Thursday, February 9, 2012

പിതാവേ..ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല..ഇവരോട് പൊറുക്കേണമേ...





ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ എന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ് കത്തോലിക്കര്‍. പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ എന്നാണ് ക്രൂശില്‍കിടന്ന് യേശുനാഥന്‍ തന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. 


പക്ഷെ കുറെക്കാലമായി സഭയോട് തെറ്റു ചെയ്യുന്നവരെന്ന് സഭ വിശ്വസിക്കുന്നവര്‍ക്കെതിരായ ആക്രോശങ്ങളും വെല്ലുവിളികളുമാണ് സഭാ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.


ക്രിസ്തുവിന്‍റെയും സെബസ്ത്യാനോസു പുണ്യവാളന്‍റെയും മറ്റും ചിത്രങ്ങള്‍ ഉപയോഗിച്ച് സി.പി.എം നടത്തിവരുന്നതായി പറയപ്പെടുന്ന പ്രചാരണം തെറ്റാണെന്ന് തോന്നുന്ന കത്തോലിക്കര്‍ക്ക്, പ്രത്യേകിച്ച് സഭാ മേലധികാരികള്‍ക്ക് അതിനെതിരായ പ്രതിഷേധം അറിയിച്ചശേഷം അവരോട് ക്ഷമിച്ചുകൂടേ?


അതിനു പകരം രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് പ്രതിഷേധക്കൊടുങ്കാറ്റും സുനാമിയും സൃഷ്ടിക്കുമെന്ന് പ്രഖ്യപിക്കുന്നതും ആളെ കൂട്ടുന്നതും യഥാര്‍ത്ഥ ക്രൈസ്തവ ചൈതന്യത്തിന് നിരക്കുന്നതാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സി.പി.എം നേതാക്കളുടെ പടം വികലമായി ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡുമേന്തി കെ.സി.വൈ.എം നടത്തിയ പ്രകടനത്തിന്‍റെ ചിത്രം കണ്ടപ്പോള്‍ അവരും നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ എന്തു വ്യത്യാസം എന്നാണ് തോന്നിയത്.


ഫ്ലക്സ് ബോര്‍ഡ് വച്ചത് തെറ്റാണെങ്കില്‍ അത് സ്ഥാപിച്ചവരേക്കാള്‍ കുറ്റക്കാര്‍ ആ ചിത്രങ്ങള്‍ ലോകമെന്പാടുമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് എത്തിച്ചുകൊടുത്ത മാധ്യമങ്ങളാണ്. ആ ചിത്രം ഒഴിവാക്കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ വിവേകവും സംയമനവും പാലിക്കാതിരുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അന്ത്യത്താഴം വികലമായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡ് വച്ചവര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തിട്ടും സഭയുടെ അരിശം തീര്‍ന്നിട്ടില്ല. 


ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നഴ്സുമാര്‍ സമരം ചെയ്തപ്പോഴും തങ്ങള്‍ നടത്തുന്ന ഉദ്ബോധനങ്ങള്‍ മറന്ന് സഭാധികാരികള്‍ തെരുവിലിറങ്ങുന്നത് നാം വേദനയോടെ കണ്ടു. പള്ളിവക ആശുപത്രികളുടെ വരുമാനം കണക്കിലെടുക്കുന്പോള്‍ ശന്പളം നല്‍കുന്ന കാര്യത്തില്‍ തെല്ലും മനുഷ്യത്വം കാണിക്കുന്നില്ലെന്ന് പറയാതെ വയ്യ. കൂടുതല്‍ ആശുപത്രികളിലേക്ക് സമരം വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ സഭയ്ക്കെതിരായ നീക്കം വ്യാപകമാണെന്ന ഒരു പ്രതീതി ജനിപ്പിക്കാന്‍ വീണു കിട്ടിയ ആയുധമാണ് ഫ്ലക്സ് വിവാദം. 
ഒരു ബിഷപ്പിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വഷണം നടത്തുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. അതും നാളെ ഒരുപക്ഷെ സഭയ്ക്കും ക്രിസ്തുവിനുമെതിരായ നീക്കത്തിന്‍റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടാം. 


ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ എന്ന മേല്‍വിലാസത്തിന്‍കീഴില്‍ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പള്ളികളിലുമൊക്കെ ക്രൈസ്തവ ചൈതന്യത്തിനു നിരക്കാത്ത പ്രവൃത്തികള്‍ നടക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. പക്ഷെ, അക്കാര്യം പറയുന്നവര്‍ സഭാവിരുദ്ധയും ന്യൂനപക്ഷ വിരുദ്ധരുമായി മുദ്രകുത്തപ്പെടും.


ഫ്ളക്സ് ബോര്‍ഡുകളും പുസ്തകങ്ങളും കാര്‍ട്ടൂണുകളുംകൊണ്ട് വിശ്വാസവും സഭയും തകരുകയും ക്രിസ്തുവിന് അപമാനമുണ്ടാകുയും ചെയ്യുമായിരുന്നെങ്കില്‍ ഇക്കാലമത്രയും സഭ നിലനിന്നതെങ്ങനെയെന്നും ആരും ചിന്തിക്കുന്നില്ല. വിശ്വാസത്തെ ഒരു വിഭാഗം കച്ചവടവത്കരിക്കുകയും ആത്മീയതയുടെ വഴിയില്‍ വിശ്വാസികളെ ഫലപ്രദമായി നയിക്കുന്നതില്‍ ഇടയന്‍മാര്‍ പരാജയപ്പെടുകയും ചെയ്യുന്പോള്‍ ആക്രോശങ്ങളും തെരുവിലെ പ്രക്ഷോഭവും മാത്രമാണ് പിടിച്ചു നില്‍ക്കാനുള്ള ഏക പോംവഴി. കോടികള്‍ ചെലവിട്ട് പണിയുന്ന പഞ്ചനക്ഷത്ര പള്ളികളും സെക്യൂരിറ്റി വാടക ഇനങ്ങളില്‍ വന്പന്‍ വരുമാനമുള്ള പള്ളിവക കെട്ടിടങ്ങളും കോടികളുടെ വരുമാനവും വില്‍പ്പനമൂല്യവുമുള്ള ഭൂമിയും നേര്‍ച്ചയിനത്തിലുള്ള പണമൊഴുക്കുമല്ല യഥാര്‍ത്ഥ ക്രൈസ്തവസാക്ഷ്യമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ, എന്തു ചെയ്യാം. 


സ്വര്‍ഗസ്ഥനായ പിതാവേ...ഞങ്ങളെക്കൂടി ഈ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ...

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls