Saturday, June 8, 2013

ഡെങ്കിപ്പനി: മാതളനാരങ്ങയ്ക്കും കപ്പളങ്ങയ്ക്കും പ്രിയമേറുന്നു


കറുകച്ചാല്‍: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാതളനാരങ്ങയ്ക്കും കപ്പളങ്ങയ്ക്കും പ്രിയമേറുന്നു. പനിബാധിതര്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് അലവ് കൂട്ടാന്‍ മാതളവും പപ്പായയും സഹായകരമാകുമെന്ന പ്രത്യേകതയാണ് ഇവയ്ക്കു പ്രിയമേറാന്‍ കാരണം. ആവശ്യക്കേറിയതോടെ ഇവയുടെ വിലയും വിപണിയില്‍ കൂടി.

ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി
 ഉണ്ടാകുകയും ആര്‍ക്കും വേണ്ടാതിരുന്നതുമായ കപ്പളങ്ങ ഇപ്പോള്‍ കിലോയ്ക്ക് മൂപ്പതു രൂപയാണ് വില. കഴിഞ്ഞയാഴ്ച 20 രൂപയായിരുന്നു. 120 രൂപയായിരുന്ന മാതളത്തിന് 140 രൂപവരെ എത്തിനില്‍ക്കുന്നു. ബാംഗളൂരില്‍നിന്നാണ് മാതളനാരങ്ങ കൂടുതലായും എത്തുന്നത്. കാബൂളില്‍നിന്നും എത്തുന്ന മാതളനാരങ്ങയ്ക്ക് കിലോഗ്രാമിന് 200 രൂപവരെയണ് വില.

ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് കപ്പളങ്ങ എത്തുന്നത്. ഇവ ദിവസങ്ങളോളം അഴുകാതിരിക്കുമെന്ന പ്രത്യേകതയുള്ളതിനാല്‍ വ്യാപാരികള്‍ കൂടുതലായും മറുനാടന്‍ കപ്പളങ്ങയാണ് നാടന്‍ ഇനത്തേക്കാളും വില്‍പ്പനയ്ക്കായി എത്തിക്കുന്നത്.

(വാര്‍ത്ത-ദീപിക ദിനപ്പത്രം)

Friday, June 7, 2013

നമുക്ക് ഒരേയൊരു ഓപ്ഷന്‍ -ഈശ്വരനെ വിളിക്കാം



 നെടുംകുന്നത്തേം നാട്ടില് മൊത്തത്തിലുമൊള്ള  സെറ്റപ്പ് ഒരുപാട് മാറിയെന്ന് ഞങ്ങള് നേരത്തെ ഒരു പോസ്റ്റില് പറഞ്ഞാരുന്നു. ഒടുക്കത്തെ ചൂടും വെള്ളം തൊള്ളിപോലും കിട്ടാനില്ലാത്ത സ്ഥിതീം കരണ്ടുകട്ടും ബംഗാളികളേം ബീഹാറികളേം മുട്ടീട്ട് നടക്കാമ്മയ്യാത്ത അവസ്ഥേം ഒക്കെയാരുന്നു അതീ പറഞ്ഞിരുന്നേ.

ഇപ്പം വെള്ളപ്രശ്നത്തിന് ഏറെക്കുറെ പരിഹാരവായ മട്ടാ. കൊറേ ദിവസമായിട്ട് പെരുമഴയല്ലേ? അതുകൊണ്ടുതന്നെ ലോഡ് ഷെഡ്ഡിംഗും മാറുവായിരിക്കും.

പണ്ടേ ദുര്‍ബല  പിന്നെ ഗര്‍ഭിണി എന്നു പറഞ്ഞ അവസ്ഥയാണിപ്പം. നാടുമൊത്തം പനി! അതും മനുഷ്യനെ കൊല്ലാക്കൊല ചെയ്യുകേം ഒടുവില്‍ കൊല്ലുകേം ചെയ്യുന്ന ഡെങ്കിപ്പനി. എന്നാ ചെയ്യണമെന്നറിയാതെ ജനം പരക്കം പായുകാ. ചെറിയ പനിയോ ജലദോഷമോ വരുന്പത്തന്നെ മരണഭയംകൊണ്ട്  നെഞ്ചത്ത് തീയാളും.

നെടുംകുന്നം ശാന്തീലും കോസീലും കറുകച്ചാല്‍ മേഴ്സീലും എന്‍.എസ്.എസ്സിലുമൊമൊക്കെ പനിക്കാരടെ തെരക്കാ. നാടിനു പൊറത്തുള്ള വല്യ ആശൂത്രികളിലെ കാര്യങ്ങള് പത്രത്തില് വായിച്ച് എല്ലാരും അറിയുന്നൊണ്ടാകുവല്ലോ. ഡെങ്കിപ്പനിയാണെന്ന് ഒറപ്പായാലും ഒരാശൂത്രീലും കെടത്തത്തില്ല. എടയില്ല അതുതന്ന കാരണം. 

