Friday, February 24, 2012

പള്ളിപ്പടിയിലും പരിസരത്തും മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച

നെടുംകുന്നം പള്ളിപ്പടിയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച്ച(ഫെബ്രുവരി 23) രാത്രി മോഷ്ടാക്കള്‍ ഭീതി വിതച്ചു. പൂട്ടു പൊളിച്ച് രണ്ടു വീടുകള്‍ക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ മൂന്നു വീടുകളില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. പുലര്‍ച്ചെ ഒന്നിനും നാലിനുമിടയിലാണ് എല്ലാ വീടുകളിലും എല്ലാ വീടുകളിലും മോഷ്ടാക്കളെത്തിയതെന്നാണ് സൂചന.


പള്ളിയുടെ മുന്നിലുള്ള നക്കരക്കുന്നേല്‍ തോമസ് ജോബി(ജോയിച്ചന്‍) വീട്ടില്‍നിന്ന് അഞ്ഞൂറു രുപയും മൂന്നു വാച്ചുകളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.മഠത്തിന്‍പടി മാന്തുരുത്തി റോഡില്‍ തലക്കുളം ദാസപ്പന്‍റെ വീടിന്‍റെ പിന്‍വാതിലിന്‍റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഇവിടെനിന്ന് ഒരു വെട്ടുകത്തി മാത്രമാണ് നഷ്ടമായതെന്നറിയുന്നു.


മഠത്തിനു സമീപം  മുക്കത്തുചിറയില്‍ തങ്കമ്മ ജോസഫിന്‍റെയും കട്ടൂര്‍ കെ.പി. ചാണ്ടിയുടെ വീടുകളിലാണ് മോഷണശ്രമമുണ്ടായത്. പക്ഷെ, മോഷ്ടാക്കള്‍ക്ക് അകത്തുകടക്കാനായില്ല. കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 


എല്ലാ വീടുകളിലും ഏറെക്കുറെ അടുത്തടുത്ത സമയങ്ങളില്‍ മോഷണം നടന്നതുകൊണ്ടുതന്നെ ഒന്നിലേറെ സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് അനുമാനിക്കപ്പെടുന്നത്. ഒന്നിനു പുറകെ ഒന്നായി മോഷണങ്ങള്‍ നടക്കുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.







Tuesday, February 21, 2012

ആലഞ്ചേരി പിതാവേ, ഞങ്ങള്‍ക്കുവേണ്ടി മൗനം പാലിക്കേണമേ...



ഏറ്റം ബഹുമാനപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവേ,


അങ്ങ് ഇങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാവരുതേ, ഈ വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമായിരിക്കണമേ എന്ന പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. കാരണം കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനോടനുബന്ധിച്ച് അങ്ങയുടെ ഉന്നതമായ വ്യക്തിത്വത്തെയും ഇടയശ്രേഷ്ഠനെന്ന നിലയിലുള്ള കാഴ്ച്ചപ്പാടുകളെയുംകുറിച്ച് മാധ്യമങ്ങളില്‍ വന്നതൊക്കെ ഞങ്ങള്‍ വിശ്വസിച്ചുപോയി. 


അങ്ങു പറഞ്ഞത് വാര്‍ത്താ ഏജന്‍സി വളച്ചൊടിച്ചതാണെന്നാണ് സീറോ മലബാര്‍ സഭയുടെ വക്താവ് ഫാ. പോള്‍ തേലക്കാട്ട് വ്യക്തമാക്കിയിരിക്കുന്നത്. പക്ഷ, അങ്ങനെ വരുമ്പോള്‍ വത്തിക്കാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിളിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന  വാര്‍ത്താ ഏജന്‍സിയായ ഫിദെസ് കള്ളം പറയുകയാണെന്ന് വിശ്വസിച്ചേപറ്റൂ.  


കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള നടപടിക്ക് തിടുക്കത്തില്‍ തീരുമാനമെടുക്കരുത് എന്ന് അങ്ങ് ആവശ്യപ്പെട്ടു എന്നതാണ് ഫിദെസിന്റെ വാര്‍ത്ത. കേരള മന്ത്രിസഭയിലുള്ള കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അങ്ങ് നേരിട്ടു പറഞ്ഞതായി ഏജന്‍സി വ്യക്തമാക്കുന്നു.


''കത്തോലിക്കരായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച വിവരം ഞാനറിഞ്ഞു. അത് ഏറെ ദുഃഖകരമാണ്. ഉടന്‍തന്നെ ഞാന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ഉടന്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനങ്ങളൊന്നും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. കടല്‍ക്കൊള്ളക്കാരെന്നു തെറ്റിധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ നാവികര്‍ വെടിവച്ചത്. പക്ഷെ, പ്രതിപക്ഷം പടിഞ്ഞാറന്‍ ശക്തികളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 
രാഷ്ട്രീയ മുതലെടുപ്പിന് ഈ സംഭവം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.  


കത്തോലിക്കാ മന്ത്രിമാരുമായി ഞാന്‍ തുടര്‍ന്നും ബന്ധപ്പെടും. നിലവിലെ പ്രശ്‌നം ലഘൂകരിക്കുന്നതില്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും കത്തോലിക്കനായ ടൂറിസം മന്ത്രി കെ.വി. തോമസിന്. റോമിലെ സ്ഥാനാരോഹണച്ചടങ്ങിലും മാര്‍പ്പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഉയര്‍ന്ന ധാര്‍മികതയും സംസ്ഥാന, ദേശീയ സര്‍ക്കാരുകളില്‍ ഗണ്യമായ സ്വാധീനവുമുള്ള അദ്ദേഹം പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമിക്കാമെന്ന് എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ''


ഇതാണ് അങ്ങു പറഞ്ഞതിന്‍റെ ചുരുക്കം. പക്ഷെ, വാര്‍ത്ത 
വായിച്ചുവരുമ്പോള്‍ ഇത് അവര്‍ ശൂന്യതയില്‍നിന്ന് സൃഷ്ടിച്ചല്ലെന്ന് മനസ്സിലാക്കാന്‍ ഏറെ പാടുപെടേണ്ടതില്ല.വത്തിക്കാനിലെ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ മലയാളിയാവാന്‍ തരമില്ല. അപ്പോള്‍ പിന്നെ കെ.വി. തോമസിന്‍റെ സ്വാധീനവും കേരളത്തിലെ ഇടതു വലതു മുന്നണികളുടെ സമവാക്യവുമൊക്കെ വാര്‍ത്തയില്‍ പരാമര്‍ശിക്കണമെങ്കില്‍ അങ്ങുതന്നെ വിശദീകരിച്ചതായിരിക്കാം. അല്ലെങ്കില്‍ അങ്ങയോടൊപ്പമുള്ള മറ്റാരെങ്കിലും.


ഇറ്റലിക്കാരുടെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുത്, വെടിയേറ്റ് മരിച്ചവര്‍ കത്തോലിക്കരാണ്, കത്തോലിക്കാ മന്ത്രിമാരോടു ഞാന്‍ നിര്‍ദേശിച്ചു.. അതീവ ഗൗരവതരമായ ഒരു വിഷയത്തെ എങ്ങനെ സാമൂദായികവത്കരിക്കാം എന്നതിന് മറ്റൊരു തെളിവില്ല. ഇതൊക്കെ അങ്ങു പറഞ്ഞതാണെങ്കില്‍ പിന്നെ കുമ്മനം രാജശേഖരനെയുംമറ്റും നമുക്ക് എങ്ങനെ കുറ്റപ്പെടുത്തനാകും? 


കത്തോലിക്കരോ ഓര്‍ത്തഡോക്‌സുകാരോ നായരോ മുസ്ലിമോ എന്നതിലുപരി വെടിയേറ്റു മരിച്ചവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു. അവരവരുടെ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. യാതൊരു നീതികരണവുമില്ലാത്ത കൊലപാതകത്തിന് നാവികര്‍ മാതൃകാപരമായ ശിക്ഷ അര്‍ഹിക്കുന്നു. ഒപ്പം കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതുമുണ്ട്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പൊതുസമൂഹത്തിന് തൃപ്തികരമാണ്.  


ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇതുവരെ തെരുവിലിറങ്ങിയിട്ടില്ല. പക്ഷെ, നാവികരെ രക്ഷപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പ്രസ്താവന  കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയിലേക്കാണ് സംശയത്തി ന്‍റെ   ഒളിയമ്പെയ്തത്. നാവികര്‍ക്കെതിരായ നടപടിയില്‍ അലംഭാവമായുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും സോണിയ ഗാന്ധിക്കെതിരെ ശക്തമായ ആരോപണമുയരുമായിരുന്നു. അതുകൂടി മുന്നില്‍ കണ്ടാവാം സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചതും കേന്ദ്രം അതിന് മൗനാനുവാദം നല്‍കിയതും. 


പക്ഷെ, പിണറായിയുടെ ആരോപണത്തല്‍ കഴമ്പുണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം അങ്ങ് നടത്തിയ ഇടപെടലിനെക്കുറിച്ച് അങ്ങുതന്നെ വെളിപ്പെടുത്തക്കഴിഞ്ഞല്ലോ. 


പ്രിയപ്പെട്ട പിതാവേ,കമ്യൂണിസ്റ്റുകാര്‍ ചൈനയുടെയും ക്യൂബയുടെയും പേരില്‍ വികാരം കൊള്ളുന്നതുപോലെ ഇറ്റാലിയെന്നോ വത്തിക്കാനെന്നോ കേള്‍ക്കുമ്പോള്‍ നമ്മള്‍ മറ്റെല്ലാം മറക്കേണ്ടതുണ്ടോ?. പണ്ടൊരു സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വാക്കുകള്‍ തിരുത്തിയാല്‍ ഇറ്റലിക്കെതിരെ ഒന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുത് എന്നാണ് അങ്ങ് ഉദ്ദേശിക്കുന്നത്? 


അങ്ങ് രാജ്യത്തി ന്‍റെ   നയന്ത്രപ്രതിനിധിയല്ല, കൊച്ചു കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയനാണ്.  അതുകൊണ്ടുതന്നെ അങ്ങേയക്ക് സായ്പ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കേണ്ട കാര്യമില്ല.മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ ഇടപെടുകയല്ല,  വിശ്വാസ സമൂഹത്തെ നയിക്കുകയാണ് സഭയുടെ രാജകുമാരന്‍റെ ചുമതലയെന്നാണ് ഞങ്ങളുടെ എളിയ ധാരണ. നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണാധികാരികളില്ലേ? 


ഇനി ഇറ്റലിക്ക് അനുകൂലമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് ആരെങഅകിലും സമ്മര്‍ദ്ദം ചെലുത്തിയതാണെങ്കില്‍ നാട്ടിലെത്തുമ്പോഴെങ്കിലും അങ്ങ് അക്കാര്യം തുറന്നു പറയുമെന്ന് പ്രതീക്ഷിക്കട്ടെ. ഒപ്പം കൊല്ലപ്പെട്ട തൊഴിലാളികളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചെന്നുകൂടി പറയാന്‍ മറക്കണ്ട. അവര്‍ക്ക് ആത്മശാന്തികിട്ടിയാല്‍ അവരുടെ കുടുംബങ്ങളുടെ മനസും വയറും കീശയും സദാ നിറഞ്ഞു തുളുമ്പുമല്ലോ. 


ഏതായാലും ഒരു അഭ്യര്‍ത്ഥനയുണ്ട്. ഫിദെസ് വാര്‍ത്താ ഏജന്‍സിയില്‍ വന്ന കാര്യങ്ങള്‍ അങ്ങു പറഞ്ഞതാണെങ്കില്‍ ഇനിയും ഇത്തരം സങ്കുചിത നിലപാട് ആവര്‍ത്തിച്ച് ഞങ്ങള്‍ സീറോ മലബാര്‍ വിശ്വാസികളെ സമൂഹത്തില്‍ സീറോ ആക്കരുതേ, ഞങ്ങള്‍ക്കുവേണ്ടി മൗനം പാലിക്കേണമേ.

ഫിദെസില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം



Thursday, February 9, 2012

പിതാവേ..ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല..ഇവരോട് പൊറുക്കേണമേ...





ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ എന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ് കത്തോലിക്കര്‍. പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ എന്നാണ് ക്രൂശില്‍കിടന്ന് യേശുനാഥന്‍ തന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. 


പക്ഷെ കുറെക്കാലമായി സഭയോട് തെറ്റു ചെയ്യുന്നവരെന്ന് സഭ വിശ്വസിക്കുന്നവര്‍ക്കെതിരായ ആക്രോശങ്ങളും വെല്ലുവിളികളുമാണ് സഭാ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.


