Sunday, September 2, 2012

നമുക്ക് അല്‍പ്പം അഹങ്കരിക്കാം; ഇദ്ദേഹം നെടുംകുന്നംകാരനാണ്



മനുഷ്യന്‍റെ പെരുമാറ്റരീതി ശാസ്ത്രീയമായി അപഗ്രഥിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനു പൊതുവിലും ഉപകാരപ്രദമാകുന്ന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്ന വിദഗ്ധരാണ് ബിഹേവിയറല്‍ ആര്‍ക്കിടെക്ടുമാര്‍ അഥവാ സ്വഭാവശില്‍പ്പികള്‍ എന്ന് പറയുന്നത്. രാജ്യാന്തര തലത്തില്‍ ഏറ്റവും വിഖ്യാതനായ ഒരു ബിഹേവിയറല്‍ ആര്‍ക്കിടെക്ട് നമ്മുടെ നാട്ടുകാരനാണ്- നെടുംകുന്നം പുതിയാപറന്പില്‍ പി.ഡി. ഡോമിനിക്-  മേഴ്സി ദന്പതികളുടെ മകന്‍ ബിജു ഡോമിനിക്.

ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് എന്തിനെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. ദ ഹിന്ദു ദിനപ്പത്രത്തിന്‍റെ മെട്രോപ്ലസ് പതിപ്പ് കഴിഞ്ഞ ദിവസം ബിജുവിന്‍റെ വിശദമായ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം നേടുന്ന ബിഹേവിയറല്‍ ആര്‍ക്കിടെക്ടുമാരില്‍ ഒരാളായാണ് ഹിന്ദു അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 
ബിജുവിന്‍റെയും
ഇദ്ദേഹത്തിന്‍റെ സ്ഥാപനമായ ഫൈനല്‍ മൈലിന്‍റെയും വിശദാംശങ്ങള്‍ ഇതിനോടകം പലവട്ടം ദേശീയ രാജ്യാന്തര മാധ്യമങ്ങളില്‍ അനേകം തവണ ഇടം നേടിയിട്ടുണ്ട്. നെടുംകുന്നംകാര്‍ക്ക് അല്‍പ്പം അഹങ്കാരത്തോടെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന  ഇദ്ദേഹത്തെ വൈകിയാണെങ്കിലും പരിചയപ്പെടുത്തേണ്ടത് നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

 ചങ്ങനാശേരി സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, എസ്.ബി. കോളേജ്,തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച ബിജു ഡോമിനിക് ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍നിന്ന് എം.ബി.എ ബിരുദം നേടിയശേഷം രാജ്യത്തെ മുന്‍നിര അഡ്വര്‍ടൈസിംഗ് കന്പനികളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചു. ഇതോടൊപ്പം ഐ.ഐ.ടികളില്‍ അധ്യാപകനുമായിരുന്നു.
ഇപ്പോള്‍  ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളില്‍ ലക്ചററുമാണ്. 

 2008ലാണ് മുംബൈ കേന്ദ്രമാക്കി ഫൈനല്‍ മൈല്‍ എന്ന പേരിലുള്ള ബിഹേവിയറല്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനത്തിന് തുടക്കംകുറിച്ചത്. കോഗ്നിറ്റീവ് ന്യൂറോസയന്‍സിനെയും ബിഹേവിയറല്‍ ഇക്കണോമിക്സിനെയും അടിസ്ഥാനമാക്കിയാണ് ഫൈനല്‍ മൈലിന്‍റെ പ്രവര്‍ത്തനപദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഇതിനോടകം വിവിധ മേഖലകളില്‍ സ്വഭാവരൂപകല്‍പ്പന വിജയകരമായി നടപ്പാക്കാന്‍ ഫൈനല്‍ മൈലിന് സാധിച്ചു. സാമൂഹിക സുരക്ഷ, ആരോഗ്യം, മാര്‍ക്കറ്റിംഗ്, വന്‍കിട പ്രസ്ഥാനങ്ങളിലെ പൊതുവായ മാറ്റങ്ങള്‍ , സാംസ്കാരിക ഉത്ഗ്രഥനം തുടങ്ങിയ വിഭിന്ന മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

മുംബൈയില്‍ റെയില്‍പാളം മുറിച്ചു കടക്കുന്നതുമൂലം ട്രെയിനിടിച്ച് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതാണ് ഫൈനല്‍ മൈലിന്‍റെ ശ്രദ്ധേയ നേട്ടങ്ങളിലൊന്ന്. കന്പനിയില്‍നിന്നുള്ള വിദഗ്ധര്‍ ആറു മാസത്തോളം പാളം മുറിച്ചുകടക്കുന്നവരെ വീക്ഷിച്ചു. അമിത ആത്മവിശ്വാസവും ട്രെയിന്‍റെ വേഗത്തെക്കുറിച്ചുള്ള തെറ്റിധാരണയുമാണ്   ട്രെയിനിടിച്ച് ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്നതെന്ന് അവര്‍ കണ്ടത്തി. ഇത് പരിഹരിക്കാന്‍ ഫൈനല്‍ മൈല്‍ റെയില്‍വേക്ക് സമര്‍പ്പിച്ച നിര്‍ദ്ദേശം വളരെ ലളിതമായിരുന്നു. 


 നിശ്ചിത അകലത്തില്‍ ഏതാനും റെയില്‍ സ്ലീപ്പറുകള്‍ക്ക് മഞ്ഞ പെയിന്‍റ് അടിക്കണം.ഇങ്ങനെ പെയിന്‍റ് അടിച്ച സ്ലീപ്പറുകള്‍ക്കു മുകളിലൂടെ നീങ്ങുന്ന ട്രെയിനിന്‍റെ വേഗം പാളം മുറിച്ചു കടക്കുന്നവര്‍ക്ക് ദുരെനിന്ന്
കണക്കാക്കാന്‍ സാധിക്കും. ഒപ്പം പ്രധാനമായും ആളുകള്‍ പാളം മുറിച്ചു കടക്കുന്ന സ്ഥലങ്ങള്‍ക്കു സമീപം ഒരാളെ ട്രെയിന്‍ ഇടിക്കാന്‍ പോകുന്ന 
യഥാര്‍ത്ഥ വലിപ്പത്തിലുള്ള ചിത്രം സ്ഥാപിക്കണം.ചിത്രത്തിലെ ആളുടെ കണ്ണുകളിലെയും മുഖത്തെയും ഭീതി മറ്റുള്ളവര്‍ക്ക് അപകട മുന്നറിയിപ്പായി മാറും. ട്രെയിനുകളില്‍ നീണ്ട ചൂളംവിളിക്കു പകരം  പെട്ടെന്ന് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ആവര്‍ത്തിച്ചുള്ള ദൈര്‍ഘ്യംകുറഞ്ഞ ഹോണ്‍ ശബ്ദം(സറ്റാക്കാറ്റോ മോഡ്) വേണം.   സ്ലീപ്പറുകളിലെ ചായവും ട്രെയിനിനു മുന്നില്‍പെട്ടയാളുടെ ചിത്രവും ട്രെയിനിന്‍റെ മുന്നറിയിപ്പുപോലുള്ള ചൂളംവിളിയും ഒന്നുചേരുന്പോള്‍ രണ്ടും കല്‍പ്പിച്ച് പാളം മുറിച്ചു കടക്കാന്‍ ആളുകള്‍ മടിക്കും.

 ഈ നിര്‍ദേശമനുസരിച്ച് റെയില്‍വേ നടപടി സ്വീകരിച്ചപ്പോള്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ പദ്ധതി ഡബ്ലിനില്‍ നടന്ന വേള്‍ഡ് സോഷ്യല്‍ മാര്‍ക്കറ്റിംഗ് കോണ്‍ഫറന്‍സില്‍ ഫൈനല്‍ മൈല്‍ അവതരിപ്പിച്ചിരുന്നു. ഫൈനല്‍ മൈലിന്‍റെ ശുപാര്‍ശ വിജയകരമെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന എന്‍ജിനുകള്‍ക്ക്   ദൈര്‍ഘ്യം കുറഞ്ഞ ശബ്ദമുള്ള ഹോണുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പൊതു സ്ഥലത്ത് തുപ്പുന്നതിനെതിരെ നടത്തിയ പരീക്ഷണം വിജയകരമാക്കിയതിന്‍റെ ചരിത്രവും ബിജുവിനും സഹപ്രവര്‍ത്തകര്‍ക്കുമുണ്ട്. മുംബൈയിലെ സഞ്ജയ് ഗാന്ധി കോളനിയിലാണ് ഇത് നടപ്പാക്കയത്. പലപ്പോഴും ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുള്ളപ്പോഴാണ് ആളുകള്‍ പൊതുസ്ഥലത്ത് തുപ്പുന്നത്. സ്ഥിരമായി ആളുകള്‍ തുപ്പുന്ന സ്ഥലങ്ങളില്‍ മനുഷ്യരുടെ മുഖചിത്രങ്ങള്‍ ഞങ്ങള്‍ സ്ഥാപിച്ചതോടെ തുപ്പുന്നത് ഗണ്യമായി കുറഞ്ഞു. 

മറ്റു പല മേഖലകളിലും ഫൈനല്‍ മൈലിന്‍റെ ശാസ്ത്രീയ ശുപാര്‍ശകള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. സാമൂഹത്തിന് പൊതുവില്‍ ഉപകാരപ്രദമാകുന്ന പ്രോജക്ടുകള്‍ ലാഭേച്ഛയില്ലാതെയാണ് സ്ഥാപനം ഏറ്റെടുക്കുതെന്ന് ബിജു പയുന്നു. സജിതയാണ് ബിജുവിന്‍റെ ഭാര്യ. ഏകമകള്‍ റിയ.

സഹോദരന്‍മാര്‍: 1സാജു എസ്. ഡോമിനിക് (ജനറല്‍ മാനേജര്‍-എച്ച്.ആര്‍, സിമന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. സിന്തൈറ്റ് ഗ്രൂപ്പ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാജു നെടുംകുന്നം സി.വൈ.എം.എയുടെ മുന്‍ പ്രസിഡന്‍റാണ്. ) 2.ഡോജു ഡി. ഡൊമിനിക്(ആലപ്പുഴ കേന്ദ്രമായി ബിസിനസ് ചെയ്യുന്ന ഡോജു  ഒരുകാലത്ത് ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിലെ നിറസ്സാനിധ്യമായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്‍റെയും നെടുംകുന്നം സി.വൈ.എം.എയുടെയും താരമായിരുന്നു). 3 അനില്‍ ഡോമിനിക് (മാനേജര്‍, സീഗ്രാംസ് ബാംഗ്ലൂര്‍) 4. ടിജു ഡോമിനിക്(ബിസിനസ്, എറണാകുളം)
------------------------------------


ഫൈനല്‍ മൈലിന്‍റെ വെബ്സൈറ്റ്   ഇവിടെ

ഹിന്ദു ദിനപ്പത്രത്തില്‍  പ്രസിദ്ധീകരിച്ച അഭിമുഖം  ഇവിടെ

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls