(മലയാള മനോരമ പത്രം ഇന്ന്-ഒക്ടോബര്‍ 8ന്-പ്രസിദ്ധീകരിച്ച വാര്‍ത്ത)
ആദ്യം പാസ് വില്‍ക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുകയായിരുന്നു. ഇപ്പോള്‍ ഗാലറികെട്ടുന്നതിന്‍റെ
തിരക്കിലാണ്. അലവാങ്കുകൊണ്ട് ആഴത്തില്‍ കുഴിയെടുത്ത്, അതില്‍ തെങ്ങിന്‍ തൂണുകള്‍ നാട്ടി, മുകളില്‍ തട്ടുകള്‍ കെട്ടി, ഗാലറി നിര്‍മാണം കഴിയുമ്പോഴേക്കും ഏറെപ്പേരുടെ കൈവെള്ളയില്‍ തൊലിയടര്‍ന്നിട്ടുണ്ടാകും. പക്ഷേ, ആദ്യവിസില്‍ മുഴങ്ങുമ്പോള്‍ ഈ പെടാപ്പാടുകളെല്ലാം പഴങ്കഥയാക്കി ഇവരില്‍ ചിലര്‍ കളിക്കളത്തിലുണ്ടാകും. ശേഷിക്കുന്നവര്‍ സംഘാടനത്തിന്‍റെ തിരക്കിലായിരിക്കും.
തലമുറകള്‍ കൈമാറിവരുന്ന നിശ്ചയദാര്‍ഢ്യത്തിന്‍റെയും കായികാവേശത്തിന്‍റെയും പിന്‍ബലത്തിലാണ് നെടുംകുന്നം സിവൈഎംഎ പത്തുമുതല്‍ 13 വരെ നടക്കുന്ന 31-ാമത് അഖിലകേരള ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്‍റിന് ആതിഥ്യമരുളുന്നത്.
സംഘടനാ പ്രസിഡന്‍റും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കുറിയന്നൂര്‍ കേന്ദ്രത്തില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലകനുമായ ജോണ്‍സണ്‍ തോമസ്, കഴിഞ്ഞ വര്‍ഷം നാഷനല്‍ സ്‌കൂള്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ കേരള ടീം അംഗം ടോണി സിബി തുടങ്ങിയവര്‍ ഇക്കുറി സിവൈഎംഎയുടെ ജഴ്‌സിയണിയുമ്പോള്‍ സംഘടനയുടെ അസിസ്റ്റന്‍റ് ഡയറക്ടറും നെടുംകുന്നം പള്ളി സഹവികാരിയുമായ ഫാ. ജെയ്‌സണ്‍ മാവേലിലും അവര്‍ക്കൊപ്പമുണ്ട്. ഈയിടെ നടന്ന കോട്ടയം ജില്ലാ ബാസ്‌കറ്റ് ബോള്‍ ലീഗില്‍ ഈ ടീം സെമിഫൈനലിലെത്തിയിരുന്നു. സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ പത്താം തീയതിയിലെ ഉദ്ഘാടനമത്സരത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിനെയാണ് ആതിഥേയര്‍ നേരിടുക.
സിവൈഎംഎ അംഗമായ അജയ് ജോസഫ് ചങ്ങാനാശേരി എസ്ബി കോളേജിനെ പ്രതിനിധീകരിച്ചാണ് ഇവിടെ കളത്തിലിറങ്ങുക. കേരളാ പോലീസ്, കെഎസ്ഇബി, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ ഇക്കുറി ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കുന്നുണ്ട്. വനിതാ വിഭാഗത്തില്‍ കേരളാ പോലീസും കോട്ടയം ജില്ലാ ടീമും തമ്മിലാണ് പോരാട്ടം. നെടുംകുന്നം പള്ളിയിലെ സഹവികാരിയായിരുന്ന ഫാ.ജോസഫ് കിഴക്കേത്തിയ്യിലാണ് ഇവിടുത്തുകാര്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ പരിചയപ്പെടുത്തിയത്. പില്‍ക്കാലത്ത് അത് നാടിന്‍റെ പ്രധാന കായികവിനോദമായി. ജാതിമത ഭേദമെന്യെ ഇവിടെ കളിച്ചുവളര്‍ന്ന ഒട്ടേറെപ്പേര്‍ ഈ രംഗത്ത് ഉന്നത പടവുകള്‍ താണ്ടി.
ഇപ്പോള്‍ കേരള പോലീസ് ടീം പരിശീലകനായ മുന്‍ സംസ്ഥാന താരം എ.ജെ.തോമസും ഇതില്‍ ഉള്‍പ്പെടുന്നു. 1969 ലാണ് ടൂര്‍ണമെന്‍റിന് തുടക്കം കുറിച്ചത്. ആദ്യകാലത്ത് പകല്‍ വെളിച്ചത്തിലായിരുന്നു മത്സരങ്ങള്‍. പിന്നീട് ഗാലറിയും ഫ്‌ളഡ്‌ലിറ്റും വന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ കേരള ബാസ്‌ക്കറ്റ് ബോളിലെ പ്രമുഖ താരങ്ങളുടെയെല്ലാം പ്രകടനത്തിന് ഇവിടം വേദിയായിട്ടുണ്ടെന്ന് എ.ജെ.തോമസ് പറഞ്ഞു. മുന്‍ സംസ്ഥാന സ്‌കൂള്‍ ടീം ക്യാപ്റ്റനായ കുര്യന്‍ തോമസ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ഗ നിര്‍ദേശങ്ങളും സിവൈഎംഎയുടെ കായികാവേശം കെടാതെ സൂക്ഷിക്കുന്നു.
വന്‍കിട സ്‌പോണ്‍സര്‍മാരുടെ പിന്‍ബലമില്ലെങ്കിലും നെടുംകുന്നം പള്ളി അധികൃതയുടെയും കറുകച്ചാലിലെയും നെടുംകുന്നത്തയുമൊക്കെ വ്യാപാരികളുടെയും ഇതര സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും സഹകരണമാണ് നാലു പതിറ്റാണ്ടിനുശേഷവും ഈ ടൂര്‍ണമെന്‍റ് സജീവമായി നിലനിര്‍ത്തുന്നതിന് സിവൈഎംഎയ്ക്ക് സഹായകമാകുന്നതെന്ന് പ്രസിഡന്‍റ് ജോണ്‍സണ്‍ തോമസും സെക്രട്ടറി ജുബിന്‍ കുര്യനും പറഞ്ഞു.



No comments:
Post a Comment