ക്രിസ്തുവിന്‍റെയും സെബസ്ത്യാനോസു പുണ്യവാളന്‍റെയും മറ്റും ചിത്രങ്ങള്‍ ഉപയോഗിച്ച് സി.പി.എം നടത്തിവരുന്നതായി പറയപ്പെടുന്ന പ്രചാരണം തെറ്റാണെന്ന് തോന്നുന്ന കത്തോലിക്കര്‍ക്ക്, പ്രത്യേകിച്ച് സഭാ മേലധികാരികള്‍ക്ക് അതിനെതിരായ പ്രതിഷേധം അറിയിച്ചശേഷം അവരോട് ക്ഷമിച്ചുകൂടേ?


അതിനു പകരം രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് പ്രതിഷേധക്കൊടുങ്കാറ്റും സുനാമിയും സൃഷ്ടിക്കുമെന്ന് പ്രഖ്യപിക്കുന്നതും ആളെ കൂട്ടുന്നതും യഥാര്‍ത്ഥ ക്രൈസ്തവ ചൈതന്യത്തിന് നിരക്കുന്നതാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സി.പി.എം നേതാക്കളുടെ പടം വികലമായി ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡുമേന്തി കെ.സി.വൈ.എം നടത്തിയ പ്രകടനത്തിന്‍റെ ചിത്രം കണ്ടപ്പോള്‍ അവരും നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ എന്തു വ്യത്യാസം എന്നാണ് തോന്നിയത്.


ഫ്ലക്സ് ബോര്‍ഡ് വച്ചത് തെറ്റാണെങ്കില്‍ അത് സ്ഥാപിച്ചവരേക്കാള്‍ കുറ്റക്കാര്‍ ആ ചിത്രങ്ങള്‍ ലോകമെന്പാടുമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് എത്തിച്ചുകൊടുത്ത മാധ്യമങ്ങളാണ്. ആ ചിത്രം ഒഴിവാക്കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ വിവേകവും സംയമനവും പാലിക്കാതിരുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അന്ത്യത്താഴം വികലമായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡ് വച്ചവര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തിട്ടും സഭയുടെ അരിശം തീര്‍ന്നിട്ടില്ല. 


ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നഴ്സുമാര്‍ സമരം ചെയ്തപ്പോഴും തങ്ങള്‍ നടത്തുന്ന ഉദ്ബോധനങ്ങള്‍ മറന്ന് സഭാധികാരികള്‍ തെരുവിലിറങ്ങുന്നത് നാം വേദനയോടെ കണ്ടു. പള്ളിവക ആശുപത്രികളുടെ വരുമാനം കണക്കിലെടുക്കുന്പോള്‍ ശന്പളം നല്‍കുന്ന കാര്യത്തില്‍ തെല്ലും മനുഷ്യത്വം കാണിക്കുന്നില്ലെന്ന് പറയാതെ വയ്യ. കൂടുതല്‍ ആശുപത്രികളിലേക്ക് സമരം വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ സഭയ്ക്കെതിരായ നീക്കം വ്യാപകമാണെന്ന ഒരു പ്രതീതി ജനിപ്പിക്കാന്‍ വീണു കിട്ടിയ ആയുധമാണ് ഫ്ലക്സ് വിവാദം. 
ഒരു ബിഷപ്പിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വഷണം നടത്തുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. അതും നാളെ ഒരുപക്ഷെ സഭയ്ക്കും ക്രിസ്തുവിനുമെതിരായ നീക്കത്തിന്‍റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടാം. 


ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ എന്ന മേല്‍വിലാസത്തിന്‍കീഴില്‍ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പള്ളികളിലുമൊക്കെ ക്രൈസ്തവ ചൈതന്യത്തിനു നിരക്കാത്ത പ്രവൃത്തികള്‍ നടക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. പക്ഷെ, അക്കാര്യം പറയുന്നവര്‍ സഭാവിരുദ്ധയും ന്യൂനപക്ഷ വിരുദ്ധരുമായി മുദ്രകുത്തപ്പെടും.


ഫ്ളക്സ് ബോര്‍ഡുകളും പുസ്തകങ്ങളും കാര്‍ട്ടൂണുകളുംകൊണ്ട് വിശ്വാസവും സഭയും തകരുകയും ക്രിസ്തുവിന് അപമാനമുണ്ടാകുയും ചെയ്യുമായിരുന്നെങ്കില്‍ ഇക്കാലമത്രയും സഭ നിലനിന്നതെങ്ങനെയെന്നും ആരും ചിന്തിക്കുന്നില്ല. വിശ്വാസത്തെ ഒരു വിഭാഗം കച്ചവടവത്കരിക്കുകയും ആത്മീയതയുടെ വഴിയില്‍ വിശ്വാസികളെ ഫലപ്രദമായി നയിക്കുന്നതില്‍ ഇടയന്‍മാര്‍ പരാജയപ്പെടുകയും ചെയ്യുന്പോള്‍ ആക്രോശങ്ങളും തെരുവിലെ പ്രക്ഷോഭവും മാത്രമാണ് പിടിച്ചു നില്‍ക്കാനുള്ള ഏക പോംവഴി. കോടികള്‍ ചെലവിട്ട് പണിയുന്ന പഞ്ചനക്ഷത്ര പള്ളികളും സെക്യൂരിറ്റി വാടക ഇനങ്ങളില്‍ വന്പന്‍ വരുമാനമുള്ള പള്ളിവക കെട്ടിടങ്ങളും കോടികളുടെ വരുമാനവും വില്‍പ്പനമൂല്യവുമുള്ള ഭൂമിയും നേര്‍ച്ചയിനത്തിലുള്ള പണമൊഴുക്കുമല്ല യഥാര്‍ത്ഥ ക്രൈസ്തവസാക്ഷ്യമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ, എന്തു ചെയ്യാം. 


സ്വര്‍ഗസ്ഥനായ പിതാവേ...ഞങ്ങളെക്കൂടി ഈ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ...

ഫാ. സഖറിയാസ് പുതുപ്പറന്പില്‍ ഇനി കൂനന്താനത്ത്

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇടവക സമൂഹത്തിന്‍റെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ സഹവികാരി ഫാ. സഖറിയാസ് പുതുപ്പറന്പില്‍ നെടുംകുന്നം പള്ളിയിലെ സേവനം പൂര്‍ത്തിയാക്കി കൂനന്താനം പ്രീസ്റ്റ് ഹോമിലേക്ക് മടങ്ങി. ഫെബ്രുവരി അഞ്ചാം തീയതിയാണ് അദ്ദേഹം നെടുംകുന്നത്തുനിന്ന് പോയത്.


1926  ജൂണ്‍ 12ന് ജനിച്ച ഫാ. സഖറിയാസ് അതിരൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികരിലൊരാളാണ്. 1958 മാര്‍ച്ച് 12ന് തിരുപ്പട്ടം സ്വീകരിച്ചു. പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജസ്വലതയോടെ നെടുംകുന്നത്ത് തിരുക്കര്‍മ്മങ്ങളിലും വിശ്വാസികളോട് ഇടപഴകുന്നതിലും അദ്ദേഹം സജീവമായിരുന്നു. തല്‍ക്കാലം വിശ്രമ ജീവിതമാണെങ്കിലും ഇനി ഏതെങ്കിലും ഇടവകയിലേക്ക് സേവനത്തിന് നിയോഗിക്കപ്പെട്ടാല്‍ സന്തോഷത്തോടെ ആ ചുമതല  സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Monday, February 6, 2012

പള്ളിപ്പടിക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കായികാവേശം വാനോളമുയര്‍ന്ന രാത്രി






കായിക പ്രേമികള്‍ക്ക് ഉദ്വേഗത്തിന്‍റെ, ആവേശത്തിന്‍റെ നിറവിരുന്നൊ

രുക്കി മുപ്പതാമത് സിവൈഎംഎ അഖില കേരള ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റിന് കൊട്ടിക്കലാശം. നാടിന്‍റെ


നാഭാഗങ്ങളില്‍നിന്നുമെത്തിയ  വന്‍ ജനാവലിക്ക് മറക്കാനാവാത്ത രാത്രി സമ്മാനിച്ചാണ് പുരുഷ, വനിതാ വിഭാഗങ്ങളുടെ ഫൈനലില്‍ മാറ്റുരച്ച ടീമുകള്‍ കളിക്കളം വിട്ടത്. 




ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ടു മത്സരങ്ങളിലും നിമിഷം തോറും മേധാവിത്വം മാറിമറിയുന്നതാണ് കണ്ടത്. പുരുഷ വിഭാഗത്തില്‍ കേരളാ പോലീസിനെ പരാജയപ്പെടുത്തിയ കെ.എസ്.ഇ.ബി കിരീടത്തല്‍ മുത്തമിട്ടു. ഗാലറികളും കസേരകളുംവിട്ട് ജനാവലി ത്രസിച്ചുനിന്ന നിമിഷങ്ങള്‍ക്കൊടുവില്‍ 52നെതിരെ 53 പോയിന്റിനായിരുന്നു കെ.എസ്.ഇ.ബിയുടെ വിജയം. 

വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് പാലാ അല്‍ഫോന്‍സാ കോളേജിനെ പരാജയപ്പെടുത്തി. സ്‌കോര്‍(3234). വനിതാ വിഭാഗം ജേതാക്കള്‍ക്ക് കോഴിക്കോട് റേഞ്ച് ഇന്‍റലിജന്‍സ് എസ്പി എം.കെ.പുഷ്‌കരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പുരുഷവിഭാഗത്തിലെ ജേതാക്കള്‍ക്ക് ഫാ. ജോസഫ് കിഴക്കേത്തയ്യില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, ഫാ. മാത്യു പുളിക്കപ്പറന്പില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, സാജന്‍ സെബാസ്റ്റ്യന്‍ പെരുന്പ്രാല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എന്നിവ സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിന് ജോസ് കണ്ടങ്കേരില്‍ മെമ്മോറിയല്‍ ട്രോഫിയും വനിതാവിഭാഗം ജേതാക്കള്‍ക്ക് അന്പിളി ട്രോഫിയും ബിഷപ് ഡോ. ജോസഫ് പതാലില്‍ സ്ഥാനാരോഹണ സ്മാരക എവര്‍ റോളിംഗ് ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് പീഡികയില്‍ പീ.ജെ. ത്രേസ്യ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു.

പുരുഷ വിഭാഗം ടോപ് സ്‌കോറര്‍ കേരളാ പോലീസിലെ ബോണിക്ക് ത്രീസ്റ്റാര്‍ ഹോളോ ബ്രിക്‌സ് നെടുംകുന്നം ഏര്‍പ്പെടുത്തിയ ട്രോഫിയും കാഷ് അവാര്‍ഡും മുന്‍ സംസ്ഥാന ബാസ്‌ക്കറ്റ്‌ബോള്‍ ടീം ക്യാപ്റ്റനും സി.വൈ.എം.എ താരവുമായിരുന്ന ആര്‍. അയ്യപ്പന്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും ലഭിച്ചു. ഏറ്റവുമധികം ത്രീപോയിന്റ് നേടിയതിന് പള്ളിപ്പടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ ഒരു കൂട പഴങ്ങളും ഒരു പഴക്കുലയും ബോണിക്ക് ലഭിച്ചു. 

വനിതാ വിഭാഗം ടോപ് സ്‌കോറര്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സ് ആന്‍റ് വെല്‍ഫെയര്‍  അസോസിയേഷന്‍ നെടുംകുന്നം യൂണിറ്റ് ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും ട്രോഫിയും ആര്‍. അയ്യപ്പന്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും പാലാ അല്‍ഫോന്‍സാ കോളേജിലെ അനുമോള്‍ സോമന് ലഭിച്ചു.




സമാപന സമ്മേളനത്തില്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നെടുംകുന്നം സെന്‍റ്  ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോന വികാരി ഫാ.മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍,ഫാ.തോമസ് പായിക്കാട്ട് മറ്റം,കെ.ജെ.ജോണ്‍ കിഴക്കേത്തയ്യില്‍,ജോണ്‍സണ്‍ ജോസഫ്,അബി ഐക്കുളം എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിനുശേഷം കരിമരുന്ന് കലാപ്രകടനവും അരങ്ങേറി.

Saturday, February 4, 2012

സി.വൈ.എം.എ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം-ചിത്രം


സി.വൈ.എം.എ ബാസ്ക്കറ്റ്- ഫൈനല്‍ ഇന്ന്


നെടുംകുന്നം സി.വൈ.എം.എയുടെ ആഭിമുഖ്യത്തിലുള്ള അഖിലകേരളാ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ന് കെ.എസ്.ഇ.ബിയും കേരളാ പോലീസും ഏറ്റുമുട്ടും. ഇന്നലെ സെമിയില്‍ പോലീസ് കൊച്ചി എസ്.എച്ച് ക്ലബിനെയും കെ.എസ്.ഇ.ബി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിനെയും പരാജയപ്പെടുത്തി.
ഇന്ന് വനിതാ വിഭാഗം മത്സരത്തില്‍ ചങ്ങനാരി അസംപ്ഷന്‍ കോളേജ് പാലാ അല്‍ഫോന്‍സാ കോളേജിനെ നേരിടും.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls