Friday, April 13, 2012

നാട്ടുകാരുടെ കാത്തിരിപ്പ് വിഫലമായി; ഷാന്‍ തിയേറ്ററില്‍ റിലീസ് ഇല്ല

പ്രത്യേക റിപ്പോര്‍ട്ട്




നെടുംകുന്നത്തും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് നാട്ടില്‍ സിനിമ കാണുന്നതിനുള്ള ഏക ആശ്രയമായ കറുകച്ചാല്‍ ഷാന്‍ തീയേറ്റര്‍ റിലീസ് കേന്ദ്രമായി മാറുന്നു എന്ന സൂചനകള്‍ സിനിമാ പ്രേമികള്‍ക്ക് നല്‍കിയ ആഹ്ലാദം ചെറുതല്ല. ഇതേ ഉദ്ദേശ്യത്തോടുകൂടിതന്നെയാണ് തിയേറ്റര്‍ നവീകരിച്ചതും. പക്ഷെ, ഷാനില്‍ ചിത്രങ്ങള്‍ റിലീസിന് ലഭിക്കാനിടയില്ലെന്നാണ് ഏറ്റവുമൊടുവില്‍ ലഭ്യമായ വിവരം.


സിനിമാ പ്രദര്‍ശനം നിര്‍ത്തിവച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തലാണ്. ഇതിനോടകം മുപ്പതു ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചെന്ന് തിയേറ്റര്‍ അധികൃതര്‍ പറയുന്നു. ഡിജിറ്റല്‍ പ്രദര്‍ശന സംവിധാനവും തിയേറ്ററിലുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പുതയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വൈഡ് റീലിസ് സംവിധാനം ഫലപ്രദമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതുമാണ്. പക്ഷെ, ഷാനില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം വിജയിക്കാനുള്ള സാധ്യത ഇതുവരെ തെളിഞ്ഞിട്ടില്ല. 


നിലവിലെ റിലീസ് തിയേറ്ററുകളുടെ ഉടമകളുടെ എതിര്‍പ്പാണ് വൈഡ് റിലീസ് നടപ്പാക്കുന്നതിന് തടസമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ഏതായാലും ഏപ്രില്‍ 19 വ്യാഴാഴ്ച്ച ഉദ്ഘാടനം നടത്തി 20ന് സാധാരണ രീതിയില്‍ പ്രദര്‍ശനം ആരംഭിക്കാനാണ് തിയേറ്റര്‍ അധികൃതരുടെ തീരുമാനം. 


പതിറ്റാണ്ടുകള്‍ക്കു മുന്പ് കറുകച്ചാലില്‍ ഗൗരി എന്ന പേരില്‍ പ്രവര്‍ത്തമാരംഭിച്ച തിയേറ്ററാണ് പിന്നീട് ഷാന്‍ ആയി മാറിയത്. തൊട്ടടുത്തുണ്ടായിരുന്ന മോഡേണ്‍ തിയേറ്ററും നെടുംകുന്നത്തെയും മല്ലപ്പള്ളിയിലെയും തിയേറ്ററുകളും പഴങ്കഥയായതോടെ നാട്ടുകാരുടെ ഏക ആശ്രം ഷാന്‍ തിയേറ്ററായിരുന്നു. മണിമലയിലും നിലവില്‍ തിയേറ്ററില്ല.   അതുകൊണ്ടുതന്നെയാണ് ഈ തിയേറ്റര്‍ നവീകരിച്ച് റിലീസ് കേന്ദ്രമാക്കുന്നു എന്ന വിവരം സിനിമാ പ്രേമികളെ ആഹ്ലാദിപ്പിച്ചത്.


 ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് റിലീസ് ചിത്രങ്ങള്‍ കാണുന്നതിന് ചങ്ങനാശേരിയിലോ കോട്ടയത്തോ പോകണം. പുതിയ സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കേട്ട് അവ കാണാന്‍ കുടുംബമായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് വര്‍ധിച്ച ടിക്കറ്റ് നിരക്കും യാത്രയുടെയും ഭക്ഷണത്തിന്‍റെയും ചിലവും ചേര്‍ത്ത് വലിയൊരു തുക നഷ്ടമാകും.


 മാത്രമല്ല, മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ടെലിവിഷന്‍ ചാനുലകളില്‍ സിനിമകളെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതയുമായി ബന്ധമുള്ളതായിരിക്കുകയില്ല. പരസ്യം ലഭിക്കുന്നത് കണക്കിലെടുത്ത് മാധ്യമങ്ങള്‍ എല്ലാ സിനിമകളും ഗംഭീരമാണെന്ന് വാഴ്ത്തുന്ന പ്രവണതയാണ്  പൊതുവേ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വലിയൊരു തുക മുടക്കി ദൂരെ സ്ഥലങ്ങളില്‍ സിനിമ കാണാന്‍ പോകുന്നവര്‍ക്ക് ഒടുവില്‍ പണം പോയതിന്‍റെ നിരാശമാത്രമായിരിക്കും നീക്കിയിരിപ്പ്.


അതുകൊണ്ടുതന്നെ ഷാന്‍ തിയേറ്റര്‍ റിലീസ് കേന്ദ്രമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കാന്‍ വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെ സംഘടനകളും ബന്ധപ്പെട്ട അധികൃതരും നടപടി സ്വീകരിക്കണമെന്നാണ് നാട്ടിലെ സിനിമാ പ്രേമികളുടെ ആവശ്യം. 







1 comment:

  1. നിലവിലെ റിലീസ് തിയേറ്ററുകളുടെ ഉടമകളുടെ എതിര്‍പ്പാണ് വൈഡ് റിലീസ് നടപ്പാക്കുന്നതിന് തടസമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls