Friday, October 11, 2013

സി.വൈ.എം.എ പൊരുതിത്തോറ്റു



നെടുംകുന്നം സി.വൈ.എം.എയുടെ ആഭിമുഖ്യത്തിലുള്ള 31-ാമത് അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്‍റിലെ
ഉദ്ഘാടനമത്സരത്തല്‍ ആതിഥേയരായ സി.വൈ.എം.എ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിനോട് പൊരുതിത്തോറ്റു.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 58നെതിരെ 69 പോയിന്‍റിനായിരുന്നു അമല്‍ജ്യോതിയുടെ വിജയം.
സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടിനു ചുറ്റും തിങ്ങിനിറഞ്ഞ കായികപ്രേമികളെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇരുടീമുകളും കാഴ്ച്ചവച്ചത്.





പ്രസിഡന്‍റ് ജോണ്‍സണ്‍ തോമസിന്‍റ് നേതൃത്വത്തിലുള്ള സി.വൈ.എം.എ ടീം നാട്ടുകാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന പ്രകടനമാണ് തുടക്കംമുതല്‍ കാഴ്ച്ചവച്ചത്.

സി.വൈ.എം.എ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മാവേലിലും ചങ്ങനാശേരി എസ്.ബി. കോളേജ് ടീമില്‍ പയറ്റിത്തെളിഞ്ഞ ടോണി സിബിയുമൊക്കെ പന്തടക്കത്തിലും വേഗത്തിലും തിളങ്ങി.

സി.വൈ.എം.എയുടെ മുന്‍ ക്യാപ്റ്റന്‍ ജോണ്‍സണ്‍ മാത്യുവിന്‍റെ ശിക്ഷ
ണത്തിലിറങ്ങിയ അമല്‍ ജ്യോതി കോളേജ് കളംനിറഞ്ഞു കളിച്ചതോടെ ലീഡ് മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഫാ. ജെയ്‌സണ്‍ പരിക്കേറ്റ് കളംവിട്ടത് സി.വൈ.എം.എയുടെ പ്രതിരോധനിരയില്‍ വിള്ളല്‍വീഴ്ത്തി. അവസരം മുതലാക്കി ശക്തമായി പൊരുതിക്കയറിയ അമല്‍ജ്യോതി കോളേജ് വ്യക്തമായ ലീഡോടെ വിജയം കുറിക്കുകയുംചെയ്തു.

എം.എം. ഷൈജു, അരുണ്‍ സോമന്‍, ഷെറിന്‍ സെബാസ്റ്റ്യന്‍, ലൈജു തോമസ്, ബിബിന്‍ ജോര്‍ജ് എന്നിവരായിരുന്നു സി.വൈ.എം.എയുടെ മറ്റു താരങ്ങള്‍.

രണ്ടാമത്തെ മത്സരത്തില്‍ കൊച്ചി തേവര എസ്.എച്ച് ക്ലബ് ആലപ്പി ബാസ്‌ക്കറ്റ്‌ബോളേഴ്‌സിനെ പരാജയപ്പെടുത്തി(58-47)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls