ഏറ്റം ബഹുമാനപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവേ,
അങ്ങ് ഇങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാവരുതേ, ഈ വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമായിരിക്കണമേ എന്ന പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. കാരണം കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനോടനുബന്ധിച്ച് അങ്ങയുടെ ഉന്നതമായ വ്യക്തിത്വത്തെയും ഇടയശ്രേഷ്ഠനെന്ന നിലയിലുള്ള കാഴ്ച്ചപ്പാടുകളെയുംകുറിച്ച് മാധ്യമങ്ങളില്‍ വന്നതൊക്കെ ഞങ്ങള്‍ വിശ്വസിച്ചുപോയി.
അങ്ങു പറഞ്ഞത് വാര്‍ത്താ ഏജന്‍സി വളച്ചൊടിച്ചതാണെന്നാണ് സീറോ മലബാര്‍ സഭയുടെ വക്താവ് ഫാ. പോള്‍ തേലക്കാട്ട് വ്യക്തമാക്കിയിരിക്കുന്നത്. പക്ഷ, അങ്ങനെ വരുമ്പോള്‍ വത്തിക്കാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിളിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ ഫിദെസ് കള്ളം പറയുകയാണെന്ന് വിശ്വസിച്ചേപറ്റൂ.
കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള നടപടിക്ക് തിടുക്കത്തില്‍ തീരുമാനമെടുക്കരുത് എന്ന് അങ്ങ് ആവശ്യപ്പെട്ടു എന്നതാണ് ഫിദെസിന്റെ വാര്‍ത്ത. കേരള മന്ത്രിസഭയിലുള്ള കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അങ്ങ് നേരിട്ടു പറഞ്ഞതായി ഏജന്‍സി വ്യക്തമാക്കുന്നു.
''കത്തോലിക്കരായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച വിവരം ഞാനറിഞ്ഞു. അത് ഏറെ ദുഃഖകരമാണ്. ഉടന്‍തന്നെ ഞാന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ഉടന്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനങ്ങളൊന്നും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. കടല്‍ക്കൊള്ളക്കാരെന്നു തെറ്റിധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ നാവികര്‍ വെടിവച്ചത്. പക്ഷെ, പ്രതിപക്ഷം പടിഞ്ഞാറന്‍ ശക്തികളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
രാഷ്ട്രീയ മുതലെടുപ്പിന് ഈ സംഭവം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.
കത്തോലിക്കാ മന്ത്രിമാരുമായി ഞാന്‍ തുടര്‍ന്നും ബന്ധപ്പെടും. നിലവിലെ പ്രശ്‌നം ലഘൂകരിക്കുന്നതില്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും കത്തോലിക്കനായ ടൂറിസം മന്ത്രി കെ.വി. തോമസിന്. റോമിലെ സ്ഥാനാരോഹണച്ചടങ്ങിലും മാര്‍പ്പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഉയര്‍ന്ന ധാര്‍മികതയും സംസ്ഥാന, ദേശീയ സര്‍ക്കാരുകളില്‍ ഗണ്യമായ സ്വാധീനവുമുള്ള അദ്ദേഹം പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമിക്കാമെന്ന് എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ''
ഇതാണ് അങ്ങു പറഞ്ഞതിന്‍റെ ചുരുക്കം. പക്ഷെ, വാര്‍ത്ത
വായിച്ചുവരുമ്പോള്‍ ഇത് അവര്‍ ശൂന്യതയില്‍നിന്ന് സൃഷ്ടിച്ചല്ലെന്ന് മനസ്സിലാക്കാന്‍ ഏറെ പാടുപെടേണ്ടതില്ല.വത്തിക്കാനിലെ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ മലയാളിയാവാന്‍ തരമില്ല. അപ്പോള്‍ പിന്നെ കെ.വി. തോമസിന്‍റെ സ്വാധീനവും കേരളത്തിലെ ഇടതു വലതു മുന്നണികളുടെ സമവാക്യവുമൊക്കെ വാര്‍ത്തയില്‍ പരാമര്‍ശിക്കണമെങ്കില്‍ അങ്ങുതന്നെ വിശദീകരിച്ചതായിരിക്കാം. അല്ലെങ്കില്‍ അങ്ങയോടൊപ്പമുള്ള മറ്റാരെങ്കിലും.
ഇറ്റലിക്കാരുടെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുത്, വെടിയേറ്റ് മരിച്ചവര്‍ കത്തോലിക്കരാണ്, കത്തോലിക്കാ മന്ത്രിമാരോടു ഞാന്‍ നിര്‍ദേശിച്ചു.. അതീവ ഗൗരവതരമായ ഒരു വിഷയത്തെ എങ്ങനെ സാമൂദായികവത്കരിക്കാം എന്നതിന് മറ്റൊരു തെളിവില്ല. ഇതൊക്കെ അങ്ങു പറഞ്ഞതാണെങ്കില്‍ പിന്നെ കുമ്മനം രാജശേഖരനെയുംമറ്റും നമുക്ക് എങ്ങനെ കുറ്റപ്പെടുത്തനാകും?
കത്തോലിക്കരോ ഓര്‍ത്തഡോക്‌സുകാരോ നായരോ മുസ്ലിമോ എന്നതിലുപരി വെടിയേറ്റു മരിച്ചവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു. അവരവരുടെ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. യാതൊരു നീതികരണവുമില്ലാത്ത കൊലപാതകത്തിന് നാവികര്‍ മാതൃകാപരമായ ശിക്ഷ അര്‍ഹിക്കുന്നു. ഒപ്പം കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതുമുണ്ട്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പൊതുസമൂഹത്തിന് തൃപ്തികരമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇതുവരെ തെരുവിലിറങ്ങിയിട്ടില്ല. പക്ഷെ, നാവികരെ രക്ഷപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പ്രസ്താവന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയിലേക്കാണ് സംശയത്തി ന്‍റെ ഒളിയമ്പെയ്തത്. നാവികര്‍ക്കെതിരായ നടപടിയില്‍ അലംഭാവമായുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും സോണിയ ഗാന്ധിക്കെതിരെ ശക്തമായ ആരോപണമുയരുമായിരുന്നു. അതുകൂടി മുന്നില്‍ കണ്ടാവാം സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചതും കേന്ദ്രം അതിന് മൗനാനുവാദം നല്‍കിയതും.
പക്ഷെ, പിണറായിയുടെ ആരോപണത്തല്‍ കഴമ്പുണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം അങ്ങ് നടത്തിയ ഇടപെടലിനെക്കുറിച്ച് അങ്ങുതന്നെ വെളിപ്പെടുത്തക്കഴിഞ്ഞല്ലോ.
പ്രിയപ്പെട്ട പിതാവേ,കമ്യൂണിസ്റ്റുകാര്‍ ചൈനയുടെയും ക്യൂബയുടെയും പേരില്‍ വികാരം കൊള്ളുന്നതുപോലെ ഇറ്റാലിയെന്നോ വത്തിക്കാനെന്നോ കേള്‍ക്കുമ്പോള്‍ നമ്മള്‍ മറ്റെല്ലാം മറക്കേണ്ടതുണ്ടോ?. പണ്ടൊരു സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വാക്കുകള്‍ തിരുത്തിയാല്‍ ഇറ്റലിക്കെതിരെ ഒന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുത് എന്നാണ് അങ്ങ് ഉദ്ദേശിക്കുന്നത്?
അങ്ങ് രാജ്യത്തി ന്‍റെ നയന്ത്രപ്രതിനിധിയല്ല, കൊച്ചു കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയനാണ്. അതുകൊണ്ടുതന്നെ അങ്ങേയക്ക് സായ്പ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കേണ്ട കാര്യമില്ല.മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ ഇടപെടുകയല്ല, വിശ്വാസ സമൂഹത്തെ നയിക്കുകയാണ് സഭയുടെ രാജകുമാരന്‍റെ ചുമതലയെന്നാണ് ഞങ്ങളുടെ എളിയ ധാരണ. നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണാധികാരികളില്ലേ?
ഇനി ഇറ്റലിക്ക് അനുകൂലമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് ആരെങഅകിലും സമ്മര്‍ദ്ദം ചെലുത്തിയതാണെങ്കില്‍ നാട്ടിലെത്തുമ്പോഴെങ്കിലും അങ്ങ് അക്കാര്യം തുറന്നു പറയുമെന്ന് പ്രതീക്ഷിക്കട്ടെ. ഒപ്പം കൊല്ലപ്പെട്ട തൊഴിലാളികളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചെന്നുകൂടി പറയാന്‍ മറക്കണ്ട. അവര്‍ക്ക് ആത്മശാന്തികിട്ടിയാല്‍ അവരുടെ കുടുംബങ്ങളുടെ മനസും വയറും കീശയും സദാ നിറഞ്ഞു തുളുമ്പുമല്ലോ.
ഏതായാലും ഒരു അഭ്യര്‍ത്ഥനയുണ്ട്. ഫിദെസ് വാര്‍ത്താ ഏജന്‍സിയില്‍ വന്ന കാര്യങ്ങള്‍ അങ്ങു പറഞ്ഞതാണെങ്കില്‍ ഇനിയും ഇത്തരം സങ്കുചിത നിലപാട് ആവര്‍ത്തിച്ച് ഞങ്ങള്‍ സീറോ മലബാര്‍ വിശ്വാസികളെ സമൂഹത്തില്‍ സീറോ ആക്കരുതേ, ഞങ്ങള്‍ക്കുവേണ്ടി മൗനം പാലിക്കേണമേ.
ഫിദെസില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം





ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചോടിക്കുന്നതില്‍ പ്രഗല്‍ഭരാണ്. 'പാപ്പരാസി' എന്ന പദം തന്നെ ഇറ്റലിയുടെ സംഭാവന ആണല്ലോ? ശുദ്ധനായ കര്‍ദിനാള്‍ അവരുടെ വെട്ടില്‍ വീണു എന്ന് വിശ്വസിക്കുന്നു. അതിവിടത്തെ 'പാപ്പരാസികള്‍' ചൂടപ്പം പോലെ വിറ്റു!! കര്‍ദ്ദിനാള്‍ ളിനെ വച്ച് 'ഫിഡെസ്' വാര്‍ത്താ ഏജന്‍സി ഒരു കളി കളിച്ചു എന്ന് വേണം കരുതാന്‍.... ഇത് കത്തോലിക്കാ വാര്‍ത്ത ഏജന്‍സി ആണെങ്കില്‍, ഒരു 'കര്‍ദിനാള്‍' പറഞ്ഞത് വളച്ചൊടിച്ചതിന് അവര്‍ പരസ്യമായി മാപ്പ് പറയണം. ആ പദവിയെ നിന്ദിക്കുകയാണ്, ഏജന്‍സി ചെയ്തിരിക്കുന്നത്.
ReplyDeleteകര്‍ദ്ദിനാള്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്നതിന് വ്യക്തമായ തെളിവില്ല. തല്‍ക്കാലം കര്‍ദ്ദിനാള്‍ നല്‍കുന്ന വിശദീകരണം വിശ്വസിക്കാനേ നമുക്ക് മാര്‍ഗ്ഗമുള്ളൂ. മാത്രമല്ല,വത്തിക്കാന്‍റെ വെബ്സൈറ്റിന്‍റെ വാര്‍ത്താവിഭാഗത്തില്‍ വിവാദ വാര്‍ത്ത ഇപ്പോഴും വായിക്കാം. ലിങ്ക് ദേ ചുവടെ
ReplyDeletehttp://www.news.va/en/news/asiaindia-fishermen-killed-in-kerala-mediation-on-