നെടുംകുന്നം പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന തിരുക്കര്‍മ്മങ്ങളും വുംനടയിലേക്കുള്ള പ്രദക്ഷിണവും വിശ്വാസികളുടെ പങ്കാളിത്തത്തില്‍ പുതിയ ചരിത്രമെഴുതി. നാട്ടുകാരുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന തെറ്റില്ലാത്ത ഒരു വെടിക്കെട്ടും പ്രദക്ഷിണത്തിനുശേഷം രാത്രി നടന്നു. തുടര്‍ന്ന് എല്ലാവരും പുഴുക്കൊരുക്കാന്‍ ഒത്തുചേര്‍ന്നു.ഇതെഴുതുന്പോള്‍ പാകംചെയ്ത ആറു ചെന്പ് പുഴുക്ക് കൊട്ടകളിലാക്കിക്കഴിഞ്ഞു. പുഴുക്ക് അടുപ്പില്‍നിന്ന് വാങ്ങുന്നതിനുള്ള യന്ത്രസംവിധാനം വിജയകരമായിരുന്നു എന്ന് അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഈ സംവിധാനം സജ്ജീകരിച്ച ജോസഫ് ടി.ജെ. തൂന്പുങ്കലിന് നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ അഭിനന്ദനങ്ങള്‍!
ഇന്ന് പ്രധാന തിരുന്നാള്‍ ദിനമാണ്. തിരുന്നാളിന്‍റെ ഔപചാരിക പരിപാടികള്‍ നേരത്തെ ഞങ്ങള്‍ പോസ്റ്റ് ചെയ്ത നോട്ടീസിലുണ്ട്. ചരിത്രപ്രസിദ്ധമായ പുഴുക്കുനേര്‍ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.
നമ്മുടെ നാടിന്‍റെ പ്രൗഢമായ കാര്‍ഷിക പാരമ്പര്യത്തിന്‍റെയും ജാതിമത ഭേദമെന്യെജനങ്ങള്‍ക്കിടയില്‍ തലമുറകളായി നിലനിന്നുപോരുന്ന സാഹോദര്യത്തിന്‍റെയും പ്രതീകമാണ് പുഴുക്കുനേര്‍ച്ച. പുഴുക്കുനേര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയാത്ത വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.
ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് തയാറാക്കിയ നേര്‍ച്ചയാണ് പ്രധാന തിരുന്നാള്‍ ദിനമായ ഇന്ന് പ്രദക്ഷിണത്തിനുശേഷം ജനസഹസ്രങ്ങള്‍ക്ക് വിളമ്പുന്നത്. വിഭവങ്ങളുടെ വൈവിധ്യം, അവയുടെ സമാഹരണം, പാചകം, വിളമ്പല്‍ തുടങ്ങി എല്ലാ ഘട്ടങ്ങളിലും പുഴുക്കുനേര്‍ച്ച മറ്റ് നേര്‍ച്ചസദ്യകളില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. പണ്ട് കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി നെടുംകുന്നം പള്ളിയിലെത്തിയിരുന്ന വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന ഭക്ഷണമാണ് പില്‍ക്കാലത്ത് പുഴക്കുനേര്‍ച്ചയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. കപ്പ, കാച്ചില്‍, എത്തക്കായ, ചേമ്പ്, ഇഞ്ചി, മുളക് തുടങ്ങി ഒട്ടേറെ കാര്‍ഷിക വിളകള്‍ക്കൊപ്പം ഇറച്ചിയും ചേര്‍ത്താണ് പുഴുക്ക് തയാറാക്കുന്നത്.
ഇടവകാംഗങ്ങളുടെ കൃഷിയിടങ്ങളില്‍ വിളയുന്ന വിഭവങ്ങളാണ് പുഴുക്കു നേര്‍ച്ചയ്ക്കായി മുന്‍പ് പ്രധാനമായി ഉപയോഗിച്ചുവന്നത്. പുഴുക്കിന് ആവശ്യമുള്ള ഉരുക്കളെയും വിശ്വാസികള്‍തന്നെ നല്‍കുകയായിരുന്നു. ഇപ്പോഴും ഇത് തുടരുന്നവരുണ്ടെങ്കിലും കാര്‍ഷികോത്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വിഭവങ്ങളില്‍ പലതും വിലകൊടുത്ത് വാങ്ങുകയാണ്. ഇതിന് ആവശ്യമായ പണം വിശ്വാസികള്‍ പള്ളിയിലേക്ക് നല്‍കുന്നു.
പുഴുക്കിനുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഇന്നലെ(നവംബര്‍ 27) രാവിലെ മുതല്‍ പള്ളിയില്‍ എത്തിത്തുടങ്ങി. ഇന്നലെ വൈകുന്നേരത്തെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് അവ ഒരുക്കിയത്. കപ്പയും മറ്റ് കാര്‍ഷിക വിഭവങ്ങളും പൊളിച്ച് വേവിക്കാന്‍ പാകമാക്കുന്നതാണ് പുലരുവോളം നീളുന്ന പുഴുക്കൊരുക്കലിന്‍റെ ആദ്യഘട്ടത്തിലെ പ്രധാന ജോലി. അതോടൊപ്പം പുഴുക്കിനുവേണ്ട ഇറച്ചിയും ക്രമീകരിക്കും. ഇക്കുറി ആകെ അയ്യായിരംകിലോ കപ്പയാണ് പുഴുക്കിനായി ഉപയോഗിച്ചത്.
വലിയ ചെമ്പുകളില്‍ വേവിക്കുന്ന പുഴുക്ക്, കുട്ടകളില്‍ പകര്‍ന്നാണ് വിതരണത്തിനെത്തിക്കുന്നത്. തേക്കുമരത്തിന്‍റെ ഇലകളിലാണ് പുഴുക്ക് ജനങ്ങള്‍ക്ക് വിളമ്പുന്നത്.
പ്രദക്ഷിണത്തിനുശേഷം ജാതിമതഭേദമെന്യേയുള്ള ജനാവലി പള്ളിമുറ്റത്തും പരിസരത്തുമായി നിരയായി ഇരിക്കും. നിശ്ചിത സമയത്ത് ആശീര്‍വാദത്തിനുശേഷം പള്ളിമണിയും വെടിയൊച്ചയും മുഴങ്ങുമ്പോള്‍ നേര്‍ച്ച വിളമ്പിത്തുടങ്ങും.എത്തുന്ന എല്ലാവര്‍ക്കും നേര്‍ച്ച ലഭ്യമാകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പള്ളിവികാരി ഫാ. മാത്യു പുത്തനങ്ങാടി അറിയിച്ചു.
എല്ലാവര്‍ക്കും തിരുന്നാള്‍ ആശംസകള്‍ നേരുന്നു.


No comments:
Post a Comment