സ്വകാര്യ ബസുടമകള്‍ വിദ്യാര്‍ഥികളോട് കാട്ടുന്ന വിവേചനവും പീഡനവും വര്‍ഷങ്ങളായി മുടക്കമില്ലാതെ തുടരുന്നു. ടൗണുകളിലെ സ്റ്റാന്‍ഡുകളില്‍നിന്ന് ബസ് പുറപ്പെടുന്നതിനു മുമ്പു മാത്രമേ വിദ്യാര്‍ഥികള്‍ കയറാവൂ. കയറിയാലും കാലി സീറ്റുണ്ടെങ്കില്‍ ഇരിക്കാന്‍ പാടില്ല തുടങ്ങിയ കാടന്‍ നിയമങ്ങള്‍ ഇപ്പോഴും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഇതിനു പുറമെയാണ് ബസില്‍ കയറിക്കഴിഞ്ഞശേഷമുള്ള പുലഭ്യം പറച്ചിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപമുള്ള സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താതിരിക്കുന്നതും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍.
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടെ ചങ്ങനാശേരിയിലെ കോളേജുകളില്‍ പഠിച്ചിട്ടുള്ളവരില്‍ ഈ വിവേചനം നേരിടാത്തവരുണ്ടാവില്ല. ഒരിക്കല്‍ ഇങ്ങനെ വിവേചനം നേരിട്ടവര്‍ പിന്നീട് മുതിര്‍ന്നപ്പോള്‍ ഈ ക്രൂരതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും വിചിത്രമാണ്. ബസ് പുറപ്പെടുന്നതിന് അഞ്ചു മിനിന് മുന്‍പു മാത്രമേ വിദ്യാര്‍ഥികള്‍ കയറാന്‍ പാടുള്ളൂ എന്നത് അംഗീകരിക്കാനാവില്ലെന്നും ഇങ്ങനെ വിദ്യാര്‍ഥികളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്‍റണി വ്യക്തമാക്കിയിയിരുന്നതാണ്. പക്ഷെ ഇത് മുഖവിലയ്ക്കെടുക്കാന്‍ ബസ് ജീവനക്കാര്‍ ഇനിയും തയാറായിട്ടില്ല.
കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി വിദ്യാര്‍ഥികളോട് വിവേചനപൂര്‍വം പെരുമാറിയ ചില സ്വകാര്യബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു. അധികൃതര്‍ വൈകുന്നേരം താക്കീതു നല്‍കി പോയശേഷം ബസ് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെട്ട സ്വകാര്യബസ് വിദ്യാര്‍ഥികള്‍ കയറുന്നത് ഒഴിവാക്കാന്‍ നെടുംകുന്നം പള്ളിപ്പടി സ്റ്റോപ്പില്‍നിന്നും നൂറു മീറ്റര്‍ മുന്നോട്ടുമാറ്റി നിര്‍ത്തിയപ്പോള്‍ ബസിനു പിന്നാലെ ഓടിയ കുട്ടികളില്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു.അപകടത്തെത്തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും ബസ് തടഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ അടിയന്തര യോഗം ചേര്‍ന്ന് ബസ് സ്റ്റോപ്പില്‍തന്നെ നിര്‍ത്തണമെന്നാവശ്യപ്പെട്ടു. പ്രസിഡന്‍റ് ഇ.വി. തോമസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്റണി, മോളിക്കുട്ടി പി.ടി, രാജു ഏബ്രഹാം, റെജിമോന്‍ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളായിരിക്കെ ബസ് ജീവനക്കാരുടെ പീഡനത്തിന് ഇരകളാകുകയും ഇന്ന് ജില്ലയില്‍തന്നെ പ്രധാന പദവികളില്‍ ഇരിക്കുകയും ചെയ്യുന്നവര്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.



No comments:
Post a Comment