Saturday, August 18, 2012

നെടുംകുന്നത്തെ അരയാല്‍ സംരക്ഷിക്കുമെന്ന് എം.എല്‍.എ



ഭാരത സ്വാതന്ത്ര്യത്തിന്‍റെ സ്മരണയ്ക്കായി നെടുംകുന്നത്തെ ദേശസ്‌നേഹികളും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് നട്ട ആല്‍മരം സംരക്ഷിക്കുമെന്ന് ഡോ.എന്‍.ജയരാജ് എംഎല്‍എ അറിയിച്ചു. 

ആറര പതിറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന അരയാല്‍ മുത്തച്ഛനെ അധികൃതര്‍ അവഗണിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആല്‍മരം സംരക്ഷിക്കാന്‍ നടപടിയായത്. 

ആല്‍ത്തറ പുനര്‍നിര്‍മിക്കുന്നതിനും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുമുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് ഡോ.എന്‍.ജയരാജ് എംഎല്‍എ അറിയിച്ചു.

ആദ്യ സ്വാതന്ത്ര്യദിനത്തിന്‍റെ സായംസന്ധ്യയില്‍ നെടുംകുന്നത്തെ സ്വാതന്ത്ര്യസമരസേനാനികളും സ്വാതന്ത്ര്യകാംക്ഷികളും ചേലക്കൊമ്പില്‍ നിന്നും ജാഥിയായി എത്തിയാണ് നെടുംകുന്നം മാര്‍ക്കറ്റില്‍ അരയാല്‍ നട്ടത്. 

അഞ്ഞൂറില്‍പരം ആളുകളാണ് അന്ന് ഈ ചടങ്ങിന് സാക്ഷികളായത്. വാഴൂവേലില്‍ ഗോപാലപിള്ള, കുറുപ്പന്‍പറമ്പില്‍ രാമന്‍, ചമ്പന്നൂര്‍ ഔസേപ്പച്ചന്‍ തുടങ്ങിയവരാണ് ആല്‍മരം നട്ട് സ്വാതന്ത്ര്യദിന സ്മരണങ്ങള്‍ ശ്വാശ്വതീകരിച്ചത്. ആലിന്‍റെ ചരിത്ര സ്മരണകള്‍ വരും തലമുറയ്ക്കായി നിലനിര്‍ത്താനാണ് ഇത് ശാസ്ത്രീയമായി സംരക്ഷിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls