കുട്ടികളേ,
ഒരിടത്തൊരിടത്തൊരിടത്ത് ഒരു കുഞ്ഞാറ്റക്കിളിയുണ്ടായിരുന്നു എന്നും രാവിലെ നാട്ടുകാരെ പാട്ടു പാടിയുണര്‍ത്തുന്ന, പകലന്തിയോളം തൊടിയില്‍ പറന്നു കളിച്ചിരുന്ന കുഞ്ഞാറ്റയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.സുന്ദരിയായ അവളെ കാണാന്‍ ദൂരെ ദിക്കുകളില്‍നിന്നുപോലും ആളുകള്‍ കുഞ്ഞുങ്ങളെയും കൂട്ടി എത്തുമായിരുന്നു. കുഞ്ഞു വാവകളെ ഇഷ്ടമായിരുന്ന അവള് പലേടത്തുനിന്നും കുഞ്ഞുകുഞ്ഞു പഴങ്ങളും മറ്റും കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുവന്ന് കൊടുത്തിരുന്നു.
പക്ഷെ, പാവം കുഞ്ഞാറ്റയ്ക്ക് അന്തിയുറങ്ങാന്‍ ഒരു കൂടുവയ്ക്കാന്‍ ആരും ഒരിത്തിരി സ്ഥലം മാത്രം ആരും കൊടുത്തില്ല. കുഞ്ഞാറ്റ മരക്കൊന്പിലെ കൂട്ടിലിരുന്ന് അപ്പിയിട്ടാല്‍ തങ്ങളുടെ പറന്പു ഇച്ചീച്ചിയാകുമെന്നാരുന്നു അവരുടെ പരാതി. കുഞ്ഞാറ്റയ്ക്ക് കൂടിന് ഇടം കൊടുക്കാതിരിക്കാന്‍ അവളുടെ പാട്ട് രഞ്ജിനി ഹരിദാസിന്‍റെ ശബ്ദം പോലാണെന്നുവരെ അവരു പറഞ്ഞു.
പാവം കുഞ്ഞാറ്റ! കൂട്ടിലിരുന്ന് കരഞ്ഞു. അവളുടെ പ്രിയപ്പെട്ട കുഞ്ഞുവാവകള്‍ അവളെ എങ്ങനെ സഹായിക്കും?. അവള്‍ക്ക് കൂടുവയ്ക്കാന്‍ ഇടം കൊടുക്കണമെന്നു പറഞ്ഞാല്‍ ഡാഡിമാരും മമ്മിമാരും വാവകളെ വഴക്കുപറയില്ലേ? കൂടുവയ്ക്കാന്‍ ഇടം കൊടുത്തില്ലെങ്കിലും അവളെ കാണാന്‍, പാട്ടുകേള്‍ക്കാന്‍ മുതിര്‍ന്നവരും കുഞ്ഞുവാവകളും അവള്‍ ഇരിക്കുന്ന മരങ്ങളുടെ അരികിലേക്കും മറ്റും ഒളിഞ്ഞും പാത്തും എത്തിക്കൊണ്ടിരുന്നു.
കുഞ്ഞാറ്റയുടെ കഥ നല്‍കുന്ന സന്ദേശം എന്താണ്? നമ്മുടെ നാട്ടില്‍ പൂസാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും പ്രധാന ആശ്രയമാണ് സര്‍ക്കാരിന്‍റെ സ്വന്തം ബീവറേജസ് കോര്‍പ്പറേഷഷന്‍. ബീവറേജസ് കുഞ്ഞാറ്റയാണെങ്കില്‍ കുടിയന്‍മാരെല്ലാം കുഞ്ഞുവാവകളാണ്. ഈ കുഞ്ഞിക്കിളിയെ തേടി വിദൂര സ്ഥലങ്ങളില്‍നിന്നുള്‍പ്പെടെ കറുകച്ചാലിലേക്ക് ഒഴുകുന്നത്, ഒരുനോക്കു കാണാന്‍ മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനില്‍ക്കുന്നത് എത്രോയോ പേര്‍?
നെടുംകുന്നംകാരുടെ യാത്രാചെലവും കഷ്ടപ്പാടും ഇല്ലാതാക്കാനായി കുഞ്ഞാറ്റയുടെ സ്നേഹനിധിയായ ഡാഡി നെടുംകുന്നത്തു തന്നെ ഒരു കൂടൊരുക്കി കുഞ്ഞാറ്റയെ അവിടെയാക്കാന്‍ ശ്രമിച്ചെങ്കിലും നമ്മടെ നാട്ടിലെ വികസന വിരോധികള്‍ അതിനെ എതിര്‍ത്തു. തെങ്ങണ കണ്ണവട്ടയില്‍ അടച്ചുപൂട്ടിയ ബീവറേജസ് ഷോപ്പ് നെടുംകുന്നത്തിന് കിട്ടാനുള്ള സുവര്‍ണാവസരമാണ് അങ്ങനെ പാഴായത്.
ഇപ്പം ദേ മണിമല മൂങ്ങാനിയിലെ ഷോപ്പ് മാറ്റാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് പകരം സ്ഥലം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ബീവറേജസ് ഉദ്യോഗസ്ഥര്‍.
ആരോരുമറിയാതെ പഞ്ചായത്തില്‍ പലേടത്തും കെട്ടിട ഉടമകളുമായി ധാരണയുണ്ടാക്കി സമ്മത പത്രം വാങ്ങിയെങ്കിലും വികസനവിരോധികളുടെ ഇടപെടലിനെത്തുടര്‍ന്ന് അതെല്ലാം പാഴായി. പാവം കുഞ്ഞാറ്റ! പലേടത്തും ഇപ്പോ കുഞ്ഞാറ്റയ്ക്കെതിരെ മദ്യവിരുദ്ധ ജനകീയ കമ്മിറ്റികള്‍ തൊടങ്ങീരിക്കുവാണത്രേ!
കുഞ്ഞുവാവകളുടെ കാര്യത്തിലെന്ന പോലെ ഇവിടെ കുടിയന്‍മാര്‍ക്കും ചോദിക്കാനും പറയാനും ആരുമില്ലേ. ചിത്രത്തിലെ കുഞ്ഞാറ്റയെ നോക്കൂ. കുഞ്ഞുവാവകള്‍ക്കുള്ള സമ്മാനവുമായി കൂടുവയ്ക്കാനൊരിടംതേടി പരക്കം പായുകയാണവള്‍.
നമ്മുടെ നാട്ടിലെ കുഞ്ഞുവാവകളുടെ സര്‍വതോന്മുഖ വികസനത്തനായി എല്ലാ പഞ്ചായത്തിലും കുഞ്ഞാറ്റക്കിളിക്കൂട് സ്ഥാപിക്കുന്നതിനായി കുഞ്ഞുവാവകള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ മദ്യം വില്‍ക്കുകയും മദ്യപാനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാട്ടില്‍ ഒരു ബീവറേജസ് ഷോപ്പ് തങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തിറങ്ങാന്‍ കുഞ്ഞുവാവകള്‍ മടിക്കുന്നതെന്തിന്?




No comments:
Post a Comment