ഇന്നു പുലര്‍ച്ചെ അന്തരിച്ച ചലച്ചിത്രനടന്‍ തിലകനെക്കുറിച്ച്...
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ദേശീയ പാതയിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ് തിലകന്. റോഡരികില്‍ വന്‍ ജനക്കൂട്ടം കണ്ട് കാര്‍ നിര്‍ത്തി. ഒരു ചെറുപ്പക്കാരന് മറ്റൊരാളെ പിടികൂടി കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയാണ്. ജനക്കൂട്ടം കാഴ്ച്ച കണ്ട് നിര്‍ക്കുന്നു. ആള്‍ക്കുട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ടു വന്ന തിലകനെ കണ്ടപ്പോള്‍ കുത്താന്‍ ഓങ്ങിനിന്ന ചെറുപ്പക്കാരന്റെ രോഷം അയാളറിയാതെ ചെറിയൊരു പുഞ്ചിരിക്ക് വഴിമാറി.
''അനിയാ ആ കത്തി ഇങ്ങു താ'' ഭാവമാറ്റം മനസിലാക്കി തിലകന് പറഞ്ഞു.
''ഇല്ല, ഇവനെ ഞാന്‍ കൊല്ലും'' അയാളുടെ മുഖഭാവം പെട്ടെന്ന് മാറി.
''അതൊക്കെ ശരി. എന്നോടു സ്നേഹമുണ്ടെങ്കില്‍ നീ ആ കത്തി ഇങ്ങു താ ''.
അയാള്‍ ശാന്തനായി കത്തി കൊടുത്തു. ജനക്കൂട്ടം കയ്യടിച്ചു.
കലയുടെ ശക്തിയെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഒരിക്കല്‍ തിലകന്തന്നെ പറഞ്ഞ സംഭവമാണിത്.
കൊലപാതകത്തിന് തീരുമാനിച്ചുറപ്പിച്ച ചെറുപ്പക്കാരന് തിലകനെ കണ്ട മാത്രയില്‍ സ്വന്തം അച്ഛനെയോ ജ്യേഷ്ഠ സഹോദരനയോ ഓര്‍ത്തിരിക്കാം. അതുമല്ലെങ്കില്‍ ''നിന്റെ അച്ഛനാടാ മോനേ പറയുന്നെ കത്തി താഴെയിടാന്‍..'' എന്ന് കിരീടത്തിലെ സേതു മാധവനോട് ഹൃദയം തകര്‍ന്ന് യാചിക്കുന്ന അച്ഛന് കോണ്‍സ്റ്റബിള്‍ അച്യുതന് നായരുടെ ചിത്രം അയാളുടെ മനസില്‍ മിന്നിമറഞ്ഞിരിക്കാം.

തിലകന് എന്ന നടന് മലയാളികളുടെ മനസിലുള്ള സ്ഥാനമെന്തെന്ന് വ്യക്തമാക്കാന്‍ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യമില്ല.
അഭിനയ വൈദഗ്ധ്യത്തി ന്റെ യും സംഭാഷണ ചാതുരിയുടെയും ആഴവും പരപ്പും ഉദ്ഘോഷിക്കുന്ന അദ്ദേഹത്തി ന്റെ കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഓര്‍മകളില്‍ തെളിയുമ്പോള്‍ തിലക ന്റെ വേര്‍പാട് സൃഷ്ടിക്കുന്ന നഷ്ടം എത്ര വലുതാണെന്ന് നമ്മള് അറിയുന്നു.
പേരക്കുട്ടിക്ക് ബലിതര്‍പ്പണം നടത്തവേ ഹൃദയവേദനയുടെ പരകോടിയില്‍ തിരമാലകള്‍ക്കു നടുവിലൂടെ അവ ന്റെ പക്കലേക്ക് നടന്നുപോകുന്ന മൂന്നാംപക്കത്തിലെ മുത്തച്ഛന്, കരവിരുതും പേശീബലവും മനക്കരുത്തും സമന്വയിച്ച, മകനോടുള്ള അസൂയയും വാത്സല്യവും മനസി ന്റെ വെവ്വേറെ കോണുകളില്‍ ഒളിപ്പിച്ച പെരുന്തച്ചന്, ധാര്ഷ്ഠ്യത്തി ന്റെ ആള്‍രൂപമായ കാട്ടുകുതിരയിലെ കൊച്ചുവാവ, ലോകത്തി ന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലാണെന്ന് വിശ്വസിക്കുകയും മക ന്റെ തകര്‍ച്ചക്ക് വഴിവെക്കുകയും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും ചെയ്യുന്ന സ്ഫടികത്തിലെ ചാക്കോ മാഷ്, കുടുംബ സ്നേഹത്തി ന്റെ ഊഷ്മള പ്രതീകമായ വീണ്ടും ചില വീട്ടു കാര്യങ്ങളിലെ തിരുമുറ്റത്ത് കൊച്ചു തോമാ, കാമാസക്തിയുടെ പുതിയ ഭാവപ്പകര്‍ച്ചകളുമായി മലയാളികളെ വിസ്മയിപ്പിച്ച കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ നടേശന് മുതലാളി...തിലകന് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ നിര നീണ്ടുപോകുകയാണ്.
കോലങ്ങളിലെ മദ്യപാനിയെയും യവനികയിലെ നാടകക്കമ്പനി മാനേജരെയും കുടുംബപുരാണത്തിലെ ഡ്രൈവറെയും നാടോടിക്കാറ്റിലെ അനന്തന് മുതലാളിയെയുമൊക്കെ മുഖമുദ്രയിലെ കള്ളനെയും പോലീസിനെയുമൊക്കെ നമുക്ക് മറവിയുടെ ആഴങ്ങളിലേക്ക് പെട്ടെന്ന് ഉപേക്ഷിക്കാനാവുമോ?
തിലകന് എന്ന നട ന്റെ അസാമാന്യമായ അഭിനയസിദ്ധി വിളിച്ചോതുന്നവയാണ് ഓരോ കഥാപാത്രവും. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ത ന്റെ സാന്നിധ്യം പ്രേക്ഷക ഹൃദയങ്ങളില്‍ കോറിയിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രണ്ടാം വരവില്‍ തിലകന് അഭിനയിച്ച ചിന്താമണി കൊലക്കേസിലെ അച്ഛന് വേഷം തന്നെ ഇതിന് ഉദാഹരണം.
അഭിയനിക്കാന്‍ വേണ്ടി ജനിച്ച മനുഷ്യനാണ് കെ. സുരേന്ദ്രനാഥതിലകനെന്ന് സംഭവബഹുലമായ ആ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തി ന്റെ പ്രതിഭ സ്ഫുടം ചെയ്യപ്പെട്ടത് ജീവിത ദുരിതങ്ങളുടെ ഉലയിലായിരുന്നു. ത ന്റെ വ്യക്തിജീവിതം ഒരു ദുരന്തമായിരുന്നെന്നും കെട്ടിയാടിയ വേഷങ്ങള്‍ക്കു പിറകില്‍ സ്വന്തം ജീവിതം കണ്ടിട്ടുണ്ടെന്നും തിലകന് പറയാറുണ്ടായിരുന്നു.
പ്രകൃതിയോടുള്ള അടുപ്പവും പുസ്തക വായനയും അദ്ദേഹത്തി ന്റെ അഭിനയശേഷിക്ക് മുതല്‍ക്കൂട്ടായി.
''കുരങ്ങ്, നായ തുടങ്ങിയ ജീവികളുടെ ഭാവങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിവേകാനന്ദ സൂക്തങ്ങള്‍, ഡെസ്മണ്ട് മോറിസി ന്റെ മാന്‍ വാച്ചിംഗ് ബോഡി വാച്ചിംഗ് തുടങ്ങിയ പുസ്തകങ്ങള്‍ ഏറെ സ്വാധീനിച്ചു.
കോപവും ദുഃഖവും നിയന്ത്രിക്കുന്നതിനും ശക്തി നേടുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വിവേകാനന്ദന് പറയുമ്പോള്‍ അതിന്റെ ദൃശ്യം എന്റെ ഉള്ളില്‍ തെളിയുമായിരുന്നു.
ആവശ്യം വരുമ്പോള്‍ അത് പുറത്തെടുക്കുകയേ വേണ്ടിയിരുന്നുള്ളൂ''-ഒരിക്കല്‍ തിലകന് പറഞ്ഞു.
ഗൃഹനാഥന്, ക്രിസ്ത്യന്‍ പുരോഹിതന്, മന്ത്രവാദി, പോലീസുകാരന് തുടങ്ങിയ വേഷങ്ങള്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിലക ന്റെ ഓരോ കഥാപാത്രവും സവിശേഷ വ്യക്തിത്വവുമായി വേറിട്ടു നില്‍ക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല,
ഒരിക്കല്‍ ഒരേ സമയം രണ്ടു സിനിമകളില്‍ തിലകന് ക്രിസ്ത്യന്‍ പുരോഹിതനായി അഭിനയിക്കേണ്ടിവന്നു. അയനത്തിന്റെ ഷൂട്ടിംഗ് ചാലക്കുടിയിലും കൂടുംതേടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തും നടക്കുന്നുന്നു. ളോഹ അഴിക്കാതെയാണ് രണ്ടു സെറ്റുകളിലേക്കും യാത്ര ചെയ്തിരുന്നത്. രണ്ടു ചിത്രങ്ങളിലെയും വൈദികന് മേക്കപ്പിലും കാര്യമായ വ്യത്യാസമില്ല.
''വേഷങ്ങളില്‍ വ്യത്യസ്തത വരുത്തുന്നതിനുവേണ്ടി ആലോചിച്ചപ്പോള്‍ ഒരിക്കല്‍ വലിയതുറ പള്ളിയില്‍ ഷൂട്ടിംഗിനിടെ പരിചയപ്പെട്ട ഒരു വൈദികനെ ഓര്‍മവന്നു. ശുദ്ധനാണെങ്കിലും ചാടിക്കടിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും ഇതില്‍ മാറ്റമുണ്ടായിരുന്നില്ല.
'നിന്റമ്മേടെ കാലിന്റെ നീരു കുറഞ്ഞോടാ' എന്ന് ഒരു ഇടവകാംഗത്തോട് ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ അച്ചന് തെറി പറയാന്‍ പോകുന്നു എന്നേ തോന്നൂ. അയനത്തിന്റെ തിരക്കഥാകൃത്ത് ജോണ്‍പോളിനോട് ഈ അച്ചനെക്കുറിച്ച് ഞാന്‍ പറഞ്ഞു. അതനുസരിച്ച് തിരക്കഥയില്‍ മാറ്റം വരുത്തി''
സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും കാമറക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും. വ്യക്തമായ ധാരണയോടെ സിനിമയില്‍ വന്ന അപൂര്‍വം നടന്മാരില് ഒരാളാണ് തിലകനെന്ന് പല സംവിധായകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഭിനയത്തിനിടെ കരയാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ജയറാമിനോട് ഒരിക്കല്‍ അദ്ദേഹം ഉപദേശിച്ചു. ''നമ്മള് സ്ക്രീനില്‍ കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവത്തോടെ നില്‍ക്കണം. അതു കണ്ട് പ്രേക്ഷകര്‍ കരയണം.'' അഭിനയം എന്ന പ്രക്രികയ സമ്പൂര്‍ണമാകുന്നത് പ്രേക്ഷകരിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ സൂചന. തിലകന്റെ വിങ്ങിപ്പൊട്ടുന്ന ഭാവം കിരീടം ഉള്‍പ്പെടെ എത്രയോ ചിത്രങ്ങളില്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചിരിക്കുന്നു.
തികഞ്ഞ സ്വാഭാവികതയോടെ എങ്ങനെ അഭിനയിക്കുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ''എനിക്ക് അറിയില്ല. കൊച്ചിക്കാരന്റെ ശൈലിയില്‍ സംസാരിക്കുന്ന യേശുദാസിനോട് ഇത്ര നന്നായി പാടുന്നതെങ്ങനെയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്.
എനിക്കറിയാമ്മേല ചേട്ടാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. പാചകത്തിലും വൈദ്യത്തിലുമാണെങ്കില് കൈപ്പുണ്യം എന്നു പറയും. ഒരു അജ്ഞാതമായ ഊര്‍ജം. ദൈവമാണോ അനുഗ്രഹമാണോ, എനിക്കറിയില്ല. ഒന്നുറപ്പാണ്. അത് ഒരു ഊര്‍ജമാണ്''
തിലകന്റെ ജോടിയായി ഏറ്റവും തിളങ്ങിയിട്ടുള്ളത് കവിയൂര്‍ പൊന്നമ്മയും കെ.പി.എ.സി ലളിതയുമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയ രസതന്ത്രത്തിന്റെ സമ്പൂര്‍ണതയുമായി തിലകന്-പൊന്നമ്മ, തിലകന്-ലളിത ജോടികള്‍ അയലത്തെ ദമ്പതികളായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.
കുടുംബവിശേഷം, കിരീടം, ചെങ്കോല്‍ തുടങ്ങിയവയാണ് തിലകന്-പൊന്നമ്മ ജോടികളുടെ ശ്രദ്ധേയ ചിത്രങ്ങളെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം തുടങ്ങിയവ തിലകന്-ലളിത കൂട്ടുകെട്ടിന്റെ മികവ് വിളിച്ചോതുന്നു.
തിലകനും കെ.പി.എ.സി ലളിതയും തമ്മിലുണ്ടായ പിണക്കം സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ചാവിഷമായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. ഈ പിണക്കത്തിന്റെ കാലയളവിലായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ഷൂട്ടിംഗ്. തിലകന്റെയും ലളിതയുടെയും പിണക്കം കൊച്ചുതോമയുടെയും മേരിപ്പെണ്ണിന്റെയും പെര്‍ഫെക് ഷനെ തെല്ലും ബാധിച്ചില്ല. രോഗത്തിന്റെ വേദന ഉള്ളിലൊതുക്കിയാണ് തിലകന് ഈ ചിത്രത്തില്‍ അഭിനയിച്ചത്.
തിലകനും കെ.പി.എ.സി ലളിയതയും ഇല്ലായിരുന്നെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ താന്‍ സംവിധാനം ചെയ്യുമായിരുന്നില്ലെന്ന് സത്യന് അന്തിക്കാട് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
തിരക്കഥകളുടെ കരുത്ത് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നതും തിലകനായിരുന്നു.
തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം തിലകനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയിലെ വിമതനാക്കി മാറ്റി. മുണ്ടക്കയത്തെ എസ്റ്റേറ്റിലെ ബാല്യ കാല ജീവിത സാഹചര്യങ്ങളാണ് തന്നെ ഒരു പരുക്കനാക്കി മാറ്റിയതെന്നാണ് തിലന്റെ വിലയിരുത്തല്‍. വലിപ്പച്ചെറുപ്പവും ജാതിമത ഭേദവും കാണാനാകാത്തത് കള്ളുഷാപ്പില്‍ മാത്രമാണെന്നും മലയാള സിനിമയുടെ പ്രതിസന്ധിക്കു കാരണം സൂപ്പര്താരങ്ങളാണെന്നും അന്‍പതു പിന്നിട്ട സൂപ്പറുകള്‍ മരംചുറ്റി ഓടുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നുമെന്നുമൊക്കെ തുറന്നടിക്കാനുള്ള ചങ്കൂറ്റം മറ്റേതു നടനാണുള്ളത്?.
2004ല്‍ ഫിലിം ചേംബറും താരസംഘടനയായ അമ്മയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് താരങ്ങള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമായിരുന്ന വേളയിയില്‍ തിലകന് ശക്തമായ നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. അമ്മയുടെ വിലക്ക് ലംഘിച്ച് അദ്ദേഹത്തോടൊപ്പം ലാലു അലക്സ്, സുരേഷ് കൃഷ്ണ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും സിനിമകളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന ഘട്ടം.
സൂപ്പര്‍ താരങ്ങളുടെയും അവരുടെ സ്തുതിപാഠകരുടെയും കൂട്ടായ്മയായി അമ്മ അധഃപതിച്ചെന്നും ജാതിയുടെ പേരിലുള്ള വിവേചനം സിനിമയില്‍ രൂക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഷങ്ങളായി സിനിമയില്‍ താന്‍ അനുഭവിച്ചുവരുന്ന തിക്താനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ തിലകന് വികാരാധീനനായി.
''അമ്മയുടെ നയങ്ങള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ നടന് സുകുമാരനെതിരെ ഒരു കോക്കസ് തന്നെ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. സുകുമാരന്‍ അഭിനയിക്കുന്ന ചിത്രങ്ങളുമയി സഹകരിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ വാശിപ്പിടിച്ചു. പല സെറ്റുകളില്‍നിന്നും സുകുമാരന്‍ കണ്ണീരോടെ ഇറങ്ങിപ്പോകേണ്ടിവന്നിട്ടുണ്ട്. അന്ന് സുകുമാരനെതിരെ നിലയുറപ്പിച്ച പലര്‍ക്കും ഒരുകാലത്ത് അയാളുടെ മക്കള്‍ക്കു മുന്നില്‍ ഓഛാനിച്ചു നില്ക്കേണ്ടിവരും'' ഈ പ്രവചനം ശരിവെക്കും വിധത്തിലായിരുന്നു അഭിനയ രംഗത്ത് സുകുമാരന്റെ മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വളര്‍ച്ച.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുറെക്കാലം അഭിനയത്തില്‍നിന്ന് വിട്ടുനിന്ന തിലകന് പിന്നീട് തിരിച്ചെത്തിയപ്പോള്‍ തനിക്കെതിരായ വിവേചനം വര്‍ധിച്ചെന്ന് തിരിച്ചറിഞ്ഞു. ഒരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ വിളിച്ച് തന്നെ അപമാനിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു. ''പിണക്കവും പരിഭവവുമൊക്കെ തോന്നയിട്ടുണ്ട്. പക്ഷെ ഞാന്‍ ആരുടെയും കഞ്ഞികുടി മുട്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ അരനൂറ്റാണ്ടുകാലം സിനിമയില്‍ നിന്ന എന്നോട് സഹപ്രവര്‍ത്തകര്‍ ചെയ്തത് അതാണ്''-അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.
2006 മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അന്തിമ ഘട്ടം പരെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം മാത്രമായി തിലകന്റെ നേട്ടം ഒതുങ്ങി. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തിലകന് മലയാള സിനിമയിലെ നടപ്പുരീതികളോടുള്ള ത ന്റെ നിലപാടുകള്‍ തുറന്നടിച്ചു. പാരയെന്നാല് മലയാള സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നെടുമുടി വേണുവിനെതിരെ നടത്തിയ പരാമര്‍ശം ഏറെ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി. നെടുമുടി തന്നോട് പല അവസരങ്ങളിലും മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരക്കാര്‍ സിനിമയില്‍ തുടരാന്‍ പാടില്ലെന്നുമായിരുന്നു തിലകന്റെ പരാമര്‍ശം.
അവാര്ഡുകളെക്കുറിച്ചും തന്നെ ആദ്യമായി നാടകവേദിയിലെത്തിച്ച കമ്യൂണിസ്റ്റ് പാര്ട്ടിയെക്കുറിച്ചുമൊക്കെയുള്ള നിലപാടുകള്‍ പുറത്തുപറയാന്‍ തിലകന് മടികാട്ടിയില്ല. ''കച്ചവട മനസ്ഥിതിയുള്ളവരാണ് അവാര്‍ഡുകള്‍ക്കു പിന്നാലെ പോകുന്നത്. സംസ്ഥാന അവാര്‍ഡിനും ദേശീയ അവാര്‍ഡിനുമൊക്കെ ജൂറിയെ സ്വാധീനിക്കാനാകും. അതിന് എന്റെ പക്കല്‍ തെളിവുകളുമുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുന്നതുപോലെ തോന്നി. ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ് പ്രേമം. പുതിയ ചെങ്കൊടിക്ക് നിറംമങ്ങലുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിക്കും എന്നെ ആകര്‍ഷിക്കാനായിട്ടില്ല. നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി നല്ല നാടകമേയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രൊപ്പഗാന്‍ഡ നാടകമാണ്. അതുപോലെ ഒരു പ്രൊപ്പഗാന്‍ഡ നാടകം ഇറങ്ങിയിട്ടില്ല''-അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യസ്ഥിതി വഷളാകുമ്പോഴും അഭിനയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ അദ്ദേഹം തയാറായില്ല. ഇടുപ്പെല്ലിന്റെ തേയ്മാനം മൂലം ക്ലേശിച്ചിരുന്നതിനാല് ഏകാന്തം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കേണ്ടിവന്നു. പക്ഷെ കഥാപാത്രത്തിന്റെ മികവിനെ അത് തെല്ലും ബാധിച്ചില്ല.
അഭിനയം മാറ്റി നിര്‍ത്തി എനിക്കൊരു ജീവിതമില്ല. എന്റെ അഭയവും ആശ്വാസവും അഭിനയമാണ്. ആവശ്യമുള്ളിടത്തോളം കാലം ഞാന്‍ അഭിനയിക്കും. ഇനി തിലകന് വേണ്ട എന്ന് എപ്പോള്‍ പ്രേക്ഷകര്‍ എപ്പോള്‍ പറയുന്നോ അപ്പോള്‍ അവസാനിപ്പിക്കും. എന്നെ അറിഞ്ഞതും അംഗീകരിച്ചതും പ്രേക്ഷകരാണ്. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര് വരെ എന്നെ സ്നേഹിക്കുന്നുണ്ട്. അത് സൂപ്പര്‍ താരങ്ങള്‍ക്ക് നല്കുന്ന സ്നേഹമല്ല. കുടുംബത്തിലെ കാരണവരോട്, അല്ലെങ്കില്‍ അച്ഛനോട് ജ്യേഷ്ഠനോട് ഒക്കെ തോന്നുന്ന വികാരമില്ലേ?. അതാണ് അവര്‍ക്ക് എന്നോടുള്ളത്. ആ സ്നേഹം ഇരട്ടിയായി ഞാന്‍ തിരിച്ചു നല്‍കുന്നുമുണ്ട്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്നാണ് എന്റെ ആഗ്രഹം.
അമ്മ ഭൃഷ്ട് കല്‍പ്പിച്ച നാളുകള്‍ക്കുശേഷം രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലുടെയാണ് തിലകന് 2011ല്‍ സിനിമയില്‍ സജീവമായത്. പക്ഷെ, അനാരോഗ്യം അദ്ദേഹത്തിന്റെ പ്രകടനത്തെ ഒരു പരിധിവരെ ബാധിക്കുകയുംചെയ്തു. പകരം
വയ്ക്കാന്‍ മറ്റൊരു നടനില്ലാത്തതുകൊണ്ടുതന്നെ തുടര്‍ന്ന് മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ തുടങ്ങി പല ചിത്രങ്ങളിലും തിലകന് അവസരങ്ങള്‍ ലഭിച്ചു. വിലക്ക് അപ്രസക്തമാകുന്നു എന്ന് ബോധ്യമായ സാഹചര്യത്തില്‍ തിലകന് വേണമെങ്കില്‍ സംഘടനയിലേക്ക് തിരിച്ചുവരാം എന്ന് അമ്മ ഭാരവാഹികള്‍ക്ക് പ്രഖ്യാപിക്കേണ്ടിവന്നു.
ആഗ്രഹിച്ചതുപോലെ അഭിനയ ജീവിതത്തില്‍നിന്ന് വിടവാങ്ങും മുമ്പേ തിലകന് ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോള്‍ മലയാള സിനിമയില്‍ ഒരു ഇതാഹാസ യുഗത്തിനാണ് വിരാമമാകുന്നത്. ഏറെ ആദരവോടെ മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ച മഹാനടനൊപ്പം താര ലോകത്തെ എതിര്‍പ്പിന്റെ സ്വരവും കെട്ടടങ്ങുകയാണ്.


.jpg)





.jpg)


പേരക്കുട്ടിക്ക് ബലിതര്‍പ്പണം നടത്തവേ ഹൃദയവേദനയുടെ പരകോടിയില്‍ തിരമാലകള്‍ക്കു നടുവിലൂടെ അവ ന്റെ പക്കലേക്ക് നടന്നുപോകുന്ന മൂന്നാംപക്കത്തിലെ മുത്തച്ഛന്, കരവിരുതും പേശീബലവും മനക്കരുത്തും സമന്വയിച്ച, മകനോടുള്ള അസൂയയും വാത്സല്യവും മനസി ന്റെ വെവ്വേറെ കോണുകളില്‍ ഒളിപ്പിച്ച പെരുന്തച്ചന്, ധാര്ഷ്ഠ്യത്തി ന്റെ ആള്‍രൂപമായ കാട്ടുകുതിരയിലെ കൊച്ചുവാവ, ലോകത്തി ന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലാണെന്ന് വിശ്വസിക്കുകയും മക ന്റെ തകര്‍ച്ചക്ക് വഴിവെക്കുകയും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും ചെയ്യുന്ന സ്ഫടികത്തിലെ ചാക്കോ മാഷ്, കുടുംബ സ്നേഹത്തി ന്റെ ഊഷ്മള പ്രതീകമായ വീണ്ടും ചില വീട്ടു കാര്യങ്ങളിലെ തിരുമുറ്റത്ത് കൊച്ചു തോമാ, കാമാസക്തിയുടെ പുതിയ ഭാവപ്പകര്‍ച്ചകളുമായി മലയാളികളെ വിസ്മയിപ്പിച്ച കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ നടേശന് മുതലാളി...തിലകന് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ നിര നീണ്ടുപോകുകയാണ്.
ReplyDelete