'' നിശ്ചയിച്ചിരുന്നേലും രണ്ടു മണിക്കൂറോളം വൈകിയാണ് പരിപാടി തൊടങ്ങീരിക്കുന്നത്. മാത്രോമല്ല, ബഹുമാനപ്പെട്ട നമ്മടെ വിശിഷ്ടാതിഥിക്ക് ഒടനെതന്നെ എറണാകുളത്തിന് പോകേണ്ടതാണ്. അതുകൊണ്ട് നീണ്ട ഒരു സ്വാഗതപ്രസംഗം ഞാന്‍ നടത്തുന്നില്ല''. അന്തോം കുന്തോമില്ലാതെ മണിക്കൂറുകളോളം പ്രസംഗിക്കുന്ന കഥാനായകന്‍ ഇങ്ങനെ പറഞ്ഞപ്പോ സദസ്സിലൊണ്ടാരുന്നോരുടെ മനസ്സിലെ ആശ്വാസം പഴേ അഞ്ചു ബാറ്ററീടെ ടോര്‍ച്ചിന്‍റെ വെട്ടംപോലെ കണ്ണുകളില് തെളങ്ങി.
പക്ഷെ, ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടാരുന്നില്ല. അയ്യേ ഞാന്‍ നിങ്ങളെ പറ്റിച്ചേന്ന് പറേന്നപോലെ സ്വാഗതം കത്തിക്കയറി. ആദ്യം ചടങ്ങ് എന്താണെന്ന് എല്ലാര്‍ക്കും മനസ്സിലാക്കിക്കൊടുക്കാനുള്ള പെടാപ്പാട്. പിന്നെ, ഉദ്ഘാടകന്‍റെയും അധ്യക്ഷന്‍റെയും പങ്കെടുക്കുന്ന മറ്റെല്ലാവരടേം ഗര്‍ഭപാത്രം മൊതലുള്ള ചരിത്രോം സ്വഭാവഗൊണോം അവരായിട്ട് നാടിനുവേണ്ടി ചെയ്ത നല്ലകാര്യങ്ങടെ ലിസ്റ്റും അവരുമായി തനിക്കുള്ള ആത്മബന്ധവുമൊക്കെ പരമാവധി നീട്ടി, പരത്തി, അളിച്ചുവാരി വെതറി. നേരത്തെ പത്തു മിനിറ്റിലേറെ നീണ്ട പ്രാര്‍ത്ഥനാഗാനത്തിനു പൊറമെ മറ്റൊരു ഇരുട്ടടി! സമയമില്ലാത്തോണ്ട് നീട്ടുന്നില്ല എന്ന് എടയ്ക്കെടയ്ക്ക് പറഞ്ഞപ്പോഴെല്ലാം ഹോ! തീര്‍ന്നു എന്നോര്‍ത്ത് ദീര്‍ഘനിശ്വാസംവിട്ടോരോട് ഹ ഹ ഹ...നിങ്ങളെ പിന്നേം ഞാന്‍ ഡോങ്കികളാക്കിയേന്നു പറയാതെ പറഞ്ഞ് സ്വാഗതം തുടര്‍ന്നു.
സ്വാഗതം എന്നു പറഞ്ഞാ വെറും സ്വാഗതമല്ല. ഓരോരുത്തര്‍ക്കും സംഘാടകസമിതീടെ പേരിലും സദസ്സിന്‍റെ പേരിലും തന്‍റെ വ്യക്തിപരമായ പേരിലും പിന്നെ ആരുടെയൊക്കെ പേരില്‍ പറയാമോ അവരുടെയൊക്കെ പേരില്‍ വെച്ചലക്കി. ആര്‍ക്കും ഒരു പരാതീം തോന്നരുതല്ലോ. വേദിയിലിരുന്ന് ചെലര് പുളകംകൊണ്ടെങ്കിലും പലര്‍ക്കും പിടിവിട്ടു. യെവനെ ഒതുക്കത്തി കയ്യിക്കിട്ടിയാ ചവിട്ടി കൂട്ടാരുന്നു എന്ന് മനസ്സി വിചാരിക്കാത്ത ആരും സദസ്സിലൊണ്ടാരുന്നില്ല. അതിനെടേല്‍ സര്‍ക്കസിലെ ബഫൂണുകളെയും ഊഞ്ഞാല്‍ പെന്പിളാരെയും പോലെ ഒരുക്കിക്കെട്ടിയ കൊറേ പിള്ളാര് സ്വാഗതം കിട്ടിയോര്‍ക്ക് പൂവ് കൊടുക്കാന്‍ വേദിയില്‍ അലഞ്ഞുതിരിഞ്ഞു. ഒടുവില്‍ സ്വാഗതകൊലപാതകം കഴിയുന്പോള്‍ മുക്കാ മണിക്കൂറ് കഴിഞ്ഞു. ക്ഷമ നശിച്ചോരില്‍ പലരും സ്ഥലംവിട്ടു. വിശിഷ്ടാതിഥി എന്നാ വിചാരിക്കുവെന്നു കരുതി ബാക്കിയൊള്ളവര്‍ കടിച്ചുപിടിച്ച് അവിടെയിരുന്നു.
ഇനി അധ്യക്ഷ പ്രസംഗമാണ്. അധ്യക്ഷപ്രസംഗത്തിന്‍റേം ഉദ്ഘാടനത്തിന്‍റേം കടന്പ താണ്ടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്പോ മിസ് വേള്‍ഡ് മത്സരത്തിന് ഒരുങ്ങിപ്പൊറപ്പെട്ടപോലെ ഒരുത്തി വേദീടെ സൈഡിലിരുന്ന് കൊരക്കാന്തൊടങ്ങി. നോക്കി വായിക്കുവാണ്. കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം എന്നു പറഞ്ഞാല്‍ സാഹിത്യത്തിന് മാനക്കേടാ. പറയുന്നതെന്നാന്ന് അവക്കോ, കേക്കുന്നതെന്നാന്ന് വേദീലും സദസ്സിലുമിരിക്കുന്നോര്‍ക്കോ ഒരു പിടീമില്ല. മൊത്തത്തിലൊള്ള സെറ്റപ്പുവച്ചു പറഞ്ഞാ, ഇത് അവള് എഴുതിയതാകാന്‍ വകുപ്പില്ല. സ്ഥലത്തെ ഏതോ ആസ്ഥാന മലയാളം വാധ്യാര്, അല്ലെങ്കില്‍ എഴുത്തുകാരനെന്ന് സ്വയം കരുതിയവന്‍ എഴുതിക്കൊടുത്തതാരിക്കും.
പരിപാടി തൊടങ്ങുന്നേനു മുന്പ് ഇവടെ കത്തി കൊറേ കേട്ടതാണ്. അധ്യക്ഷന്‍റെ വിശേഷണങ്ങളും വിശേഷണ വിശേഷണങ്ങളുമാണ് ഇപ്പം പറയുന്നേ. ഇതുതന്നെയാണ് സ്വാഗതം പറഞ്ഞവന്‍ മുന്പേ നീട്ടിപ്പരത്തിയത്.
ഒടുവില്‍ അധ്യക്ഷന്‍ മൈക്കിനു മുന്നിലെത്തി. ഏതായാലും പുള്ളിക്കാരന്‍ അലന്പാക്കയില്ല എന്നു പറയാന്പറ്റുവെന്ന് കരുതിയോര് പിന്നെയും ഊ ഊ...ളകളായി. അധ്യക്ഷപ്രസംഗത്തിന് കനം കൊറക്കാന്പറ്റുവോ?. വേദിയിലിരിക്കുന്ന ഓരോരുത്തരേം വിശേഷണങ്ങടേം വിശേഷണ വിശേഷണങ്ങടേം ചരിത്രത്തിന്‍റെയും ഭൂമിശാസ്ത്രത്തിന്‍റേം അകന്പടിയോടെ അഭിസംബോധനചെയ്താരുന്നു തൊടക്കം. പിന്നെ പാറേപ്പള്ളീലെ പഴേ വെടിക്കെട്ടു പോലാരുന്നു കാര്യങ്ങള്. അപ്പഴത്തേക്കും രണ്ടു യോഗത്തി പങ്കെടുത്തേന്‍റെ ക്ഷീണത്തിലായി നാട്ടുകാര്.
അടുത്തത് ഉദ്ഘാടനമാണ്. മിസ് വേള്‍ഡിന്‍റെ അഴിഞ്ഞാട്ടം കൊറേക്കൂടെ നീണ്ടു. പിന്നെ ഉദ്ഘാടനം. അപ്പഴത്തേക്കും അവശനിലയിലാരുന്ന ഉദ്ഘാടകന്‍ രണ്ടു വാക്കു പറഞ്ഞ് അവസാനിപ്പിച്ച്, തടീംകൊണ്ട് സ്ഥലം വിട്ടു.
ഇതു വായിക്കുന്നോരില്‍ ഇതുപോലത്തെ കോത്താഴത്തെ യോഗത്തില്‍ ഒരിക്കലെങ്കിലും പെട്ടുപോകാത്തവര്‍ ആരുമൊണ്ടാകത്തില്ല. പ്രസംഗം ഒരു കലയാണെന്ന് പണ്ടാരോ പറഞ്ഞിട്ടൊണ്ട്. ഇപ്പം നമ്മടെ നാട്ടില്‍ അത് പൊതുവേ കൊലപാതകമാണ്. സമ്മേളനങ്ങക്കൊക്കെ ആളു കൊറയുന്നേന്‍റെ ഒരു കാരണം ഇതാണെന്നു തോന്നുന്നു. കൊലക്കത്തിക്ക് ആരും തലവെച്ചു കൊടുക്കത്തില്ലല്ലോ. അതിപ്പം കാശുകൊടുക്കാവെന്നു പറഞ്ഞാലും. ഇതു വായിക്കുന്നോരില്‍ കൊലപാതകികളും ഒണ്ടോ ആവോ?
കൊറച്ചുനാള്‍ മുന്പ് ഒരു നഴ്സറി സ്കൂളിന്‍റെ വാര്‍ഷികത്തിന് പോയി. അവിടെ ഉദ്ഘാടകയായ സ്ത്രീ കുഞ്ഞുങ്ങടെ മുന്നില്‍ മുക്കാ മണിക്കൂറാ കത്തിക്കേറിയേ! പ്രസംഗം ഗംഭീരമാക്കാന്‍ ഇടയ്ക്കിടെ ശ്ലോകങ്ങളും മന്ത്രങ്ങളുമൊക്കെ എടുത്തലക്കിക്കൊണ്ടിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കാത്തിരുന്ന പിള്ളാരില്‍ പലരും തളര്‍ന്നൊറങ്ങിപ്പോയി. കൊറേപ്പിള്ളാര് കരച്ചിലും പിഴിച്ചിലും. പക്ഷെ, ഇതൊന്നും ഉദ്ഘാടകേടെ കണ്ണിലും കാതിലും കേറിയില്ല.
സമ്മേളനം ഏതുമായിക്കോട്ടെ, ഇത്തരം കത്തിവേഷങ്ങക്ക് യാതൊരു പഞ്ഞോമില്ല.സ്വാഗതക്കാര് മൊതല് നന്ദിക്കാരു വരെ അപകടകാരികളാകാം. വിഷേത്തെക്കുറിച്ചോ സദസിന്‍റെ സൊഭാവം എന്താണെന്നോ അറിയാമ്മേലേലും സ്വന്തം കഴിവു നാട്ടുകാരെ അറീച്ചിട്ടേ ഒള്ളൂ എന്ന് ഒറപ്പിച്ചാണ് ചെലര് മൈക്കിനു മുന്നിലെത്തുന്നേ. വേദിയില്‍വച്ച് നിയന്ത്രണം വിട്ട് സ്വാഗതം പറയേണ്ടവന്‍ നന്ദിപറയുന്നതും നന്ദിക്കാരന്‍ സ്വാഗതം പറയുന്നതുമൊക്കെ പുതുമയല്ല.
നോട്ടീസില്‍ അച്ചടിച്ചേക്കുന്ന എല്ലാരടേം പേരു പറയും. പേരു മാത്രവല്ല, അവരടെ വിശേഷണോം ചെലര് അലക്കിക്കളയും. രാഷ്ട്രീയക്കാരടെ യോഗമാണെങ്കില്‍ അതു ചെലപ്പം വേണവാരിക്കും. കാരണം യോഗങ്ങളില്‍ പങ്കെടുക്കുന്നതും പങ്കെടുത്തൂന്ന് പത്താളെ അറിയിക്കുന്നതുമൊക്കെ അവരടെ നെലനില്‍പ്പിന്‍റെ ഭാഗവല്ലേ. അത്തരം പരിപാടീലാണെങ്കിലും ചെയ്യാത്ത നല്ല കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് വിശിഷ്ടാതിഥികളെ സുഖിപ്പിക്കുന്പോ സദസ്സിലിരിക്കുന്നവര്‍ ഊറിച്ചിരിക്കുവാന്ന് ആരറിയുന്നു?.
രാഷ്ട്രീയക്കാരടേതല്ലാത്ത പരിപാടികളില്‍ എന്തിനാ ഇത്തരം പെടാപ്പാടെന്ന് മനസ്സിലാകുന്നില്ല. ആശംസ പറയുന്നോര് ഉദ്ഘാടകനെയും മറ്റു പ്രമുഖരേം മാത്രം അഭിസംബോധന ചെയ്തിട്ട് വേദീലിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേന്നു പറഞ്ഞാപ്പോരേ?
യാതൊരു പരിചയോമില്ലാത്ത വിഷയത്തേക്കുറിച്ച് പ്രസംഗിക്കാന്‍ ഇച്ചിരപോലും തയ്യാറെടുപ്പില്ലാതാണ് പല പുലികളും എറങ്ങിപ്പൊറപ്പെടുന്നേ. ഇത്തരക്കാര് വേദിയില്‍ വിഢിത്തങ്ങളുടെ സദ്യനടത്തും. സദസ്സിനെ സംബന്ധിച്ചിടത്തോളം ഇത്തരക്കാരുടെ പ്രസംഗം ശരിക്കും കോമഡി ഷോ ആരിക്കും.
പ്രവാസി മലയാളികള്‍ക്ക് ഞങ്ങളോട് കലിപ്പ് തോന്നരുത്. നാട്ടിലെ സ്ഥിതി ഇതാണെങ്കില് പല പ്രവാസി മലയാളി സംഘടനകടേം യോഗങ്ങള് പക്കാ കോമഡി ഫെസ്റ്റിവലാ. ഇത്തരം യോഗങ്ങളില്‍ പലതും പൊങ്ങച്ച പ്രദര്‍ശനങ്ങളാണെന്ന് അറിയാത്തോരില്ല. നെടുംകുന്നംകാരായ പ്രവാസികളെങ്കിലും ഇതൊന്നു മനസ്സിലാക്കിയാ കൊള്ളാം.
ഇത്രേം ഒലത്തിയ സ്ഥിതിക്ക് പരിഹാരംകൂടി പറഞ്ഞൂടേ എന്നാരിക്കും നിങ്ങള് ചോദിക്കുന്നത്. സമയം, വേദി, വിഷയം, സദസ് തൊടങ്ങിയ കാര്യങ്ങളെക്കുറിച്ച് ധാരണയൊണ്ടാക്കീട്ട് സമ്മേളനങ്ങളില് സംസാരിക്കുക. അഞ്ചു മിനിറ്റ്, പരമാവധി പത്തുമിനിറ്റ്, അതിലധികം വെടിക്കെട്ടു നടത്തത്തില്ലെന്ന് തീരുമാനിക്കുക. നമ്മക്ക് യാതൊരു പിടിപാടുമില്ലാത്ത വിഷയമാണെങ്കില്‍ നമ്മളെ വിട്ടേര് എന്ന് ക്ഷണിക്കുന്പഴേ പറയുക.
പിന്നെ സമയത്തിന്‍റെ കാര്യം. അത് സംഘാടകര്‍ക്ക് എല്ലാ പ്രസംകരോടും പറയാമല്ലോ. ഇപ്പം പലടത്തും അങ്ങനെ ചെയ്യാറുണ്ട്. അങ്ങനെ പറഞ്ഞാ ആ സാറമ്മാര് എന്നാ വിചാരിക്കുവെന്ന് പേടിയൊണ്ടെങ്കില്‍ നേരിട്ടല്ലാതേം സൂചിപ്പിക്കവല്ലോ.
അപ്പം ഇത്രേം നേരം ഞങ്ങളെ ശ്രവിച്ചോണ്ടിരുന്ന, അല്ല ഈ കത്തി വായിച്ചോണ്ടിരുന്ന എല്ലാവര്‍ക്കും നന്ദി നമസ്കാരം. ഒരപേക്ഷയൊണ്ട് ഇതു വായിച്ചുകഴിഞ്ഞ് ഇനി വേദീ കേറി ആരേം കൊല്ലരുത്. കൊലപാതകത്തിന് കൂട്ടുനിക്കേം ചെയ്യല്ലേ.



No comments:
Post a Comment