Friday, August 10, 2012

പാമ്പാടിയിലെ മോഷണപരമ്പരയ്ക്കു പിന്നില്‍ പ്രഫഷണല്‍ മോഷ്ടാക്കളെന്ന് സൂചന



കോട്ടയം: പാമ്പാടി കുന്നേല്‍പാലം-ഓര്‍വയര്‍ റൂട്ടില്‍ പൊയ്യക്കര ഭാഗത്തുനടന്ന മോഷണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തമിഴ് മോഷ്ടാക്കളാണെന്നു സംശയിക്കുന്നു. 

ബുധനാഴ്ച രാത്രിയില്‍ നടന്ന മോഷണങ്ങളില്‍ രണ്ടു വീടുകളില്‍നിന്നായി അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയിരുന്നു. നാലു വീടുകളില്‍ മോഷണശ്രമവും നടന്നു. ആറു വീടുകളില്‍ കയറിയിട്ടും പ്രതികളുടെ വിരലടയാളം എങ്ങും പതിഞ്ഞിട്ടില്ല. പോലീസ് ഇന്നലെ എല്ലാ വീടുകളിലും എത്തി പരിശോധന നടത്തിയെങ്കിലും വിരലടയാളം ഒന്നും ലഭിച്ചില്ല. ഇതില്‍നിന്നു പ്രഫഷണല്‍ മോഷ്ടാക്കളാണു മോഷണത്തിനു പിന്നിലെന്നു വ്യക്തമായെന്നു പാമ്പാടി എസ്‌ഐ ശ്രീജിത്ത് പറഞ്ഞു. 

മിക്കവാറും വീടുകളുടെ അടുക്കളവാതില്‍ ചെറിയ സാക്ഷ ഉപയോഗിച്ച് ബന്ധിച്ചതാണ്. ഇതു മനസിലാക്കിയാണു മോഷ്ടാക്കള്‍ കയറിയത്. മോഷ്ടാക്കള്‍ നേരത്തേ ഇവിടെയെത്തി വീടുകള്‍ നോക്കിവച്ചിരിക്കാനും സാധ്യതയുണെ്ടന്നു പോലീസ് പറഞ്ഞു.

കന്നേല്‍പാലം വാഴയില്‍ വി.യു. മത്തായിയുടെ ഭാര്യ മറിയാമ്മ (64), സമീപത്തെ പൊയ്യക്കര അശോക് കുമാറിന്റെ ഭാര്യ അനില എന്നിവരുടെ മാലകളാണു കള്ളന്‍ തട്ടിയെടുത്തത്. മറിയാമ്മയുടെ നാലു പവനും അനിലയുടെ ഒന്നര പവന്‍ മാലയുമാണു മോഷ്ടിച്ചത്. ഇരുവരും ഉറങ്ങിക്കിടക്കുമ്പോള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 

കുന്നേല്‍ അനിയന്‍, അമ്പഴത്തിനാല്‍ സോമശേഖരന്‍, പൊയ്യക്കര അജിത്കുമാര്‍, വെള്ളംകുളം രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകളിലെത്തിയെങ്കിലും മോഷ്ടിക്കാന്‍ സാധിച്ചില്ല. ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ കള്ളന്‍മാര്‍ രക്ഷപ്പെടുകയായിരുന്നു. 

പുലര്‍ച്ചെ ഒരു മണിക്കാണ് ആദ്യത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്. അരമണിക്കൂര്‍ കഴിഞ്ഞ് അടുത്ത വീട്ടിലെത്തി. പിന്നീട് ഒന്നര മണിക്കൂറിനുശേഷം കറുകച്ചാലില്‍ എത്തിയതും ഇതേ മോഷണസംഘമാണെന്നു കരുതുന്നതായി പോലീസ് പറയുന്നു. അവിടെയും അടുക്കളയുടെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നിരിക്കുന്നത്. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

(വാര്‍ത്ത-ദീപിക)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls