Saturday, August 31, 2013

മോഷ്ടാക്കളുടെ തേര്‍വാഴ്ച്ചയില്‍ നെടുംകുന്നം നടുങ്ങി




പതാലില്‍ പി.വി. ജോണിന്‍റെ വിടിന്‍റെ ജനാലച്ചില്ലുകള്‍ മോഷ്ടാക്കള്‍ എറിഞ്ഞു തകര്‍ത്ത നിലയില്‍


പതാലില്‍ പി.വി. ജോണിന്‍റെ വിട്ടില്‍ മോഷ്ടാക്കള്‍ ആക്രമണത്തിന് ഉപയോഗിച്ച കല്ലുകള്‍




കൊച്ചുമെതിക്കളത്തില്‍ സെബാസ്റ്റ്യന്‍ വര്‍ക്കിയുടെ വീടിന്‍റെ പിന്‍വാതിലിന്‍റെ
പൂട്ട് തകര്‍ത്ത നിലയില്‍ 


ഇന്നലെ അര്‍ധരാത്രിമുതല്‍ പുലരുവോളം മോഷ്ടാക്കള്‍ നടത്തിയ തേര്‍വാഴ്ച്ചയില്‍ നെടുംകുന്നം വിറച്ചു. മൂന്നു വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘം ഒരു വീടിനുള്ളില്‍ കടന്നു കയറുകയും ഒരിടത്ത് വാതില്‍ പൊളിക്കാന്‍ ശ്രമം നടത്തുകയുംചെയ്തു. മഠത്തിന്‍പടി മേഖല കേന്ദ്രീകരിച്ചാണ് മോഷ്ടാക്കള്‍ പ്രധാനമായും അഴിഞ്ഞാടിയത്. 

നെടുംകുന്നം പള്ളിപ്പടിയില്‍ കാത്തലിക്ക് ബുക്ക് സെന്‍റര്‍ നടത്തുന്ന മഠത്തിന്‍പടി പതാലില്‍ പി.ജെ. ജോണിന്‍റെ വീട്ടില്‍നിന്നും രണ്ടര പവന്‍റെ സ്വര്‍ണ്ണമാലയും പാറയ്ക്കല്‍ സോണാവില്ലയില്‍(വട്ടപ്പാറ) സ്റ്റീഫന്‍ മാത്യുവിന്‍റെ വീട്ടില്‍നിന്നും ഏഴുന്നൂറ് 
 കൊഴുങ്ങാലൂര്‍ചിറയ്ക്കു സമീപം പുതുപ്പറമ്പില്‍ ഓമനയുടെ വീട്ടില്‍നിന്നും  1300രൂപയും ഒരു വാച്ചുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പി.വി. ജോണിന്‍റെ മകന്‍ വിനോദിന്‍റെ ഭാര്യ ബിന്ദുവിന്‍റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.മഠത്തിന്‍പടി-പാറയ്ക്കല്‍ റോഡില്‍ പാടിക്കല്‍ ജോര്‍ജ് കുട്ടിയുടെ വീട്ടിന്‍റെ അടുക്കളയില്‍ കടന്നു കയറിയ മോഷ്ടാക്കള്‍ക്ക് ഉള്ളിലെ മുറികളില്‍ പ്രവേശിക്കാനായില്ല. ഈ വിടിനു സമീപംതന്നെ കൊച്ചുമെതിക്കളത്തില്‍ സെബാസ്റ്റ്യന്‍ വര്‍ക്കി(ജോസുകുട്ടി)യുടെ വീടിന്‍റെ പിന്‍വാതിലിന്‍റെ രണ്ട് താഴുകള്‍ തകര്‍ത്തു. 
മറ്റു ചില വീടുകളിലും മോഷണശ്രമം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പാരപോലെയുള്ള ആയുധമാണ് പിന്‍വാതില്‍ തിക്കിത്തുറക്കാന്‍ എല്ലാ വീടുകളിലും ഉപയോഗിച്ചത്. ഗവണ്‍മെന്‍റ് സ്കൂളിന്‍റെ പിന്‍ഭാഗത്തുള്ള വീട്ടിലാണ് ആദ്യം മോഷണം നടന്നതെന്ന് കരുതപ്പെടുന്നു.തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ മോഷ്ടാക്കള്‍ സ്റ്റീഫന്‍ മാത്യുവിന്‍റെ വീട്ടിലും തുടര്‍ന്ന് പാടിക്കലും കൊച്ചുമെതിക്കളത്തിലുമെത്തി. സ്റ്റീഫന്‍ മാത്യുവിന്‍റെ വീട്ടില്‍നിന്ന് കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ വിരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നതിനിടെ നാലുണിയോടെയാണ് പി.വി. ജോണിന്‍റെ വീട്ടില്‍ കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കവര്‍ച്ച നടത്തിയതെന്നും സംശയിക്കപ്പെടുന്നു.

സ്റ്റീഫന്‍ മാത്യുവിന്‍റെയും പി.വി. ജോണിന്‍റെയും വീടുകള്‍ക്കുള്ളിലും പരിസരത്തും മോഷ്ടാക്കള്‍ ആക്രമിക്കാന്‍ കരുതിയിരുന്ന വലിയ കല്ലുകള്‍ കണ്ടെത്തി. പിന്‍വാതിലിലിന്‍റെ പൂട്ടും ഇരുന്പു പട്ടയും തകര്‍ത്താണ് മോഷ്ടാക്കള്‍ പി.വി ജോണിന്‍റെ വീട്ടില്‍ കടന്നത്. വാതിലില്‍ തിക്കിയപ്പോള്‍ കട്ടിളയില്‍ ഉറപ്പിച്ചിരുന്ന ഇരുന്പു പട്ടയുടെ സ്ക്രൂ ഊരുകയായിരുന്നു.

മാല പൊട്ടിച്ചെടുക്കുന്പോള്‍ പി.വി. ജോണിന്‍റെ മരുമകള്‍ ബിന്ദു ഉണര്‍ന്നെണീറ്റ് നിലവിളിച്ചു. അതുകേട്ട് വിനോദും പി.വി. ജോണും എഴുന്നേറ്റു. മഞ്ഞ നിക്കര്‍ മാത്രം ധരിച്ച മോഷ്ടാവ് തുറന്നിട്ട പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുന്പോള്‍ മുന്നില്‍നിന്നും വീടിനു നേരേ ശക്തമായ കല്ലേറുണ്ടായി. കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു. പിന്നീട് വീടിനു ചുറ്റിലും കല്ലുകള്‍ കണ്ടെത്തി.

സോണാവില്ലയില്‍ സ്റ്റീഫന്‍ മാത്യുവിന്‍റെ വീടിന്‍റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കവര്‍ന്നത്. മുറിയിലൂടെ ആരോ നടക്കുന്നത് ശ്രദ്ധയില്‍പെട്ട സ്റ്റീഫന്‍ മാത്യുവിന്‍റെ ഭാര്യ അത് മകനാണെന്നാണ് ആദ്യം ധരിച്ചത്.സംശയം തോന്നി പരിശോധിച്ചപ്പോള്‍ മകന്‍ അടുത്ത മുറിയില്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് മോഷണം നടന്നതായി അറിഞ്ഞത്. മുറിയില്‍നിന്ന് മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന എഴുന്നൂറ് രൂപ കൈക്കലാക്കിയ മോഷ്ടാക്കള്‍ ബാഗ് ഉപേക്ഷിച്ചു. ഇത് പിന്നീട് ഇരുന്നൂറ് മീറ്ററോളം അകലെ വഴിയില്‍ കണ്ടെത്തി.

പാടിക്കല്‍ ജോര്‍ജ് കുട്ടിയുടെ വീടിന്‍റെ പിന്‍വാതില്‍ ഇടിച്ചുതുറന്നെങ്കിലും ഉള്ളിലെ മുറികളില്‍ കടക്കാനാകാതെ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു.

കൊച്ചുമെതിക്കളത്തില്‍ ജോസുകുട്ടിയുടെ വീടിന്‍റെ പിന്‍വാതിലിന്‍റെ ഒരു പൂട്ട് തകര്‍ത്തപ്പോഴേക്കും വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ജീവന്‍ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് പി.വി. ജോണിന്‍റെയും സ്റ്റീഫന്‍ മാത്യുവിന്‍റെയും കുടുംബം.


മോഷണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞതോടെ മഠത്തിന്‍പടി മേഖലയിലെ ജനങ്ങള്‍ ആശങ്കയിലായി. ആക്രമണത്തിന് സജ്ജരായെത്തുന്ന മോഷ്ടാക്കളെ നേരിടാന്‍കഴിയാത്ത നിസ്സഹയാവസ്ഥയിലാണ് നാട്ടുകാര്‍. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പോലീസിനും പരിമിതിയുണ്ട് എന്ന തിരിച്ചറിവ് ആശങ്ക വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നെടുംകുന്നം പള്ളിപ്പടിയിലും പരിസര പ്രദേശങ്ങളിലുമായി അഞ്ചു വീടുകളില്‍ മോഷണ ശ്രമം നടന്നിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് നെടുംകുന്നത്ത് രണ്ടു വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് 22 പവനും പണവും അപഹരിച്ചിരുന്നു. ഈ സംഭവങ്ങളിലൊന്നും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

Friday, August 30, 2013

പിന്നിട്ടത് ഭീതിയുടെ രാത്രി; നെടുംകുന്നത്ത് വീണ്ടും മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച


മോഷ്ടാക്കളുടെ തേര്‍വാഴ്ച്ചയില്‍ നെടുംകുന്നം ഭീതിയുടെ മുള്‍മുനയില്‍ കഴിഞ്ഞ രാത്രിയായിരുന്നു ഇന്നലെ. ഇത് എഴുതുന്പോള്‍ അതായത് ശനിയാഴ്ച്ച രാവിലെ 6.30ന് ലഭ്യമായ വിവരം അനുസരിച്ച് നമ്മുടെ നാട്ടില്‍ രണ്ടു വീടുകളില്‍ മോഷണം നടന്നതായും നാലോളം വീടുകളില്‍ പിന്‍വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. 

പ്രധാനമായും മഠത്തിന്‍പടി  മേഖലയിലും പരിസരത്തുമാണ് മോഷ്ടാക്കള്‍ ഭീതിവിതച്ചത്. മറ്റുമേഖലകളില്‍ മോഷണമോ മോഷണശ്രമമോ നടന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.വിവരമറിഞ്ഞ് പോലീസ് നെടുംകുന്നത്ത് എത്തിയശേഷവും കവര്‍ച്ച നടന്നു എന്നതാണ് ശ്രദ്ധേയം. 


പള്ളിപ്പടിയിലെ കാത്തലിക് ബുക് സെന്‍റര്‍ ഉടമ മഠത്തിന്‍പടി പതാലില്‍ പി.വി. ജോണിന്‍റെ വീട്ടിലാണ് ഏറ്റവുമൊടുവില്‍ കവര്‍ച്ച നടന്നത്. ജോണിന്‍റെ മകന്‍ വിനോദിന്‍റെ ഭാര്യ ബിന്ദുവിന്‍റെ കഴുത്തില്‍ കിടന്ന രണ്ടരപ്പവന്‍റെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവും. മാല പൊട്ടിക്കുന്നതിനിടെ ബിന്ദുവിന് പരുക്കേറ്റു. 


വീടിന്‍റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 


മോഷണത്തിന്‍റെ വിശദ വാര്‍ത്തയും  ചിത്രങ്ങളും കൊറച്ച് കഴിയുന്പം  നെടുംകുന്നം നാട്ടുവിശേഷം പ്രസിദ്ധീകരിക്കുന്നതാണ്. 

Tuesday, August 27, 2013

ശശിമാരേ...പെട്ടെന്ന് ലിങ്ക് ചെയ്തോ...



പാചാക വാതക സബ്സിഡിക്ക് ആധാര്‍ നന്പര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അപ്പം സബ്സിഡിക്ക് ആധാര്‍ വേണ്ടെന്ന് മന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ കഴിഞ്ഞയാഴ്ച്ച പറഞ്ഞതോ? എന്ന് നിങ്ങള് ചോദിക്കും. അതല്ലേ ജനാധിപത്യം. ജനങ്ങളെ ശശിമാരാക്കുന്ന പരിപാടി!! 

ഒരു ശരാശരി ശശിക്ക് ഇനി ചെയ്യാന്‍ കഴിയുന്നത് ഈ ---ലെ പരിപാടിക്കെതിരെ നാലു തെറിവിളിക്കാം. പിന്നെയോ? പിന്നെന്തോന്ന്? ആധാര്‍ കാര്‍ഡില്ലാത്തവര്‍ അത് സംഘടിപ്പിക്കാനൊള്ള വഴിനോക്കണം. പിന്നെ സബ്സിഡി ഒപ്പിച്ചെടുക്കണം. 

ആധാര്‍ എന്നു പറയുന്ന അമൂല്യ സാധനം കിട്ടാത്തോര് ഇതുവരെ കിട്ടാത്തോര് അത് ഇന്‍റര്‍നെറ്റിലൂടെ തരപ്പെടുത്താന്‍  ഇവിടെ  ക്ലിക്കണം

ക്ലിക്കുന്നേനു മുന്പ് ആധാറിന് ഫോട്ടോ എടുത്തപ്പം കിട്ടിയ സ്ലിപ്പ് കയ്യിലൊണ്ടെന്ന് ഒറപ്പാക്കണം. എന്നിട്ട് ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് വിത്ത് സ്യൂട്ടബിള്‍ വിവരംസ്. അതായത് ഓരോ കോളത്തിലും ആവശ്യമായ വിവരങ്ങള്‍ സ്ലിപ്പില്‍നിന്ന് എടുത്ത് ചേര്‍ക്കണം. 

ലൈനില്‍ എന്തേലും സാങ്കേതിക തകരാറോ ഗതാഗതത്തിരക്കോ കുരുക്കോ ആണേല്‍ പലവട്ടം ശ്രമിക്കേണ്ടിവരും. ഒടുവില്‍ തെളിയുന്ന ഈ- ആധാറിന്‍റെ, അതായത് ആധാര്‍ കാര്‍ഡിന്‍റെ ഇന്‍റര്‍നെറ്റ് പതിപ്പിന്‍റെ പ്രിന്‍റൗട്ട് എടുത്താല്‍ സാധനം ഓകെ. 

പിന്നെ, പാചകവാതക സബ്സിഡിക്ക് ആധാര്‍ നന്പര്‍  ഉപഭോക്തൃ നന്പരുമായി ബന്ധിപ്പിക്കുന്നത് എങ്ങനാന്ന് നാട്ടുവിശേഷത്തില്‍ നേരത്തെ സൂചിപ്പിച്ചാരുന്നു. ഏതായാലും അത് ഇവിടെ ഒന്നൂടെ പറയാം. 

ആദ്യം ഇവിടെ ക്ലിക്കുക

അപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ കാണുന്നതുപോലെ ഒരു പേജ് തെളിയും. 



ഈ പേജില്‍ നീലനിറത്തില്‍ കാണുന്ന സ്റ്റാര്‍ട്ട് എന്ന ഓപ്ഷന്‍ ക്ലിക്കണം . തുടര്‍ന്ന് തെളിയുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഓഫീസിലോ ഒക്കെയിരുന്ന് ചെയ്യാവുന്നതേയുള്ളൂ. 

പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്കാണ് വരിക. അതിന് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അതിനൊരു ഫോറമുണ്ട്. അതു വേണേല്‍  ഇവിടെ  ക്ലിക്ക് ചെയ്യണം.

ഈ ഫോറം പൂരിപ്പിച്ച് നിങ്ങക്ക് അക്കൗണ്ടുള്ള ബാങ്കില്‍ കൊണ്ടുപോയി കൊടുക്കണം. അത്രേയൊള്ളൂ.

എല്ലാം മനസ്സിലായിക്കാണുവെന്നു കരുതുന്നു. ഈ ആധാറും എടുത്ത് ലിങ്കിംഗും കഴിയുന്പോ ഇതിലും കനപ്പെട്ട എന്തേലുംകൂട ചെയ്താലേ സബ്സിഡി തരത്തൊള്ളൂന്ന് പറഞ്ഞ് നമ്മളെ വഴിയാധാരമാക്കാതിരിക്കാന്‍  പ്രാര്‍ത്ഥിക്കാം

Wednesday, August 14, 2013

നെടുംകുന്നത്തിന് സ്വാതന്ത്ര്യദിനസമ്മാനം


നെടുംകുന്നത്ത് ജനിച്ച്,  കീര്‍ത്തിചക്ര ബഹുമതി നേട്ടത്തോളം വളര്‍ന്ന ലഫ്റ്റനന്റ് കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് നെടുംകുന്നം നാട്ടുവിശേഷത്തിന്റെ കുന്നോളം അഭിനന്ദനങ്ങള്‍!!!

പായ്ക്കപ്പലില്‍ ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനും എന്ന നേട്ടം കൈവരിച്ചതാണ് അഭിലാഷിനെ കീര്‍ത്തിചക്ര ബഹുമതിക്ക് അര്‍ഹനാക്കിയത്. 
യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് നല്‍കപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീര്‍ത്തി ചക്ര. സൈനികര്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഈ ബഹുമതി നല്‍കാറുണ്ട്. 1967ന് മുമ്പ് അശോകചക്ര ക്ലാസ് -2 എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 



നെടുംകുന്നം സി.വൈ.എം.എയുടെ ആഭിമുഖ്യത്തില്‍ 2013  മെയ് 21ന്  അഭിലാഷിന് നല്‍കിയ ഉജ്ജ്വല സ്വീകരണത്തിന്റെ ഓര്‍മ്മകള്‍ മായുംമുമ്പേയാണ് നാടിന് ആഹ്ലാദം പകര്‍ന്ന് ഏതാനും മിനിറ്റു മുമ്പേ കീര്‍ത്തി ചക്ര ബഹുമതി വാര്‍ത്തയെത്തിയത്. നാട്ടുകാര്‍ക്ക് മധുരം വിതരണം ചെയത് സി.വൈ.എം.എ പ്രവര്‍ത്തകര്‍ അഭിലാഷിന്റെ നേട്ടം ആഘോഷിച്ചു. 




നെടുംകുന്നം പുത്തന്‍പറമ്പില്‍ പരേതനായ പി.ജെ. ഫിലിപ്പ്-അന്നമ്മ ദമ്പതികളുടെ മകള്‍  വത്സമ്മയുടെയും-ചേന്നങ്കരി വല്യാറ വി.സി ടോമിയുടെയും മകനാണ് അഭിലാഷ് ജനിച്ചത് നെടുംകുന്നത്താണ്. പുത്തന്‍പറമ്പില്‍ കുടുംബാംഗങ്ങള്‍ക്ക് നെടുംകുന്നം നാട്ടുവിശേഷത്തിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.

അഭിലാഷിന് നെടുംകുന്നത്ത് നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ട് നെടുംകുന്നം നാട്ടുവിശേഷം നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

ലിങ്ക് 1

ലിങ്ക് 2

ലിങ്ക് 3


Tuesday, August 13, 2013

കല കൊലപാതകമാകുന്പോള്‍






'' നിശ്ചയിച്ചിരുന്നേലും രണ്ടു മണിക്കൂറോളം വൈകിയാണ് പരിപാടി തൊടങ്ങീരിക്കുന്നത്. മാത്രോമല്ല, ബഹുമാനപ്പെട്ട നമ്മടെ വിശിഷ്ടാതിഥിക്ക് ഒടനെതന്നെ എറണാകുളത്തിന് പോകേണ്ടതാണ്.  അതുകൊണ്ട് നീണ്ട ഒരു സ്വാഗതപ്രസംഗം ഞാന്‍ നടത്തുന്നില്ല''. അന്തോം കുന്തോമില്ലാതെ മണിക്കൂറുകളോളം പ്രസംഗിക്കുന്ന കഥാനായകന്‍ ഇങ്ങനെ പറഞ്ഞപ്പോ സദസ്സിലൊണ്ടാരുന്നോരുടെ മനസ്സിലെ ആശ്വാസം  പഴേ അഞ്ചു ബാറ്ററീടെ ടോര്‍ച്ചിന്‍റെ വെട്ടംപോലെ കണ്ണുകളില് തെളങ്ങി. 


പക്ഷെ, ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടാരുന്നില്ല. അയ്യേ ഞാന്‍ നിങ്ങളെ പറ്റിച്ചേന്ന് പറേന്നപോലെ സ്വാഗതം കത്തിക്കയറി. ആദ്യം ചടങ്ങ് എന്താണെന്ന് എല്ലാര്‍ക്കും മനസ്സിലാക്കിക്കൊടുക്കാനുള്ള പെടാപ്പാട്. പിന്നെ,  ഉദ്ഘാടകന്‍റെയും അധ്യക്ഷന്‍റെയും പങ്കെടുക്കുന്ന മറ്റെല്ലാവരടേം ഗര്‍ഭപാത്രം മൊതലുള്ള ചരിത്രോം  സ്വഭാവഗൊണോം  അവരായിട്ട് നാടിനുവേണ്ടി ചെയ്ത നല്ലകാര്യങ്ങടെ ലിസ്റ്റും അവരുമായി തനിക്കുള്ള ആത്മബന്ധവുമൊക്കെ പരമാവധി നീട്ടി, പരത്തി, അളിച്ചുവാരി  വെതറി. നേരത്തെ പത്തു മിനിറ്റിലേറെ നീണ്ട പ്രാര്‍ത്ഥനാഗാനത്തിനു പൊറമെ മറ്റൊരു ഇരുട്ടടി! സമയമില്ലാത്തോണ്ട് നീട്ടുന്നില്ല എന്ന് എടയ്ക്കെടയ്ക്ക് പറഞ്ഞപ്പോഴെല്ലാം ഹോ! തീര്‍ന്നു എന്നോര്‍ത്ത് ദീര്‍ഘനിശ്വാസംവിട്ടോരോട് ഹ ഹ ഹ...നിങ്ങളെ പിന്നേം ഞാന്‍ ഡോങ്കികളാക്കിയേന്നു പറയാതെ പറഞ്ഞ് സ്വാഗതം തുടര്‍ന്നു. 

സ്വാഗതം എന്നു പറഞ്ഞാ വെറും സ്വാഗതമല്ല. ഓരോരുത്തര്‍ക്കും സംഘാടകസമിതീടെ പേരിലും സദസ്സിന്‍റെ പേരിലും തന്‍റെ വ്യക്തിപരമായ പേരിലും പിന്നെ ആരുടെയൊക്കെ പേരില്‍  പറയാമോ അവരുടെയൊക്കെ പേരില്‍ വെച്ചലക്കി. ആര്‍ക്കും ഒരു പരാതീം തോന്നരുതല്ലോ. വേദിയിലിരുന്ന് ചെലര് പുളകംകൊണ്ടെങ്കിലും പലര്‍ക്കും പിടിവിട്ടു. യെവനെ ഒതുക്കത്തി കയ്യിക്കിട്ടിയാ ചവിട്ടി കൂട്ടാരുന്നു എന്ന് മനസ്സി വിചാരിക്കാത്ത ആരും സദസ്സിലൊണ്ടാരുന്നില്ല. അതിനെടേല്‍ സര്‍ക്കസിലെ ബഫൂണുകളെയും ഊഞ്ഞാല്‍ പെന്പിളാരെയും പോലെ ഒരുക്കിക്കെട്ടിയ കൊറേ പിള്ളാര് സ്വാഗതം കിട്ടിയോര്‍ക്ക് പൂവ് കൊടുക്കാന്‍ വേദിയില്‍ അലഞ്ഞുതിരിഞ്ഞു.  ഒടുവില്‍  സ്വാഗതകൊലപാതകം കഴിയുന്പോള്‍ മുക്കാ മണിക്കൂറ് കഴിഞ്ഞു. ക്ഷമ നശിച്ചോരില്‍ പലരും സ്ഥലംവിട്ടു. വിശിഷ്ടാതിഥി എന്നാ വിചാരിക്കുവെന്നു കരുതി  ബാക്കിയൊള്ളവര്‍ കടിച്ചുപിടിച്ച് അവിടെയിരുന്നു.

ഇനി അധ്യക്ഷ പ്രസംഗമാണ്. അധ്യക്ഷപ്രസംഗത്തിന്‍റേം ഉദ്ഘാടനത്തിന്‍റേം കടന്പ താണ്ടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്പോ മിസ് വേള്‍ഡ് മത്സരത്തിന് ഒരുങ്ങിപ്പൊറപ്പെട്ടപോലെ ഒരുത്തി വേദീടെ സൈഡിലിരുന്ന് കൊരക്കാന്തൊടങ്ങി. നോക്കി വായിക്കുവാണ്.  കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം എന്നു പറഞ്ഞാല്‍ സാഹിത്യത്തിന് മാനക്കേടാ. പറയുന്നതെന്നാന്ന് അവക്കോ, കേക്കുന്നതെന്നാന്ന് വേദീലും സദസ്സിലുമിരിക്കുന്നോര്‍ക്കോ ഒരു പിടീമില്ല. മൊത്തത്തിലൊള്ള സെറ്റപ്പുവച്ചു പറഞ്ഞാ, ഇത് അവള് എഴുതിയതാകാന്‍ വകുപ്പില്ല. സ്ഥലത്തെ ഏതോ ആസ്ഥാന മലയാളം വാധ്യാര്, അല്ലെങ്കില്‍ എഴുത്തുകാരനെന്ന് സ്വയം കരുതിയവന്‍ എഴുതിക്കൊടുത്തതാരിക്കും. 
പരിപാടി തൊടങ്ങുന്നേനു മുന്പ് ഇവടെ കത്തി കൊറേ കേട്ടതാണ്. അധ്യക്ഷന്‍റെ വിശേഷണങ്ങളും വിശേഷണ വിശേഷണങ്ങളുമാണ് ഇപ്പം പറയുന്നേ. ഇതുതന്നെയാണ് സ്വാഗതം പറഞ്ഞവന്‍ മുന്പേ നീട്ടിപ്പരത്തിയത്. 

ഒടുവില്‍ അധ്യക്ഷന്‍ മൈക്കിനു മുന്നിലെത്തി. ഏതായാലും പുള്ളിക്കാരന്‍ അലന്പാക്കയില്ല എന്നു പറയാന്പറ്റുവെന്ന് കരുതിയോര് പിന്നെയും ഊ ഊ...ളകളായി. അധ്യക്ഷപ്രസംഗത്തിന് കനം കൊറക്കാന്പറ്റുവോ?. വേദിയിലിരിക്കുന്ന ഓരോരുത്തരേം വിശേഷണങ്ങടേം വിശേഷണ വിശേഷണങ്ങടേം ചരിത്രത്തിന്‍റെയും ഭൂമിശാസ്ത്രത്തിന്‍റേം അകന്പടിയോടെ അഭിസംബോധനചെയ്താരുന്നു തൊടക്കം. പിന്നെ പാറേപ്പള്ളീലെ പഴേ വെടിക്കെട്ടു പോലാരുന്നു കാര്യങ്ങള്. അപ്പഴത്തേക്കും രണ്ടു യോഗത്തി പങ്കെടുത്തേന്‍റെ ക്ഷീണത്തിലായി നാട്ടുകാര്. 

അടുത്തത് ഉദ്ഘാടനമാണ്. മിസ് വേള്‍ഡിന്‍റെ അഴിഞ്ഞാട്ടം കൊറേക്കൂടെ നീണ്ടു. പിന്നെ ഉദ്ഘാടനം. അപ്പഴത്തേക്കും അവശനിലയിലാരുന്ന ഉദ്ഘാടകന്‍ രണ്ടു വാക്കു പറഞ്ഞ് അവസാനിപ്പിച്ച്, തടീംകൊണ്ട് സ്ഥലം വിട്ടു.

 ഇതു വായിക്കുന്നോരില്‍ ഇതുപോലത്തെ കോത്താഴത്തെ യോഗത്തില്‍ ഒരിക്കലെങ്കിലും പെട്ടുപോകാത്തവര്‍ ആരുമൊണ്ടാകത്തില്ല.  പ്രസംഗം ഒരു കലയാണെന്ന് പണ്ടാരോ പറഞ്ഞിട്ടൊണ്ട്. ഇപ്പം നമ്മടെ നാട്ടില്‍ അത് പൊതുവേ കൊലപാതകമാണ്. സമ്മേളനങ്ങക്കൊക്കെ ആളു കൊറയുന്നേന്‍റെ ഒരു കാരണം ഇതാണെന്നു തോന്നുന്നു. കൊലക്കത്തിക്ക് ആരും തലവെച്ചു കൊടുക്കത്തില്ലല്ലോ. അതിപ്പം കാശുകൊടുക്കാവെന്നു പറഞ്ഞാലും. ഇതു വായിക്കുന്നോരില്‍  കൊലപാതകികളും ഒണ്ടോ ആവോ? 

കൊറച്ചുനാള്‍ മുന്പ് ഒരു നഴ്സറി സ്കൂളിന്‍റെ വാര്‍ഷികത്തിന് പോയി. അവിടെ ഉദ്ഘാടകയായ സ്ത്രീ കുഞ്ഞുങ്ങടെ മുന്നില്‍ മുക്കാ മണിക്കൂറാ കത്തിക്കേറിയേ! പ്രസംഗം ഗംഭീരമാക്കാന്‍ ഇടയ്ക്കിടെ ശ്ലോകങ്ങളും മന്ത്രങ്ങളുമൊക്കെ എടുത്തലക്കിക്കൊണ്ടിരുന്നു.  ഉദ്ഘാടനം കഴിഞ്ഞ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കാത്തിരുന്ന പിള്ളാരില്‍ പലരും തളര്‍ന്നൊറങ്ങിപ്പോയി. കൊറേപ്പിള്ളാര് കരച്ചിലും പിഴിച്ചിലും. പക്ഷെ, ഇതൊന്നും ഉദ്ഘാടകേടെ കണ്ണിലും കാതിലും കേറിയില്ല. 

സമ്മേളനം ഏതുമായിക്കോട്ടെ,  ഇത്തരം കത്തിവേഷങ്ങക്ക് യാതൊരു പഞ്ഞോമില്ല.സ്വാഗതക്കാര് മൊതല് നന്ദിക്കാരു വരെ അപകടകാരികളാകാം. വിഷേത്തെക്കുറിച്ചോ സദസിന്‍റെ സൊഭാവം എന്താണെന്നോ അറിയാമ്മേലേലും സ്വന്തം കഴിവു നാട്ടുകാരെ അറീച്ചിട്ടേ ഒള്ളൂ എന്ന് ഒറപ്പിച്ചാണ് ചെലര് മൈക്കിനു മുന്നിലെത്തുന്നേ. വേദിയില്‍വച്ച് നിയന്ത്രണം വിട്ട് സ്വാഗതം പറയേണ്ടവന്‍ നന്ദിപറയുന്നതും നന്ദിക്കാരന്‍ സ്വാഗതം പറയുന്നതുമൊക്കെ പുതുമയല്ല.

നോട്ടീസില്‍  അച്ചടിച്ചേക്കുന്ന എല്ലാരടേം പേരു പറയും. പേരു മാത്രവല്ല, അവരടെ വിശേഷണോം ചെലര് അലക്കിക്കളയും. രാഷ്ട്രീയക്കാരടെ യോഗമാണെങ്കില്‍ അതു ചെലപ്പം വേണവാരിക്കും. കാരണം യോഗങ്ങളില്‍ പങ്കെടുക്കുന്നതും പങ്കെടുത്തൂന്ന് പത്താളെ അറിയിക്കുന്നതുമൊക്കെ അവരടെ നെലനില്‍പ്പിന്‍റെ ഭാഗവല്ലേ. അത്തരം പരിപാടീലാണെങ്കിലും ചെയ്യാത്ത നല്ല കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് വിശിഷ്ടാതിഥികളെ സുഖിപ്പിക്കുന്പോ സദസ്സിലിരിക്കുന്നവര്‍ ഊറിച്ചിരിക്കുവാന്ന് ആരറിയുന്നു?.

 രാഷ്ട്രീയക്കാരടേതല്ലാത്ത പരിപാടികളില്‍ എന്തിനാ ഇത്തരം പെടാപ്പാടെന്ന് മനസ്സിലാകുന്നില്ല. ആശംസ പറയുന്നോര് ഉദ്ഘാടകനെയും മറ്റു പ്രമുഖരേം മാത്രം അഭിസംബോധന ചെയ്തിട്ട് വേദീലിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേന്നു പറഞ്ഞാപ്പോരേ? 

   യാതൊരു പരിചയോമില്ലാത്ത വിഷയത്തേക്കുറിച്ച് പ്രസംഗിക്കാന്‍ ഇച്ചിരപോലും തയ്യാറെടുപ്പില്ലാതാണ് പല പുലികളും എറങ്ങിപ്പൊറപ്പെടുന്നേ. ഇത്തരക്കാര് വേദിയില്‍ വിഢിത്തങ്ങളുടെ സദ്യനടത്തും.  സദസ്സിനെ സംബന്ധിച്ചിടത്തോളം ഇത്തരക്കാരുടെ പ്രസംഗം ശരിക്കും കോമഡി ഷോ ആരിക്കും. 

പ്രവാസി മലയാളികള്‍ക്ക് ഞങ്ങളോട് കലിപ്പ് തോന്നരുത്. നാട്ടിലെ സ്ഥിതി ഇതാണെങ്കില് പല പ്രവാസി മലയാളി സംഘടനകടേം യോഗങ്ങള് പക്കാ കോമഡി ഫെസ്റ്റിവലാ. ഇത്തരം യോഗങ്ങളില്‍ പലതും പൊങ്ങച്ച പ്രദര്‍ശനങ്ങളാണെന്ന് അറിയാത്തോരില്ല. നെടുംകുന്നംകാരായ പ്രവാസികളെങ്കിലും ഇതൊന്നു മനസ്സിലാക്കിയാ കൊള്ളാം.

ഇത്രേം ഒലത്തിയ സ്ഥിതിക്ക് പരിഹാരംകൂടി പറഞ്ഞൂടേ എന്നാരിക്കും  നിങ്ങള് ചോദിക്കുന്നത്. സമയം, വേദി, വിഷയം, സദസ് തൊടങ്ങിയ കാര്യങ്ങളെക്കുറിച്ച് ധാരണയൊണ്ടാക്കീട്ട് സമ്മേളനങ്ങളില് സംസാരിക്കുക. അഞ്ചു മിനിറ്റ്, പരമാവധി പത്തുമിനിറ്റ്, അതിലധികം വെടിക്കെട്ടു നടത്തത്തില്ലെന്ന് തീരുമാനിക്കുക. നമ്മക്ക് യാതൊരു പിടിപാടുമില്ലാത്ത വിഷയമാണെങ്കില്‍ നമ്മളെ വിട്ടേര് എന്ന് ക്ഷണിക്കുന്പഴേ പറയുക. 

പിന്നെ സമയത്തിന്‍റെ കാര്യം. അത് സംഘാടകര്‍ക്ക് എല്ലാ പ്രസംകരോടും പറയാമല്ലോ.  ഇപ്പം പലടത്തും അങ്ങനെ ചെയ്യാറുണ്ട്. അങ്ങനെ പറഞ്ഞാ ആ സാറമ്മാര് എന്നാ വിചാരിക്കുവെന്ന് പേടിയൊണ്ടെങ്കില്‍ നേരിട്ടല്ലാതേം സൂചിപ്പിക്കവല്ലോ.  

അപ്പം ഇത്രേം നേരം ഞങ്ങളെ ശ്രവിച്ചോണ്ടിരുന്ന, അല്ല ഈ കത്തി വായിച്ചോണ്ടിരുന്ന എല്ലാവര്‍ക്കും നന്ദി നമസ്കാരം. ഒരപേക്ഷയൊണ്ട് ഇതു വായിച്ചുകഴിഞ്ഞ് ഇനി വേദീ കേറി ആരേം കൊല്ലരുത്. കൊലപാതകത്തിന് കൂട്ടുനിക്കേം ചെയ്യല്ലേ.

Thursday, August 1, 2013

നാടിനെ വിറപ്പിച്ച ചുഴലിക്കൊടുങ്കാറ്റില്‍ നെടുംകുന്നത്ത് വ്യാപക നാശനഷ്ടം




ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചുഴലിക്കൊടുങ്കാറ്റില്‍ നെടുംകുന്നത്ത് വ്യാപക നാശനഷ്ടം. ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകരുകയും ഒട്ടേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുംചെയ്തു.  

സമീപകാലത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ചുഴലിക്കൊടുങ്കാറ്റാണ് പുലര്‍ച്ച് ഒരുമണിയോടെ നാടിനെ വിറപ്പിച്ചത്. വന്‍മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും നിലംപൊത്തി. കൂറ്റന്‍ തേക്കുമരങ്ങളെപ്പോലും വട്ടം കറക്കിയ കാറ്റ് ഓട്ടേറെ വീടുകളുടെ മേല്‍ക്കൂരകള്‍ പറത്തി.  പലേടത്തും മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 

 പുതുപ്പള്ളിപ്പടവ്, മാണികുളം, മഠത്തിന്‍പടി, പാറയ്ക്കല്‍ കോളനി, പള്ളിപ്പടി, കാവുംനട, തുടങ്ങിയ മേഖലകളിലെല്ലാം നാശം വിതച്ച കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടുകയും പോസ്റ്റുകള്‍ ഒടിഞ്ഞു വീഴുകയും ചെയ്തതിനെത്തുടര്‍ന്ന് വൈദ്യുതി വിതരണം താറുമാറായി. ഭീതി വിതയ്ക്കുന്ന മൂളല്‍ ശബ്ദത്തിന്റെ അകമ്പയിടിയോടെയെത്തിയ ചുഴലിക്കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും പെയ്തിറങ്ങിയതോടെ ജനം പ്രാണഭീതിയിലായി. 

കാല്‍ മണിക്കൂറോളം വിനാശം വിതച്ചശേഷമാണ് കാറ്റ് ശമിച്ചത്. വന്‍ നാശനഷ്ടങ്ങളുടെ കാഴ്ച്ചകളിലേക്കാണ് നെടുംകുന്നത്ത് ഇന്ന് നേരം പുലര്‍ന്നത്. തകര്‍ന്ന വീടുകള്‍, ഒടിഞ്ഞുവീണ നൂറുകണക്കിന് റബര്‍മരങ്ങള്‍, പാടേ നാമാവശേഷമായ വാഴത്തോട്ടങ്ങള്‍, മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ട റോഡുകള്‍. നിലംപൊത്തിയ വൈദ്യുതി പോസ്റ്റുകള്‍, പൊട്ടിത്തകര്‍ന്ന വൈദ്യുതി, ടെലിവിഷന്‍ കേബില്‍ ലൈനുകള്‍...

പുതുപ്പള്ളിപ്പടവ്  കണിയാമ്പറന്പില്‍ രവീന്ദ്രന്‍, തൊട്ടിക്കല്‍ ഫിലിപ്പ്, പാറയ്ക്കല്‍ കോളനിയില്‍ കുട്ടപ്പി, മോഹനന്‍ തുടങ്ങി നിരവധി പേരുടെ വീടുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തൊട്ടിക്കല്‍ മേഖലയില്‍ വീടിനു മുകളില്‍ മരംവീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു. കൊക്കാവയലില്‍ സിബിച്ചന്റെയും ചേന്നോത്ത് ഷിബുവിന്റെയും നിരവധി റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. 

പ്രകൃതി ദുരന്തം സംഭവിച്ച മേഖലകളില്‍ നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി വിതരണം സാധാരണ നിലയിലെത്താന്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും വേണ്ടിവരും.






ബീവറേജസിനും സൂപ്പര്‍ മാര്‍ക്കറ്റ്-സോറി! ഇത് കൂറകള്‍ക്കുവേണ്ടിയല്ല



മദ്യപിക്കുന്നരെല്ലാം കൂറകളാണെന്ന് വിചാരിക്കുന്നോരുണ്ട്. ഇതിലധികവും പെണ്ണുങ്ങളാണെന്നാണ് ഞങ്ങക്കു തോന്നുന്നത്. പക്ഷെ, മദ്യം ഉപയോഗിക്കുന്നോരില്‍തന്നെ ഇങ്ങനയൊരു വേര്‍തിരിവ് മനസില്‍ കൊണ്ടുനടക്കുന്നോരുമുണ്ട്. അതായത് ഡ്യൂട്ടി പെയ്ഡില്‍നിന്നും മറ്റ് മുന്തിയ കേന്ദ്രങ്ങളില്‍നിന്നും വെലകൂടിയ ബ്രാന്‍ഡുകള് വാങ്ങിച്ച് അടിക്കുന്ന നമ്മള് വലിയ സംഭവമാണെന്നും ബീവറേജസില്‍ മണിക്കൂറുകളോളം ക്യൂനിന്ന് പാവങ്ങളുടെ ബ്രാന്‍ഡുകള്‍ 
വാങ്ങിയടിക്കുന്നോര് പുവര്‍ മല്ലൂസാണെന്നുമാണ് ഇവരുടെ വിചാരം.

പക്ഷെ വെലകൂടിയതിനേക്കാള്‍ പെട്ടെന്ന് കിക്കാകുന്നതും കൊറഞ്ഞ അളവ് അടിച്ച് കൂടുതല്‍ തരിപ്പ് കിട്ടുന്നതും വെല കുറഞ്ഞ ബ്രാന്‍ഡുകളാണെന്ന് ഈ മൊയ് ലാളിമാര്‍ക്ക് അറിയാമ്മേലല്ലോ? മാത്രവുമല്ല. ഏതടിച്ചാലും പുറത്തുപോകുന്നത് വെറും മൂത്രം!

പക്ഷെ, ബീവറേജസീന്ന് സാധനം മേടിക്കാന്‍ ആളെ കിട്ടാതെ വരുന്പോ ഓപ്പറേഷന്‍ തീയേറ്ററിന്‍റെ പൊറത്ത് തെക്കുവടക്ക് ഓടിനടക്കുന്ന ചെല ചേട്ടമ്മാരടെ അവസ്ഥേലാകും ഈ മൊയ് ലാളിമാര്. ഇവര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത!

ബീവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് സെല്‍ഫ് സര്‍വീസ് എ.സി ഔട്ട് ലെറ്റുകള്‍ തുറക്കുകയാണ്. എന്നുവച്ചാല്‍ ഇപ്പം സൂപ്പര്‍ മാര്‍ക്കറ്റിപ്പോയി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങിക്കുന്നതുപോലെ മദ്യവും ഇഷ്ടമനുസരിച്ച് ക്യൂനില്‍ക്കാതെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതുവഴി തുറന്നുകിട്ടുന്നത്- പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒരു മദ്യ സൂപ്പര്‍ മാര്‍ക്കറ്റ്. ആളോഹരി കള്ളുകൂടിയില്‍ ലോക റെക്കോര്‍ഡിട്ട കേരളത്തില്‍ ഇതുപോലൊരു സംവിധാനം ഏത്രയോ വര്‍ഷം മുന്പ് തൊടങ്ങേണ്ടതായിരുന്നു?

തിരുവനന്തപുരം ഉള്ളൂരില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റ് തൊടങ്ങിക്കഴിഞ്ഞു.
ഉടന്‍ തന്നെ കൊച്ചിയിലും കോഴിക്കോട്ടും ഇതേ രീതിയിലുള്ള കടകള്‍ തുറക്കാനാണ് ബിവറേജ്‌സ് കോര്‍പ്പറേഷന്റെ പദ്ധതി. കാലക്രമത്തില്‍ നമ്മടെ കറുകച്ചാലിലും വരുവാരിക്കും ഇതൊക്കെ!

സൂപ്പര്‍ മാര്‍ക്കറ്റ് എന്നു കേട്ടാലൊടനെ കൂറകളെല്ലാംകൂടി ചാടിപ്പൊറപ്പെടേണ്ട. 500 രൂപയ്ക്ക് മുകളിലുള്ള റമ്മും 600 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡി, വിസ്‌കി, വോഡ്ക തുടങ്ങിയവയും 100 രൂപയ്ക്കു മുകളിലുള്ള ചില്‍ഡ് ബിയറുമാണ് ഇപ്പം ഇവിടെ വിക്കുന്നെ. സാധാരണ ബീവറേജസില്‍ കിട്ടാത്ത നിരവധി ബ്രാന്‍ഡുകളും പുതിയ ഔട്ട്‌ലെറ്റില്‍ കിട്ടും. പക്ഷ, നില്‍ക്കുന്ന നിപ്പീ എളികേറിയാല്‍, കയ്യി കാശൊണ്ടേല്‍ കൂറകള്‍ക്കും സ്വാഗതം.

മദ്യപാനികളിലെ മാന്യന്മാരുടെ പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി തുടങ്ങിയ ബീവറേജസ് കോര്‍പ്പറേഷന്‍ ആകാശത്തോളം വളരാന്‍ നമ്മക്ക് പ്രാര്‍ത്ഥിക്കാം.

(വിവരത്തിന് കടപ്പാട്-മാതൃഭൂമി.കോം)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls