Thursday, November 29, 2012

ലോണ്‍ വിതരണംചെയ്തു


നെടുംകുന്നം പഞ്ചായത്ത് കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലിങ്കേജ് ലോണ്‍ വിതരണം ചെയ്തു. ഡോ.എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ അധ്യക്ഷതവഹിച്ചു. 

Wednesday, November 28, 2012

നെടുംകുന്നം ജനസാഗരമായി ; പുഴുക്കു നേര്‍ച്ച പുതിയ ചരിത്രമായി






നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ വിശുദ്ധ സ്‌നാപകയോഹന്നാന്‍റെ തിരുന്നാളിനോടനുബന്ധിച്ച് ഇന്നു നടന്ന പുഴുക്കുനേര്‍ച്ച ജനപങ്കാളിത്തത്തില്‍ പുതിയ ചരിത്രമെഴുതി. ക്രിസ്തുവിനു മുന്നോടിയായി ലോകത്തിലേക്ക് വരികയും അനീതിക്കും അധര്‍മ്മത്തിനുമെതിരെ പൊരുതുകയും ചെയ്ത വിശുദ്ധന്‍റെ അനുഗ്രഹം തേടി ഭക്തരും സാഹോദ്യര്യത്തിന്റെ സന്ദേശം ഉയര്‍ത്തപ്പിടിക്കുന്ന പുഴുക്കുനേര്‍ച്ചയില്‍ പങ്കുചേരാന്‍ നാനാജാതി മതസ്തരായ ആളുകളും ദൂരെദേശങ്ങളില്‍നിന്നുപോലും ഒഴുകിയെത്തിയപ്പോള്‍ പള്ളിയും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി.

   വൈകുന്നേരം പള്ളിയില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണത്തിലും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ പ്രദക്ഷിണം പള്ളിയില്‍ മടങ്ങിയെത്താന്‍ രണ്ടു മണിക്കൂറോളമെടുത്തു. വര്‍ണക്കൊടികളും മുത്തുക്കുടകളും ബാന്‍ഡ് സംഘങ്ങളും ചെണ്ടമേളവുമൊക്കെ പ്രദക്ഷിണത്തിന് പൊലിമയേകി. മാണികുളം മുതല്‍ ഗവണ്‍മെന്റ് സ്‌കൂളിന്‍റെ പടിവരെയും വശത്തെ മറ്റു റോഡുകളിലുമൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നിട്ടും പ്രദക്ഷിണത്തില്‍ തിരക്കേറിയിട്ടും ഒരു ഘട്ടത്തിലും ഗതാഗത തടസ്സമുണ്ടാകാതിരുന്നതിന് പോലീസും വോളണ്ടിയര്‍മാരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

 പ്രദക്ഷിണം പള്ളിയിലെത്തി, പുഴുക്കുനേര്‍ച്ചയ്ക്ക് ആളുകള്‍ ഇരുന്നപ്പോഴേക്കും മാനം ഇരുണ്ടു. ഉടന്‍ മഴ പെയ്യുമെന്ന പ്രതീതിയായി. പക്ഷെ, അത്ഭുതമെന്നേ പറയേണ്ടൂ, വൈകാതെ മഴയുടെ ഭീഷണി മാറി.

 തുടര്‍ന്ന് പുഴുക്കിനുള്ള ഇല വിതരണം ചെയ്യുന്നതനും പുഴുക്കു കുട്ടകള്‍ യഥാസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും താമസം നേരിട്ടു. ജനത്തിരക്കും പുഴുക്ക് തയാറാക്കാന്‍ അല്‍പ്പം വൈകിയതും ഇതിന് കാരണമായി. പള്ളി മുറ്റത്തും പതിനാലാം സ്ഥലത്തെ നടയും സെമിത്തേരി ഭാഗത്തെ റോഡും നിറഞ്ഞ് കവിഞ്ഞ് ജനം റോഡില്‍ വരെ പുഴുക്കിനായി കാത്തുനിന്നു.

ചരിത്രത്തിലാദ്യമായി പുഴുക്ക് വിളമ്പുംമുമ്പേ ഇരുട്ടുവീണു. അപ്പോഴേക്കും അതുവരെ മാറി നിന്നിരുന്ന മഴ ചാറിത്തുടങ്ങി. തുടര്‍ന്ന് കൂടുതല്‍ വൈകിക്കാതെ മണിയടിക്കുകയും വെടിയൊച്ച മുഴക്കുകയും ചെയ്ത് പുഴുക്ക് വിളമ്പി. പക്ഷ, ഇത് എഴുതുന്നതുവരെ മഴ പെയ്യാത്തത് വിശുദ്ധ സ്‌നാപകയോഹന്നാന്‍റെ
അത്ഭുമെന്നല്ലാതെ എന്തു പറയാന്‍?


നെടുംകുന്നം പള്ളിത്തിരുന്നാള്‍ ദിനം-ആല്‍ബം













'

നെടുംകുന്നം നാട്ടുവിശേഷത്തിലെ വാര്‍ത്തകള്‍ പത്രങ്ങളിലും

നെടുംകുന്നം പള്ളിത്തിരുന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നെടുംകുന്നം നാട്ടുവിശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഇന്നത്തെ പത്രങ്ങളിലും ഇടംനേടി. പുഴുക്കുനേര്‍ച്ചയുടെ വിശദാംശങ്ങളും പുഴുക്കു നേര്‍ച്ച അടുപ്പില്‍നിന്ന് താഴെയിറക്കുന്നതിനായി പുതിയതായി ക്രമീകരിച്ച യന്ത്രസംവിധാനത്തെക്കുറിച്ചും അത് രൂപകല്‍പ്പന ചെയ്ത ഇടവകാംഗമായ ടി.ജെ. ജോസഫിനെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇന്നത്തെ മലയാള മനോമയിലും ദീപികയിലും ഇടം നേടിയത്.
തിരുന്നാളിന്‍റെ പ്രചാരണാര്‍ത്ഥം നാട്ടുവിശേഷം ഈ വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. 
വാര്‍ത്തകളുടെ കട്ടിംഗുകള്‍  ചുവടെ. 





Tuesday, November 27, 2012

പുഴുക്കു നേര്‍ച്ചയ്ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം..എല്ലാവര്‍ക്കും തിരുന്നാള്‍ ആശംസകള്‍

നെടുംകുന്നം പള്ളിയിലെ  തിരുന്നാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന  തിരുക്കര്‍മ്മങ്ങളും വുംനടയിലേക്കുള്ള പ്രദക്ഷിണവും വിശ്വാസികളുടെ പങ്കാളിത്തത്തില്‍ പുതിയ ചരിത്രമെഴുതി. നാട്ടുകാരുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന തെറ്റില്ലാത്ത ഒരു വെടിക്കെട്ടും പ്രദക്ഷിണത്തിനുശേഷം രാത്രി നടന്നു. 

തുടര്‍ന്ന് എല്ലാവരും പുഴുക്കൊരുക്കാന്‍ ഒത്തുചേര്‍ന്നു.ഇതെഴുതുന്പോള്‍ പാകംചെയ്ത ആറു ചെന്പ് പുഴുക്ക് കൊട്ടകളിലാക്കിക്കഴിഞ്ഞു. പുഴുക്ക് അടുപ്പില്‍നിന്ന് വാങ്ങുന്നതിനുള്ള യന്ത്രസംവിധാനം വിജയകരമായിരുന്നു എന്ന് അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഈ സംവിധാനം സജ്ജീകരിച്ച ജോസഫ് ടി.ജെ. തൂന്പുങ്കലിന് നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ അഭിനന്ദനങ്ങള്‍!

ഇന്ന് പ്രധാന തിരുന്നാള്‍ ദിനമാണ്. തിരുന്നാളിന്‍റെ ഔപചാരിക പരിപാടികള്‍ നേരത്തെ ഞങ്ങള്‍ പോസ്റ്റ് ചെയ്ത നോട്ടീസിലുണ്ട്. ചരിത്രപ്രസിദ്ധമായ പുഴുക്കുനേര്‍ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.



നമ്മുടെ നാടിന്‍റെ  പ്രൗഢമായ കാര്‍ഷിക പാരമ്പര്യത്തിന്‍റെയും ജാതിമത ഭേദമെന്യെജനങ്ങള്‍ക്കിടയില്‍ തലമുറകളായി നിലനിന്നുപോരുന്ന സാഹോദര്യത്തിന്‍റെയും പ്രതീകമാണ് പുഴുക്കുനേര്‍ച്ച. പുഴുക്കുനേര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയാത്ത വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. 


 ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് തയാറാക്കിയ നേര്‍ച്ചയാണ് പ്രധാന തിരുന്നാള്‍ ദിനമായ ഇന്ന് പ്രദക്ഷിണത്തിനുശേഷം ജനസഹസ്രങ്ങള്‍ക്ക് വിളമ്പുന്നത്. വിഭവങ്ങളുടെ വൈവിധ്യം, അവയുടെ സമാഹരണം, പാചകം, വിളമ്പല്‍ തുടങ്ങി എല്ലാ ഘട്ടങ്ങളിലും പുഴുക്കുനേര്‍ച്ച മറ്റ് നേര്‍ച്ചസദ്യകളില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. പണ്ട് കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി നെടുംകുന്നം പള്ളിയിലെത്തിയിരുന്ന വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന ഭക്ഷണമാണ് പില്‍ക്കാലത്ത് പുഴക്കുനേര്‍ച്ചയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. കപ്പ, കാച്ചില്‍, എത്തക്കായ, ചേമ്പ്, ഇഞ്ചി, മുളക് തുടങ്ങി ഒട്ടേറെ കാര്‍ഷിക വിളകള്‍ക്കൊപ്പം ഇറച്ചിയും ചേര്‍ത്താണ് പുഴുക്ക് തയാറാക്കുന്നത്. 


      ഇടവകാംഗങ്ങളുടെ കൃഷിയിടങ്ങളില്‍ വിളയുന്ന വിഭവങ്ങളാണ് പുഴുക്കു നേര്‍ച്ചയ്ക്കായി മുന്‍പ് പ്രധാനമായി ഉപയോഗിച്ചുവന്നത്. പുഴുക്കിന് ആവശ്യമുള്ള ഉരുക്കളെയും വിശ്വാസികള്‍തന്നെ നല്‍കുകയായിരുന്നു. ഇപ്പോഴും ഇത് തുടരുന്നവരുണ്ടെങ്കിലും കാര്‍ഷികോത്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വിഭവങ്ങളില്‍ പലതും വിലകൊടുത്ത് വാങ്ങുകയാണ്. ഇതിന് ആവശ്യമായ പണം വിശ്വാസികള്‍ പള്ളിയിലേക്ക് നല്‍കുന്നു. 

   
   പുഴുക്കിനുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഇന്നലെ(നവംബര്‍ 27) രാവിലെ മുതല്‍ പള്ളിയില്‍ എത്തിത്തുടങ്ങി. ഇന്നലെ വൈകുന്നേരത്തെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് അവ ഒരുക്കിയത്.  കപ്പയും മറ്റ് കാര്‍ഷിക വിഭവങ്ങളും പൊളിച്ച് വേവിക്കാന്‍ പാകമാക്കുന്നതാണ് പുലരുവോളം നീളുന്ന പുഴുക്കൊരുക്കലിന്‍റെ ആദ്യഘട്ടത്തിലെ പ്രധാന ജോലി. അതോടൊപ്പം പുഴുക്കിനുവേണ്ട ഇറച്ചിയും ക്രമീകരിക്കും. ഇക്കുറി ആകെ അയ്യായിരംകിലോ കപ്പയാണ് പുഴുക്കിനായി ഉപയോഗിച്ചത്. 

    വലിയ ചെമ്പുകളില്‍ വേവിക്കുന്ന പുഴുക്ക്, കുട്ടകളില്‍ പകര്‍ന്നാണ് വിതരണത്തിനെത്തിക്കുന്നത്.  തേക്കുമരത്തിന്‍റെ ഇലകളിലാണ് പുഴുക്ക് ജനങ്ങള്‍ക്ക് വിളമ്പുന്നത്.  


പ്രദക്ഷിണത്തിനുശേഷം ജാതിമതഭേദമെന്യേയുള്ള ജനാവലി പള്ളിമുറ്റത്തും പരിസരത്തുമായി നിരയായി ഇരിക്കും. നിശ്ചിത സമയത്ത് ആശീര്‍വാദത്തിനുശേഷം പള്ളിമണിയും വെടിയൊച്ചയും മുഴങ്ങുമ്പോള്‍ നേര്‍ച്ച വിളമ്പിത്തുടങ്ങും.എത്തുന്ന എല്ലാവര്‍ക്കും നേര്‍ച്ച ലഭ്യമാകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പള്ളിവികാരി ഫാ. മാത്യു പുത്തനങ്ങാടി അറിയിച്ചു.  


എല്ലാവര്‍ക്കും തിരുന്നാള്‍ ആശംസകള്‍ നേരുന്നു.










അപ്പം... ഞങ്ങള് പള്ളിക്കലോട്ട് പോട്ടേ...?


മനസ് നെടുംകുന്നത്തും ശരീരം ദൂരെയെങ്ങാണ്ടുമായി കഴിയുന്ന സര്‍വ്വമാന നെടുംകുന്നംകാരേ... നിങ്ങടെ വെഷമം ഞങ്ങക്കറിയാം. പക്ഷെ, ഞങ്ങക്ക് പെരുന്നാളു കൂടാതിരിക്കാന്പറ്റുവോ? അതോണ്ട് നിങ്ങക്കുംകൂടെ വേണ്ടീട്ട് ഞങ്ങളു കൂടാന്പോവാ. 

പ്രവാസികള് എന്നു പറഞ്ഞാ ഗള്‍ഫുകാരു മാത്രവാണെന്നാ എല്ലാരടേം വിചാരം. ഒള്ളതു പറഞ്ഞാ നാടു വിട്ട് താമസിക്കുന്ന എല്ലാരും നമ്മുടെ നാട്ടിലെ പ്രവാസികളാ. അങ്ങനെ വരുന്പോ എറണാകുളത്തും തിരുവന്തോരത്തും ഡെല്ലീലും മദ്രാസിലും പിന്നെ എല്ലാ വിദേശ രാജ്യങ്ങളിലും കഴിയുന്നോരും പ്രവാസികളുതന്നെ. എറണാകുളത്തും തിരുവന്തോരത്തുമൊക്കെ താമസിക്കുന്നോര്‍ക്ക് പെരുന്നാളിന് വരാന്പാടില്ലേ എന്ന് ചോദിക്കുന്നോരൊണ്ടാകും. പക്ഷെ, വരാന്പറ്റാത്ത കാരണം കാണും. അതു ഞങ്ങക്കറിയാം. 

ഇതൊക്കെപ്പറഞ്ഞാലും കൊറേ പ്രവാസികള് പെരുന്നാള് കൂടാന്‍ വന്നിട്ടൊണ്ട്. പെരുന്നാളിന് വരാന്‍ സെറ്റപ്പൊണ്ടായിട്ടല്ല. രണ്ടു മൂന്ന വര്‍ഷം കൂടിയിരുന്ന് വരുന്പോ പെരുന്നാള്‍ സമേത്ത് വരാമെന്ന് തീരുമാനിച്ചോരാണ് പലരും. സ്ഥിരമായി പെരുന്നാളിന് വരുന്നോരും കൊറവല്ല.

പ്രവാസി പുരാണം പറഞ്ഞ് കാടുകേറുന്നില്ല. കാര്യം പറയാം. നമ്മടെ പള്ളിപ്പടീം കാവുന്നടേമൊക്കെ പെരുന്നാളിന്‍റെ സെറ്റപ്പിലായിക്കഴിഞ്ഞു. കുറച്ചു കഴിയുന്പോ, അതായത് വൈട്ടത്തെ കുര്‍ബാന കഴിയുന്പോ കാവുന്നടേലേക്കൊള്ള പ്രദക്ഷിണം നടക്കും. പ്രദക്ഷിണം ഗംഭീരവാക്കാനൊള്ള എല്ലാ  അറേഞ്ച്മെന്‍റും റെഡിയാ. പള്ളിനട മൊതല് കാവുന്നട കുരിശടി വരെ മാലബള്‍ബും  ട്യൂബ് ലൈറ്റും മുത്തിക്കൊടേം എല്ലാംകൊണ്ട് അലങ്കരിച്ചേക്കുവാ. ഇത്രേം കാലം നടത്താത്ത അലങ്കാരപ്പണികളാണ് പ്രദക്ഷിണം പോകുന്ന വഴീടരികിലൊള്ള വീട്ടുകൊരൊക്കെ ചെയ്തേക്കുന്നേ. 

പള്ളി കൊച്ചു പള്ളീം പരിസരമൊക്കെ അലങ്കരിച്ചേന്‍റെ പടങ്ങള്
നിങ്ങള് നാട്ടുവിശേഷത്തില് നേരത്തെ കണ്ടുകാണുവല്ലോ. ഇത്തവണ കാവുന്നട പ്രദക്ഷിണത്തിന് റെക്കോര്‍ഡ് ആളുക കാണുവെന്നാ പ്രതീക്ഷ. കാവുന്നടേലെ പരിപാടികള് ഗംഭീരവാക്കാന്‍ മുന്‍കൈ എടുത്തേക്കുന്നത് അവിടുത്തെ കച്ചോടക്കാരാ. പ്രദക്ഷിണം തിരിച്ച് പള്ളീ വന്നു കഴിയുന്പൊ പതിവുപോലെ വെടിക്കെട്ടൊണ്ട്.

അതുകഴിഞ്ഞ് ഞങ്ങളെല്ലാംകൂടി പുഴുക്കുനേര്‍ച്ച ഒരുക്കാന്‍ കൂടും. പുഴുക്കുനേര്‍ച്ചക്കൊള്ള കപ്പേം കാച്ചിലൂം ചേന്പും ഏത്താക്കായുമൊക്കെ ഇപ്പോഴും വന്നോണ്ടിരിക്കുവാ. എടവകക്കാരു കൊണ്ടുവരുന്ന സാധനങ്ങടെ കാര്യവാ പറഞ്ഞേ. ഏറെ സാധനങ്ങളും പള്ളീന്ന് വാങ്ങുവാ. പിന്നെ ഞങ്ങള് നേരത്തെ പറഞ്ഞപോലെ ഇപ്രാവശ്യം പുഴുക്കു നേര്‍ച്ച അടുപ്പേന്ന് വാങ്ങുന്നത് യന്ത്രംകൊണ്ടാണ്. നമ്മടെ തൂന്പുങ്കലെ മോന്‍ ആണ് യന്ത്രം ഒണ്ടാക്കിയത്.അതിന്‍റെ ഡീറ്റേല്‍സും നേരത്തെ നിങ്ങളു വായിച്ചുകാണും.

ബാക്കി വിശേഷം പിന്നെപ്പറയാം. പള്ളിക്കലോട്ട് പോകാന്‍ നേരവായി. കാവുന്നട വരെയുള്ള അലങ്കാരങ്ങള് പ്രദക്ഷിണത്തനു മുന്പ് ഒന്നൂടെ നോക്കണം. സെറ്റപ്പാണോന്ന് അറിയണ്ടേ. പിന്നെ, ഗ്രൗണ്ടിലെ കടകളുടെ എടേക്കുടെ കൊറച്ചു നേരം അലഞ്ഞുതിരിയണം. പിന്നെ പള്ളിലോട്ട്....

അപ്പം കാണാം...ശരി

Saturday, November 24, 2012

പുഴുക്കുനേര്‍ച്ച അടുപ്പില്‍നിന്ന് താഴയിറക്കാന്‍ യന്ത്രസംവിധാനം


ജോസഫ് ടി.ജെയുടെ 
നിശ്ചയദാര്‍ഢ്യത്തിന്‍റെ വിജയം

   ചരിത്രത്തിലാദ്യമായി നെടുംകുന്നം പള്ളിയിലെ പുഴുക്കുനേര്‍ച്ച അടുപ്പില്‍നിന്ന് വാങ്ങുന്നതിന്  യന്ത്രസംവിധാനം ഏര്‍പ്പെടുത്തി. കപ്പയും മറ്റ് ഫലമൂലാദികളും ഇറച്ചിയും ചേര്‍ത്ത് വലിയ ചെമ്പുകളില്‍ തയ്യാറാക്കുന്ന പുഴുക്കുനേര്‍ച്ച അടുപ്പില്‍നിന്നിറക്കി, ചൂടാറുന്നതിനായി കുശിനിപ്പുരയില്‍ വിരിച്ച പായകളിലേക്ക് മാറ്റുന്ന ഭഗീരഥയജ്ഞത്തിലെ വലിയൊരു ഘട്ടമാണ് ഇതിലൂടെ ലഘൂകരിക്കപ്പെടുന്നത്. ഇടവകാംഗവും ലിഫ്റ്റ് ടെക്‌നിഷ്യനുമായ തൂമ്പുങ്കല്‍ ജോസഫ് ടി.ജെ(മോന്‍)യുടെ നിരന്തര നിരന്തര പരിശ്രമത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും വിജയമാണിത്. 



  ഇതിനോടകംതന്നെ ശാസ്ത്രീയ സാധ്യതകള്‍ ഉപയോഗിച്ച് പല നൂതന ആശയങ്ങളും നെടുംകുന്നത്തിന് പരിചയപ്പെടുത്തിയ ജോസഫ് കഴിഞ്ഞ തിരുന്നാളിന് അവതരിപ്പിച്ച സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ചാണ് പുഴുക്കു വാങ്ങുന്നതിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. 

 സാധാരണയായി ചെമ്പിന്‍റെ രണ്ടു കൈപ്പിടികളില്‍ വലിയ തടികള്‍ കോര്‍ത്ത് അതില്‍ ഇരുവശത്തും ആളുകള്‍ ചേര്‍ന്ന് പിടിച്ചാണ് പുഴുക്ക് വാങ്ങിയിരുന്നത്. പുഴുക്കിന്‍റെ ചൂടും ഭാരവും അടുപ്പിലെ തീയുടെ ചൂടുമെല്ലാം ഈ ജോലി ക്ലേശകരമാക്കിയിരുന്നു. ഇരുമ്പ് തൂണുകള്‍ക്കു മുകളില്‍ ഉറപ്പിച്ച ഐ.എസ്.എം എച്ച് റെയിലില്‍ ഓടുന്ന പുള്ളി ഉപയോഗിച്ചാണ് പുതിയ സംവിധാനത്തില്‍ പുഴുക്ക് വാങ്ങുന്നത്. 


  പുള്ളിയില്‍ കോര്‍ത്തിട്ട ചങ്ങല ഉപയോഗിച്ച് അടുപ്പിനു മുകളില്‍നിന്നുതന്നെ ചെമ്പ് അനായാസം ഉയര്‍ത്തി, കുശിനിയുടെ ഭാഗത്തേക്ക് മാറ്റാന്‍ സാധിക്കും. അവിടെനിന്നും ട്രോളിയില്‍ ഇറക്കി ചെമ്പ് കുശിനിയിലേക്ക് കൊണ്ടുപാകാം. അയ്യായിരം കിലോഗ്രാം ഭാരംവരെ ഇതില്‍ ഉയര്‍ത്തി നീക്കനാകുമെന്ന് ജോസഫ് പറയുന്നു. കോണ്‍ക്രീറ്റിനുപയോഗിക്കുന്ന മെറ്റില്‍ ചെമ്പിനുള്ളില്‍ നിറച്ച് സംവിധാനത്തിന്‍റെ  പ്രവര്‍ത്തനക്ഷമത ഇന്നലെ വിജയകരമായി പരീക്ഷിച്ചു.

  മോട്ടോര്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വൈദ്യുതി ഉപഭോഗം ഏറെയുള്ളതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അടുത്ത വര്‍ഷം വൈദ്യുതി ഉപഭോഗം കുറഞ്ഞ മോട്ടോര്‍ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജോസഫ് പറഞ്ഞു. 


കഴിഞ്ഞ വര്‍ഷം തിരുന്നാളിന് പുഴുക്കുനേര്‍ച്ച ചെമ്പ് വാങ്ങുന്നതിന് ജോസഫ് അവതരിപ്പിച്ച സംവിധാനം ഭാരം കയറ്റുമ്പോള്‍ മണ്ണില്‍ താഴ്ന്നു പോയതിനാല്‍ ഉപയോഗിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ബലവത്തായ ക്രമീകരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചില വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നെങ്കിലും ഒട്ടേറേപ്പേര്‍ നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രചോദനമായതെന്ന് ജോസഫ് പറയുന്നു. രാപ്പകല്‍ ഭേദമെന്യേ ജോലിചെയ്യാന്‍ തയാറായ കഠിനാധ്വാനികളായ ഒരു ടീമും ജോസഫിനൊപ്പമുണ്ടായിരുന്നു. 

   ഇതിനു മുമ്പ് നെടുംകുന്നം പള്ളിക്കുവേണ്ടി ജോസഫ് സജ്ജമാക്കിയ പല സംവിധാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അര കിലോമിറ്ററോളം അകലെയുള്ള പാറമടയില്‍നിന്നാണ് പള്ളിയിലെ ആവശ്യങ്ങള്‍ക്കു വെള്ളമെത്തിക്കുന്നത്. പാറമടയില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും നിര്‍ത്തുകയും ചെയ്യുന്ന ഇതില്‍ ഏറെ ശ്രദ്ധേയം. പ്രത്യേക കോഡ് നമ്പരുകള്‍ ഡയല്‍ ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ഈ സംവിധാനത്തിന് ദൂരപരിധിയില്ല. 


 പള്ളിയിലെ ജനറേറ്റര്‍ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ ക്രെഡിറ്റും ജോസഫിനുതന്നെ. മുന്നൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ എവിടെനിന്നും റിമോട്ട് ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാകും.  വാഹനങ്ങളുടെ സെന്‍ട്രല്‍ ലോക്കിന്‍റെ സാങ്കേതികവിദ്യതന്നെയാണ്  ജനറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. കറുകച്ചാല്‍ കുരിശടിയിലെ ലൈറ്റുകള്‍ വൈകുന്നേരം ഓണാകുന്നതും രാവിലെ കെടുന്നതിനും ജോസഫ് ടൈമര്‍ ക്രമീകരിച്ചിട്ട് വര്‍ഷങ്ങളേറെയായി. 

പുഴുക്ക് വാങ്ങുന്നതിനുള്ള പുതിയ സംവിധാനത്തിന് മുപ്പതിനായിരം രൂപയോളം ചെലവുണ്ടെന്ന് ജോസഫ് പറയുന്നു. ഈ പണം ജോസഫ് സ്വന്തനിലയ്ക്കാണ് മുടക്കിയിരിക്കുന്നത്. ലിഫ്റ്റ് ടെക്‌നോളജിക്കു പുറമെ ഇലക്ട്രിക്കല്‍ ജോലികളിലും വിദഗ്ധനായ ജോസഫ് കറുകച്ചാലില്‍ ടി.ജെ.ജെ എന്‍ജിനീയറിംഗ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഭാര്യ: പ്രഭ. മകന്‍: ജോബിന്‍ 


ജോസഫിന്‍റെ മൊബൈല്‍ നന്പര്‍-9495543790





നെടുംകുന്നം പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു



നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു.ഇന്ന് വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാള്‍ കൊടിയേറ്റ് ചടങ്ങിനോടനുബന്ധിച്ച് വികാരിയും മാനേജിംഗ് എഡിറ്ററുമായ ഫാ. മാത്യു പുത്തനങ്ങാടിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവും നെടുംകുന്നം സണ്‍ഡേ സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററുമായ ഒ.പി. മാത്യു കിടിത്തറ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഒരു പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കുശേഷമാണ് പാരിഷ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്. 240 പേജുകളുള്ള ബഹുവര്‍ണ്ണ ഡയറക്ടറിയുടെ പ്രധാന ആകര്‍ഷണം  നെടുംകുന്നം ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും ഫോണ്‍ നന്പരുകളും മൊബൈല്‍ നന്പരുകളുമാണ്. പതിനഞ്ച് വാര്‍ഡുകളില്‍ വിവിധ വിശുദ്ധരുടെ പേരുകളിലുള്ള 40 കുടുംബകൂട്ടായ്മകളില്‍ ഉള്‍പ്പെടുന്ന 1041 കുടുംബങ്ങളാണ് ഈ പട്ടികയിലുള്ളത്. ആകെ 5200 ഇടവകാംഗങ്ങളാണുള്ളത്. ഓരോ കൂട്ടായ്മയുടെയും നാമകാരണനായ വിശുദ്ധന്‍റെ ലഘുജീവചരിത്രവും ഡയറക്ടറിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ഇടവകയിലെ തിരുക്കര്‍മ്മങ്ങളുടെ സമയവിവരം, ഇടവകിയലെ പൊതുവായ പ്രധാന ഫോണ്‍ നന്പരുകള്‍, മുന്‍ വികാരിമാരുടെ പേരുവിവരവും അവര്‍ സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടവും, സഭ-രൂപത ഫോണ്‍ ഡയറക്ടറി, കൂദാശകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍, പ്രത്യേക അവസരങ്ങളിലെ പ്രാര്‍ത്ഥനകള്‍,  ദൈനംദിനജീവിതത്തിലെ അവശ്യടെലിഫോണ്‍ നന്പരുകള്‍ ഉള്‍പ്പെടുന്ന ജനറല്‍ ഡയറക്ടറി, സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്ന പുസ്തകം ഓരോ കുടുംബത്തിനും മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല. വീട്ടുപേരുകളുടെ അടിസ്ഥാനത്തില്‍ ടെലിഫോണ്‍ നന്പരുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന റിവേഴ്സ് ഇന്‍ഡക്സും ശ്രദ്ധേയമാണ്. 


സഹവികാരിമാരായ ഫാ. സ്കറിയാ പറപ്പള്ളില്‍, ഫാ. തോമസ് പായിക്കാട്ടുമറ്റം എന്നിവരാണ് ഡയറക്ടറിയുടെ ചീഫ് എഡിറ്റര്‍മാര്‍. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൂര്‍ത്തയാക്കിയ ഡയറക്ടറി തിരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കാന്‍ സാധിച്ചത് ഇടവകമധ്യസ്ഥനായ സ്നാപക യോഹന്നാന്‍റെ അനുഗ്രഹം ഒന്നുകൊണ്ടുതമാത്രമാണെന്ന് എക്സിക്യുട്ടീവ് എഡിറ്റര്‍ സുനില്‍ ജോസഫ് നെടിയാന്പാക്കല്‍ പറഞ്ഞു. 


30 രൂപയാണ് ഡയറക്ടറിയുടെ വില.


കൊടികയറി; നെടുംകുന്നത്ത് ഇനി തിരുന്നാള്‍ ദിനങ്ങള്‍


നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാളിന് ഇന്ന് കൊടികയറി. വൈകുന്നേരം നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടി കൊടികയറ്റ് കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടന്നു. ഫാ. തോമസ് കുത്തുകല്ലുങ്കല്‍ വചനപ്രഘോഷണം നടത്തി. 
നവംബര്‍ 28നാണ് പ്രധാന തിരുന്നാള്‍. ഇനി ഡിസംബര്‍ രണ്ടു വരെ പ്രാര്‍ത്ഥനയുടെയും ആഘോഷങ്ങളുടെയും ദിനരാത്രങ്ങള്‍. വിശുദ്ധന്‍റെ അനുഗ്രഹം തേടി ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ തിരുന്നാളിന് എത്തിച്ചേരാറുണ്ട്. തിരുന്നാള്‍ നോട്ടീസ് വായിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക. 



Friday, November 23, 2012

സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സ്ദികൂള്‍ ദിനാഘോഷം



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദിനാഘോഷവും കായിക പ്രതിഭകളെ ആദരിക്കലും 26ന് നടക്കും. രാവിലെ 9.30ന് നടക്കുന്ന സമ്മേളനം കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. മാത്യു വാരുവേലി ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കും. റെജി പോത്തന്‍, ഇ.വി. തോമസ്, പി.ജെ. ഏബ്രഹാം, ജോസഫ് ആന്റണി, രാജു ജോസഫ്, ടോം കുര്യന്‍, റെജിമോന്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ നടക്കുന്ന റാലി കറുകച്ചാല്‍ എസ്‌ഐ ഷിന്‍റെ പി. കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 

നെടുംകുന്നം പള്ളി തിരുന്നാള്‍ കാഴച്ചകള്‍












പടിഞ്ഞാറേമുറിയില്‍ ത്രേസ്യാമ്മ ജോണ്‍ നിര്യാതയായി



നെടുംകുന്നം പടിഞ്ഞാറേമുറിയില്‍ പരേതനായ പി.എം. ജോണിന്‍റെ ഭാര്യ ത്രേസ്യാമ്മ(100) നിര്യാതയായി. സംസ്‌കാരം നവംബര്‍ 24(ശനി) രാവിലെ 11.30ന് സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍. 
പരേത പുന്നവേലി മരുതിക്കുഴി കുടുംബാംഗമാണ്. 
മക്കള്‍: പി.ജെ. മാമ്മമന്‍, പി.ജെ. ജോണ്‍, അന്നമ്മ, മറിയാമ്മ, ത്രേസ്യാമ്മ, റോസമ്മ, സെലീനാമ്മ, സലോമി.
മരുമക്കള്‍: പരേതയായ പെണ്ണമ്മ പഴയചിറ തൃക്കൊടിത്താനം, ബേബിക്കുട്ടി കൈലാത്ത് പായിപ്പാട്, എം.കെ. വര്‍ഗീസ് മണിവേലില്‍ നാലുകോടി, കുഞ്ഞച്ചന്‍ താമരശേരി വടക്കേക്കര,എം.എം. ജോസഫ് മതിച്ചിപ്പറമ്പില്‍ ചങ്ങനാശേരി,പരേതനായ ജോസുകുട്ടി മുണ്ടുചിറ പുളിങ്കുന്ന്, കെ.എം. ജോസഫ് കഴുന്നടിയില്‍, ഇടിമണ്‍ റാന്നി, പി.എന്‍. ജോണ്‍ പുത്തന്‍പറമ്പില്‍ കങ്ങഴ.






Monday, November 19, 2012

ക്ഷേമപെന്‍ഷന്‍


കറുകച്ചാല്‍ പഞ്ചായത്തില്‍നിന്നു ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ ആധാര്‍ നമ്പര്‍, പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ എസ്ബിടി അക്കൗണ്ട് നമ്പര്‍, പെന്‍ഷനര്‍ ഐഡി നമ്പര്‍ എന്നിവ 30ന് മുമ്പ് പഞ്ചായത്തില്‍ ഹാജരാക്കണമെന്നും വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ശാരീരിക അവശത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു.

നെടുംകുന്നം തിരുന്നാള്‍ - കൊടിയേറ്റിന് ഇനി നാലു നാള്‍


Sunday, November 18, 2012

നഴ്സുമാര്‍ സംസ്ഥാന വ്യാപക സമരത്തിന്




തൃശൂര്‍  ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സംസ്ഥാന തലത്തിലേക്കു സമരം വ്യാപിപ്പിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങും. സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി മീഡിയേഷന്‍ സമിതി ഇന്നു  വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. ഇതു പരാജയപ്പെട്ടാല്‍ 25നു മാനേജ്‌മെന്‍റുകള്‍ക്ക് സമര നോട്ടീസ് നല്‍കും. 

നാളെ മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരെയും സമരത്തില്‍ പങ്കെടുപ്പിക്കാനാണു സംഘടനയുടെ തീരുമാനം. സഹകരണ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ സംഘടനാ നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍എ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മദര്‍ ആശുപത്രിക്കു മുന്നില്‍ ജില്ലയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നഴ്‌സ് പി. രശ്മി ആരംഭിച്ച നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടു. 


സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ അധ്യക്ഷത വഹിച്ചു. എം.വി. സുധീപ്, സുജനപാല്‍, ബെല്‍ജോ ഏലിയാസ്, റൈവി വര്‍ഗീസ്, ജിതിന്‍ ലോഹി, നവീന്‍ പി. വര്‍ഗീസ്, ശരത് വിശ്വംഭരന്‍, സുധീപ് കൃഷ്ണന്‍, മീര തോമസ്, ജിഷ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


(വാര്‍ത്ത-മലയാള മനോരമ) 


Friday, November 16, 2012

ആദ്യഫലപ്പെരുന്നാള്‍


നെടുംകുന്നം ചേലക്കൊമ്പ് സെന്‍റ് ആന്‍ഡ്രൂസ് സിഎംഎസ് ആംഗ്ലിക്കന്‍ പള്ളിയില്‍ ആദ്യഫലപ്പെരുന്നാള്‍ നാളെ മുതല്‍ 24 വരെ നടക്കും. നാളെ രാവിലെ 11.45ന് കൊടിയേറ്റ്. 19 മുതല്‍ 22 വരെ സുവിശേഷ യോഗങ്ങള്‍. 23ന് രാത്രി ഏഴിന് റാസ. 8.30ന് ആരാധനയും വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്കും ബിഷപ്  റവ. ശാമുവല്‍ ടി. പൊന്നയ്യ നേതൃത്വം നല്കും. 24ന് രാവിലെ എട്ടിന് ആദ്യഫല ശേഖരണം. പത്തിന് ആരാധന. ഉച്ചയ്ക്ക് ഒന്നിന് ആദ്യഫല ലേലം. വൈകുന്നേരം നാലിന് കൊടിയിറക്ക്. രാത്രി ഒമ്പതിന് നാടകം.

Tuesday, November 13, 2012

ചിറപ്പ് ഉത്സവം


നെടുങ്കുന്നം ധര്‍മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പ് ഉത്സവം നവംബര്‍ 16ന് ആരംഭിക്കും. 27നു സമാപിക്കും. ചിറപ്പുത്സവത്തിലെ ഓരോ ദിവസത്തെയും പരിപാടികള്‍ ഭക്തജനങ്ങള്‍ക്കു വഴിപാടായി സമര്‍പ്പിക്കാമെന്നു ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ആഴിപൂജ ഡിസംബര്‍ 22നു നടക്കും. മലയാള മാസത്തിലെ ആദ്യ ശനിയാഴ്ച സമൂഹഎള്ളുതിരി ദീപം വഴിപാടായും നടത്താമെന്നു ഭരണസമിതി സെക്രട്ടറി അറിയിച്ചു. വിവരങ്ങള്‍ക്ക്: 9895227470 എന്ന ഫോണ്‍ നന്പരില്‍ ബന്ധപ്പെടണം.

(വാര്‍ത്ത-മലയാള മനോരമ)

തെരഞ്ഞെടുത്തു



 കറുകച്ചാല്‍ മേഖല ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളായി ഫിലിപ്പ് കുട്ടി-പ്രസിഡന്‍റ്, രാമചന്ദ്രന്‍-വൈസ് പ്രസിഡന്‍റ്ജെസ്റ്റിന്‍ ജയിംസ്-സെക്രട്ടറി, കെ. ബാബു-ജോയിന്‍റ് സെക്രട്ടറി, രാഘവക്കുറുപ്പ്-ട്രഷറര്‍, വേണുഗോപാലന്‍ നായര്‍-രക്ഷാധികാരി, രാമാനുജന്‍, അന്‍സാരി, റഷീദ്, ലാലി ജോസഫ്, സി.വി. മാത്യു, ഹരികുമാര്‍, രാജു-കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

സ്നാപകന്‍ ഓഡിയോ സിഡി പുതിയ പതിപ്പ് വിപണിയില്‍


മീഡയ ഹബും സെലിബ്രന്‍റ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ ഓഡിയോ സീഡിയുടെ രണ്ടാം പതിപ്പ് തിരുന്നാളിനോടനുബന്ധിച്ച് വിപണയില്‍.  വിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും അഞ്ച് ഗാനങ്ങളുമാണ് ഇതിലുള്ളത്. 


ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ ഫാ. ഷാജി തുന്പേച്ചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന സിഡിയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിഖ്യാതഗായകന്‍ കെസ്റ്റര്‍, വിത്സണ്‍ പിറവം, ഫാ. ഷാജി തുന്പേച്ചിറയില്‍ എന്നിവരാണ്. സീഡി വില 75 രൂപ.


നെടുംകുന്നം പള്ളിത്തിരുന്നാളിനെക്കുറിച്ചുള്ള  നെടുംകുന്നം പള്ളിപ്പടിയില്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. പ്രദക്ഷിണത്തെക്കുറിച്ചും പുഴുക്കുനേലര്‍ച്ചയെക്കുറിച്ചും മറ്റും പരാമര്‍ശമുള്ള ഗാനത്തിന്‍റെ സംഗീതവും വേറിട്ടു നില്‍ക്കുന്നു. കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന്‍റെ ദൃശ്യാവിഷ്കാരമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്. 


പള്ളിപ്പടിയിലെ ജൂബിലന്‍റ് ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ സീഡി വില്‍പ്പനയ്ക്കുണ്ട്.
സിഡിയുടെ വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുക -അവര്‍ പറഞ്ഞു. 

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls