Friday, August 31, 2012

വാര്‍ത്തയെന്ത് വസ്തുതയെന്ത്..?പാവം വായനക്കാര്‍.

(ദേശാഭിമാനി ദിനപ്പത്രം ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച വാര്‍ത്ത.
മനോരമ മാത്രമല്ല, കേരളത്തിലെ ഒട്ടുമുക്കാല്‍ പത്രങ്ങളും മാണിയുടെ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം കേള്‍ക്കാന്‍ ബ്രിട്ടന്‍ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.)

തിരു/ കൊച്ചി: ധനമന്ത്രി കെ എം മാണി ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ 'വിഖ്യാതമായ' അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കുമെന്ന മനോരമ വാര്‍ത്ത 'ബൂലോക' ലണ്ടന്‍ തമാശ. മാണിക്ക് സ്വീകരണം നല്‍കാനുള്ള ബ്രിട്ടനിലെ ബിസിനസുകാരായ മലയാളികളുടെ ക്ലബ്ബിന്‍റെ പരിപാടി ബ്രിട്ടീഷ് പാര്‍ലമെന്റിലെ അധ്വാനവര്‍ഗ സിദ്ധാന്താവതരണത്തിനുള്ള ക്ഷണമായി 23ലെ മനോരമയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

കേരള ബിസിനസ് ഫോറം എന്ന പേരിലുള്ള ലണ്ടന്‍ മലയാളികളുടെ സംഘടനയാണ് മാണിക്ക് സ്വീകരണം നല്‍കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്ത് സംഘടിപ്പിക്കുന്ന ചടങ്ങിനെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ സ്വീകരണം എന്ന മട്ടില്‍ പ്രചരിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തിലെ നിരവധി ഹാളുകള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. ബ്രിട്ടീഷ് എംപിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ വ്യക്തികള്‍ക്കും ഹാള്‍ വാടകയ്ക്ക് ലഭിക്കും. 


പഞ്ചാബ് സ്വദേശിയും എംപിയുമായ വീരേന്ദ്ര ശര്‍മയുടെ പേരിലാണ് മാണിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിന് ഹാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളത്. ലണ്ടനില്‍ വ്യവസായി കൂടിയായ വീരേന്ദ്ര ശര്‍മയാണ് കേരള ബിസിനസ് ഫോറത്തിന്റെ അധ്യക്ഷന്‍. ഫിലിപ്പ് എബ്രഹാം, ജോര്‍ജ് പയസ് കുന്നശേരി, ഷൈമോന്‍ തോട്ടുങ്കല്‍ തുടങ്ങിയ കോട്ടയത്തുകാരാണ് സംഘാടകര്‍. 


നെല്‍സണ്‍ മണ്ടേലയെ പോലുള്ള രാജ്യാന്തരവ്യക്തിത്വങ്ങളെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പോലും ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് കിട്ടാത്ത ക്ഷണം മാണിക്ക് കിട്ടിയെന്ന നിലയ്ക്കാണ് പ്രചാരണം. മലയാളി സംഘടന ഹാള്‍ വാടകയ്ക്ക് എടുത്തുനടത്തുന്ന പരിപാടിയില്‍ മാണി പ്രാസംഗികനാണെന്നതാണ് വസ്തുത. കൂട്ടത്തില്‍ ഒരു സ്വീകരണവും. 


മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്‍റ് കയറുന്നുവെന്ന വിവരം മനോരമയെ അറിയിച്ചത് 'ബ്രിട്ടീഷ് മലയാളി'എന്ന ബ്ലോഗാണ്. അവരുടെ പുളുവടി മനോരമ തൊണ്ട തൊടാതെ വിഴുങ്ങി. ലണ്ടനിലെ ഒരുസംഘം മലയാളികള്‍തന്നെയാണ് സംഭവത്തിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തുവന്നത്. 'ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിനെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണ്‍, പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡ് എന്നിവരെ എത്തിക്കാന്‍ സജീവ ശ്രമം നടക്കുന്നുണ്ട്. ഒരുഡസനോളം എംപിമാര്‍ സന്നിഹിതരാകുമെന്നാണ് പറയുന്നത്' ലണ്ടനിലെ മലയാളികള്‍ പറഞ്ഞു.



Thursday, August 30, 2012

ഗുരുദേവ ജയന്തി ഇന്ന്; നാടെങ്ങും ആഘോഷപരിപാടികള്‍




 ശ്രീനാരായണഗുരുദേവന്‍റെ 158-ആമത് ജയന്തി ആഘോഷങ്ങള്‍ ഇന്നു നടക്കും. എസ്എന്‍ഡിപി ശാഖകള്‍, വനിതാസംഘം, യൂത്ത് മൂവ്‌മെന്‍റ് എസ്ടിയുസി, കുടുംബയോഗങ്ങള്‍, മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ച് ജയന്തി ഘോഷയാത്രയും സമ്മേളനങ്ങളും നടക്കും. 

നെടുംകുന്നം  57ആം നമ്പര്‍ എസ്എന്‍ഡിപി ശാഖയില്‍ രാവിലെ ഏഴിന് ശാഖാ യോഗം പ്രസിഡന്‍റ് എ. എം. മോഹന്‍ദാസ് പതാക ഉയര്‍ത്തും. 8.30 മുതല്‍ പുരാണപാരായണം, ഗുരുദേവകൃതി പാരായണം. 10നു സമ്മേളനം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം. വി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്‍റ് എ. എം. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. ഷൈലജ പൊന്നപ്പന്‍ സന്ദേശം നല്‍കും. 12ന് ചതയദിന ഘോഷയാത്ര, ഒന്നിന് സമൂഹസദ്യ. 

നെടുംകുന്നം നോര്‍ത്ത് 2902-ആം നമ്പര്‍ എസ്എന്‍ഡിപി ശാഖയില്‍ രാവിലെ എട്ടിനു പതാക ഉയര്‍ത്തല്‍, ഒന്‍പതിനു ഗുരുദേവകൃതി പാരായണം, 10നു സമൂഹ പ്രാര്‍ഥന. രണ്ടിനു മൈലാടിയില്‍നിന്നു ജയന്തി ഘോഷയാത്ര. ശാഖാ പ്രസിഡന്‍റ് പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. മൂന്നിനു ജയന്തി സമ്മേളനം ചാന്നാനിക്കാട് എസ്എന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. എം. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്‍റ് പി. സുകുമാരന്‍ അധ്യക്ഷത വഹിക്കും. യൂണിയന്‍ വൈസ് പ്രസിഡന്‍റ് സജീവ് പൂവത്ത് ജയന്തി സന്ദേശം നല്‍കും. 

(വാര്‍ത്തയ്ക്ക് കടപ്പാട്-മലയാള മനോരമ)

നെടുംകുന്നം പള്ളിയില്‍ എട്ടുനോന്പാചരണം നാളെമുതല്‍



നെടുംകുന്നം സെന്‍റ്  ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്‍റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പാചരണം നാളെ മുതല്‍ എട്ടുവരെ നടക്കും. നാളെ വൈകുന്നേരം നാലിന് ജപമാല, ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന: ഫാ. ജോസഫ് കുഴിയടിയില്‍. രണ്ടിന് രാവിലെ ആറിനും 7.30 നും 9.45നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന: ഫാ. തോമസ് കൊറ്റത്തില്‍. 

മൂന്നുമുതല്‍ ഏഴു വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന. എട്ടിന് വൈകുന്നേരം 3.30ന് ജപമാല, നാലിന് തിരുനാള്‍ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന: ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. 5.30ന് പ്രദക്ഷിണം, ലദീഞ്ഞ്, പാച്ചോര്‍ നേര്‍ച്ച. വിവിധ ദിവസങ്ങളില്‍ ഫാ. ജയിംസ് പഴയമഠം, ഫാ. മാത്യു കോട്ടയില്‍, ഫാ. ജയിംസ് കണിക്കുന്നേല്‍, ഫാ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ക്ലമന്‍റ് കൊടകല്ലില്‍ വി.സി എന്നിവര്‍ കാര്‍മികത്വം വഹിക്കും.


(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക)

ഇപ്പം സന്തോഷ് പണ്ധിറ്റ് ആരായി?

സന്തോഷ് പണ്ധിറ്റിനെ തെറിവിളിക്കാന്‍ മലയാളികള് മത്സരിക്കുവല്ലാരുന്നോ? എല്ലാവരെയും ഫൂളാക്കി അയാളു പടം പടിച്ചു കാശുണ്ടാക്കി. താരമായി. നമ്മടെ പല സൂപ്പര്‍ താര പടങ്ങളും വച്ചു നോക്കുന്പോള്‍ പണ്ധിറ്റ് പടങ്ങള്‍ എത്രയോ ഭേദം.
എന്നാലും സൂപ്പറുകളെ ചുമന്നു നടക്കാന്‍ ഇപ്പോഴും ആളുകള്‍ ഇടിയാണ്.

അപ്പം പറഞ്ഞുവന്ന കാര്യം. ഇപ്പോ മുഖ്യധാര ടെലിവിഷന്‍ ചാനലുകള്‍ക്കുപോയും റേറ്റിംഗ് കൂട്ടാന്‍ സന്തോഷ് പണ്ധിറ്റ് വേണം. ഓണത്തിന് മഴവില്‍ മനോരമയില്‍ വന്ന പരിപാടീടെ ലിങ്ക് ചുവടെ.

സന്തോഷ് പണ്ധിറ്റിനെ വടിയാക്കാനാണ് ചാനല്‍ സെറ്റപ്പുണ്ടാക്കിയതെങ്കിലും തന്നെ ആര്‍ക്കും 'ആക്കി' തോല്‍പ്പിക്കാനാവില്ലെന്ന് പണ്ധിറ്റ് വീണ്ടും തെളിയിച്ചു. 

ചിന്നമ്മ ജോണ്‍ കാട്ടൂര്‍ നിര്യാതയായി


Tuesday, August 28, 2012

തിരുവോണ ആശംസകള്‍


മൂത്തമോള് നേഴ്സാ...ചൊവ്വേല്...



പണ്ട് മോള് ഡല്‍ഹീലാന്നു പറയുന്നതാരുന്നു പത്രാസ്. പിന്നെ ദുബായിലേക്കും സൗദി അറേബ്യയിലേക്കും നഴ്സുമാര്‍ ഒഴുകിത്തൊടങ്ങിയതോടെ ഡല്‍ഹീ ഡിമ്മായി.

 കൊറെ കഴിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലെ പെന്പിള്ളാര് യൂകെയിലോട്ടും യു.എസിലോട്ടും പറന്നു. പിന്നാലെ ആശ്രിത വിസേല് അവരുടെ കെട്ടിയവന്‍മാരും. ഇനിയിപ്പം അധികം വൈകാതെ മോള് ചൊവ്വേലാണെന്ന് പറയുന്ന കാര്‍ന്നോമ്മാരെ നമുക്ക് കണ്ടുമുട്ടാനാകും. ചൊവ്വേന്നു വെച്ചാല്‍ അന്തോനീസു പുണ്യാളന്‍റെ നൊവേനയുള്ള ഏതേലും ചൊവ്വാഴ്ച്ചപ്പള്ളിപ്പോയിരിക്കുകയാണെന്നല്ല. സാക്ഷാല്‍ ചൊവ്വാ ഗ്രഹത്തിലുള്ള ഏതേലും ആശൂത്രില് നേഴ്സാണെന്ന്.

ഞങ്ങളിത് വെറുതെ വച്ചു കാച്ചുന്നതല്ല. വൈകാതെ മനുഷ്യന്‍മാര് ചൊവ്വേലും താവളമുറപ്പിക്കുമെന്ന മട്ടിലാണ് കാര്യങ്ങടെ പോക്ക്.ചൊവ്വേടെ മണ്ണിലിറങ്ങിയ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ  പര്യവേഷണവാഹനം ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലത്തിന്‍റെ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ അയച്ചിരിക്കുകയാണ്.  ചൊവ്വയില്‍ നിന്നും ആദ്യമായി മനുഷ്യശബ്ദം കേള്‍പ്പിക്കുയും ചെയ്തു. താമസിയാതെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്ന നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍റെ പ്രഖ്യാപനമാണ് ക്യൂരിയോസിറ്റി പ്രക്ഷേപണം ചെയ്തത്. 

അവിടെ വെള്ളം കിട്ടാന്‍ വകുപ്പുണ്ടെന്നും ജീവന്‍റെ വല്ല കൊണിശവും കണ്ടെത്താന്‍ പറ്റുവോന്ന് നോക്കിവരികയാണെന്നുമാണ് ഇപ്പോ പറയുന്നത്. ഇപ്പം ശശി ആരായി?

എങ്ങാനും മനുഷ്യന്‍ ചൊവ്വേല്‍ താമസമുറപ്പിച്ചാല്‍ അവിടെ മലയാളിയുമുണ്ടാകുമെന്ന കാര്യത്തില്‍ അപ്പീലില്ലല്ലോ. അല്ലാതെ അവിടെ ആശുപത്രികളും ഹോട്ടലുകളും തുണിക്കടകളും തട്ടുകടകളുമൊക്കെ എങ്ങനെ പ്രവര്‍ത്തിക്കും. ഈലോകത്തും ഈ-ലോകത്തും പരലോകത്തും  എല്ലാ കോണിലും മലയാളിയുണ്ടെന്ന കാര്യം ആരോടും പറയേണ്ട കാര്യമില്ലല്ലോ. അപ്പോപ്പിന്നെ ചൊവ്വാലോകത്തും സ്ഥിതി വ്യത്യസ്ഥമായിരിക്കില്ല.

ഭൂമി-ചൊവ്വാ റോക്കറ്റ് സര്‍വീസ്, ചൊവ്വയിലെ വിസ, വര്‍ക്ക് പെര്‍മിറ്റ് അങ്ങനെ എന്തെല്ലാം കാര്യങ്ങളാ ഇനി വരാനിരിക്കുന്നത്. ഏതായാലും നാട്ടില്‍  അന്നന്നേപത്തനുവേണ്ടി ആത്മഹത്യാഭീഷണി മുഴക്കേണ്ട ഗതികേടില്‍ കഴിയുന്ന നഴ്സുമാര്‍ക്കും അവര്‍ മുഖേന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും ചൊവ്വ വലിയൊരു ആശ്വാസമാകില്ലെന്ന് ആരു കണ്ടു? 



Monday, August 27, 2012

നാടി ന്‍റെ സ്‌നേഹാദരങ്ങള്‍ക്കുമുന്നില്‍ ആനന്ദാശ്രുതൂകി ജനകീയ ഡോക്ടര്‍





നെടുംകുന്നം ഗ്രാമത്തിന്‍റെ ഓര്‍മ്മകളില്‍ എക്കാലവും സൂക്ഷിച്ചുവയ്ക്കാന്‍ വേറിട്ട ഒരു സായാഹ്നം. ആറു പതിറ്റാണ്ടുകാലം നാടിന് നിസ്വാര്‍ത്ഥ സേവനമേകിയ ഡോ. സി.ഡി. തോമസ് ചെത്തിപ്പുഴ നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ക്കുമുന്നില്‍ ആനന്ദാശ്രുതൂകി. 









നെടുംകുന്നം പൗരാവലി സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂള്‍ ഹാളില്‍ ഓഗസ്റ്റ് 26 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് വികാരഭരിതമായ രംഗങ്ങള്‍ക്ക് വേദിയായി. ആദരിക്കപ്പെടുന്ന വ്യക്തിയെ അടുത്തറിയുന്നവര്‍ മാത്രം പങ്കെടുത്ത ചടങ്ങ് എന്ന നിലയിലും ഇത് ശ്രദ്ധേയമായി. 


സ്‌കൂള്‍ ഗേറ്റിന് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ ബാന്‍ഡ് സംഘത്തിന്‍റെയും സ്‌കൗട്ട് കേഡറ്റുകളുടെയും അകമ്പടിയോടെയാണ് തോരണവും മുത്തുക്കുടകളുംകൊണ്ട് അലങ്കരിച്ച വീഥിയിലൂടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. 


നെടുംകുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എം.എ..എ ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെ സ്തുത്യര്‍ഹ സേവനത്തിന് നന്ദിയറിയിക്കാന്‍ ആദരങ്ങള്‍ നല്‍കാന്‍ സമൂഹത്തിന്‍റെ  വിവിധ തുറകളില്‍നിന്നുള്ളവര്‍ എത്തിച്ചേര്‍ന്നു. ദീര്‍ഘകാലം ഡോക്ടര്‍ക്കൊപ്പം പള്ളിപ്പടിയിലെ ആതുരാശ്രമം ഡിസ്പെന്‍സറിയില്‍ നഴ്‌സായി സേവനമനുഷ്ടിച്ച സാറാമ്മ പൂവത്തുംമൂട്ടിലിനെ ഡോക്ടറും സഹധര്‍മ്മിണി റോസമ്മയും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിക്കുമ്പോള്‍ സാറമ്മ വിതുന്പി.






ആതുരസേവന രംഗത്തെ വേറിട്ട മാതൃകയാണ് ഡോ. സി.ഡി. തോമസെന്ന് ഡോ. എന്‍. ജയരാജ് എം.എ..എ പറഞ്ഞു. പിന്നിട്ട അറുപതു വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകള്‍ക്ക് ചികത്സയിലൂടെ സ്വാന്തനമേകാന്‍ ഡോ. തോമസിന് സാധിച്ചു. ഇന്ന് ചികിത്സാച്ചെലവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാലമത്രയും നിസ്വാര്‍ത്ഥ സേവനത്തിന്‍റെ പാതയില്‍ സഞ്ചരിച്ച ഇദ്ദേഹത്തെപ്പോലുള്ളവര്‍ ആദരവ് അര്‍ഹിക്കുന്നു  -അദ്ദേഹം പറഞ്ഞു.




ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഡോ. സി.ഡി. തോമസിന്‍റെ  സേവന മനോഭാവവും നിസ്വാര്‍ത്ഥതയും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ പൗരാവലിയുടെ ഉപഹാരം ഡോ. തോമസിന് സമ്മാനിച്ചു. ആതുരസേവാസംഘം ട്രഷറര്‍ ഡോ. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 

    







    









നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി വികാരി ഫാ. മാത്യു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. രവീന്ദ്രന്‍, ഗ്രാമപഞ്ചാ യത്തംഗം മറിയാമ്മ ജോര്‍ജ്,  ജുമാഅത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് മുഹമ്മദ് റാവുത്തര്‍, എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം  എം.വി വിശ്വനാഥന്‍,  കോണ്‍ഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്‍റ് ജോ തോമസ് പായിക്കാട്ട്, സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി എ.കെ. ബാബു, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് പി.ജെ. ജോണ്‍ പടിഞ്ഞാറേമുറിയില്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി അജി കാരുവാക്കല്‍,  മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം സി.ടി. മജീദ് റാവുത്തര്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്കറിയ തോമസ് ആനിക്കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.




ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ ജോര്‍ജ് ആതുരസേവാ സംഘം ജോയിന്‍റ് സെക്രട്ടറി അഡ്വ. എ. ജയചന്ദ്രന്‍, ഗ്രാമദീപം സ്വാശ്രസംഘം പ്രസിഡന്‍റ് പി.ജെ. ജോണ്‍ പടിഞ്ഞാറേമുറിയില്‍, നെടുംകുന്നം പള്ളിപ്പടി ഫ്രണ്ട്സ് സ്വാശ്രയ സംഘം പ്രസിഡന്‍റ് ടിജു ടി. ഡൊമിനിക് പുതിയാപറമ്പില്‍, പള്ളിപ്പടി രക്ഷാ സ്വാശ്രയ സംഘം  പ്രസിഡന്‍റ്  ജോസഫ് ടി.വി, നെടുംകുന്നം പള്ളിപ്പടി കൂട്ടായ്മ സെക്രട്ടറി  ടോമി ചെറിയാന്‍ വടക്കുംമുറിയില്‍, സി.വൈ.എം.എ  സെക്രട്ടറി സുനില്‍ ജോസഫ് തെക്കേക്കര ചെത്തിപ്പുഴ കുടുംബത്തിന്‍റെ പ്രതിനിധി സി.എസ് ജോസഫ്, ഡോ. സി.ഡി തോമസിന്‍റെ പ്രഥമ ശിഷ്യന്‍ ഡോ.  സി.സി. തോമസ്, ജോസ് പീലിയാനിക്കല്‍ എന്നിവര്‍ വേദിയിലെത്തി ഡോക്ടറെ ആദരിച്ചു. 

























ഇക്കാലമത്രയും നെടുംകുന്നത്ത് വിജയകരമായി സേവനമനുഷ്ഠിക്കുന്നതിന് സഹായിച്ച ഈശ്വരനും ഓരോ വ്യക്തികള്‍ക്കും മറുപടി പ്രസംഗത്തില്‍ ഡോ. സി.ഡി. തോമസ് നന്ദി പറഞ്ഞു. 






 സംഘാടകസമിതി ജോയിന്‍റ് കണ്‍വീനര്‍ ഡോ. സിബി കുര്യന്‍ സ്വാഗതവും നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍ കൃതജ്ഞതയും പറഞ്ഞു. ജിജോ ജോണ്‍ നെച്ചികാട്ട് പ്രാര്‍ത്ഥനാഗാനവും മംഗളഗാനവും ആലപിച്ചു.

Sunday, August 26, 2012

കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ നിറപ്പകിട്ടിന്‍റെ ഓണാഘോഷം



കാക്കിവേഷം മാറ്റിവച്ചു കേരളീയ വേഷമണിഞ്ഞെത്തിയ പോലീസുകാര്‍ കറുകച്ചാല്‍ പോലീസ്‌സ്‌റ്റേഷനു മുന്നില്‍ അത്തപ്പൂക്കളമിട്ടും ഓണപ്പാട്ടു പാടിയും ഓണം ആഘോഷിച്ചു.

 ഓണാഘോഷ പരിപാടികള്‍ വാകത്താനം സിഐ അനീഷ് വി. കോര ഉദ്ഘാടനം ചയ്തു. കറുകച്ചാല്‍ എസ്‌ഐ ഷിന്‍റോ പി. കുര്യന്‍ അധ്യക്ഷതവഹിച്ചു. കോട്ടയം ഡിവൈഎസ്പി വി.യു. കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. എസ്‌ഐ മാത്യു തോമസ്, എഎസ്‌ഐ സുകുമാരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍ ബിജുക്കുട്ടന്‍, വര്‍ഗീസ് കെ.എസ്, വി.എ. ലാലന്‍, അന്‍സാരി, രംഗനാഥന്‍, ജോസഫ് ചെറിയാന്‍, ഷാജി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഓമനക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു.


ആട്ടിയോടിച്ച 'അമ്മ' തിലകനെ തലോടാനെത്തുന്നു































തനിക്ക് സത്യമെന്നു തോന്നിയ കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്‍റെ പേരില്‍ നടന്‍ തിലകനെ പുറത്താക്കിയ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ഇപ്പോള്‍ അദ്ദേഹം ജീവിതത്തനും മരണത്തിനുമിടയില്‍ കഴിയുന്പോള്‍ തലോടാനെത്തുന്നു. 

തിലകന്‍റെ ചികിത്സയ്ക്ക് അമ്മ സഹായം നല്‍കുമെന്ന് നടന്‍ മമ്മൂട്ടിയാണ് ഇന്നു പ്രഖ്യാപിച്ചത്. കിംസ് ആസ്പത്രിയില്‍ തിലകനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിലകന് സാന്പത്തിക സഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രഖ്യാപനം വന്നത്.

സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തോടുള്ള വൈരാഗ്യം തുടരുന്ന അമ്മയ്ക്കെതിരെ ജനരോഷമുയരുമെന്ന ഭയമാണ് ഈ സഹായ പ്രഖ്യാപനത്തിനു പിന്നിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമ്മയുടെ വിലക്ക്  അവഗണിച്ച് സംവിധായകന്‍ രഞ്ജിത്ത് ഇന്ത്യന്‍ റുപ്പീ എന്ന ചിത്രത്തില്‍ തിലകനെ അഭിനയപ്പിച്ചിരുന്നു.

ഇതോടെ അമ്മയുടെ മസിലുപിടുത്തം ഏറെക്കുറെ വൃഥാവിലായിരുന്നു. തുടര്‍ന്ന് സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഈ സാഹചര്യത്തില്‍ തിലകന്‍ സംഘടനയിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ജെയ് ഹോ- ഇന്ത്യയ്ക്ക് ലോകകപ്പ്





ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ച ഇന്ത്യന്‍ യുവനിര അണ്ടര്‍ -19 ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടു.  മീഡിയം പേസ് ബൗളര്‍ സന്ദീപ്സിംഗിന്‍റെയും ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും പിന്‍ബലത്തില്‍ ആറു വിക്കറ്റിന്‍റെ ഉജ്വല വിജയം നേടിയാണ് ഉന്‍മുക്ത് ചന്ദും കൂട്ടരും മറ്റൊരു ചരിത്രം കുറിച്ചത്. ഇത് മൂന്നാം വട്ടം ഇന്ത്യ അണ്ടര്‍-19 സ്വന്തമാക്കുന്നത്. 


ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയയെ 225 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ പതിനാല് പന്ത് ബാക്കിനില്‍ക്കെ അനായാസ വിജയംനേടി. മാന്‍ ഓഫ് ദി മാച്ചായ നായകന്‍ 130 പന്തില്‍ നിന്ന് 111 റണ്‍സ് നേടിയപ്പോള്‍ പത്തോവര്‍ എറിഞ്ഞ് നാലു വിക്കറ്റാണ് ശര്‍മ പിഴുതത്. അതും നിര്‍ണായകമായ വിക്കറ്റുകള്‍. 


2000ല്‍ ശ്രീലങ്കയില്‍ വച്ചും 2008ല്‍ മലേഷ്യയില്‍ വച്ചുമാണ് ഇന്ത്യ ഇതിന് മുന്‍പ് ലോകകപ്പ് നേടിയത്.


Saturday, August 25, 2012

എല്ലാ വായനക്കാര്‍ക്കും നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ ഓണാശംസകള്‍


കടന്തോട്ട് ജോണ്‍ ചേട്ടന്‍ നിര്യാതനായി


പാഠപുസ്തകത്തിലെ വീരനായകന്‍ ജീവിതത്തിന്‍റെ പുസ്തകത്തില്‍നിന്ന് വിടവാങ്ങി




ഒരിക്കല്‍ പാഠപുസ്തകത്തില്‍നിന്ന് നാമൊക്കെ ഉരുവിട്ടു പഠിച്ച ആ പേരും ജീവിതത്തിന്‍റെ പുസ്തകത്തില്‍നിന്ന് വിടവാങ്ങി. ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ മനുഷ്യന്‍ നീല്‍ ആംസ്ട്രോംഗ്(82) അമേരിക്കയിലെ വാഷിംഗ്ടണില്‍ അന്തരിച്ചു.  ഈ മാസം ആദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി: 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.

അമേരിക്കയിലെ ഒഹിയോയില്‍ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്‌ട്രോംഗ് 16മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു.

Friday, August 24, 2012

തലമുറകളുടെ ഡോക്ടര്‍ക്ക് നെടുംകുന്നത്തിന്‍റെ ആദരം നാളെ



സ്ത്യുത്യര്‍ഹ സേവനത്തിന്‍റെ പാതയില്‍ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുതിര്‍ന്ന ഹോമിയോ ചികിത്സകന്‍                       ഡോ. സി.ഡി. തോമസ് ചെത്തിപ്പുഴയെ(ഡോക്ടര്‍ തോമാച്ചായന്‍) നെടുംകുന്നം പൗരാവലി നാളെ (ഓഗസ്റ്റ് 26, 2012) ആദരിക്കും. നെടുംകുന്നത്തും സമീപ മേഖലകളിലും തലമുറകളുടെ  ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന  82-കാരനായ ഡോ. തോമസ് സാമൂഹിക, ആധ്യാത്മിക മേഖലകളിലും നിറസ്സാനിധ്യമാണ്. 

   നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്  സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂള്‍ ഹാളില്‍ നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനംചെയ്യും.  ആതുരസേവാസംഘം സെക്രട്ടറി ഡോ. വി.ജി. കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. 

    നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി വികാരി ഫാ. മാത്യു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം മറിയാമ്മ ജോര്‍ജ്,  ഭഗവതി ദേവസ്വം പ്രസിഡന്‍റ് ടി.സി. ബാലകൃഷ്ണന്‍നായര്‍, ജുമാഅത്ത് പ്രസിഡന്‍റ്   പി.എം. സെയ്ദ് മുഹമ്മദ് റാവുത്തര്‍, എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം                           എം.വി വിശ്വനാഥന്‍, കോണ്‍ഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്‍റ്  ജോ തോമസ് പായിക്കാട്ട്, സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി എ.കെ. ബാബു, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്‍റ്  പി.ജെ. ജോണ്‍ പടിഞ്ഞാറേമുറിയില്‍,  സി.പി.ഐ ലോക്കല്‍ സെക്രട്ടറി അജി കാരുവാക്കല്‍,  മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം സി.ടി. മജീദ് റാവുത്തര്‍,                            ബി.ജെ.പി നെടുംകുന്നം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റ്  കെ.സി. സുരേഷ്,  മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്‌കറിയ തോമസ് ആനിക്കുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 


ഡോ. സിബി കുര്യന്‍ സ്വാഗതവും നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡ ന്‍റ്  റെജി പോത്തന്‍ നന്ദിയും പറയും. സംഘടനകളും വ്യക്തികളും ഡോ. തോമസിനെ ആദരിക്കും. ജിജോ ജോണ്‍ നെച്ചികാട്ടും സംഘവും സ്വാഗതഗാനം അവതരിപ്പിക്കും. ഡോ. തോമസ് മറുപടി പ്രസംഗം നടത്തും.



കുറമ്പനാടം ചെത്തിപ്പുഴ ദേവസ്യ-മറിയം ദമ്പതികളുടെ മകനായ സി.ഡി. തോമസ്  പെരുമ്പനച്ചി സര്‍ക്കാര്‍ സ്‌കൂള്‍, മാമ്മൂട് ഹൈസ്‌കൂള്‍, കുറമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍,  ചങ്ങനാശേരി എസ്.ബി. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ആതുരസേവനത്തിലൂടെ പൊതുപ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കുകയും  കുറിച്ചിയിലെ ആതുരാശ്രമം മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയും ചെയ്ത സ്വാമി ആതുരദാസിനു കീഴില്‍ ഹോമിയോ ചികിത്സ അഭ്യസിച്ചു.

   നെടുംകുന്നത്ത് ബന്ധുക്കള്‍ ഉണ്ടായിരുന്നതും  അക്കാലത്ത് ആതുരാശ്രമത്തില്‍ ചികിത്സക്കെത്തിയിരുന്ന ഇന്നാട്ടുകാരനായ മരുതിക്കുഴി ഔതച്ചേട്ടന്റെയും കുടുബത്തിന്റെയും പ്രോത്സാഹനവുമാണ് ഇവിടെ ചികിത്സാകേന്ദ്രം തുടങ്ങാന്‍ പ്രചോദനമായതെന്ന് ഡോ. തോമസ് അനുസ്മരിക്കുന്നു. വളരെ പെട്ടൈന്നുതന്നെ ജനകീയ ചികിത്സകന്‍ എന്ന ഖ്യാതി ഡോ. തോമസ് സ്വന്തമാക്കി. നെടുംകുന്നത്തിനു പുറത്തുനിന്നും ഇദ്ദേഹത്തിന്‍റെ ചികിത്സ തേടി ആളുകളെത്തിയിരുന്നു. ദൂരക്കൂടുതലും പ്രതികൂല കാലാവസ്ഥയുമൊക്കെ അവഗണിച്ച് വീടുകളിലെത്തിയും ഡോ. തോമസ് ചികിത്സ നല്‍കി.


  ഹോമിയോ ചികിത്സയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പള്ളിപ്പടിയിലെ ഡിസ്‌പെന്‍സറി കേന്ദ്രീകരിച്ച് ഇദ്ദേഹം ഇന്നും ചികിത്സ തുടരുന്നത്. നെടുംകുന്നത്ത് എത്താനും ഇക്കാലമത്രയും ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കാനും സാധിച്ചത് ഈശ്വരാനുഗ്രഹംകൊണ്ടു മാത്രമാണെന്ന് അദ്ദേഹം പറയുന്നു. ''ജാതിമത ഭേദമില്ലാതെ എല്ലാ വിഭാഗം ആളുകളെയും സേവിക്കാന്‍ എനിക്കു കഴിഞ്ഞു. നാട്ടുകാര്‍ ഏറെ സ്‌നേഹവും കരുതലും നല്‍കി. ഇപ്പോള്‍ നാടിന്‍റെ ആദരവ് ഏറ്റുവാങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദിയര്‍പ്പിക്കുന്നു''-അദ്ദേഹം പറഞ്ഞു. കുറിച്ചി ആതുരാശ്രമത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലും നെടുംകുന്നം പഞ്ചായത്തിലെ വര്‍ക്ക് ഗ്രൂപ്പിലും അംഗമായ ഇദ്ദേഹം  നെടുംകുന്നം ഇടവകയിലെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമറിയിക്കുന്നു.  ഡോ. തോമസിന്‍റെ  രണ്ടു മക്കളും മരുമക്കളും ഹോമിയോപ്പതി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 


  ചങ്ങനാശേരി പറാശേരി കുടുംബാംഗമായ റോസമ്മയാണ് ഡോ. തോമസിന്റെ ഭാര്യ. മക്കള്‍:ഡോ. ആലീസ്(മംഗലാപുരം), ഡോ. തോമസ് ജോണ്‍(രാജു), ആനിയമ്മ(ചങ്ങനാശേരി), ടെസി, ലൂസി(യു.കെ), മെര്‍ലിന്‍.  മരുമക്കള്‍:ഡോ. സണ്ണി മാത്യു (ഫാദര്‍ മുള്ളേഴ്‌സ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ്, മംഗലാപുരം),  ഡോ. കൊച്ചുറാണി. പരേതനായ ടോമിച്ചന്‍ മൈലന്തറ ഈര, തങ്കച്ചന്‍ പറപ്പള്ളി ഇരുപതില്‍ പെരുമ്പനച്ചി, സാജു കടന്തോട്ട് ചങ്ങനാശേരി,തോമസ് വാക്കയില്‍ ചെങ്ങരൂര്‍.


ഓണാഘോഷം നടത്തി




നെടുംകുന്നം മദര്‍ തെരേസാസ് ഹോമില്‍ ഓണാഘോഷം നടത്തി. ഡയറക്ടര്‍ ഫാ. ആന്റണി മണ്ണാര്‍കുളം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജയിംസ് പഴയമഠം, റെന്‍സോയി ജോസ്, ജോബിന്‍ ജോസഫ് ജോഷി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നെടുംകുന്നം  സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ പറപ്പള്ളി ഉദ്ഘാടനം ചെയ്തു. നെടുംകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്റണി, പിടിഎ പ്രസിഡന്റ് ഇ.വി. തോമസ്, പി.എസ്. റെജിമോന്‍, കുര്യന്‍, ഷൈരാജ് വര്‍ഗീസ്, പി.ജെ. ആന്റണി, ജോണ്‍സണ്‍ പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന സംഘം നെടുംകുന്നത്ത്

 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു മറിച്ചുവില്‍ക്കുന്ന സംഘം നെടുംകുന്നത്ത് സജീവമെന്ന് സൂചന. നിസാര വിലയ്ക്ക് മൊബൈല്‍ ഫോണുകള്‍ ലഭിക്കുമെന്നറിഞ്ഞു നെടുംകുന്നത്തെ ഒരു സര്‍വീസ് കേന്ദ്രത്തില്‍ തിരക്കേറിയതോടെയാണ് നാട്ടുകാരില്‍ സംശയം ബലപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷണം പോയെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളിലേക്കു വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് മെസേജാണ് ലഭിക്കുന്നത്. ഫോണിലെ സിം കാര്‍ഡുകള്‍ നശിപ്പിക്കുകയാണു പതിവ്. മോഷ്ടാവും വില്‍പ്പനക്കാരനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു സെക്കന്‍ഡ് ഹാന്‍ഡ് സെറ്റുകളുടെ വില്‍പ്പന തഴച്ചുവളരുന്നതിനു പിന്നില്‍.


(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക)



പഞ്ചായത്ത് കോന്പൗണ്ടില്‍ ഓണച്ചന്ത ഇന്നുമുതല്‍


നെടുംകുന്നം പഞ്ചായത്തിന്‍റെയും കുടുംബശ്രീ സി.ഡി.എസിന്‍റെയും ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത ഇന്നുമുതല്‍ 28വരെ നെടുംകുന്നം പഞ്ചായത്ത് കോംപൗണ്ടില്‍ പ്രത്യേകം തയാറാക്കിയ സ്റ്റാളില്‍ പ്രവര്‍ത്തിക്കും. 
പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ ഉദ്ഘാടനംചെയ്യും. വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആദ്യ വില്‍പ്പന ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ് നിര്‍വഹിക്കും. 

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls