ഇന്ത്യയെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ധവളവിപ്ലവത്തിന്‍റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. വിഖ്യാതമായ അമൂല്‍ എന്ന പാല്‍ ഉത്പന്ന ബ്രാന്‍ഡ് രാജ്യത്തിനു സമ്മാനിച്ച അദ്ദേഹത്തിന്‍റെ അന്ത്യം ഗുജറാത്തിലെ നദിയാദില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ഗുജറാത്തിലെ ആനന്ദില്‍.
1921 നവംബര്‍ 26 നു കോഴിക്കോട്ടാണു വര്‍ഗീസ് കുര്യന്‍ ജനിച്ചത്.
ചെന്നൈയിലെ ലയോള കോളേജില്‍നിന്നും ബിരുദം നേടിയ ശേഷം മദ്രാസ് സര്‍വകലാശാല, ടാറ്റ സ്റ്റീല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും പഠനം നടത്തി. പിന്നീട് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍
ബിരുദാനന്തരബിരുദം നേടി. 1949 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഗുജറാത്തില്‍ ഡയറി എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1965 ല്‍ കുര്യനെ ചെയര്‍മാനാക്കി നാഷണല്‍ ഡയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി തീരുമാനിച്ചു. "ഓപ്പറേഷന്‍ ഫ്ളഡ്' എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ ഗ്രാമ വികസന പദ്ധതിക്കു കുര്യന്‍ തുടക്കം കുറിച്ചു.
1973 ലാണു ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (അമൂല്‍) രൂപീകരിച്ചത്. 34 വര്‍ഷം ഇതിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. പത്തു മില്യണ്‍ ക്ഷീരകര്‍ഷകര്‍ ഇന്ന് ഇതില്‍ അംഗമാണ്. 2006 ല്‍ അമൂലിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കുര്യന്‍ രാജിവച്ചു.
1963 ല്‍ മാഗ്സസെ അവാര്‍ഡും 1965 ല്‍ പദ്മശ്രീയും തൊട്ടടുത്ത വര്‍ഷം പദ്മഭൂഷണും1989 ല്‍ വേള്‍ഡ് ഫുഡ് പ്രൈസും 1999 ല്‍ പദ്മവിഭൂഷണും ലഭിച്ചു. എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ- മോളി. മകള്‍-നിര്‍മല കുര്യന്‍.



No comments:
Post a Comment