Tuesday, November 26, 2013

സ്വപ്നംപോലെ സോമന് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍; ഒപ്പം സഹായധനവും പെന്‍ഷനും




പുലര്‍ച്ചെ ഒന്നരയ്ക്ക് കോട്ടയത്തെ ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍നിന്നും മൊബൈല്‍ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ വിളി. ജീവിതപ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരുപതിനായിരം രൂപ സഹായധനവും പെന്‍ഷനും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. സംഭവിച്ചത് സ്വപ്നമല്ലെന്ന് ഉറപ്പാക്കാന്‍ സോമന് ഏതാനും മിനിറ്റ് വേണ്ടിവന്നു. 

തിങ്കളാഴ്ച്ചത്തെ രാത്രിയെക്കുറിച്ച് വിവരിക്കുമ്പോള്‍ നെടുംകുന്നം ആര്യാട്ടുകുഴി പുതുപ്പറമ്പില്‍ വി.വി. സോമന്‍റെയും ഭാര്യ അമ്മുക്കുട്ടിയുടെയും വാക്കുകള്‍ക്ക് അത്ഭുതത്തിളക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായധനത്തിനായാണ് അറുപതുകാരനായ സോമന്‍ നെടുംകുന്നത്തെ അക്ഷയകേന്ദ്രംവഴി ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചത്. 

വിശദമായ പരിശോധനകള്‍ക്കുശേഷം ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷകളില്‍ സോമന്‍റേതുമുണ്ടായിരുന്നു. കളക്‌ട്രേറ്റില്‍നിന്ന് അറിയിപ്പു ലഭിച്ചതനുസരിച്ച് ഭാര്യയ്‌ക്കൊപ്പം തിങ്കളാഴ്ച്ച രാവിലെ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ സോമന്‍ രജിസ്‌ട്രേഷന്‍ നടത്തുകയുംചെയ്തു. 

മുഖ്യമന്ത്രി ആദ്യം നേരില്‍ കാണുന്നവരുടെ പട്ടികയിലായിരുന്നെങ്കിലും പുതിയ പരാതികള്‍ സ്വീകരിക്കുന്നിടത്തെത്തിയ ഇവര്‍ കളക്‌ട്രേറ്റില്‍നിന്നുള്ള അറിയിപ്പും രജിസ്‌ട്രേഷന്‍റെ പേപ്പറും അവിടെ നല്‍കുകയായിരുന്നു. ഇക്കാര്യം വൈകി മനസ്സിലായെങ്കിലും തിരക്കിനിടെ രജിസ്‌ട്രേഷന്‍ പേപ്പര്‍ തിരിച്ചുവാങ്ങാന്‍ കഴിത്ത സാഹചര്യത്തില്‍ സഹായധനം സംബന്ധിച്ച് വലിയ പ്രതീക്ഷകളില്ലാതെ ഇവര്‍ മടങ്ങി. 

പുലര്‍ച്ചെ ഒരുമണിയോടെ പുതിയ അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ സോമന്‍റെ രജിസ്‌ട്രേഷന്‍ പേപ്പര്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍തന്നെ സോമനെ ഫോണില്‍ വിളിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു.

 മുന്‍പ് പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന സോമന്‍ ഇരുപതു വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയിലാണ്. രണ്ട് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. ഭാര്യയ്ക്ക് ലഭിക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടുന്ന ഇദ്ദേഹത്തിന് മരുന്നിനു മാത്രം പ്രതിമാസം 2500 രൂപയോളം വേണ്ടതുണ്ട്. പെന്‍ഷന്‍തുക മരുന്നുകള്‍ വാങ്ങുന്നതിന് ഉപകരിക്കുമെന്ന ആശ്വസത്തിലാണ് സോമനും അമ്മുക്കുട്ടിയും.

വാര്‍ത്തയ്ക്ക് കടപ്പാട്-http://www.prd.kerala.gov.in/news/a2013.php?tnd=5&tnn=191489&Line=Kottayam&count=2&dat=26/11/2013

Saturday, November 23, 2013

നെടുംകുന്നം പള്ളി തിരുന്നാള്‍ കൊടിയേറ്റ് ഇന്ന് വൈകിട്ട്



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ് റ്റിസ്സ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുന്നാളിന് ഇന്ന്(നവംബര്‍ 24) കൊടിയേറും. വൈകുന്നേരം നാലിന് വികാരി ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പിലാണ് കൊടികേറ്റുന്നത്. തുടര്‍ന്ന് ഫാ. ജോസഫ് പത്തിലിന്‍റെ  കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ലദീഞ്ഞും നൊവേനയും നടക്കും. 

Monday, November 18, 2013

ആദ്യഫല പെരുനാളിനു തുടക്കമായി


നെടുംകുന്നം ചേലക്കൊമ്പ് ആര്‍ച്ച്ബിഷപ് ഡോ. വി.ജെ. സ്റ്റീഫന്‍ സ്മാരക ആംഗ്ലിക്കന്‍ സഭയിലെ ആദ്യഫല പെരുനാളിനു തുടക്കമായി. ആംഗ്ലിക്കന്‍ സഭാ മലങ്കര ഭദ്രാസന ബിഷപ് ഡോ. ജോണ്‍ ജെ. കൊച്ചുപറമ്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. പ്രധാന പെരുനാള്‍ ദിനമായ ഇന്നു വൈകിട്ട് 7.30ന് ഒരുക്ക ആരാധനയും നാളെ രാവിലെ ഒന്‍പതിന് ആദ്യഫല ശേഖരണവും 10.30നു വിശുദ്ധ സംസര്‍ഗ ശുശ്രൂഷയും നടക്കും. ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ മെത്രാപ്പൊലീത്ത ഡോ. സ്റ്റീഫന്‍ വട്ടപ്പാറ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്കു 12.30ന് ആദ്യഫല ലേലം, മൂന്നിനു കൊടിയിറക്ക്, 8.30നു ഗാനമേള.

(വാര്‍ത്ത-മലയാള മനോരമ)

നെടുംകുന്നം പള്ളി-പെരുന്നാള്‍ കാഴ്ച്ചകള്‍




Sunday, November 17, 2013

ബ്ലഡി മേരി!-യെവളു പുലിയാ...

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)


ബ്ലഡി എന്ന പേരു കേക്കുമ്പഴേ പോലീസുകാരുടെ കൂടെപ്പിറപ്പായ
ഡയലോഗാണ് നമ്മടെ മനസ്സിലെത്തുക-ബ്ലഡി റാസ്‌ക്കല്‍! മേരീന്നൊള്ളത് ഈശോടെ അമ്മേടെ പേരല്ലേ? പിന്നെ ഈ ബ്ലഡി മേരിം തമ്മില് എന്തോന്ന് ബന്ധം!

ഒരു ബന്ധോമില്ലെന്ന് പറയാമ്പറ്റത്തില്ല. സൂപ്പര്‍ ഹിറ്റായ ഒരു അവിയല് മദ്യമാണ്(കോക്‌ടെയില്‍ ഡ്രിങ്ക്) ഈ ബ്ലഡി മേരി. സംഗതി ഇവിടല്ല ഹിറ്റ്. അങ്ങ് യൂറോപ്പില്. ഒള്ളതു പറഞ്ഞാ ലോകത്തിലെ ഏറ്റോം കൊണഷ്ട് പിടിച്ച(കോംപ്ലിക്കേറ്റഡ്) കോക്‌ടെയിലാണ് സാധനം. എന്നാലും ഇതിനോടകം ഒരുപാട് മല്ലൂസ് ഇതടിച്ച് സുഖമറിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു സംശയോമില്ല.

നമ്മടെ സുഭാഷ് ചന്ദ്രനില്ലേ? -കഥാകൃത്ത്. പുള്ളീടെ ഒരു കഥേടെ പേര് ബ്ലഡീ മേരീന്നാ. ഒള്ളതുപറഞ്ഞാ നമ്മടെ നാട്ടില്‍ ബ്ലഡി മേരിയെ ഹിറ്റാക്കിയത് ഈ കഥയാ. ചുമ്മാതിരുന്നപ്പം ഒറിജിനല്‍ ബ്ലഡി മേരിയെക്കുറിച്ച് വിശദമായി ഒന്ന് അറിയണമെന്നു തോന്നി. നമ്മള് മല്ലൂസ് കള്ളുകുടിയില്‍ പുത്തന്‍ അനുഭൂതികള്‍ കണ്ടെത്തുന്നതില് മിടുക്കരല്ലേ? അങ്ങനെ ഇന്റര്‍നെറ്റി തപ്പിയപ്പം ബ്ലഡിമേരീടെ തനിനെറം മനസ്സിലായി. അതാണ് ഇവിടെ കുറിക്കുന്നേ.

ങ്ഹാ..എന്നാല്‍ അതെന്നാന്നൊന്ന് അറിയണമല്ലോന്ന്...അല്ലേ?. വായിക്കാന്‍ ആക്രാന്തം മൂത്തെന്ന് ഞങ്ങക്കറിയാം. പക്ഷെ, അറിയാല്ലോ... വായിച്ചു കഴിഞ്ഞ് സംഗതി ഒപ്പിക്കാന്‍ അത്ര എളുപ്പവല്ല. പക്ഷെ, നമ്മള് അമ്പിളി മാമനെ പിടിക്കുന്ന പാര്‍ട്ടികളല്ലേ. ഇനി അഥവാ ഒപ്പിച്ചാ ഷെയറ് മസ്റ്റാ. പിന്നെ, ഷെയറിട്ടതിന്‍റെ പേരില് ശിവാസും ഒ.സി.ആറും എം.എച്ചുംമൊക്കെ അടിക്കുന്നപോലെ ഇത് അങ്ങനെ വാരിവലിച്ചു കേറ്റല്ല്. ഓര്‍ത്തോണം.

ഇനി ബ്ലഡി മേരീടെ കാര്യം. സായ്പ്പമ്മാരടെ കണ്ണിലുണ്ണിയാണ് സംഗതി. അതിന്‍റെ കൂട്ടിലേക്ക് കടക്കുന്നേനു മുമ്പ് ഒരുമാതിരി മറ്റേടത്തെ ഈ പേര് എങ്ങനെ കിട്ടീന്ന് നോക്കാം. ഇംഗ്ലണ്ടിലെ മേരി രാജ്ഞി(ഒന്ന്)യുടെ പേരില്‍നിന്നാണ് സംഗതീടെ വരവ്. രാജ്ഞിക്ക് മേരീന്ന് പേരുവന്നത് ഈശോടെ അമ്മേടെ പേരീന്നാരിക്കുവല്ലോ.

പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്‍റെ ചരിത്ര പുസ്തകങ്ങളിലൊന്നില് മേരി രാജ്ഞിയെ ബ്ലഡി മേരീന്നാണ് വിശേഷിപ്പിച്ചേക്കുന്നെ. ആ പേരീന്നാണ് ഈ പേരു വന്നതെന്നാണ് കൂടുതല്‍ പേരും കരുതുന്നേ. അതേ സമയംതന്നെ പഴേ ഹോളിവുഡ് നടി മേരി പിക് ഫോഡിനും ചിക്കാഗോയിലെ ബക്കറ്റ് ബ്ലഡ് എന്നു പേരുള്ള ബാറിലെ വെയിട്രസായിരുന്ന മേരിക്കും ഈ പേരിന്റെ ക്രെഡിറ്റ് കൊടുക്കുന്നോരുവൊണ്ട്. പേരെങ്ങനെ വന്നതാണേലും സംഗതി മുറ്റാണെന്നാണ് കുടിച്ചിട്ടൊള്ളോരു പറയുന്നേ. മുറ്റെന്നുവച്ചാ ഒറ്റ സിപ്പിന് തരിച്ചു കേറുവെന്നല്ല.. ഇത് വേറൊരു സുഖം.

വോഡ്‌കേം തക്കാളി ജ്യൂസും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് ബ്ലഡി മേരി ഒണ്ടാക്കുന്നത്. ഒലീവ്, ഉപ്പ്, കുരുമുളക്, നാരങ്ങാ ജ്യൂസ് ഒക്കെ പരുവം പോലെ ചേര്‍ക്കും.

ബ്ലഡി മേരീടെ കൂട്ടുകള് ഞങ്ങള് വെറുതേ കാടുകേറി പറഞ്ഞന്നേയൊള്ളൂ. ഇതൊന്നു ഒണ്ടാക്കീട്ടു തന്നെ കാര്യം എന്നു കരുത വായിച്ചുവരുന്ന നിങ്ങള് ഇപ്പം ഞങ്ങടെ അമ്മയ്ക്ക് വിളിക്കുന്നൊണ്ടാകും. അതവിവടെ നിക്കട്ടെ. അങ്ങു ദൂരെ അമേരിക്കേല് ന്യൂജേഴ്‌സീലൊള്ള പാമ്പാടിക്കാരന്‍ ജോര്‍ജ് തൂമ്പയില്‍ ബ്ലഡിമേരിയെക്കുറിച്ച് പുള്ളീടെ വൈബ്‌സൈറ്റില്‍ എഴുതിയ സാധനം വായിച്ചു നോക്ക്. പുള്ളി ഇംഗ്ലീഷിപ്പറഞ്ഞ ചെല വാക്കൊക്കെ ഞങ്ങള് മലയാളത്തിലാക്കീട്ടൊണ്ട്.

'' നീളമേറിയ ഗ്ലാസ്സിന്റെ മൂന്നിലൊന്ന് വോഡ്ക നിറയ്ക്കുക. വെറും വോഡ്ക്കയല്ല, നല്ല ഒന്നാന്തരം റഷ്യന്‍ വോഡ്ക. ആറിലൊന്ന് തക്കാളി ജ്യൂസ് ആയിക്കോട്ടെ. ആനുപാതികമായി നാരങ്ങാ ജ്യൂസ് വേണം. വോഡ്കയുടെ ഫ്‌ളേവര്‍ ഇതാണ്. ഇനി സോസ്, ടബാസ്‌കോ, ഉപ്പ്, കുരുമുളക് എന്നിവയും ഐസ്‌ക്യൂബും ചേര്‍ത്ത് നന്നായി ഇളക്കണം. അപ്പോള്‍ വായുവില്‍ ഒരു മണം പൊന്തുകയായി. അതാണ് ബ്ലഡി റിയല്‍ മേരി. ഈ കോക്ക്‌ടെയ്ല്‍ സര്‍വ്വരാജ്യത്തും ലഭിക്കുന്നത് ഒരേ രീതിയിലാണ്. നിര്‍മ്മാണത്തില്‍ അല്ലറചില്ലറ വ്യത്യാസങ്ങള്‍ കാണാം. ചിലയിടത്ത് കുരുമുളക് ചേര്‍ക്കുമ്പോള്‍ മറ്റു ചിലടത്ത് ബീഫ് സൂപ്പ് അല്‍പ്പം കലര്‍ത്തും. പുളിയും ഉപ്പും ചേര്‍ന്നുണ്ടാക്കുന്ന സമരസങ്ങള്‍ക്കിടയിലേക്ക് തക്കാളിയുടെ മൃദുരുചിയും വോഡ്കയുടെ തെല്ലുമാത്ര ലഹരിയും കൂടിയാവുമ്പോള്‍ ഈ കോക്ക്‌ടെയ്‌ലുമായി എത്ര നേരം വേണമെങ്കിലും ചര്‍ച്ചയാവാം, പാര്‍ട്ടിയാവാം, സംഗീതമാവാം.''

വോഡ്ക, തക്കാളിപ്പഴച്ചാഴ്, നാരങ്ങാനീര് എന്നിവയാണ് ഇതിന്‍റെ പ്രധാന ചേരുവകള് എന്ന് സാരം. ബാക്കിയൊക്കെ സംഗതി കൂടുതല്‍ ഉഷാറാക്കാന്‍ ചേര്‍ക്കുന്ന സാധനങ്ങള്‍. ഇനീം മനസ്സിലായില്ലേല്‍ വെറുതേ ഒണ്ടാക്കാനും കുടിച്ച് പുലിവാലു പിടിക്കാനും പോകണ്ട. സംഗതി നാലെണ്ണം വീശിയതായി അങ്ങു വിചാരിക്കുക, അത്രതന്നെ!

വര്‍ഷങ്ങള്‍ പിന്നിട്ടപ്പം ബ്ലഡി മേരിക്കു പുറമെ ബ്ലഡിയായിട്ടൊള്ള ഒരുപാട് മദ്യവിഭവങ്ങളെത്തി. ബ്ലഡി ബിഷപ്പ്, ബ്ലഡി മോളി, ബ്ലഡി മരിയ, ബ്ലഡി മര്‍ഡര്‍, ബ്ലഡി ഫിലിപ്പ്, ബ്ലഡി സണ്‍ഷൈന്‍ അങ്ങനെ പോകുന്നു ആ പട്ടിക. അതൊക്കെ ഒണ്ടാക്കുന്ന വിധം ഇന്റര്‍നെറ്റി തപ്പിയാ കിട്ടും. നമ്മക്ക് വേറൊരു നിവര്‍ത്തീമില്ലേല് ഒ.സി.ആറു മേടിച്ച് കൊറച്ച് പൈപ്പുവെള്ളോം ഒഴിച്ചിട്ട് ബ്ലഡി ഓസീയാറെന്നുപറഞ്ഞ് അകത്താക്കാം. അല്ലേല്‍ ഒരു പൈന്‍റ് വോഡ്ക മേടിച്ച് കൊറച്ച് മിരിന്‍ഡയോ സ്‌പ്രൈറ്റോ വല്ലോം ചേര്‍ത്ത് ബ്ലഡി ബിവറേജസ് കോര്‍പ്പറേഷന്‍ എന്നു പറഞ്ഞ് മോന്താം. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്നല്ലേ?



(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Monday, November 11, 2013

മജുവിന്‍റെ സംസ്‌കാരം നാളെ


ഇന്നലെ നിര്യാതനായ നെടുംകുന്നം ചേരകുളത്ത് പരേതനായ സി.വി. ചാക്കോ(ചാക്കപ്പന്‍) മകന്‍ മജു(40)വിന്‍റെ  സംസ്‌കാരം നാളെ(നവംബര്‍ 12).  ശുശ്രൂഷകള്‍ രാവിലെ പതിനൊന്നിന് വസതയില്‍ ആരംഭിക്കും. തുടര്‍ന്ന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ സംസ്‌കാരം നടക്കും. 

മാതാവ് ആന്‍സി. ഭാര്യ:പുന്നവേലി തുറയില്‍ കുടുംബാംഗമായ സുജ. മകന്‍ ജറോം (ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി).

Sunday, November 10, 2013

കാറിടിച്ചു; കരണ്ട് പോസ്റ്റ് തവിടുപൊടി!


കണ്‍ട്രോളു പോയ സ്കോര്‍പ്പിയോ കരണ്ടു പോസ്റ്റ് ഇടിച്ചു തകര്‍ത്തു.  പോസ്റ്റ് തവിടുപൊടിയായിപ്പോയി. കരണട് കന്പി പൊട്ടി കാറിന്‍റെ മോളില് വീണേലും അപ്പത്തന്നെ കരണ്ട് പോയതുകൊണ്ട് അകത്തിരുന്നോര്‍ക്ക് കൊഴപ്പവൊന്നും പറ്റിയില്ല. 

ഇന്നലെ രാത്രി ഒരു എട്ടെട്ടരയോടെ  കറുകച്ചാല്‍ - മണിമല റോഡില് നെരിയാനിപ്പോയ്യേലാരുന്നു സംഭവം. പരത്തിമൂടുകാരെടെ വണ്ടിയാന്നാ കേട്ടെ. കരണ്ട് കന്പി പൊട്ടി കാറിന്‍റെ മോളില് കുടുങ്ങിക്കെടക്കുവാരുന്നു. അടുത്തു താമസിക്കുന്നോരൊക്കെ ശബ്ദം കേട്ട് പൊറത്തു വന്നപ്പഴത്തേക്കും കാറും ഇട്ടേച്ച് അതിലൊണ്ടാരുന്നോര് സ്ഥലം വിട്ടു. കെ.എസ്.ഇ.ബിക്കാര് സ്ഥലത്തുവന്നാരുന്നു. ഇടികഴിഞ്ഞ് അരമണിക്കൂറോളം ചുറ്റുവട്ടത്തൊക്കെ കരണ്ടില്ലാരുന്നു. കറുകച്ചാപ്പാലോസ് കേസെടുത്തു. 

വണ്ടീടെ മുന്‍ഭാഗം തകര്‍ന്നിട്ടൊണ്ട്. രാത്രി പത്തു മണി കഴിഞ്ഞപ്പം വണ്ടി സ്പോട്ടീന്ന് മാറ്റി. 

(വിവരങ്ങള്‍ക്ക് കടപ്പാട്-മലയാള മനോരമ)

ചേരകുളത്ത് മജു നിര്യാതനായി


Sunday, November 3, 2013

കിടങ്ങുകളേ വിട, തോടുകളേ വിട, തല്‍ക്കാലത്തേക്ക് വിട


ഹൊ!
ഒടുവില്‍ അതു സംഭവിച്ചു. 

നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ച നാളുകള്‍ക്കൊടുവില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിലെ കിടങ്ങുകളും തോടുകളും നികത്തിത്തൊടങ്ങി.


ശനിയാഴ്ച്ച കറുകച്ചാല്‍ വാകമൂട്ടില്‍ തൊടങ്ങിയ പണി നെരിയാനിപ്പൊയ്ക കേറ്റം വരെയെത്തി. ബാക്കി നാളെ, അതായത് തിങ്കളാഴ്ച്ച നടക്കുവാരിക്കും.


അതേക്കുറിച്ച് ഇന്ന് മനോരമ പത്രത്തില് വന്ന വാര്‍ച്ച താഴെ.



റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുടക്കമായി

നെടുംകുന്നം:  നാളുകള്‍നീണ്ട കാത്തിരിപ്പിനു വിരാമംകുറിച്ച് കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ക്കു തുടക്കമായി. 

ഹര്‍ത്താലിനു പുറകെ മഴയും വില്ലനായപ്പോള്‍ റോഡുപണി തുടങ്ങാനാകാതെ അധികൃതര്‍ കുഴയുകയായിരുന്നു. മുന്‍പു പണിതുടങ്ങാന്‍ മെറ്റിലുകള്‍വരെ റോഡില്‍ ഇറക്കിക്കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത്. എന്നാല്‍, ഹര്‍ത്താല്‍ കഴിഞ്ഞതും പുറകെ മഴയെത്തിയതും പണിക്കു തടസമായി മാറുകയായിരുന്നു. 

ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണ് റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തിവരുന്നത്. ഇന്നലെ വൈകിട്ടു പെയ്ത മഴ പണിക്കു തടസം സൃഷ്ടിച്ചിരുന്നു. നെടുംകുന്നം പള്ളിപ്പടി, മഠത്തുംപടി, മാണികുളം, നെരിയാനിപൊയ്ക തുടങ്ങിയ പ്രധാന ഭാഗങ്ങളിലാണു ടാറിങ് നടത്തുന്നത്. ഇന്നുകൊണ്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.






Friday, November 1, 2013

ശൊ! ഓരോരോ കൊഴപ്പങ്ങളേ....





ഒക്ടോബര്‍ 30 ബുധന്‍
തകര്‍ന്നുകിടക്കുന്ന പരന്പരാഗത ശബരിമല പാതയായ കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നംവരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു.
വാര്‍ത്ത- മലയാള മനോരമ 

അന്ന് ഒന്നും നടന്നില്ല. റോഡിലെ കെടങ്ങുകളില്‍ വണ്ടി ചാടി കൊറേപ്പേരുടെ കൂടി നടു ഒരു പരുവമായി. പള്ളിപ്പടിക്കലെ വളവിലെ 'തോട്ടില്‍' മറ്റൊരാള്‍കൂടി ബൈക്കുമായി വീണു. ഒടേതന്പുരാന്‍ കാത്തു.  അയാക്ക് ഒന്നും സംഭവിച്ചില്ല. 


 ഒക്ടോബര്‍ 31 ബുധന്‍
ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്ന സൂചനയെ തുടര്‍ന്നു കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ ഇന്നലെ തുടങ്ങാനായില്ല. പണി തുടങ്ങാന്‍ മെറ്റലുകള്‍ വരെ റോഡില്‍ ഇറക്കി കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത് .....എന്നാല്‍ ഗതാഗതം നിയന്ത്രിച്ചു റോഡി ന്‍റെ അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കുമെന്ന്  ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.

വാര്‍ത്ത- മലയാള മനോരമ

ഏവടെ? നവംബര്‍ 31നും ഒന്നും നടന്നില്ല. അപ്പോപ്പിന്നെ ഈ വാര്‍ത്തയൊക്കെയോ? മഴപെയ്ത് റോഡിലെ കുഴീലെല്ലാം വെള്ളം കെട്ടിക്കെടക്കുന്ന കൊണ്ട് കൂഴീല് ടാറു പിടിക്കത്തില്ല. അതോണ്ടാണ് പണി ചെയ്യാതിരുന്നതെന്ന് ആരാണ്ടൊക്കെ പറയുന്ന കേട്ടു. മാണികൊളത്ത് കെടങ്ങുകളൊള്ള ഭാഗത്ത് റോഡ് സൈഡില് കൊറേ മെറ്റില് കെടപ്പൊണ്ട്. അത്രമാത്രം!


നവംബര്‍ 1 ബുധന്‍
ഇന്നത്തെ മനോരമേല്‍ ഒരു വാര്‍ത്തേമില്ല. ഇന്നു വൈകുന്നേരവായപ്പം മാണികൊളത്ത് റോഡിന്‍റെ വശത്തൊക്കെ ജെ.സി.ബി കൊണ്ട് മാന്തി തെളിച്ചു. കുഴികളും തെളിച്ചു. അവിടെത്തന്നെ ടാറു മിക്സ് ചെയ്യുന്ന യന്ത്രം കൊണ്ടുവന്ന് വച്ചിട്ടൊണ്ട്. 

നാളത്തെ പത്രത്തില്‍ എന്തായിരിക്കും വരിക? നാളെ റോഡില്‍ വല്ലോം നടക്കുവോ? അതോ 
സംഭവബഹുലമായി കഥ മുന്നോട്ടു പോയപ്പം ഗര്‍ഭകാലം അനന്തമായി നീണ്ട   മറ്റേ സീരിയലിലെ ചേച്ചീടെ ഗതിയാകുവോ നമ്മടെ റോഡിന്?  നമ്മക്ക് കണ്ണുമിഴിച്ച്
കാത്തിരിക്കാം. 



 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls