Monday, April 29, 2013

സഞ്ചൂ....സംഗതി പൊളപ്പന്‍!




ക്രിക്കറ്റിനോട് ഇച്ചിരയെങ്കിലും ഇഷ്ടവൊള്ള എല്ലാ മല്ലൂസിനും മറക്കാന്പറ്റാത്ത ഒരു ദിവസം. നമ്മടെ സ്വന്തം ചെക്കന്‍, തിരുവന്തോരത്തൂന്നുള്ള 18കാരന്‍ സഞ്ചു സാംസണ്‍ ഐ.പി.എലില്‍ തകര്‍ത്തു വാരി മാന്‍ ഓഫ് ദ മാച്ചായി.

ഇന്ന് രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലൊള്ള മത്സരത്തില്‍ 41 പന്തില്‍ രണ്ടു സിക്സും ഏഴു ഫോറും ഉള്‍പ്പെടെ 63 റണ്‍സ് അടിച്ചുകൂട്ടിയ പയ്യന്‍സ് ഐപിഎലിലെ ഹീറോ ക്രിസ് ഗെയിലിനെയും രവി രാംപോളിനെയും വിക്കറ്റിനു പിന്നില്‍ പിടികൂടുകയും മൊയ്സസ് ഹെന്‍ട്രിക്വസിനെ റണ്ണൗണ്ടാക്കുകയും ചെയ്താണ് കളിയിലെ കേമനായത്.

16 പന്തില്‍ 34 റണ്‍സെടുത്ത് കത്തിക്കേറിക്കൊണ്ടിരിക്കുന്പം വാട്സന്‍റെ പന്ത് എഡ്ജ് ചെയ്ത ഗെയ്ല്‍ ലോകത്തിന്‍റെ ഏതു മൂലയിലുമെന്നപോലെ വിക്കറ്റിനു പിന്നിലും ഒരു മല്ലുവുണ്ടെന്ന കാര്യം മറന്നുപോയി. പന്ത് സുരക്ഷിതമായി സഞ്ചുവിന്‍റെ കയ്യില്‍.
നേരത്തെ പഞ്ചാബ് കിംഗ്സ് ഇലവനെതിരെ ജെയ്പൂരില്‍ നടന്ന മത്സരത്തില്‍ മൂന്നു ക്യാച്ചുകളെടുക്കുകയും പ്രവീണ്‍കുമാറിനെ റണ്ണൗട്ടാക്കുകയും ചെയ്ത സഞ്ജൂ പുറത്താകാതെ 23 പന്തില്‍ നാലു ഫോറുകളുള്‍പ്പെടെ 27 റണ്‍സും സ്വന്തമാക്കി. അന്ന് സഞ്ജൂവിന് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കാതിരുന്നതിനെച്ചൊല്ലി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്തായാലും എല്ലാ മല്ലൂസിനുമൊപ്പം നെടുംകുന്നം നാട്ടുവിശേഷവും ഈ പൊളപ്പന്‍ തിരോന്തോരംകാരന് അഭിന്ദനങ്ങള്‍ നേരുന്നു.

Wednesday, April 24, 2013

എസ്.എസ്.എല്‍.സിക്ക് പള്ളിക്കല്‍ സ്‌കൂളിന് ചരിത്രത്തില്‍ ആദ്യമായി 'സെഞ്ചുറി'






സത്യം! ശരിക്കും ഒള്ള കാര്യവാ പറഞ്ഞത്. പള്ളിക്കല് പരീക്ഷയെഴുതിയ ഒറ്റക്കുഞ്ഞില്ലാത്തെ എല്ലാരും ജയിച്ച് നൂറുശതമാനം നേടി. ഒള്ളതു പറഞ്ഞാല്‍ സ്കൂളിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ നേട്ടം! ഇത്രേംകാലം ഇവിടെ പഠിച്ച, പഠിപ്പിച്ച, ജോലി ചെയ്ത എല്ലാര്‍ക്കും അഭിമാനിക്കാം.

182 പിള്ളാരാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതുകൊണ്ടുതന്നെ സംഗതി ചെറിയ കാര്യവല്ല. ഇതില് ഒരാള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി-പുലിക്കല്ല് സ്‌കൂളിലെ ഹെഡ്മാസ്റ്ററും നെടുംകുന്നം സ്വദേശിയുമായ ഇലഞ്ഞിപ്പുറത്ത് രാജൂസാറിന്‍റെയും നെടുംകുന്നം സെന്‍റ് തെരേസാസ് സ്കൂളില്‍ പഠിപ്പിക്കുന്ന സെലിനാമ്മേടേം മോന്‍ നിര്‍മ്മല്‍ രാജിന്. മുന്‍പ് പള്ളിക്കല്‍ സ്കൂളിലാണ് രാജൂസാര്‍ പഠിപ്പിച്ചിരുന്നത്.

 അഞ്ചു പേര്‍ക്ക് ഒരു വിഷയത്തനൊഴികെ എല്ലാത്തിനും എ പ്ലസ് കിട്ടി. ചരിത്ര വിജയം നേടിയ മിടുക്കന്‍മാര്‍ക്കും പരീക്ഷയ്ക്കായി പിള്ളാരെ ഒരുക്കുന്നതിന് നേതൃത്വം കൊടുത്ത പഴയ ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്റണിക്കും ഇപ്പഴത്തെ ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടിക്കും സ്‌കൂളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ അഭിനന്ദനങ്ങള്‍.

പള്ളിക്കലെ കാര്യം പറഞ്ഞു. അപ്പം മഠത്തിലും സര്‍ക്കാര്‍ സ്‌കൂളിലും എന്താണ് സ്ഥിതി? അവിടെ രണ്ടെടത്തുംകൂടി നൂറു ശതമാനം കിട്ടീരുന്നേല്‍ നമ്മക്ക് നാട്ടുകാര്‍ക്ക് അര്‍മ്മാദിക്കാരുന്നു. പക്ഷെ, മഠത്തില് ഒരു കൊച്ചുമാത്രം തോറ്റുപോയി. ആകെ 192 പേരാണ് പരീക്ഷയെഴുതിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ 31 പേര്‍ എഴുതിയതില്‍ രണ്ടുപേരു തോറ്റു. എങ്കിലും ഈ രണ്ട് സ്‌കൂളുകളുടെയും പ്രകടനം മോശമെന്ന് പറയാമ്പറ്റില്ല. രണ്ടിടത്തെയും ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.

Monday, April 22, 2013

വൈകിപ്പോയി, സോറി മലയാ.. ആശംകള്‍




തലക്കെട്ടു വായിക്കുമ്പോള്‍ ഏതു മലയന്‍? എന്തു മലയന്‍ വിചാരിക്കുന്നോരൊണ്ടാകും. പക്ഷെ, ഇതോടൊപ്പമുള്ള നവദമ്പതികളുടെ പടം ശ്രദ്ധിച്ചാല്‍ കക്ഷിയെ പിടികിട്ടും.

എന്നിട്ടും കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേന്നു പാടുന്നോര്‍ക്കുവേണ്ടി, മലയനെ അറിയാത്തോര്‍ക്കുവേണ്ടി രണ്ടു വരി; പള്ളിപ്പടിയിലെ ആദ്യത്തെ കച്ചവടക്കാരനാണ് മലയന്‍. എന്നുവച്ചാല്‍ പുരാതനകാലത്ത് പള്ളിപ്പടീല് ആദ്യം കച്ചോടം തൊടങ്ങിയ ആളെന്നല്ല അര്‍ത്ഥം. ഭൂമിശാസ്ത്രം വച്ചു പറഞ്ഞതാ. ഇപ്പം, പടിഞ്ഞാറൂന്ന് വരുമ്പം നമ്മടെ പള്ളിപ്പടീലെ ആദ്യമിരിക്കുന്ന കടേടെ, അതായത് കുരിശടിയുടെ ഏറ്റവും അടുത്തുള്ള പള്ളിക്കെട്ടിടത്തിലെ ആദ്യത്തെ കടേടെ നടത്തിപ്പുകാരനാണ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ലക്ഷ്മിപുരത്തുനിന്നുള്ള ഈ 34 കാരന്‍.

അതിപ്പം എന്ന വല്യ കാര്യവാണോ? മലയന്‍റെ കല്യാണം ഇത്ര ആഘോഷിക്കാനെന്നായിരിക്കുന്നു എന്ന ചോദ്യം ന്യായം. തമിഴ്‌നാട്ടുകാരനാണെങ്കിലും ഇപ്പം മലയനില്ലാതെ പള്ളിപ്പടിയില്ല. 20 വര്‍ഷം മുമ്പ് ഈ കട നടത്തീരുന്ന പതാലില്‍ ബേബിച്ചന്റെ സഹായിയാണ് അഴക്മലൈ- ചെല്ലമ്മ ദമ്പതികളുടെ മകനായ മലയന്‍ എന്നു വിളിക്കപ്പെടുന്ന ചോലൈമലൈ ഇവിടെ എത്തിയത്.

വേറിട്ട പെരുമാറ്റോം എടപെടലും നിറഞ്ഞ പുഞ്ചിരീമൊക്കെച്ചേര്‍ന്ന മലയന്‍ ടച്ച് വൈകാതെ ഹിറ്റായി. അതുകൊണ്ടുതന്നെ പുള്ളിക്കാരന്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും പള്ളിപ്പടിയില്‍ ദിവസോം വന്നുപോകുന്ന അനേകം നാട്ടുകാരടേം സുഹൃത്തായി മാറി.

ഏതാനും വര്‍ഷമായി മലയന്‍ തനിച്ചാണ് കട നടത്തുന്നത്. ഇത്രേം കാലത്തിനിടെ പള്ളിക്കല്‍ സ്‌കൂളില്‍ പഠിച്ച എത്രയോ പയ്യമ്മാര്, പ്രത്യേകിച്ച് ഈ പോസ്റ്റ് വായിക്കുന്നോര് മലയന്റെ കടേല് കയറിയെറങ്ങീരിക്കുന്നു? എത്രയോ പിള്ളേരുടെ ഉഡായിപ്പുകള്‍ മലയന്‍ കണ്ടിരിക്കുന്നു? ഇതെല്ലാംകൂടി കണക്കിലെടുക്കുമ്പം മലയന്റെ കല്യാണം നമ്മക്ക് വാര്‍ത്തയാക്കാതിരിക്കാമ്പറ്റുവോ?

മാര്‍ച്ച് 29ന് നാട്ടിലായിരുന്നു മലയന്‍റെ കല്യാണം. ഭാര്യ തേനി വായ്ക്കാപ്പാറ സ്വദേശിനി ഈശ്വരി. ഏപ്രില്‍ ഒന്നിന് നാട്ടിലെത്തി പള്ളി ഓഡിറ്റോറിയത്തില്‍ നാട്ടുകാര്‍ക്കുവേണ്ടി ഒരു സല്‍ക്കാരോം നടത്തി.

 മലയനും ഈശ്വരിക്കും നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ  മംഗളാംശകള്‍ നേരാന്‍ വൈകിപ്പോയി എന്നത് സത്യം. പക്ഷെ എന്നാ പറയാനാ, രണ്ടുപേരുംകൂടെ നിക്കുന്ന ഒരു പടം കിട്ടീട്ട് പോസ്റ്റാവെന്നു വിചാരിച്ചിരിക്കുവാരുന്നു. അത് ഇന്ന് മലയന്‍ പോസ്റ്റുചെയ്തു. അതുകൊണ്ട് ഇത് ഞങ്ങള് ഇപ്പം പോസ്റ്റു ചെയ്യുന്നു.
മലയാ..മംഗളാശംസകള്…

Wednesday, April 17, 2013

പ്രവാസികളേ, നാട്ടിലേക്കാണോ? അമ്മച്ചിയാണേ പണികിട്ടുവേ!



നെടുംകുന്നം നാട്ടുവിശേഷത്തിലെ പ്രവാസികളോട്,

  എന്നുവച്ചാല് വിദേശത്തൊള്ളോരോടു മാത്രവല്ല, നെടുംകുന്നം വിട്ട് കേരളത്തിന് പൊറത്ത് താമസിക്കുന്ന എല്ലാരോടുംകൂടെയാ പറയുന്നേ. കഞ്ഞികുടിക്കാനുള്ള വകയ്ക്കായി, അല്ലെങ്കില്‍ നല്ലൊരു സെറ്റപ്പ് റെഡിയാക്കാന്‍ നാടുവിട്ടു കഴിയുന്ന നിങ്ങടെയെല്ലാം മനസ്സില് സ്വന്തം വീടുമായും നാടുമായും ബന്ധപ്പെട്ട ഗൃഹാതരതുരതൊര.. ...? ങ്ഹാ ആ സാധനം നെറഞ്ഞുനിക്കുവാണെന്നറിയാം. അതുകൊണ്ടുതന്നെയാണല്ലോ നാടിനു പൊറത്തുള്ള ഒത്തിരിപ്പേര് നാട്ടുവിശേഷത്തില്‍ പതിവുസന്ദര്‍ശനം നടത്തുന്നേ. 



   ഓരോ തവണ നാട്ടീ വന്ന് മടങ്ങുമ്പോഴും അടുത്ത വരവിനെക്കുറിച്ച് നിങ്ങള് പ്ലാന്‍ ചെയ്തു തൊടങ്ങാറില്ലേ?. ജോലി സ്ഥലത്ത് തിരിച്ചു ചെന്നാലും മനസിനെ തണുപ്പിക്കുന്ന, വേദനിപ്പിക്കുന്ന ഒരുപാട് നാടന്‍ ചിന്തകളും ഓര്‍മ്മകളും മിച്ചവൊണ്ടാകും. അങ്ങനെ വരുമ്പം പലരും അവസാനം ഒരു തീരുമാനമെടുക്കും. എത്രേം പെട്ടെന്ന് ഇവിടുന്ന് എല്ലാം അവസാനിപ്പിച്ച് നാട്ടീപ്പോണം. ഒള്ളതുകൊണ്ട് സമാധാനിച്ച് അവിടെ കഴിയാം. 


എത്ര കാശുകിട്ടിയാലെന്നാ? നാട്ടിലെ കാലാവസ്ഥേം ചുറ്റുവട്ടോമൊക്കെ വെലയ്ക്കു വാങ്ങിച്ച് ജോലി സ്ഥലത്തേക്ക് കൊണ്ടുവരാമ്പറ്റുവോ?. അയോലോക്കക്കാരുവായി കത്തിവയ്ക്കുന്നതും കൂട്ടുകാരുമായി കമ്പനി കൂടി കള്ളുകുടിച്ച് ആഘോഷിക്കുന്നതും കവലയ്ക്ക് വായിനോക്കുന്നതും ഒക്കെ പ്രത്യേക രസവല്ലേ?.. …അങ്ങനെ പോകും ചിന്തകള്.



ഗൃഹാതരതുരതൊര.. ...അധികം ചൊമക്കണ്ടെന്ന് പറയാനാണ് ഈ ഈ കുറിപ്പ് എഴുതുന്നേ. നമ്മടെ നെടുംകുന്നോം നാടു മൊത്തത്തിലും ഒരുപാടു മാറി. പെട്ടെന്നൊരാവേശത്തിന് ജോലീം കൂലീം ജോലിസ്ഥലത്തെ സെറ്റപ്പുമൊക്കെ ഉപേക്ഷിച്ച് ഇങ്ങോട്ടു കെട്ടിയെടുത്താല് അമ്മച്ചിയാണെ.. പണികിട്ടും! അവധിക്കുപോലും ഇങ്ങോട്ട് വരാതിരിക്കുന്നതായിരിക്കും നിങ്ങക്ക് നല്ലതെന്ന് ഞങ്ങക്ക് തോന്നുന്നു. 


ഇവിടുത്തെ ഇപ്പഴത്തെ സ്ഥിതി പറഞ്ഞാ നിങ്ങള് വിശ്വസിക്കുവോന്നറിയിത്തില്ല. രാത്രീം പകലും ഒടുക്കത്തെ ചൂട്. എന്നുവച്ചാ.. പണ്ടത്തെ നമ്മടെ വേനല്‍ക്കാലത്തെ പതിവു ചൂടല്ല. കൊറേക്കൂടെ മനസ്സിലാകുന്നപോലെ പറഞ്ഞാ പലേടത്തും പകലത്തെ ചൂട് നാല്‍പ്പത് ഡിഗ്രി ഷെയില്‍സെയില്‍സ് (അതുതന്നെ) അടുത്തായി. പലേടത്തും ആളുകള്‍ക്ക് പകല്‍ച്ചൂടില്‍ പൊള്ളലേക്കുന്നത് പതിവായി. പറമ്പിലൊള്ളതൊക്കെ കരിഞ്ഞൊണങ്ങി. മണ്ണ് ചുട്ടുപൊള്ളുവാ. പല സ്ഥലങ്ങളും ഗള്‍ഫിലെ മരുഭൂമികളുടെ ചെറുപതിപ്പായിക്കഴിഞ്ഞു. രാത്രീലെ കാര്യം പറയുകേ വേണ്ട. പെരയ്ക്കാത്ത് പകലത്തെ ചൂടിന്‍റെ ബാക്കിയാ. ഫാനിട്ടു കെടന്നാപ്പോരേന്ന് നിങ്ങളു ചോദിക്കും. ഫാനും ലൈറ്റുമൊക്കെ ഇവിടെ വല്യ ആര്‍ഭാടവായിക്കഴിഞ്ഞു. കാരണം കരണ്ടൊള്ള സമയം വളരെ കൊറവാണേ. മഴ പെയ്താലല്ലേ ഇടുക്കീല് കരണ്ടൊണ്ടാക്കാമ്പറ്റൂ. ഇനി രാത്രീ കരണ്ടൊണ്ടെന്നിരിക്കട്ടെ. ഫാനിട്ടാല്‍ അതീന്ന് വരുന്നത് തീക്കാറ്റാ. 


ആദ്യവൊക്കെ പണ്ടത്തെപ്പോലെ അരമണിക്കൂറാരുന്നു കരണ്ട് കട്ട്. പിന്നെ പല അരകളായി. ഒടുക്കം മണിക്കൂറുകളായി. ഇപ്പം കരണ്ടില്ലാത്ത സമയവാണ് കൂടുതല്‍. മൊത്തത്തിലൊള്ള സെറ്റപ്പുവച്ചു നോക്കിയാല് പഴയ മണ്ണെണ്ണ യുഗത്തിലോട്ട് തിരിച്ചപോകണ്ടിവരുവെന്നു തോന്നുന്നു. ഇപ്പത്തന്നെ മെഴുകുതിരിക്കും മണ്ണെണ്ണയ്ക്കും വല്യ ഡിമാന്‍റാ . എമര്‍ജന്‍സി ലാംബ് കമ്പനിക്കാര് പഴയ മണ്ണെണ്ണ ചിമ്മിനി ഒണ്ടാക്കാനൊള്ള പരിപാടിലാന്നു പറഞ്ഞുകേട്ടു. ഇന്‍വട്രററ്(അതുതന്നെ) എന്നൊക്കെ എല്ലാരും പറയുന്നൊണ്ടേലും അതൊക്കെ ചില്ലറ സെറ്റപ്പുകാര്‍ക്ക് താങ്ങാമ്പറ്റുകേല.  


നാടു ചുട്ടുപൊള്ളുമ്പം വെള്ളംകുടിമുട്ടുന്നതില്‍ അത്ഭുതവില്ലല്ലോ. വെള്ളം കിട്ടാനേയില്ലാതായി. ഒള്ളടത്തൊക്കെ ജനം ഇടിച്ചുകേറുവാ. നാട്ടിലൊള്ള സര്‍വ്വമാന പാറമടേലേം കൊളങ്ങളിലേം വെള്ളം ലോറികളില്‍ കയറ്റി വിറ്റോണ്ടിരിക്കുകയാ. ടിപ്പര്‍ ലോറിക്കാര് പലരും കല്ലും മണ്ണും കേറ്റുന്നേനു പകരം സിന്തറ്റിക് ടാങ്ക് വച്ച് വെള്ളം അടിച്ചോണ്ടിരിക്കുവാ. ആദ്യവൊക്കെ ബുക്ക് ചെയ്താ അപ്പം ഇവര് വെള്ളം എത്തിക്കുവാരുന്നു. പക്ഷെ കൊളങ്ങളും പാറമടകളും വറ്റിത്തുടങ്ങിയതോടെ വളരെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. വെള്ളം വാങ്ങിച്ച് ഒരുപാടു പേരടെ പോക്കറ്റ് കീറിക്കൊണ്ടിരിക്കുവാ. എന്തൊക്കെപ്പറഞ്ഞാലും വെള്ളം ഇല്ലാതെ എന്തുചെയ്യാനാ?. അതുകൊണ്ട് ലോറിക്കാരു പറയുന്ന കാശുകൊടുത്ത് വാങ്ങിച്ചേപറ്റൂ.


ഇങ്ങനെ പോയാല്‍ ലോറികളില്‍ അധികകാലം വെള്ളം എത്തിക്കാമ്പറ്റുവെന്നു തോന്നുന്നില്ല. കോട്ടയം ഭാഗത്ത് എങ്ങാണ്ട് കൊറേ നാട്ടുകാര് വെള്ളം കോരുന്ന കെണറ്റില്‍ ആരാണ്ട് തീട്ടം കൊണ്ടിട്ടെന്ന് പത്രത്തി വായിച്ചു. പണ്ടാരാണ്ടു പറഞ്ഞ ജലയുദ്ധത്തിന്‍റെ തൊടക്കവാരിക്കും ഈ തീട്ടപ്പരിപാടി. അപ്പം മഴയേ ഇല്ലേന്ന് നിങ്ങക്ക് സംശയം തോന്നും. വല്ലപ്പോഴും പേരിനൊന്നു ചാറിയാലായി. ചാറ്റല്‍മഴപോലും ഞങ്ങക്ക് ഇപ്പം വല്യ കാര്യവാണ്. പണ്ട് വൈശാലി സിനിമേല് കണ്ടപോലെ ആഘോഷിക്കാവെന്നുവെച്ചാല് അതിനു മുന്പേ സംഗതി കഴിയും.


വിദേശത്തൂന്നും മറ്റ് സംസ്ഥാനങ്ങളീന്നുമൊക്കെ അവധിക്കുവരുന്ന എങ്ങനെയെങ്കിലും മടങ്ങിയാല്‍ മതി എന്ന അവസ്ഥേലാണിപ്പോ. നാട്ടിലെ മറ്റു ചുറ്റുവട്ടങ്ങളൊക്കെ നിങ്ങക്കറിയാവല്ലോ. ബംഗാളികളെ മുട്ടീട്ട് നടക്കാന്‍ വയ്യാത്ത സ്ഥിതിയായി. വണ്ടിയേലും ട്രെയിനേലും ചായക്കടേലുമൊക്കെ വീറും വൃത്തീമില്ലാത്ത ഇവമ്മാരുതന്നെ. ചെലപ്പം റെയില്‍വേ സ്റ്റേഷനിചെന്നാല് നമ്മള് ബംഗാളിലെങ്ങാണ്ടാണോ നിക്കുന്നേന്ന് തോന്നിപ്പോകും. മിനിഞ്ഞാന്ന് കോട്ടയത്തൂന്ന് കറുകച്ചാലിലോട്ടുള്ള വണ്ടിയേക്കേറിയപ്പം സീറ്റേലൊരുത്തന്‍ പട്ടികുത്തിയിരിക്കുന്നതുപോലെ ചവുട്ടി കുത്തിയിരിക്കുന്നു! ഓരോ ദിവസോം നമ്മടെ നാട്ടില്‍ ഇത്തരക്കാരടെ എണ്ണം കൂടിവരുവാ.


അതുകൊണ്ട് നിങ്ങളോരോരുത്തരും ജോലിചെയ്യുന്ന സ്ഥലത്തെ ചുറ്റുവട്ടോം കാലാവസ്ഥേം  നാട്ടിലെ അവസ്ഥേം ഒന്നു താതമ്യം ചെയ്യ്. എന്നിട്ട് തീരുമാനിക്ക് എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ട്  കെട്ടിയെടുക്കണോന്ന്. ഇപ്പഴത്തെ സ്ഥിതിവച്ചു പറഞ്ഞാ നിങ്ങള് വെക്കേഷന്‍ ചെലവഴിക്കാന്‍ നാട്ടിലോട്ട് വരുന്നതുപോലും    തല്‍ക്കാലം ഉപേക്ഷിക്കുന്നതാരിക്കും നല്ലതെന്ന് ഞങ്ങക്കു തോന്നുന്നു. 


പറയാനൊള്ളത് പറഞ്ഞു. ഇനി നിങ്ങക്ക് തോന്നുന്ന പോലെ ചെയ്യ്.



Friday, April 12, 2013

അഭിലാഷ് ടോമി വീണ്ടുമെത്തി; വല്യപ്പന്‍റെ സംസ്കാരച്ചടങ്ങിന്


തുറമുഖങ്ങളിലൊന്നും അടുക്കാതെ പായ്ബോട്ടില്‍ ഒറ്റയ്ക്ക് 
ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടം
 സ്വന്തമാക്കിയ ലഫ്റ്റനന്‍റ് കമാന്‍ഡര്‍ അഭിലാഷ് ടോമി 
വല്യപ്പന്‍ നെടുംകുന്നം പുത്തന്‍പറന്പില്‍ 
പി.ജെ. ഫിലിപ്പിന്‍റെ (പീലിച്ചായന്‍) മൃതദേഹത്തിനരികില്‍
 അമ്മ വത്സമ്മയ്ക്കൊപ്പം. വത്സമ്മയുടെ അപ്പനായ 
പീലിച്ചായന്‍റെ സംസ്കാരം ഇന്നലെ നെടുംകുന്നം പള്ളിയില്‍ നടന്നു.
(ചിത്രം-ദീപിക ദിനപ്പത്രം) 

Tuesday, April 9, 2013

പീലിച്ചായന്‍ നിര്യാതനായി




ഐതിഹാസികമായ നേട്ടം കൈവരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കൊച്ചുമകന്‍ ചാരത്തു നില്‍ക്കുന്പോള്‍  തിരിച്ചറിയാനാവാത്തവിധം അത്യാസന്ന നിലയിലായിരുന്നു പീലിച്ചായന്‍.കൊച്ചുമകന്‍റെ ലോകയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാതെ പിറ്റേന്ന് അദ്ദേഹം യാത്രയായി. എങ്കിലും അഭിലാഷ് ടോമിയ്ക്ക് ആശ്വസിക്കാം. അന്ത്യശ്വാസത്തിനു മുന്പ് വല്യപ്പനെ കാണാന്‍ കഴിഞ്ഞതില്‍.

തുറമുഖങ്ങളിലൊന്നും അടുക്കാതെ പായ്ബോട്ടില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കിയ ലഫ്റ്റനന്‍റ് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ അമ്മ വത്സമ്മയുടെ അപ്പന്‍ നെടുംകുന്നം പുത്തന്‍പറന്പില്‍ പി.ജെ. ഫിലിപ്പ് (പീലിച്ചായന്‍) ഇന്ന്(ഏപ്രില്‍ ഒന്‍പത്) നിര്യാതനായി. തിങ്കളാഴ്ച്ച(ഏപ്രില്‍ എട്ടിന്) രാവിലെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ വല്യപ്പനെ കാണാനെത്തിയ അഭിലാഷ് ഇന്നു പുലര്‍ച്ചെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്. 

വര്‍ഷങ്ങളോളം നെടുംകുന്നം പള്ളിയിലെ വിഖ്യാതമായ പുഴുക്കുനേര്‍ച്ച തയ്യാറാക്കുന്നതിന്‍റെ മുഖ്യ ചുമതലക്കാരില്‍ ഒരാളായിരുന്നു പീലിച്ചായന്‍. സംസ്കാരം ഏപ്രില്‍ 12ന് ഉച്ചകഴിഞ്ഞ് നെടുംകുന്നം പള്ളിയില്‍.  അന്നമ്മയാണ് ഇദ്ദേഹത്തിന്‍റെ ഭാര്യ.  പി.പി. ജോസ്, പി.പി. ജോണ്‍,പി.പി. വര്‍ഗീസ്(പി.പി) എന്നിവരാണ് മറ്റു മക്കള്‍. 

അഭിലാഷിന്‍റെ നെടുംകുന്നം ബന്ധത്തെക്കുറിച്ച് നെടുംകുന്നം നാട്ടുവിശേഷം നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് ഇവിടെ .

Sunday, April 7, 2013

സ്റ്റീഫന്‍ ജെ. കാട്ടൂര്‍ നിര്യാതനായി





കട്ടപ്പന സുവര്‍ണഗിരിയില്‍ താമസിച്ചിരുന്ന നെടുംകുന്നം കാട്ടൂര്‍ കുടുംബാംഗമായ സ്റ്റീഫന്‍ ജെ. കാട്ടൂര്‍(77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെള്ളയാംകുടി സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍.

കാട്ടൂര്‍ ഇടക്കല്ലി‍ല്‍ അന്തപ്പായി-ഏലി ദന്പതികളുടെ നാലാമത്തെ പുത്രനായ സ്റ്റീഫന്‍ ജെ. കാട്ടൂര്‍ അധ്യാപകനായിരുന്നു. ഭാര്യ അന്നമ്മ താഴത്തുവടകര കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍- മോളി, ജോബി, വിമല, ടെസി,ജോസി, ദീപ, സ്റ്റീഫന്‍. മരുമക്കള്‍-രാജന്‍കുഞ്ഞ്, ബീന, ജോസി, ഗ്ലാഡ് വിന്‍,  സുമ, ബെന്നി, സൗമ്യ.

സഹോദരങ്ങള്‍-കുട്ടപ്പന്‍, ജോണപ്പായി, ഔതക്കുട്ടി, ജോയി, പരേതരായ കുട്ടപ്പന്‍, മാമ്മച്ചന്‍,അപ്പാപ്പി

ഉലകം ചുറ്റി ചരിത്രം കുറിച്ച അഭിലാഷ് ടോമി നാളെ നെടുംകുന്നത്ത്

EXCLUSIVE 

തുറമുഖങ്ങളിലൊന്നും അടുക്കാതെ പായ്ബോട്ടില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കിയ ലഫ്റ്റനന്‍റ് കമാന്‍ഡര്‍ അഭിലാഷ് ടോമിയെക്കുറിച്ചുതന്നെയാണ് പറയുന്നത്. പര്യടനം കഴിഞ്ഞെത്തിയ അഭിലാഷിനെ മുംബൈയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വരവേല്‍ക്കുന്ന വാര്‍ത്ത ഇന്നലെയും ഇന്നും എല്ലാ മാധ്യമങ്ങളിലും നമ്മള്‍ കണ്ടതാണ്.




കക്ഷിക്ക് നെടുംകുന്നത്ത് എന്തുകാര്യം എന്ന സംശയം ന്യായം. സാഗര്‍ പരികര്‍മ്മ എന്നു പേരിട്ട 150 ദിവസത്തെ യാത്രാദൗത്യം പൂര്‍ത്തയാക്കി ചരിത്രത്തില്‍ ഇടംനേടിയ അഭിലാഷ് ജനിച്ചത് നെടുംകുന്നത്താണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ അഭിലാഷിന്‍റെ അമ്മവീട് നെടുംകുന്നത്താണ്.

പുത്തന്‍പറന്പില്‍ പി.ജെ. ഫിലിപ്പ്-അന്നമ്മ ദന്പതികളുടെ മകള്‍ മറിയാമ്മ(വത്സമ്മ)യാണ് അഭിലാഷിന്‍റെ അമ്മ. അഭിലാഷ് ആദ്യാക്ഷരം കുറിച്ചതും നെടുംകുന്നത്താണ്. പി.പി. ജോസ്, പി.പി. ജോണ്‍,
പി.പി. വര്‍ഗീസ്(പി.പി) എന്നിവരാണ് അമ്മാവന്‍മാര്‍. 

അഭിലാഷിന്‍റെ വല്യപ്പന്‍ പി.ജെ. ഫിലിപ്പ് (പീലിച്ചായന്‍) വര്‍ഷങ്ങളോളം നെടുംകുന്നം പള്ളിയിലെ വിഖ്യാതമായ പുഴുക്കുനേര്‍ച്ച തയാറാക്കുന്നതിന്‍റെ മുഖ്യ ചുമതലക്കാരിലൊരാളായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം ഇപ്പോള്‍ കറുകച്ചാല്‍ മേഴ്സി ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുന്ന ഇദ്ദേഹത്തെ കാണാനാണ് അഭിലാഷ് എത്തുന്നത്. നാളെ(ഏപ്രില്‍ എട്ട്) രാവിലെ എത്തുമെന്നാണ് അഭിലാഷ് അറിയിച്ചിരിക്കുന്നതെന്ന് അമ്മാവന്‍ പി.പി. വര്‍ഗീസ് പറഞ്ഞു.

അഭിലാഷിനെക്കുറിച്ച്  മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ 


കേരളക്കരയ്ക്ക് അഭിമാനമായി അഭിലാഷ്‌
പി.സി. മാത്യു

മുംബൈ: കടലേഴും താണ്ടി അഭിലാഷ് ടോമി മടങ്ങിയെത്തുമ്പോള്‍ കേരളക്കരയ്ക്ക് അഭിമാനത്തിന്‍റെ നിമിഷം. കേരളത്തിന്‍റെ ചരിത്രം തന്നെ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതിന്‍റെ പിന്തുടര്‍ച്ചക്കാരനാവുകയാണ് കുട്ടനാട്ടുകാരനായ അഭിലാഷ് ടോമി എന്ന 34 കാരന്‍. 20 വര്‍ഷായി താന്‍ കൊണ്ടു നടന്നിരുന്ന അഭിലാഷമാണ് അഭിലാഷിന് സഫലമായത്. പായ്‌വഞ്ചിയില്‍ എങ്ങും നിര്‍ത്താതെ ഒറ്റയ്ക്ക് ലോകം ചുറ്റിഎത്തുന്ന മലയാളിയായി അഭിലാഷ് മാറി. ഇപ്രകാരം ലോകം ചുറ്റിവന്ന രണ്ടാമത്തെ ഏഷ്യക്കാരന്‍ എന്ന ബഹുമതിയും അഭിലാഷ് ടോമിക്ക് സ്വന്തം

തൃപ്പൂണിത്തറ കണ്ടനാടില്‍ താമസമാക്കിയിരിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടീല്‍ വി.സി. ടോമിയുടെ മകനാണ് ലെഫ്. കമാന്‍ഡറായ അഭിലാഷ് ടോമി. അച്ഛന്‍റെ നാവികപാരമ്പര്യം മകന്‍ സ്വായത്തമാക്കുകയായിരുന്നു. ചെറുപ്പത്തില്‍ ബോട്ട് ഉണ്ടാക്കി കളിക്കുമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ നീന്താന്‍ പോയപ്പോള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ വഴയ്ക്ക് പറയാതിരുന്ന അമ്മ തനിക്ക് പ്രചോദന മാകുകയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ഒരിക്കലും മകന്‍റെ ആഗ്രഹങ്ങള്‍ക്ക് നോ പറഞ്ഞിട്ടില്ലെന്ന് അച്ഛന്‍ പറഞ്ഞു. നാവിക സേനയുടെ സാഗര്‍ പരികര്‍മ പദ്ധതിക്ക് അഭിലാഷ് മുന്നോട്ട് വരികയായിരുന്നു.


 നാവികസേനയില്‍ പൈലറ്റായ അഭിലാഷ് കേരളത്തിലെത്തി വല്യപ്പനെ കണ്ടപ്പോള്‍ പോയ് മടങ്ങി വരൂഎന്നാണ് ആശംസിച്ചത്. സന്തോഷം പങ്കിടാന്‍ അപ്പച്ചന്‍റെ അടുത്തേയ്ക്ക് പോകാനൊരുങ്ങുകയാണ് അഭിലാഷ്.


2004-05 ല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ഏറിക്‌സണ്‍ റേസിങ് ടീമില്‍ അംഗമായി സമുദ്രയാത്രയ്ക്ക് അഭിലാഷ് താത്പര്യം കാട്ടി. അതിനുശേഷം കേപ്പ് ടൗണില്‍ നിന്ന് ഗോവയിലേക്കും സമുദ്രയാത്ര നടത്തി. റിയോഡി ജനീറോയില്‍ നിന്ന് കേപ്പ് ടൗണിലോക്കായിരുന്നു മറ്റൊരു സമുദ്ര യാത്ര. യാച്ചിംഗ് അസോസിയേഷന്‍റെ 2009 ലെ ഓഫ് ഷോര്‍ സെയിലര്‍ ആയിരുന്നു അഭിലാഷ്. കഴിഞ്ഞവര്‍ഷം നവംബറിലാണ് മുംബൈ തീരത്തുനിന്ന് യാത്രയായത്. അലകടലുകളെ കീഴടക്കി നാല് ലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ടാണ് അഭിലാഷ് മുംബൈ തീരത്ത് എത്തിയത്.





Thursday, April 4, 2013

പ്രതിഷ്ഠാദിന ഉത്സവം

നെടുംകുന്നം ചാരോത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം  ഏപ്രില്‍ ഏഴിന് നടക്കും. രാവിലെ 7 മുതല്‍ നടക്കുന്ന വിശേഷാല്‍പൂജയ്ക്ക് ഇടമനയില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.
(വാര്‍ത്ത-മാതൃഭൂമി.കോം)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls