Sunday, January 5, 2014

ഈ എസ്.എം.എസിന്‍റെ ഓരോ അത്ഭുതങ്ങളേയ്!!!



ന്യൂസ് മേക്കര്‍ എന്നു പറഞ്ഞാല്‍ നെടുംകുന്നം ഭാഷേല്‍ പച്ച മലയാളം- വാര്‍ത്ത ഒണ്ടാക്കുകാരന്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്ത ഒണ്ടാക്കുകാരനെ കണ്ടെത്താന്‍ മലയാള മനോരമ ചാനല്‍ നടത്തിയ അഷ്റാ... അല്ല അശ്ര്യാ.. അല്ല അസ്സ്സ്സ് റാന്തല്‍ പരിശ്രമം വിജയിച്ചു. കോടാനുകോടി മല്ലൂസിന്‍റെ എസ്.എം.എസ് വോട്ടിംഗിന്‍റെ പിന്‍ബലത്തില്‍ നമ്മടെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആ പദവി സ്വന്തമാക്കി.

അപ്പം വോട്ടില് തോറ്റതോ... നാഴികയ്ക്ക് നാല്‍പ്പതുവട്ടോം വാര്‍ത്ത അടുപ്പേലു വച്ച് വേവിക്കുകേം ഏതു പാതിരാത്രിക്കും ആര്‍ക്കും വയറു നറച്ച് വെളന്പുകേം ചേയ്യുന്ന  സാക്ഷാല്‍ പി.സി. ജോര്‍ജ്. അതുപിന്നെ അച്ചായന്‍റെ ന്യൂസില്‍ എരിവ് കൂടപ്പോയതായിരിക്കും. പിന്നെ തോറ്റതോ? പിള്ളാരാ... പറയാനുംമാത്രവില്ല.

ഒന്ന് നമ്മടെ തിരുവന്തോരംകാരന്‍ ചെറുക്കനില്ലേ? മറ്റേ ക്രിക്കറ്റ് കളിക്കാരനേ..? സഞ്ജൂ സാംസണോ ബീംസണെന്നോ അങ്ങനെങ്ങാണ്ട് പറയുന്നെ. ഓസീയാറ് അടിക്കുന്ന പോലെ നിസ്സാരമായി നമ്മടെ മലയാളി പിള്ളാര് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും അണ്ടര്‍-19ലും 18ലും 17 എന്നുവേണ്ട സര്‍വ്വ അണ്ടറിലും രഞ്ജിയിലും ഐപിഎലിലുമൊക്കെ അടിച്ചുകൂട്ടിയ റണ്ണിനും എറിഞ്ഞിട്ട വിക്കറ്റിനും എടുത്ത ക്യാച്ചിനും കയ്യും കണക്കുവൊണ്ടോ? അതിനെടേല് ഈ മൂക്കള മാറാത്ത പയ്യന്‍ എന്നാ കാണിച്ചിട്ടെന്നാ കാര്യം? ആരു മൈന്‍റ് ചെയ്യാനാ?

പിന്നെ മറ്റെ... അഭിലാഷ് ടോമി. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാഞ്ഞിട്ട് പായ് വഞ്ചിയേല് ഒറ്റയ്ക്ക് ലോകം ചുറ്റിക്കറങ്ങിയ പുള്ളി. നമ്മടെ നെടുങ്ങോത്തുതന്നെ ഇത്രേം കാലത്തിനെടേല് 
എത്ര പേര് വീട്ടീന്ന് പെണങ്ങി, ഒറ്റയ്ക്കും പെണങ്ങാതെ, പെട്ടയ്ക്കും എവിടെല്ലാം ചുറ്റാന്‍ പോയിരിക്കുന്നു. പിന്നാ 150 ദിവസവും ഏഴു മണിക്കൂറും തീരത്തടുക്കാതെ ലോകം ചുറ്റിയത് വലിയ ആനക്കാര്യവായിട്ട് പറയുന്നത്. ഇതു നേരത്തെ അറിയാരുന്നേല് നെടുംകുന്നത്ത് അഭിലാഷിന് വല്യ സ്വീകരണം കൊടുത്ത സി.വൈ.എം.എക്കാരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാരുന്നു. 

ഇതെല്ലാം മനസ്സിലാക്കി വിവരമൊള്ളോര് എസ്.എം.എസ്. വോട്ടു ചെയ്താണ് ഋഷിരാജ് സിംഗ് സാറിനെ തെരഞ്ഞെടുത്തത്. എസ്.എം.എസ് അമ്മേടെ അത്ഭുത പ്രവര്‍ത്തികള് മലയാളം ചാനലുകളീക്കൂടി എത്രയോ കാലവായിട്ട് നമ്മള് കണ്ടുകൊണ്ടിരിക്കുന്നതാ. ഇനിയും എത്രയോ കാണാനിരിക്കുന്നു. 

ലോകത്തിലെ ഏറ്റവും നല്ല ബ്ലോഗും ഫേസ്ബുക്ക് പേജും ഏതാണ്?- നെടുംകുന്നം നാട്ടുവിശേഷം. വൈകാതെ നിങ്ങള് ഇതും കേക്കും. ഞങ്ങള് എസ്.എം.എസ് അമ്മയോട് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുവാ. 

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls