കറുകച്ചാല്‍: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാതളനാരങ്ങയ്ക്കും കപ്പളങ്ങയ്ക്കും പ്രിയമേറുന്നു. പനിബാധിതര്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് അലവ് കൂട്ടാന്‍ മാതളവും പപ്പായയും സഹായകരമാകുമെന്ന പ്രത്യേകതയാണ് ഇവയ്ക്കു പ്രിയമേറാന്‍ കാരണം. ആവശ്യക്കേറിയതോടെ ഇവയുടെ വിലയും വിപണിയില്‍ കൂടി.
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി ഉണ്ടാകുകയും ആര്‍ക്കും വേണ്ടാതിരുന്നതുമായ കപ്പളങ്ങ ഇപ്പോള്‍ കിലോയ്ക്ക് മൂപ്പതു രൂപയാണ് വില. കഴിഞ്ഞയാഴ്ച 20 രൂപയായിരുന്നു. 120 രൂപയായിരുന്ന മാതളത്തിന് 140 രൂപവരെ എത്തിനില്‍ക്കുന്നു. ബാംഗളൂരില്‍നിന്നാണ് മാതളനാരങ്ങ കൂടുതലായും എത്തുന്നത്. കാബൂളില്‍നിന്നും എത്തുന്ന മാതളനാരങ്ങയ്ക്ക് കിലോഗ്രാമിന് 200 രൂപവരെയണ് വില.
ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് കപ്പളങ്ങ എത്തുന്നത്. ഇവ ദിവസങ്ങളോളം അഴുകാതിരിക്കുമെന്ന പ്രത്യേകതയുള്ളതിനാല്‍ വ്യാപാരികള്‍ കൂടുതലായും മറുനാടന്‍ കപ്പളങ്ങയാണ് നാടന്‍ ഇനത്തേക്കാളും വില്‍പ്പനയ്ക്കായി എത്തിക്കുന്നത്.
(വാര്‍ത്ത-ദീപിക ദിനപ്പത്രം)


No comments:
Post a Comment