‍െഡങ്കിപ്പനി പിടിക്കുന്നവരെ കാണാന്‍ പോകാന്‍ ബന്ധക്കാര്‍ക്കും കൂട്ടുകാര്‍ക്കുവൊക്കെ പേടി. അവര്‍ക്കും പണികിട്ടിയാലോ? എന്നുവച്ച് വീട്ടുകാര്‍ക്ക് തള്ളിക്കളയാന്പറ്റുവോ? കൂട്ടിരിപ്പുകാര്‍ക്കും ഡെങ്കി പടരുവെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും അവരൊക്കെ ജീവന്‍ പണയംവച്ച് കൂട്ടിരിക്കുന്നു.

നെടുംകുന്നത്തുതന്നെ ഒരുപാടുപേര്‍ക്ക് ഡെങ്കിപ്പനി പിടിച്ചിട്ടൊണ്ട്. എന്തു ചെയ്യണവെന്ന് ആര്‍ക്കും അറിയാമ്മേല. ആശുപത്രികളില്‍ കെടക്കാന്‍ എടയില്ലാത്ത സ്ഥിതി ഒരു വശത്ത്. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്‍റെ അളവ് കൊറഞ്ഞോണ്ടിരിക്കുന്പം, എല്ലുനുറുങ്ങുന്ന വേദനേല് പൊളയുന്പോ എങ്ങോട്ടു പോണമെന്നറിയാതെ ഒരുപാടുപേര് വലയുന്നു.

ഇന്ന് ഡീസന്‍റായി നടക്കുന്ന ആരും നാളെ കെടപ്പിലാകാം. രോഗം പടരുന്നത് പിടിച്ചുനിര്‍ത്താന്‍ ഒരു വഴീമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പനി കുറയ്ക്കാന്പറ്റുന്ന ചികിത്സേമില്ല. പനി വന്നവര്‍ വിശ്രമിക്കുക, വെള്ളം കുടിക്കുക ഇതൊക്കെയാണ് മാര്‍ഗം. പിന്നെ കപ്പളത്തിന്‍റെ എല അരച്ചു കലക്കിയ വെള്ളം കുടിച്ചാല്‍‍ പ്ലേറ്റ് ലെറ്റ് കൂടുവെന്ന് ചെലരു പറയുന്നു. ഏതായാലും നാടു മൊത്തം ത്രിശങ്കുവിലാണ്.

പണ്ട് വസൂരീം കോളറേമൊക്കെവന്ന് ആളുകള്‍ കൂട്ടത്തോടെ മരിച്ചുപോയ സ്ഥിതിയുടെ തൊടക്കമാണിതെന്ന് പറയപ്പെടുന്നു. അപ്പോപ്പിന്നെ നമ്മക്കൊള്ള ഒരേയൊരു ഓപ്ഷന്‍-ഈശ്വരനെ വിളിക്കാം; മരണമുഖത്തൂന്ന് ഞങ്ങളെ രക്ഷിക്കേണമേ!!!!!!!!!!


Sunday, June 2, 2013

ഡെങ്കിപ്പനി പടരുന്നു ; ജാഗ്രത പാലിക്കുക



നാടെങ്ങും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നെടുംകുന്നത്തും സ്ഥിതി വ്യത്യസ്തമല്ല. 
രോഗികളുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ആശുപത്രികളിലെ സൗകര്യങ്ങള്‍ പരിമിതമാകുകയും ചെയ്തുകൊണ്ടിരിക്കുന്പോള്‍ രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുകയാണ് നമുക്കുമുന്നിലുള്ള ഏറ്റവും ഫലപ്രദമായ വഴി. അതുകൊണ്ട് ദയവായി താഴെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ വായിക്കുക.
പനി വന്നാല്‍ സ്വയം ചികിത്സിക്കരുത്
പനി വന്നാല്‍ കൃത്യമായ ചികിത്സയ്ക്ക് തയാറാവാത്തതാണ് രോഗം ഗുരുതരമാകാനും മരണം സംഭവിക്കാന്‍ ഇടയാക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പനിക്കെതിരേയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവു. പ്രതിരോധ വാക്‌സിന്‍ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഡെങ്കിപ്പനി തുടക്കത്തിലേ കണ്ടെത്തി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. രോഗനിര്‍ണയം വൈകുന്നതാണ് പലരേയും ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡെങ്കിയുടെ വകഭേദമായ ഡെങ്കി ഹെമറാജിക് ഫീവര്‍ ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ജീവഹാനി ഉണ്ടാക്കാം. ആന്തരിക രക്തസ്രാവമാണ് ഇതിനു കാരണം. 10 വയസിനു താഴെയുള്ള കുട്ടികളില്‍ ഈ പനി മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. 

രോഗലക്ഷണങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ
ശക്തമായ പനി, ശരീരവേദന, തൊലിപ്പുറത്തുള്ള തടിപ്പുകള്‍ എന്നിവയാണ് ഡെങ്കിപനിയുടെ പ്രധാന ലക്ഷണമായി പറയപ്പെടുന്നുവെങ്കിലും ഇവയുടെ അഭാവത്തിലോ ഭാഗികമായ സാന്നിധ്യത്തിലോ പനി വരാം. ചെറിയ പനി, ജലദോഷം എന്നീ ലക്ഷണങ്ങള്‍ മറ്റു അസുഖങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും തക്കസമയത്തു വേണ്ട ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്യാം. അതുകൊണ്ട് ഏതു വിധത്തിലുള്ള ശാരീരികാസ്വസ്ഥ്യങ്ങള്‍ അനുഭവപ്പെടുമ്പോഴും ഉടനടി ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

ഡെങ്കിപ്പനി പകരുന്നത്
ഡെങ്കിപ്പനി പകരുന്നതാണ്. എന്നാല്‍ ഒരാളില്‍നിന്ന് ഇത് നേരിട്ട് പകരുന്നില്ല മറിച്ച് കൊതുകുകളാണ് പനി പരത്തുന്നത്. അതാണ് കൊതുകുകളെ നശിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ എപ്പോഴും മുന്നറിയിപ്പു നല്‍കുന്നത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രോഗം പ്രധാനമായും പരുത്തുന്നത്. മഴക്കാലത്താണ് ഇവ പ്രധാനമായും പകരുന്നത്. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് എട്ടു മുതല്‍ 11 വരെയുള്ള ദിവസങ്ങില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്‍റെ ഉമിനീര്‍ ഗ്രന്ഥിയില്‍ തങ്ങിനില്‍ക്കും. ഈ കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് അയാളിലെത്തും. രോഗാണുവാഹകരായ കൊതുകുകകള്‍ ജീവിതകാലം മുഴുവന്‍ രോഗം പരത്തും. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് ഗ്രന്ഥികളിലും തുടര്‍ന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയന്‍ സിസ്റ്റത്തിലേക്കും വ്യാപിക്കുന്ന വൈറസുകള്‍ പന്നീട് രക്തത്തിലേക്ക് വ്യാപിക്കും. രോഗത്തിന്‍റെ കാഠിന്യത്തില്‍ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയും. ഒപ്പം രക്തസ്രാവത്തിനും സാധ്യതയുണ്ട്. ത്വക്കിനിടയിലും കണ്ണിലും രക്തം കിനിഞ്ഞ് കട്ടപിടിക്കും. ഈ അവസ്ഥയാണ് ഡെങ്കി ഹെമറാജിക് ഫീവര്‍.

എന്താണു പ്ലേറ്റ്‌ലെറ്റ്
രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന പ്രത്യേകതരം കോശമാണ് പ്ലേറ്റ്‌ലെറ്റ് ഇതിന്‍റെ സാധാരണ അനുപാതം 1.5 ലക്ഷത്തിനും 4.5 ലക്ഷത്തിനും ഇടയിലാണ്. പനിബാധിതരില്‍ പ്ലേറ്റ്‌ലെറ്റിന്‍റെ കൗണ്ട് അപകടകരമായ നിലയില്‍ താഴ്ന്നുപോകാനും രക്തസ്രാവം ഉണ്ടാകാനും ഇടയായേക്കാം. ഇവ 25,000 ലും താഴുന്നത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആയുര്‍വേദ ഔഷധങ്ങളായ മാതളനാരങ്ങ, പപ്പായ ഇലയുടെ നീര് എന്നിവ കൗണ്ട് കൂട്ടാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രണ്ടാമതു വരുന്ന പനി ഏറെ ശ്രദ്ധിക്കണം
ഡെങ്കിപ്പനി ഉണ്ടാക്കുന്ന വൈറസ് പലവിധമുണ്ട്. അതുകൊണ്ട് ഒരു തവണയേ പനി ഉണ്ടായുള്ളൂവെന്നുകരുതി രണ്ടാമതു പനിയുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല. രണ്ടാമതു വരുന്ന പനി ആദ്യത്തേതിനേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതാണ്. ഡെങ്കിപ്പനിയുള്ള വ്യക്തികള്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

പനിയുള്ളവര്‍ ഒരാഴ്ച വിശ്രമിക്കണം
പനിയുള്ളവര്‍ കൃത്യമായ ചികിത്സയ്ക്ക് തയാറാകാത്തതും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന വിശ്രമം എടുക്കാത്തതുമാണ് രോഗം ഗുരുതരമാക്കുന്നത്. തുടക്കത്തില്‍ രണ്ടു ദിവസം വിശ്രമിച്ചശേഷം പലരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത് രോഗം വഷളാക്കുന്നതിന് ഇടയാക്കും. പനി ബാധിച്ചവര്‍ ചികിത്സതേടിയതിനുശേഷം ഒരാഴ്ച കൃത്യമായി വിശ്രമിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പനിയുള്ളവര്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 

(ദീപിക ദിനപ്പത്രം ഇന്ന് പ്രസിദ്ധീകരിച്ചത്)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls