പായ്‌വഞ്ചിയില്‍ തീരത്തടുക്കാതെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ജന്മനാടായ നെടുംകുന്നത്ത് മെയ് 21ന് വരവേല്‍പ്പ് നല്‍കും.
നെടുംകുന്നം സി.വൈ.എം.എ(കാത്തലിക്ക് യംഗ് മെന്‍സ് അസോസിയേഷന്‍)യുടെ ആഭിമുഖ്യത്തില്‍ സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സ്വീകരണ സമ്മേളനത്തിനു മുന്നോടിയായി കറുകച്ചാല്‍ കവലയില്‍നിന്നും അഭിലാഷിനെ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.
സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനംചെയ്യും. സി.വൈ.എം.എ ഡയറക്ടറും നെടുംകുന്നം ഫൊറോനാപ്പള്ളി വികാരിയുമായ ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.സി.സി കോട്ടയം ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ കേണല്‍ സാബു തോമസ് അഭിലാഷ് ടോമിക്ക് ഉപഹാരം സമ്മാനിക്കും. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍, വൈസ് പ്രസിഡന്റ് റെജി പോത്തന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജെ. കുളങ്ങര, നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടി എന്നിവര്‍ ആശംസകളര്‍പ്പിക്കും. അഭിലാഷിന്‍റെ സാഹസികയാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. അഭിഷ് ടോമി മറുപടി പ്രസംഗം നടത്തും. സ്വാഗതസംഘം കണ്‍വീനര്‍ ഡോ. സിബി കുര്യന്‍ സ്വാഗതവും സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് നന്ദിയും പറയും.
നെടുംകുന്നം പുത്തന്‍പറമ്പില്‍ പി.ജെ. ഫിലിപ്പ് -അന്നമ്മ ദമ്പതികളുടെ മകള്‍ വത്സമ്മയാണ് അഭിലാഷിന്‍റെ മാതാവ്. നെടുംകുന്നത്ത് ജനിച്ച അഭിലാഷ് ഈ നാടുമായും അമ്മവീടുമായും ഏറെ അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഡോ. സിബി കുര്യന്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുട്ടിക്കാലത്ത് അവധിദിനങ്ങള്‍ ചെലവഴിച്ചിരുന്നത് ഇവിടെയാണ്. നാവികസേനയില്‍ ചേര്‍ന്നശേഷം കേരളത്തില്‍ വന്നാല്‍ ആദ്യം വല്യപ്പനെ കാണാന്‍ നെടുംകുന്നത്തെ കുടുംബവീട്ടില്‍ എത്തിയിരുന്നു. ലോക പര്യടനത്തിന് തുടക്കം കുറിച്ചതും അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയശേഷമാണ്.150 ദിവസവും ഏഴു മണിക്കൂറും നീണ്ട പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മരണക്കിടക്കയിലായിരുന്ന പി.ജെ. ഫിലിപ്പിനെ അഭിലാഷ് സന്ദര്‍ശിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം അദ്ദേഹം മരമണടയുകയുംചെയ്തു.
സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്, ടോമി ചെറിയാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിലാഷിനെക്കുറിച്ച് നെടുംകുന്നം നാട്ടുവിശേഷം നേരത്തെ
പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
1 ഉലകം ചുറ്റി ചരിത്രം കുറിച്ച അഭിലാഷ് ടോമി നാളെ നെടുംകുന്നത്ത്
2 അഭിലാഷ് ടോമി വീണ്ടുമെത്തി; വല്യപ്പന്‍റെ സംസ്കാരച്ചടങ്ങിന്



No comments:
Post a Comment