Friday, December 20, 2013

ക്രിസ്മസിന്‍റെ താരമായി ശശിലൈറ്റ്


ഷിവാസ് റീഗല്‍ സ്‌കോച്ച് വിസ്‌കിയടിക്കാന്‍ ആശിക്കും. പോക്കറ്റിന്റെ സെറ്റപ്പ് അതിന് സമ്മതിക്കാത്തപ്പം എന്നാ ചെയ്യും? കൂതറ സല്‍സയടിച്ച് ആശ തീര്‍ക്കും അത്രതന്നെ!. ക്രിസ്മസിന് നാലു ദിവസംകൂടി നീണ്ടുനെവര്‍ന്ന് കെടക്കുമ്പം സെറ്റപ്പിന്റെ കാര്യവല്ല പറഞ്ഞുവരുന്നേ. അതു വെറുതെ ഒന്നു ഉദാഹരിച്ചതാ.

ചെറിയൊരു തൊളേന്ന് ഒരുപാടു ദൂരം കളര്‍വെട്ടം എത്തിക്കുന്ന ലേസര്‍ ലൈറ്റ് എല്ലാര്‍ക്കും  ഇഷ്ടവാണ്. അതേലൊരെണ്ണം ഒണ്ടാരുന്നേല്‍ ക്രിസ്മസിന്റെ അലങ്കാരത്തിനും അഹങ്കാരത്തിനും ഒരു ഗുമ്മായേനേന്ന് ആശിക്കാത്തോര് കുറവാണ്. പക്ഷെ ആശിക്കുന്നോര്‍ക്കെല്ലാം സാധനം വാങ്ങാമ്പറ്റത്തില്ല. കാരണം വെല ആയിരത്തിനു മോളിലാണ്. അതുകൊണ്ടുതന്നെ അത്യാവശ്യം സെറ്റപ്പു പാര്‍ട്ടികള് പ്രത്യേകിച്ചും ഫോറിങ്കാരാണ് ഈ സാധനം വച്ച് ഷോ കാണിച്ചോണ്ടിരുന്നത്. 

 അങ്ങനെയിരിക്കുമ്പാണ് ലേസര്‍ ലൈറ്റ് എന്ന ഷിവാസ് വാങ്ങാന്‍ പാങ്ങിലാത്തോര്‍ക്കുവേണ്ടി ചൈനേലെ സഖാക്കള് ഒരു സല്‍സ കളത്തിലിറക്കിയത്. വെല നൂറ്റമ്പതു രൂപ മാത്രം. ഒറ്റ നോട്ടത്തില് സംഗതി ഒരു ബള്‍ബാണ്. ഹോള്‍ഡറിലിട്ട് സുച്ചിട്ടാ പല നെറത്തില്‍ വെട്ടം വരും. ബള്‍ബിന്റെ അറ്റത്തൊരു ഭാഗം വട്ടത്തി കറങ്ങുകേം ചെയ്യും. ഇതിന്റെ അകത്തെ  മൂന്നു കളറിലൊള്ള എല്‍.ഇ.ഡി ബള്‍ബുകടെ വെട്ടം കറങ്ങിക്കോണ്ടിരിക്കുന്ന ഗ്ലാസീക്കുടെ പൊറത്തുവരുമ്പം പല നെറത്തിലൊള്ള വട്ടോം ചതുരോം ഷഡ്‌ജോമൊക്കെ പൊറത്തുകാണാം. സംഗതി സെറ്റപ്പ്!

എന്നുവച്ച്  ലേസര്‍ ലൈറ്റുവായിട്ടു വച്ചു നോക്കുമ്പം ഈ സാധനം ഒന്നുവല്ല. സല്‍സ എത്ര വാറ്റിയാലും ഷിവാസാവില്ലല്ലോ. എന്തായാലും പണ്ട് ഷക്കീലേ കാണാന്‍ തിയേറ്ററിപ്പോയിട്ട് സജിനിയേം മറിയേം സിന്ധൂനേം രേഷ്‌മേമൊക്കെ കണ്ട് ആശ്വസിച്ചോരാ നമ്മള് സാദാ മല്ലൂസ്. പിന്നാ ഇത്.



സാധനത്തിന്റെ പേര് ലിയോ മിനി പാര്‍ട്ടി ലൈറ്റ്! പോരാത്തതിന് ഒരു കോഡു നമ്പരുവൊണ്ട്-എല്‍വൈ 399. മറ്റു പല മൊതലുകടേം കാര്യം പോലെ  ഇതിന്റേം കമ്പനി ചൈന ജംഗ്ഷനിത്തന്നെയായിരിക്കും. അതുകൊണ്ടാന്നു തോന്നുന്നു, പ്രത്യേകിച്ചൊരു അഡ്രസൊ വെബ്‌സൈറ്റ് വിലാസോവോ ഒന്നും കവറിന്റെ പൊറത്തില്ല. പക്ഷെ, Patent products, counterfeiting not allowed  എന്ന് പ്രത്യേകം എഴുതിട്ടൊണ്ട്. 

  ഏതായാലും നമ്മടെ നാട്ടില് ഇത്തവണ ഇതില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്ന വീടുതകള് കൊറവാ. പലേടത്തും ബീവറേജസ് ഷാപ്പുകളുടെ പരിസരത്താരുന്നു കച്ചോടം.  സാധനം ജനകീയമായതും അങ്ങനെയാന്നു തോന്നുന്നു. ചെലര് ഈ ലൈറ്റ് വീട്ടിന്ന് പുറത്തേക്കും ചെലര് പുറത്തൂന്ന് വീടിന്റെ ഭിത്തിയേലേക്കും മറ്റു ചെലര് ക്രിസ്മസ് ട്രീയേലേക്കുമൊക്കെ ഫോക്കസ് ചെയ്തു വച്ചിരിക്കുന്നു.

 ക്രിസ്മസ് പ്രമാണിച്ച് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രോം അങ്ങനെ പലതുമൊണ്ടേലും ഈ അടുത്ത കാലത്തൊന്നും ക്രിസ്മസിന് ഒരേ സാധനംതന്നെ ഇത്രയേറെ വീടുകളില്‍ കണ്ടിട്ടില്ല. മൂന്നാല് ആഴ്ച്ച മുമ്പ് ആദ്യംതന്നെ സാധനം വാങ്ങി വെറൈറ്റിയാക്കാന്‍ ശ്രമിച്ചോര് ഇപ്പം ശശിമാരായി!. അതുകൊണ്ടുതന്നെ ഈ സാധനത്തിന് ശശിലൈറ്റ് എന്ന ഓമനപ്പേരും വീണു. 

ഏതായാലും ഒരാഴ്ച്ച കഴിയുമ്പോ ആശാന്റെ പിക്കപ്പ് കൊറഞ്ഞ് കറക്കം മന്ദഗതിയിലായതായി റിപ്പോര്‍ട്ടൊണ്ട്. എന്തായാലെന്നാ നൂറ്റമ്പത് രൂപേടെ മൊടക്കല്ലേയൊള്ളൂ. ഇനീം മേടിക്കാത്തോര് വൈകിക്കണ്ട. പക്ഷെ, ഇനിയിപ്പം ശശിലൈറ്റ് എവിടേലും കിട്ടുവോന്നു സംശയവാ.

മുതിരമലയില്‍ നാരായണന്‍നായര്‍ നിര്യാതനായി



നെടുംകുന്നം മുതിരമലയില്‍ എം.പി. നാരായണന്‍നായര്‍ (തന്പുരാന്‍-73) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. 

ഭാര്യ-മാന്താനം പുഷ്പകശേരി കുടുംബാംഗം രാജമ്മ. 

മക്കള്‍-അനുപമ, അജിത് മുതിരമല(നെടുംകുന്നം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, യൂത്ത് ഫ്രണ്ട് -എം കാഞ്ഞിരപ്പള്ളി നിയോജകമണ്ധലം പ്രസിഡന്‍റ്), ആരതി, മരുമക്കള്‍-അശോക് കുമാര്‍ പോന്നള്ളില്‍ പൊന്‍കുന്നം, അജിത് തേരുംപുറത്ത് ഭരണങ്ങാനം, സന്ധ്യാമോള്‍ പുത്തന്‍പുരയ്ക്കല്‍ ഏറത്തുവടകര. 

Thursday, December 19, 2013

പള്ളിക്കല്‍ സ്കൂളിലെ 90 എസ്.എസ്.എല്‍.സി ബാച്ചിന്‍റെ സംഗമം ഡിസംബര്‍ 26ന്



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്കൂളിലെ 1990എസ്.എല്‍.സി ബാച്ചിന്‍റെയും അധ്യാപകരുടെയും കൂട്ടായ്മ ഡിസംബര്‍ 26ന് സ്കൂള്‍ ഹാളില്‍ നടക്കും. അന്നത്തെ ഹെഡ്മാസ്റ്റര്‍ പി.ജെ. ജോസഫ് ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ അധ്യാപകരെ ആദരിക്കും. വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ ബാച്ചിലെ ഭൂരിഭാഗം പേരെയും ഇതിനോടകം കൂട്ടായ്മ സംബന്ധിച്ച്  അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 9447145098 എന്ന മൊബൈല്‍ നന്പരില്‍ ബന്ധപ്പെടണമെന്നും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ചങ്ങനാശേരി എസ്.ബി. കോളേജിലെ സീനിയര്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ടോംലാല്‍ ജോസ് അറിയിച്ചു. 

Wednesday, December 18, 2013

പള്ളിപ്പടിക്കടുത്തുള്ള പാറമടയ്ക്ക് നിരോധനം

വാര്‍ത്ത മലയാള മനോരമ(ഡിസംബര്‍ 19,2013)

പാറമടകള്‍ക്കെതിരെ പരിസര വാസികളുടെയും വഴിയാത്രക്കാരുടെയും പ്രതിഷേധം വ്യാപകമാകുന്നതിനിടയില്‍ നെടുംകുന്നത്തെ ഒരു പാറമടയുടെ പ്രവര്‍ത്തനത്തിനു നിരോധനം. പള്ളിപ്പടിക്ക് സമീപം കാവനാല്‍കടവ് റോഡരികിലുള്ള മടയിലെ ഖനന പ്രവര്‍ത്തനങ്ങളാണ് ഖനനഭൂവിജ്ഞാന വകുപ്പ് ജില്ലാ ഓഫിസ് തടഞ്ഞത്. 

സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മടയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നേരത്തെ വകുപ്പിനും ജില്ലാ കലക്ടര്‍ക്കും സുതാര്യ കേരളം ജില്ലാ സെല്ലിലും പരാതി നല്‍കിയിരുന്നു. സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ ഉണ്ടാവുകയും ജലാശയങ്ങള്‍ മലിനമാവുകയും ആളുകള്‍ക്ക് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പാറമടയ്‌ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. 

പാറമടക്ക് ഈ മാസം പത്ത് വരെയാണ് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഖനനം അനുവദിച്ചിരുന്ന സ്ഥലത്തിന്റെ ആഴം ഇരുപതടിയിലേറെ ആയതായും പരാതികാരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പരിശോധനയില്‍ സ്ഥിരീകരിച്ചതായും ഖനനഭൂവിജ്ഞാന വകുപ്പിന്‍റെ നിരോധനം സംബന്ധിച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 നാല് സ്‌കൂളുകളും ബിഎഡ് കോളജും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ഒന്നര കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഏഴ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പല മടകള്‍ക്കെതിരെയും പരാതികള്‍ ഉണ്ട്. വീതി കുറഞ്ഞ പള്ളിപ്പടി-കുളങ്ങര റോഡിലെ രണ്ട് മടകളിലേക്കും തിരിച്ചും ഉള്ള ടിപ്പര്‍ ലോറികളുടെ പാച്ചില്‍ റോഡരുകില്‍ താമസിക്കുന്നവരുടെ സ്വൈര്യ ജീവിതത്തിനും ഭീഷണിയാണെന്ന് ആക്ഷേപമുണ്ട്.

Tuesday, December 17, 2013

വടക്കന്‍ ജോസുചേട്ടന്‍ നിര്യാതനായി


മികവാര്‍ന്ന കരിമരുന്ന് കലാപ്രകടനങ്ങളിലൂടെ നെടുംകുന്നംകാര്‍ക്ക് പ്രിയങ്കരനായ മാന്തുരുത്തി തുണ്ടിയില്‍ തോമസ് കുര്യാക്കോസ്(വടക്കന്‍ ജോസുചേട്ടന്‍ -60) ഇന്ന് നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച(ഡിസംബര്‍ 19) രാവിലെ പത്തിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തിരേയില്‍.


ഭാര്യ അമ്മിണി കുമളി കുന്പിയില്‍ കുടുംബാംഗമാണ്. മക്കള്‍-ജെസി, ജിസ, ജിജി, ജിക്കി, ജീന. മരുമക്കള്‍-മോനിച്ചന്‍(കൊച്ചറ), അജിത്ത്(തിരുവനന്തപുരം), ലാലു(കാഞ്ചിയാര്‍). 


നെടുംകുന്നത്തെയും സമീപ മേഖലകളിലെയും ആരാധനാലയങ്ങളിലെ ഉത്സവങ്ങളോടും തിരുന്നാളുകളോടുമനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങളില്‍ എന്നും സാന്നിധ്യമറിയിച്ചിരുന്ന ഇദ്ദേഹം വിദൂര ദേശങ്ങളിലും നിരവരിധി കരിമരുന്ന് കലാപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 


നാട്ടുകാര്‍ക്കൊപ്പം നെടുംകുന്നം നാട്ടുവിശേഷവും ജോസുചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. 

Thursday, December 5, 2013

കാട്ടുപറന്പില്‍ പെണ്ണമ്മയുടെ സംസ്കാരം നാളെ


കഴിഞ്ഞ ദിവസം നിര്യാതയായ നെടുംകുന്നം കാട്ടുപറന്പില്‍ ജോസ് വര്‍ഗീസിന്‍റെ(ജോസ്മോന്‍) ഭാര്യ റോസ് ജോസി(പെണ്ണമ്മ-68)ന്‍റെ സംസ്കാര ശുശ്രൂഷ  നാളെ(ഡിസംബര്‍ ആറ് വെള്ളി) രാവിലെ 11ന് വീട്ടില്‍ ആരംഭിക്കും. നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയിലാണ് സംസ്കാരം. 


നെടുംകുന്നം പുത്തന്‍പറന്പില്‍ കുടുംബാംഗമായ പരേത ദുബായ് ഷേക്ക് റഷീദ് ആശുപത്രിയില്‍ ജോലിചെയ്തിരുന്നു. 

മക്കള്‍ഃജെസ് മെരിറ്റ ജോസ് (ദുബായ്), ജെസിന്‍ റോസ് ജോസ്(ഡാര്‍ജിലിംഗ്).

Tuesday, December 3, 2013

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു സായാഹ്നം; താരങ്ങളായി ജിജനും അയ്യപ്പദാസും






ഡിസംബറിന്‍റെ വരവറിയിച്ച് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍.. എന്ന പാട്ടോടെയായിരുന്നു തുടക്കം. തുടര്‍ന്ന് 'വേലായുധം' എന്ന വിജയ് ചിത്രത്തിലെ ശൊന്നാ പുരിയാത്.. എന്ന പാട്ട് വരാനിരിക്കുന്ന ആഘോഷത്തിന്‍റെ ടെസ്റ്റ് ഡോസായി. 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ തു ബഡി മാഷാ..യില്‍ ആസ്വാദകര്‍ ലയിക്കുന്നതാണ് പിന്നീട് കണ്ടത്. അയാം എ ഡിസ്‌കോ ഡാന്‍സര്‍ മുഴങ്ങിയതോടെ ഒരുവശത്ത് ചെറുപ്പക്കാര്‍ ആവേശച്ചുവടുവച്ചു.   അവരുടെ ആവേശം വാനോളമുയര്‍ത്തിയ കലാഭവന്‍മണിയുടെ ഗാനങ്ങളടങ്ങിയ ചെയിന്‍ സോംഗിലായിരുന്നു കൊട്ടിക്കലാശം.

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ കൊടിയിറക്ക് തിരുന്നാളിനോനുബന്ധിച്ച് പള്ളി ഓഡിറ്റോറിയത്തില്‍ സി.വൈ.എം.എ അവതരിപ്പിച്ച ഗാനമേളയാണ് സദസ്സിന് വേറിട്ട വിരുന്നായത്. സംഗീത രംഗത്ത് നെടുംകുന്നത്തിന്‍റെ അഭിമാനതാരങ്ങളിലൊരാളായ ജിജന്‍ ജെ. നെച്ചികാട്ടും (ജെറ്റോ) നിരവധി ഗാനമേള ട്രൂപ്പുകളില്‍ സജീവ സാന്നിധ്യമായ അയ്യപ്പദാസുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഇപ്പോള്‍ ഗുഡ്‌ന്യൂസ് ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലെ താരങ്ങളിലൊരാളായ ജിജന്‍ യഹൂദിയായിലെ എന്ന ഗാനവും തു ബഡി മാഷാ അള്ളായുമാണ് ആലപിച്ചത്. സദസ്സിനെ ത്രസിപ്പിച്ച ഫാസ്റ്റ് നമ്പരുകള്‍ അയ്യപ്പദാസിന്റെ വകയായിരുന്നു.

പാട്ടുകള്‍ കേട്ട് ഗായകരുടെ മികവ് തിരിച്ചറിഞ്ഞവരും മൈതാനത്തുനിന്ന് ഓഡിറ്റോയിത്തിലേക്കൊഴുകിയെത്തി. കൊച്ചുകുട്ടികള്‍വരെ കയ്യടിയും നൃത്തച്ചുവടുകളുമായി ഗാനമേള ആഘോഷമാക്കിമാറ്റി.


കൊടിയിറക്ക് തിരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ വിവിധ സംഘടനകള്‍ അവതരിപ്പിച്ച കലാപരിപാടികളാണ് അരങ്ങേറിയത്. സി.വൈ.എം.എയുടെ ഗാനമേളയ്ക്കുപുറമെ മാതൃജ്യോതിസ്-പിതൃവേദി അവതരിപ്പിച്ച നാടകവും വേറിട്ടുനിന്നു. മാത്തുക്കുട്ടി ചേന്നാത്ത്, ടോമി ചെറിയാന്‍ വടക്കുംമുറിയില്‍, ആന്‍സി ചേന്നോത്ത്, സോജന്‍ പുതുപ്പറമ്പില്‍, ഡെയ്‌സി പുതുപ്പറന്പില്‍, ജോണ്‍സി കാട്ടൂര്‍, ടെസി, കൊച്ചുമോള്‍ തുടങ്ങിയവരായിരുന്നു വേദിയില്‍

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും മറ്റ് സംഘടനാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.

ഐക്കുളത്ത് ഏലിയാമ്മയുടെ സംസ്കാരം നാളെ(ഡിസംബര്‍ 4)

കഴിഞ്ഞ ദിവസം നിര്യാതയായ നെടുംകുന്നം ഐക്കുളത്ത് പരേതനായ കുഞ്ഞച്ചന്‍റെ  ഭാര്യ ഏലിയാമ്മ(മേരിക്കുട്ടി-84)യുടെ സംസ്കാരം നാളെ(ഡിസംബര്‍ നാല്) നടക്കും.

 ഉച്ചകഴി‍ഞ്ഞ് രണ്ടിന് മകന്‍ ജോര്‍ജുകുട്ടിയുടെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും. പായിപ്പാട് കിങ്ങണംചിറ പീടികയില്‍ കുടുംബാംഗമാണ്. 


മറ്റുമക്കള്‍: ദൊമ്മിനിച്ചന്‍, ആന്റപ്പന്‍ (മുംബൈ), പരേതനായ ജയിംസുകുട്ടി. മരുമക്കള്‍: അമ്മിണിക്കുട്ടി (നെടുംകുന്നം ഗ്രാമപഞ്ചായത്തംഗം), ലൂസിയാമ്മ, ജോയിസ്, ലില്ലിക്കുട്ടി (ഇരുവരും മുംബൈ).


Sunday, December 1, 2013

കുലുക്കി സര്‍ബത്ത് കലക്കി; കുലുക്കം മാറാതെ നെടുംകുന്നം



ഇത്തവണ നമ്മടെ പള്ളിപ്പെരുന്നാളിന്‍റെ ഒരു സ്പെഷ്യല്‍ ഐറ്റവാരുന്നു കുലുക്കി സര്‍ബത്ത്. കാവുന്നട പ്രദക്ഷിണത്തിന്‍റന്നും പെരുന്നാളിന്‍റന്നും കൊച്ചുപള്ളീടെ പരിസരത്താരുന്നു കച്ചോടം. പെരുന്നാളല്ലേ, എന്തെങ്കിലും ഒരു വെറൈറ്റി വേണ്ടേന്നു വിചാരിച്ചാണ് പലരും കുടിച്ചത്. ആദ്യം കുടിച്ചോര്‍ക്ക് ടേസ്റ്റ് പിടിച്ചു. പിന്നെ പറയണോ? പെരുന്നാപ്പറന്പില് കുലുക്കി സര്‍ബത്ത് സൂപ്പര്‍ഹിറ്റായി. സര്‍ബത്ത് കുലുക്കി, കച്ചോടക്കാരടെ കൈ കഴച്ചു. പെട്ടി നിറയെ കാശും വീണു.

ഇത്രേം പറഞ്ഞപ്പം കുലുക്കി സര്‍ബത്ത് എന്നാ കോപ്പാണെന്ന നിങ്ങക്ക് സംശയം തോന്നും.

ഞങ്ങള് ഇന്‍റര്‍നെറ്റില്‍ തപ്പിയപ്പം കിട്ടിയ വിവരം ഇങ്ങനാണ്- നാരങ്ങ ഗ്ലാസ്സിലേക്ക്‌ പിഴിഞ്ഞ് അതിന്‍റെ തൊണ്ട് ഗ്ലാസില്‍തന്നെ ഇടുക. കസ്കസ്, അരച്ച മിശ്രിതം, ഇഞ്ചിനീര്, സര്‍ബത്ത് (മധുരം വേണ്ടത്ര), ഐസ്, പച്ചമുളക് എന്നിവ ഗ്ലാസ്സിലേക്ക്‌ ഇടുക. വെള്ളം ഒഴിച്ച് ഗ്ലാസ്‌ നിറക്കുക. വേറൊരു ഗ്ലാസ്‌ കൊണ്ട് ഈ ഗ്ലാസ്‌ മൂടി നന്നായി കുലുക്കുക. എന്നിട്ട് കുടിക്കുക. 

കുലുക്കുന്പം രണ്ടു ഗ്ലാസുകള്‍ക്കുള്ളില്‍ കിടന്ന് കുത്തിമറിയുന്ന സര്‍ബത്തിന്‍റെ കാര്യം ഒന്നു സങ്കല്‍പ്പിച്ചുനോക്ക്. കുടിച്ച പലരടേം വയറ്റിലെ കാര്യങ്ങള്‍ അധികം വൈകാതെ ഇങ്ങനെയായി. ചിലര്‍ വീട്ടിലേക്കോടി. ഓടാന്‍ ത്രാണിയില്ലാത്തോര് പള്ളിപ്പരിസരങ്ങളില്‍തന്നെ ഭൂതലസംപ്രേഷണം നടത്തി. നെടുംകുന്നത്തെ പല കക്കൂസുകളിലും ആഘോഷമായ പെരുന്നാള്‍ അരങ്ങേറി. നാട്ടിലെ പുലികള്‍ എളിമകൊണ്ട് നടുവളച്ചു. ഒച്ചത്തില് വര്‍ത്താനം പറയാന്‍പോയിട്ട്, കൂട്ടക്ഷരങ്ങള്‍ ഉച്ചരിക്കാന്‍പോലുമാകാതെ പാവങ്ങള്‍! ഗതികെട്ടപ്പോള്‍ മൊബൈല്‍ ഓഫാക്കാതെ ബാറ്ററി നീക്കം ചെയ്ത് പരിധിക്ക് പുറത്തായവര്‍ വേറെ. 

കുലുക്കിസര്‍ബത്തുകച്ചോടക്കാരനെ പത്തു തെറി വിളിക്കാന്‍, പിടിച്ചൊന്നു കുലുക്കാന്‍ തോന്നിയെങ്കിലും അതിനുള്ള ത്രാണി എവിടെ?. രണ്ടു ദിവസം തുടര്‍ച്ചയായി ബാറ്റിംഗ് ചെയ്ത് ചിലര്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പക്ഷെ, അതിനുകഴിയാതെ ആശുപത്രി കയറേണ്ടിവന്നവരുമുണ്ട്. കൊടിയിറക്കുവരെ പള്ളിമൈതാനത്ത് രാജാക്കന്‍മാരായി വിലസുക എന്ന സ്വപ്നം പൊലിഞ്ഞതോര്‍ത്തിട്ടും പലരും കരഞ്ഞില്ല. കരഞ്ഞാല്‍ സംഗതി വീണ്ടും പാളും.

ഏതായാലും സര്‍ബത്തുകച്ചവടക്കാരനെ അഭിനന്ദിക്കാന്‍ സര്‍ബത്തു കുടിക്കാത്ത ചെലരെ ഏര്‍പ്പാടാക്കിയെങ്കിലും നെടുംകുന്നത്തിന്‍റെ  അന്തരാളങ്ങളില്‍ കത്രീന ചുഴലിക്കാറ്റ് സൃഷ്ടിച്ച അവര്‍ പിറ്റേന്ന് നാടുവിട്ടിരുന്നു. പക്ഷെ, ഈ കത്രീന തെല്ലും ഏല്‍ക്കാത്തവരും ഉണ്ടെന്ന കാര്യം പറയാതിരിക്കാനാവില്ല. 

കുലുക്കി സര്‍ബത്ത് എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്ത് ഗൂഗിളില്‍ തപ്പുന്പം കണ്ട ഒരു വാര്‍ത്തകൂടി ഇവിടെ ചേര്‍ക്കട്ടെ-
ദേശീയപാതയോരത്ത് വ്യാപകമായി കച്ചവടം നടത്തി വരുന്ന കുലുക്കി സര്‍ബത്ത്‌ വില്‍പ്പനശാലകളില്‍ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 
കുലുക്കി സര്‍ബത്തിനും മറ്റും ഉപയോഗിക്കുന്ന ഐസ്‌ നിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഐസ് സൂക്ഷിക്കുന്ന തെര്‍മോക്കോള്‍ പെട്ടിയും വെള്ളം സൂക്ഷിക്കുന്ന കാനുകളും വൃത്തിയുള്ളവയല്ലെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങള്‍ ഉപയോഗിക്കുന്ന ഐസ്‌ എവിടെയാണ്‌ ഉല്‍പ്പാദിപ്പിക്കുന്നതെന്ന്‌ പോലും കച്ചവടക്കാര്‍ക്ക്‌ അറിയില്ലെന്ന്‌ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls