയളവിലായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ഷൂട്ടിംഗ്. തിലകന്‍റെയും ലളിതയുടെയും പിണക്കം കൊച്ചുതോമയുടെയും മേരിപ്പെണ്ണിന്‍റെയും പെര്‍ഫെക് ഷനെ തെല്ലും ബാധിച്ചില്ല. രോഗത്തിന്‍റെ വേദന ഉള്ളിലൊതുക്കിയാണ് തിലകന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

തിലകനും കെ.പി.എ.സി ലളിയതയും ഇല്ലായിരുന്നെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ താന്‍ സംവിധാനം ചെയ്യുമായിരുന്നില്ലെന്ന് സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.

 പുസ്തകങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന തിലകന് സിനിമക്കാരേക്കാള്‍ ആരാധന എഴുത്തുകാരോടായിരുന്നു. ലോഹിതദാസിന്‍റെ 
തിരക്കഥകളുടെ കരുത്ത് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നതും തിലകനായിരുന്നു.

തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം തിലകനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയിലെ വിമതനാക്കി മാറ്റി. മുണ്ടക്കയത്തെ എസ്റ്റേറ്റിലെ ബാല്യ കാല ജീവിത സാഹചര്യങ്ങളാണ് തന്നെ ഒരു പരുക്കനാക്കി മാറ്റിയതെന്നാണ് തിലന്‍റെ വിലയിരുത്തല്‍. വലിപ്പച്ചെറുപ്പവും ജാതിമത ഭേദവും കാണാനാകാത്തത് കള്ളുഷാപ്പില്‍ മാത്രമാണെന്നും മലയാള സിനിമയുടെ പ്രതിസന്ധിക്കു കാരണം സൂപ്പര്‍താരങ്ങളാണെന്നും  അന്‍പതു പിന്നിട്ട സൂപ്പറുകള്‍ മരംചുറ്റി ഓടുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നുമെന്നുമൊക്കെ തുറന്നടിക്കാനുള്ള ചങ്കൂറ്റം മറ്റേതു നടനാണുള്ളത്?.


2004ല്‍ ഫിലിം ചേംബറും താരസംഘടനയായ അമ്മയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് താരങ്ങള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമായിരുന്ന വേളയിയില്‍ തിലകന്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. അമ്മയുടെ വിലക്ക് ലംഘിച്ച് അദ്ദേഹത്തോടൊപ്പം ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും സിനിമകളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന ഘട്ടം.  


സൂപ്പര്‍ താരങ്ങളുടെയും അവരുടെ സ്തുതിപാഠകരുടെയും കൂട്ടായ്മയായി അമ്മ അധഃപതിച്ചെന്നും ജാതിയുടെ പേരിലുള്ള വിവേചനം സിനിമയില്‍ രൂക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഷങ്ങളായി സിനിമയില്‍ താന്‍ അനുഭവിച്ചുവരുന്ന തിക്താനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ തിലകന്‍ വികാരാധീനനായി.

''അമ്മയുടെ നയങ്ങള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ നടന്‍ സുകുമാരനെതിരെ ഒരു കോക്കസ് തന്നെ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. സുകുമാരന്‍ അഭിനയിക്കുന്ന ചിത്രങ്ങളുമയി സഹകരിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ വാശിപ്പിടിച്ചു. പല സെറ്റുകളില്‍നിന്നും സുകുമാരന് കണ്ണീരോടെ ഇറങ്ങിപ്പോകേണ്ടിവന്നിട്ടുണ്ട്. അന്ന് സുകുമാരനെതിരെ നിലയുറപ്പിച്ച പലര്‍ക്കും ഒരുകാലത്ത് അയാളുടെ മക്കള്‍ക്കു മുന്നില്‍ ഓഛാനിച്ചു നില്‍ക്കേണ്ടിവരും'' ഈ പ്രവചനം ശരിവെക്കും വിധത്തിലായിരുന്നു അഭിനയ രംഗത്ത് സുകുമാരന്റെ മക്കളായ പൃഥ്വിരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും വളര്‍ച്ച. 


ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം  കുറെക്കാലം അഭിനയത്തില്‍നിന്ന് വിട്ടുനിന്ന തിലകന്‍ പിന്നീട് തിരിച്ചെത്തിയപ്പോള്‍ തനിക്കെതിരായ വിവേചനം വര്‍ധിച്ചെന്ന് തിരിച്ചറിഞ്ഞു. ഒരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ വിളിച്ച് തന്നെ അപമാനിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു. ''പിണക്കവും പരിഭവവുമൊക്കെ തോന്നയിട്ടുണ്ട്. പക്ഷെ ഞാന്‍ ആരുടെയും കഞ്ഞികുടി മുട്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ അരനൂറ്റാണ്ടുകാലം സിനിമയില്‍ നിന്ന എന്നോട് സഹപ്രവര്‍ത്തകര്‍ ചെയ്തത് അതാണ്''-അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.


2006 മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അന്തിമ ഘട്ടം പരെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം മാത്രമായി തിലകന്‍റെ നേട്ടം ഒതുങ്ങി. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിലകന്‍ മലയാള സിനിമയിലെ നടപ്പുരീതികളോടുള്ള ത ന്‍റെ  നിലപാടുകള്‍ തുറന്നടിച്ചു. പാരയെന്നാല്‍ മലയാള സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നെടുമുടി വേണുവിനെതിരെ നടത്തിയ പരാമര്‍ശം ഏറെ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി. നെടുമുടി തന്നോട് പല അവസരങ്ങളിലും മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരക്കാര്‍ സിനിമയില്‍ തുടരാന്‍ പാടില്ലെന്നുമായിരുന്നു തിലകന്‍റെ പരാമര്‍ശം.

അവാര്‍ഡുകളെക്കുറിച്ചും തന്നെ ആദ്യമായി നാടകവേദിയിലെത്തിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുമൊക്കെയുള്ള നിലപാടുകള്‍ പുറത്തുപറയാന്‍ തിലകന്‍ മടികാട്ടിയില്ല. ''കച്ചവട മനസ്ഥിതിയുള്ളവരാണ് അവാര്‍ഡുകള്‍ക്കു പിന്നാലെ പോകുന്നത്. സംസ്ഥാന അവാര്‍ഡിനും ദേശീയ അവാര്‍ഡിനുമൊക്കെ ജൂറിയെ സ്വാധീനിക്കാനാകും. അതിന് എന്‍റെ  പക്കല്‍ തെളിവുകളുമുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുന്നതുപോലെ തോന്നി.  ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ് പ്രേമം. പുതിയ ചെങ്കൊടിക്ക് നിറംമങ്ങലുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിക്കും എന്നെ ആകര്‍ഷിക്കാനായിട്ടില്ല. നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി നല്ല നാടകമേയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രൊപ്പഗാന്‍ഡ നാടകമാണ്. അതുപോലെ ഒരു പ്രൊപ്പഗാന്‍ഡ നാടകം ഇറങ്ങിയിട്ടില്ല''-അദ്ദേഹം വിശദീകരിച്ചു. 


ആരോഗ്യസ്ഥിതി വഷളാകുമ്പോഴും അഭിനയത്തിന്‍റെ  കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ അദ്ദേഹം തയാറായില്ല. ഇടുപ്പെല്ലിന്‍റെ  തേയ്മാനം മൂലം ക്ലേശിച്ചിരുന്നതിനാല്‍ ഏകാന്തം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കേണ്ടിവന്നു. പക്ഷെ കഥാപാത്രത്തിന്‍റെ  മികവിനെ അത് തെല്ലും ബാധിച്ചില്ല.
അഭിനയം മാറ്റി നിര്‍ത്തി എനിക്കൊരു ജീവിതമില്ല. എന്‍റെ  അഭയവും ആശ്വാസവും അഭിനയമാണ്. ആവശ്യമുള്ളിടത്തോളം കാലം ഞാന്‍ അഭിനയിക്കും. ഇനി തിലകന്‍ വേണ്ട എന്ന് എപ്പോള്‍ പ്രേക്ഷകര്‍ എപ്പോള്‍ പറയുന്നോ അപ്പോള്‍ അവസാനിപ്പിക്കും. എന്നെ അറിഞ്ഞതും അംഗീകരിച്ചതും പ്രേക്ഷകരാണ്. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ എന്നെ സ്‌നേഹിക്കുന്നുണ്ട്. അത് സൂപ്പര്‍ താരങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹമല്ല. കുടുംബത്തിലെ കാരണവരോട്, അല്ലെങ്കില്‍ അച്ഛനോട് ജ്യേഷ്ഠനോട് ഒക്കെ തോന്നുന്ന വികാരമില്ലേ?. അതാണ് അവര്‍ക്ക് എന്നോടുള്ളത്. ആ സ്‌നേഹം ഇരട്ടിയായി ഞാന്‍ തിരിച്ചു നല്‍കുന്നുമുണ്ട്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്നാണ് എന്‍റെ ആഗ്രഹം.

അമ്മ ഭൃഷ്ട് കല്‍പ്പിച്ച നാളുകള്‍ക്കുശേഷം രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പിയിലുടെയാണ് തിലകന്‍ 2011ല്‍ സിനിമയില്‍ സജീവമായത്. പക്ഷെ, അനാരോഗ്യം അദ്ദേഹത്തിന്‍റെ പ്രകടനത്തെ ഒരു പരിധിവരെ ബാധിക്കുകയുംചെയ്തു. പകരം

വയ്ക്കാന്‍ മറ്റൊരു നടനില്ലാത്തതുകൊണ്ടുതന്നെ തുടര്‍ന്ന്  മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ തുടങ്ങി പല  ചിത്രങ്ങളിലും തിലകന് അവസരങ്ങള്‍ ലഭിച്ചു. വിലക്ക് അപ്രസക്തമാകുന്നു എന്ന് ബോധ്യമായ സാഹചര്യത്തില്‍ തിലകന് വേണമെങ്കില്‍ സംഘടനയിലേക്ക് തിരിച്ചുവരാം എന്ന് അമ്മ ഭാരവാഹികള്‍ക്ക് പ്രഖ്യാപിക്കേണ്ടിവന്നു. 

ആഗ്രഹിച്ചതുപോലെ അഭിനയ ജീവിതത്തില്‍നിന്ന് വിടവാങ്ങും മുമ്പേ തിലകന്‍ ജീവിതത്തിന്‍റെ അരങ്ങൊഴിയുമ്പോള്‍ മലയാള സിനിമയില്‍ ഒരു ഇതാഹാസ യുഗത്തിനാണ് വിരാമമാകുന്നത്. ഏറെ ആദരവോടെ മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ച മഹാനടനൊപ്പം താര ലോകത്തെ എതിര്‍പ്പിന്‍റെ സ്വരവും കെട്ടടങ്ങുകയാണ്.

ഹര്‍ത്താല്‍ ഫലിച്ചു, മണിമലയില്‍ പുതിയ ബീവറേജസ് തുറന്നു; ചിയേഴ്‌സ്!!!!




(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)


വഴിപാടുപോലെ നടത്തുന്ന ഹര്‍ത്താലുകള്‍ മാത്രമേ സമീപകാലത്ത് നാം കണ്ടിട്ടുള്ളൂ. ഹര്‍ത്താലുകൊണ്ട് പ്രയോജനമുണ്ടെന്നും ഒരു ജനവിഭാഗത്തിന്‍റെ 'അടിസ്ഥാന ആവശ്യം' നിറവേറ്റുന്നതിന്  അതുവഴി സാധിക്കുമെന്നും ഒടുവില്‍ മണിമലയിലെ ബീവറേജസ് കോര്‍പ്പറേഷന്‍ ഫാന്‍സ് അസോസിയേഷന്‍ തെളിയിച്ചു. 

മണിമല മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പനശാല നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് മണിമണയിലെ ടാക്‌സി ഡ്രൈവര്‍മാരും വ്യാപാരികളും സെപ്റ്റംബര്‍ 21ന് നടത്തിയ ഹര്‍ത്താല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മദ്യവില്‍പ്പന ശാല ഇല്ലാത്ത്ത മദ്യപന്മാരെ ദുരിതത്തിലാക്കുകയും വ്യാപാരികളുടെയും ടാക്‌സിക്കാരുടെയും വരുമാനം കുറയ്ക്കുകയും ചെയ്യുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഹര്‍ത്താലിനു പിന്നാലെ ശനിയാഴ്ച്ച മദ്യപരുടെയും ടാക്‌സി തൊഴിലാളികളുടെയും സംരക്ഷണത്തില്‍ പുതിയൊരു മദ്യശാല മണിമലയില്‍ത്തന്നെ തുറന്നു. കറുകച്ചാല്‍ റൂട്ടില്‍ മണിമല പോലീസ് സ്റ്റേഷനു സമീപം മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറ്ററിക്കടയാണ് മിന്നല്‍ വേഗത്തില്‍ മദ്യശാലയായി മാറിയത്.  ഇതിന് പോലീസ് സംരക്ഷണവുമുണ്ട്.


 മദ്യം കയറ്റിയ ബീവറേജസ് കോര്‍പ്പറേഷന്‍റെ

വണ്ടി രാവിലെതന്നെ പ്രദേശത്ത് എത്തിയിരുന്നു. ബാറ്ററിക്കട മദ്യപര്‍തന്നെ വൃത്തിയാക്കി ബീവറേജസിന് സൗകര്യമൊരുക്കി. തുടര്‍ന്ന് ബീവറേജസ് ജീവനക്കാര്‍ കംപ്യൂട്ടറും പണപ്പെട്ടിയുമായി കടപ്രവേശം നടത്തി. മൂന്നുമണിയോടെ മദ്യം കയറ്റിയ ലോറി കടയുടെ സമീപത്തെത്തി. തെല്ലും സമയം കളയാതെ ടാക്‌സി തൊഴിലാളികള്‍ കയറി ലോഡ് ഇറക്കി. അതോടൊപ്പംതന്നെ മദ്യവില്‍പ്പനയും തുടങ്ങി. മദ്യക്കുപ്പികള്‍ കയ്യിലേത്തി ബീവറേജസ് ഫാന്‍സ് അസോസിയേഷന്‍ ആഹ്ലാദ പ്രകടനവും നടത്തി. 

മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തയെങ്കിലും ഫലം കണ്ടില്ല. പോലീസ് സംരക്ഷണയിലാണ് ഇപ്പോള്‍ മദ്യശാല പ്രവര്‍ത്തിക്കുന്നത്.


Friday, September 21, 2012

ജോഷി എന്ന വിസ്മയം




മലയാള സിനിമയുടെ 'ഷോമാന്‍' ആരെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ ആദ്യം നല്‍കുന്ന ഉത്തരം ജോഷി എന്നായിരിക്കും. റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ പരസ്യവാചകമായ 'ജനറേഷന്‍ ഗ്യാപ് ഇല്ലാത്ത വിജയം' എന്നത് ജോഷിയെ സംബന്ധിച്ചിടത്തോളം അര്‍ഥവത്താകുന്നതും ഇവിടെയാണ്. 

1978-ല്‍ തുടങ്ങിയ ചലച്ചിത്ര ജീവിതം ഇന്ന് 2012-ലും വിജയത്തിളക്കത്തില്‍ തന്നെ നില്‍ക്കുന്നു. എന്നും പ്രേക്ഷകര്‍ അമ്പരപ്പോടെ നോക്കുന്ന ഒരു ജോഷി ക്രാഫ്റ്റ് കൊണ്ട് സമ്പന്നമാണ് പുതിയ ചിത്രമായ റണ്‍ ബേബി റണ്‍. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയിരിക്കുന്ന റണ്‍ ബേബി റണ്‍ ഈ സീസണിലെ പ്രിയപ്പെട്ട ചിത്രമാകുമ്പോള്‍ അത് ജോഷി എന്ന സംവിധായകന്‍റെ മികവ് തന്നെയാണ്. 

ത്രില്ലറുകള്‍ ഒരുക്കാന്‍ ജോഷിയുടെ കഴിവ് എന്നും പ്രശംസനീയമാണ്. മികച്ചൊരു തിരക്കഥ കൈവന്നാല്‍ പിന്നെ പടം സൂപ്പര്‍ഹിറ്റാകുമെന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വരില്ല. പ്രേക്ഷകരെ ഇരുത്തി തരിപ്പിക്കുന്ന ത്രില്ലര്‍ സൃഷ്ടിക്കാന്‍ മലയാളത്തില്‍ ജോഷിയോളം വൈഭവം കാണിച്ചവര്‍ വേറെയാരുമില്ല. ന്യൂഡല്‍ഹിയിലൂടെയാണ് ത്രില്ലര്‍ സ്വഭാവ സിനിമയുടെ ഹൈപോയിന്റിലേക്ക് ജോഷി ഉയരുന്നത്. 

ഇന്ന് റണ്‍ ബേബി റണ്‍ എന്ന സിനിമയിലേക്ക് എത്തുമ്പോള്‍ കരുത്ത് ചോര്‍ന്നു പോകാതെ തന്നെ ജോഷി കാഴ്ചകള്‍ സൃഷ്ടിച്ചിരിക്കുന്നു. കാലത്തിനൊപ്പം മാറി നടക്കാനുള്ള ജോഷിയുടെ കഴിവാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. മൂന്ന് പതിറ്റാണ്ടുകളില്‍ സിനിമയില്‍ മാറി വന്ന സഞ്ചാരങ്ങളൊക്കെയും ജോഷി എപ്പോഴും ഹൃദിസ്ഥമാക്കിയിരുന്നു. അത് സിനിമയുടെ സാങ്കേതിക വശത്തായാലും പ്രേക്ഷക അഭിരുചിയുടെ കാര്യത്തിലായാലും ഒരോ സിനിമക്കുമൊപ്പം ജോഷിയും നവീകരിക്കപ്പെടുന്ന കാഴ്ചയാണ് എന്നും പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. ഹിറ്റുകള്‍ തുടര്‍ക്കഥയായ ജോഷിയുടെ കരിയര്‍ തന്നെയാണ് ഇതിന്‍റെ തെളിവ്. 

ഒരു കാലത്ത് ചെയ്ത ഹിറ്റുകളുടെ ആവര്‍ത്തനങ്ങളില്‍ പെട്ട് മലയാള സിനിമയുടെ പല ഹിറ്റ്‌മേക്കേഴ്‌സും പിന്നീട് പരാജയപ്പെട്ട കാഴ്ച നമുക്ക് മുമ്പിലുണ്ട്. പക്ഷെ തന്റെ തന്നെ സിനിമകളെ ആവര്‍ത്തിക്കാന്‍ ജോഷി ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നിടത്താണ് ജോഷിയുടെ വിജയം നിലനില്‍ക്കുന്നത്. എന്നാല്‍ എന്നും ഒരു 'ജോഷി സ്റ്റൈല്‍' നിലനിര്‍ത്തികൊണ്ടുവരാന്‍ അതൊരു ബ്രാന്‍ഡ് തന്നെയാക്കി മാറ്റാന്‍ ഈ സംവിധായകന് കഴിയുകയും ചെയ്തു. 

മലയാളത്തിന്‍റെ പ്രേക്ഷകനെ ജോഷിയോളം വ്യക്തമായി മനസിലാക്കിയ ഒരു സംവിധായകനും വേറെയുണ്ടാവില്ല. ആക്ഷന്‍ ചിത്രമാണെങ്കിലും ത്രില്ലര്‍ ചിത്രമാണെങ്കിലും മലയാളിയുടെ മനസില്‍ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ജോഷിയുടെ ചിത്രങ്ങളില്‍ കാണും. പ്രണയവും, കുടുംബവും, അതിനിടയിലെ ബന്ധങ്ങളുമെല്ലാം ചേരുംപടി ചേര്‍ന്നതുപോലെ കടന്നു വരും. ഇവിടെയാണ് ജോഷി ചിത്രങ്ങളുടെ വിജയം സാധ്യമാകുന്നതും. 



അതുപോലെ തന്നെയാണ് മലയാളത്തിന്‍റെ ഏത് പശ്ചാത്തലങ്ങളിലേക്കും കടന്നു പോകാനുള്ള ജോഷിയുടെ കഴിവും. റണ്‍ ബേബി റണ്‍ കേരളത്തിന്‍റെ നഗര പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. നാഗരികമായ കഥരീതിയും, ചാനല്‍ പോലെ ഏറ്റവും പുതിയകാല മാധ്യമത്തിനുള്ളിലെ പശ്ചാത്തലവുമാണ് റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ ഒരുക്കുന്നത്. അതായത് ഈ സമയത്തെ പശ്ചാത്തലമാക്കുന്ന ഒരു ചിത്രം. 

എന്നാല്‍ നരന്‍ എന്ന ചിത്രമാകട്ടെ തീര്‍ത്തും ഉള്‍നാടന്‍ ഗ്രാമീണത പശ്ചാത്തലമാകുന്ന ചിത്രമാണ്. സെവന്‍സ് എന്ന ചിത്രമാവട്ടെ കേരളത്തിലെ മധ്യവര്‍ത്തി സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട യുവാക്കളുടെ കഥ പറയുന്ന ചിത്രം. ഇങ്ങനെ വേറിട്ട പശ്ചാത്തലങ്ങളില്‍ ജോഷി ഒരുക്കിയ ചിത്രങ്ങളും നിരവധി. 

ഏത് പശ്ചാത്തലത്തിലും അസാമാന്യമായി കൈയ്യൊതുക്കം പ്രകടിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ജോഷിയിലെ സംവിധായകനെ വേറിട്ടു നിര്‍ത്തുന്നത്. ജോഷിയുടെ കഥാപാത്രങ്ങളും ഇതുപോലെ തന്നെ വിവിധ പശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുന്നവരായിരുന്നു. നാട്ടുപ്രമാണിമാരും, പോലീസ് ഉദ്യോഗസ്ഥരും, പത്രപ്രവര്‍ത്തകരും, അഭിഭാഷകരും, വാടക ഗുണ്ടകളുമൊക്കെയായി നിരവധി പശ്ചാത്തലങ്ങളില്‍ നിന്ന് ജോഷി തന്റെ സിനിമകളിലെ കഥാപാത്രങ്ങളെ കണ്ടെത്തി. ഈ വൈവിധ്യങ്ങളാണ് ഇന്നും മലയാള സിനിമയിലെ ഏറ്റവും ആക്ടിവ് ഫിലിംമേക്കറായ ജോഷിയെ നിലനിര്‍ത്തുന്നത്. 

ഇതിലെല്ലാം ഉപരിയായി കാണാവുന്ന പ്രത്യേകത എന്നും ഗ്ലാമറിന്‍റെ ലോകത്തായിരുന്നിട്ടും അതി ന്‍റെ  ആര്‍ഭാടങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് ജോഷി താത്പര്യപ്പെട്ടത് എന്നതാണ്. ജോഷിയുടെ അഭിമുഖങ്ങള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് തന്നെ അപൂര്‍വ്വം. ഒരിക്കല്‍ പോലും ചാനല്‍ കാമറക്ക് മുമ്പിലേക്ക് ജോഷി വന്നിട്ടുമില്ല. ഒരു സിനിമ റിലീസിനെത്തുമ്പോള്‍ അത് വന്നൊന്ന് കാണണേയെന്ന് ചാനല്‍ ഫ്‌ളോറുകളില്‍ വന്നിരുന്ന് കെഞ്ചേണ്ടി വരുന്നുണ്ട് മലയാള സിനിമയിലെ പുതിയ പ്രതിഭകള്‍ക്ക്. എന്നാല്‍ ഒരു ജോഷി ചിത്രമെത്തുമ്പോള്‍ സ്വാഗതത്തിന്റെ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തും. 

മലയാളത്തിലെ താരങ്ങളെയെല്ലാം അണിനിരത്തി ട്വന്‍റി ട്വന്‍റി എന്ന സിനിമ ഒരുക്കാന്‍ താരസംഘടനയായ തീരുമാനിച്ചപ്പോള്‍ അതിന്‍റെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ജോഷി തന്നെ. 

കാരണം സൂപ്പര്‍സ്റ്റാറുകള്‍ മുതല്‍ യുവതാരങ്ങളെ വരെ കൂട്ടിയിണക്കാന്‍ കഴിയുക ജോഷിക്ക് തന്നെയായിരിക്കുമെന്ന് മലയാള സിനിമയിലെ ഏവര്‍ക്കുമറിയാം. കാരണം ട്വന്റി ട്വന്റികള്‍ ജോഷിക്ക് പുതുമയൊന്നുമല്ല. ജോഷിയുടെ മുന്നാമത്തെ ചിത്രമായ 'രക്തം' തന്നെ അക്കാലത്തെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു. 

1981-ലാണ് ജോഷി രക്തം ഒരുക്കുന്നത്. അന്ന് താരത്തിളക്കത്തിന്റെ കൊടുമുടിയില്‍ നിന്ന പ്രേംനസീര്‍, മധു, സോമന്‍, ശ്രീവിദ്യ, സുമലത തുടങ്ങി നിരവധി താരങ്ങളെ അണിനിരത്തിയാണ് ജോഷി രക്തം ഒരുക്കിയത്. ചിത്രം വന്‍ വിജയമാകുകയും ചെയ്തു. കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടുള്ള ജോഷിയുടെ യാത്ര അന്ന് ആരംഭിച്ചതാണ്. പില്‍ക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റുകള്‍ ഒരുക്കിയ സംവിധായകനായി ജോഷി മാറുകയും ചെയ്തു.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെ സൂപ്പര്‍താര നിര്‍മ്മിതിക്കു പിന്നിലും ജോഷിയെന്ന സ്റ്റാര്‍ ഡയറക്ടറുടെ ചിത്രങ്ങള്‍ പ്രധാനമായിരുന്നു. 

1983-ല്‍ കൊടുങ്കാറ്റ് എന്ന ഹിറ്റ് ചിത്രത്തിലാണ് മമ്മൂട്ടിയും ജോഷിയും ഒരുമിക്കുന്നത്. പിന്നീട് 35ഓളം ചിത്രങ്ങളില്‍ മമ്മൂട്ടിയും ജോഷിയും ഒരുമിച്ചു. 

ഇന്ത്യന്‍ സിനിമ അത്ഭുതത്തോടെ നോക്കിയ ചിത്രമായിരുന്നു ന്യൂഡല്‍ഹി മമ്മൂട്ടി ജോഷി കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു. കൊമേഴ്‌സ്യല്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ന്യൂഡെല്‍ഹി. 275 ദിവസങ്ങള്‍ തീയേറ്ററില്‍ സജീവമായി നിന്ന ന്യൂഡല്‍ഹി പല ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചപ്പോഴും വന്‍ വിജയം നേടി. കൊമേഴ്‌സ്യലായി വന്‍ വിജയം നേടിയപ്പോഴും ഇന്ത്യന്‍ സിനിമയിലെ അക്കാദമിക് സംവിധായകരെയും അമ്പരപ്പിച്ച ചിത്രമായിരുന്നു ന്യൂഡല്‍ഹി. 

ന്യൂഡല്‍ഹിയുടെ വിജയം ജോഷിയെന്ന സംവിധായകന് തെന്നിന്ത്യന്‍ സിനിമയില്‍ നല്‍കിയ സ്ഥാനം വലുതായിരുന്നു. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ വേറിട്ട ഹിറ്റുകളുമായി ജോഷി പല തവണയെത്തി. 

ജനുവരി ഒരു ഓര്‍മ്മ, സംഘം, നായര്‍ സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, കൗരവര്‍, ധ്രൂവം, സൈന്യം, ലേലം, പത്രം, റണ്‍വേ, നരന്‍, ലയണ്‍, ട്വന്റി ട്വന്റി തുടങ്ങി ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതിയ നിരവധി ചിത്രങ്ങള്‍. 

റണ്‍ ബേബി റണ്‍ തീയേറ്ററില്‍ വന്‍ വിജയം നേടിയിരിക്കുമ്പോള്‍ തന്നെ ജോഷി തന്‍റെ പുതിയ ചിത്രത്തിന്‍റെ ജോലികളിലേക്ക് കടന്നിരിക്കുന്നു. ലോക് പാല്‍ എന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്നത്. 

എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന ചിത്രം. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. ഒരു പൊളിറ്റക്കല്‍ സറ്റയറാണ് ഈ സിനിമ. പേരുകേള്‍ക്കുമ്പോള്‍ തന്നെ തിരിച്ചറിയാം വര്‍ത്തമാന കാല രാഷ്ട്രീയ കഥയുമായിട്ടാണ് ജോഷി ഇത്തവണയും എത്തുന്നതെന്ന്. 



കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള ഈ കഴിവ് തന്നെയാണ് എന്നും മലയാള സിനിമയില്‍ ജോഷിയെ വേറിട്ടു നിര്‍ത്തുന്നത്. മലയാള സിനിമയില്‍ ജോഷിയില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ ഇനിയും ഏറെയുണ്ടെന്നുതന്നെയാണ് റണ്‍ ബേബി റണ്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കാം, വരാനിരിക്കുന്ന ജോഷി ചിത്രങ്ങള്‍ക്കായി. 


(കടപ്പാട്-രാഷ്ട്രദീപിക സിനിമ വാരിക)



Thursday, September 20, 2012

ആസിഫ് അലിക്ക് 'ബിവി' വേണം




തലക്കെട്ടു കാണുന്‌പോള്‍ ഇനിയെന്തോന്നു ബീ വി, കല്യാണം ഉറപ്പിച്ചില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. തന്റെ പുതിയ ബി.എം.ഡബ്യ്യൂ കാറിന്ബി വി. സീരീസിലുള്ള നന്പരു തേടി ആസിഫ് അലി  ആര്‍.ടി. ഓഫീസലെത്തിയതിനെക്കുറിച്ചാണ്  പറഞ്ഞുവരുന്നത്. 

കെ.എല്‍.07 ബി വി. 5005 എന്ന നമ്പറിനായി എറണാകുളം ആര്‍ടിഒയെയാണ് ആസിഫ് രേഖാമൂലം സമീപിച്ചിരിക്കുന്നത്. 25,000 രൂപ ഫീസുമടച്ചു.

തിങ്കളാഴ്ച ലേലത്തില്‍ ഈ നമ്പറിന് മറ്റാവശ്യക്കാര്‍ എത്തിയില്ലെങ്കില്‍ 
ഇഷ്ട നമ്പര്‍ ആസിഫ് അലിക്ക് ലഭിക്കും. ബി വി. സീരിസിലുള്ള ഇഷ്ട നമ്പര്‍ 
കഴിഞ്ഞ ദിവസം മത്സരമില്ലാതെ മീരാ ജാസ്മിനും സ്വന്തമാക്കിയിരുന്നു. 
പുതിയ ബി.എം.ഡബ്ല്യു കാറിന് കെ.എല്‍. 07 ബി.വി. 5522 എന്ന നമ്പര്‍ ആണ് മീരയ്ക്ക് ലഭിച്ചത്. പണം അടച്ച്  ബുക്ക് ചെയ്തിരുന്നെങ്കിലും ഈ നമ്പറിന് മറ്റാവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മീരാ ജാസ്മിന് നല്‍കുകയായിരുന്നു.

മഹാസമാധി ദിനാചരണം



നെടുംകുന്നം അമ്പത്തേഴാം നമ്പര്‍ എസ്എന്‍ഡിപി  ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ മഹാസമാധി ദിനാചരണം ഇന്നു നടക്കും.  രാവിലെ 7.30ന് പുരാണപാരായണം, 9.30ന് ഗുരുദേവകൃതി പാരായണം, 12.45ന് നടക്കുന്ന സമ്മേളനം യൂണിയന്‍ കമ്മിറ്റിയംഗം എ.എസ്. ജയപാല്‍ ഉദ്ഘാടനംചെയ്യും. ശാഖാ പ്രസിഡന്‍റ് എ.എസ്. മോഹന്‍ദാസ് അധ്യക്ഷതവഹിക്കും.

(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക)

കള്ളുവില്‍പന നിരോധിക്കണമെന്ന് ഹൈക്കോടതി





സംസ്ഥാനത്ത് കള്ളുവില്‍പന നിരോധിക്കുന്ന കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ കോടതിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും ധീരമായ ഈ തീരുമാനമെടുക്കണമെന്നും അബ്കാരികളുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കവേ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 


അബ്കാരി കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ സി.എന്‍ രാമചന്ദ്രന്‍, വി.പി റേ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാജക്കള്ള് പെരുകുന്നതായി കോടതി ചൂണ്ടിക്കാട്ടി. ചാരായം പോലെ കള്ളും നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വീര്യം കുറഞ്ഞ മദ്യമെന്ന പേരിലാണ് കള്ള് നല്‍കുന്നത്. എന്നാല്‍ ഇതില്‍ ചാരായമുള്‍പ്പെടെയുള്ളവ ചേര്‍ത്താണ് വില്‍പന നടത്തുന്നത്. ബീവറേജസ് കോര്‍പ്പറേഷന്റെ 400 ലധികം ഔട്ട്‌ലെറ്റുകളിലൂടെ വീര്യം കുറഞ്ഞ മദ്യമായി ബിയറുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട് പിന്നെന്തിനാണ് കള്ളുവില്‍പന തുടരുന്നതെന്നും കോടതി ചോദിച്ചു. 



എമേര്‍ജിംഗ് കേരള പോലുളള പരിഷ്‌കരണ നടപടികളുമായി നീങ്ങുന്ന കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യവില്‍പന നടക്കുന്നത് ഭൂഷണമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കള്ളുവില്‍പന സമൂഹത്തിലെ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവരുടെ സാമ്പത്തിക നിലയെ ദോഷമായി ബാധിക്കുന്നുണ്‌ടെന്നും കോടതി ചൂണ്ടിക്കാട്ടി.

(വാര്‍ത്തയ്ക്ക് കടപ്പാട്- ദീപിക.കോം)

Wednesday, September 19, 2012

ബസ് ചാര്‍ജ് കൂട്ടും; ബസ് സമരമില്ല



സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു. ഡീസല്‍ വില വര്‍ധനയുടെ   പശ്ചാത്തലത്തില്‍ അടുത്ത മാസം 10നു മുന്‍പ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു.

ബസ് നിരക്കു വര്‍ധനയെക്കുറിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ അന്വേഷിക്കുന്നുണ്ട്. കമ്മിഷന്‍റെ റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുപ്പതിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ബസ് ഉടമകളുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അവര്‍ക്കൊപ്പമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. 

നിരക്കു വര്‍ധന സംബന്ധിച്ചുള്ള നാറ്റ്പാക്കിന്‍റെ റിപ്പോര്‍ട്ടും ഉടനെ ലഭിക്കും. ഇവ രണ്ടും ക്രോഡീകരിച്ചതിനനുസരിച്ചുള്ള നിരക്കായിരിക്കും തീരുമാനിക്കുക എന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു. നിരക്കുകള്‍ എങ്ങനെയായിരിക്കുമെന്നും മിനിമം നിരക്ക്, വിദ്യാര്‍ഥികളുടെ നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടില്ല.

 ആരൊക്കെ പഠനം നടത്തിയാലും ക്രോഡീകരിച്ചാലും സാധാരണക്കാരന് ബസ് യാത്ര താങ്ങാന്‍ കഴിയാത്ത നാളുകളാണ് വരാനിരിക്കുന്നത്. 


Tuesday, September 18, 2012

ഹിന്ദി ദിനം ആചരിച്ചു





നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി ദിനാചരണം പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്‍റണി അധ്യക്ഷതവഹിച്ചു. കെ.സി. ടോമി, റെയ്ച്ചല്‍ നീനാ ജേക്കബ്, തോമസ് ചാക്കോ, ടോം കുര്യന്‍, സോനു കെ. ജോബ്, റെജിമോന്‍ പി.എസ്., ഡൊമനിക് ജോസഫ്, ആന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനം, ഹിന്ദി പ്രഭാഷണം, കവിതാ പാരായണം എന്നിവ നടത്തി.

Monday, September 17, 2012

11കെ.വി ലൈന്‍ ഇന്ന് ചാര്‍ജ്ജ് ചെയ്യും


ഇടത്തനാട്ടുപടി മുതല്‍ കുളത്തുങ്കല്‍ കവല വരെയുള്ള ഭാഗത്ത് പുതുതായി സ്ഥാപിച്ച 11 കെവി ലൈനും ട്രാന്‍സ്‌ഫോമറും ഇന്ന് ചാര്‍ജ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളിലും ലൈനുകളിലും ജനങ്ങള്‍ ബന്ധപ്പെടരുതെന്നും പോസ്റ്റുകളില്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടരുതെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 

കറുകച്ചാല്‍ 11 കെവി വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പരുത്തിമൂട് മുതല്‍ കുളത്തൂര്‍മൂഴി വരെയുള്ള ഭാഗത്ത് ഇന്ന് രാവിലെ എട്ട് മുതല്‍ ആറുവരേയും പത്തനാട്ട് ഭാഗികമായും വൈദ്യുതി മുടങ്ങും.

(വാര്‍ത്തയ്ക്ക് കടപ്പാട് മലയാള മനോരമ)


Friday, September 14, 2012

നമ്മുടെ സ്വന്തം കുഞ്ഞാറ്റയ്ക്ക് ഒരു കൂടുവേണം



കുട്ടികളേ,
ഒരിടത്തൊരിടത്തൊരിടത്ത് ഒരു കുഞ്ഞാറ്റക്കിളിയുണ്ടായിരുന്നു  എന്നും രാവിലെ നാട്ടുകാരെ പാട്ടു പാടിയുണര്‍ത്തുന്ന, പകലന്തിയോളം തൊടിയില്‍ പറന്നു കളിച്ചിരുന്ന കുഞ്ഞാറ്റയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.സുന്ദരിയായ അവളെ കാണാന്‍ ദൂരെ ദിക്കുകളില്‍നിന്നുപോലും ആളുകള്‍ കുഞ്ഞുങ്ങളെയും കൂട്ടി എത്തുമായിരുന്നു. കുഞ്ഞു  വാവകളെ ഇഷ്ടമായിരുന്ന അവള് പലേടത്തുനിന്നും കുഞ്ഞുകുഞ്ഞു പഴങ്ങളും മറ്റും കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുവന്ന് കൊടുത്തിരുന്നു. 

പക്ഷെ, പാവം കുഞ്ഞാറ്റയ്ക്ക്  അന്തിയുറങ്ങാന്‍ ഒരു കൂടുവയ്ക്കാന്‍ ആരും ഒരിത്തിരി സ്ഥലം മാത്രം ആരും കൊടുത്തില്ല. കുഞ്ഞാറ്റ മരക്കൊന്പിലെ കൂട്ടിലിരുന്ന് അപ്പിയിട്ടാല്‍ തങ്ങളുടെ പറന്പു ഇച്ചീച്ചിയാകുമെന്നാരുന്നു അവരുടെ പരാതി. കുഞ്ഞാറ്റയ്ക്ക് കൂടിന് ഇടം കൊടുക്കാതിരിക്കാന്‍ അവളുടെ പാട്ട് രഞ്ജിനി ഹരിദാസിന്‍റെ ശബ്ദം പോലാണെന്നുവരെ അവരു പറഞ്ഞു.

പാവം കുഞ്ഞാറ്റ! കൂട്ടിലിരുന്ന് കരഞ്ഞു. അവളുടെ പ്രിയപ്പെട്ട കുഞ്ഞുവാവകള്‍ അവളെ എങ്ങനെ സഹായിക്കും?. അവള്‍ക്ക് കൂടുവയ്ക്കാന്‍ ഇടം കൊടുക്കണമെന്നു പറഞ്ഞാല്‍ ഡാഡിമാരും മമ്മിമാരും വാവകളെ വഴക്കുപറയില്ലേ? കൂടുവയ്ക്കാന്‍ ഇടം കൊടുത്തില്ലെങ്കിലും അവളെ കാണാന്‍, പാട്ടുകേള്‍ക്കാന്‍ മുതിര്‍ന്നവരും കുഞ്ഞുവാവകളും അവള്‍ ഇരിക്കുന്ന മരങ്ങളുടെ അരികിലേക്കും മറ്റും ഒളിഞ്ഞും പാത്തും എത്തിക്കൊണ്ടിരുന്നു. 


കുഞ്ഞാറ്റയുടെ കഥ നല്‍കുന്ന സന്ദേശം എന്താണ്? നമ്മുടെ നാട്ടില്‍ പൂസാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും പ്രധാന ആശ്രയമാണ് സര്‍ക്കാരിന്‍റെ സ്വന്തം ബീവറേജസ് കോര്‍പ്പറേഷഷന്‍. ബീവറേജസ് കുഞ്ഞാറ്റയാണെങ്കില്‍ കുടിയന്‍മാരെല്ലാം കുഞ്ഞുവാവകളാണ്. ഈ  കുഞ്ഞിക്കിളിയെ തേടി വിദൂര സ്ഥലങ്ങളില്‍നിന്നുള്‍പ്പെടെ കറുകച്ചാലിലേക്ക് ഒഴുകുന്നത്, ഒരുനോക്കു കാണാന്‍ മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനില്‍ക്കുന്നത് എത്രോയോ പേര്‍? 

നെടുംകുന്നംകാരുടെ യാത്രാചെലവും കഷ്ടപ്പാടും ഇല്ലാതാക്കാനായി കുഞ്ഞാറ്റയുടെ സ്നേഹനിധിയായ ഡാഡി നെടുംകുന്നത്തു തന്നെ ഒരു കൂടൊരുക്കി കുഞ്ഞാറ്റയെ അവിടെയാക്കാന്‍ ശ്രമിച്ചെങ്കിലും നമ്മടെ നാട്ടിലെ വികസന വിരോധികള്‍ അതിനെ എതിര്‍ത്തു.  തെങ്ങണ കണ്ണവട്ടയില്‍ അടച്ചുപൂട്ടിയ ബീവറേജസ് ഷോപ്പ് നെടുംകുന്നത്തിന് കിട്ടാനുള്ള സുവര്‍ണാവസരമാണ് അങ്ങനെ പാഴായത്. 
ഇപ്പം ദേ മണിമല മൂങ്ങാനിയിലെ ഷോപ്പ് മാറ്റാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് പകരം സ്ഥലം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ബീവറേജസ് ഉദ്യോഗസ്ഥര്‍. 


ആരോരുമറിയാതെ പഞ്ചായത്തില്‍ പലേടത്തും കെട്ടിട ഉടമകളുമായി  ധാരണയുണ്ടാക്കി സമ്മത പത്രം വാങ്ങിയെങ്കിലും വികസനവിരോധികളുടെ ഇടപെടലിനെത്തുടര്‍ന്ന് അതെല്ലാം പാഴായി.  പാവം കുഞ്ഞാറ്റ! പലേടത്തും ഇപ്പോ കുഞ്ഞാറ്റയ്ക്കെതിരെ മദ്യവിരുദ്ധ ജനകീയ കമ്മിറ്റികള്‍ തൊടങ്ങീരിക്കുവാണത്രേ!

കുഞ്ഞുവാവകളുടെ കാര്യത്തിലെന്ന പോലെ ഇവിടെ കുടിയന്‍മാര്‍ക്കും ചോദിക്കാനും പറയാനും ആരുമില്ലേ. ചിത്രത്തിലെ കുഞ്ഞാറ്റയെ നോക്കൂ. കുഞ്ഞുവാവകള്‍ക്കുള്ള സമ്മാനവുമായി കൂടുവയ്ക്കാനൊരിടംതേടി പരക്കം പായുകയാണവള്‍. 

നമ്മുടെ നാട്ടിലെ കുഞ്ഞുവാവകളുടെ സര്‍വതോന്മുഖ വികസനത്തനായി എല്ലാ പഞ്ചായത്തിലും കുഞ്ഞാറ്റക്കിളിക്കൂട് സ്ഥാപിക്കുന്നതിനായി കുഞ്ഞുവാവകള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ മദ്യം വില്‍ക്കുകയും മദ്യപാനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാട്ടില്‍ ഒരു ബീവറേജസ് ഷോപ്പ് തങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തിറങ്ങാന്‍ കുഞ്ഞുവാവകള്‍ മടിക്കുന്നതെന്തിന്? 


വേറിട്ട കാഴ്ച്ചയായി ശാസ്ത്രപ്രദര്‍ശനം



നെടുംകുന്നം  സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്‌കൂളില്‍ സംഘടിപ്പിച്ച ശാസ്ത്രപ്രദര്‍ശനം വേറിട്ട കാഴ്ചയൊരുക്കി. വിദ്യാര്‍ഥികളില്‍ ശാസ്ത്രത്തിനോട് ആഭിമുഖ്യം വളര്‍ത്തുന്നതിനു വേണ്ടിയാണ് സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. സ്മാര്‍ട്ട് സിറ്റിയും താജ്മഹലുമെല്ലാം സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ കാഴ്ചയുടെ ലോകത്തൊരുക്കിയിരുന്നു.


ജുറാസിക് പാര്‍ക്കും ഏറെ പ്രശംസ നേടി. വൈക്കം വാര്‍വിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസി ലൂക്ക അധ്യക്ഷത വഹിച്ചു.  പിടിഎ പ്രസിഡന്‍റ് ബിജു കോഴിമണ്ണില്‍, സ്‌കൂള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ജോണ്‍സി കാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

(കടപ്പാട്-മലയാള മനോരമ)

Wednesday, September 12, 2012

പറ്റിച്ചേ....ഈ ഇച്ചീച്ചി അനുകരിക്കരുത്







''പുകവലി ആരോഗ്യത്തിന് ഹാനികരം'' സിനിമയിലെ നായകനോ മറ്റു താരങ്ങളോ പുകവലിച്ച് അര്‍മ്മാദിക്കുന്പോള്‍ സ്ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിക്കുന്നത് നമ്മള്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു. ഇനിയിപ്പം ഇങ്ങനെ എഴുതിക്കാണിച്ചാല്‍ മാത്രം പോരാ പുകവലിക്കുന്ന താരം ആരാണെങ്കിലും സിനിമയുടെ തുടക്കത്തിലും ഇടവേള സമയത്തും പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സന്ദേശം നല്‍കണം.  സിനിമയുടെ തുടക്കത്തില്‍ 20 സെക്കന്‍ഡും ഇടവേളയില്‍ 15 സെക്കന്‍ഡുമുള്ള ബോധവല്‍ക്കരണ സന്ദേശമാണ് നല്‍കേണ്ടത്. 

 സിനിമകളില്‍ പുകവലി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച പുതി മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം നിഷ്കര്‍ഷിച്ചിരിക്കുന്നത്. 

പുകവലി ദൃശ്യങ്ങള്‍ സിനിമകളില്‍ കാണിക്കുകയേ ചെയ്യരുതെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്‍റെ നിലപാട്. എന്നാല്‍ വാര്‍ത്താമിനിമയ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ വിയോജിപ്പായിരുന്നു. പുകവലിച്ചില്ലെങ്കില്‍ വില്ലന്‍മാരുടെ പൗരുഷം ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നായകന്‍മാര്‍ക്ക് വേറെ പ്രോപ്പര്‍ട്ടി കണ്ടുപിട്ക്കേണ്ടിവരുമെന്നും ആര്‍ക്കാണ് അറിയാത്തത്? രണ്ടു മന്ത്രാലയങ്ങളും വിശദമായി ചര്‍ച്ച ചെയ്താണ് സിനിമയിലെ പുകവലിക്ക് പ്രതിസന്ധി സൃഷ്ടിക്കാത്ത 
പുതിയമാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.

പുകവലിക്കുന്ന ദൃശ്യം അവ്യക്തമായി മാത്രമെ കാണിക്കാവൂ. ദൃശ്യം കാണിക്കുകയാണെങ്കില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്നു എഴുതിക്കാണിക്കുകയും വേണം. പഴയ സിനിമകള്‍ക്കും വിദേശ സിനിമകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമാണ്. ടെലിവിഷനില്‍ കാണിക്കുന്ന സിനിമകള്‍ക്കും ഇത് ബാധകമാണ്. പുകവലിക്കുകയാണെന്ന് മനസ്സിലാകാത്തവിധം അവ്യക്തമായി കാണിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് അങ്ങനയൊരു ഷോട്ട്? എത്ര അവ്യക്തമാക്കിയാലും കഥാപാത്രം പുകവലിക്കുകയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുംവിധമല്ലേ കാണിക്കാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് വെറുതേ അവ്യക്തമാക്കാന്‍ കഷ്ടപ്പെടുന്നത്? 


ഒരു സിനിമയില്‍ ഏറെ ആളുകളുള്ള തെരുവ് കാണിച്ചു എന്നിരിക്കട്ടെ. അവിടെ ഒട്ടേറെപ്പേര്‍ പുകവലിക്കുന്നുണ്ടെന്നും കരുതുക. അതോടെ പ്രേക്ഷകരുടെ ജീവിതം കോഞ്ഞാട്ടയാകും.  സിനിമയേക്കാള്‍ കൂടുതല്‍ സമയം പുകവലി വിരുദ്ധ സന്ദേശം കേള്‍ക്കേണ്ടവരും. ഇനി  അഭിനേതാക്കള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന സന്ദേശം നമുക്കൊന്നു സങ്കല്‍പ്പിക്കാം. 

''പുകവലി ആരോഗ്യത്തിന് ഹാനികരം. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കുവേണ്ടിയാണ് ഞാന്‍ വലിക്കുന്നപോലെ കാണിച്ചതാ. ഷോട്ട് കഴിഞ്ഞ് അപ്പഴേ സിഗരറ്റ് വലിച്ച് കാട്ടിലെറിഞ്ഞു(അപ്പോ റീട്ടേക്ക് വേണ്ടവന്നില്ലേ? അതേക്കുറിച്ച് ചോദിക്കരുത്). നിങ്ങളോര്‍ത്തു ഒറിജനല്‍ വലിയാന്ന്; പറ്റിച്ചേ.... ഈ ഇച്ചീച്ചി ശീലം അനുകരിക്കരുത്''


 പരസ്യം കഴിഞ്ഞ് തിയേറ്ററില്‍ കയറുന്നതുപോലെ ഇനി പുകവലി വിരുദ്ധ സന്ദേശം കഴിഞ്ഞ് തിയേറ്ററില്‍ കയറാനും അവസാനത്തെ സന്ദേശങ്ങളെ അനാഥമാക്കാനും പ്രേക്ഷകനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. 




പുതുമകളുമായി ആപ്പിള്‍ ഐഫോണ്‍- 5 എത്തി

വലിപ്പത്തിലും കണക്ടിവിറ്റിയിലും പുതുമകളോടെ ആപ്പിള്‍ പുതിയ ഐഫോണ്‍ 5  അവതരിപ്പിച്ചു. മൂന്നരയിഞ്ചില്‍ നിന്ന് നാലിഞ്ചിലേക്കും 3ജിയില്‍ നിന്ന് 4ജിയിലേക്കും വളര്‍ന്ന ഫോണിന്‍റെ കനം 18 ശതമാനം കുറഞ്ഞിട്ടുണ്ട്.

 സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോണ്‍ 5 അവതരിപ്പിച്ചത്. പുതിയ ഐഫോണിനെക്കുറിച്ച് ഇതുവരെ പ്രചരിച്ച അഭ്യൂഹങ്ങളെ ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് ആപ്പിള്‍ ഐഫോണ്‍5

 സാംസങ്, എച്ച്.ടി.സി, നോക്കിയ, മോട്ടറോള തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ഐഫോണ്‍ 5ന്‍റെ  സ്‌ക്രീന്‍ ചെറുതാണ്. 

വൈഡ് സ്‌ക്രീന്‍ ടെലിവിഷനുകളുടേതുപോലെ ഐഫോണ്‍ 5 ന്‍റെ  സ്‌ക്രീന്‍ 16 : 9 അനുപാതത്തിലുള്ളതാണ്. റെറ്റീന ഡിസ്‌പ്ലേയും 1136: 640 സ്‌ക്രീന്‍ റസല്യൂഷനുമാണ് മറ്റു പ്രത്യേകതകള്‍.



ഭാരം 112 ഗ്രാം മാത്രം. ഇത് ഐഫോണ്‍ 4എസിനെ  അപേക്ഷിച്ച് 20 ശതമാനം കുറവാണ്.  പഴയ മോഡലിനെ അപേക്ഷിച്ച് ഇരട്ടി കരുത്തേറിയതാണ് ഈ പ്രൊസസറെന്ന് ഷില്ലര്‍ അറിയിച്ചു.

മുന്‍ മോഡലായ ഐഫോണ്‍ 4എസിലെലേതുപോലെ എട്ട് മെഗാപിക്‌സല്‍ തന്നെയാണ് പുതിയ മോഡലിലെയും മുഖ്യ ക്യാമറ. ഐഫോണിനോട് മത്സരിക്കാന്‍ എല്‍.ജിയും സോണിയും പുറത്തിറക്കിയ മോഡലുകളില്‍ ഇതിലും കൂടുതല്‍ സ്‌പെസിഫിക്കേഷനുള്ള ക്യാമറയാണുള്ളത്.

അതേസമയം, ഫോണിലെ സോഫ്ട്‌വേറിന്‍റെ   മികവ് മൂലം അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ മികവുറ്റ ചിത്രങ്ങളെടുക്കാന്‍ ഐഫോണ്‍ 5 ലെ ക്യാമറയ്ക്ക് കഴിയുമെന്ന് ഷില്ലര്‍ പറഞ്ഞു.

മുമ്പെങ്ങുമില്ലാത്ത വിധം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മത്സരം മുറുകിയിരിക്കുന്ന സമയത്താണ് ഐഫോണ്‍ 5 ന്റെ വരവ്. 2007 ലാണ് ആപ്പിള്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിനകം ലോകമെങ്ങും 24.3 കോടി ഐഫോണ്‍ വിറ്റുവെന്നാണ് കണക്ക്.

മാത്രമല്ല, ആപ്ലിക്കേഷന്‍ ഇക്കോസിസ്റ്റത്തിന്‍റെ   ആവിര്‍ഭാവത്തോടെ, ആപ്ലിക്കേഷന്‍ നിര്‍മാണവും വില്‍പ്പനയും വലിയൊരു വിപണിയായി രൂപപ്പെട്ടു. ഏഴ് ലക്ഷം ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ആപ്പിള്‍ സ്‌റ്റോറിലുണ്ട്.

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെ ഒന്‍പത് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 21 ന് ഐഫോണ്‍ 5 വില്‍പ്പനയ്‌ക്കെത്തും. രണ്ടുവര്‍ഷത്തെ കരാറടക്കം 16 ജിബി മോഡലിന് 199 ഡോളര്‍, 32 ജിബിക്ക് 299 ഡോളര്‍, 64 ജിബി മോഡലിന് 399 ഡോളര്‍.

സെപ്റ്റംബര്‍ 14 മുതല്‍ ഐഫോണ്‍ 5 ന് മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങും. ഈ വര്‍ഷമവസാനത്തോടെ 240 വയര്‍ലെസ് സേവനദാതാക്കളുടെ പിന്തുണയോടെ നൂറ് രാജ്യങ്ങളില്‍ ഐഫോണ്‍ 5 എത്തുമെന്ന് ആപ്പിള്‍ അറിയിച്ചു.

(കടപ്പാട്മാതൃഭൂമി ഡോട് കോം)

Tuesday, September 11, 2012

അധ്യാപക ഒഴിവ്


നെടുംകുന്നം ഗവണ്‍മെന്‍റ്   ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ബയോളജി വിഭാഗങ്ങളില്‍   ത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

Monday, September 10, 2012

ആദ്യരാത്രിയില്‍ വധു കാമുകനൊപ്പം ഒളിച്ചോടി




മറ്റൊരാളുമായി രണ്ടു വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്ന വിവരം മറച്ചുവെച്ച് വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് തയാറായ യുവതി വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. പോലീസ് നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിയെ കാമുകനൊപ്പം വിട്ടു. വിവാഹം കഴിച്ച് വഞ്ചിതനായ യുവാവിന് നഷ്ടപരിഹാരം നല്‍കി  പ്രശ്‌നം തീര്‍പ്പാക്കി. 

ഞായറാഴ്ച എരുമേലിയിലാണ് സംഭവം. എരുമേലി സ്വദേശികളായ യുവാവും യുവതിയും ഉച്ചയോടെ ടൗണിലെ ഒരു ഓഡിറ്റോറിയത്തില്‍വച്ചാണ് വിവാഹിതരായത്. രാത്രി ഒമ്പതരയോടെ യുവതിയുടെ വീട്ടില്‍ ഭര്‍ത്താവും യുവതിയുടെ പിതാവും തമ്മില്‍ മുറ്റത്തു സംസാരിച്ചുകൊണ്ടിരിക്കെ അയല്‍പക്കത്തെ വീട്ടിലേക്ക് പോയിട്ടു വരാമെന്ന് പറഞ്ഞിറങ്ങിയ യുവതി ഫോണില്‍ ചേനപ്പാടി സ്വദേശിയായ കാമുകനെ വിളിച്ചുവരുത്തി സ്ഥലം വിടുകയായിരുന്നു. 

ഒപ്പംകൊണ്ടുപോയില്ലെങ്കില്‍ തന്‍റെ പേരെഴുതിവച്ചിട്ട് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഫോണിലൂടെ ഭീഷണി മുഴക്കിയതിനാലാണ് യുവതിയെയുംകൊണ്ട് നേരെ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തിയതെന്ന് കാമുകന്‍ പോലീസിനോടു പറഞ്ഞു. വധു കാമുകനൊപ്പം സ്ഥലംവിട്ടതൊന്നും ഈ സമയമത്രയും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ നാട്ടുകാരും പോലീസും ബന്ധപ്പെട്ടപ്പോഴും വധു വീട്ടിലുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് മുറിയില്‍ നോക്കിയപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് വ്യക്തമായത്.

പ്രണയവിവരം യുവതി തുറന്നു പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടത്തുമായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. വിവാഹം നടക്കുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നപ്പോഴെല്ലാം താനുമായി വിവാഹം നടത്താന്‍ ഇഷ്ടമായിരുന്നെന്നാണ് യുവതി പറഞ്ഞതെന്നും യുവാവ് പോലീസിനോടു പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലും തുടര്‍ന്ന് ഉച്ചയോടെ മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിക്കൊപ്പം ജീവിക്കാമെന്ന് കാമുകന്‍ അറിയിക്കുകയായിരുന്നു. വിവാഹം മൂലം യുവതി വരുത്തിവച്ച മാനക്കേടിന് നഷ്ടപരിഹാരമായി ഒരുതുക യുവാവിന് നല്‍കി ബന്ധം വേര്‍പെടുത്താന്‍ ധാരണയാവുകയായിരുന്നു. ഭര്‍ത്താവ് അണിയിച്ച താലിമാലയും വളയും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ തിരികെ നല്‍കി.



Saturday, September 8, 2012

അമൂല്‍ കുര്യന്‍ അന്തരിച്ചു


ഇന്ത്യയെ  ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ധവളവിപ്ലവത്തിന്‍റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. വിഖ്യാതമായ അമൂല്‍ എന്ന പാല്‍ ഉത്പന്ന ബ്രാന്‍ഡ് രാജ്യത്തിനു സമ്മാനിച്ച അദ്ദേഹത്തിന്‍റെ അന്ത്യം ഗുജറാത്തിലെ നദിയാദില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഗുജറാത്തിലെ ആനന്ദില്‍. 

1921 നവംബര്‍ 26 നു കോഴിക്കോട്ടാണു വര്‍ഗീസ് കുര്യന്‍ ജനിച്ചത്.
 ചെന്നൈയിലെ ലയോള കോളേജില്‍നിന്നും  ബിരുദം നേടിയ ശേഷം മദ്രാസ് സര്‍വകലാശാല, ടാറ്റ സ്റ്റീല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും പഠനം നടത്തി. പിന്നീട് അമേരിക്കയിലെ  മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ 
ബിരുദാനന്തരബിരുദം നേടി. 1949 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഗുജറാത്തില്‍ ഡയറി എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1965 ല്‍ കുര്യനെ ചെയര്‍മാനാക്കി നാഷണല്‍ ഡയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി തീരുമാനിച്ചു. "ഓപ്പറേഷന്‍ ഫ്ളഡ്' എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ ഗ്രാമ വികസന പദ്ധതിക്കു കുര്യന്‍ തുടക്കം കുറിച്ചു. 

1973 ലാണു ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (അമൂല്‍) രൂപീകരിച്ചത്. 34 വര്‍ഷം ഇതിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. പത്തു മില്യണ്‍ ക്ഷീരകര്‍ഷകര്‍ ഇന്ന് ഇതില്‍ അംഗമാണ്. 2006 ല്‍ അമൂലിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കുര്യന്‍ രാജിവച്ചു. 

1963 ല്‍ മാഗ്സസെ അവാര്‍ഡും 1965 ല്‍ പദ്മശ്രീയും തൊട്ടടുത്ത വര്‍ഷം പദ്മഭൂഷണും1989 ല്‍ വേള്‍ഡ് ഫുഡ് പ്രൈസും 
 1999 ല്‍ പദ്മവിഭൂഷണും  ലഭിച്ചു. എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ- മോളി. മകള്‍-നിര്‍മല കുര്യന്‍.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls